“ദിവസേന ഒരു ആപ്പിൾ ഡോക്ടറെ അകറ്റിനിർത്തുന്നു”
ആ മനോജ്ഞമായ ചുവന്ന ആപ്പിളുകളെ നോക്കൂ. അവ വശ്യമായിതോന്നുന്നില്ലേ? തീർച്ചയായും—സംശയലേശമെന്യേ അതിനു തക്കകാരണവുമുണ്ട്. ആപ്പിൾ നിങ്ങളുടെ ക്ഷേമത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി സംഭാവനചെയ്യാൻ രൂപകല്പന ചെയ്യപ്പെട്ടതാണ്. ഭക്ഷണത്തിനു കൊള്ളാവുന്ന അനേകതരം ഫലങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായവയിൽ ഒന്നാണ് ആപ്പിൾ. അങ്ങനെ, അതു നിങ്ങൾക്കു പ്രയോജനപ്രദമാണെന്നു ചിന്തിക്കുവാൻ അവ നിങ്ങളെ പ്രേരിപ്പിക്കുന്നു.
പെയർ, ക്വിൻസ്, വൈറ്റ്തോൺ, സെർവീസ് എന്നീ മരങ്ങളെപ്പോലെ ആപ്പിൾ മരവും റോസ് (Rosaceae) കുടുംബത്തിൽപെട്ടതാണ്. ഈ മരങ്ങളുടെയെല്ലാം പഴച്ചാറിൽ പഞ്ചസാര സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പുളിരസം മുതൽ മധുരം വരെയുള്ള സ്വാദുകളോടുകൂടിയ അവയുടെ വളരെ സൗരഭ്യമുള്ള ഫലങ്ങൾ പച്ച, മഞ്ഞ, ചുമപ്പ് എന്നിവയുടെ വ്യത്യസ്ത നിറക്കൂട്ടുകളിൽ കാണപ്പെടുന്നു.
ലോകവ്യാപകമായി പ്രതിവർഷം ഏകദേശം 200 കോടി ബുഷെൽ, അതായത് 170 മുതൽ 180 വരെ ലക്ഷം ടൺ ആപ്പിൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഐക്യനാടുകളിൽ, പകുതിയോളം പഴമായിതന്നെ ഭക്ഷിക്കപ്പെടുന്നു. ശേഷിക്കുന്നവ ആപ്പിൾ ബട്ടർ, ആപ്പിൾ ജ്യൂസ്, ആപ്പിൾ സോസ്, ആപ്പിൾ ജെല്ലി, ആപ്പിൾ ബ്രാണ്ടി, ആപ്പിൾ മദ്യം, ആപ്പിൾ പൈകളും മറ്റു ഭക്ഷണസാധനങ്ങളും, ആപ്പിൾ വിന്നാഗിരി, ആപ്പിൾ വീഞ്ഞ് എന്നിങ്ങനെയുള്ള വിഭവങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. യൂറോപ്പിൽ വിളയുടെ ഭൂരിഭാഗവും മദ്യവും വീഞ്ഞും ബ്രാണ്ടിയും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ നാലിൽ ഒന്ന് മദ്യനിർമാണത്തിനാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഫലം നമുക്കു രുചികരമായി തീരുന്നതിനു വളരെ മുമ്പുതന്നെ പൂത്തുലഞ്ഞുനിൽക്കുന്ന ആപ്പിൾ മരം നമ്മുടെ കണ്ണുകൾക്ക് ആനന്ദം പകരുന്നു. പൂക്കളെല്ലാം ആപ്പിളായി വികാസം പ്രാപിച്ചാൽ മരത്തിനു ഭാരം താങ്ങുവാൻ കഴിയാത്തവിധം എണ്ണമറ്റ ആകർഷകമായ കൂർത്തു വെളുത്ത പുഷ്പങ്ങളാൽ അത് പൊതിയപ്പെട്ടിരിക്കുന്നു. എന്നാൽ നേരത്തെയുള്ള ഉഷ്ണക്കാറ്റ് സാധാരണമായി കുറെ പുഷ്പങ്ങൾ കൊഴിഞ്ഞുപോകുവാൻ കാരണമാക്കുന്നു.
ആപ്പിൾ കൃഷി
ആപ്പിൾ മരം ഏറ്റവുംനന്നായി വളരുന്നതു സമശീതോഷ്ണ മേഖലകളിലാണ്. പൗരാണികകാലം മുതൽ തന്നെ ആപ്പിൾ കൃഷിചെയ്യപ്പെട്ടുപോരുന്നു. ആപ്പിൾ മരവും ആപ്പിളും ആറു തവണ ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.a റോമാക്കാർ അവയെ ആസ്വദിക്കുകയും തങ്ങളുടെ അസംഖ്യം സൈനിക കീഴടക്കലുകളോടൊപ്പം അവർ വ്യത്യസ്ത ഇനം ആപ്പിളുകളുടെ കൃഷി ഇംഗ്ലണ്ടിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും ഉടനീളം വ്യാപിപ്പിക്കുകയും ചെയ്തു. ആദിമ അമേരിക്കൻ കുടിയേറ്റക്കാർ ആപ്പിൾ വിത്തുകളും ആപ്പിൾ മരങ്ങളും തങ്ങളോടൊപ്പം ഇംഗ്ലണ്ടിൽനിന്നും കൊണ്ടുപോയി.
കർഷകരുടെ തലമുറകൾ ഏറെ പരീക്ഷണങ്ങൾനടത്തി, പ്രജനനത്തിലൂടെ ആപ്പിളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും ഇത് ഒരു ധൃതഗതിയിലുള്ള പ്രക്രിയയല്ല. വിപണനയോഗ്യമായ ഒരു പുതിയ തരം ആപ്പിൾ ഉത്പാദിപ്പിക്കുന്നതിന് 20 വർഷം വരെ എടുത്തേക്കാം. കർഷകരുടെ അശ്രാന്തപരിശ്രമം നിമിത്തം നമുക്കിന്നു തിരഞ്ഞെടുക്കുവാൻ നീരുള്ളതും വർണശബളവുമായ അനേകതരം ആപ്പിളുകൾ ഉണ്ട്.
വിളവെടുക്കൽ
ഉത്തരാർധഗോളത്തിൽ ആപ്പിളിന്റെ കാലം തുടങ്ങുന്നതു ജൂലൈയിലോ ആഗസ്ററിലോ ആണ്. എന്നാൽ ജെയിംസ് ഗ്രീവോ ട്രാൻസ്പരൻറോപോലെ ആദ്യം പഴുക്കുന്ന ഇനങ്ങൾ കൂടുതൽ കാലത്തേക്കു സൂക്ഷിച്ചുവെക്കുവാൻ സാധിക്കുകയില്ല. അവയെ പെട്ടെന്നുതന്നെ, അതേപടിയോ അല്ലെങ്കിൽ വേവിച്ചോ ഭക്ഷിക്കണം. എന്നിരുന്നാലും അവ പിൻവരുന്നവക്കുവേണ്ടിയുള്ള നമ്മുടെ വിശപ്പിനെ തീവ്രമാക്കുന്നു: സമ്മേർഡ്, ഗ്രേവൻസ്റ്റീൻ, കോക്സ് ഓറഞ്ച്, ബോസ്കോപ്പ്, ജേനഥൻ, റെഡ് ഡെലീഷ്യസ്, മക്കന്റോഷ്, ഗ്രാനിസ്മിത്ത്, എന്നിവ ആയിരക്കണക്കിന് ഇനങ്ങളിൽ ചിലവ മാത്രമാണ്.
ആപ്പിളിന്റെ വിളവെടുപ്പു വരണ്ട കാലാവസ്ഥയിൽ ആയിരിക്കണം. പുതിയ മുളകൾക്കും അവയിലെ ഇലകൾക്കും ക്ഷതമേൽക്കാതെ വളരെ ശ്രദ്ധാപൂർവം അവ പറിച്ചെടുക്കണം. ആപ്പിൾ നന്നായി പഴുക്കുമ്പോൾ അതിനെ അല്പമൊന്നു തിരിച്ചാൽ കൊമ്പിൽനിന്ന് എളുപ്പം പറിഞ്ഞുപോരും. ഞെട്ട് ആപ്പിളിൽനിന്നു പറിഞ്ഞുപോകാതെ ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്. കാരണം, അത് ആപ്പിളിനെ ക്ഷതപ്പെടുത്തുകയും ആയുസ്സ് കുറക്കുകയും ചെയ്യും.
താമസിച്ചു പഴുക്കുന്ന ഇനങ്ങളെ കാലാവസ്ഥ അനുവദിക്കുന്നുവെങ്കിൽ സാധ്യമാകുന്നിടത്തോളം കാലം പറിച്ചെടുക്കരുത്. നേരത്തെയുള്ള ഒരു ശൈത്യം നിമിത്തം ആപ്പിൾ മരത്തിൽകിടന്നു തണുത്തുറയുന്നുവെങ്കിൽ തണുപ്പുമാറുന്നതുവരെ പറിച്ചെടുക്കൽ മാറ്റിവയ്ക്കണം. വെള്ളം ഐസാകുന്ന താപനിലയെക്കാൾ ഏതാനും ഡിഗ്രി വരെ താഴ്ന്ന ഊഷ്മാവു താങ്ങുവാൻ ആപ്പിളിനു കഴിയും. എന്നാൽ എത്രമാത്രം പഴുത്തിരിക്കുന്നു എന്നതിനെയും അതിലെ പഞ്ചസാരയുടെ അളവിനെയും ആശ്രയിച്ചാണിതിരിക്കുന്നത്. എന്നാൽ ഒരിക്കൽ തണുത്തുറയുകയും പിന്നീട് സാധാരണനിലയിൽ എത്തുകയും ചെയ്തവയെ സൂക്ഷിച്ചുവയ്ക്കുവാൻ സാധിക്കില്ല. അവയെ പെട്ടെന്നുതന്നെ ജ്യൂസോ, വേവിച്ച പഴമോ, വിന്നാഗിരിയോ ആക്കിമാറ്റേണ്ടതുണ്ട്, അവയെ ഉണക്കുവാൻ സാധിക്കില്ല.
സംഭരണം
ആപ്പിളിന്റെ ഒരു രസകരമായ സവിശേഷത അതു ശ്വസിക്കുന്നുവെന്നതാണ്. അവ വായുവിൽനിന്ന് ഓക്സിജനെ ആഗിരണം ചെയ്യുകയും കാർബൺ ഡൈ ഓക്സൈഡിനെയും ജലത്തെയും പുറത്തുവിടുകയും ചെയ്യുന്നു. അതുകൊണ്ട് ചുറ്റുപാട് എത്ര ചൂടുള്ളതായിരിക്കുന്നുവോ അത്രയും വേഗത്തിൽ അവ വെള്ളംവറ്റി ചുരുങ്ങുന്നു. അവ ശ്വസനത്തിലൂടെ അവയുടെ ചുറ്റുപാടിൽനിന്നും മണവും ആഗിരണം ചെയ്യുന്നു. അതുകൊണ്ട് അഞ്ച് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ അവയെ തനിച്ചു സംഭരിച്ചുവെക്കുന്നതാണ് ഏറ്റവും മെച്ചം.
ആപ്പിൾ ഉരുളക്കിഴങ്ങിനോടൊപ്പം ഒരു നിലവറയിൽ സൂക്ഷിച്ചുവെക്കുന്നത് ആപ്പിളിന്റെ ചില ശുദ്ധമായ വാസനകൾ നഷ്ടപ്പെടുവാൻ ഇടയാക്കും. അതിലുപരിയായി, വ്യത്യസ്ത ഇനങ്ങളെ വേർതിരിച്ചു സൂക്ഷിക്കണം. ഓരോ ആപ്പിളും കടലാസിൽ പൊതിയുന്നതാണ് ഏറ്റവും നല്ലത്. ഇതു ജലബാഷ്പീകരണവും ചുറ്റുമുള്ള വഷളാക്കുന്ന വസ്തുക്കളാൽ മലിനീകരിക്കപ്പെടുന്നതിന്റെ അപകടവും കുറയ്ക്കും.
ആരോഗ്യ മൂല്യം
“ദിവസേന ഒരു ആപ്പിൾ ഡോക്ടറെ അകറ്റിനിർത്തുന്നു” എന്ന് പറയപ്പെട്ടിരിക്കുന്നു. എല്ലായ്പോഴും അങ്ങനെയല്ലെങ്കിലും, ആപ്പിളിന് അങ്ങനെയൊരു നല്ലപേരുണ്ട്. എന്തുകൊണ്ട്? അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഘടകങ്ങൾ നിമിത്തം ഒരുവന്റെ ആരോഗ്യത്തിനു ഗുണംചെയ്യുവാൻ അതിനുകഴിയും.
ഓരോ ആപ്പിളും പ്രധാനപ്പെട്ട പോഷകവസ്തുക്കളുടെ ഒരു ചെറിയ കലവറയാണ്. പഴുത്ത ആപ്പിളിൽ വിറ്റാമിൻ B1, B2, B6 C, E എന്നിവ അടങ്ങിയിരിക്കുന്നു. ഡെക്സ്ട്രോസ്, ഫ്രക്ക്ടോസ്, സുക്ക്രോസ് എന്നിങ്ങനെയുള്ള വ്യത്യസ്ത ഇനം പഞ്ചസാരയും അതു പ്രദാനം ചെയ്യുന്നു. ഇതിലെ അമ്ലങ്ങളുടെ സംയോഗമാണു വാസനയുടെ നിദാനം. പെക്റ്റിനോടും നാരിനോടും ഒപ്പം കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, തുടങ്ങിയ അനേകം ധാതുഘടകങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. ആപ്പിളിന്റെ ഏകദേശം 85 ശതമാനം വെള്ളമാണ്.
ആപ്പിളിൽ കാണപ്പെടുന്ന മറ്റൊരു ഘടകം എത്തിലിൻ ആണ്. ഇതു പ്രത്യേകിച്ചും, ഫലം പഴുക്കുന്നതിനു സഹായിക്കുന്ന ഒരു പ്രകൃതിദത്ത വളർച്ചാനിയന്ത്രകമായി പ്രവർത്തിക്കുന്നു. നിങ്ങൾക്കു പച്ച തക്കാളിക്കായോ അവോക്കേഡോയോ ഉണ്ടെങ്കിൽ ഈ ബാഷ്പികമായ ഘടകത്തെ നന്നായി ഉപയോഗിക്കുവാൻ കഴിയും. അവയെ ഏതാനും പഴുത്ത ആപ്പിളുകളോടൊപ്പം കടലാസു കൂടിൽ ഇട്ടുവെക്കുക, അവ കൂടുതൽ വേഗത്തിൽ പഴുക്കും.
ആപ്പിളിന് ആരോഗ്യ മൂല്യം ഉള്ളതിനാൽ അവയെ എപ്പോൾ എങ്ങനെ ഭക്ഷിക്കണം എന്നറിയുന്നതു പ്രധാനമാണ്. ഒന്നാമതായി അതു പഴുത്തിരിക്കണം. തണുത്ത ആപ്പിൾ തിന്നാതിരിക്കുന്നതാണു നല്ലത്; അവ കുറെനേരം മുറിയിലെ ഊഷ്മാവിൽ ഇരിക്കട്ടെ. അവയെ നന്നായി ചവച്ചരക്കുന്നതും പ്രധാനമാണ്.
രസാവഹമായി, ദഹനവ്യൂഹത്തെ ശുദ്ധീകരിക്കുന്നതിനു പ്രയോജനകരമാണെന്നു പറയപ്പെടുന്ന സ്വഭാവധർമങ്ങൾ ആപ്പിളിനുണ്ട്. അതേ സ്വഭാവധർമങ്ങൾ മലബന്ധവും അതിസാരവും സൗഖ്യമാക്കാൻ സഹായിക്കുന്നു.
ജാഗ്രതയുടെ ഒരു വാക്ക്
ആപ്പിളും മറ്റു പഴങ്ങളും പൂപ്പിനു വിധേയമാണ്. ആയതിനാൽ, ഒരളവുവരെയുള്ള ജാഗ്രത ഉചിതമാണ്. തത്ഫലമായുണ്ടാകുന്ന വിഷത്തിനു ശരീരാസ്വാസ്ഥ്യത്തിനും ഛർദിക്കും ഇടയാക്കാൻ കഴിയും. അതുകൊണ്ട് പൂപ്പു സംബന്ധിച്ചു ജാഗ്രത പാലിക്കുക. പൂപ്പു ബാധിച്ച ഭാഗം മാത്രമല്ല ചീത്തയായതിനു ചുറ്റുമുള്ള ഭാഗം കൂടി മുറിച്ചു കളയുക, എന്തുകൊണ്ടെന്നാൽ വിഷം വ്യാപിക്കാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, ആപ്പിൾ നിങ്ങളുടെ നല്ല ആരോഗ്യത്തിനു സംഭാവന ചെയ്യുന്നു. അതുകൊണ്ടു നിങ്ങൾ “ഡോക്ടറെ അകറ്റിനിർത്തു”വാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസേന ഒരു ആപ്പിൾ വീതം കഴിച്ചുനോക്കുക.
[അടിക്കുറിപ്പ്]
a ആപ്പിൾ മരം: ഉത്തമഗീതം 2:3; 8:5; യോവേൽ 1:12; NW. ആപ്പിൾ: സദൃശവാക്യങ്ങൾ 25:11; ഉത്തമഗീതം 2:5; 7:8; NW.
[24-ാം പേജിലെ ചിത്രം]
പൂത്തുലഞ്ഞു നിൽക്കുന്ന ആപ്പിൾ മരം നയനമനോഹരമാണ്