യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് ആഹാരശീല വൈകല്യമുണ്ടോ?
“ചിലപ്പോൾ ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ എനിക്ക് ഒരുതരം ഭയവും വിറയലും ഉണ്ടാകുന്നു. തൂക്കം കൂടുമോ എന്നാണ് എന്റെ ഭയം. ‘ഇനിയും രണ്ടു കിലോഗ്രാം കുറയ്ക്കണം’ എന്ന് ഞാൻ എന്നോടുതന്നെ പറയും.”— മെലിസാ.a
“സുന്ദരിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് വണ്ണം വെക്കുന്നതിനെക്കുറിച്ച് എനിക്ക് ഓർക്കാനേ വയ്യ. എന്നാൽ കഴിച്ച ആഹാരം മുഴുവൻ ഞാൻ ഛർദിച്ചുകളയുന്ന കാര്യം മറ്റാരും അറിയുന്നത് എനിക്കിഷ്ടമല്ല. അത് എന്തൊരു നാണക്കേടാണ്.”—ആംബെർ.
“ഞാൻ സ്വയം ഇങ്ങനെ പറയും: ‘ . . . ഇന്നു ഞാൻ ആഹാരകാര്യത്തിൽ വളരെ നിയന്ത്രണം പാലിക്കും . . . ’ എന്നാൽ അതേ ദിവസംതന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ വളരെയധികം ഭക്ഷണം വെട്ടിവിഴുങ്ങും. എന്നിട്ട് അതേക്കുറിച്ചോർത്ത് ദുഃഖിക്കുകയായി, ഒന്നു മരിച്ചുപോയിരുന്നെങ്കിൽ എന്നാകും അപ്പോഴത്തെ ചിന്ത.”—ജെന്നിഫർ.
സുന്ദരിയായി കാണപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നു, അതു സ്വാഭാവികമാണ്. അതുപോലെ ഉത്കണ്ഠയും നിരാശയുമൊക്കെ തോന്നുമ്പോൾ ആശ്വാസംകണ്ടെത്താൻ ആഗ്രഹിക്കുന്നെങ്കിൽ അതിലും തെറ്റൊന്നുമില്ല. എന്നാൽ ഇവിടെ ഉദ്ധരിച്ച ഏതെങ്കിലുമൊരു പെൺകുട്ടിയെപ്പോലെയാണു നിങ്ങളെങ്കിൽ അതു നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടെന്നതിന്റെ സൂചനയായിരിക്കാം. ഇനി, അങ്ങനെയുണ്ടെങ്കിൽത്തന്നെ നിങ്ങൾ തനിച്ചല്ലതാനും. ലക്ഷക്കണക്കിനു യുവജനങ്ങൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ആഹാരശീല വൈകല്യം ഉണ്ടെന്നതാണു വാസ്തവം.b
നമുക്കിപ്പോൾ പ്രധാനമായും അനൊറെക്സിയ, ബുളീമിയ, അനിയന്ത്രിത ഭക്ഷക വൈകല്യം (binge eating) ഇവയെക്കുറിച്ച് ഒന്നടുത്തു പരിചിന്തിക്കാം. ഇവയ്ക്ക് ഓരോന്നിനും തനതായ ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ മൂന്നിലും ഉൾപ്പെട്ടിരിക്കുന്ന പൊതുവായ ഒരു കാര്യം ആഹാരത്തോടുള്ള അസ്വാഭാവികമായ ഒരു സമീപനമാണ്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിവരണത്തോടു നിങ്ങളുടെ സാഹചര്യം സമാനമാണെന്നു തോന്നുന്നെങ്കിൽ വിഷമിക്കേണ്ട, തീർച്ചയായും സഹായം ലഭ്യമാണ്. നിങ്ങൾക്ക് അതിൽനിന്നു മോചനം നേടാനാകും!
ഒരു അവലോകനം
◼ അനൊറെക്സിയ. എത്രതന്നെ മെലിഞ്ഞവളാണെങ്കിലും അനൊറെക്സിയ ബാധിച്ച ഒരു പെൺകുട്ടി തന്നെത്തന്നെ കണ്ണാടിയിൽ കാണുന്നത് തടിച്ചുരുണ്ടവളായിട്ടാണ്. തൂക്കം കുറയ്ക്കുന്നതിനായി അവൾ കഠിനമായ പല മുറകളും പിൻപറ്റും. “കഴിക്കുന്ന ആഹാരത്തിന്റെ മുഴുവൻ കലോറി കണക്കാക്കുന്ന സ്വഭാവം ഞാൻ വളർത്തിയെടുത്തു,” അനൊറെക്സിയ ബാധിച്ച ഒരു പെൺകുട്ടി പറയുന്നു. “ഒരാഴ്ച മൊത്തം എന്തു കഴിക്കണമെന്ന് ഞാൻ വളരെ ശ്രദ്ധയോടെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. കൂടുതൽ കലോറി അകത്താക്കിയെന്നു തോന്നിയാൽ ചില നേരം ആഹാരം ഉപേക്ഷിക്കുകയും അമിതമായ വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. ദിവസം ആറു പ്രാവശ്യംപോലും വിരേചനൗഷധങ്ങൾ കഴിച്ച സന്ദർഭങ്ങളുണ്ട്.”
അനൊറെക്സിയയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് പെട്ടെന്നാണ്. തൂക്കം കുറയുന്നതാണ് ഒരു സാധാരണ ലക്ഷണം. ഒപ്പം മുടികൊഴിച്ചിൽ, ഉണങ്ങിവരണ്ട ചർമം, ക്ഷീണം, അസ്ഥിദ്രവീകരണം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായേക്കാം. ആർത്തവത്തിന്റെ ക്രമം തെറ്റുകയോ കുറേ മാസത്തേക്ക് ആർത്തവം ഉണ്ടാകാതിരിക്കുകയോ ചെയ്തേക്കാം.
ഈ ലക്ഷണങ്ങളൊക്കെ അത്ര കാര്യമാക്കാനുണ്ടോ എന്നായിരിക്കാം ഒരുപക്ഷേ നിങ്ങളുടെ ചിന്ത. എന്നാൽ അങ്ങനെയല്ല. അനൊറെക്സിയ ജീവനു ഭീഷണി ഉയർത്തുന്ന ഒന്നാണ്. ഒരു പഠനം വെളിപ്പെടുത്തുന്നതനുസരിച്ച് അനൊറെക്സിയ ബാധിച്ചവരിൽ 10 ശതമാനം പേരെങ്കിലും സാധാരണഗതിയിൽ ആന്തരാവയവങ്ങളുടെ തകരാറോ വികലപോഷണത്തോടു ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളോ നിമിത്തം മരിക്കുന്നുണ്ട്.
◼ ബുളീമിയ. ബുളീമിയ ബാധിച്ച പെൺകുട്ടി ആഹാരം ഒഴിവാക്കുന്നതിനുപകരം വെറും രണ്ടു മണിക്കൂർകൊണ്ട് 15,000 കലോറിവരെ ആഹാരം അകത്താക്കുന്നു! എന്നിട്ട് ഛർദിച്ചോ മലമൂത്രവിസർജനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ കഴിച്ചോ അതത്രയും പുറന്തള്ളുന്നു.
പലപ്പോഴും വളരെ രഹസ്യമായിട്ടായിരിക്കും ഇവർ ഇങ്ങനെ ഭക്ഷിക്കുന്നത്. “സ്കൂൾവിട്ട് ആദ്യം വീട്ടിലെത്തുന്നത് ഞാനാണെങ്കിൽ സാധാരണഗതിയിൽ ഞാൻ വാരിവലിച്ചു കഴിക്കും,” ഒരു പെൺകുട്ടി പറയുന്നു. “അത് മറ്റാരും അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.” എന്നാൽ അങ്ങനെ കഴിച്ചശേഷം അവർക്കു കുറ്റബോധം തോന്നുന്നു. “എനിക്ക് എന്നോടുതന്നെ ഒരുതരം വെറുപ്പ് തോന്നും. എന്നാൽ ഞാൻ ചെയ്തതത്രയും അനായാസേന തിരുത്തിക്കുറിക്കാനാകുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ നേരെ മുകളിലത്തെ നിലയിലേക്കു പോയിട്ട് കഴിച്ചതെല്ലാം ഛർദിക്കും. അപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നും, മാത്രമല്ല കാര്യങ്ങളെല്ലാം ഇപ്പോഴും നിയന്ത്രണത്തിലാണല്ലോ എന്നൊരു ധൈര്യവും.”
പ്രത്യക്ഷത്തിൽ പ്രയോജനകരമെന്നു തോന്നിയേക്കാമെങ്കിലും ഇത്തരത്തിൽ ആഹാരം പുറന്തള്ളുന്നത് അപകടകരമാണ്. വിരേചനൗഷധങ്ങൾ അധികമായി ഉപയോഗിക്കുന്നത് കുടലിലെ സ്തരത്തെ ക്ഷയിപ്പിക്കുകയും കുടൽവീക്കമോ അണുബാധയോ ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്തേക്കാം. കൂടെക്കൂടെ ഛർദിക്കുന്നത് നിർജലീകരണം, പല്ലുകളുടെ ദ്രവീകരണം, അന്നനാളത്തിനു തകരാറ്, എന്തിന് ഹൃദയസ്തംഭനത്തിനുപോലും ഇടയാക്കിയേക്കാം.
◼ അനിയന്ത്രിത ഭക്ഷക വൈകല്യം. ബുളീമിയ ബാധിച്ചവരെപ്പോലെതന്നെ ഇക്കൂട്ടരും വളരെയധികം ഭക്ഷണം അകത്താക്കും. എന്നാൽ വ്യത്യാസം, കഴിച്ച ആഹാരം ഇവർ പുറന്തള്ളില്ല എന്നതാണ്. തത്ഫലമായി പ്രസ്തുത വൈകല്യം ഉള്ളവർക്ക് അമിതതൂക്കം ഉണ്ടായേക്കാം. എന്നാൽ ചിലർ കണക്കിലേറെ ഭക്ഷിച്ചിട്ട് പിന്നീട് പട്ടിണികിടക്കും, അല്ലെങ്കിൽ അമിതവ്യായാമത്തിൽ ഏർപ്പെടും. ഈ വിധത്തിൽ തൂക്കം നിയന്ത്രിച്ചുനിറുത്തുന്നതിനാൽ ഇവർക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന കാര്യം ചിലപ്പോൾ വീട്ടുകാരും സുഹൃത്തുക്കളുംപോലും അറിഞ്ഞെന്നും വരില്ല.
അനൊറെക്സിയയും ബുളീമിയയും ബാധിച്ചവരെപ്പോലെതന്നെ അനിയന്ത്രിത ഭക്ഷക വൈകല്യം ഉള്ളവർക്കും ആഹാരത്തോട് അനാരോഗ്യകരമായ ഒരു സമീപനമാണുള്ളത്. ഈ വൈകല്യം ഉള്ളവരെക്കുറിച്ച് അതിന് അടിമയായിട്ടുള്ള ഒരു പെൺകുട്ടി പറയുന്നത് “ആഹാരമാണ് ഞങ്ങളുടെ രഹസ്യത്തിലുള്ള ഉറ്റ മിത്രം—ഒരുപക്ഷേ ഞങ്ങളുടെ ഒരേയൊരു മിത്രവും” എന്നാണ്. മറ്റൊരാൾ ഇപ്രകാരം പറയുന്നു: “അനിയന്ത്രിതമായി ആഹാരം കഴിക്കുമ്പോൾ മറ്റൊന്നിനും അത്ര പ്രാധാന്യമില്ലെന്നു തോന്നിപ്പോകുന്നു. ആഹാരമാണ് ജീവിതത്തിലെ എല്ലാമെല്ലാം എന്ന തോന്നലാണ് അപ്പോൾ—അത് ആശ്വാസദായകമാണ്—പക്ഷേ അതിനെത്തുടർന്ന് കുറ്റബോധവും നിരാശയും ഉണ്ടാകുന്നു.”
കഴിച്ച ആഹാരം പുറന്തള്ളുന്നില്ലെങ്കിൽപ്പോലും അനിയന്ത്രിതമായ ആഹാരരീതി അപകടകരമാണ്. അത് പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കു പുറമേ മറ്റു പല രോഗങ്ങൾക്കും ഇടയാക്കിയേക്കാം. കൂടാതെ അവ ഗുരുതരമായ വൈകാരിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
അതു നിങ്ങൾക്ക് ഉണ്ടായേക്കുമോ?
തൂക്കം കുറയ്ക്കാനോ ആകാരവടിവ് നേടാനോ ശ്രമിക്കുന്ന മിക്കവരുടെയും കാര്യത്തിൽ ആഹാരശീല വൈകല്യം എന്നൊരു പ്രശ്നം ഇല്ല എന്നതു തീർച്ചയാണ്. എന്നിരുന്നാലും മേൽപ്പറഞ്ഞ കാര്യങ്ങൾ പരിചിന്തിച്ചു കഴിഞ്ഞപ്പോൾ ഒരുപക്ഷേ നിങ്ങളുടെ ആഹാരരീതി അങ്ങനെയൊരു പ്രശ്നത്തിലേക്കു നയിച്ചേക്കുമോ എന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകാം. നിങ്ങളോടുതന്നെ ചോദിക്കുക:
◼ എന്റെ ആഹാരശീലമോ അതിനോടു ബന്ധപ്പെട്ട പ്രത്യേക സ്വഭാവവിശേഷമോ സംബന്ധിച്ച് എനിക്കു നാണക്കേടോ വിഷമമോ തോന്നുന്നുണ്ടോ?
◼ എന്റെ ആഹാരരീതി മറ്റുള്ളവർ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടോ?
◼ ആഹാരം എന്റെ ജീവിതത്തിലെ പരമപ്രധാന സ്ഥാനം കയ്യടക്കിയിട്ടുണ്ടോ?
◼ ദിവസത്തിൽ പല പ്രാവശ്യം ഞാൻ തൂക്കം നോക്കാറുണ്ടോ?
◼ തൂക്കം കുറയ്ക്കാനായി അപകടങ്ങൾ ഗണ്യമാക്കാതെ എന്തും ചെയ്യുന്ന രീതിയാണോ എന്റേത്?
◼ നിർബന്ധമായി ഛർദിപ്പിക്കുകയോ മലമൂത്രവിസർജനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ കഴിക്കുകയോ ചെയ്യുന്ന രീതി ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ?
◼ എന്റെ ആഹാരരീതി സാമൂഹിക ജീവിതത്തെ ബാധിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, മറ്റുള്ളവരോടൊപ്പം ആയിരിക്കുന്നതിനെക്കാൾ, കണക്കിലധികം കഴിക്കാനോ കഴിച്ചതത്രയും രഹസ്യമായി പുറന്തള്ളാനോ കഴിയുംവിധം, ഒറ്റയ്ക്ക് ആയിരിക്കാനാണോ ഞാൻ ഇഷ്ടപ്പെടുന്നത്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, നിങ്ങൾക്ക് ഒരു പ്രശ്നം ഉള്ളതായി സൂചിപ്പിക്കുന്നെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക,
◼ ഇത്തരമൊരു ജീവിതം നയിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണോ?
ഇതു സംബന്ധിച്ച് നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ഉടനടി നടപടി സ്വീകരിക്കുക!
ആദ്യ പടി, നിങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്നു തുറന്നു സമ്മതിക്കുകയാണ്. ഡാൻയേൽ എന്ന പെൺകുട്ടി പറയുന്നു, “ഒന്നിരുന്നു ചിന്തിച്ചപ്പോൾ അനൊറെക്സിയ ഉള്ളവരുടെ അതേ ചിന്താഗതിയും ശീലങ്ങളും ആണ് എനിക്കുമുള്ളത് എന്നു ഞാൻ തിരിച്ചറിഞ്ഞു. അവർ ചെയ്യുന്നതൊക്കെയാണ് ഞാനും ചെയ്യുന്നതെന്നു സമ്മതിക്കുക ഭയാനകമായിരുന്നു.”
അടുത്തതായി ചെയ്യാവുന്നത് നിങ്ങളുടെ പ്രശ്നത്തെക്കുറിച്ച് യഹോവയോടു പ്രാർഥിക്കുകയാണ്.c ഈ വൈകല്യത്തിന്റെ മൂലകാരണം കണ്ടുപിടിച്ച് അതു തരണംചെയ്യുന്നതിന് ആവശ്യമായ ഉൾക്കാഴ്ച നൽകേണമേയെന്ന് അപേക്ഷിക്കുക. ദാവീദിനെപ്പോലെ നിങ്ങൾക്കും പ്രാർഥിക്കാവുന്നതാണ്: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.”—സങ്കീർത്തനം 139:23, 24.
എന്നാൽ നിങ്ങളുടെ കാര്യത്തിൽ ആഹാരശീല വൈകല്യം ഉപേക്ഷിക്കാൻ നിങ്ങൾക്ക് വൈമുഖ്യമുള്ളതായി കണ്ടെത്തിയേക്കാം. അതൊരു ആസക്തിപോലെ ആയിത്തീർന്നിട്ട് അതു നിങ്ങളെ വരിഞ്ഞുമുറുക്കുന്നതായി തോന്നുന്നുണ്ടാകാം. പ്രാർഥനാവിഷയം ആക്കാവുന്ന മറ്റൊരു കാര്യമാണ് അത്. ഡാൻയേലയുടെ കാര്യത്തിൽ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. “ആദ്യമൊക്കെ, ഈ പ്രശ്നത്തിൽനിന്നു കരകയറാൻ ഞാൻ ആഗ്രഹിച്ചില്ല എന്നതാണു വാസ്തവം. അതുകൊണ്ട് സുഖംപ്രാപിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നതിനായി എനിക്കു പ്രാർഥിക്കേണ്ടിയിരുന്നു.”
മൂന്നാമതായി, മാതാപിതാക്കളിൽ ഒരാളോടോ നിങ്ങളെ സഹായിക്കാൻ പറ്റിയ സ്ഥാനത്തായിരിക്കുന്ന മുതിർന്ന മറ്റാരോടെങ്കിലുമോ സംസാരിക്കുക. സഹാനുഭൂതിയുള്ള മുതിർന്നവർ ഒരിക്കലും നിങ്ങളെ നാണംകെടുത്തില്ല. മറിച്ച് അവർ യഹോവയെ അനുകരിക്കാൻ ശ്രമിക്കും. അവനെ സംബന്ധിച്ച് ബൈബിൾ പറയുന്നത്, “അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു” എന്നാണ്.—സങ്കീർത്തനം 22:24.
ഈ പ്രശ്നത്തിൽനിന്നു കരകയറുക അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. ചിലരുടെ കാര്യത്തിലെങ്കിലും വിദഗ്ധസഹായം ആവശ്യമായി വരും.d ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കുക എന്നതാണ് സുപ്രധാനമായ സംഗതി. അതാണ് ബുളീമിയ ബാധിച്ച ഒരു പെൺകുട്ടി ചെയ്യാൻ തീരുമാനിച്ചത്. അവൾ പറയുന്നു, “കഴിച്ച ആഹാരം പുറന്തള്ളുന്ന രീതി വാസ്തവത്തിൽ എന്റെമേൽ നിയന്ത്രണം ചെലുത്തുന്നതായി ഒരിക്കൽ ഞാൻ തിരിച്ചറിയാനിടയായി. എന്നിരുന്നാലും ആ ശീലം ഉപേക്ഷിക്കാനാകുമോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പില്ലായിരുന്നു. ഒടുവിൽ ഏറ്റവും പ്രയാസകരമായ ആ കാര്യം ഞാൻ ചെയ്തു, പ്രശ്നത്തിൽനിന്ന് കരകയറുന്നതിന് ഞാൻ സഹായം തേടി.”
നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും!
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തിയിലെ മറ്റു ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാനാകും
ചിന്തിക്കാൻ:
◼ നിങ്ങൾക്ക് ആഹാരശീല വൈകല്യം ഉള്ളതായി തോന്നുന്നുണ്ടോ? എങ്കിൽ സഹായത്തിനായി നിങ്ങൾക്ക് ആരെ സമീപിക്കാം?
◼ ആഹാരശീല വൈകല്യം ഉള്ള ഒരു സുഹൃത്തിനെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ആഹാരശീല വൈകല്യം ഉള്ളവരിൽ ഭൂരിപക്ഷവും പെൺകുട്ടികളായതിനാൽ അതിന് അടിമയായവരെ ഈ ലേഖനത്തിൽ ഞങ്ങൾ സ്ത്രീലിംഗത്തിലാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ ചർച്ചചെയ്തിരിക്കുന്ന തത്ത്വങ്ങളിൽ പലതും ആൺകുട്ടികൾക്കും ബാധകമാണ്.
c മനോവിഷമം ഉണ്ടാകുമ്പോൾ പിൻവരുന്നതുപോലുള്ള തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുന്നതിലൂടെ യഹോവ നിങ്ങൾക്കുവേണ്ടി വ്യക്തിപരമായി കരുതുന്നു എന്ന ഉറപ്പു ലഭിക്കും: പുറപ്പാടു 3:7; സങ്കീർത്തനം 9:9; 34:18; 51:17; 55:22; യെശയ്യാവു 57:15; 2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:6, 7; 1 പത്രൊസ് 5:7; 1 യോഹന്നാൻ 5:14.
d തിരഞ്ഞെടുക്കുന്ന ചികിത്സാരീതി ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമല്ലെന്ന് ക്രിസ്ത്യാനികൾ ഉറപ്പുവരുത്തണം.
[19-ാം പേജിലെ ചതുരം]
“നിങ്ങൾക്ക് എന്തോ ഒരു കുഴപ്പം ഉള്ളതുപോലെ . . . ”
ഒരു കുടുംബാംഗമോ സുഹൃത്തോ അങ്ങനെ പറയുന്നെങ്കിൽ അവരുടെ സഹായം നിരസിക്കുന്നതിനുള്ള പ്രവണതയ്ക്കെതിരെ പോരാടുക. നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പിൻഭാഗത്ത് അൽപ്പം തുന്നൽ വിട്ടിരിക്കുന്നതായി ഒരു കൂട്ടുകാരി കാണുന്നുവെന്നിരിക്കട്ടെ. അതു മുഴുവൻ വിട്ടുപോകുന്നതിനു മുമ്പുതന്നെ അവൾ അക്കാര്യം നിങ്ങളോടു പറയുന്നത് നിങ്ങൾ വിലമതിക്കില്ലേ? ബൈബിൾ ഇപ്രകാരം പറയുന്നു: “സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.” (സദൃശവാക്യങ്ങൾ 18:24) നിങ്ങൾക്ക് ഉണ്ടായിരുന്നേക്കാവുന്ന ഒരു പ്രശ്നത്തെക്കുറിച്ച് നിങ്ങളോടുള്ള താത്പര്യത്തിന്റെപേരിൽ ആരെങ്കിലും തുറന്നു സംസാരിക്കുന്നെങ്കിൽ അതിനർഥം അയാൾ അത്തരമൊരു സുഹൃത്താണെന്നാണ്.
[19-ാം പേജിലെ ചതുരം/ചിത്രം]
“ഞാൻ മെലിയാൻ ആഗ്രഹിച്ചു”
“ഞാൻ തൂക്കം കുറയ്ക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ എനിക്ക് എന്റെ പല്ലുപറിക്കേണ്ടി വന്നു, എനിക്ക് ആഹാരം കഴിക്കാൻ പറ്റാത്ത സ്ഥിതിയായി. അതോടെയാണ് ഞാൻ അനൊറെക്സിയയ്ക്ക് അടിമയായത്. ആകാരവടിവിനെക്കുറിച്ചായിരുന്നു എന്റെ മുഴു ചിന്തയും. മെലിഞ്ഞതു പോരാ എന്ന ചിന്തയായിരുന്നു എപ്പോഴും. അപകടകരമാംവിധം എന്റെ തൂക്കം കുറഞ്ഞു. എന്റെ ശരീരത്തിന് ഞാൻ വളരെയധികം ഹാനി വരുത്തി! എനിക്ക് ഇപ്പോൾ നഖം വളർത്താനാവില്ല. എന്റെ ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവർത്തനം താറുമാറായി. നാലു തവണ ഗർഭം അലസി. അകാലത്തിൽത്തന്നെ എനിക്ക് ആർത്തവവിരാമം ഉണ്ടായി. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളും തകരാറിലാണ്. എനിക്ക് വൻകുടൽ വീക്കവും ഉണ്ട്. മെലിയാനുള്ള ശ്രമത്തിന്റെ ഫലമാണ് ഇവയെല്ലാം. —നീക്കോൾ.
[20-ാം പേജിലെ ചതുരം]
പ്രശ്നം വീണ്ടും തലപൊക്കുന്നെങ്കിൽ
ആഹാരശീല വൈകല്യത്തിൽനിന്ന് രക്ഷപ്പെട്ടു എന്നു കരുതിയിരിക്കുമ്പോഴായിരിക്കും ആഴ്ചകളോ ഒരുപക്ഷേ മാസങ്ങളോപോലും കഴിഞ്ഞ് പ്രശ്നം വീണ്ടും തലപൊക്കുന്നത്. അങ്ങനെ സംഭവിച്ചാൽ മടുത്തു പിന്മാറരുത്. ‘നീതിമാൻ ഏഴു പ്രാവശ്യം പോലും വീണേക്കാം’ എന്ന വസ്തുത ബൈബിൾ അംഗീകരിക്കുന്നു. (സദൃശവാക്യങ്ങൾ 24:16) അങ്ങനെ സംഭവിച്ചു എന്നു കരുതി നിങ്ങൾക്കു വിജയിക്കാനാവില്ല എന്നർഥമില്ല. മറിച്ച്, നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും വീണ്ടും പ്രശ്നം തലപൊക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും നിങ്ങളെ സഹായിക്കാനാകുന്ന സുഹൃത്തുക്കളോട് ഒരുപക്ഷേ വീണ്ടും കാര്യങ്ങൾ തുറന്നുപറയുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തെ ഊന്നിപ്പറയുക മാത്രമേ അതു ചെയ്യുന്നുള്ളൂ.
[20-ാം പേജിലെ ചതുരം/ചിത്രം]
അതേക്കുറിച്ച് കൂടുതൽ വായിക്കുക
നിങ്ങൾക്ക് ഒരു ആഹാരശീല വൈകല്യം ഉണ്ടെങ്കിൽ അതേക്കുറിച്ച് വായിക്കുക. ആ പ്രശ്നത്തെക്കുറിച്ച് നിങ്ങൾ എത്രയധികം അറിവുനേടുന്നുവോ അത്രയധികം എളുപ്പമായിരിക്കും അതിനെതിരെയുള്ള പോരാട്ടം. ഉണരുക!യുടെ 1999 ജനുവരി 22 ലക്കത്തിന്റെ 3-12 പേജുകളിലും 1999 ഏപ്രിൽ 22 ലക്കത്തിന്റെ 13-15 പേജുകളിലും പ്രസിദ്ധീകരിച്ചിരുന്ന സഹായകമായ വിവരങ്ങൾ പുനരവലോകനം ചെയ്യുന്നത് പ്രയോജനകരമായിരുന്നേക്കാം.
[21-ാം പേജിലെ ചതുരം]
മാതാപിതാക്കളോട് ഒരു വാക്ക്
നിങ്ങളുടെ മകൾ ആഹാരശീല വൈകല്യത്തിന് അടിമയായിത്തീർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ആദ്യംതന്നെ, ഈ ലേഖനത്തിലും 20-ാം പേജിൽ പരാമർശിച്ചിരിക്കുന്ന മറ്റു ലേഖനങ്ങളിലും കൊടുത്തിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. അവൾ ഇങ്ങനെയൊരു സ്വഭാവവിശേഷത്തിന് അടിമയായിത്തീർന്നത് എന്തുകൊണ്ട് എന്നു മനസ്സിലാക്കാൻ ശ്രമിക്കുക.
ആഹാരശീല വൈകല്യം ഉള്ള പലരും തങ്ങളെക്കുറിച്ചുതന്നെ അത്ര മതിപ്പില്ലാത്തവരും പൊതുവേ പരിപൂർണതാവാദികളും സ്വന്തംകാര്യത്തിൽ ന്യായബോധമില്ലാത്തവിധം ഉയർന്ന പ്രതീക്ഷകൾ വെച്ചുപുലർത്തുന്നവരും ആണെന്നു നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം സ്വഭാവവിശേഷങ്ങൾ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ആത്മവിശ്വാസം വളർത്തിയെടുക്കാൻ അവളെ സഹായിക്കുക. (യെശയ്യാവു 50:4) പരിപൂർണതാവാദികളായിരിക്കുന്നത് ഒഴിവാക്കാൻ “നിങ്ങളുടെ സൌമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ.”—ഫിലിപ്പിയർ 4:5.
ആഹാരത്തോടും തൂക്കത്തോടുമുള്ള നിങ്ങളുടെതന്നെ സമീപനവും അടുത്തു പരിശോധിക്കുക. തമാശയായിട്ടെങ്കിലും, വാക്കിലൂടെയോ മാതൃകയിലൂടെയോ, ഇത്തരം കാര്യങ്ങൾക്കു നിങ്ങൾ അമിതപ്രാധാന്യം നൽകിയിട്ടുണ്ടോ? യുവജനങ്ങൾ തങ്ങളുടെ ആകാരവടിവു സംബന്ധിച്ച് അങ്ങേയറ്റം ശ്രദ്ധാലുക്കളാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക. വണ്ണത്തെക്കുറിച്ചോ കൗമാരത്തിന്റെ പ്രാരംഭഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന പെട്ടെന്നുള്ള വളർച്ചയെക്കുറിച്ചോ ഒക്കെ കളിയാക്കുന്നത് ഇളംമനസ്സിൽ പ്രശ്നങ്ങളുടെ വിത്തു പാകിയേക്കാം.
കാര്യങ്ങളുടെ എല്ലാ വശങ്ങളും പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം നിങ്ങളുടെ മകളുമായി മനസ്സുതുറന്ന് ആത്മാർഥമായി സംസാരിക്കുക.
◼ എന്തു പറയണമെന്നും എപ്പോൾ പറയണമെന്നും ശ്രദ്ധാപൂർവം തീരുമാനിക്കുക.
◼ അവരുടെ കാര്യത്തിൽ നിങ്ങൾക്കുള്ള താത്പര്യവും സഹായിക്കാനുള്ള ആഗ്രഹവും വ്യക്തമായി പ്രകടിപ്പിക്കുക.
◼ ആദ്യ പ്രതികരണം അനുകൂലമല്ലെങ്കിൽ അതിശയിച്ചുപോകരുത്.
◼ നല്ല ക്ഷമയുള്ള ശ്രോതാവായിരിക്കുക.
ഏറ്റവും പ്രധാനമായി, പ്രശ്നത്തെ തരണംചെയ്യാനുള്ള മകളുടെ ശ്രമങ്ങളിൽ ഒരു പങ്കാളിയാകുക. പ്രശ്നത്തിൽനിന്നു കരകയറാൻ സഹായിക്കുന്നതിൽ കുടുംബം ഒത്തൊരുമിച്ചു പ്രവർത്തിക്കുക.
[21-ാം പേജിലെ ചിത്രം]
സുഖംപ്രാപിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നതിനായി നിങ്ങൾ പ്രാർഥിക്കേണ്ടതുണ്ടായിരിക്കാം