ഗ്രീക്ക് ഓർത്തഡോക്സ് സഭ—ഒരു പിളർന്ന മതം
ഗ്രീസിലെ ഉണരുക! ലേഖകൻ
ഏറ്റവും മയപ്പെടുത്തിപ്പറഞ്ഞാൽ, ഗ്രീസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ഇന്നത്തെ സ്ഥിതിവിശേഷം, ദൈവത്തെയും സത്യത്തെയും സ്നേഹിക്കുന്നവരും അവന്റെ ആരാധനയോട് ആഴമായ ആദരവുള്ളവരുമായ ആത്മാർഥഹൃദയരായ ആളുകളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. പരിതാപകരമായ അനൈക്യം, സഭയിലെ പോരാടിക്കൊണ്ടിരിക്കുന്ന വിരുദ്ധപക്ഷങ്ങൾ തമ്മിലുള്ള അക്രമാസക്തമായ കൈയേറ്റങ്ങൾ, ലജ്ജാകരമായ ധാർമിക അപവാദങ്ങളുടെ പ്രവാഹം, ആത്മീയമാർഗനിർദേശം നൽകുന്നതിൽ “ദൈവത്തിന്റെ ഏകസത്യസഭ” എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു മതത്തിനുള്ള പ്രാപ്തിക്കുറവ് തുടങ്ങിയവയെല്ലാം അനേകം ഗ്രീക്കുകാരെ നിരാശരും വിരക്തരുമാക്കിക്കൊണ്ടിരിക്കുന്നു.
ഈ സ്ഥിതിവിശേഷങ്ങൾ നിമിത്തം സാധാരണജനങ്ങൾ വിഫലതാബോധമുള്ളവരും ക്ഷുഭിതർ പോലും ആണ്. പ്രമുഖമായ ഒരു ഗ്രീക്കുദിനപ്പത്രത്തിൽ ഒരു സർവകലാശാലാ പ്രൊഫസർ ഖേദപൂർവം ഇങ്ങനെ എഴുതി: “അഭൂതപൂർവമായ തീവ്രതയും ദൈർഘ്യവുമുള്ളതും [സഭയുടെ] അധികാരത്തെ ചോദ്യം ചെയ്യുന്നതും അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങൾക്കു സഹജമായുള്ള മൂല്യത്തിനു കോട്ടം വരുത്തുന്നതുമായ ഒരു പ്രതിസന്ധി ഗ്രീസിലെ സഭയെ പിച്ചിച്ചീന്തിയിരിക്കുന്നു. നിർഭാഗ്യവശാൽ ആ ക്ഷതം ഇപ്പോഴും നിൽക്കുന്നു.”
ഈ അവസ്ഥ വികാസം പ്രാപിച്ചതെങ്ങനെയാണ്? ഗ്രീക്ക് ഓർത്തഡോക്സ് സഭക്ക് രാഷ്ട്രവുമായുള്ള അടുപ്പം വാസ്തവത്തിൽ പ്രയോജനകരമാണോ? ഈ സഭാരാഷ്ട്രബന്ധങ്ങളുടെ ഭാവി എന്താണ്? ക്രിസ്തുവിന്റെ, സത്യവും ഏകീകൃതവുമായ സഭയന്വേഷിക്കുന്നവർക്കു മുന്നിൽ എന്തു മറുവഴിയാണുള്ളത്? നമുക്കു വസ്തുതകൾ പരിശോധിച്ച് ഇതേപ്പറ്റി ബൈബിളിനെന്താണു പറയാനുള്ളതെന്നു നോക്കാം.
ഒരു അധികാരവടംവലി
ഗ്രീസിൽ ഒരു ഏകാധിപത്യ പട്ടാളഭരണം നിലവിലിരുന്ന 1967-74 വർഷങ്ങളിൽ, ആ ഭരണകൂടം അതിന്റെ അധികാരം സുസ്ഥിരമാക്കാൻ വേണ്ടി ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കാര്യങ്ങളിൽ സജീവമായി ഇടപെട്ടുതുടങ്ങി. പരിപൂർണനിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടാളഭരണകൂടം ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പരമോന്നത കാര്യനിർവഹണസമിതിയായ, അപ്പോൾ നിലവിലിരുന്ന വിശുദ്ധ സിനഡിനെ പിരിച്ചുവിടുകയും “യോഗ്യതയുടെ അടിസ്ഥാനത്തിൽ” എന്ന വ്യാജേന അതിന്റേതായ മറ്റൊരു സിനഡിനെ നിയമിക്കുകയും ചെയ്തു. എന്നാൽ 1974-ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ സഭയുടെ കാനോനിക ശാസനസംഹിതയനുസരിച്ച് അതിന്റെ ഭരണസമിതി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തത്ഫലമായി, പട്ടാളഭരണകൂടത്താൽ നിയമിക്കപ്പെട്ട സിനഡിൽ അംഗങ്ങളായിരുന്ന ബിഷപ്പുമാരെ സ്ഥാനഭ്രഷ്ടരാക്കി പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ സ്ഥാനമേറ്റു.
എന്നാൽ 1990-ൽ പാസ്സാക്കിയ ഒരു ഗവൺമെൻറ് ബിൽ, പുറത്താക്കപ്പെട്ട ബിഷപ്പുമാർക്കു മതേതര കോടതികളിലും അവസാനം പരമോന്നത ഭരണനിർവഹണ കോടതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റിലും അപ്പീൽ കൊടുത്തുകൊണ്ട് തങ്ങളുടെ നഷ്ടപ്പെട്ട സ്ഥാനങ്ങൾ തിരികെ ചോദിക്കുവാനുള്ള അവകാശം നൽകി. ആ പുരോഹിതന്മാരിൽ മൂന്നുപേർ അതുതന്നെ ചെയ്തു, അവസാനം അവർ കേസുകളിൽ വിജയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, ഇന്ന് ഗ്രീസിലെ ഓർത്തഡോക്സ് സഭയുടെ മൂന്നു വ്യത്യസ്ത അതിരൂപതകളിൽ രണ്ടു ബിഷപ്പുമാർ വീതമുണ്ട്—ഒരു കൂട്ടർ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാത്രം ഔദ്യോഗിക അംഗീകാരമുള്ളവരും മറുകൂട്ടർ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ഔദ്യോഗിക അംഗീകാരമുള്ളവരും.
“പടവെട്ടുന്ന ക്രിസ്ത്യാനികൾ”
മുൻപു പുറത്താക്കിയിരുന്ന ബിഷപ്പുമാർ തങ്ങളുടെ സ്ഥാനങ്ങൾ തിരികെ നേടിയെന്നു മാത്രമല്ല, അവർ ഔദ്യോഗികസഭ നിയമിക്കുന്ന മറ്റു ബിഷപ്പുമാരെ അംഗീകരിക്കാൻ തീരെ വിസമ്മതിക്കുകയും ചെയ്യുന്നു. ഇതുംകൂടാതെ, അവർക്കോരോരുത്തർക്കും “മതഭ്രാന്തന്മാരായ”—അങ്ങനെയാണ് ഒരു പത്രം അവരെ വർണിച്ചത്—ഒരു വലിയസംഘം അനുയായികളുമുണ്ട്. തങ്ങളുടെ ബിഷപ്പിനുവേണ്ടി ശക്തമായി ശബ്ദമുയർത്തുന്നവരാണവർ. രാജ്യമെങ്ങുമുള്ള ടെലിവിഷൻ സ്ക്രീനുകളിൽ അത്തരം “പടവെട്ടുന്ന ക്രിസ്ത്യാനികളു”ടെ വലിയ കൂട്ടങ്ങൾ പള്ളികളിൽ ബലം പ്രയോഗിച്ചു കടക്കുന്നതും മതവിഗ്രഹങ്ങൾ തകർക്കുന്നതും എതിർപക്ഷങ്ങളിലെ പുരോഹിതന്മാരെയും അയ്മേനികളെയും ആക്രമിക്കുന്നതും പോലെയുള്ള അക്രമാസക്തമായ രംഗങ്ങൾ മിന്നിമറഞ്ഞതോടെ ഈ സ്ഥിതി തീവ്രവും ചൂടുപിടിച്ചതുമായ പ്രതികരണങ്ങൾക്കു തിരികൊളുത്തി. ഇവയിൽ മിക്ക കേസുകളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിന്, ലഹളകൾ അമർച്ചചെയ്യാൻ പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസ് ഇടപെടേണ്ടതായി വന്നു. 1993 ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിൽ ഏഥൻസിന്റെ സമ്പന്ന ഉപനഗരമായ കിഫിഷ്യായിലെ പള്ളികളിലും പിന്നീട് 1994 ജൂലൈ, ഡിസംബർ എന്നീ മാസങ്ങളിൽ ലറീസ്സ നഗരത്തിലും അരങ്ങേറിയ അന്ധമായ മതഭ്രാന്തിന്റെ വിപ്ലവഗാഥകൾ ഗ്രീസിലെ ജനഹൃദയങ്ങളെ നടുക്കിയപ്പോൾ, സംഭവങ്ങൾ ഒരു മൂർധന്യദശയിലെത്തി.
ഏറ്റവും അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നത് 1994 ജൂലൈ 28-ാം തീയതി, ലറീസ്സയിലെ ബിഷപ്പായി വിശുദ്ധ സിനഡിനാൽ അവരോധിക്കപ്പെട്ട ഇഗ്നേഷ്യസിന്റെ സ്ഥാനാരോഹണ സമയത്തായിരുന്നു. ആദ്യപേജിൽ തന്നെ വലിയ അക്ഷരത്തിൽ “ലറീസ്സാ പുതിയ ബിഷപ്പിന് ഒരു യുദ്ധക്കളമായി മാറുന്നു—ഇരുണ്ട യുഗങ്ങൾ പുനർജനിച്ചിരിക്കുന്നു,” എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ എത്നോസ് എന്ന പത്രം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇതിനു യോജിക്കുന്ന ഒരേയൊരു പദമേയുള്ളൂ: ഇരുണ്ട യുഗങ്ങൾ. തെരുവുയുദ്ധങ്ങൾ, അക്രമാസക്തമായ ഏറ്റുമുട്ടലുകൾ, ദേഹോപദ്രവങ്ങൾ എന്നിങ്ങനെ . . . ഇന്നലെ ലറീസ്സയിൽ നടന്ന കാര്യങ്ങളെയെല്ലാം അല്ലാതെങ്ങനെ വർണിക്കാൻ കഴിയും?”
ഏതാനും ആഴ്ചകൾക്കുശേഷം, “ദീർഘനേരം പിന്തുടർന്നശേഷം ഇരുമ്പുവടികളും ബാറ്റുകളും ഉപയോഗിച്ച്” എതിരാളികൾ ബിഷപ്പ് ഇഗ്നേഷ്യസിന്റെ കാറിനെ ആക്രമിച്ചു. ഒരു ലേഖകൻ ഇങ്ങനെ ആരാഞ്ഞു: “ഈ കൃത്യം ചെയ്ത കുറ്റവാളികൾ മതഭ്രാന്തുമൂലം ഭീകരസംഘാംഗങ്ങളെപ്പോലെ പ്രവർത്തിക്കുകയും ജീവഹാനിയുണ്ടാക്കിയേക്കാവുന്ന അക്രമപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുമ്പോൾ അവർ ക്രിസ്തീയ വികാരങ്ങളാൽ പ്രചോദിതരായാണ് അതു ചെയ്യുന്നതെന്ന് അംഗീകരിച്ചുകൊടുക്കാൻ കഴിയുമോ? . . . ഈ പ്രവർത്തനങ്ങൾ പ്രമുഖരായ സഭാനേതാക്കന്മാർ പ്രോത്സാഹിപ്പിക്കുകയും കണ്ണടച്ചുവിടുകയും ചെയ്യുന്നവകൂടിയാണ്.”
ക്രിസ്മസ് കാലത്ത് സ്ഥിതി കൂടുതൽ വഷളായി. 1994 ഡിസംബർ 23-26 തീയതികളിൽ ലറീസ്സയിൽ നടന്ന വളരെ ക്ഷതങ്ങളുണ്ടാക്കിയ സംഭവങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് എലെഫ്തെറോട്ടിപിയാ എന്ന പത്രം ഇങ്ങനെ എഴുതി: “ലറീസ്സയിൽ അതു ലജ്ജാകരമായ ഒരു ക്രിസ്മസായിരുന്നു. അവിടെ ദൈർഘ്യമേറിയ വലിയ സംഘർഷം ഒരിക്കൽക്കൂടി [ആഘോഷത്തെ] വികലമാക്കിക്കളഞ്ഞു. . . . പള്ളിമണികൾ ക്രിസ്തുവിന്റെ ജനനം വിളിച്ചോതിയപ്പോൾ ‘തെറ്റു ചെയ്തവരുടെയും അല്ലാത്തവരുടെയും’ ശിരസ്സുകളിൽ ലാത്തികൾ വന്നു പതിക്കുകയായിരുന്നു. ലറീസ്സയിലെ വിശുദ്ധ കോൺസ്റ്റന്റൈൻ പള്ളിയങ്കണത്തിലെ ക്രിസ്മസ് ആശംസകളുടെയും ആശീർവാദങ്ങളുടെയും സ്ഥാനം ലഹളകളും ഏറ്റുമുട്ടലുകളും ശാപപുലഭ്യങ്ങളും അറസ്റ്റുകളും കവർന്നെടുത്തു. . . . [ഇഗ്നേഷ്യസിനെതിരെ] നടത്തിയ പ്രകടനങ്ങൾ നൊടിയിടക്കുള്ളിൽ വാക്കാലുള്ള ആക്ഷേപങ്ങളായി, പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലുകളും. . . . അവർ പള്ളിയങ്കണം ഒരു യുദ്ധക്കളമാക്കി മാറ്റി.”
ഇതിനോടു ജനങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്? ഓർത്തഡോക്സുകാരനായ ഒരാളുടെ അഭിപ്രായം ഇതാണ്: “പവിത്രമായ മതവിശേഷദിവസങ്ങളിൽ ഇത്തരം അക്രമപ്രവർത്തനങ്ങൾ നടത്താൻ ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്നവർക്ക് എങ്ങനെ തോന്നും എന്നത് എനിക്കു മനസ്സിലാകുന്നില്ല. പള്ളിയിൽ ചെന്നാൽ മർദിക്കപ്പെടുമെന്ന അപകടകരമായ സ്ഥിതിയാണുള്ളതെങ്കിൽ എനിക്കെങ്ങനെ അവിടെ പോകാൻ കഴിയും?” തികഞ്ഞ മതഭക്തയായ ഒരു ഓർത്തഡോക്സ് വനിത പറഞ്ഞു: “ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഇപ്പോൾ പള്ളിയിൽ പോകാൻ എനിക്കു ഭയമാണ്.”
ഇതൊന്നും പോരാഞ്ഞിട്ടെന്നോണം ഗ്രീക്ക് ഓർത്തഡോക്സ് സഭയെ ചുറ്റിപ്പറ്റിയുള്ള ധാർമിക അപവാദകഥകൾ ഒന്നിനുപുറകേ ഒന്നായി അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വവർഗരതിക്കാരും ശിശുക്കളെ ലൈംഗികദുരുപയോഗം ചെയ്യുന്നവരുമായ പുരോഹിതന്മാർ, പണംവെട്ടിപ്പുകൾ, പുരാവസ്തുക്കളുടെ നിയമവിരുദ്ധമായ വ്യാപാരം എന്നിങ്ങനെ പുരോഹിതവർഗത്തിലെ ചില അംഗങ്ങളുടെ അധഃപതിക്കുന്ന സാന്മാർഗിക നിലവാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ നിരവധി തവണ വെളിപ്പെടുത്തിയിരിക്കുന്നു. വിലപിടിപ്പുള്ള വിഗ്രഹശേഖരങ്ങളും അമൂല്യങ്ങളായ മറ്റു ശില്പങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കൊടുക്കൽവാങ്ങലുകൾ നടത്താൻ പുരോഹിതന്മാർക്ക് അവകാശമുള്ളതുകൊണ്ട് നിയമവിരുദ്ധമായ പുരാവസ്തുവ്യാപാരം ചെയ്യുന്നതിന് അവർക്കു യാതൊരു തടസ്സവുമില്ല.
ക്രിസ്ത്യാനികൾ മനുഷ്യരുടെ അനുഗാമികളായാൽ അത് “പിണക്ക”ങ്ങളിലും “ഭിന്നത”കളിലും കലാശിക്കുമെന്നുള്ളതുകൊണ്ട് അവർ അങ്ങനെയായിരിക്കരുത് എന്ന അപ്പോസ്തലനായ പൗലോസിന്റെ ശക്തമായ പ്രബോധനത്തിന്റെ എത്ര ഗുരുതരമായ ലംഘനമാണ് ഈ സാഹചര്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്!—1 കൊരിന്ത്യർ 1:10-13; 3:1-4.
സഭാ-രാഷ്ട്ര ബന്ധങ്ങൾ—അതിന്റെ ഭാവി എന്താണ്?
ഗ്രീക്കുരാഷ്ട്രത്തിന്റെ ആവിർഭാവം മുതലിങ്ങോട്ട് ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്കു പരമാധികാരമതമെന്ന പദവിയുണ്ട്. ഇന്നോളം, ഗ്രീസിൽ സഭാ-രാഷ്ട്ര വ്യത്യാസം എന്നൊന്നില്ല. ഭരണഘടനപോലും ഗ്രീക്ക് ഓർത്തഡോക്സ് സഭക്ക് ഗ്രീസിലെ “പ്രമുഖമതം” എന്നനിലയിൽ സ്ഥാനം ഉറപ്പാക്കുന്നു. അതിന്റെ അർഥം പൊതുഭരണം, നീതിന്യായവ്യവസ്ഥ, നിയമപാലനം, പൊതുവിദ്യാഭ്യാസം, എന്നിവയുൾപ്പെടെ പൊതുജീവിതത്തിന്റെ എല്ലാ തുറകളിലും പ്രായോഗികമായി സമൂഹത്തിന്റെ മറ്റെല്ലാ വശങ്ങളിലുംതന്നെ ഗ്രീക്ക് ഓർത്തഡോക്സ് സഭ കൈകടത്തുന്നുവെന്നാണ്. എല്ലാ തലങ്ങളിലുമുള്ള സഭയുടെ ഈ സാന്നിധ്യം മൂലം ഗ്രീസിലെ മതന്യൂനപക്ഷങ്ങൾക്ക് പീഡനവും വർണനാതീതമായ ബുദ്ധിമുട്ടുകളും ഉളവായിട്ടുണ്ട്. ഭരണഘടന മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഒരു മതന്യൂനപക്ഷം അതിന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, മതപരമായ പക്ഷഭേദം, മുൻവിധി, എതിർപ്പ് എന്നിവകൊണ്ട് ഈ സഭാ-രാഷ്ട്ര ബന്ധം നെയ്തെടുത്തിരിക്കുന്ന അഭേദ്യമായ ഒരു നൂലാമാലയിൽ അവർ മിക്കപ്പോഴും കുടുങ്ങിപ്പോവുകയാണു ചെയ്യാറ്.
സമീപഭാവിയിൽതന്നെ ഒരു ഭരണഘടനാപരിഷ്കരണത്തിനു സാധ്യതയുണ്ടെന്നതു തർക്കമറ്റ സംഗതിയാണെന്നു തോന്നുന്നു. അതുകൊണ്ടു രാഷ്ട്രവും സഭയും തമ്മിൽ വേർപെട്ടിരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോൾതന്നെ ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. സ്വാധീനശക്തിയുള്ള ഗ്രീക്കു ഭരണഘടനാവിദഗ്ധരും നിരൂപകരും, സഭയും രാഷ്ട്രവും തമ്മിലുള്ള ഈ അടുത്ത സഹവാസം നിമിത്തമുണ്ടാകുന്ന പ്രശ്നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ്. നിലനിൽക്കുന്ന ഒരേയൊരു പരിഹാരമാർഗം ഈ രണ്ട് അസ്തിത്വങ്ങൾ തമ്മിലുള്ള ബന്ധം നിശ്ശേഷം വേർപെടുത്തുക എന്നതാണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അതേസമയംതന്നെ, അങ്ങനെ പരിച്ഛേദം വേർപെടുത്തുന്നതിൽ തങ്ങൾക്കുള്ള പ്രതിഷേധം സഭാനേതാക്കന്മാർ പ്രകടിപ്പിക്കുന്നുമുണ്ട്. സഭാ-രാഷ്ട്ര ബന്ധങ്ങളിലുണ്ടാകുന്ന അത്തരമൊരു വികാസത്താൽ പ്രതികൂലമായി ബാധിക്കപ്പെട്ടേക്കാവുന്ന വികാരപരമായ ഒരു പ്രശ്നത്തെപ്പറ്റി ലഘുവായി പരാമർശിച്ചുകൊണ്ട് ഒരു ഓർത്തഡോക്സ് ബിഷപ്പ് എഴുതി: “ഇതിന്റെ അനന്തരഫലമെന്നവണ്ണം, ഗവൺമെൻറ് പുരോഹിതന്മാരുടെ ശമ്പളം നിർത്തലാക്കുമോ? . . . അങ്ങനെയാണെങ്കിൽ അനേകം ഇടവകകളിൽ പുരോഹിതന്മാരില്ലാതെ വന്നേക്കാം.”—മത്തായി 6:33 താരതമ്യം ചെയ്യുക.
ഗ്രീസിൽ സഭയും രാഷ്ട്രവും തമ്മിലുള്ള ഈ അടുത്ത ബന്ധത്തിന്റെ മറ്റൊരു ഫലം ഇതാണ്: ഗ്രീസിനു കടപ്പാടുള്ള യൂറോപ്യൻ യൂണിയനിലെ ചട്ടങ്ങൾ, യൂറോപ്യൻ മനുഷ്യാവകാശ കരാറിലെ വ്യവസ്ഥകൾ എന്നിവക്കു കടകവിരുദ്ധമായി, ഓരോ ഗ്രീക്കു പൗരനും അവരവരുടെ വ്യക്തിപരമായ ഐഡൻറിറ്റി കാർഡുകളിൽ താൻ ഏതു മതത്തിലെ അംഗമാണ് എന്നുള്ളതുകൂടി കാണിച്ചിരിക്കണം എന്നു ഗ്രീക്കുനിയമം അനുശാസിക്കുന്നു. ഇതുമൂലം ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങൾ സാധാരണമായി പലപ്പോഴും വിവേചനത്തിനിരയാകാറുള്ളതുകൊണ്ടു തുറന്ന മനഃസ്ഥിതിക്കാരായ ആളുകൾ ഇതിനെ ശക്തമായി എതിർക്കുന്നു. ഒരു എഴുത്തുകാരൻ ഇങ്ങനെ പ്രസ്താവിച്ചു: “ഒരു ന്യൂനപക്ഷ മതവിഭാഗത്തിനു മതസ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയേണ്ടതിന് അവർക്കുണ്ടായിരിക്കേണ്ട അവകാശങ്ങളുടെ കാര്യം വരുമ്പോൾ ഈ വസ്തുതയ്ക്ക് ഒരു വിപരീതഫലമുണ്ടായിരിക്കാൻ കഴിയും.” ടാനിയാ എന്ന പത്രം അഭിപ്രായപ്പെട്ടതിങ്ങനെയാണ്: “വ്യക്തികൾ തങ്ങളുടെ ഐഡൻറിറ്റി കാർഡുകളിൽ മതം രേഖപ്പെടുത്തണമെന്ന നിബന്ധന പോലെയുള്ള കാര്യങ്ങളിൽ സഭയുടെ മേലാളർ മനോഭാവങ്ങളെയും അതിന്റെ പ്രതികരണങ്ങളെയും ഗണ്യമാക്കാതെ വേണം ഗവൺമെൻറ് തീരുമാനങ്ങളെടുക്കാനും നിയമങ്ങൾ പാസ്സാക്കാനും.”
ഇത്തരമൊരു വേർപെടലിന്റെ അത്യാവശ്യത്തെ എടുത്തുകാണിച്ചുകൊണ്ട് ഒരു ഭരണഘടനാ നിയമ പ്രൊഫസറും യൂറോപ്യൻ പാർലമെൻറിലെ ഒരംഗവുമായ ദിമിത്രിസ് റ്റ്സാറ്റ്സോസ് ഈ പ്രസ്താവന നടത്തി: “[ഗ്രീസിലെ] സഭ സാമൂഹികവും, രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ജീവിതത്തിൽ ആധിപത്യം നടത്തുന്നത് അവസാനിപ്പിക്കണം. ഗ്രീക്ക് സഭയുടെ ഇപ്പോഴത്തെ പ്രവർത്തനരീതി അടിച്ചമർത്തും വിധമാണ്. നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയെയും സമൂഹത്തെയും വാഴുന്നത് ഒരു സ്വേച്ഛാധിപതിയാണ്.” ഇതേ പ്രൊഫസർ തന്നെ മറ്റൊരഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “ഗ്രീസിൽ സഭക്ക് ഭീതിജനകമായ ശക്തിയുണ്ട്. നിർഭാഗ്യവശാൽ അത് അയവില്ലാത്ത യാഥാസ്ഥിതികത്വം എന്ന അതിന്റെ സ്വാഭാവിക പ്രവർത്തനമണ്ഡലത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. മറിച്ച്, ഗ്രീക്കു സമൂഹത്തിലെ സ്വതന്ത്രമണ്ഡലത്തിൽ പോലും അതു നുഴഞ്ഞുകടന്നിരിക്കുന്നു. സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം വേർപെടുത്താൻ ഞാൻ വ്യക്തിപരമായി ആവശ്യപ്പെടുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭക്കാർ ഗ്രീസിലെ മറ്റു മതാനുസാരികളുടെ അതേ നിലവാരം തങ്ങൾക്കും കൽപ്പിക്കാനും അവരോടു സമാനരായി സ്വയം കരുതാനും ഞാൻ ആവശ്യപ്പെടുന്നു.”
യഥാർഥ ക്രിസ്ത്യാനികൾ ഏകീകൃതർ
ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ അടയാളം കണ്ടെത്തുക എന്നതു തികച്ചും വിഷമംപിടിച്ച സംഗതിയാണ്. പിളർപ്പുകളോ വിവിധ വിഭാഗങ്ങളോ ക്രിസ്ത്യാനിത്വത്തിൽ ഉടലെടുക്കണമെന്ന ഉദ്ദേശ്യം യേശുവിനുണ്ടായിരുന്നില്ല. തന്റെ പിതാവിനോടു പ്രാർഥിച്ചപ്പോൾ അവൻ തന്റെ ശിഷ്യന്മാർ “എല്ലാവരും ഒന്നാ”യിരിക്കാൻ വേണ്ടി പ്രാർഥിച്ചു. (യോഹന്നാൻ 17:21) ഈ ശിഷ്യന്മാർക്ക് ‘തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടാ’യിരിക്കണമായിരുന്നു, ഈ സ്നേഹമാണു ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്ന അടയാളം.—യോഹന്നാൻ 13:35.
ഐക്യം ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിട്ടുപോയിരിക്കുന്നതായി തോന്നുന്നു. എന്നാൽ ഇത് ഇന്നത്തെ സംഘടിത മതസമൂഹത്തിൽ ഒരപൂർവ സംഗതിയൊന്നുമല്ല. മറിച്ച്, ഇതു ക്രൈസ്തവമണ്ഡലത്തിലെ മതങ്ങളെ ബാധിച്ചിരിക്കുന്ന വിഭാഗീയതകൾക്കു പ്രാതിനിധ്യം വഹിക്കുന്നു.
ആത്മാർഥരായ ദൈവസ്നേഹികൾ ഈ ഖേദകരമായ സ്ഥിതിവിശേഷത്തെ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 1:10-ൽ സത്യക്രിസ്ത്യാനികളോടു പറയുന്ന വാക്കുകളുമായി പൊരുത്തപ്പെടുത്താൻ പ്രയാസപ്പെടുന്നു. “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കുകയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുകയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.”
അതേ, യേശുവിന്റെ യഥാർഥ അനുഗാമികൾ തങ്ങളുടെയിടയിൽ അഭേദ്യമായ ഐക്യം ആസ്വദിക്കുന്നു. അവർ ക്രിസ്തീയസ്നേഹബന്ധത്താൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതിനാൽ, അവർക്കിടയിൽ രാഷ്ട്രീയമോ വിഭാഗീയമോ ആദർശപരമോ ആയ യാതൊരു വ്യത്യാസങ്ങളും ഇല്ല. എല്ലാവർക്കും തന്റെ അനുഗാമികളെ “അവരുടെ ഫലങ്ങളാൽ” അഥവാ പ്രവർത്തനങ്ങളാൽ തിരിച്ചറിയാൻ കഴിയുമെന്ന് യേശു വ്യക്തമായി വിശദീകരിച്ചു. (മത്തായി 7:16) ഗ്രീസിലും ലോകത്തു മറ്റെല്ലായിടത്തും യഥാർഥ ക്രിസ്തീയ ഐക്യം ആസ്വദിക്കുന്ന യഹോവയുടെ സാക്ഷികളുടെ “ഫലങ്ങളെ”പ്പറ്റി അന്വേഷണം നടത്താൻ ഈ മാസികയുടെ പ്രസാധകർ നിങ്ങളെ ക്ഷണിക്കുകയാണ്.
[18-ാം പേജിലെ ചിത്രം]
പുരോഹിതന്മാർ പൊലീസുമായി ഏറ്റുമുട്ടി
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the book The Pictorial History of the World