വായനാവിമുഖതയ്ക്കെതിരെ ജാഗ്രതപുലർത്തുക
ഒരു പുതിയതരം വായനാ പ്രശ്നം നമ്മുടെ ലോകത്തെ വീശിയടിച്ചു കൊണ്ടിരിക്കുന്നു. ഇതു വായനാവിമുഖതയെന്നു വിളിക്കപ്പെടുന്നു. “വായിക്കാൻ കഴിവുണ്ടായിരിക്കുന്നതും എന്നാൽ അങ്ങനെ ചെയ്യുന്നതിൽ താത്പര്യമില്ലാത്തതുമായ ഒരു ഗുണം അഥവാ അവസ്ഥ”a എന്ന് ഇതു നിർവചിക്കപ്പെടുന്നു. (Merriam-Webster’s Collegiate Dictionary, Tenth Edition) ഉവ്വ്, ഒരിക്കൽ ഒരനുഭൂതിയായി കണ്ടിരുന്ന വായന ഇപ്പോൾ മിക്കപ്പോഴും ഒരു നിസ്സാരജോലി എന്നനിലയിൽ നിരാകരിക്കപ്പെടുന്നു. “വായിക്കാനായി നിങ്ങൾ പ്രയത്നിക്കേണ്ടതുണ്ടെ”ന്ന് ഒരു പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി പരാതിപ്പെട്ടു, “അതു തമാശയുമല്ല.”
അനേകം പ്രായപൂർത്തിയായവരും വായനാവിമുഖരാണ്. ഐക്യനാടുകൾ, ഉദാഹരണത്തിന്, ഒരു 97 ശതമാനം സാക്ഷരതാ നിരക്ക് ഉള്ളതായി വീമ്പിളക്കുന്നു; എന്നുവരികിലും, പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പകുതിയോളം പുസ്തകങ്ങളോ മാസികകളോ വായിക്കുന്നില്ല. വ്യക്തമായും, വായനാപ്രാപ്തി എല്ലായ്പോഴും വായിക്കാനുള്ള ആഗ്രഹത്തോടു യോജിക്കുന്നില്ല. അഭ്യസ്തവിദ്യരായ ആളുകൾക്കിടയിൽപ്പോലും ഇതു സത്യമാണ്. ഒരു ഹാർവാഡ് സർവകലാശാലാ ബിരുദധാരി പറയുന്നു, “ഒരു ദിവസത്തെ കഠിനാധ്വാനം കഴിഞ്ഞു ഞാൻ വീട്ടിൽ വരുമ്പോൾ ഒരു പുസ്തകം എടുക്കുന്നതിനുപകരം ഞാൻ ടിവി ഓൺ ചെയ്യുന്നു. അത് എളുപ്പമാണ്.”
വായനയ്ക്ക് എന്തു സംഭവിച്ചിരിക്കുന്നു? സമീപ ദശകങ്ങളിൽ വശ്യതയാർന്ന മാധ്യമങ്ങൾ വന്നതോടെ അതിന്റെ ജനസമ്മതി താഴോട്ടായി. “ഇപ്പോൾ നമുക്ക് എംടിവി ഉണ്ട്. കൂടാതെ നമ്മുടെ വിസിആറും നിൻറ്റെൻഡോയും വാക്മാനും. ക്ലേശകരമായി ഒരു പുസ്തകം വായിക്കുന്നതു തിരക്കു കുറഞ്ഞ സമയത്ത് അങ്ങനെ ചെയ്യുന്നതിനോളം എളുപ്പമാണെന്നു തോന്നുന്നില്ല” എന്ന് ഫോർച്ച്യൂൺ മാഗസിനിൽ സ്ട്രാറ്റ്ഫാഡ് പി. ഷെർമാൻ എഴുതുന്നു. ഒരുപക്ഷേ വായനയുടെ സമയത്തെ കാർന്നുതിന്നുന്ന മുഖ്യ പ്രതിയോഗി ടെലിവിഷനാണ്. നിശ്ചയമായും, 65 വയസ്സാകുന്നതോടെ ഒരു ശരാശരി അമേരിക്കക്കാരൻ തന്റെ ജീവിതത്തിന്റെ ഒൻപതു വർഷങ്ങൾ ടിവി വീക്ഷിക്കുന്നതിനു ചെലവഴിച്ചിട്ടുണ്ടാവും!
വായനയുടെ പ്രതിഫലങ്ങൾ ടെലിവിഷനുവേണ്ടി ഇത്ര കൂടെക്കൂടെ ബലികഴിക്കപ്പെടുന്നതിനാൽ, പിൻവരുന്നതു പരിഗണിക്കുന്നത് ഉചിതമായിരിക്കും.
വായനയുടെ പ്രയോജനങ്ങൾ
വായന ചിന്താപ്രാപ്തിയെ ഉത്തേജിപ്പിക്കുന്നു. നിങ്ങളുടെ ചിന്ത നിങ്ങൾക്കുവേണ്ടി ടെലിവിഷൻ ചെയ്യുന്നു. മുഖഭാവങ്ങൾ, ശബ്ദവ്യതിയാനങ്ങൾ, ദൃശ്യം ഇവയെല്ലാം വ്യക്തമാക്കപ്പെടുന്നു.
എന്നിരുന്നാലും, വായനയോടുകൂടി നിങ്ങൾ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു, സ്റ്റേജ് ശരിയാക്കുന്നു. അഭിനയത്തിനു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. “നിങ്ങൾക്കു വളരെയധികം സ്വാതന്ത്ര്യമുണ്ട്” ഒരു 10 വയസ്സുള്ള ആൺകുട്ടി പറയുന്നു. “നിങ്ങൾ വീക്ഷിക്കാനാഗ്രഹിക്കുന്ന വിധത്തിൽത്തന്നെ നിങ്ങൾക്ക് ഓരോ കഥാപാത്രത്തെയും വീക്ഷിക്കാൻ കഴിയും. നിങ്ങൾ ടിവിയിൽ എന്തെങ്കിലും കാണുന്നതിനെക്കാളധികമായി ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്കു കാര്യങ്ങൾ സംബന്ധിച്ചു കൂടുതൽ നിയന്ത്രണമുണ്ട്. ഡോ. ബ്രൂണോ ബെറ്റിൽഹൈം നിരീക്ഷിച്ചപ്രകാരം “ടെലിവിഷൻ ഭാവനയെ പിടിച്ചെടുക്കുന്നു. പക്ഷേ അതിനെ സ്വതന്ത്രമാക്കുന്നില്ല. ഒരു നല്ല പുസ്തകം പെട്ടെന്നുതന്നെ മനസ്സിനെ ഉത്തേജിപ്പിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്നു.”
വായന വാക്ചാതുര്യത്തെ വികസിപ്പിക്കുന്നു. “കൂടുതലായി ടെലിവിഷൻ വീക്ഷിക്കുന്നതിനാൽ യാതൊരു കുട്ടിയോ മുതിർന്നവനോ മെച്ചപ്പെടുന്നില്ല” എന്ന് മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ റെജിനാൾഡ് ഡാമറോൾ കുറിക്കൊള്ളുന്നു. “തീരെ പ്രാഥമികമായ കഴിവുകളേ ടെലിവിഷൻ കാണുന്നതിനു വേണ്ടൂ. അതിൽക്കൂടുതൽ കഴിവുകളില്ലെങ്കിൽ ടെലിവിഷൻ കാണാൻ പറ്റാതാവുമെന്നതിനെക്കുറിച്ചു നാം കേട്ടിട്ടേയില്ല.”
ഇതിനു വിപരീതമായി, വായന വാക്ചാതുര്യം ആവശ്യമാക്കിത്തീർക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുന്നു. അത് എഴുത്തും സംസാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ ഇപ്രകാരം പറയുന്നു: “ഒരു വിദ്യാർഥിയെന്ന നിലയിൽ നിങ്ങളുടെ വിജയം അത്യധികമായി നിങ്ങളുടെ പദസഞ്ചയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നതിനു തർക്കമില്ല, വായിക്കുമ്പോൾ നിങ്ങൾക്ക് എന്തു മനസ്സിലാക്കാൻ കഴിയുന്നുവെന്നതിലും എഴുതുമ്പോൾ നിങ്ങൾ എങ്ങനെ ന്യായവാദം ചെയ്യുന്നുവെന്നതിലും അങ്ങനെതന്നെയാണ്. മാത്രവുമല്ല ഒരു നല്ല പദസഞ്ചയം പടുത്തുയർത്താൻ വായനയൊഴികെ മറ്റു മാർഗമില്ല—യാതൊന്നുമില്ല.”
വായന സഹിഷ്ണുതയെ അഭിവൃദ്ധിപ്പെടുത്തുന്നു. താൻ എന്തു കണ്ടുകൊണ്ടിരിക്കുന്നുവെന്നതിലേക്കു മടങ്ങിവരാൻ നിരീക്ഷകന് അല്പസമയംപോലും കൊടുക്കാതെ ഒരൊറ്റ മണിക്കൂറിൽ മാത്രം ടിവി സ്ക്രീനിനു കുറുകെ ആയിരത്തിലധികം രൂപങ്ങൾ മിന്നി മറഞ്ഞേക്കാം. “ഈ വിദ്യ അക്ഷരാർഥത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്ന കാലയളവിനെ ഹ്രസ്വമാക്കുന്നതിനു കാരണമാകുന്നു”വെന്നു ഡോ. മാത്യു ഡൂമോൺട് പറയുന്നു. കുട്ടികളുടേയും പ്രായപൂർത്തിയായവരുടേയും സംഗതിയിൽ, ചില പഠനങ്ങൾ അമിതമായ ടിവി വീക്ഷിക്കലിനെ സാഹസികമായ തീരുമാനമെടുക്കലിനോടും അസ്വസ്ഥതയോടും ബന്ധിപ്പിക്കുന്നുവെന്നത് അതിശയമല്ല.
വായന സഹിഷ്ണുത ആവശ്യമാക്കിത്തീർക്കുന്നു. “വാചകങ്ങൾ, ഖണ്ഡികകൾ പിന്നെ സാവധാനത്തിലും ക്രമത്തിലും തുറക്കപ്പെടുന്ന പേജുകൾ, ഇതിനെല്ലാം സഹജജ്ഞാനമല്ല മറിച്ച് യുക്തിയാണാവശ്യം,” വാർത്താവിനിമയ വിദഗ്ധനായ നീൽ പോസ്റ്റ്മാൻ എഴുതുന്നു. തന്റെ സ്വന്തം നിലയിൽനിന്നു വായനക്കാരൻ വ്യാഖ്യാനിക്കയും മൂല്യനിർണയം നടത്തുകയും പേജിലുള്ളതിനെ പ്രതിഫലിപ്പിക്കുകയും വേണം. വായന സഹിഷ്ണുത ആവശ്യപ്പെടുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു സങ്കീർണമായ ഗൂഢാക്ഷരവ്യാഖ്യാന പ്രക്രിയയാണ്.
ഒരു സന്തുലിത വീക്ഷണം
വായനയ്ക്കു പ്രയോജനങ്ങളുണ്ടെന്നുവരികിലും, ടെലിവിഷനും അതിന്റേതായ മേൻമകളുണ്ടെന്നുള്ളത് അംഗീകരിക്കണം. ചില തരത്തിലുള്ള വിവരമെത്തിച്ചു കൊടുക്കുന്നതിൽ അതിനു വായനയെ പിമ്പിലാക്കാൻ കഴിയും.b ഒരു ആകർഷണീയമായ ടിവി അവതരണത്തിന് വായനയിലുള്ള താത്പര്യത്തെ ഉത്തേജിപ്പിക്കാൻപോലും കഴിയും. “കുട്ടികൾക്കുവേണ്ടിയുള്ള സാഹിത്യത്തെയും ശാസ്ത്രത്തെയും ചിത്രീകരിക്കുന്ന ടിവി പരിപാടികൾ അവയെക്കുറിച്ചും അവയോടു ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിന് അവരെ സ്വാധീനിക്കുന്നുവെന്നു റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്” എന്ന് ദി എൻസൈക്ലോപീഡിയ അമേരിക്കാനാ പറയുന്നു.
ഒരു സന്തുലിത വീക്ഷണം അത്യാവശ്യമാണ്. അച്ചടിച്ച പേജും ടെലിവിഷനും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഓരോന്നിലും അന്തർലീനമായിരിക്കുന്ന മേന്മയും പരിമിതികളുമുണ്ട്. ഓരോന്നിനെയും ഉപയോഗപ്പെടുത്താനോ ദുരുപയോഗപ്പെടുത്താനോ കഴിയും. ഉവ്വ്, ഒരുവനെ ഒറ്റപ്പെടുത്തുന്ന പരിധിവരെയുള്ള അമിതമായ വായന അമിതമായി ടിവി വീക്ഷിക്കുന്ന അത്രത്തോളംതന്നെ ഹാനികരമായിരിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 18:1; സഭാപ്രസംഗി 12:12.
എന്നുവരികിലും, ദൃശ്യവിനോദത്തിന്റെ കാര്യം വരുമ്പോൾ വായന പലപ്പോഴും നിസ്സാരമാക്കപ്പെടുന്നു. “നാം വായനക്കാരുടെ ഒരു സംസ്കാരത്തിൽനിന്നു നിരീക്ഷകരുടെ സംസ്കാരത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു”വെന്ന് ഒരു ജാപ്പനീസ് പത്രറിപ്പോർട്ടർ വിലപിക്കുന്നു. ഇതു യുവജനങ്ങളുടെയിടയിൽ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. തത്ഫലമായി, അവരിലനേകർ വായനാവിമുഖരായി വളർന്നുവരികയും പിന്നീടു ഭവിഷ്യത്തുകളനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വായിക്കാനുള്ള ആഗ്രഹം കുട്ടികളിൽ വികസിപ്പിച്ചെടുക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
മാതാപിതാക്കൾക്കു സഹായിക്കാൻ കഴിയുന്ന വിധം
മാതൃക വെക്കുക. “നല്ല വായനക്കാരെ എപ്രകാരം വളർത്തിക്കൊണ്ടുവരാം” എന്ന തലക്കെട്ടോടുകൂടിയ ഒരു ന്യൂസ്വീക്ക് ലേഖനം തക്കതായ ഈ അനുശാസനം നൽകുന്നു: “ടിവി-യുടെ മുമ്പിൽ നിങ്ങൾ വളരെയധികം സമയം ചെലവഴിക്കുന്നെങ്കിൽ, മിക്കവാറും നിങ്ങളുടെ കുട്ടിയും അങ്ങനെയൊരാളായിരിക്കും. നേരേമറിച്ച്, ഒരു നല്ല പുസ്തകവുംകൊണ്ടു നിങ്ങൾ സന്തോഷപൂർവം ചുരുണ്ടുകൂടിയിരിക്കുന്നതു നിങ്ങളുടെ കുട്ടികൾ കാണുന്നെങ്കിൽ, നിങ്ങൾ വായനയെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല അത് അനുഷ്ഠിക്കുക കൂടി ചെയ്യുന്നുവെന്ന ആശയം അവർക്കു ലഭിക്കും.” അതിലും നല്ല രീതിയിൽ, ചില മാതാപിതാക്കൾ കുട്ടികൾക്കായി ഉച്ചത്തിൽ വായിക്കുന്നു. അങ്ങനെ ചെയ്യുന്നതു നിമിത്തം അവർ ഒരു ഊഷ്മളബന്ധം സൃഷ്ടിക്കുന്നു. അത്തരം ബന്ധം ഇന്ന് അനേകം കുടുംബങ്ങളിലും കാണുന്നില്ലെന്നതു സങ്കടകരം തന്നെ.
ഒരു ലൈബ്രറി തുടങ്ങുക. “ചുറ്റും പുസ്തകങ്ങളുണ്ടായിരിക്കട്ടെ—ധാരാളം പുസ്തകങ്ങൾ,” ഡോ. തിയെഡോർ ഐസിക് രൂബൻ ശുപാർശ ചെയ്യുന്നു. “ഞാൻ അവ വായിക്കുന്നത് ഓർമിക്കുന്നു. കാരണം അവ അവിടെ ഉണ്ടായിരുന്നു. എല്ലാവരും അവ വായിച്ചുകൊണ്ടുമിരുന്നു.” പുസ്തകങ്ങൾ എളുപ്പം ലഭ്യമാണെങ്കിൽ കുട്ടികൾ വായിക്കും. പുസ്തകങ്ങൾ അവരുടെ സ്വന്തമായ ലൈബ്രറിയുടെ ഭാഗമാണെങ്കിലോ, വായിക്കാനുള്ള പ്രചോദനം തീർച്ചയായും കൂടുതലായിരിക്കും.
വായനയെ ആസ്വാദ്യമാക്കിത്തീർക്കുക. ഒരു കുട്ടി വായിക്കാനിഷ്ടപ്പെടുന്നെങ്കിൽ, പഠനമെന്ന യുദ്ധത്തിന്റെ പകുതിയും വിജയിച്ചുകഴിഞ്ഞുവെന്നു പറയപ്പെടുന്നു. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്കു വായന ഒരു സുഖാനുഭൂതിയാക്കിത്തീർക്കുക. എങ്ങനെ? ഒന്നാമതായി ടെലിവിഷൻ കാണുന്ന സമയത്തിനു പരിമിതികൾ വെക്കുക; അതു മിക്കവാറുമെല്ലായ്പോഴും വായനയുടെമേൽ വിജയം നേടും. രണ്ടാമതായി, വായനക്കുതകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക; നല്ല പ്രകാശത്തോടുകൂടിയ വ്യക്തിപരമായ ലൈബ്രറി പോലെയുള്ള ശാന്തമായ സ്ഥലങ്ങളും സമയവും വായനയെ ക്ഷണിച്ചു വരുത്തുന്നു. മൂന്നാമതായി, വായിക്കാൻ സമ്മർദം ചെലുത്തരുത്. വായിക്കാനുള്ള സാധനങ്ങളും അവസരങ്ങളും ലഭ്യമാക്കുക, എന്നാൽ ആഗ്രഹം വികസിപ്പിച്ചെടുക്കൽ കുട്ടി തന്നെ ചെയ്തുകൊള്ളും.
കുട്ടികളുടെ ചെറുപ്രായത്തിൽതന്നെ ചില മാതാപിതാക്കൾ അവർക്കായി വായിക്കാൻ തുടങ്ങുന്നു. ഇതിന് പ്രയോജനപ്രദമായിരിക്കാൻ കഴിയും. മൂന്നു വയസ്സാകുന്നതോടെ ഒരു കുട്ടി തനിക്കു വാക്കുകൾ ഒഴുക്കോടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽപോലും സാധാരണ മുതിർന്നവരുടെ സംഭാഷണത്തിൽ താൻ ഉപയോഗിക്കാനിരിക്കുന്ന മിക്കവാറുമെല്ലാ സംഭാഷണരീതിയും മനസ്സിലാക്കുന്നു. “ഭാഷ വാചികമായി ഉപയോഗിക്കാൻ പഠിക്കുന്നതിനെക്കാൾ നേരത്തെയും കൂടുതൽ വേഗതയേറിയ നിരക്കിലും കുട്ടികൾ അതു മനസ്സിലാക്കുന്നതിനു പഠിക്കാൻ തുടങ്ങുന്നു”വെന്ന് ജീവിതത്തിന്റെ ആദ്യത്തെ മൂന്നു വർഷങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ബൈബിൾ തിമോത്തിയെക്കുറിച്ചു പറയുന്നു: “ശൈശവം മുതൽ നീ വിശുദ്ധ എഴുത്തുകളെ അറിഞ്ഞിട്ടുണ്ട്.” (2 തിമോത്തി 3:15, NW) ശിശു എന്നതിനുള്ള ഇംഗ്ലീഷ് പദം (infant) ഇൻഫാൻസ് എന്ന ലത്തീൻ പദത്തിൽനിന്നു വരുന്നതാണ്. അതിന് അക്ഷരീയമായി “സംസാരിക്കാത്തവൻ” എന്ന അർഥമാണുള്ളത്. ഉവ്വ്, തിമോത്തി തനിക്കു സംസാരിക്കാൻ കഴിയുന്നതിനു വളരെ മുമ്പുതന്നെ തിരുവെഴുത്തു വാക്യങ്ങൾ കേട്ടിരുന്നു.
ബൈബിൾ—ഒരു അതിവിശിഷ്ട സഹായി
“സാഹിത്യ കൃതിയുടെ ഒരു ഗംഭീരശേഖരമാണു ബൈബിൾ” എന്നു ബൈബിൾ അതിന്റെ സാഹിത്യ പശ്ചാത്തലത്തിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. തീർച്ചയായും, അതിന്റെ 66 പുസ്തകങ്ങളിൽ കവിതാരൂപങ്ങളും പാട്ടുകളും ചരിത്രവിവരണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽനിന്നു ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ പഠിക്കാൻ കഴിയും. (റോമർ 15:4) കൂടുതലായി, ബൈബിൾ “ദൈവനിശ്വസ്തവും പഠിപ്പിക്കലിനും ശാസനത്തിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനപ്രദമാണ്.”—2 തിമോത്തി 3:16, NW.
ഉവ്വ്, ലഭ്യമായിരിക്കുന്ന ഏറ്റവും ജീവത്പ്രധാനമായ വായനോപാധി ദൈവവചനമായ ബൈബിളാണ്. ഓരോ ഇസ്രായേൽ രാജാവിനോടും തിരുവെഴുത്തുകളുടെ ഒരു വ്യക്തിപരമായ പകർപ്പുണ്ടായിരിക്കുന്നതിനും “തന്റെ ജീവിതത്തിന്റെ എല്ലാ നാളുകളിലും അതിൽനിന്നു വായിക്കുന്നതിനും” ആവശ്യപ്പെട്ടിരുന്നതു നല്ല കാരണത്തോടെയാണ്. (ആവർത്തനപുസ്തകം 17:18, 19) തിരുവെഴുത്തുകൾ “ഒരു മന്ദമായ രീതിയിൽ” അതായത്, തനിക്കായിത്തന്നെ, മൃദുവായ സ്വരത്തിൽ—“രാവും പകലും”—വായിക്കാൻ യോശുവയോടു കൽപ്പിച്ചിരുന്നു.—യോശുവ 1:8, NW.
ബൈബിളിന്റെ പല ഭാഗങ്ങളും വായിക്കുന്നത് എളുപ്പമല്ലെന്നു സമ്മതിക്കുന്നു. അവ ഏകാഗ്രത ആവശ്യമാക്കിത്തീർത്തേക്കാം. പത്രോസ് എഴുതി: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ [“വാഞ്ഛ രൂപപ്പെടുത്തിയെടുപ്പിൻ,” NW].” (1 പത്രൊസ് 2:2) പരിശീലനത്താൽ ദൈവവചനമാകുന്ന “പാലി”നോടുള്ള ചായ്വിന്, അമ്മയുടെ പാലിനോടുള്ള ഒരു കുട്ടിയുടെ ജൻമനായുള്ള ഉൽക്കടമായ ആഗ്രഹത്തോളംതന്നെ സ്വാഭാവികമായിത്തീരാൻ കഴിയും. ബൈബിൾ വായനയോടുള്ള വിലമതിപ്പു വളർത്തിയെടുക്കാൻ കഴിയും.c അതു പരിശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു,” സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 119:105) നമ്മുടെ പ്രക്ഷുബ്ധ നാളുകളിൽ നമുക്കെല്ലാവർക്കും അത്തരം മാർഗനിർദേശം ആവശ്യമില്ലേ?
[അടിക്കുറിപ്പുകൾ]
a “വായിക്കാനോ എഴുതാനോ ഉള്ള കഴിവില്ലായ്മ”യായ “നിരക്ഷരത”യുമായി വായനാവിമുഖതയെ കൂട്ടിക്കുഴയ്ക്കരുത്.
b ഈ സംഗതി തിരിച്ചറിഞ്ഞുകൊണ്ട്, വാച്ച്ടവർ സൊസൈറ്റി സമീപവർഷങ്ങളിൽ അതിന്റെ അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ ഉത്പാദനത്തോടൊപ്പം ബൈബിൾ സംബന്ധമായ വിവിധ വിഷയങ്ങളടങ്ങിയ വീഡിയോകാസെറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
c ബൈബിൾ പരിജ്ഞാനത്തിനായുള്ള ഒരു വാഞ്ഛ രൂപപ്പെടുത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനായി, എന്റെ ബൈബിൾ കഥാ പുസ്തകം, മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ തുടങ്ങിയ ലളിതമായ ബൈബിൾ പഠനസഹായികൾ വാച്ച്ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും ശ്രവ്യകാസെറ്റുകളിലും ലഭ്യമാണ്.