ഒരു ശീതകാല പുതപ്പ്
നിങ്ങൾ എന്നെങ്കിലും മഞ്ഞുവീഴുന്നതു കണ്ണിമയ്ക്കാതെ നോക്കിയിരുന്നിട്ടുണ്ടോ, അതിന്റെ മാസ്മരഭംഗി നിങ്ങളെ വശീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് അങ്ങേയറ്റം മനോഹരവും പ്രശാന്തവുമായ ദൃശ്യങ്ങളിൽ ഒന്നാണെന്നു നിങ്ങൾ സമ്മതിക്കു മെന്നുള്ളതിനു സംശയമില്ല. നിങ്ങൾ സുരക്ഷിതമായി വീടിനുള്ളിലെ ഇളംചൂടിൽ ഇരിക്കുകയും യാത്രചെയ്യുന്നതിനുള്ള അത്യാവശ്യമൊന്നും നിങ്ങൾക്ക് ഇല്ലാതിരിക്കുകയുമാണെങ്കിൽ അതു പ്രത്യേകിച്ചും സത്യമാണ്. ആ വെള്ള പുതപ്പിന്റെ കനമേറുന്നതോടെ അത് എവിടെയും അത്യന്തം പ്രശാന്തതയും സ്വസ്ഥതയും വ്യാപിപ്പിക്കുന്നതായി തോന്നുന്നു. ആ മൃദു ഹിമകണങ്ങൾ കോടിക്കണക്കിനളവിൽ നിപതിക്കുമ്പോൾ ഒരു നഗരത്തിന്റെ ആരവം പോലും മന്ദമായിപ്പോകുന്നു.
എന്നാൽ മഞ്ഞുവീഴൽപോലെ മൃദുവെന്നു തോന്നുന്ന ഒന്നിന് വിനാശകരമായിരിക്കാൻ കഴിയുന്നവിധം വിസ്മയാവഹമല്ലേ? മഞ്ഞു വേണ്ടത്ര ഉയരത്തിൽ കുന്നുകൂടുന്നെങ്കിൽ, “ഒരിക്കലും ഉറങ്ങാത്ത നഗരം” എന്നു പലപ്പോഴും വർണിക്കപ്പെട്ടിട്ടുള്ള ന്യൂയോർക്കു പോലുള്ള നഗരങ്ങൾപോലും ലജ്ജാവഹമായ രീതിയിൽ നിശ്ചലമാകും.
അപ്പോൾപ്പിന്നെ, ദൈവം വിശ്വസ്ത മനുഷ്യനായ ഇയ്യോബിനോട് ഇപ്രകാരം ചോദിച്ചതിൽ അതിശയമില്ല: “നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.” (ഇയ്യോബ് 38:22, 23) മഞ്ഞിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ കരങ്ങളിൻ കീഴിൽ തീർച്ചയായും അതിനു ഭയാനകമായ ഒരു ആയുധമായിരിക്കാൻ കഴിയും.
എന്നിരുന്നാലും, വിനാശം കൈവരുത്തുന്നതിനുപകരം ജീവൻ സംരക്ഷിക്കുന്നതിൽ മഞ്ഞ് പലപ്പോഴും ഒരു പങ്കുവഹിക്കുന്നു. ഉദാഹരണത്തിന്, ദൈവം “ആട്ടിൻരോമംപോലെ മഞ്ഞുപെയ്യിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 147:16, പി.ഒ.സി. ബൈബിൾ) മഞ്ഞ് ആട്ടിൻരോമംപോലെയായിരിക്കുന്നത് ഏതു വിധത്തിലാണ്? വെൺമയെയും പരിശുദ്ധിയെയും പ്രതിനിധീകരിക്കാൻ ബൈബിൾ മഞ്ഞിനെയും ആട്ടിൻരോമത്തെയും ഉപയോഗിക്കുന്നു. (യെശയ്യാവു 1:18) എന്നാൽ മറ്റൊരു പ്രധാന സാദൃശ്യമുണ്ട്. മഞ്ഞും ആട്ടിൻരോമവും രോധകങ്ങളായി (insulators) പ്രവർത്തിക്കുന്നു. “ആട്ടിൻരോമം . . . തണുപ്പിനെയും ചൂടിനെയും രോധിക്കുന്നു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. മഞ്ഞും “ഒരു നല്ല രോധകമായി സേവിക്കുന്നു. അത് സസ്യങ്ങളെയും ശിശിരനിദ്ര പ്രാപിക്കുന്ന മൃഗങ്ങളെയും തണുത്ത ശിശിര കാറ്റിൽനിന്നു സംരക്ഷിക്കുന്നു” എന്ന് വേൾഡ് ബുക്ക് അഭിപ്രായപ്പെടുന്നു.
അതുകൊണ്ട് അടുത്തതവണ ആകാശത്തുനിന്നു മഞ്ഞുവീഴുന്നതു നിരീക്ഷിക്കുമ്പോൾ ദൈവത്തിന്റെ വിസ്മയാവഹമായ ശക്തിയെക്കുറിച്ചു ചിന്തിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അല്ലെങ്കിൽ തന്റെ സൃഷ്ടികൾക്കുമീതെ ഒരു വെള്ള പുതപ്പു വിരിച്ചുകൊണ്ട് അവൻ നൽകുന്ന മൃദു സംരക്ഷണത്തെക്കുറിച്ചു ചിന്തിക്കാനായിരിക്കും നിങ്ങൾ ഇഷ്ടപ്പെടുന്നത്. അത് ഏറെയും സ്നേഹവാനായ ഒരു പിതാവോ മാതാവോ തന്റെ കുട്ടിയെ സുരക്ഷിതമായി കിടക്കയിലേക്കെടുത്തു കിടത്തുന്നതുപോലെയാണ്.