ആഹാരശീല വൈകല്യങ്ങൾ—സഹായം എന്ത്?
നിങ്ങളുടെ മകൾക്ക് ആഹാരശീല വൈകല്യം ഉണ്ടെങ്കിൽ അവൾക്കു സഹായം ആവശ്യമാണ്. പ്രശ്നം തന്നെത്താൻ മാറിക്കൊള്ളും എന്നു വിചാരിച്ച് കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകരുത്. ശാരീരികവും വൈകാരികവും ആയ ഘടകങ്ങൾ ഉള്ള ഒരു സങ്കീർണ രോഗമാണ് ആഹാരശീല വൈകല്യം.
ആഹാരശീല വൈകല്യങ്ങൾക്കായി, ആശയക്കുഴപ്പമുണ്ടാക്കും വിധം ഒട്ടേറെ ചികിത്സാവിധികൾ വിദഗ്ധർ നിരത്തിയിട്ടുണ്ട്. ചിലർ മരുന്നുകൾ നിർദേശിക്കുന്നു. മറ്റു ചിലരാകട്ടെ മനോരോഗചികിത്സ ശുപാർശ ചെയ്യുന്നു. രണ്ടും കൂടെയായാൽ ഏറ്റവും മെച്ചമായിരിക്കും എന്നും കുറേ പേർ പറയുന്നുണ്ട്. ഇതിനുപുറമേ കുടുംബ കൗൺസലിങ്ങും ഉണ്ട്, പ്രസ്തുത വൈകല്യങ്ങൾ ഉള്ളവർ വീട്ടിൽത്തന്നെയാണു താമസിക്കുന്നതെങ്കിൽ ഇതു വിശേഷിച്ചും മർമപ്രധാനം ആണെന്ന് ചിലർ പറയുന്നു.a
വിദഗ്ധരുടെ സമീപനം വ്യത്യസ്തം ആയിരിക്കാമെങ്കിലും മിക്കവരും ചുരുങ്ങിയത് ഒരു കാര്യത്തിലെങ്കിലും യോജിപ്പുള്ളവരാണ്: ആഹാരശീല വൈകല്യത്തിൽ ആഹാരം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. അനൊറെക്സിയയോ ബൂളിമിയയോ ഉള്ള ആരെയെങ്കിലും സുഖപ്പെടാൻ സഹായിക്കുമ്പോൾ സാധാരണമായി ശ്രദ്ധ നൽകേണ്ട ഗൗരവമേറിയ ഏതാനും കാര്യങ്ങൾ നമുക്കു പരിശോധിക്കാം.
ശരീരപ്രകൃതി സംബന്ധിച്ച ഒരു സന്തുലിത വീക്ഷണം
“ഏതാണ്ട് 24 വയസ്സുള്ളപ്പോൾ ഫാഷൻ മാസികകൾ വാങ്ങിക്കുന്ന പതിവ് ഞാൻ പാടേ നിർത്തി,” ഒരു സ്ത്രീ പറയുന്നു. “മോഡലുകളുമായി എന്നെത്തന്നെ സാമ്യപ്പെടുത്തുന്നത് വളരെ ശക്തമായ പ്രതികൂല ഫലം ഉളവാക്കി.” മുമ്പു പറഞ്ഞതുപോലെ മാധ്യമങ്ങൾ സൗന്ദര്യം സംബന്ധിച്ച ഒരു പെൺകുട്ടിയുടെ സങ്കൽപ്പത്തെ വികലമാക്കിയേക്കാം. “മെലിയുക, മെലിയുക, മെലിയുക എന്ന സന്ദേശം ഉൾക്കൊള്ളുന്ന പരസ്യങ്ങൾ പത്രമാസികകളിലും ടെലിവിഷനുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന”തായി ആഹാരശീല വൈകല്യമുള്ള ഒരു പെൺകുട്ടിയുടെ അമ്മ പറയുന്നു. അവർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മെലിഞ്ഞ് ഒതുങ്ങിയ ശരീരമാണ് എനിക്കും മകൾക്കും ഇഷ്ടം. എന്നാൽ സ്ഥിരം ഇതുതന്നെ കേൾക്കുമ്പോൾ ഇതിനെക്കാൾ പ്രധാനമായി ജീവിതത്തിൽ മറ്റൊന്നും ഇല്ലെന്ന തോന്നലുണ്ടാകും.” ആഹാരശീല വൈകല്യം മാറി സുഖം പ്രാപിക്കണമെങ്കിൽ യഥാർഥ സൗന്ദര്യത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിനെ കുറിച്ച് പുതിയ ആശയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നു വ്യക്തം.
ബൈബിളിന് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും. ക്രിസ്തീയ അപ്പൊസ്തലനായ പത്രൊസ് ഇപ്രകാരം എഴുതി: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൃഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.”—1 പത്രൊസ് 3:3, 4.
ബാഹ്യ ആകാരത്തെക്കാൾ ആന്തരിക ഗുണങ്ങളിൽ ആയിരിക്കണം നാം താത്പര്യം കാണിക്കേണ്ടത് എന്നാണു പത്രൊസ് പറയുന്നത്. അതേ, ബൈബിൾ ഇങ്ങനെ ഉറപ്പു നൽകുന്നു: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) ഇത് ആശ്വാസദായകമാണ്. കാരണം, നമ്മുടെ ശരീരഘടനയുടെ ചില വശങ്ങൾ നമുക്കു മാറ്റാൻ സാധിക്കുകയില്ലെങ്കിലും നമ്മുടെ വ്യക്തിത്വത്തിനു മാറ്റു കൂട്ടാൻ നമുക്ക് എപ്പോഴും കഴിയും.—എഫെസ്യർ 4:22-24.
ആത്മാഭിമാനം കുറഞ്ഞവരുടെ ഇടയിലാണ് ആഹാരശീല വൈകല്യങ്ങൾ വികാസം പ്രാപിക്കുന്നത് എന്നുള്ളതുകൊണ്ട് ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ മൂല്യം വിലയിരുത്തേണ്ടത് ഉണ്ടായിരിക്കാം. ആവശ്യത്തിലധികം നാം നമ്മെ കുറിച്ചു ചിന്തിക്കരുത് എന്നു ബൈബിൾ പറയുന്നു. (റോമർ 12:3, NW) ഒരു കുരികിലിനു പോലും ദൈവം വിലകൽപ്പിക്കുന്നതായും അതു നമ്മോടു പറയുന്നു. എന്നിട്ട് അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഏറിയ കുരികിലിനെക്കാളും [“അനേകം കുരികിലുകളെക്കാളും,” NW] നിങ്ങൾ വിശേഷതയുള്ളവർ.” (ലൂക്കൊസ് 12:6, 7) അതുകൊണ്ട് ആരോഗ്യാവഹമായ ആത്മാഭിമാനം വളർത്തിയെടുക്കാൻ ബൈബിൾ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തെ വിലമതിക്കുക, നിങ്ങൾ അതിനെ പരിചരിക്കും.—എഫെസ്യർ 5:29 താരതമ്യം ചെയ്യുക.
എന്നാൽ നിങ്ങളുടെ തൂക്കം യഥാർഥത്തിൽ കുറയ്ക്കേണ്ടതുണ്ടെങ്കിലോ? ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ മുറകളും സഹായകം ആയിരുന്നേക്കും. ഒരളവുവരെ മാത്രമാണെങ്കിലും ‘ശരീരാഭ്യാസം പ്രയോജനമുള്ളതാണ്’ എന്നു ബൈബിൾ പറയുന്നുണ്ട്. (1 തിമൊഥെയൊസ് 4:8) എന്നാൽ ഒരിക്കലും തൂക്കത്തെ കുറിച്ച് അമിതമായി ചിന്തിക്കാൻ പാടില്ല. “കെട്ടിച്ചമയ്ക്കപ്പെട്ട, സൗന്ദര്യത്തിന്റെ മാനദണ്ഡമാകുന്ന ഒരു ഇടുങ്ങിയ മൂശയിലേക്കു നിങ്ങളെത്തന്നെ തിരുകിക്കയറ്റുന്നതിനു പകരം നിങ്ങളായിരിക്കുന്ന വിധംകൊണ്ട് തൃപ്തിപ്പെടുന്നതും വേണ്ടുവോളം വ്യായാമം ചെയ്യുന്നതും ആയിരിക്കാം ഏറ്റവും ബുദ്ധിപൂർവകമായ ഗതി” എന്ന് ശരീര സങ്കൽപ്പത്തെ പറ്റി നടത്തിയ ഒരു സർവേ അഭിപ്രായപ്പെടുന്നു. ഈ സമീപനം സഹായകമാണെന്ന് ഐക്യനാടുകളിൽ താമസിക്കുന്ന 33 വയസ്സുള്ള ഒരു സ്ത്രീ കണ്ടെത്തി. അവൾ പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം കാര്യം വളരെ നിസ്സാരമാണ്. നിങ്ങൾക്കു മാറ്റം വരുത്താനാകുന്ന കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക. അല്ലാത്തതിനെ കുറിച്ചു വേവലാതിപ്പെടാതിരിക്കുക.”
ജീവിതത്തെ കുറിച്ചു വസ്തുനിഷ്ഠമായ വീക്ഷണം വെച്ചുപുലർത്തുകയും ആരോഗ്യകരമായ ഭക്ഷണക്രമവും ന്യായമായ വ്യായാമ മുറകളും പിൻപറ്റുകയും ചെയ്യുന്നത് ആവശ്യത്തിലധികമുള്ള തൂക്കം കുറയാൻ സഹായിച്ചേക്കും.
“യഥാർഥ സഹകാരി”യെ കണ്ടെത്തൽ
ബൂളിമിയ ഉള്ള ഒട്ടേറെ സ്ത്രീകളിൽ പഠനം നടത്തിയശേഷം പ്രൊഫസർ ജെയിംസ് പെനബേക്കർ, ആഹാരം കഴിക്കുന്നതും പിന്നീടത് പുറന്തള്ളുന്നതും ഒരു ഇരട്ട ജീവിതം നയിക്കാൻ അവരെ വലിയ ഒരളവോളം നിർബന്ധിതരാക്കുകയാണെന്ന നിഗമനത്തിലെത്തി. അദ്ദേഹം പറയുന്നു: “ആഹാരശീലങ്ങൾ അടുത്ത സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും മറച്ചുവെക്കാൻ വളരെ സമയവും ശ്രമവും ചെലുത്തേണ്ടി വരുന്നുണ്ടെന്ന് അവരിൽ എല്ലാവരുംതന്നെ മടികൂടാതെ സമ്മതിച്ചുപറഞ്ഞു. അവരെല്ലാവരും ഇരട്ടജീവിതമാണു നയിച്ചിരുന്നത്, അത്തരമൊരു ജീവിതം അവർ വെറുത്തിരുന്നു.”
അതുകൊണ്ട് ഈ വൈകല്യങ്ങൾ സുഖപ്പെടുത്താനുള്ള ഒരു സുപ്രധാന നടപടി നിശ്ശബ്ദത ഭേദിക്കുന്നതാണ്. അനൊറെക്സിയ രോഗികളും ബൂളിമിയ രോഗികളും പ്രശ്നത്തെ കുറിച്ചു സംസാരിക്കേണ്ടത് ആവശ്യമാണ്. പക്ഷേ ആരോട്? ഒരു ബൈബിൾ സദൃശവാക്യം ഇപ്രകാരം പറയുന്നു: “സ്നേഹിതൻ [“യഥാർഥ സഹകാരി,” NW] എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) ആ “യഥാർഥ സഹകാരി” മാതാപിതാക്കളിൽ ആരെങ്കിലുമോ പക്വതയുള്ള മറ്റൊരു മുതിർന്ന വ്യക്തിയോ ആയിരിക്കാം. ആഹാരശീല വൈകല്യങ്ങൾ ചികിത്സിച്ചു പരിചയമുള്ള ആരോടെങ്കിലും കാര്യങ്ങൾ തുറന്നു പറയേണ്ടതും ആവശ്യമാണെന്നു ചിലർ കണ്ടെത്തിയിട്ടുണ്ട്.
യഹോവയുടെ സാക്ഷികൾക്കു മറ്റൊരു സഹായംകൂടെ ഉണ്ട്—സഭയിലെ മൂപ്പന്മാർ. “കാറ്റിൽനിന്ന് ഒളിക്കാനുള്ള ഒരു സങ്കേതംപോലെയും കൊടുങ്കാറ്റിൽനിന്നു രക്ഷപ്പെടാനുള്ള അഭയസ്ഥാനംപോലെയും ആയിരി”ക്കാൻ ഈ പുരുഷന്മാർക്കു കഴിയും. (യെശയ്യാവു 32:2, പി.ഒ.സി. ബൈബിൾ) സുഖം പ്രാപിക്കുന്നതിന് ആത്മീയ യോഗ്യതയുള്ള ഈ പുരുഷന്മാർ വിസ്മയാവഹമായ പിന്തുണ നൽകിയേക്കാം. (യാക്കോബ് 5:14, 15) മൂപ്പന്മാരുടെ ബുദ്ധ്യുപദേശം പ്രയോജനപ്രദം ആണെങ്കിലും അവർ ഡോക്ടർമാർ അല്ലാത്തതുകൊണ്ട് ഈ സഹായത്തോടൊപ്പം നിങ്ങൾക്കു വൈദ്യചികിത്സയും ആവശ്യമായിരിക്കാം.b
എന്നിരുന്നാലും കാര്യങ്ങൾ ഏറ്റവും നന്നായി തുറന്നു പറയാൻ കഴിയുക നിങ്ങളുടെ സ്രഷ്ടാവിനോടാണ്. സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) അതേ, ഭൂമിയിലുള്ള മക്കളുടെ കാര്യത്തിൽ യഹോവയാം ദൈവം തത്പരനാണ്. അതുകൊണ്ട് മനസ്സിന്റെ ആഴത്തിലുള്ള ഉത്കണ്ഠകളെ കുറിച്ചു പ്രാർഥനയിൽ അവനെ അറിയിക്കാതിരിക്കരുത്. പത്രൊസ് നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:7.
ആശുപത്രിയിൽ ആക്കേണ്ടി വരുമ്പോൾ
ആശുപത്രിയിൽ ആക്കിയതുകൊണ്ടു മാത്രം അസുഖം ഭേദമാകണമെന്നില്ല. എങ്കിലും കടുത്ത അനൊറെക്സിയയുടെ ഫലമായി ഒരു പെൺകുട്ടി വികലപോഷിതയാകുമ്പോൾ അവൾക്കു പ്രത്യേക പരിചരണം ലഭിക്കേണ്ടതുണ്ടായിരിക്കാം. ഈ നടപടി കൈക്കൊള്ളുന്നത് ഒരു മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. എമിലിയുടെ കാര്യമെടുക്കാം. അവരുടെ വാക്കുകളിൽത്തന്നെ പറയുകയാണെങ്കിൽ മകളെ ആശുപത്രിയിൽ ആക്കേണ്ടി വന്നത് ജീവിതം “അവൾക്കും ഞങ്ങൾക്കും ഒരുപോലെ ദുസ്സഹമായപ്പോഴാണ്.” അവർ കൂട്ടിച്ചേർക്കുന്നു: “അവളെ ആശുപത്രിയിലാക്കിയതും അപ്പോൾ അവൾ കിടന്നു കരഞ്ഞതുമൊന്നും എനിക്കു മറക്കാൻ കഴിയില്ല. ജീവിതത്തിൽ ഏറ്റവും പ്രയാസം അനുഭവിച്ച ദിവസമായിരുന്നു അത്.” ഇലെയ്ന്റെ മകളെയും ആശുപത്രിയിൽ ആക്കേണ്ടിവന്നു. അവർ പറയുന്നു: “ആശുപത്രിയിൽവെച്ച് അവൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചപ്പോൾ ബലംപ്രയോഗിച്ച് ട്യൂബിലൂടെ ആഹാരം നൽകേണ്ടി വന്നു. എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു രംഗമായിരുന്നു അത്.”
ആശുപത്രിയിൽ ആക്കേണ്ടി വരുന്നത് സുഖകരമായ ഒരു കാര്യമല്ല. പക്ഷേ ചില സാഹചര്യങ്ങളിൽ അത് ആവശ്യമായി വന്നേക്കാം. ആഹാരശീല വൈകല്യമുള്ള ഒട്ടേറെ പേർക്ക് അതു സുഖപ്പെടലിനുള്ള വഴി തുറന്നിട്ടുണ്ട്. തന്റെ മകളെ കുറിച്ച് എമിലി പറയുന്നു: “അവളെ ആശുപത്രിയിൽ ആക്കേണ്ടത് ആവശ്യമായിരുന്നു. ആശുപത്രിയിൽ ആക്കിയ ശേഷമാണ് അവളുടെ അസുഖം കുറയാൻ തുടങ്ങിയത്.”
ആഹാരശീല വൈകല്യങ്ങൾ ഇല്ലാതെ ജീവിക്കൽ
സുഖപ്പെടലിന്റെ ഭാഗമായി അനൊറെക്സിയയോ ബൂളിമിയയോ ഉള്ളവർ ആഹാരശീല വൈകല്യം ഇല്ലാതെ ജീവിക്കാൻ പഠിക്കണം. അതു ബുദ്ധിമുട്ടായിരിക്കാം. ഉദാഹരണത്തിന്, അനൊറെക്സിയ ഉണ്ടായിരുന്നപ്പോൾ പത്തു മാസംകൊണ്ട് കിമ്മിന്റെ തൂക്കം 18 കിലോ കുറഞ്ഞു. എന്നാൽ 16 കിലോ തൂക്കം വർധിക്കാൻ ഒമ്പതു വർഷം വേണ്ടിവന്നു! കിം പറയുന്നു: “വളരെ ബുദ്ധിമുട്ടോടെ ആയിരുന്നെങ്കിലും ആഹാരശീലം സാധാരണ നിലയിലേക്കു കൊണ്ടുവരാൻ പതുക്കെ പതുക്കെ എനിക്കു കഴിഞ്ഞു. കലോറിയും തൂക്കവുമൊക്കെ അളന്ന് ആഹാരം കഴിക്കുക, കലോറി തീരെ കുറഞ്ഞ ആഹാരം മാത്രം കഴിക്കുക ഇങ്ങനെയുള്ള രീതികളൊക്കെ ഇല്ലാതായി. ഒരു വിഭവത്തിലോ മധുരപലഹാരത്തിലോ ഉള്ള ചേരുവകൾ അറിയാൻ കഴിഞ്ഞില്ലെങ്കിൽ വേവലാതിപ്പെടുക, അല്ലെങ്കിൽ റെസ്റ്ററന്റിൽ പോയാൽ സാലഡുകൾ മാത്രം ഭക്ഷിക്കുക തുടങ്ങിയ സ്വഭാവവും മാറി.”
എന്നാൽ അസുഖം ഭേദമാകുന്നതിന് കിം മറ്റു ചിലതുകൂടെ ചെയ്യേണ്ടതുണ്ടായിരുന്നു. “മനസ്സിലുള്ള വികാരങ്ങൾ തിരിച്ചറിയാനും പ്രവൃത്തികളിലൂടെയോ ആഹാരശീലങ്ങളിലൂടെയോ അല്ല മറിച്ച് വാക്കുകളിലൂടെ അവ പ്രകടിപ്പിക്കാനും ഞാൻ പഠിച്ചു,” അവൾ പറയുന്നു. “മറ്റുള്ളവരുമായുള്ള വിയോജിപ്പുകൾ നേരിടാനും പരിഹരിക്കാനുമുള്ള പുതിയ വഴികളെ കുറിച്ചു മനസ്സിലാക്കിയതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി കൂടുതൽ അടുത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞു.”
ആഹാരശീല വൈകല്യത്തിൽനിന്നു മുക്തി നേടുന്നതു തീർച്ചയായും വെല്ലുവിളി നിറഞ്ഞ ഒരു സംഗതിയാണ്. എന്നാൽ ഒടുവിൽ അതു ശ്രമത്തിനു തക്ക മൂല്യമുള്ളതാണെന്നു തെളിയും. ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൽ പരാമർശിച്ച ജീൻ അങ്ങനെയാണു വിശ്വസിക്കുന്നത്. “ആഹാരശീല വൈകല്യത്തിലേക്കു മടങ്ങിപ്പോകുന്നത്, ഭ്രാന്താശുപത്രിക്കു വെളിയിൽ കുറച്ചു നാൾ സ്വതന്ത്രയായി ജീവിച്ചശേഷം വീണ്ടും അവിടേക്കു മടങ്ങിപ്പോകുന്നതുപോലിരിക്കും,” അവൾ പറയുന്നു.
[അടിക്കുറിപ്പുകൾ]
a ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല. ക്രിസ്ത്യാനികൾ സ്വന്തമായ തീരുമാനം എടുക്കേണ്ടതുണ്ട്. അതേസമയം തങ്ങൾ സ്വീകരിക്കുന്ന ചികിത്സ ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമല്ലെന്ന് അവർ ഉറപ്പുവരുത്തേണ്ടതാണ്. അത്തരം തീരുമാനങ്ങളെ മറ്റുള്ളവർ വിമർശിക്കുകയോ വിധിക്കുകയോ ചെയ്യരുത്.
b അനൊറെക്സിയ രോഗികളെയും ബൂളിമിയ രോഗികളെയും എങ്ങനെ സഹായിക്കാമെന്നുള്ളതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി 1992 ഫെബ്രുവരി 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “ആഹാരശീല വൈകല്യങ്ങൾ ഉള്ളവരെ സഹായിക്കൽ എന്ന ലേഖനവും 1990 ഡിസംബർ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “ആഹാരശീല വൈകല്യങ്ങൾ—എന്തു ചെയ്യാൻ കഴിയും” എന്ന ലേഖന പരമ്പരയും കാണുക.
[11-ാം പേജിലെ ചതുരം]
സുഖം പ്രാപിക്കലിനുള്ള അടിസ്ഥാനമിടൽ
മകൾക്ക് ആഹാരശീല വൈകല്യം ഉള്ളതായി സംശയിക്കുന്നെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്? നിങ്ങൾക്കു സാഹചര്യത്തെ അവഗണിക്കാനാവില്ല എന്നു വ്യക്തമാണ്. എന്നാൽ വിഷയം നിങ്ങൾ എങ്ങനെ അവതരിപ്പിക്കും? “ചിലപ്പോൾ നേരിട്ട് അവളോടു ചോദിക്കുന്നതു ഫലിച്ചേക്കും. എന്നാൽ മിക്കപ്പോഴും ആ ശ്രമം വിഫലമാകുന്നു,” ഗ്രന്ഥകർത്താവായ മൈക്കിൾ റിയെറ അഭിപ്രായപ്പെടുന്നു.
അതുകൊണ്ട് കുറേക്കൂടെ സൗമ്യമായ സമീപനം കൂടുതൽ ഫലപ്രദമാണെന്നു തെളിഞ്ഞേക്കാം. റിയെറ ഇങ്ങനെ നിർദേശിക്കുന്നു: “മകളുമായി സംസാരിക്കുമ്പോൾ നിങ്ങൾ യാതൊരു പ്രകാരത്തിലും അവളെ കുറ്റപ്പെടുത്തുകയല്ല എന്ന് അവൾക്കു മനസ്സിലാകണം. ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചാൽ പല കൗമാരപ്രായക്കാരും ഒരുവിധപ്പെട്ട കാര്യങ്ങളൊക്കെ തുറന്നുപറയും. അവർക്ക് അൽപ്പം ആശ്വാസവും തോന്നിയേക്കാം. തങ്ങൾക്കുള്ള ഉത്കണ്ഠയും തങ്ങളുടെ പിന്തുണയും അറിയിച്ചുകൊണ്ടുള്ള കത്തുകൾ എഴുതുന്നതു ഫലപ്രദമാണെന്ന് ചില മാതാപിതാക്കൾ കണ്ടെത്തിയിട്ടുണ്ട്. പിന്നീടു കാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴേക്കും അവർ അടിത്തറ ഇട്ടുകഴിഞ്ഞിരിക്കും.”
[12-ാം പേജിലെ ചതുരം]
മാതാപിതാക്കൾക്ക് ഒരു വെല്ലുവിളി
ആഹാരശീല വൈകല്യമുള്ള ഒരു കുട്ടി ഉണ്ടായിരിക്കുന്നത് മാതാപിതാക്കൾക്ക് അനേകം വെല്ലുവിളികൾ ഉയർത്തുന്നു. “നിങ്ങളുടെ മനസ്സിനെ കല്ലാക്കി മാറ്റേണ്ടിവരും,” ഒരു പിതാവ് പറയുന്നു. “സ്വന്തം കുഞ്ഞ് കൺമുമ്പിൽവെച്ചു നശിച്ചുകൊണ്ടിരിക്കുകയാണ്.”
ആഹാരശീല വൈകല്യം ഉള്ള ഒരു മകൾ ഉണ്ടെങ്കിൽ അവളുടെ പിടിവാശി കാണുമ്പോൾ ചിലപ്പോഴൊക്കെ നിരാശ തോന്നുക സ്വാഭാവികമാണ്. എന്നാൽ ക്ഷമയുള്ളവർ ആയിരിക്കുക. സ്നേഹം പ്രകടിപ്പിക്കുന്നത് ഒരിക്കലും നിർത്തരുത്. അത് എപ്പോഴും എളുപ്പമായിരുന്നില്ല എന്ന് ഒരിക്കൽ അനൊറെക്സിയയ്ക്ക് അടിമയായിരുന്ന മകളുള്ള എമിലി സമ്മതിക്കുന്നു. എങ്കിലും അവർ ഇപ്രകാരം പറയുന്നു: “എപ്പോഴും ഞാൻ അവളെ സ്പർശിക്കാൻ ശ്രമിച്ചിരുന്നു, അവളെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനുമൊക്കെ. . . . അവളോടു സ്നേഹം കാട്ടുന്നതു നിർത്തിയാൽ പിന്നെ ആ പഴയ ബന്ധം ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു ഞാൻ കരുതി.”
ആഹാരശീല വൈകല്യത്തിൽനിന്നു മുക്തി നേടുന്നതിനു മകളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും നല്ല വിധങ്ങളിലൊന്ന് അവളുമായി ആശയവിനിയമം നടത്തുന്നതാണ്. അങ്ങനെ ചെയ്യുന്ന അവസരത്തിൽ നിങ്ങൾതന്നെ സംസാരിച്ചുകൊണ്ടിരിക്കാതെ അവൾ പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കേണ്ടത് ഉണ്ടായിരിക്കാം. അവൾ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി “അതു സത്യമല്ല” അല്ലെങ്കിൽ “നീ ഒരിക്കലും അങ്ങനെയൊന്നും വിചാരിക്കരുത്” എന്നെല്ലാം പറയാനുള്ള പ്രേരണയെ ചെറുക്കുക. “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കള”യാതിരിക്കുക. (സദൃശവാക്യങ്ങൾ 21:13) തുറന്ന ആശയവിനിയമം ഉണ്ടെങ്കിൽ ഒരു കുട്ടിക്ക് മനോവേദന ഉള്ളപ്പോൾ തിരിയാൻ ഒരിടം കാണും. അങ്ങനെയാകുമ്പോൾ അവൾ അനാരോഗ്യകരമായ ആഹാരശീലങ്ങളിലേക്കു തിരിയാനുള്ള സാധ്യത കുറവായിരുന്നേക്കാം.
[10-ാം പേജിലെ ചിത്രം]
ആഹാരശീല വൈകല്യങ്ങൾ ഉള്ളവരെ സഹായിക്കാൻ ക്ഷമയും സഹാനുഭൂതിയും ധാരാളം സ്നേഹവും പ്രകടിപ്പിക്കേണ്ടതുണ്ട്