ജാഗ്രത! “വെളുത്ത വ്യാളികൾ”
സ്വിറ്റ്സർലൻഡിലെ ഉണരുക! ലേഖകൻ
പറക്കും പക്ഷേ ചിറകില്ല, അടിക്കും പക്ഷേ കൈയില്ല, കാണും പക്ഷേ കണ്ണില്ല, പേരെന്തെന്നു പറയാമോ?—വെളുത്ത വ്യാളികളെക്കുറിച്ചുള്ള ഒരു കടങ്കഥ മധ്യകാലഘട്ടം മുതലുള്ളത്.
ഹിമപ്രപാതങ്ങൾ അഥവാ ഹിമത്തിന്റെ മഹാപ്രവാഹങ്ങൾ (Avalanches), അതാണ് വെളുത്ത വ്യാളികൾ. നന്നേ ഇണങ്ങുന്ന പേര്. അതിന് ഒരു പർവതാരോഹകനെ അപ്പാടെ വിഴുങ്ങിക്കളയാനാകും, ഒരു ഗ്രാമത്തെ മുഴുവൻ ഞൊടിയിടയിൽ കുഴിച്ചുമൂടാനാകും. അതിനാൽ ആളുകൾ ഈ ഹിമപ്രവാഹത്തെ വെളുത്ത മരണം എന്നു വിളിച്ചു. സിരകളിൽ ഭയം അരിച്ചുകയറാനിടയാക്കുന്ന ഈ പ്രതിഭാസം എന്താണ്? മഞ്ഞുതൊപ്പിയണിഞ്ഞ പർവതങ്ങളുടെ മടിത്തട്ടിലാണ് നിങ്ങളുടെ താമസമെങ്കിൽ ഉത്തരം നിങ്ങൾക്കറിയാം. എന്നാൽ ഉഷ്ണമേഖലയിലോ താഴ്ന്നപ്രദേശത്തോ ആണു നിങ്ങൾ താമസിക്കുന്നതെങ്കിൽ നിങ്ങൾക്കു പേടി തോന്നാനിടയില്ല. വെളുത്ത വ്യാളികളുടെ സാമ്രാജ്യത്തിലേക്ക് എന്നെങ്കിലും ഒരു സാഹസികയാത്രയ്ക്കു മുതിർന്നാൽ മാത്രമേ ഇവ നിങ്ങൾക്കൊരു ഭീഷണിയാകുന്നുള്ളൂ.
കനത്ത മഞ്ഞുവീഴ്ചയുള്ള ഉത്തുംഗപർവതങ്ങളിലാണ് ഈ വൻ ഹിമപ്രവാഹത്തിന്റെ പിറവി. ഇവയുടെ സംഹാരയാത്ര പൊടുന്നനെ ആയിരിക്കും. ഭീമമായ അളവിൽ മഞ്ഞും ഹിമക്കട്ടയും മണ്ണും പാറയും മരങ്ങളുടെ തായ്ത്തടികൾ പോലെയുള്ള മറ്റു വസ്തുക്കളും അമ്പരപ്പിക്കുന്ന വേഗത്തിൽ പർവതച്ചെരിവിലൂടെയോ കിഴുക്കാംതൂക്കായ പ്രദേശത്തിലൂടെയോ ഇരമ്പിയിറങ്ങുന്നു. ഭീതിദമായ ഈ മഹാപ്രവാഹം കടന്നുപോകുന്ന വഴിയിലുള്ള സകലത്തെയും തുടച്ചുമാറ്റുകയാണു പതിവ്. ഇതിന്റെ കനത്തഭാരവും ശക്തിയും മാത്രമല്ല നാശംവിതയ്ക്കുന്നത്. മറിച്ച് അതിനു മുന്നിലായി രൂപംകൊള്ളുന്ന വായുമർദത്തിന് തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങളെ കശക്കിയെറിയാനും പാലങ്ങൾ, റോഡ്, തീവണ്ടിപ്പാത എന്നിവയ്ക്ക് കേടുവരുത്താനും കഴിയും.
ഒരു സ്വാഭാവിക പ്രതിഭാസം
ടൺകണക്കിനു ഭാരമുള്ള അതിഭീമമായ ഹിമപ്രപാതങ്ങളുടെ അധികപങ്കും ഇത്തിരിപ്പോന്ന മഞ്ഞിൻകണങ്ങളാണ്. താഴേക്ക് ഉതിരുന്ന നനുത്ത മഞ്ഞുകണംപോലെ മനോജ്ഞമായ ഒന്നിന് കൊലവിളിമുഴക്കി അലറിപ്പായുന്ന ഹിമപ്രവാഹമാകാൻ കഴിയുന്നത് എങ്ങനെയാണ്? മഞ്ഞിന്റെ സവിശേഷതകൾ പരിശോധിച്ചാൽ ഇതിന് ഉത്തരം കിട്ടും. മഞ്ഞ് പല ആകൃതിയിലുണ്ട്: പരൽ, ഉരുള, തരി എന്നിവ. പരലുകൾക്ക് എല്ലായ്പോഴും നക്ഷത്രാകൃതിയാണ്, അവയ്ക്ക് ആറു ഭുജങ്ങളുണ്ടായിരിക്കും. അനന്തവൈവിധ്യമാർന്ന ഡിസൈനുകളിലുള്ള ഇവയോരോന്നും ഒരു വിസ്മയമാണ്! ഒരിക്കൽ നിലത്തു വീണുകഴിഞ്ഞാൽ ഈ പരലുകൾക്ക് രൂപമാറ്റം സംഭവിച്ചേക്കാം. വായുവിന്റെ താപനിലയിലുള്ള വ്യത്യാസവും മുകളിൽ കുമിഞ്ഞുകൂടുന്ന മഞ്ഞിന്റെ മർദവും കൂടിയാകുമ്പോൾ അടിയിലുള്ളവ ചുരുങ്ങുന്നു. 30 സെന്റിമീറ്റർ പുതുമഞ്ഞിന് വെറും 24 മണിക്കൂർകൊണ്ട് 10 സെന്റിമീറ്റർ ആയി ചുരുങ്ങാൻ കഴിയും.
താഴേക്കുതിരുന്ന മഞ്ഞിൻകണങ്ങളുടെ ആകൃതിക്കനുസരിച്ച് പർവതത്തിലെ ഉപരിതലമഞ്ഞിന്റെ സ്ഥിരത വ്യത്യാസപ്പെടും. ഷഡ്ഭുജ പരലുകൾ പരസ്പരം കോർത്തുകിടക്കും. എന്നാൽ ഉരുളകൾക്കും തരികൾക്കും ആ സവിശേഷതയില്ല. അവ ഉരുളുന്നതിനാൽ അസ്ഥിരമായ അടുക്കുകളായിരിക്കും രൂപംകൊള്ളുന്നത്. ഇങ്ങനെയുള്ളവ അടിയിലെ കൂടുതൽ ഉറപ്പുള്ള അടുക്കിന്റെ മുകളിൽനിന്ന് എളുപ്പം തെന്നിനീങ്ങിയേക്കാം. അങ്ങനെ, പൊഴിയുന്ന മഞ്ഞിന്റെ സ്വഭാവം, അളവ്, നിലത്തിന്റെ ചെരിവ്, താപനിലയിലെ വ്യതിയാനം, കാറ്റിന്റെ ശക്തി എന്നിവയെല്ലാം വന്യമായ ഹിമപ്രവാഹത്തിന് ആരംഭം കുറിക്കുന്ന ഘടകങ്ങളാണ്. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന കിഴുക്കാംതൂക്കായ ഒരു പ്രതലത്തിലൂടെ ഒരു മൃഗമോ മനുഷ്യനോ കടന്നുപോകുന്നതും ഒരു ഹിമപ്രവാഹത്തിനു തുടക്കമിട്ടേക്കാം. എന്നാൽ മറ്റുതരത്തിലുള്ള ഹിമപ്രവാഹങ്ങളുമുണ്ട്.
കാറ്റു മൂലമുണ്ടാകുന്ന ഹിമപ്രവാഹങ്ങളുണ്ട്. തരികളായുള്ളതും പരൽ രൂപത്തിലുള്ളതും ആയ പുതുമഞ്ഞ് ഒന്നിച്ചുചേരുമ്പോൾ ഒരുതരം പൗഡർ പോലെയായിത്തീരുന്നു. സ്കീയിങ്ങുകാരുടെ അഥവാ മഞ്ഞിൽ തെന്നിനീങ്ങുന്നവരുടെ ഹരമാണ് ഇത്തരം മഞ്ഞ്. പക്ഷേ ശക്തിയായ കാറ്റ് ഇതിനെ അടിച്ചുപറത്തും. കനം തീരെ കുറവായതിനാൽ ഈ പൊടിമഞ്ഞ് കാറ്റിന്റെ ശക്തിയിൽ വായുവിലേക്ക് ഉയരും, പിന്നെ താഴ്വരയിലേക്കൊരു മരണക്കുതിപ്പാണ്, മണിക്കൂറിൽ 300-ലധികം കിലോമീറ്റർ വേഗത്തിൽ. ഈ സന്ദർഭത്തിൽ മഞ്ഞുപടലത്തിന്റെ മുമ്പിലുള്ള വായുസമ്മർദം അത്യധികമാകും. അങ്ങനെ ഇത്തരം ഹിമപ്രവാഹത്തിന് മേൽക്കൂരകൾ പൊക്കിയെറിയാനും നിമിഷങ്ങൾക്കകം വീടുകൾ തകർത്തുതരിപ്പണമാക്കാനുംപോലും കഴിയും.
കനത്ത ഖര ഹിമപാളികൾ മഹാപ്രവാഹമായി താഴേക്കു കുതിക്കുന്നതാണ് ഏറ്റവും അപകടകരമായവയിലൊന്ന്. കുറെനാളുകളായി വീണടിഞ്ഞ് ഉറച്ചുപോയ മഞ്ഞിന്റെ വൻശേഖരത്തിൽനിന്നാണ് ഇതു പിറക്കുന്നത്. മഞ്ഞിന്റെ മേലടുക്ക് വിണ്ടുകീറുന്നതുമൂലം കനത്ത ഹിമക്കട്ടകൾ പർവതച്ചെരിവിലൂടെ തെന്നിനീങ്ങാൻ ഇടയായേക്കാം, മണിക്കൂറിൽ 50-80 വരെ കിലോമീറ്റർ വേഗത്തിൽ. ഖര രൂപത്തിലുള്ള മേൽപ്പറഞ്ഞ തരം പാളികൾ ചിലപ്പോൾ ചെങ്കുത്തായ ഒരു പാറക്കെട്ടു കവിഞ്ഞ് താഴേക്കു തൂങ്ങിക്കിടന്നേക്കാം. ഇവ സ്കീയിങ്ങുകാർക്ക് അത്യന്തം അപകടകരമാണ്. ഒരു സ്കീയിങ്ങുകാരന്റെ ശരീരഭാരം മതി ഈ സ്ലാബുകൾ പൊട്ടാൻ, പിന്നെ നിമിഷങ്ങൾക്കകം അയാൾ ഹിമത്തിന്റെ തടുക്കാനാവാത്ത പ്രവാഹത്തിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടേക്കാം.
വസന്തകാലത്താണ് ഹിമപ്രവാഹങ്ങളുടെ കൂടെക്കൂടെയുള്ള സംഹാരയാത്ര. മഴയോ തെളിഞ്ഞ സൂര്യപ്രകാശമോ മഞ്ഞിന്റെ കാഠിന്യം കുറയ്ക്കുമ്പോൾ മഞ്ഞുപാളികൾ താഴേക്കു തെന്നിയിറങ്ങി ഹിമപ്രവാഹമായി പരിണമിക്കുന്നു. ഇത്തരം പ്രവാഹങ്ങൾക്ക് താരതമ്യേന വേഗം കുറവാണെങ്കിലും മുഴുപർവതച്ചെരിവിലെയും മഞ്ഞ് തെന്നിനീങ്ങാനിടയുണ്ട്. താഴേക്കു പ്രവഹിക്കുന്ന ആ വൻ ഹിമസാഗരം കൂറ്റൻ ഉരുളൻപാറകളും, മരങ്ങളും, മണ്ണും എല്ലാം കൈനീട്ടി വലിച്ചെടുക്കുന്നു. അങ്ങനെ അവശിഷ്ടങ്ങളുടെ ഒരു വൻകൂമ്പാരമായിട്ടാണ് ഇവ യാത്ര അവസാനിപ്പിക്കുന്നത്.
ഈ പ്രതിഭാസത്തിനു സമാനമായ ഒന്നാണ് ഹിമാനിപ്രവാഹം. നിമ്നമേഖലകൾ, മഞ്ഞ് ഒരിക്കലും ഉരുകാത്ത നിഴൽവീഴ്ചയുള്ള പർവതച്ചെരിവുകൾ എന്നിങ്ങനെ കൊടുംശൈത്യമുള്ള ഭൂവിഭാഗങ്ങളിലെ മഞ്ഞ് കാലക്രമേണ ഉറഞ്ഞ് ഐസാകുന്നു. അങ്ങനെയുണ്ടാകുന്ന ഭീമാകാരമായ ഹിമപാളികൾ വളരെ പതുക്കെ താഴേക്കു നീങ്ങുന്നു. ഇവയുടെ സഞ്ചാരഗതി നിർണയിക്കാനാകുന്നതിനാൽ വൻ നാശനഷ്ടങ്ങളും അപകടങ്ങളും വിരളമായേ സംഭവിക്കാറുള്ളൂ.
ഹിമപ്രവാഹങ്ങൾ ഉണ്ടാകുന്നത് എവിടെയെല്ലാമാണ്?
നമ്മുടെ ഗ്രഹത്തിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലെല്ലാം ഹിമപ്രവാഹങ്ങൾ ഉണ്ടാകുന്നില്ല. നിശ്ചിത ഉയരമുള്ള പർവതങ്ങൾ, മഞ്ഞും ഹിമക്കട്ടയും ഉണ്ടാകാൻ പറ്റിയതരത്തിലുള്ള കാലാവസ്ഥ എന്നിവയാണ് ഇവയുടെ പിറവിക്ക് ആധാരമായിരിക്കുന്നത്. വർഷംതോറും ലോകമൊട്ടാകെ ഏകദേശം പത്തുലക്ഷം ഹിമപ്രവാഹങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തെക്കേ അമേരിക്കയിലെ ആൻഡീസ്, വടക്കേ അമേരിക്കയിലെ റോക്കി പർവതനിരകൾ, ഏഷ്യയിലെ ഹിമാലയ പർവതം, ഫ്രാൻസിൽനിന്ന് വടക്കുകിഴക്കോട്ട് സ്വിറ്റ്സർലൻഡ്, ജർമനി, ഓസ്ട്രിയ എന്നിവിടംവരെ നീളുന്ന യൂറോപ്പിലെ ആൽപ്സ് എന്നിവിടങ്ങളിലെ ചിലഭാഗങ്ങൾ ഹിമപ്രവാഹത്തിന്റെ ഈറ്റില്ലങ്ങളാണ്. ഈ പ്രദേശങ്ങളിൽ മനുഷ്യവാസമുള്ളിടത്ത് വർഷംതോറും ശരാശരി 200 പേർ ഹിമപ്രവാഹത്തിൽപ്പെട്ടു മരിക്കാറുണ്ട്. ഇവയിൽ ശരാശരി 26 മരണങ്ങൾ സംഭവിക്കുന്നത് സ്വിറ്റ്സർലൻഡിലാണ്.
കൊടുംവിനാശം വിതച്ച രണ്ട് മഹാപ്രവാഹങ്ങൾ പെറുവിലെ ആൻഡീസിൽ ഉണ്ടായി. 1962-ൽ, 6,768 മീറ്റർ ഉയരമുള്ള വാസ്കാരാൻ പർവതത്തിലെ 50 മീറ്റർ കനമുള്ള ഒരു ഹിമത്തൊപ്പിയിൽനിന്ന് ഒരു കിലോമീറ്റർ നീളത്തിൽ ഒരു കനത്ത ഹിമഖണ്ഡം വേർപെട്ടുപോന്നു. 40 ലക്ഷം ടൺ ഭാരംവരുന്ന ആ ഹിമമല ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ നാലിരട്ടി വലുപ്പമുള്ളതായിരുന്നു! ഈ കൂറ്റൻ ഹിമഖണ്ഡം 15 മിനിട്ടുകൊണ്ട് 18 കിലോമീറ്റർ സഞ്ചരിച്ചു. ഏഴു ഗ്രാമങ്ങളെ ഇത് അപ്പാടെ കുഴിച്ചുമൂടി. 13 മീറ്റർ കനത്തിൽ രണ്ടു കിലോമീറ്റർ വിസ്താരത്തിൽ കിടന്ന നാശാവശിഷ്ടങ്ങൾക്കിടയിൽ 3,000-ത്തിനും 4,000-ത്തിനും ഇടയ്ക്ക് ജീവൻ പൊലിഞ്ഞു. 1970-ൽ അതേ പർവതത്തിൽനിന്ന് വീണ്ടുമൊരു ദുരന്തം തെന്നിനീങ്ങി. ഒരു ഭൂകമ്പത്തിന്റെ ഫലമായി പർവതത്തിന്റെ വടക്കു ഭാഗത്തുള്ള കൊടുമുടിയിലെ ഹിമത്തൊപ്പി ഇളകി, പർവതംതന്നെ നിലംപൊത്തി. ആയിരക്കണക്കിന് ടൺ മഞ്ഞും പാറയും ഹിമക്കട്ടകളും മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ഇടുങ്ങിയ ഒരു മലയിടുക്കിലൂടെ ഉരുളൻ പാറകളും വീടുകളും പിഴുതെടുത്തുകൊണ്ട് അലറിപ്പാഞ്ഞു. 25,000 പേർ ആ ഹിമ ശ്മശാനത്തിലൊടുങ്ങിയതായി കണക്കാക്കപ്പെടുന്നു. ഭീതിദമായ ഇത്തരം ദുരന്തങ്ങളിൽനിന്ന് പർവതപ്രദേശങ്ങളിലെ ജനതയെ സംരക്ഷിക്കാൻ എന്തുചെയ്യാൻ കഴിയും?
ഹിമപ്രവാഹത്തിന് തടയിടാനാകുമോ?
ചിലതൊക്കെ തടയാനാകും. മറ്റു ചിലത് തടയുക അസാധ്യമാണ്. കാലാവസ്ഥ പങ്കുവഹിക്കുന്ന ഹിമപ്രവാഹങ്ങൾ തടയുക സാധ്യമല്ല. മഴവെള്ളം മേൽക്കൂരയിൽനിന്നു താഴേക്കു പതിക്കുന്നതുപോലുള്ള ഒരു സ്വാഭാവിക പ്രതിഭാസമാണവ, ഋതുപരിവൃത്തിയുടെ സ്വാഭാവിക പരിണതഫലം. എന്നിരുന്നാലും, ഇത്തരം ഹിമപ്രവാഹങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഗവൺമെന്റ് അധികാരികൾ അനുഭവത്തിൽനിന്ന് ചിലതു പഠിക്കുകയുണ്ടായി. അപകടമേഖലകളിൽ വീടുകൾ നിർമിക്കുന്നത് നിരോധിക്കുക, ഗതാഗതപാതകൾ സംരക്ഷിക്കാൻ തുരങ്കങ്ങളോ ഗാലറികളോ പണിയുക എന്നിവ. എന്നാൽ ചില ഹിമപ്രവാഹങ്ങൾ തടയാനാകും. ഉദാഹരണത്തിന്, മുന്നറിയിപ്പുകളും വിലക്കുകളും അതിലംഘിച്ച് കടക്കുന്ന, അതിസാഹസികരായ സ്കീയിങ്ങുകാരെ പോലെയുള്ള വിവേകശൂന്യരായ ആളുകൾ മൂലമുണ്ടാകുന്നവ.
മുൻകാല അനുഭവങ്ങൾ കരുതൽ നടപടികളെടുക്കാൻ സ്വിറ്റ്സർലൻഡ് ഗവൺമെന്റിനെ പ്രേരിപ്പിച്ചു. 1931-ൽ ഒരു സ്വിസ്സ് ഗവേഷക കമ്മീഷൻ സ്ഥാപിതമായി. 1936-ൽ ധീരരായ ഗവേഷകരുടെ ആദ്യസംഘം ഡാവോസ് പട്ടണത്തിനു മുകളിലെ വൈസ്ഫ്ളൂയോച് പ്രദേശത്ത് 2,690 മീറ്റർ ഉയരത്തിൽ ശാസ്ത്രീയ പഠനങ്ങൾ ആരംഭിച്ചു. പിന്നീട് 1942-ൽ മഞ്ഞിനെയും ഹിമപ്രവാഹത്തെയും കുറിച്ചു ഗവേഷണം നടത്തുന്ന സ്വിസ്സ് ഫെഡറൽ ഇൻസ്റ്റിസ്റ്റ്യൂട്ട് സ്ഥാപിതമായി. അവിടത്തെ പർവതങ്ങളിൽ പല സ്ഥലങ്ങളിലായി മറ്റു പല ആധുനിക നിരീക്ഷണശാലകൾ സ്ഥാപിച്ചു. ഈ സ്ഥാപനങ്ങൾ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മുൻകൂട്ടിക്കാണാൻ സഹായിക്കുകയും തുറസ്സായ പർവതച്ചെരിവുകളിൽ ഹിമപ്രവാഹത്തിനു സാധ്യതയുണ്ടെന്ന് കൂടെക്കൂടെ മുന്നറിയിപ്പു മുഴക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെ ആയിരുന്നാലും, നിനച്ചിരിക്കാതെ കാലാവസ്ഥയുടെ മുഖംകറുക്കുമ്പോൾ ദുരന്തം പാഞ്ഞടുക്കാനിടയുണ്ട്, അപകടസാധ്യതകൾ പൂർണമായും ഒഴിവാക്കാനാവില്ല. അതുകൊണ്ട്, അപകടമേഖലയിൽ താമസിക്കുന്നവരും ശീതകാലത്ത് പർവതപ്രദേശങ്ങളിൽ അവധിക്കാലമോ വാരാന്തമോ ചെലവഴിക്കാനെത്തുന്നവരും ആയ എല്ലാ ആളുകളും ഹിമപ്രവാഹത്തിനു കാരണമാകുന്നതൊന്നും ചെയ്യാതിരിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി ബോധവാന്മാരായിരിക്കണം. വിമാനം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങളോ മുമ്പു വിചാരിച്ചിരുന്നതുപോലെ മനുഷ്യശബ്ദമോ ഹിമപ്രവാഹങ്ങൾക്ക് ഇടയാക്കുന്നില്ലെന്ന് ഫ്രാൻസിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കുകയുണ്ടായി.
ഗവൺമെന്റിന്റെ സംരക്ഷണ നടപടികൾ
പർവതപ്രദേശങ്ങളിൽ വാസമുറപ്പിച്ച ജനതകൾ താമസിയാതെതന്നെ ഹിമപ്രവാഹങ്ങളുടെ അപകടം തിരിച്ചറിഞ്ഞു. പാർപ്പിടങ്ങളെ ഹിമപ്രവാഹത്തിൽനിന്നു സംരക്ഷിക്കാൻ താമസസ്ഥലത്തിനു മുകൾഭാഗത്തുള്ള പർവതച്ചെരിവുകളിൽ അവർ വനങ്ങൾ വെച്ചുപിടിപ്പിച്ചു, അവിടെ വളരുന്ന മരങ്ങളും സസ്യജാലങ്ങളും വെട്ടിമാറ്റുന്നത് നിരോധിച്ചിരുന്നു. ഇത്തരം സംരക്ഷണം പലപ്പോഴും ഫലപ്രദമായിരുന്നു, പ്രാദേശിക അധികാരികൾ ഈ വനങ്ങളെ ഇപ്പോഴും സംരക്ഷിക്കുന്നത് അതിന്റെ തെളിവാണ്. ഹിമപ്രവാഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന പ്രകൃത്യായുള്ള ഏറ്റവും നല്ല പ്രതിരോധമാണിത്. എന്നാൽ വനം നിബിഡമായിരിക്കണം, ഓരോ 2.5 ഏക്കറിലും പല ഇനങ്ങളിൽപ്പെട്ട പുതിയതും പഴയതുമായ നൂറുകണക്കിനു മരങ്ങൾ ഉണ്ടായിരിക്കുകയും വേണമെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
അടുത്ത കാലങ്ങളിൽ എഞ്ചിനീയർമാർ കോൺക്രീറ്റിൽ ഉറപ്പിച്ച ലോഹവേലികൾ തീർക്കുകയുണ്ടായി. മഞ്ഞുപാളികൾ അടർന്ന് ഹിമപ്രവാഹമാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ, ആദ്യത്തെ വൃക്ഷനിരകൾക്കും മുകളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം വേലികൾ നാലുമീറ്റർ ഉയരത്തിൽവരെ പണിയാനാകും, എന്നാൽ എല്ലാ പർവതച്ചെരിവുകളിലും ഇവ സ്ഥാപിക്കുക അത്യന്തം ചെലവേറിയതാണ്. കെട്ടിടങ്ങളെ അടിത്തറയോടെ പിഴുതെടുക്കുന്നതു തടയാനായി ഹിമപ്രവാഹത്തിന്റെ ശക്തികുറയ്ക്കാൻ പർവതച്ചെരിവുകളുടെ അടിഭാഗത്ത് പാറകളുടെയും മണ്ണിന്റെയും വൻ കൂമ്പാരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. താഴ്വരകളിലുള്ള ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും പാഞ്ഞുകയറി നാശംവിതയ്ക്കാതെ ഹിമപ്രവാഹത്തെ വഴിതിരിച്ചുവിടാൻ ഇവയ്ക്കു കഴിയും. മറ്റൊരു തരം പ്രതിരോധമാണ് V ആകൃതിയിലുള്ള മൺഭിത്തികൾ. രണ്ടുമീറ്റർ കനവും അഞ്ചുമീറ്റർ ഉയരവും ഇതിനുണ്ട്. V-യുടെ കൂർത്തഭാഗം മുകളിലോട്ട് ആയിരിക്കും. ഒരു ഹിമപ്രവാഹത്തെ രണ്ടായി വിഭജിച്ച് ഇരുവശത്തേക്കും തിരിച്ചുവിടാൻ ഇതു സഹായിക്കുന്നു. V-യുടെ രണ്ട് വശങ്ങൾക്കും 90-ഓ, 120-ഓ മീറ്റർ നീളമുണ്ടായിരിക്കും, പട്ടണങ്ങളെ ഒന്നാകെ സംരക്ഷിക്കാൻ ഇതിനു കഴിയും. എന്നാൽ, താഴ്വരയിലെ പ്രധാന റോഡുകളും റെയിൽപ്പാതകളും അപകടവിമുക്തമാക്കാൻ ഏറ്റവും ചെലവേറിയതെങ്കിലും ഉത്തമമായ മാർഗം തടി, സ്റ്റീൽ, കോൺക്രീറ്റ് തുടങ്ങിയവകൊണ്ടുള്ള തുരങ്കങ്ങളോ ഗാലറികളോ നിർമിക്കുക എന്നതാണ്.
കനത്ത ഹിമശേഖരങ്ങളെ വിഭജിക്കുന്നതാണ് മറ്റൊരു മാർഗം. ഉദാഹരണത്തിന്, ഓരോ ശൈത്യകാലത്തും പട്ടണങ്ങളിൽ റോന്തുചുറ്റുന്ന കനേഡിയൻ പട്ടാളം മഞ്ഞിൽ വെടിയുതിർക്കാറുണ്ട്. ട്രാൻസ്-കാനഡ ഹൈവേ അവർ സംരക്ഷിക്കുന്നത് ഈ വിധത്തിലാണ്. ഒരു ഹിമപ്രവാഹമായി രൂപംകൊണ്ട് റോഡ് മൂടിപ്പോകുന്നതിനു മുമ്പ് അവർ ഹിമപാളികൾ വെടിയുതിർത്ത് പൊട്ടിക്കുന്നു. ഒരു പരിധിവരെ സ്വിറ്റ്സർലൻഡിലും ഈ രീതി അവലംബിക്കാറുണ്ട്. ദുർഘടമായ പർവതച്ചെരിവുകളിൽ ഹെലിക്കോപ്റ്ററുകളിൽനിന്നു വെടിയുതിർക്കുകയോ സ്ഫോടകവസ്തുക്കൾ ഇട്ട് പൊട്ടിക്കുകയോ ചെയ്ത് ഉറഞ്ഞ മഞ്ഞിനെ അയവുള്ളതാക്കുന്നു.
ഹിമപ്രവാഹത്തിൽനിന്നു രക്ഷനേടൽ
പർവതച്ചെരിവുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നടക്കുമ്പോൾ സ്കീയിങ്, ഹൈക്കിങ് എന്നിവയ്ക്കായി പോകുന്നവർ അതു കഴിയുന്നതുവരെ കാത്തുനിൽക്കേണ്ടതുണ്ട്. മുന്നറിയിപ്പുകളൊന്നും ഒരിക്കലും അവഗണിക്കരുത്! സ്കീയിങ്ങിൽ എത്ര പ്രഗത്ഭനാണെങ്കിലും കുഴമഞ്ഞിൽ മൂടിപ്പോകാൻ നിമിഷങ്ങൾ മതിയെന്നോർക്കുക. ഒരു ഹിമപ്രവാഹത്തിൽ നിങ്ങൾ അകപ്പെട്ടുപോയെങ്കിൽ പരിഭ്രമിക്കരുത്! ഒരു സമുദ്രത്തിൽ നീന്തുന്നതുപോലെ ചലിച്ചുകൊണ്ടിരിക്കുക എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. അങ്ങനെയാകുമ്പോൾ ആണ്ടുപോകാതെ നിങ്ങൾ പ്രവാഹത്തിന്റെ പ്രതലത്തിൽത്തന്നെ ആയിരിക്കും. അല്ലെങ്കിൽ ഒരു കൈ തലയ്ക്കു മീതെ കഴിയുന്നത്ര ഉയർത്തിപ്പിടിക്കുക, രക്ഷാപ്രവർത്തകർക്ക് നിങ്ങളെ കണ്ടെത്താൻ അതു സഹായകമാകും. മറ്റേ കൈകൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുക. 30 മിനിട്ടിലധികം ഹിമപ്രവാഹത്തിൽ കുടുങ്ങിപ്പോകുന്നവരിൽ പകുതിയോളമേ അതിജീവിക്കുന്നുള്ളൂ എന്നാണ് രക്ഷാപ്രവർത്തകരുടെ കണക്കുകൾ കാണിക്കുന്നത്. ഇന്ന് സ്കീയിങ്ങുകാരിൽ ചിലർ ബാറ്ററിയിട്ടു പ്രവർത്തിപ്പിക്കുന്ന ട്രാൻസ്മിറ്റർ പോലുള്ള ആപത്സൂചന നൽകുന്ന ഉപകരണങ്ങൾ കൂടെക്കൊണ്ടുപോകുന്നു. ഉയരംകൂടിയ പ്രദേശങ്ങളിൽ വെളുത്തമരണം എപ്പോഴും പതിയിരിക്കുന്നതിനാൽ അതിൽ അകപ്പെട്ടുപോകുന്നവരെ രക്ഷിക്കാനുള്ള സത്വരനടപടികൾ അനിവാര്യമാണ്.
നൂറ്റാണ്ടുകളായി ആഗസ്റ്റീനിയൻ സന്ന്യാസിമാർ സ്വിസ്സ് ആൽപ്സിൽ സെയിന്റ് ബർണാർഡ് നായ്ക്കളെ വളർത്തിയിരുന്നു. ഇവ രക്ഷാപ്രവർത്തനത്തിന് പേരുകേട്ടവയായിരുന്നു. കനത്തിൽ വീണുകിടക്കുന്ന കുഴമഞ്ഞിലൂടെ നടക്കാനും തുളഞ്ഞുകയറുന്ന ശീതക്കാറ്റും മരംകോച്ചുന്ന തണുപ്പും ചെറുക്കാനും ഉള്ള ഓജസ്സും കരുത്തും ഈ നായ്ക്കൾക്ക് ഉണ്ടായിരുന്നു. അപാരമായ ദിശാബോധവും മനുഷ്യനു തിരിച്ചറിയാനാവാത്ത ശബ്ദവും ചലനവും നിഷ്പ്രയാസം തിരിച്ചറിയാനുള്ള കഴിവും ഇവയ്ക്കുണ്ടായിരുന്നു. ഈ നായ്ക്കൾ നൂറുകണക്കിനു ജീവൻ രക്ഷിച്ചിട്ടുണ്ട്. കഴുത്തിൽ ബ്രാണ്ടിനിറച്ച പാത്രവുമായി നിൽക്കുന്നതായാണ് ഇവയെ സാധാരണ ചിത്രീകരിക്കുന്നതെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്കായി ഈ നായ്ക്കൾ അവ ചുമന്നുകൊണ്ടുപോയിരുന്നില്ല. ഇന്ന് ജർമൻ ഷെപ്പേർഡ് എന്ന ഇനത്തെയാണ് കൂടുതലും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്, മറ്റുചില ഇനങ്ങളെയും പരിശീലിപ്പിച്ചു വരുന്നുണ്ട്. കൂടാതെ ഇലക്ട്രോണിക് സഹായവും ഒപ്പം രക്ഷാപ്രവർത്തകരുടെ ശ്രദ്ധാപൂർവക ശ്രമവും നിരവധി ജീവൻ രക്ഷിക്കാൻ ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു. എന്നാൽ ഈ രീതികൾക്കൊന്നും പരിശീലനം കിട്ടിയ നായ്ക്കളുടെ പ്രാപ്തിയോടു കിടപിടിക്കാനാവില്ല.
“പറക്കും പക്ഷേ ചിറകില്ല, അടിക്കും പക്ഷേ കൈയില്ല, കാണും പക്ഷേ കണ്ണില്ല,” ഈ കടങ്കഥയുടെ ഉത്തരം നന്നായി മനസ്സിലായില്ലേ? അതേ, അമ്പരപ്പിക്കുന്ന പ്രകൃതി ശക്തികളുടെ ഭയാനകമായൊരു പ്രകടനമാണ് ഈ ദൃശ്യപ്രതിഭാസം. വെളുത്ത വ്യാളികൾ നിസ്സാരരല്ല.
[19-ാം പേജിലെ ആകർഷക വാക്യം]
ഹിമപ്രവാഹത്തിൽ അകപ്പെട്ടാൽ ഒരു സമുദ്രത്തിൽ നീന്തുന്നതുപോലെ ചലിച്ചുകൊണ്ടിരിക്കുക
[18-ാം പേജിലെ ചിത്രം]
ബ്രാണ്ടിനിറച്ച പാത്രവുമായി നിൽക്കുന്നതായാണ് ഇവയെ സാധാരണ ചിത്രീകരിക്കുന്നത്. എങ്കിലും രക്ഷാപ്രവർത്തനങ്ങൾക്കായി ഈ നായ്ക്കൾ അവ ചുമന്നുകൊണ്ടുപോയിരുന്നില്ല
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
AP Photo/Matt Hage