അനിയന്ത്രിത പെരുമാറ്റം—അതു നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?
“ഞാൻ എന്നും രാവിലെ 6 മണിക്ക് ഉണ രുന്നു. എന്റെ അലാറം 6 മണിക്കായി താനേ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. അത് ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് അറിയാം. ഞാൻ അത് ഒരിക്കലും മാറ്റാറില്ല. എങ്കിലും എനിക്കതു പരി ശോധിച്ചുകൊണ്ടേയിരിക്കണം. ഓരോ രാത്രിയും കിടക്കാൻ പോകുന്നതിനു മുമ്പ് ഞാൻ കുറഞ്ഞത് അഞ്ചു തവണയെങ്കിലും അതിൽ നോക്കും. ഇനിയും, സ്റ്റൗവിന്റെ നോബുകൾ ഓരോന്നും ഓഫാണെന്ന് എനിക്ക് ഉറപ്പുവരുത്തണം. അവ ഓഫായിരിക്കുന്നത് എനിക്കു കാണാം. എന്നിട്ടും എനിക്കു തിരിച്ചുചെന്ന് ഒന്നോ രണ്ടോ മൂന്നോ തവണ നോക്കണം—കേവലം ഉറപ്പു വരുത്തുന്നതിനുവേണ്ടി. അടുത്തതായി, റെഫ്രിജറേറ്ററിന്റെ കതക് അടച്ചിട്ടുണ്ടെന്നു തീർച്ചവരുത്തുന്നതിനുവേണ്ടി എനിക്ക് അത് വീണ്ടും വീണ്ടും പരിശോധിക്കണം. പിന്നെ, വല പിടിപ്പിച്ച വാതിലിന്റെ പൂട്ടും വീട്ടിലെ പ്രധാന വാതിലിന്റെ രണ്ടു പൂട്ടുകളും നോക്കേണ്ടതുണ്ട് . . .,” കീത്ത് പറയുന്നു.a
കീത്ത്, അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറിനാൽ (obsessive-compulsive disorder, OCD) ബാധിതനാണ്. അനിയന്ത്രിത ചിന്തകളും (ഒബ്സെഷനുകൾ) പ്രവർത്തനങ്ങളും (കംബൾഷനുകൾ) സവിശേഷതകളായുള്ള ദുർബലമാക്കുന്ന ഒരു അവസ്ഥയെന്ന് അത് നിർവചിക്കപ്പെട്ടിരിക്കുന്നു.b ഈ അനിയന്ത്രിത ചിന്തകളും പ്രവർത്തനങ്ങളും തീർത്തും അനൈഛികമാണെന്ന് ഒസിഡി-യുള്ള ഒരാൾക്കു തോന്നുന്നു. അവ ബലംപ്രയോഗിച്ചു കടന്നുവന്ന് നിയന്ത്രണം ഏറ്റെടുക്കുന്നതുപോലെയാണ് അത്.
എല്ലാ മനുഷ്യർക്കും അനാവശ്യ ചിന്തകളും പ്രേരണകളും വല്ലപ്പോഴുമൊക്കെ അനുഭവപ്പെടാറുണ്ട്. എന്നാൽ ഒസിഡി ഉള്ളവരിൽ അവ ചിലപ്പോൾ വിഷാദത്തിന് ഇടവരുത്തിക്കൊണ്ട് സാധാരണ ജീവിതത്തെ തകരാറിലാക്കുകയും ഭയങ്കരമായ അസ്വാസ്ഥ്യത്തിനിടയാക്കുകയും ചെയ്യുന്നവിധത്തിൽ അത്ര തുടർച്ചയായും ആവർത്തിച്ചും ഉണ്ടാകുന്നു. “നിരന്തരമായ മാനസിക സംഘർഷം ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് ഇതുമൂലം ദുരിതമനുഭവിക്കുന്ന ഒരാൾ പറഞ്ഞു. ഈ കുഴപ്പിക്കുന്ന രോഗത്തിന്റെ ചില ലക്ഷണങ്ങൾ പരിചിന്തിക്കുക.
കണ്ടാലും വിശ്വസിക്കുന്നില്ല
ബ്രൂസ് ഒരു ബംപിന്റെ മുകളിലൂടെ കാർ ഓടിക്കുമ്പോൾ അസ്വസ്ഥമാക്കുന്ന ഒരു വലിയ ഭീതി അയാളെ മഥിക്കുന്നു. ‘ഞാൻ ഒരു കാൽനടക്കാരന്റെ ദേഹത്ത് വണ്ടി കയറ്റിയിട്ടുണ്ടെങ്കിലോ?’ അയാൾ സ്വയം ചോദിക്കുന്നു. “കുറ്റകൃത്യം” നടന്നിടത്തു തിരിച്ചെത്തി ഒരു തവണയൊന്നുമല്ല, ആവർത്തിച്ചാവർത്തിച്ചു പരിശോധിക്കുന്നതുവരെ ആ തോന്നൽ ശക്തമായിക്കൊണ്ടിരിക്കുന്നു! തീർച്ചയായും ബ്രൂസ് ഒരു പരിക്കേറ്റ കാൽനടക്കാരനെ കണ്ടെത്തുന്നില്ല. എങ്കിലും അയാൾക്ക് ഉറപ്പാകുന്നില്ല! അതുകൊണ്ട് വീട്ടിൽ ചെന്നെത്തുമ്പോൾ അയാൾ വണ്ടിയിടിച്ചുണ്ടായ അപകടത്തിന്റെ റിപ്പോർട്ടുകൾക്കുവേണ്ടി വാർത്തകൾ നിരീക്ഷിക്കുന്നു. “കുറ്റസമ്മത”ത്തിനുവേണ്ടി അയാൾ പൊലീസിനെപ്പോലും വിളിക്കുന്നു.
ബ്രൂസിനെപ്പോലെ ഒസിഡി-യുള്ള അനേകരും സംശയങ്ങളാൽ വലയ്ക്കപ്പെടുന്നു: ‘ഞാൻ ആരെയെങ്കിലും വ്രണപ്പെടുത്തിയോ? ഞാൻ വീട്ടിൽനിന്നിറങ്ങിയപ്പോൾ സ്റ്റൗവ് ഓഫ് ചെയ്തിരുന്നോ? ഞാൻ കതകു പൂട്ടിയിരുന്നോ?’ എന്നിങ്ങനെ പോകുന്നു അവ. മിക്കയാളുകൾക്കും ഇടയ്ക്കിടയ്ക്ക് സമാനമായ ചിന്തകൾ ഉണ്ടായേക്കാം. എന്നാൽ, ഒസിഡി-യുള്ള ആൾ വീണ്ടും വീണ്ടും പരിശോധിക്കും, എന്നാലും തൃപ്തി വരില്ല. “എന്റെ പരിശോധിച്ചുകൊണ്ടേയിരിക്കുന്ന രോഗികൾ ‘അവബോധം ഇന്ദ്രിയബോധങ്ങളിൽനിന്നു മാത്രം വരുന്നു’വെന്നു പറയുന്നതായി കാണുന്നു. അതുകൊണ്ട് അവർക്കു വാതിലിന്റെ നോബ് വീണ്ടും വീണ്ടും തിരിക്കണം; ലൈറ്റിന്റെ സ്വിച്ച് ഓണും ഓഫും, ഓണും ഓഫും ചെയ്തുകൊണ്ടിരിക്കണം. ഈ ക്രിയകൾ പെട്ടെന്നുള്ള വിവരം നൽകുന്നു. എന്നിട്ടും അവർക്ക് ബോധ്യമാകുന്നില്ല,” ഡോ. ജൂഡിത്ത് റാപൊപൊർട്ട് എഴുതുന്നു.
വൃത്തി പോരാ
ചാൾസ് എന്നു പേരുള്ള 14 വയസ്സുള്ള ഒരു ആൺകുട്ടിക്ക് അണുക്കളാൽ മാലിന്യം സംഭവിക്കുന്നതിനെക്കുറിച്ച് അനിയന്ത്രിതമായ ഭയമാണ്. അവന്റെ അമ്മക്ക് അവൻ തൊടാൻ സാധ്യതയുള്ളതെല്ലാം റബ്ബിങ് ആൽക്കഹോൾ ഉപയോഗിച്ച് വൃത്തിയാക്കേണ്ടിയിരുന്നു. മാത്രമല്ല, സന്ദർശകർ തെരുവിൽനിന്ന് അഴുക്കു കൊണ്ടുവരുമെന്നു ചാൾസ് ഭയപ്പെട്ടു.
തുണികൾ കഴുകുമ്പോൾ ഫ്രാനിന് പേടിയുണ്ടായിരുന്നു. “അലക്കു മെഷീനിൽനിന്ന് തുണികൾ പുറത്തെടുക്കുമ്പോൾ അവ അതിന്റെ വശത്തെങ്ങാനും മുട്ടിയെങ്കിൽ അവയെല്ലാം ഒന്നുകൂടി കഴുകണമായിരുന്നു,” അവൾ പറയുന്നു.
ചാൾസിനെയും ഫ്രാനിനെയും പോലെ ഒസിഡി-യുള്ള പലർക്കും അണുക്കളെയും മലിനീകരണത്തെയും കേന്ദ്രമാക്കിയുള്ള അനിയന്ത്രിത ചിന്തകൾ ഉണ്ട്. ഇത് അമിതമായ കുളിക്കോ കൈ കഴുകലിനോ ഇടയാക്കിയേക്കാം, ചിലപ്പോൾ ശരീരം കുമിളയ്ക്കുന്നതുവരെ തന്നെ—എന്നിട്ടും അസുഖമുള്ളയാൾക്കു വൃത്തി തോന്നുന്നില്ല.
മനസ്സിനാൽ പീഡിപ്പിക്കപ്പെടുന്നു
ദൈവത്തോടുള്ള അനൈച്ഛികമായ, അനാദരണിയമായ ചിന്തകളാൽ ഇലേൻ ദുരിതമനുഭവിക്കുന്നു. “എനിക്ക് മനസ്സിൽപോലും കാണാൻ കഴിയാത്ത കാര്യങ്ങളാണ് ഇവ. അങ്ങനെ ചിന്തിക്കുന്നതിലും ഭേദം മരിക്കുകയാണ്,” അവൾ പറയുന്നു. എന്നിട്ടും ചിന്തകൾ നിലനിൽക്കുന്നു. “ഓരോ ദിവസവും ഇതിനോടു മല്ലിട്ടു മല്ലിട്ട് ചിലപ്പോൾ രാത്രിയാകുമ്പോൾ ഞാൻ അക്ഷരാർഥത്തിൽ തളർന്നുപോകുന്നു,” അവൾ തുടരുന്നു.
തന്റെ തെറ്റുകളെപ്പറ്റിയുള്ള കുറ്റബോധത്താൽ പ്രേരിതനായി സ്റ്റീവൻ ദൈവത്തോടു “പ്രതിജ്ഞകൾ” ചെയ്യുന്നു. “ഈ പ്രവണത എന്നെ ദുഃഖിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ അത് എന്റെ ഇച്ഛയ്ക്ക് എതിരായി സംഭവിക്കുന്നതുപോലെ തോന്നുന്നു. പിന്നീട്, ഞാൻ വാഗ്ദാനം ചെയ്തതു നിവർത്തിക്കാനായി എന്റെ മനസ്സാക്ഷി എന്നെ പ്രേരിപ്പിക്കുന്നു. ഇതുമൂലം വളരെയധികം വൈകാരിക മൂല്യമുണ്ടായിരുന്ന ഒരു വസ്തു നശിപ്പിച്ചുകളയാൻ ഞാൻ ഒരിക്കൽ നിർബന്ധിതനായി,” അവൻ പറയുന്നു.
ഇലേനും സ്റ്റീവനും കൂടുതലും മനസ്സുമായി ബന്ധപ്പെട്ട അനിയന്ത്രിത ചിന്തകളാണുള്ളത്. അവരുടെ ലക്ഷണങ്ങൾ വേഗം നിരീക്ഷിക്കപ്പെടുന്നവയല്ലെങ്കിലും ഈ അനിയന്ത്രിത ചിന്തകളുള്ളവർ കുറ്റബോധത്തിന്റെയും ഭയത്തിന്റെയും ഒരു വലയത്തിൽ തളച്ചിടപ്പെടുന്നു.
ഇവയെല്ലാം ഒസിഡിയുടെ അനേകം ലക്ഷണങ്ങളിൽ ചിലതു മാത്രമാണ്.c ഈ തകരാറിന് ഇടയാക്കുന്നതെന്താണ്? അതിൽനിന്ന് എങ്ങനെ ആശ്വാസം നേടാൻ കഴിയും?
അനിയന്ത്രിതമായതിനെ നിയന്ത്രിക്കൽ
“സെറിബ്രത്തിലെ ഒരു ഷോർട്ട് സർക്കിട്ട്” നിമിത്തമായി ഇന്ദ്രിയ വിവരങ്ങൾ പതിയാതെ വന്നിട്ട് “പരിപാടി ആവർത്തിച്ചാവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന”തിന്റെ ഫലമായുണ്ടാകുന്നതെന്ന് ഒരു ഡോക്ടർ ഒസിഡി പെരുമാറ്റത്തെ വർണിക്കുന്നു. ഈ വ്യാവർത്തനത്തിന് ഇടയാക്കുന്നതെന്ത്? ആർക്കും തിട്ടമില്ല. നാഡീസംജ്ഞകളെ പ്രേഷണം ചെയ്യുന്ന സെറോട്ടോണിൻ ഉൾപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു, എന്നാൽ മസ്തിഷ്കത്തിന്റെ മറ്റു വശങ്ങളും അതുപോലെതന്നെ പരിഗണനയിലെടുക്കുന്നുണ്ട്. ജീവിതത്തിലെ ആദ്യകാല അനുഭവങ്ങളും ചിലപ്പോൾ ഇവയോടൊപ്പം ജനിതകപരമായ പ്രവണതയും ഒസിഡി-ക്ക് ഇടയാക്കാവുന്നതാണെന്നു ചിലർ പറയുന്നു.
കാരണമെന്തുതന്നെ ആയിരുന്നാലും ഒരു വസ്തുത വ്യക്തമാണ്: ഒസിഡി-യുള്ളവരോട് കഴുക്കു നിർത്താനോ പരിശോധന നിർത്താനോ പറയുന്നതുകൊണ്ടു പ്രയോജനമുണ്ടാകാൻ വഴിയില്ല. ഇതിൽ ഇച്ഛാശക്തിയിലധികം ഉൾപ്പെട്ടിരിക്കുന്നു.
മരുന്നു കഴിക്കുന്നത് പലർക്കും സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. രോഗിയെ ഭയപ്പെടുന്ന സാഹചര്യത്തിനു വിധേയനാക്കിയിട്ട് സാധാരണ പ്രതികരണത്തിന് അനുവദിക്കാതിരിക്കുന്നത് മറ്റൊരു സമീപനമാണ്. ഉദാഹരണത്തിന്, കഴുകൽ മുറയുള്ള ഒരാളോട് ഏതെങ്കിലും അഴുക്കുവസ്തു കയ്യിൽ പിടിച്ചിട്ട് കഴുകാതിരിക്കാൻ ആവശ്യപ്പെടുന്നു. തീർച്ചയായും, അത്തരം ചികിത്സാരീതി പ്രശ്നത്തെ രായ്ക്കുരാമാനം ഭേദമാക്കുന്നില്ല. എന്നാൽ അങ്ങനെ ചെയ്യുന്നതിൽ തുടരുന്നതുവഴി ആശ്വാസം ലഭിക്കുന്നതായി ചിലർക്കനുഭവപ്പെടുന്നു.
ചില കേസുകളിലെങ്കിലും ഒസിഡി ജീവിതത്തിലെ ആദ്യകാല അനുഭവങ്ങളിൽ വേരൂന്നിയിരിക്കാനുള്ള സാധ്യതയെക്കുറിച്ചും വിദഗ്ധർ പര്യവേക്ഷണം നടത്തിയിട്ടുണ്ട്. ദുഷ്പെരുമാറ്റം അനുഭവിക്കുന്ന പല കുട്ടികളും സ്വതവേ തന്നെ തങ്ങൾ വിലയില്ലാത്തവരോ വൃത്തിയില്ലാത്തവരോ ആണെന്ന ചിന്തയോടുകൂടി വളർന്നു വരുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ ചിലർ ക്രമേണ അനിയന്ത്രിത കഴുകൽ മുറകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അനിയന്ത്രിത ചിന്തകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ആശ്വാസം
നിങ്ങൾ ഒസിഡി മൂലം ദുരിതമനുഭവിക്കുന്നെങ്കിൽ നിങ്ങൾ വ്യത്യസ്തരാണെന്നോ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധിഭ്രമം സംഭവിക്കുകയാണെന്നോ വിചാരിക്കരുത്. “അവരുടെ പ്രത്യേക ഭയങ്ങളൊഴിച്ചാൽ ഒസിഡി-യുള്ളവർ തങ്ങളുടെ ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും യാഥാർഥ്യബോധമുള്ളവരാണെ”ന്ന് ഡോ. ലീ ബയെർ എഴുതുന്നു. നിങ്ങളെ സഹായിക്കാൻ കഴിയും! ഒസിഡി അപൂർണതയുടെ ഫലമാണെന്ന കാര്യം ഓർമിക്കുക. ധാർമിക ദൗർബല്യത്തിന്റെയോ ആത്മീയ പരാജയത്തിന്റെയോ ഒരു സൂചനയല്ല അത്! ദൈവത്തിന്റെ അപ്രീതിയെയും അത് സൂചിപ്പിക്കുന്നില്ല. “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:8, 14.
എന്നാൽ അനിയന്ത്രിത ചിന്തകൾ അനാദരണീയമോ ദൈവദൂഷണമോ ആയി തോന്നുന്നെങ്കിലെന്ത്? ഒസിഡി-യുണ്ടെങ്കിൽ, വിരക്തിതോന്നുന്ന ചിന്തകൾ കുറ്റബോധം ആളിക്കത്താൻ ഇടയാക്കുന്നു. കുറ്റബോധം കൂടുതൽ വിരക്തിതോന്നുന്ന ചിന്തകൾക്ക് ആക്കം കൂട്ടിയേക്കാം. “അതെന്നെ വളരെയേറെ അലോസരപ്പെടുത്തുന്നു. യഹോവ എന്നോട് കോപിഷ്ടനായിരിക്കുമെന്ന് എല്ലായ്പോഴും ചിന്തിക്കുന്നത് എന്നെ പിരിമുറുക്കമുള്ളവളാക്കുന്നു” എന്ന് ഇലേൻ പറയുന്നു. തങ്ങളുടെ ചിന്തകൾ ക്ഷമിക്കപ്പെടാത്ത പാപത്തിനു തുല്യമാണെന്നുപോലും ചിലർക്കു തോന്നിയേക്കാം!
എന്നിരുന്നാലും, ക്ഷമയർഹിക്കാത്ത പാപത്തെക്കുറിച്ച്, അതായത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തെക്കുറിച്ചുള്ള യേശുവിന്റെ അഭിപ്രായങ്ങൾ അവിചാരിതമായ, അനിയന്ത്രിത ചിന്തകളെയല്ല പരാമർശിച്ചത് എന്നതു വ്യക്തമാണ്. (മത്തായി 12:31, 32) യേശു തന്റെ അഭിപ്രായങ്ങൾ പരീശൻമാരോടാണു പറഞ്ഞത്. അവരുടെ ആക്രമണങ്ങൾ തികച്ചും മനഃപൂർവമായിരുന്നുവെന്ന് അവന് അറിയാമായിരുന്നു. അവരുടെ മനഃപൂർവമുള്ള ചെയ്തികൾ വിദ്വേഷം നിറഞ്ഞ ഹൃദയങ്ങളിൽനിന്നുള്ളവയായിരുന്നു.
വാസ്തവത്തിൽ, ദൈവത്തെ വേദനിപ്പിച്ചുവെന്നുള്ള ഒരുവന്റെ ചിന്ത തന്നെ തീർച്ചയായും അയാൾ ക്ഷമിക്കപ്പെടാനാവാത്തവിധം പാപം ചെയ്തിട്ടില്ല എന്നുള്ളതിനു തെളിവാണ്. (യെശയ്യാവു 66:2) കൂടാതെ, സ്രഷ്ടാവ് ഈ തകരാറ് മനസ്സിലാക്കുന്നു എന്ന് അറിയുന്നത് കൂടുതലായ ഉറപ്പുനൽകുന്നു. അവൻ ദയാലുവും “ക്ഷമിക്കുന്നവനും” ആണ്. (സങ്കീർത്തനം 86:5; 2 പത്രൊസ് 3:9) നമ്മുടെ ഹൃദയങ്ങൾ നമ്മെ കുറ്റപ്പെടുത്തുമ്പോൾപ്പോലും “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആകുന്നു. (1 യോഹന്നാൻ 3:20) ഒരുവനു പരിമിതമായ നിയന്ത്രണമുള്ള ഒരു തകരാറിന്റെ ഫലമായി ചിന്തകളും പ്രേരണകളും ഉണ്ടാകുന്ന പരിധി അവനറിയാം. അങ്ങനെ, ഇതു മനസ്സിലാക്കുന്ന ഒസിഡി രോഗിക്ക് അനാവശ്യമായ കുറ്റബോധം കൊണ്ടു സ്വയം പീഡിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയും.
ശാരീരികവും മാനസികവും വൈകാരികവുമായ സകലവിധ ക്ലേശങ്ങളിൽനിന്നും ആശ്വാസം ലഭിക്കുന്ന ഒരു പുതിയ ലോകം യഹോവ വാഗ്ദാനം ചെയ്യുന്നുവെന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! (വെളിപ്പാടു 21:1-4) അതിനിടയിൽ, ഈ തകരാറ് സഹിക്കേണ്ടിയിരിക്കുന്നവർക്ക് തങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുവേണ്ടി പ്രായോഗിക നടപടികൾ സ്വീകരിക്കാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതിയെ പിന്തുണയ്ക്കുന്നില്ല. ഈ തകരാറുള്ള ക്രിസ്ത്യാനികൾ തങ്ങൾ പിന്തുടരുന്ന ഏതൊരു ചികിത്സാരീതിയും ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമാകാതിരിക്കാൻ തക്കവണ്ണം ശ്രദ്ധാലുക്കളായിരിക്കാൻ ആഗ്രഹിക്കും.
c മറ്റനവധി ലക്ഷണങ്ങളിൽ ചിലത് എണ്ണുന്നതോ ആവശ്യത്തിലധികം വസ്തുക്കൾ കുന്നുകൂട്ടുന്നതോ പ്രതിസമാനതയുമായി ബന്ധപ്പെട്ട അനിയന്ത്രിത ചിന്തയോ ആണ്.
[22-ാം പേജിലെ ചതുരം]
പിന്തുണ നൽകുന്നതിന്
ഒരു സുഹൃത്തോ കുടുംബാംഗമോയെന്ന നിലയിൽ, അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറുമായി (ഒസിഡി) മല്ലടിക്കുന്ന ഒരാളെ പിന്തുണയ്ക്കുന്നതിന് നിങ്ങൾക്കു വളരെയധികം ചെയ്യാൻ കഴിയും.
• ആദ്യമായി, നിങ്ങളുടെതന്നെ മനോഭാവം പരിശോധിക്കുക. അസുഖമുള്ളയാൾ ക്ഷീണിതനോ മടിയനോ മർക്കടമുഷ്ടിക്കാരനോ ആണെന്നു നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ അവൻ അല്ലെങ്കിൽ അവൾ മാറ്റം വരുത്താതെ അതു തുടരുകയും മെച്ചപ്പെടുന്നതിനു പ്രേരിതമാകാതെയിരിക്കുകയും ചെയ്യും.
• അസുഖമുള്ളയാളുമായി സംസാരിക്കുക. അവനോ അവളോ എന്തുമായിട്ടാണ് മല്ലിടുന്നതെന്നു മനസ്സിലാക്കുക. തുറന്ന മനഃസ്ഥിതിക്കാരനും സത്യസന്ധനുമായ ഒരു ആത്മസുഹൃത്ത് ഉണ്ടായിരിക്കുന്നതു പലപ്പോഴും ഒസിഡി ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അസുഖമുള്ളയാളിന്റെ ആദ്യ പടിയാണ്.—സദൃശവാക്യങ്ങൾ 17:17.
• താരതമ്യങ്ങൾ നടത്തരുത്. ഒസിഡി, ഈ അസുഖമില്ലാത്തവർക്ക് അനുഭവപ്പെടാത്ത തരത്തിലുള്ള അടിപ്പെടുത്തുന്ന പ്രേരണകൾ ഉളവാക്കുന്നു. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പ്രചോദനങ്ങളെ എങ്ങനെ തരണം ചെയ്യുന്നുവെന്നു വിവരിക്കുന്നതു മിക്കപ്പോഴും ഫലവത്തല്ല.—സദൃശവാക്യങ്ങൾ 18:13 താരതമ്യം ചെയ്യുക.
• യഥാർഥമായ ലക്ഷ്യങ്ങൾ വെക്കാനും അവ എത്തിപ്പിടിക്കാനും അസുഖമുള്ളയാളെ സഹായിക്കുക. ഒരു രോഗലക്ഷണം തിരഞ്ഞെടുത്ത് അതിനെ തരണം ചെയ്യുന്നതിനുള്ള ലക്ഷ്യപരമ്പരയുടെ രൂപരേഖയുണ്ടാക്കുക. എത്തിപ്പിടിക്കാൻ ഏറ്റവും വിഷമം കുറഞ്ഞ ലക്ഷ്യത്തോടെ ആരംഭിക്കുക. ഉദാഹരണത്തിന്, കുളിക്കുന്നതിന് ഒരു നിശ്ചിത സമയത്തിൽക്കൂടുതൽ എടുക്കാതിരിക്കുക എന്നത് ഒരു ലക്ഷ്യമായിരിക്കാവുന്നതാണ്.
• പുരോഗമനത്തെ പ്രശംസിക്കുക. പ്രശംസ ശരിയായ പെരുമാറ്റത്തെ ബലിഷ്ഠമാക്കുന്നു. പുരോഗമനത്തിന്റെ ഓരോ പടിയും—അത് എത്ര നിസ്സാരമായിരുന്നാലും—പ്രധാനമാണ്.—സദൃശവാക്യങ്ങൾ 12:25.
ഒരു ഒസിഡി അസുഖക്കാരന്റെകൂടെയുള്ള ജീവിതത്തിനു കുടുംബാംഗങ്ങളെ വൈകാരികമായി തളർത്താൻ കഴിയും. അതുകൊണ്ട്, സുഹൃത്തുക്കൾ തങ്ങൾക്കു സാധ്യമാകുന്ന ഏതു പ്രായോഗിക വഴികളിലും സഹാനുഭൂതിയുള്ളവരും പിന്തുണയ്ക്കുന്നവരും ആയിരിക്കണം.—സദൃശവാക്യങ്ങൾ 18:24ബി.
[21-ാം പേജിലെ ചിത്രങ്ങൾ]
അമിതമായ കഴുകലും പരിശോധനയും—ഒസിഡി-യുടെ രണ്ടു ലക്ഷണങ്ങൾ