ലോകത്തെ വീക്ഷിക്കൽ
വിവാഹം കുറഞ്ഞുവരുന്നു
കാനഡയിൽ, ഒരു വ്യവസ്ഥാപിത ക്രമീകരണമെന്ന നിലയിൽ വിവാഹങ്ങൾ കുറഞ്ഞുവരികയാണ്. കാനഡയിലെ ഒരു സ്ഥിതിവിവരക്കണക്കനുസരിച്ച് കഴിഞ്ഞ 15 വർഷത്തിനുള്ളിൽ “വിവാഹിതരാകാതെ ഒരുമിച്ചു കഴിയുന്ന കാനഡക്കാരുടെ എണ്ണം ഏതാണ്ട് മൂന്നിരട്ടിയായി, അതായത് 7,00,000-ത്തിൽനിന്ന് 20 ലക്ഷമായി വർധിച്ചിരിക്കുന്നു—വിവാഹത്തിന്റെ ആറു മടങ്ങ് വരുന്ന വാർഷിക വർധനവാണിത്,” ദ ടൊറന്റോ സ്റ്റാർ പറയുന്നു. ഇതിനുപുറമേ, “കാനഡയിൽ, ആദ്യമായി ഒന്നിച്ചുജീവിക്കുന്ന ജോഡികളിൽ പകുതിയും ഇപ്പോൾ നിയമപ്രകാരം വിവാഹിതരാകാതെയാണ് അപ്രകാരം ചെയ്യുന്നത്. ക്യൂബെക്കിൽ, ഓരോ അഞ്ചു പേരിലും നാലു പേർ വീതമായി അത് കുതിച്ചുയർന്നിരിക്കുന്നു.” എന്തുകൊണ്ടാണ് ഈ മാറ്റം? നിയമപ്രകാരം വിവാഹിതരാകാതെ ഒന്നിച്ചുജീവിക്കുന്നത് “വ്യക്തമായും ഒരു സാമൂഹിക വിപ്ലവത്തിന്റെ ഭാഗമാണ്, പഴഞ്ചനായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ അധിഷ്ഠിതമായ വ്യവസ്ഥാപിത ചട്ടങ്ങളോടുള്ള അവഗണനയുടെ പരമ്പരയിൽപ്പെട്ട ഒന്നാണ”തെന്ന് റിപ്പോർട്ടു പറയുന്നു. “ഒന്നിച്ചു ജീവിക്കൽ ഒരിക്കൽ ഒരു പരീക്ഷണാർഥ വിവാഹമായിട്ടാണ് വീക്ഷിക്കപ്പെട്ടിരുന്നത്, എന്നാൽ ഇപ്പോൾ അത് ഒരു ബദൽ വിവാഹരീതിയായിട്ടാണ് കണക്കാക്കപ്പെടുന്നത്” എന്ന് പത്രലേഖനം പറയുന്നു.
“മോശാ പ്രഭാവം”
ജപ്പാനിൽനിന്നുള്ള രണ്ട് ഊർജതന്ത്രജ്ഞന്മാർ ഒരു പരീക്ഷണശാലയിൽവെച്ച് വെള്ളത്തെ വിജയപ്രദമായി വിഭാഗിച്ചതായി ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ടോക്കിയോ യൂണിവേഴ്സിറ്റിയിലെ മാസാകാസൂ ഈവാസാകായും ഷോഗോ യൂനോയും ശക്തിയേറിയ വൈദ്യുത കോയിലുകൾ ഉപയോഗിച്ച്, ഭാഗികമായി വെള്ളം നിറച്ച ഒരു തിരശ്ചീന ട്യൂബിനു ചുറ്റും ശക്തമായ കാന്തികമണ്ഡലം സൃഷ്ടിച്ചു. ഭൂമിയുടേതിനെക്കാൾ 5,00,000 മടങ്ങ് ശക്തിയേറിയ ഈ കാന്തികമണ്ഡലം, വെള്ളത്തെ സിലണ്ടറിന്റെ അറ്റങ്ങളിലേക്കു ശക്തമായി തള്ളിവിട്ടു. ട്യൂബിന്റെ മധ്യഭാഗം ഉണങ്ങിയുമിരുന്നു. 1994-ൽ ശാസ്ത്രജ്ഞന്മാർ ആദ്യമായി കണ്ടുപിടിച്ച ഈ പ്രതിഭാസം യൂറോപ്പിലെയും ഐക്യനാടുകളിലെയും ഊർജതന്ത്രജ്ഞന്മാർ ആവർത്തിച്ചിരിക്കുന്നു. ഈ പ്രതിഭാസം സൃഷ്ടിക്കുന്നത് എങ്ങനെയാണ്? ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഒരു സഹപ്രൊഫസറായ കോയീച്ചീ കീറ്റാസാവാ പറയുന്നതനുസരിച്ച്, ജലം “അൽപ്പം പ്രതികാന്തിക സ്വഭാവമുള്ളതാണ്. അതുകൊണ്ട് ശക്തിയേറിയ ഒരു കാന്തം വെള്ളത്തെ വികർഷിച്ച് കൂടുതൽ കാന്തശക്തി അനുഭവപ്പെടുന്നയിടത്തുനിന്ന് അത് കുറവായിരിക്കുന്നിടത്തേക്കു തള്ളിവിടുന്നു.” കീറ്റാസാവാ ഈ പ്രതിഭാസത്തിന് “മോശാ പ്രഭാവം” എന്നു പേരിട്ടിരിക്കുന്നു.
മോശമായി പെരുമാറുന്ന വിനോദസഞ്ചാരികൾ
ഇറ്റലിയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അതിനെ പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രമാക്കിത്തീർക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, അവധിക്കാലം ചെലവിടാൻ അവിടേക്കു പോകുന്നവർ പെരുമാറ്റത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും അലംഭാവം കാട്ടുന്നു. ഫ്ളോറൻസിന്റെ പരിസ്ഥിതി, വാസ്തുശിൽപ്പ, പൈതൃക കമ്മീഷണറായ മാറീയോ ലോല്ലീ ഗെറ്റി പറയുന്നതനുസരിച്ച്, “സ്വന്തം വീട്ടിൽവെച്ചു ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കുകപോലുമില്ലാത്ത കാര്യങ്ങൾ ഇവിടെ വരുമ്പോൾ ചെയ്യാമെന്നാണ് പലരുടെയും ഭാവം.” അതുകൊണ്ട്, എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യാൻ പാടില്ല എന്നൊക്കെ ഓർമിപ്പിക്കുന്ന ഒരു “വിനോദസഞ്ചാര നിർദേശസംഹിത” ഫ്ളോറൻസ് നഗരം തയ്യാറാക്കിയിരിക്കുന്നതായി ലാ റിപ്പബ്ലിക്ക റിപ്പോർട്ടു ചെയ്യുന്നു. ചില ഓർമിപ്പിക്കലുകളിതാ: ജലധാരായന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ജലാശയങ്ങളിൽ കുളിക്കുകയോ കാലിടുകയോ ചെയ്യരുത്; സ്മാരകങ്ങളുടെയും കാഴ്ചബംഗ്ലാവുകളുടെയും മുന്നിലിരുന്ന് ഒന്നും ഭക്ഷിക്കരുത്; ടിന്നുകളോ ച്യൂയിംഗമോ നിലത്തെറിഞ്ഞു കളയരുത്; കാഴ്ചബംഗ്ലാവുകൾ സന്ദർശിക്കുമ്പോൾ കൈയില്ലാത്ത ടീ ഷർട്ടുകൾ ധരിക്കരുത്; ചത്വരങ്ങളിലും പൂന്തോട്ടങ്ങളിലും കവലകളിലും നീന്തൽ വസ്ത്രം ധരിച്ചുകൊണ്ട് സൗരസ്നാനം നടത്തരുത്. നല്ല പെരുമാറ്റമുള്ള വിനോദസഞ്ചാരികളെ ഇപ്പോഴും വിലമതിപ്പോടെ വീക്ഷിക്കുന്നു, സ്വാഗതം ചെയ്യുന്നു.
ശിശുക്കളെ ഊട്ടുന്നതിലെ പ്രതിസന്ധി
“രണ്ടു പതിറ്റാണ്ടുകളായി ഡോക്ടർമാരും പൊതുജനാരോഗ്യ ഏജൻസികളും ദരിദ്ര രാജ്യങ്ങളിലെ നവ മാതാക്കൾക്ക് ഒരേ ഉപദേശംതന്നെ നൽകിയിട്ടുണ്ട്: “നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി അവരെ മുലയൂട്ടുക,” ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “എന്നാൽ ഇപ്പോൾ എയ്ഡ്സ് എന്ന പകർച്ചവ്യാധി ആ ലളിത സമവാക്യത്തെ തകിടംമറിക്കുകയാണ്. എയ്ഡ്സ് വൈറസ് ബാധിച്ചിട്ടുള്ള അമ്മമാരുടെ വലിയൊരു ശതമാനം തങ്ങളുടെ മുലപ്പാലിലൂടെ ആ രോഗം പകർത്തിയേക്കാമെന്നു പഠനങ്ങൾ കാണിക്കുന്നു. . . . എച്ച്ഐവി ബാധിതരായ ശിശുക്കളുടെ മൂന്നിലൊന്നിന് രോഗം ബാധിച്ചതു മുലപ്പാലിലൂടെയാണെന്ന് ഐക്യനാടുകൾ ഈയിടെ കണ്ടെത്തി.” ബേബി ഫുഡ് കൊടുക്കയാണു പോംവഴി. എന്നാൽ അതിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്. പല രാഷ്ട്രങ്ങളിലും അമ്മമാർക്ക് അവ വാങ്ങാൻ വേണ്ട പണമില്ല അല്ലെങ്കിൽ പാൽക്കുപ്പി അണുവിമുക്തമാക്കാനുള്ള മാർഗങ്ങളില്ല, ശുദ്ധജലവും ലഭ്യമല്ല. തത്ഫലമായി കുട്ടികൾക്ക് അതിസാരവും നിർജലീകരണവും ശ്വസനസംബന്ധമായ രോഗങ്ങളും ഉദര-കുടൽ രോഗങ്ങളും പിടിപെടുന്നു. ദരിദ്ര കുടുംബങ്ങളിലുള്ളവർ ഭക്ഷ്യോത്പന്നങ്ങളിൽ കൂടുതൽ വെള്ളം ചേർത്ത് കുഞ്ഞുങ്ങൾക്കു നൽകുന്നത് വികലപോഷണത്തിനിടയാക്കുന്നു. ഈ രണ്ടു പ്രശ്നങ്ങളും ഒരുമിച്ചു കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. ലോകവ്യാപകമായി, ഓരോ ദിവസവും 1,000-ത്തിലധികം ശിശുക്കളും കുട്ടികളും എച്ച്ഐവി ബാധിതരാകുന്നു.
ലോകത്തിന്റെ ശുചിത്വനില വഷളാകുന്നു
“മുന്നൂറു കോടിയോളം ആളുകൾക്ക്, അതായത് ലോക ജനസംഖ്യയുടെ പകുതിയിലേറെ പേർക്ക്, ചെറിയ തോതിലെങ്കിലും വൃത്തിയുള്ള കക്കൂസില്ല,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. യുനിസെഫ് (ഐക്യരാഷ്ട്ര ശിശുക്ഷേമനിധി) നടത്തിയ പ്രോഗ്രസ് ഓഫ് നേഷൻസ് എന്ന വാർഷിക സർവേയുടെ ഭാഗമായ ഈ കണ്ടെത്തലുകൾ, “ശുചിത്വ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ശുചിത്വനില ലോകവ്യാപകമായി മെച്ചപ്പെടുകയല്ല വഷളാകുകയാണ്” എന്നും വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ദരിദ്രർക്ക് ശുദ്ധജലം നൽകുന്നതിൽ അഭിവൃദ്ധി കൈവരിച്ച ചില രാജ്യങ്ങളിൽ വേണ്ടത്ര മാലിന്യനിർമാർജന സൗകര്യങ്ങളില്ല. അടിസ്ഥാന ശുചിത്വത്തിന്റെ ഈ അഭാവം പുതിയ വ്യാധികൾ പടർന്നുപിടിക്കുന്നതിനും പഴയ രോഗങ്ങൾ തിരിച്ചുവരുന്നതിനും ഇടയാക്കിയിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ശുചിത്വമില്ലാത്ത ചുറ്റുപാടുകളുമായി ബന്ധപ്പെട്ട രോഗങ്ങൾമൂലം ഓരോ വർഷവും 20 ലക്ഷത്തിലേറെ കുട്ടികൾ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. പഠന റിപ്പോർട്ടു തയ്യാറാക്കിയ അക്ഷർ ഹമീദ് ഖാൻ പറയുന്നു: “മധ്യകാലഘട്ടത്തിലേതുപോലുള്ള ശുചിത്വനിലയാണുള്ളതെങ്കിൽ മധ്യകാലഘട്ടത്തിലേതുപോലുള്ള രോഗങ്ങളായിരിക്കും ഫലം.”
ഭവനം സർവപ്രധാനം
മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ കുട്ടികളെ ദിനപരിപാലന കേന്ദ്രത്തിൽ ഏൽപ്പിക്കുന്നത്, അതായത് മറ്റുള്ളവർ അവരെ പരിപാലിക്കുന്നത്, കുട്ടികൾക്കു ഗുണം ചെയ്യുമോ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൺ ഡെവലപ്പ്മെൻറ് ഒരു പഠനത്തിലൂടെ അതിനുത്തരം കണ്ടെത്താൻ ആഗ്രഹിച്ചു. 14 സർവകലാശാലകളിൽനിന്നുള്ള പ്രമുഖ ശിശുപരിപാലന ഗവേഷകർ 1,364 കുട്ടികളെ ജനനം മുതൽ മൂന്നു വയസ്സുവരെ നിരീക്ഷണവിധേയരാക്കി. ഇവരിൽ 20 ശതമാനത്തിലേറെ കുട്ടികളെ അമ്മമാർ വീടുകളിൽ പരിപാലിക്കുകയായിരുന്നു; ബാക്കിയുള്ളവരെ ദിനപരിപാലന കേന്ദ്രങ്ങളിലോ പണം സ്വീകരിച്ച് കുട്ടികളെ നോക്കുന്നവരുടെ അടുക്കലോ ആക്കിയിരുന്നു. ഫലം എന്തായിരുന്നു? “ഉയർന്ന നിലവാരം പുലർത്തുന്ന ദിനപരിപാലനകേന്ദ്രങ്ങളിലാക്കിയിരുന്ന—മുതിർന്നവർ കുട്ടികളോടു പ്രതികരണാത്മകമായ വിധത്തിൽ ഒരുപാടു സംസാരിക്കുന്ന തരത്തിലുള്ളവ—കുട്ടികൾക്ക്, അധികം ശ്രദ്ധ ലഭിക്കാത്ത കേന്ദ്രങ്ങളിലുള്ള കുട്ടികളെ അപേക്ഷിച്ച് ഭാഷയുടെയും പഠനപ്രാപ്തികളുടെയും കാര്യത്തിൽ അൽപ്പം കൂടുതൽ പ്രയോജനം ലഭിക്കുന്നുണ്ട്,” ടൈം മാഗസിൻ അഭിപ്രായപ്പെടുന്നു. “എങ്കിലും, കുട്ടികളുടെ മാനസിക-വൈകാരിക വളർച്ചയിൽ, കുടുംബാന്തരീക്ഷത്തെ അപേക്ഷിച്ച് ദിനപരിപാലന കേന്ദ്രം ചെലുത്തിയ പ്രഭാവം തീരെ അപ്രസക്തമായിരുന്നു എന്നതാണ് പ്രധാന കണ്ടെത്തൽ. . . . ദിനപരിപാലന കേന്ദ്രങ്ങളുടെ സ്വാധീനം കുട്ടിയുടെ മാനസിക-വൈകാരിക വളർച്ചയ്ക്ക് ഒരു ശതമാനം സംഭാവന ചെയ്തപ്പോൾ 32% സംഭാവന ചെയ്തത് കുട്ടികൾക്ക് അവരുടെ ഭവനങ്ങളിലുണ്ടായ വ്യത്യസ്ത അനുഭവങ്ങളായിരുന്നുവെന്ന് ഗവേഷകർ കണക്കാക്കി. ഇതിൽനിന്നു ലഭിക്കുന്ന സന്ദേശമെന്താണ്? ഭവനമാണ് സുപ്രധാന പഠനകേന്ദ്രം.”
അസാധാരണ സൗഹൃദം
ഉറുമ്പുകളും ആഫ്രിക്കൻ അക്കേഷ്യ വൃക്ഷങ്ങളും തമ്മിലുള്ള ബന്ധം ദീർഘനാളായി ശാസ്ത്രജ്ഞന്മാരെ വിസ്മയിപ്പിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ ഉറുമ്പുകൾക്ക് ആഹാരവും അഭയവും നൽകുന്നു. പകരം, ഉറുമ്പുകൾ വൃക്ഷത്തിനു കേടുപാടുണ്ടാക്കുന്ന പ്രാണികളെ ആക്രമിക്കുകയും ഇലകൾ തിന്നാൻ വരുന്ന മൃഗങ്ങളെ കടിച്ചോടിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ അതിജീവനത്തിനായി ഈ സംരക്ഷണത്തെ ആശ്രയിക്കുന്നതായി കാണപ്പെടുന്നു. എന്നാൽ വൃക്ഷങ്ങൾക്ക് അവയുടെ പൂക്കളിൽ പരാഗണം നടത്താൻ പറക്കുന്ന ഷഡ്പദങ്ങളുടെ സഹായം ആവശ്യമാണ്. അങ്ങനെയെങ്കിൽ പരാഗണം നടത്തുന്ന ഷഡ്പദങ്ങൾക്ക് തങ്ങളുടെ ദൗത്യം നിർവഹിക്കാനുള്ള അവസരം എങ്ങനെയാണു ലഭിക്കുന്നത്? പ്രകൃതി (ഇംഗ്ലീഷ്) എന്ന ശാസ്ത്ര മാസിക പറയുന്നതനുസരിച്ച്, വൃക്ഷങ്ങൾ “ഏറ്റവുമധികം പൂക്കുന്ന കാലത്ത്” അവ ഉറുമ്പുകളെ അകറ്റാൻ ഒരുതരം രാസവസ്തു ഉത്പാദിപ്പിക്കുന്നു. തത്ഫലമായി “ആ നിർണായക നിമിഷത്തിൽ” ഷഡ്പദങ്ങൾക്ക് പുഷ്പങ്ങളെ സന്ദർശിക്കാൻ അവസരം ലഭിക്കുന്നു. പുഷ്പങ്ങളിൽ പരാഗണം നടന്നശേഷം ഉറുമ്പുകൾ വീണ്ടും തങ്ങളുടെ പാറാവുജോലി ഏറ്റെടുക്കുന്നു.
ഗുട്ടൻബർഗ് ബൈബിൾ കണ്ടെത്തി
യോഹാനസ് ഗുട്ടൻബർഗ് 15-ാം നൂറ്റാണ്ടിൽ അച്ചടിച്ച ഒരു ബൈബിൾഭാഗം ജർമനിയിലെ റെൻഡ്സ്ബർഗിലുള്ള ഒരു പള്ളിയിലെ ഗ്രന്ഥപ്പുരയിൽ കണ്ടെത്തി. 1996-ന്റെ തുടക്കത്തിൽ അത് കണ്ടെത്തിയതിനെതുടർന്ന് 150 പേജുകളുള്ള ആ ബൈബിൾഭാഗം, യഥാർഥ ഗുട്ടൻബർഗ് ബൈബിൾതന്നെയാണെന്നു പ്രഖ്യാപിക്കുന്നതിനുമുമ്പ് അത് സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയതായി വീസ്ബാഡെനർ കൂരീർ റിപ്പോർട്ടു ചെയ്യുന്നു. ലോകവ്യാപകമായി, 48 ഗുട്ടൻബർഗ് ബൈബിളുകൾ ഉള്ളതായി അറിയപ്പെടുന്നു, അവയിൽ 20 എണ്ണം സമ്പൂർണമാണ്. “യോഹാനസ് ഗുട്ടൻബർഗ് അച്ചടിച്ച, രണ്ടു വാല്യങ്ങളുള്ള വിഖ്യാതമായ ബൈബിളുകളാണ് പുസ്തക അച്ചടിയിലെ ആദ്യത്തെ സുപ്രധാന കൃതി” എന്ന് വർത്തമാനപത്രം പറയുന്നു. പുതുതായി കണ്ടെത്തിയ ഈ ബൈബിൾഭാഗത്തിന്, “മോഷ്ടിക്കപ്പെടാതിരിക്കാൻ ബൈബിൾ പ്രസംഗപീഠത്തോടു ബന്ധിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന പുസ്തകച്ചങ്ങല ഇപ്പോഴുമുണ്ട്.”
ദീർഘകാലം ജീവിക്കൽ
ആരോഗ്യവാനായിരിക്കാനും ദീർഘകാലം ജീവിക്കാനും ഒരുവൻ എന്തു ചെയ്യണം? “മാനോവ്യഥയിൽനിന്ന് മുക്തമായ ഒരു മനോഭാവം സദാ നിലനിർത്തിക്കൊണ്ടുപോകാനുള്ള വ്യക്തിത്വവാസന, വ്യായാമത്തെക്കാളോ ഭക്ഷണശീലങ്ങളെക്കാളോ അധികമായി ശാരീരികാരോഗ്യത്തെ വർധിപ്പിക്കുന്നു,” ബോസ്റ്റണിലെ ബ്രിഗം ആൻഡ് വിമൻസ് ആശുപത്രിയിലെ ഡോ. ജോർജ് വയാൻ പറയുന്നു. 230-ലധികം പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തെ ആസ്പദമാക്കിയുള്ളതാണ് വയാന്റെ അഭിപ്രായം. 1942-ൽ തുടങ്ങിയ ഈ പഠനം ഇപ്പോഴും തുടരുകയാണ്. 52-ാം വയസ്സിൽ, നല്ല ആരോഗ്യമുണ്ടായിരുന്ന പുരുഷന്മാരെ മൂന്നായി വേർതിരിച്ചു: “മനോവ്യഥയുള്ള”വരായി കണക്കാക്കപ്പെട്ടവർ (അവർ മദ്യം ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്, നിരന്തരം ശമനൗഷധങ്ങൾ ഉപയോഗിക്കുകയോ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശം തേടുകയോ ചെയ്തിട്ടുണ്ട്), “മനോവ്യഥയില്ലാത്തവർ” (അവർ ഒരിക്കലും മദ്യം ദുരുപയോഗപ്പെടുത്തിയിട്ടില്ല, മനോഭാവങ്ങൾക്കു മാറ്റം വരുത്തുന്ന മരുന്നുകൾ കഴിക്കുകയോ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശം തേടുകയോ ചെയ്തിട്ടില്ല), “ഇടയ്ക്കുള്ളവർ” (മുമ്പു പരാമർശിച്ച ഇരുകൂട്ടർക്കും ഇടയ്ക്കുള്ളവർ). 75-ാം വയസ്സിൽ, “ഇടയ്ക്കുള്ളവരിൽപ്പെട്ട 25 ശതമാനവും മനോവ്യഥയുള്ളവരിൽ 38 ശതമാനവും മരിച്ചു. അവരോടു താരതമ്യം ചെയ്യുമ്പോൾ [മനോവ്യഥയില്ലാഞ്ഞവരിൽ] 5 ശതമാനം മാത്രമേ മരിച്ചുള്ളൂ,” സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ആരോഗ്യാവഹമായ ഭക്ഷണക്രമം നിലനിർത്തുന്നതും വ്യായാമം ചെയ്യുന്നതും നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ സഹായിക്കുമെന്നതു ശരിതന്നെ. എന്നാൽ “ചുരുങ്ങിയത് പുരുഷന്മാരുടെ കാര്യത്തിലെങ്കിലും ആയുർദൈർഘ്യം കടുത്ത വിഷാദത്തെ അകറ്റി നിർത്തുന്ന വൈകാരിക സ്ഥിരത നിലനിർത്താനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു,” സയൻസ് ന്യൂസ് പറയുന്നു.