ലോകത്തെ വീക്ഷിക്കൽ
ശനിയുടെ കൂടുതൽ ഉപഗ്രഹങ്ങൾ കണ്ടുപിടിക്കപ്പെട്ടു
നേരത്തെ അറിയപ്പെടാതിരുന്ന കുറഞ്ഞപക്ഷം രണ്ട് ഉപഗ്രഹങ്ങളെങ്കിലും ശനിയെ ഭ്രമണംചെയ്തുകൊണ്ടിരിക്കുന്നതായി ഹബിൾ സ്പേസ് ടെലസ്കോപ്പ് ഉപയോഗിച്ചെടുത്ത ഫോട്ടോകൾ വെളിപ്പെടുത്തിയിട്ടുണ്ട്. “ഭൂമിയും ശനിവലയവും കുറുകെക്കടന്ന” സമയത്ത്, അതായത് ഭൂമിക്കു ശനിവലയത്തിന്റെ ഒരഗ്രവീക്ഷണം ലഭിക്കുന്ന ഒരപൂർവ സന്ദർഭത്തിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ഈ അവസ്ഥകളിൻകീഴിൽ വലയത്തിന്റെ ഉജ്ജ്വല പ്രതിപതനപ്രകാശം കുറയുകയും ഉപഗ്രഹങ്ങൾ കൂടുതൽ എളുപ്പത്തിൽ ദൃഷ്ടിഗോചരമാകുകയും ചെയ്യുന്നു. ഉപഗ്രഹങ്ങൾ പത്തു കിലോമീറ്ററിനും 60 കിലോമീറ്ററിനും ഇടയിൽ വ്യാസമുണ്ടായിരിക്കാമെന്നു ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. പുതുതായി കണ്ടുപിടിക്കപ്പെട്ട ഉപഗ്രഹങ്ങൾ ശനിയെ അതിന്റെ മധ്യത്തിൽ നിന്നു 1,40,000 കിലോമീറ്ററുകൾ മുതൽ 1,50,000 കിലോമീറ്ററുകൾ വരെ ദൂരത്തിൽ ഭ്രമണം ചെയ്യുന്നു. ഇതു ഭൂമിയും അതിന്റെ ഉപഗ്രഹവും തമ്മിലുള്ള 4,00,000 കിലോമീറ്ററിനേക്കാൾ ഏറെ അടുത്താണ്. ശനിഗ്രഹമാകട്ടെ, ഭൂമിയിൽനിന്ന് ഏകദേശം 150 കോടി കിലോമീറ്ററകലെയാണ്.
ക്ഷമായാചനം—50 വർഷങ്ങൾക്കു ശേഷം
“കഴിഞ്ഞ യുദ്ധത്തിൽ മേജി ഗോക്കൂയിൻ [സർവകലാശാല] പങ്കെടുത്തതിന്റെ പാപത്തിൽ ഞങ്ങൾ ഇതിനാൽ, എല്ലാറ്റിലുമുപരി ദൈവത്തിന്റെ സാന്നിധ്യത്തിൽ, കുറ്റസമ്മതം നടത്തുകയും അതേസമയം വിദേശ രാജ്യങ്ങളിലെ ജനങ്ങളോട് പ്രത്യേകിച്ചും കൊറിയാക്കാരോടും ചൈനക്കാരോടും ക്ഷമയാചിക്കുകയും ചെയ്യുന്നു”വെന്നും കഴിഞ്ഞ ജൂണിൽ ടോക്കിയോയിലെ യൂണിവേഴ്സിറ്റിയുടെ സ്വകാര്യ ദേവാലയത്തിൽവെച്ചു നൽകിയ പ്രഭാഷണത്തിൽ യൂണിവേഴ്സിറ്റി സൂപ്രണ്ട് ഹിറോമോസോ നൊക്കോയോമോ പറയുകയുണ്ടായി. മേജി ഗോക്കൂയിൻ സർവകലാശാല ഒരു “ക്രിസ്തീയ” മിഷൻ സ്കൂളാണ്. യുദ്ധവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ സ്കൂൾ പങ്കുകൊണ്ടതായി സ്കൂൾ പ്രതിനിധികൾ തുറന്നു സമ്മതിച്ചത് ഇതാദ്യമായിട്ടായിരുന്നുവെന്ന് ആസാഹി ഷിംബുൻ വർത്തമാനപത്രം പറയുന്നു. യുദ്ധസമയത്തു യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധ്യക്ഷൻ യുദ്ധ ശ്രമങ്ങൾക്കായി സഭകളെ ഏകീകരിക്കാൻ വേണ്ടി ജപ്പാനിൽ യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ് രൂപവത്കരിച്ചു. യുണൈറ്റഡ് ചർച്ച് യുദ്ധവിമാനങ്ങൾ നിർമിക്കാൻ പണം സ്വരൂപിക്കുകയും, തങ്ങളുടെ രാജ്യത്തിനു നിരുപാധികം തങ്ങളെത്തന്നെ അർപ്പിക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നു നൊക്കോയോമോ വ്യക്തമാക്കി.
മോർമൻ സഭ നാസികളെ ചെറുത്തുനിന്നില്ല
നാസി ജർമനിയിലെ യഹൂദൻമാർക്കു നേരേയുള്ള അക്രമത്തിന്റെ റിപ്പോർട്ടുകളെക്കുറിച്ച് അറിയാമായിരുന്നിട്ടും “മോർമൻ സഭ മിക്കവാറുമൊന്നുംതന്നെ ചെയ്തില്ല” എന്ന് ദി സാൾട്ട് ലെയ്ക്ക് ട്രിബ്യൂൺ പറയുന്നു. “ഹിറ്റ്ലറും അദ്ദേഹത്തിന്റെ വർഗീയ വിശുദ്ധിയുടെ സന്ദേശവും” മറ്റു സഭാംഗങ്ങളോടൊപ്പം ചില മോർമൻകാരെയും “ലഹരിപിടിപ്പിച്ചു.” “മാത്രവുമല്ല തങ്ങൾ ഗവൺമെൻറ് നേതാക്കളെ ബഹുമാനിക്കാനുള്ള സഭാ പഠിപ്പിക്കലാണ് അനുസരിക്കുന്നതെന്നു ചിന്തിച്ചവരുമുണ്ടായിരുന്നു.” കൂട്ടക്കൊലയുടെ സമയത്തു ജർമനിയിലെ മോർമൻകാർ “മിക്കവാറുമെല്ലാ സഭകളും ചെയ്തതുപോലെതന്നെ ചെയ്തു; അവരുടെ നേതാക്കൻമാരും പ്രതിഷേധിച്ചില്ല” എന്ന് ഫിലദെൽഫിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റി പ്രൊഫസർ ഫ്രാങ്ക്ളിൻ ലിറ്റെൽ വ്യക്തമാക്കി. “നാസിസത്തിനെതിരെ തങ്ങളുടെ സ്ഥാപനത്തിന്റേതായ നിലപാടു കൈക്കൊള്ളാനുള്ള സഭയുടെ പരാജയത്തെ” പരിശോധിക്കാൻ ബ്രൈഗം യങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസറായ ഡഗ്ലസ് ടോബ്ളർ ആഗ്രഹിക്കുന്നതായി വർത്തമാനപത്രം പറയുകയുണ്ടായി. രസകരമെന്നു പറയട്ടെ, നാസികളെ അനുഗമിക്കാൻ പൂർണമായും വിസമ്മതിച്ച ഒരേയൊരു മതസ്ഥാപനം യഹോവയുടെ സാക്ഷികളുടേതായിരുന്നുവെന്നു കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ ജോൺ എസ്. കാൻവാ പറഞ്ഞതായി ട്രിബ്യൂൺ നിരീക്ഷിച്ചു. ഇതു നിമിത്തം പകുതിയിലധികം പേർ തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചരിക്കപ്പെടാത്ത കുട്ടികൾ
മാതാപിതാക്കൾ ജോലിസ്ഥലത്തായിരിക്കുമ്പോഴോ അല്ലെങ്കിൽ വെളിയിൽ സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുമ്പോഴോ വെറും ആറു വയസ്സുവരെ പ്രായമുള്ള കുട്ടികൾ ഭവനങ്ങളിൽ ഒറ്റയ്ക്കാക്കപ്പെടുകയാണെന്ന് ഒരു ഓസ്ട്രേലിയൻ ദേശീയ സർവേ വെളിപ്പെടുത്തിയതായി ദി കാൻബെറാ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ബോയ്സ് ടൗൺ നാഷണൽ കമ്മ്യൂണിറ്റി പ്രോജക്റ്റ്സിനായുള്ള വക്താവ് വെൻഡി റിഡ് പ്രസ്താവിച്ച പ്രകാരം “പകുതിയിലധികം കുട്ടികൾ തങ്ങൾ ഏകാന്തരും മാതാപിതാക്കളുടെ ചങ്ങാത്തം ലഭിക്കാത്തതിൽ വിഷമമുള്ളവരുമാണെന്നു പറഞ്ഞു. അതേ സമയം പന്ത്രണ്ടു വയസ്സിനു താഴെയുള്ളവരിൽ ഒരു വലിയ ശതമാനവും ഇരുട്ട്, കൊടുങ്കാറ്റ്, നുഴഞ്ഞുകയറ്റക്കാർ അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകൽ എന്നിവയെ അതിയായി ഭയപ്പെടുന്നവരാണ്.” കൂടുതലായി, “കുട്ടികളിൽ 71 ശതമാനത്തിന്, കുഴപ്പം ഉയർന്നു വരുമ്പോൾ തുടർന്നു വർത്തിക്കുന്നതിനുള്ള തന്ത്രമില്ലായിരുന്നെന്നും പന്ത്രണ്ടിനു താഴെയുള്ള കുട്ടികളിൽ പകുതിപ്പേർക്കും തങ്ങളുടെ മാതാപിതാക്കളുമായി എങ്ങനെ സമ്പർക്കം പുലർത്തണമെന്നു പോലും അറിയില്ലായിരുന്നു”വെന്നും റിഡ് പറഞ്ഞതായി ടൈംസ് റിപ്പോർട്ടു ചെയ്തു.
“ഊർജലഭ്യമായ ലഘുനിദ്ര”
“ലഘുനിദ്രയ്ക്കു വൈകാരിക സ്ഥിതിയെയും ഊർജസ്വലതയെയും ജോലിനിർവഹണത്തെയും അഭിവൃദ്ധിപ്പെടുത്താൻ കഴിയുമെന്ന്” ദി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ഒരു നല്ല ലഘുനിദ്രയുടെ പുനരുജ്ജീവന ഫലങ്ങൾ നിമിത്തം പതിവു ജോലിദിവസത്തിൽ ലഘുനിദ്രയെയും ഉൾപ്പെടുത്താനുള്ള മാർഗങ്ങൾ ആരായാൻ ചില വ്യവസായങ്ങൾ പ്രചോദിതരായിട്ടുണ്ട്. ട്രക്ക് ജീവനക്കാർ, വൈമാനികർ, ന്യൂക്ലിയർ അണുശക്തിനിലയ പ്രവർത്തകർ പോലുള്ള തൊഴിലാളികളുടെ ജാഗ്രതയും സുരക്ഷാതാത്പര്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നിടത്ത് ഇതു പ്രത്യേകിച്ചും സത്യമാണ്. “ഒരു 15 മിനിറ്റു സമയത്തെ ലഘുനിദ്രയിൽനിന്ന് അനേക മണിക്കൂറുകളുടേതിനു തുല്യമായ ഊർജസ്വലതയുടെ അതിശയകരമായ വീണ്ടെടുപ്പ് നിങ്ങൾക്കു ലഭ്യമായിത്തീരുന്നുവെന്നു ഞങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന്” നിദ്രാഗവേഷകൻ ക്ലോഡ്യോ സ്താമ്പി പറയുന്നു. എങ്കിലും, മിക്കവാറും എല്ലാ തൊഴിലുടമകളും ജോലിസ്ഥലത്ത് ലഘുനിദ്ര ഏർപ്പെടുത്തുന്നതിന് ഇനിയും കാലമേറെ എടുക്കും. “ജോലിസ്ഥലത്തെ ഉറക്കത്തെ കൂടുതൽ അഭികാമ്യമാക്കിത്തീർക്കുന്നതിനായി അതിന്റെ വക്താക്കൾ അതിനെ ഇപ്പോൾ ‘ഊർജലഭ്യ ലഘുനിദ്ര’ എന്നു പരാമർശിക്കുന്നു,” ജേർണൽ പറയുന്നു.
ഉദ്യാന രാസവസ്തുക്കൾ—ഒരു ഭീഷണിയോ?
പുൽത്തകിടിയിലും ഉദ്യാനത്തിലുമുപയോഗിക്കപ്പെടുന്ന രാസവസ്തുക്കൾ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ അപകടപ്പെടുത്തിക്കൊണ്ടിരുന്നേക്കാമെന്നു ഫ്രഞ്ച് പ്രകൃതിമാസികയായ ടെർ സോവാസ് റിപ്പോർട്ടു ചെയ്യുന്നു. “കളനാശിനികളോ കീടനാശിനികളോ ഉപയോഗിക്കുന്ന ഉദ്യാനമുള്ളടത്തു താമസിക്കുന്ന പതിനാലു വയസ്സിനു താഴെയുള്ള കുട്ടികൾക്ക്, ക്യാൻസറിന്റെ ഒരു രൂപമായ സാർക്കോമാ പിടിപെടാനുള്ള അപകടസാധ്യത അത്തരം രാസവസ്തുക്കൾക്കു വിധേയരാകാത്ത കുട്ടികളുടേതിനെക്കാൾ നാലു മടങ്ങു കൂടുതൽ ഉണ്ടെന്ന് അതു മുന്നറിയിപ്പു നൽകുന്നു. കുട്ടിയുടെ ചുറ്റുപാടിൽ കീടനാശിനികളുടെ പ്രയോഗം മൂലം ലുക്കീമിയ പിടിപെടുന്നതിനുള്ള അപകടസാധ്യത ഒന്നരയിൽനിന്നു മൂന്നു മടങ്ങായി വർധിക്കുന്നുവെന്നു റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. മുഴു ഫ്രഞ്ചു കുടുംബങ്ങളുടെയും പകുതിയിലധികം ഉദ്യാനരാസവസ്തുക്കൾ ഉപയോഗിക്കുന്നതു നിമിത്തമായി മലിനീകരിക്കപ്പെട്ട ഒരു വലിയ നഗരത്തെക്കാൾ വളരെയധികം വിഷമയമായ ഒരു പരിതസ്ഥിതി തങ്ങളുടെ കുട്ടികൾക്ക് അറിഞ്ഞുകൊണ്ടല്ലെങ്കിലും, ഉണ്ടാക്കിക്കൊടുക്കുന്നുണ്ടാവാം.
ഉഷ്ണ ഉറുമ്പുകൾ
സഹാറാ മരുഭൂമിയിലെ ചില ഉറുമ്പുകൾക്ക് ചുട്ടുപൊള്ളുന്ന 140 ഡിഗ്രി ഫാരെൻഹൈറ്റ് താപനിലയെ ചെറുത്തുനിൽക്കാൻ കഴിയുന്നതെന്തുകൊണ്ടാണെന്നു സ്വിറ്റ്സർലണ്ടിലെ രണ്ടു ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നു. “ശരീരത്തിനാവശ്യമായ മാംസ്യത്തെ താപത്തിന്റെ കേടുതട്ടലിൽനിന്നു സംരക്ഷിക്കുന്നതിനു സഹായിക്കുന്ന ഹീറ്റ് ഷോക്ക് പ്രോട്ടീൻസ് (HSPs) എന്നറിയപ്പെടുന്ന പദാർഥങ്ങൾ” ഉറുമ്പുകൾ ഉത്പാദിപ്പിക്കുന്നതായി സുവോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി യൂണിവേഴ്സിറ്റി ഓഫ് സൂറിച്ചിലെ റോഡിഗർ വേനറും യൂണിവേഴ്സിറ്റി ഓഫ് ബാസലിലെ ജനിതക ശാസ്ത്രജ്ഞൻ വോൾട്ടർ ജെറിങും കണ്ടെത്തിയിട്ടുള്ളതായി സയൻസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഉഗ്രമായ താപനിലകൾക്കു വിധേയമായപ്പോൾ “എല്ലാ ജന്തുക്കളും താപാഘാതം (ഹീറ്റ് ഷോക്കിൽനിന്നുള്ള) ഏറ്റതിനുശേഷം കുറച്ചു HSPs ഉത്പാദിപ്പിക്കുന്നു”വെന്നു മാസിക പറയുന്നു, എന്നാൽ “ഉറുമ്പുകൾ മുൻകൈ എടുത്തുള്ള ഒരു പിടിച്ചടക്കൽ നടത്തുന്നു.” ഏതു വിധത്തിൽ? ഉറുമ്പുകൾ താപാഘാതത്തോടു പ്രതികരിക്കുന്നതായും തങ്ങളുടെ കൂടു വിടുന്നതിനു മുമ്പുപോലും HSPs ഉത്പാദിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തി. “ഞങ്ങൾ ഇതിനെപ്പറ്റി ചിന്തിക്കാൻ തക്കവണ്ണം സമർഥരായിരുന്നില്ല, എന്നാൽ ഉറുമ്പുകൾ അങ്ങനെയായിരുന്നു”വെന്നു ജെറിങ് കൂട്ടിച്ചേർക്കുന്നു. അതോ അത് അവരുടെ നിർമാതാവായിരുന്നോ?
ശബ്ദകോലാഹലത്തിനു വിരാമമിടുക
“ദയവായി ആ ശബ്ദകോലാഹലത്തിനു വിരാമമിടുക” ദി ടൊറന്റൊ സ്റ്റാർ വർത്തമാനപത്രത്തിലെ ഒരു തലക്കെട്ട് അഭ്യർഥിക്കുന്നു. വാതകമുപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന പുൽവെട്ടിയന്ത്രം, കൊഴിഞ്ഞ ഇലകളെ ഒരുമിച്ചു കൂട്ടുന്ന യന്ത്രം, ജാക്ക്ഹാമറുകൾ, കാർഹോണുകളും കാർ അലാറങ്ങളും, കൊണ്ടുനടക്കാവുന്ന വലിയ റേഡിയോകൾ, കുരയ്ക്കുന്ന പട്ടികൾ, കരയുന്ന ശിശുക്കൾ, എന്നിവയിൽനിന്നെല്ലാമുള്ള നിർദയമായ ശബ്ദകോലാഹലം. കൂടാതെ സമാധാനത്തിനും ശാന്തിക്കുമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ശബ്ദവിരുദ്ധ പ്രവർത്തകരുടെ രാത്രി വൈകിയ വേളയിലെ പാർട്ടികളും. അത്തരം കോലാഹലത്തിനുള്ള സുദീർഘമായ വിധേയമാകലിനു “തളർച്ചയും ഉത്കണ്ഠയും വർധിപ്പിക്കാൻ കഴിയു”മെന്ന് സ്റ്റാർ പറയുന്നു. “രക്തസമ്മർദം ഉയരാൻ കഴിയുമെന്നും, ഹൃദയസ്പന്ദന നിരക്കിനു മാറ്റംവരാൻ കഴിയുമെന്നും, കൂടാതെ ശരീരം അഡ്രീനലിനും രക്തവാഹിനികളെ ബാധിക്കുന്ന മറ്റു ഹോർമോണുകളും ഉത്പാദിപ്പിക്കുന്നുവെന്നും വൈദ്യശാസ്ത്ര ഗവേഷണം കാണിച്ചുതരുന്നെന്ന്” അതു കൂട്ടിച്ചേർക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒച്ചയുണ്ടാക്കുന്ന പുൽവെട്ടിയന്ത്രമോ അല്ലെങ്കിൽ ഒരു മോട്ടോർസൈക്കിളോ പുറപ്പെടുവിക്കുന്നതു പോലെയുള്ള 85 ഡെസിബെലിനു മീതെയുള്ള ഏതൊരു ശബ്ദത്തിനും 8 മണിക്കൂറിലധികം വിധേയമാകുന്നതു നിങ്ങളുടെ കേൾവിക്ക് അപകടകരമാണ്.
അസ്ഥിശോഷണത്തിനെതിരെ പൊരുതുന്നു
അസ്ഥിശോഷണം മൂലം നഷ്ടമാകുന്ന അസ്ഥിയുടെ തൂക്കം പൂർവസ്ഥിതിയിലാക്കാൻ കായികപ്രവർത്തനത്തിനു സഹായിക്കാൻ സാധിക്കുമെന്നു ജോണൽ ഡ ബ്രസിൽ എന്ന വർത്തമാനപത്രം പറയുന്നു. റിയോ ഡി ജനിറോയിലെ കോട്രോമാ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് വ്യായാമ ചികിത്സ നിർദേശിക്കുകയും എങ്ങനെ “ശരിയായി നടക്കാമെന്നും ശരിയായ ശരീരനില അനുവർത്തിക്കാ”മെന്നും പഠിപ്പിക്കുകകൂടെ ചെയ്യുന്നു. 45-നും 77-നും ഇടയ്ക്കു പ്രായമുള്ള ഒരു കൂട്ടം സ്ത്രീകളോടു കൂടെയുള്ള 2 വർഷത്തെ ജോലിക്കുശേഷം അവരിൽ 80 ശതമാനത്തിന് അസ്ഥിയുടെ തൂക്കത്തിൽ ഒരു ഗണ്യമായ വർധനവ് ഉണ്ടായി. ആ കാലയളവിൽ സ്ത്രീകൾക്കു വാതസംബന്ധമായ പുറംവേദന കുറച്ചേ ഉണ്ടായിരുന്നുള്ളൂ, ആരും അസ്ഥിപൊട്ടൽ മൂലം ക്ലേശിച്ചുമില്ല.” ക്ലിനിക്കിന്റെ ഡയറക്ടറായ ഡോ. തിയോ കൊഹെൻ കാൽസ്യസമ്പുഷ്ടമായതും കൊഴുപ്പു കുറഞ്ഞതുമായ ഒരു ആഹാരക്രമം ശുപാർശ ചെയ്യുന്നു. അതിലുപരി, ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തുന്നതിനായി അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. “പ്രായമുള്ളവർ വെറുതെയിരുന്നു ശരീരമനങ്ങാത്ത പണികൾ ചെയ്തു സമയം തള്ളിനീക്കുന്നതു കാണാൻ നാമാഗ്രഹിക്കുന്നില്ല,” ഡോ. കൊഹെൻ നിരീക്ഷിക്കുന്നു. “പുറത്തേക്കിറങ്ങി നടക്കുന്നതു മസ്തിഷ്ക കോശങ്ങളുടെ വ്യായാമത്തിനായി പദപ്രശ്നങ്ങൾ ചെയ്യുന്നതിനോളംതന്നെ പ്രാധാന്യമുള്ളതാണ്.”
രക്തജന്യ രോഗങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ഓഫ് ദി യു.എസ്. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ഒരു റിപ്പോർട്ടുപ്രകാരം രക്തവിതരണത്തെ സംരക്ഷിക്കാൻ പൂർവാധികം മെച്ചപ്പെട്ട സുരക്ഷാതന്ത്രങ്ങൾ ആവശ്യമാണ്. തെളിവെന്നനിലയിൽ എയ്ഡ്സ് മഹാമാരിയുടെ പ്രാരംഭ വർഷങ്ങളിലെ രക്തപ്പകർച്ചകൾ മൂലമുള്ള മാനുഷ രോഗപ്രതിരോധ ശക്തിക്ഷയ വൈറസിന്റെ (എച്ച്ഐവി) വ്യാപനത്തിലേക്കു റിപ്പോർട്ടു വിരൽ ചൂണ്ടുന്നു. “ഐക്യനാടുകളിൽ ഹീമോഫീലിയ ബാധിച്ച 16,000 പേരുടെ പകുതിയിലധികവും, രക്തപ്പകർച്ചയും രക്തോത്പന്നങ്ങളും സ്വീകരിച്ച 12,000-ത്തിലധികം രോഗികളും എച്ച്ഐവി ബാധിച്ചവരായിത്തീർന്നു” എന്നു റിപ്പോർട്ടു പുനരവലോകനം ചെയ്തുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിച്ചു. ദേശീയ ആരോഗ്യവ്യവസ്ഥ വേണ്ടത്ര സജ്ജമല്ലാത്തതിനാൽ എച്ച്ഐവി പോലെയുള്ള അറിയപ്പെടാത്ത, അപകടകാരികളായ സാംക്രമിക വാഹികൾക്കു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. “രക്തവും രക്തോത്പന്നങ്ങളും സ്വീകരിക്കുന്നവരിലെ പ്രതികൂലഫലങ്ങൾ കണ്ടുപിടിച്ചു സൂക്ഷ്മ നിരീക്ഷണം നടത്തി അവയെക്കുറിച്ചു മുന്നറിയിപ്പു നൽകുവാനായി” ഒരു സമ്പ്രദായം നടപ്പിലാക്കുന്നതിനെ അതു ശുപാർശ ചെയ്തു.