നിങ്ങൾക്ക് ദൈവത്തെ ആശ്രയിക്കാൻ കഴിയും
നിങ്ങൾക്കു ദൈവത്തെയും അവന്റെ വചനമായ ബൈബിളിനെയും പൂർണമായി ആശ്രയിക്കാൻ കഴിയും. ഒരു ആയുഷ്കാലം മുഴുവൻ ദൈവത്തിൽ ആശ്രയംവെച്ചതിനുശേഷം, 100 വയസ്സിലധികം പ്രായമുണ്ടായിരുന്ന ഒരു മനുഷ്യൻ തന്റെ ദൃഢവിശ്വാസത്തിന് ഈ കാരണം നൽകി: “ഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—യോശുവ 23:14, ദാനീയേൽ ബൈബിൾ.
പുരാതന ഇസ്രായേലിന്റെ ഒരു നേതാവായിരുന്ന യോശുവ എന്ന ഈ മനുഷ്യൻ ദൈവത്തിന്റെയും അവന്റെ വചനത്തിന്റെയും പൂർണ ആശ്രയയോഗ്യത അനുഭവിച്ചറിഞ്ഞു. ദൈവം ഇസ്രായേലിനോടു വാഗ്ദാനം ചെയ്തതെല്ലാം സത്യമായി ഭവിച്ചു. നിങ്ങൾ സ്രഷ്ടാവിനെയും അവന്റെ വചനത്തെയും കുറിച്ച് കൂടുതൽ അറിയാൻ ഇടയാകുന്നെങ്കിൽ നിങ്ങൾക്കും അതേ ആശ്രയം വളർത്തിയെടുക്കാൻ കഴിയും. ദൈവത്തിന്റെ ഒരു പിൽക്കാല ആരാധകനായിരുന്ന ദാവീദ് രാജാവ് ഈ രീതിയിൽ അതു വിവരിച്ചു: “നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.”—സങ്കീർത്തനം 9:10.
ദൈവം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല
‘ദൈവനാമത്തെ’ക്കുറിച്ചും ആ നാമം എന്തർഥമാക്കുന്നു എന്നതിനെക്കുറിച്ചും—അവന്റെ ഉദ്ദേശ്യങ്ങൾ, പ്രവർത്തനങ്ങൾ, ഗുണങ്ങൾ—നിങ്ങൾ എത്ര കൂടുതൽ ‘അറിയുന്നു’വോ അത്രയും കൂടുതലായി നിങ്ങൾ അവനിൽ ആശ്രയിക്കും. ഒരിക്കലും നിങ്ങളെ നിരാശരാക്കുകയോ തന്റെ വാക്കു ലംഘിക്കുകയോ ചെയ്യാത്ത ആശ്രയയോഗ്യനായ ഒരു സുഹൃത്താണ് അവൻ. അവന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെടുകയും മറ്റുള്ളവരോടു വഞ്ചനാത്മകമായി പെരുമാറുകയും ചെയ്യുന്നവരുടെ കാപട്യത്താൽ നിങ്ങൾ പിന്തിരിപ്പിക്കപ്പെടരുത്. ബൈബിൾ അങ്ങനെയുള്ളവരെ ആശ്രയയോഗ്യരല്ലാത്തവരായി തിരിച്ചറിയിക്കുന്നു. കപടഭക്തിക്കാർ ഒരു കാര്യം പറയുകയും അതിനു നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അപ്പോസ്തലനായ പത്രോസ് മുന്നറിയിപ്പു നൽകിയതുപോലെ, അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ ചൂഷണം ചെയ്യുന്നു. പത്രോസ് ഇപ്രകാരം എഴുതി: “അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. കൂടാതെ, അത്യാഗ്രഹത്തോടെ കൗശലവാക്കുകൾ പറഞ്ഞ് അവർ നിങ്ങളെ ചൂഷണം ചെയ്യും.”—2 പത്രോസ് 2:2, 3, NW.
അത്തരം ആളുകൾ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നില്ല. അവർ അവന്റെ വചനത്തോട് അനാദരവു കാട്ടുന്നു. ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം ദൈവത്തിന്റെ സ്വന്തം രേഖപ്പെടുത്തലുകളും സാക്ഷ്യവും നിങ്ങൾക്കെന്തുകൊണ്ടു സ്വയം പരിശോധിച്ചുകൂടാ? ‘എന്നാൽ മറ്റേതൊരു പുസ്തകത്തെക്കാളുമധികം ബൈബിളിൽ ഞാൻ ആശ്രയിക്കേണ്ടതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ചരിത്രത്തിലുടനീളം അസംഖ്യം മത വഞ്ചനകൾ ഉണ്ടായിരുന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ ബൈബിൾ വ്യത്യസ്തമാണ്. ബൈബിളിൽ ആശ്രയിക്കുന്നതിനുള്ള പിൻവരുന്ന കാരണങ്ങൾ പരിചിന്തിക്കുക.
ബൈബിളിൽ ആശ്രയിക്കുന്നതിനുള്ള കാരണങ്ങൾ
ബൈബിളിന്റെ വാഗ്ദാനങ്ങളും പ്രവചനങ്ങളും എല്ലായ്പോഴും സത്യമായി ഭവിക്കുന്നതിനാൽ നിങ്ങൾക്ക് ബൈബിളിനെ ആശ്രയിക്കാൻ കഴിയും. ഇതാ ഒരു ഉദാഹരണം: ബന്ദികളായി പിടിച്ചുകൊണ്ടുപോകപ്പെട്ട ഇസ്രായേല്യർക്ക് അവിശ്വസനീയമായി തോന്നപ്പെട്ടിരിക്കാമെങ്കിലും അവരെ ശക്തിയേറിയ ബാബിലോന്റെ അടിമത്തത്തിൽനിന്നു വിടുവിക്കുകയും യെരുശലേമിലേക്കു തിരികെ വരുത്തുകയും ചെയ്യുമെന്നു ബൈബിളിന്റെ ഗ്രന്ഥകാരനായ യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരുന്നു. അത് അസംഭവ്യമായ ഒരു പ്രത്യാശയായി തോന്നി. എന്തുകൊണ്ടെന്നാൽ ബാബിലോൻ ആ നാളിൽ അധീശത്വം പുലർത്തിയിരുന്ന ലോകശക്തിയായിരുന്നു. മാത്രമല്ല, അത് യെരുശലേമിനെ പൂർണമായി തകർത്തു നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യഹോവ ഏതാണ്ട് ഇരുന്നൂറു വർഷം മുമ്പുതന്നെ, ബാബിലോനെ തകിടംമറിച്ച് തന്റെ ജനത്തെ സ്വതന്ത്രമാക്കുന്നവനായിട്ട് പേർഷ്യൻ ഭരണാധികാരിയായ സൈറസിന്റെ (കോരശ്) പേരുപോലും പറയുകയും ബാബിലോന്റെ നദീപ്രതിരോധങ്ങൾ എങ്ങനെ പരാജിതമാകുമെന്നു പ്രവചിക്കുകയും ചെയ്തിരുന്നു. യെശയ്യാവു 44:24—45:4-ൽ നിങ്ങൾക്ക് ആ വൃത്താന്തം വായിക്കാൻ കഴിയും.
ഈ വാഗ്ദാനം എങ്ങനെ നിവൃത്തിയായി എന്ന് തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “ഈ പ്രവചനം എഴുതപ്പെട്ടപ്പോൾ കോരേശ് ജനിച്ചിരുന്നില്ല. . . . പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 539 മുതൽ പ്രവചനം അതിന്റെ വിശദാംശങ്ങളിൽ നിവൃത്തിയായി. കോരേശ് യൂഫ്രട്ടീസ് നദിയിലെ വെള്ളം ഒരു കൃത്രിമ തടാകത്തിലേക്ക് തിരിച്ചുവിട്ടു. നദിയിലേക്കുള്ള ബാബിലോന്റെ ഗെയിറ്റുകൾ നഗരത്തിൽ വിരുന്നുസൽക്കാരം നടക്കുമ്പോൾ അശ്രദ്ധമായി തുറന്നിട്ടിരുന്നു. കോരേശിന്റെ കീഴിലുണ്ടായിരുന്ന മേദ്യരും പേർഷ്യക്കാരും ബാബിലോൻ പിടിച്ചടക്കി. അതേ തുടർന്നു കോരേശ് യഹൂദപ്രവാസികളെ മോചിപ്പിക്കുകയും യെരൂശലേമിലെ യഹോവയുടെ ആലയം പുതുക്കിപ്പണിയാനുള്ള നിർദ്ദേശവുമായി അവരെ അങ്ങോട്ട് അയക്കുകയും ചെയ്തു.”a ഇതുപോലെ ദൈവം നടത്തിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും ബൈബിളിലുള്ള എല്ലാ പ്രവചനങ്ങളും തെറ്റുപറ്റാതെ സത്യമായി ഭവിച്ചിരിക്കുന്നു.
ആശ്രയയോഗ്യത നമ്മുടെ നൂറ്റാണ്ടിൽ കുറഞ്ഞുപോയിരിക്കുന്നു എന്ന വസ്തുതതന്നെ നിവൃത്തിയേറിയ പ്രവചനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. നാം ജീവിക്കുന്ന കാലത്തിന്റെ ഒരു സവിശേഷതയായി ബൈബിൾ ഇതിനെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞു. എന്തുകൊണ്ടെന്നാൽ അത് 1914-ലെ ഒന്നാം ലോകമഹായുദ്ധത്തോടെ തുടങ്ങിയ യുഗത്തെ “അന്ത്യനാളുക”ൾ എന്നു വിളിക്കുകയും അവ “ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങൾ” കൈവരുത്തുമെന്നു പറയുകയും ചെയ്യുന്നു. നമ്മുടെ നാളിൽ ആളുകൾ “സ്വസ്നേഹികളും . . . പൊങ്ങച്ചക്കാരും അഹങ്കാരികളും . . . നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവിക പ്രിയമില്ലാത്തവരും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും ഏഷണിക്കാരും . . . ദ്രോഹികളും വഴങ്ങാത്തവരും നിഗളത്താൽ ചീർത്തവരും” ആയിരിക്കുമെന്ന് അത് അറിയിച്ചിരിക്കുന്നു. അത് ഇങ്ങനെയും പ്രവചിച്ചു: “ദുഷ്ടമനുഷ്യരും വഞ്ചകൻമാരും മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമോത്തി 3:1-4, 13, NW) നമ്മുടെ നാളിൽ നാം കണ്ടുവരുന്നത് അതുതന്നെയാണ്.
പൂർണമായും ആധികാരികമായിരിക്കുന്നതിനാൽ നിങ്ങൾക്കു ബൈബിളിനെ ആശ്രയിക്കാൻ കഴിയും. ബൈബിളിന്റെ ആധികാരികതയെ ആരും ഒരിക്കലും വിജയപ്രദമായി വെല്ലുവിളിച്ചിട്ടില്ല. വിഖ്യാതനായ ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടൺ ഇപ്രകാരം പറഞ്ഞു: “ആധികാരികതയുടെ സുനിശ്ചിത അടയാളങ്ങൾ ഏതു ലൗകിക ചരിത്രത്തിലും കാണുന്നതിലധികമായി ബൈബിളിൽ ഞാൻ കണ്ടെത്തുന്നു.” ഹിറ്റ്ലർ “ഡയറികൾ” പോലെയുള്ള കള്ളരേഖകളൊന്നും ഇവിടെയില്ല! മറ്റു പുരാതന ലിഖിതങ്ങളുമായുള്ള താരതമ്യത്തിൽ ബൈബിൾ എങ്ങനെയുണ്ട്? ദ ബൈബിൾ ഫ്രം ദ ബിഗിനിങ് എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ഒരു എഴുത്തിനെ പ്രമാണീകരിക്കുന്ന പുരാതന എംഎസ്എസ്.-ന്റെ [കൈയെഴുത്തുപ്രതികൾ] എണ്ണത്തിന്റെ കാര്യത്തിലും ആദിമകാല എംഎസ്എസ്.-നും പ്രമാണീകരിക്കുന്ന എംഎസ്എസ്.-നും ഇടയ്ക്ക് കടന്നുപോയിട്ടുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും പുരാതന ലിഖിതങ്ങൾക്കില്ലാത്ത [ഹോമറിന്റെയും പ്ലേറ്റോയുടെയും മറ്റുള്ളവരുടെയും] ഒരു സുനിശ്ചിത നേട്ടം ബൈബിൾ ആസ്വദിക്കുന്നു. . . . ബൈബിൾ കൈയെഴുത്തുപ്രതികളുമായി നോക്കുമ്പോൾ പ്രാചീന എംഎസ്എസ്. എല്ലാംകൂടി ഒരു പിടിയേ ഉള്ളൂ. ഒരു പുരാതന പുസ്തകവും ബൈബിളിന്റെയത്രയും പ്രമാണീകരിക്കപ്പെട്ടിട്ടില്ല.” ബൈബിളിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അത് തികച്ചും യഥാർഥമാണെന്നു ചൂണ്ടിക്കാട്ടുന്നു.
ബൈബിളിന്റെ പ്രസ്താവനകളെല്ലാം പൂർണമായും കൃത്യമായതുകൊണ്ട് നിങ്ങൾക്കു ബൈബിളിനെ ആശ്രയിക്കാൻ കഴിയും. ദൈവം “ഉത്തരദിക്കിനെ . . . ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (ഇയ്യോബ് 26:7) ഭൂമി ആനകളാൽ താങ്ങിനിർത്തപ്പെട്ടിരിക്കുന്നു എന്നതുപോലുള്ള ആ നാളിലെ സാങ്കൽപ്പിക സിദ്ധാന്തങ്ങൾ ആവർത്തിക്കുന്നതിനുപകരം പിന്നീട് ശാസ്ത്രീയ സത്യമായി സ്ഥാപിക്കപ്പെട്ട കാര്യമാണ് ബൈബിൾ പ്രസ്താവിച്ചത്—അതായത് ഭൂമി ബഹിരാകാശത്തിൽ ‘തൂങ്ങിനിൽക്കുന്നു’ എന്ന്. അതിനുപുറമേ, ഭൂമി ഉരുണ്ടതാണെന്ന് കൊളംബസിന്റെ കാലത്തിനു രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പു ബൈബിൾ വ്യക്തമായി പ്രസ്താവിച്ചു.—യെശയ്യാവു 40:22.
സത്യസന്ധതയും നിഷ്കപടതയും നിമിത്തം നിങ്ങൾക്കു ബൈബിളിനെ ആശ്രയിക്കാൻ കഴിയും. ബൈബിൾ എഴുത്തുകാർ കളവായി ഒന്നും പ്രസ്താവിച്ചില്ല. അവർ പറഞ്ഞത് അവർക്കുതന്നെയും അവരുടെ സ്നേഹിതർക്കും ഭരണാധികാരികൾക്കും മോശമായ ഫലംചെയ്തിരുന്നുവെങ്കിലും അവർ വസ്തുതകൾ സത്യസന്ധമായി റിപ്പോർട്ടു ചെയ്തു. ഉദാഹരണത്തിന്, യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ ഇടയ്ക്കിടെ വിശ്വാസമില്ലായ്മ പ്രകടമാക്കിയെന്നും ഔന്നത്യത്തിനുവേണ്ടി തമ്മിൽ തല്ലിയെന്നും യേശു അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അവനെ ഉപേക്ഷിക്കുകപോലും ചെയ്തെന്നും അപ്പോസ്തലനായ മത്തായി തന്റെ സുവിശേഷത്തിൽ തുറന്നു സമ്മതിച്ചു.—മത്തായി 17:18-20; 20:20-28; 26:56.
ആളുകൾ ബൈബിളിന്റെ ഉപദേശം ബാധകമാക്കാൻ തക്കവണ്ണം അതിനെ ആശ്രയിക്കുമ്പോഴെല്ലാം അത് എല്ലായ്പോഴും പ്രായോഗികവും പ്രയോജനകരവുമായി തെളിഞ്ഞിട്ടുണ്ട് എന്നതാണ് ബൈബിളിനെ ആശ്രയിക്കുന്നതിനുള്ള മറ്റൊരു പ്രമുഖ കാരണം. (സദൃശവാക്യങ്ങൾ 2:1-9) ബൈബിളിന്റെ ഉപദേശം, ജീവിതപ്രശ്നങ്ങളെ തരണം ചെയ്യുന്നതു സംബന്ധിച്ച “വിദഗ്ധൻമാരു”ടെ പലപ്പോഴുമുള്ള ചപലമായ ഉപദേശത്തിനു കടകവിരുദ്ധമാണ്. അനേകം ദേശീയ പത്രങ്ങളിൽ അത്തരം ഉപദേശം വാഗ്ദാനം ചെയ്യുന്ന പംക്തിയെഴുത്തുകാരെക്കുറിച്ചു ലണ്ടനിലെ ദ സൺഡേ ടൈംസ് ഇപ്രകാരം ചോദിക്കുന്നു: “വാസ്തവം പറഞ്ഞാൽ തോന്നുന്ന ഉപദേശം കൊടുക്കുന്ന അനുഗൃഹീതരായ ഈ പംക്തിയെഴുത്തുകാരുടെ പക്കൽ ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ആന്തരങ്ങൾ വെളിപ്പെടുത്തുന്നുണ്ടോ?” ബൈബിൾ എഴുത്തുകാർ വെറുതെ മനസ്സിൽ തോന്നുന്നതു പറയുകയായിരുന്നില്ല. ചരിത്രത്തിലുടനീളം വിശ്വാസ്യമെന്നു തെളിയിക്കപ്പെട്ട, ആശ്രയയോഗ്യമായ, ദൈവനിശ്വസ്ത ഉപദേശമാണ് അവർ രേഖപ്പെടുത്തിയത്.—2 തിമൊഥെയൊസ് 3:16, 17.
“എന്റെ ജീവിതത്തെ നശിപ്പിക്കാൻ കഴിയുമായിരുന്ന ഒരു മാർഗത്തിൽനിന്ന് ബൈബിളിന്റെ ഉപദേശം എന്നെ സംരക്ഷിച്ചു. വിവാഹമോചനം നേടിയിരുന്ന എന്റെ മാതാപിതാക്കൾ വിവാഹ ക്രമീകരണത്തിൽ ഒട്ടുംതന്നെ വിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. വിവാഹം കഴിക്കാതെ ആരുടെയെങ്കിലും കൂടെ വെറുതെ ജീവിക്കാൻ വാസ്തവത്തിൽ അവരെന്നെ പ്രോത്സാഹിപ്പിച്ചു. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചതുമൂലം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള സ്ഥിരതയെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ സ്വന്തം മാതാപിതാക്കളുടെ ഉപദേശത്തെക്കാളുമേറെ ബൈബിളിനെ ഞാൻ ആശ്രയിച്ചതിൽ എനിക്കു സന്തോഷം തോന്നുന്നു,” ഇപ്പോൾ 30-കളിലായിരിക്കുകയും സന്തുഷ്ട വിവാഹജീവിതം നയിക്കുകയും ചെയ്യുന്ന എലെൻ പറയുന്നു.—എഫെസ്യർ 5:22-31-ഉം എബ്രായർ 13:4-ഉം കാണുക.
“കാര്യാദികളെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നതെന്നു മനസ്സിലാക്കി തുടങ്ങിയപ്പോൾ എനിക്കു 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ, 1960-കളിലേക്കും അന്നത്തെ മൂല്യങ്ങളും ധാർമികതകളും പിന്തുടർന്നതു വഴി എന്റെ സമപ്രായക്കാർ സ്വയം വരുത്തിവെച്ച കുഴപ്പത്തെക്കുറിച്ചും അയവിറക്കുമ്പോൾ, ചെറുപ്പക്കാരിയും അനുഭവപരിചയമില്ലാത്തവളുമായ ഒരു സ്ത്രീയായിരിക്കെ ബൈബിളിന്റെ ഉപദേശം എനിക്കു നൽകിയ സംരക്ഷണത്തിനു ഞാൻ വളരെയധികം നന്ദിയുള്ളവളാണ്,” എന്ന് ഫ്ളോറെൻസ് പറയുന്നു.—1 കൊരിന്ത്യർ 6:9-11 കാണുക.
“എന്റെ കാര്യത്തിലാണെങ്കിൽ ഞാൻ ചൂതാട്ടത്തിലും പുകവലിയിലും മദ്യപാനത്തിലും ഉൾപ്പെട്ടു,” എന്ന് ജെയിംസ് പറയുന്നു. അവൻ ഇങ്ങനെ തുടരുന്നു: “അനേകം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതു വരുത്തിയിരിക്കുന്ന ക്ഷതത്തെക്കുറിച്ച് എനിക്കറിയാം. എന്റെ പ്രശ്നങ്ങൾക്കുള്ള ബൈബിളിന്റെ പ്രസക്തി ആദ്യമൊന്നും എനിക്കു കാണാൻ കഴിഞ്ഞില്ല. എന്നാൽ അത് എന്റെ ചിന്തയെ നൻമയ്ക്കായി സ്വാധീനിക്കുകയും വളരെയേറെ ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിർത്താൻ എന്നെ സഹായിക്കുകയും ചെയ്തതെങ്ങനെയെന്ന് എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.”—2 കൊരിന്ത്യർ 7:1 കാണുക.
പ്രശ്നപൂരിതമായ ഒരു ചുറ്റുപാടിൽനിന്ന് ഉരുത്തിരിഞ്ഞ ജീവിത സമ്മർദങ്ങളും വൈകാരിക വൈഷമ്യങ്ങളും നിമിത്തം മേരി ആൻ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. “ഒരേയൊരു പോംവഴി ആത്മഹത്യയാണെന്ന് അപ്പോൾ തോന്നി. എന്നാൽ ബൈബിൾ എന്റെ ചിന്തയ്ക്കു മാറ്റം വരുത്തി. ബൈബിളിൽനിന്നു വായിച്ച സംഗതികൾ നിമിത്തം മാത്രമാണ് ഞാൻ ആത്മഹത്യ ചെയ്യാതിരുന്നത്,” അവൾ പറയുന്നു.—ഫിലിപ്പിയർ 4:4-8 കാണുക.
ഈ ആളുകളെയെല്ലാം സഹായിച്ചത് എന്തായിരുന്നു? അവർ ദൈവത്തിലും അവന്റെ വചനമായ ബൈബിളിലും ഒരു പൂർണ ആശ്രയം വളർത്തിയെടുത്തു. പ്രയാസമേറിയ സമയങ്ങളിൽ അവരുടെ കാതുകളിലേക്ക് ഉപദേശം ഓതിക്കൊടുത്ത ആശ്രയയോഗ്യനായ ഒരു പ്രിയ സുഹൃത്തിനെപ്പോലെ ആയിത്തീർന്നു ദൈവം. (യെശയ്യാവു 30:21 താരതമ്യം ചെയ്യുക.) ജീവിതത്തിലെ സമ്മർദങ്ങളെയും പ്രശ്നങ്ങളെയും തരണം ചെയ്യാൻ തങ്ങളെ സഹായിച്ച ബൈബിൾ തത്ത്വങ്ങൾ അവർ പഠിച്ചു. എല്ലാത്തരത്തിലുമുള്ള ചതി, നുണകൾ, ചൂഷണം എന്നിവയിൽനിന്നും ദുഃഖം, രോഗം, മരണം എന്നിവയിൽനിന്നും സ്വതന്ത്രമായ മനോഹരമായ ഒരു “പുതിയ ഭൂമി”യെക്കുറിച്ചുള്ള വാഗ്ദാനം പോലെ, ഭോഷ്കു പറയാൻ കഴിയാത്ത ദൈവത്തിൽനിന്നുള്ള അത്ഭുത വാഗ്ദാനങ്ങളിൽ ആശ്രയിക്കാനും അവർ പഠിച്ചു!—2 പത്രൊസ് 3:13; സങ്കീർത്തനം 37:11, 29; വെളിപ്പാടു 21:4, 5.
നിങ്ങൾക്കും അതേ ആശ്രയം വളർത്തിയെടുക്കാൻ കഴിയും. ഇന്നത്തെ ലോകം നിങ്ങളുടെ ആശ്രയത്തെ വഞ്ചിച്ചേക്കാം, എന്നാൽ ദൈവത്തിലും അവന്റെ വചനത്തിലുമുള്ള നിങ്ങളുടെ ആശ്രയത്തിന് ഒരിക്കലും ഭംഗം വരികയില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവത്തെയും അവന്റെ വചനമായ ബൈബിളിനെയും കുറിച്ചു മെച്ചമായി അറിയാൻ നിങ്ങളെ സഹായിക്കുന്നതിന് ആരെയെങ്കിലും ക്രമീകരിക്കാൻ ഈ മാസികയുടെ പ്രസാധകർ സന്തോഷമുള്ളവരായിരിക്കും.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[8-ാം പേജിലെ ചിത്രം]
ബാബിലോനെ എങ്ങനെ തകിടംമറിക്കുമെന്ന് ഏതാണ്ട് 200 വർഷം മുമ്പു തന്നെ ദൈവത്തിന്റെ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു
[9-ാം പേജിലെ ചിത്രം]
സർ ഐസക് ന്യൂട്ടൺ ബൈബിളിനെ ആശ്രയയോഗ്യമായി കണ്ടെത്തി