ബൈബിൾ പഠനം മൃഗശാലയിൽ!
കുറച്ചു നാളുകൾക്കു മുമ്പ് ഞങ്ങളുടെ വാരം തോറുമുള്ള ഭവനബൈബിൾചർച്ചക്കു വേണ്ടി ഒട്ടൊരസാധാരണമായ ഇടമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. നെതർലൻഡ്സിലെ ഞങ്ങളുടെ വീടിനടുത്തുള്ള എമ്മൻ മൃഗശാല ആയിരുന്നു അത്. അതിനു വളരെ നല്ലൊരു കാരണമുണ്ടായിരുന്നു. കാരണം നിങ്ങൾക്കു വളരെ വേഗം വ്യക്തമാകും.
ലോകത്തെമ്പാടുമുള്ള പല ക്രിസ്തീയ കുടുംബങ്ങളെയും പോലെ ഞങ്ങൾക്കും ഒരു പ്രതിവാര ഭവനബൈബിളധ്യയനം ഉണ്ട്. ഈ അധ്യയനസമയത്ത്, ബൈബിളിൽ നല്ലതും ചീത്തയുമായ ഗുണങ്ങളുടെ പ്രതീകമായി ഉപയോഗിച്ചിട്ടുള്ള മൃഗങ്ങളെക്കുറിച്ചു ഞങ്ങൾ മിക്കപ്പോഴും വായിക്കാറുണ്ട്. ഞങ്ങൾക്ക് ഈ മൃഗങ്ങളെക്കുറിച്ചു മെച്ചമായി അറിയാൻ സാധിക്കുമോയെന്നു ഞങ്ങൾ ആലോചിക്കുകയും ഇതിനു വേണ്ടി ഭവനം ഒത്തൊരുമിച്ചു പ്രയത്നിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തു. ഭവനത്തിലെ ഓരോ അംഗത്തിനും പ്രത്യേകം മൃഗങ്ങളെ നിയമിച്ചു കൊടുക്കുകയും, മൃഗത്തെക്കുറിച്ചുള്ള വിവരങ്ങൾ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയൻറിട്ട വാല്യങ്ങൾ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ തിരയുന്നതിന് ആവശ്യപ്പെടുകയും ചെയ്തു!
ഞങ്ങൾ എമ്മൻ മൃഗശാലയുടെ പ്രവേശനദ്വാരത്തോടടുക്കുംതോറും ഞങ്ങളുടെ മക്കളായ മേരിക്ലെർ, കേരിസ, പപ്പെയ്ൻ എന്നിവരുടെ നയനങ്ങൾ പ്രതീക്ഷയോടെ തിളങ്ങുകയാണ്. മുതലകൾ, കരടികൾ, വരയൻകുതിരകൾ, ഉറുമ്പുകൾ, ഒരുപക്ഷേ ഞങ്ങൾ ബൈബിളിൽ വായിച്ചിട്ടുള്ളതിനെക്കാളധികം മൃഗങ്ങളെ ഞങ്ങളിപ്പോൾ കാണാൻ പോവുകയാണ്. എന്നാൽ ആദ്യംതന്നെ ഞങ്ങൾ അസാധാരണമായ ഈ മൃഗശാലയെക്കുറിച്ചു നിങ്ങളോടു പറയാം.
കൂടുകളില്ല, അഴികളില്ല
ഡച്ചിൽ, നോർഡെർ ഡീറെൻപാർക്ക് എന്നു വിളിക്കപ്പെടുന്ന എമ്മൻ മൃഗശാല ആധുനിക പദ്ധതികളനുസരിച്ചു സംവിധാനം ചെയ്തിട്ടുള്ള വളരെ സവിശേഷമായ ഒരു മൃഗശാലയാണ്. കൂടുകളിലോ അഴികൾക്കു പിന്നിലോ ആയി യാതൊരു മൃഗത്തെയും നിങ്ങളിവിടെ കാണുകയില്ല. പ്രത്യുത, മൃഗങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലവുമായി കഴിയുന്നത്രയും അടുത്ത സാദൃശ്യമുള്ള ഒരു പരിതഃസ്ഥിതിയിലേക്കു കൊണ്ടുവരുന്നതിനു വേണ്ടതെല്ലാം എമ്മനിൽ ചെയ്തിട്ടുണ്ട്. “മൃഗത്തിനു പകരം സന്ദർശകനാണ് ഒരു വേലിക്കെട്ടിനു പുറകിൽ,” മൃഗശാലയിലെ ജൈവജ്ഞൻമാരിലൊരാളായ വിജ്ബ്രെൻ ലെൻറ്മാൻ ചിരിച്ചുകൊണ്ടു പറയുന്നു.
“മൃഗങ്ങളെ അവയുടെ ജാതിയനുസരിച്ചല്ല, മറിച്ച് അവയുടെ ഉത്ഭവസ്ഥാനമനുസരിച്ചാണു ക്രമപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് നിങ്ങളിവിടെ കാണുന്ന ആഫ്രിക്കൻ പുൽത്തകിടിയിൽ, വനത്തിൽ ഒരുമിച്ചു ജീവിക്കുന്ന മൃഗങ്ങളിൽ കഴിയുന്നത്രയും എണ്ണത്തിനെ ഒരുമിച്ചാക്കിയിരിക്കുന്നത്.” കൂടാതെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, ആറു മീറ്ററോളം വളരാൻ കഴിയുന്ന കഴുത്തുനീണ്ട ജിറാഫുകളെ നമ്മളിവിടെ കാണുന്നു. കലമാൻ, ഇംപാലകൾ, വരയൻകുതിരകൾ, കുതിരമാൻ, ആഫ്രിക്കൻമാൻ, ഏതാനും കാണ്ടാമൃഗങ്ങൾ എന്നിവയോടൊപ്പമാണ് അവയെ ആക്കിയിരിക്കുന്നത്.
എന്നാൽ വിജ്ബ്രെന് ആഫ്രിക്കൻ പുൽത്തകിടിയെക്കുറിച്ച് ഇനിയും കൂടുതൽ ഞങ്ങളോടു പറയാനുണ്ട്: “ഇവിടെ ധാരാളം സ്ഥലമുള്ളതു കാരണം തങ്ങളെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്ന് മൃഗങ്ങൾക്കൊരിക്കലും തോന്നുകയില്ല. എന്നാലും ഞങ്ങൾ ചില രക്ഷാമാർഗങ്ങൾ കൂടെ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ള ആ വലിയ കല്ലുകൾ നിങ്ങൾ കാണുന്നുണ്ടോ? കാണ്ടാമൃഗങ്ങളിൽ നിന്നുള്ള ശല്ല്യമില്ലാതെ കലമാനിന് അവയ്ക്കിടയിലായി വിശ്രമിക്കാവുന്നതാണ്. അവിടെയായി കാണുന്ന ആ കുന്ന്, പരസ്പരം തീരെ കാണാൻ സാധിക്കാത്ത ഒരിടത്തേക്ക് എത്തിപ്പെടാൻ മൃഗങ്ങളെ സഹായിക്കുന്നു. എന്നാൽ മിക്കപ്പോഴും വളരെ കഷ്ടിച്ചാണ് മൃഗങ്ങൾ പരസ്പരസാന്നിധ്യം അറിയുന്നത്. ആയിരക്കണക്കിനു വർഷങ്ങൾ ആഫ്രിക്കയിലുള്ള തങ്ങളുടെ വാസസ്ഥലം അവ പങ്കിട്ടിട്ടുള്ളതുകൊണ്ട് ഇതു വാസ്തവത്തിൽ അത്ഭുതപ്പെടുത്തുന്നില്ല.”
ദാഹാർത്തരായ വരയൻ കുതിരകൾ
“നോക്കൂ! വരയൻകുതിരകൾ!” കേരിസ ആകെ ഉത്സാഹത്തിലാണ്. അവൾ വരയൻ കുതിരകളെപ്പറ്റി രസകരമായ ചില ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. “വെറും 40-50 മീറ്ററുകൾ മാത്രം അകലെയാണെങ്കിലും കൂർമദൃഷ്ടിയുള്ള സ്വദേശികൾക്കു പോലും അവയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കില്ല. വരയൻ കുതിരയുടെ വരകൾ അവയുടെ രൂപത്തിന്റെ ആകൃതിയും യോജിപ്പും അത്രമാത്രം വികലമാക്കുന്നു എന്നതാണ് അതിനുള്ള കാരണം. വരയൻ കുതിരകളുടെ കൂർമതയുള്ള, കാഴ്ചശക്തിയും ഘ്രാണശക്തിയും അതുപോലെതന്നെ—മണിക്കൂറിൽ 60 കിലോമീറ്ററിലധികം—വേഗതയിൽ ഓടാനുള്ള അവയുടെ കഴിവും മാംസഭുക്കുകളായ മൃഗങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിന് ഉതകുന്നു. സങ്കീർത്തനം 104:11 [NW] പറയുന്നതു പോലെ വരയൻ കുതിരകൾ ‘ക്രമമായി തങ്ങളുടെ ദാഹം ശമിപ്പിക്കുന്നു.’ അതുകൊണ്ടു ജലാശയത്തിൽ നിന്നും എട്ടു കിലോമീറ്ററിലധികം അകലത്തിൽ അവയെ കാണുന്നത് അപൂർവമാണ്.” എന്നിട്ട് അവൾ ഇപ്രകാരം കൂട്ടിച്ചേർത്തു: “അതുപോലെ നാമും സഭയോടടുത്തു സഹവസിക്കുകയും ബൈബിൾ പഠിക്കുകയും യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്തുകൊണ്ടു നമ്മുടെ ആത്മീയദാഹം ശമിപ്പിക്കണം.”
ഞങ്ങൾ ആഫ്രിക്കൻ പുൽത്തകിടി വിട്ട് ഭൂമിയിലെ എറ്റവും വലിപ്പമേറിയ ഇരപിടിയൻമാരിലൊന്നായ കൊഡയാക് കരടിയെ ലക്ഷ്യമാക്കി നടക്കുന്നു. കരടികളിൽ വെച്ച് ഏറ്റവും വലിപ്പമേറിയ ഇവയ്ക്കു മൂന്നു മീറ്റർ വരെ വളരാനും 780 കിലോഗ്രം വരെ തൂക്കം വെയ്ക്കാനും സാധിക്കും. അവയുടെ വളപ്പുശാല കഴിയുന്നത്ര പ്രകൃതിസ്ഥമാക്കുന്നതിനു വേണ്ടി, ഭീമാകാരമായ പാറക്കല്ലുകളാലും അരുവികളാലും അവിടം മനോഹരമായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു. ബൈബിൾ കാലങ്ങളിൽ ഇസ്രായേലിൽ ജീവിച്ചിരുന്ന തവിട്ടുനിറമുള്ള സിറിയൻ കരടിയുടെ മൂത്ത ജ്യേഷ്ഠനാണ് കൊഡയാക് കരടി. മേരിക്ലെർ കണ്ടെത്തിയതുപോലെ കരടികൾ വൈവിധ്യമാർന്ന ഒരു ആഹാരരീതി പുലർത്തുന്നു. അവ ഇലകൾ, സസ്യവേരുകൾ, പഴങ്ങൾ, കായ്കൾ, അണ്ടിപ്പരിപ്പ്, മുട്ടകൾ, ചെറുപ്രാണികൾ, മത്സ്യം, എലിവർഗം, കൂടാതെ സമാനമായ മറ്റുള്ളവയും തിന്നു ജീവിക്കുന്നു. മാത്രമല്ല, അവയ്ക്കു തേനിനോട് ഒരു പ്രത്യേക താത്പര്യമുണ്ട്. പുരാതന ഇസ്രായേലിൽ കരടിയുടെ ശാപ്പാടിലെ സസ്യവസ്തുക്കൾക്കു ക്ഷാമമനുഭവപ്പെട്ടാൽ, ഇടയൻമാർക്ക് അവയുടെ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടായിരുന്നു. തന്റെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതിനു വേണ്ടി ദാവീദിനു തന്റെ യൗവ്വനത്തിൽ ഒരു കരടിയുടെ ആക്രമണത്തെ നിർഭയം നേരിടേണ്ടി വന്നിട്ടുണ്ട്.—1 ശമൂവേൽ 17:34-37.
“അതിന്റെ മൂക്കിൽ നിന്നു പുക പുറപ്പെടുന്നു”
ഞങ്ങൾക്കു നിശ്ചയമായും കാണേണ്ട മൃഗങ്ങൾ ഇനിയുമുണ്ട്. കഴിഞ്ഞദിവസത്തെ ബൈബിളധ്യയനത്തിൽ ഞങ്ങൾ “മഹാനക്രം” എന്ന മുതലയെക്കുറിച്ചു വായിച്ചു. ആദ്യം പപ്പെയ്ൻ അതിനെ ‘ഒരു മത്സ്യം, എന്നാൽ വളരെ വലിയ ഒന്നാ’യി വിശേഷിപ്പിച്ചു! മുതലകൾ താപവ്യതിയാനങ്ങൾക്കു വളരെ വേഗം വശംവദരാകുന്നതുകൊണ്ട്, ഉഷ്ണമേഖലയിലെ കാലാവസ്ഥ നിലനിർത്തിപ്പോരുന്ന ആഫ്രിക്കൻ ഹൗസിലാണ് അവയെ താമസിപ്പിച്ചിരിക്കുന്നത്. അകത്തു കടക്കുമ്പോൾ ചൂടും ഈർപ്പവും പെട്ടെന്നു നമ്മുടെ മേൽ വന്നടിക്കുകയും, കണ്ണടകളെല്ലാം ആവി കൊണ്ടു മങ്ങുകയും ചെയ്യും. കൂടാതെ ഇരുട്ടുമായി നമുക്കു പരിചയമാകണം. മരം കൊണ്ടുള്ള തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ പാലത്തിന്റെ ഇരുവശവുമുള്ള ചെളിക്കുണ്ടുകൾക്കു കാവൽ കിടക്കുന്നതു പോലെ തോന്നുന്ന രണ്ടു കൂറ്റൻ മുതലകൾക്കു മുഖാമുഖമായി നമ്മൾ വന്നെത്തുന്നു. അവ തീർത്തും ചലനരഹിതരായി കിടന്നതു മൂലം “അവ കൃത്രിമ മുതലകളാണ്” എന്നു പറയാൻ പപ്പെയ്ൻ പ്രേരിതനായി.
നിലവിലുള്ള വലിപ്പമേറിയ ഇഴജന്തുക്കളിൽപ്പെട്ടതാണു മുതലകൾ. ചിലത് ആറു മീറ്റർവരെ നീളവും 900 കിലോഗ്രാംവരെ തൂക്കവും വെയ്ക്കും. അവയുടെ താടിയെല്ലുകളുടെ ശക്തി വിസ്മയിപ്പിക്കത്തക്കതാണ്—50 കിലോഗ്രാം തൂക്കമുള്ള താരതമ്യേന ചെറിയ ഒരു മുതലക്കു പോലും 700 കിലോഗ്രാമിലധികം ഭാരത്തിനു തുല്യമായ ബലം ചെലുത്താൻ സാധിക്കും. നിമജ്ജനവേളക്കുശേഷം ഒരു മുതല പൊങ്ങിവരുമ്പോൾ ദ്രുതഗതിയിൽ ഉച്ഛ്വസിക്കപ്പെടുന്ന വായു അതിന്റെ മൂക്കിലൂടെ ഒരു സ്പ്രേ പോലെ ചീറ്റിയേക്കാം. പ്രഭാതസൂര്യന്റെ പ്രകാശത്തിൽ ഇത് ഇയ്യോബിന്റെ പുസ്തകം വിവരിക്കുന്ന പ്രകാരമുള്ള ‘വെളിച്ചത്തിന്റെ ഒളിമിന്നലുകളും’ ‘അതിന്റെ മൂക്കിൽ നിന്നും പുറപ്പെടുന്ന പുക’യുമായിരിക്കാം.—ഇയ്യോബ് 41:1, 18-21.
“സർപ്പങ്ങളെപ്പോലെ ജാഗ്രതയുള്ളവർ”
മുതലകളെ വിട്ടു നമ്മൾ പോരുമ്പോൾത്തന്നെ, ബൈബിളിൽ കാമ്യവും അല്ലാത്തതുമായ ഗുണങ്ങളുടെ പ്രതീകമായി ഉപയോഗിച്ചിരിക്കുന്ന ഒരു ജന്തുവിന്റെ വിവിധതരത്തിലുള്ള മാതൃകകൾ—ഭാഗ്യവശാൽ കണ്ണാടിപ്പലകകൾക്കു പുറകിലായി—ഇരുട്ടത്തു നാം കാണുന്നു. ബൈബിളിൽ പേരെടുത്തു പറഞ്ഞിരിക്കുന്ന ആദ്യത്തെ ജീവിയായ പാമ്പിനെക്കുറിച്ചാണു നമ്മൾ സംസാരിക്കുന്നത്. (ഉല്പത്തി 3:1) ചെന്നായ് സമാനരായ വിരോധികളുടെ ഇടയിലുള്ള തങ്ങളുടെ നടപ്പിനെ സംബന്ധിച്ചു തന്റെ ശിഷ്യൻമാരെ പ്രബോധിപ്പിക്കവേ യേശു ഇവയുടെ ജാഗ്രതയെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചു. (മത്തായി 10:16) എന്നാൽ തീർച്ചയായും 2 കൊരിന്ത്യർ 11:3-ൽ സർപ്പത്തെപ്പോലെ ചതിയനും സൂത്രശാലിയുമായി വിവരിച്ചിരിക്കുന്ന ‘പഴയ പാമ്പാ’യ, പിശാചായ സാത്താനുമായുള്ള ബന്ധത്തിലാണു സർപ്പത്തെ സാധാരണ തിരിച്ചറിയിക്കുന്നത്.—വെളിപ്പാട് 12:9
“ഉറുമ്പിന്റെ അടുക്കൽ ചെല്ലുക, . . . ബുദ്ധിപഠിക്ക”
ഇലകൾ വെട്ടുന്ന ഉറുമ്പുകളുടെ മൂന്നു കോളനികൾ ഉൾക്കൊള്ളുന്ന വലിയ പുറ്റ് ഒരു മൃഗശാലയിലെ പ്രതീക്ഷിക്കാത്ത കാഴ്ചയാണ്. ഇവർ ഉറുമ്പുകൾക്കിടയിലെ തോട്ടക്കാരാണ്. ഒരു കണ്ണാടിപ്പലകക്കു പിന്നിലായി നമുക്കു കോളനി കാണാം; ഈ ചെറിയ ജീവികളുടെ ജീവിതരീതി പഠിക്കാൻ ഇതു നമ്മെ സഹായിക്കുന്നു. ശുഷ്കാന്തിയുടേയും സഹജജ്ഞാനത്തിന്റേയും ഉദാഹരണമായി അവയെ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഉറുമ്പുകൾ നമ്മിൽ താത്പര്യമുളവാക്കുന്നു.—സദൃശവാക്യങ്ങൾ 6:6.
വിജ്ബ്രെൻ ലെൻറ്മാൻ ഒരു പ്രാണിവിദഗ്ധനാണ്. അദ്ദേഹം വിവരിക്കുന്നു: “ഒരേകദേശ കണക്കനുസരിച്ച് 100 കോടിയുടെ പത്തുലക്ഷം ഇരട്ടി ഉറുമ്പുകൾ ഭൂമിയുടെ ഉപരിതലത്തിൽ കഠിനാധ്വാനം ചെയ്യുന്നു. ഓരോ മനുഷ്യനും 2,00,000 ഉറുമ്പുകളിൽ കുറയാതെ ഉണ്ടെന്നു സാരം! ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി ചിതറിക്കിടക്കുന്ന 15,000 ഇനങ്ങളിൽ പരസ്പര സാമ്യമുള്ള ഒന്നുപോലുമില്ല. അവയെല്ലാം വ്യത്യസ്ത തരത്തിലുള്ള കൂടുകളുണ്ടാക്കുകയും വ്യത്യസ്ത തരത്തിലുള്ള ആഹാരം ഭക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അവ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് ഏറെക്കുറെ ഒരേ രീതിയിൽ തന്നെയാണ്.
മനുഷ്യർ കൂണുകൾ കൃഷിചെയ്യുന്നതു പോലെ ഉറുമ്പുകൾ ഭക്ഷ്യയോഗ്യമായ പൂപ്പൽ കൃഷിചെയ്യുന്നു. നിങ്ങൾ കാണുന്നതു പോലെ ഈ കൃഷി നടക്കുന്നതു ഭൂമിക്കടിയിലാണ്. എന്നാൽ പൂപ്പലിനുള്ള ഭക്ഷണം വരുന്നത് ഉപരിതലത്തിൽ നിന്നാണ്. വേലക്കാരായ ഉറുമ്പുകൾ ദിവസം മുഴുവനും ഉത്സാഹത്തോടെ തങ്ങളുടെ കൂടുകളിലേക്ക് ഇലകൾ ചുമന്നുകൊണ്ടു പോകുന്നു. അവ ഒരു മരത്തിന്മേലോ കുറ്റിച്ചെടിയിന്മേലോ കയറി ഒരില തിരഞ്ഞെടുക്കുന്നു. അതിനുശേഷം അവയുടെ വായ് ഒരു കത്രിക പോലെ ഉപയോഗിച്ച് ദ്രുതഗതിയിൽ ഇലയിൽ നിന്നും അർധവൃത്താകൃതിയിലുള്ള തുണ്ടുകൾ മുറിച്ചെടുക്കുകയും അവ ഒരു കൈക്കുട പോലെ അവയുടെ തലക്കു മീതെ പിടിച്ചു കൂട്ടിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. അങ്ങനെ അവയ്ക്കു കുടചൂടിയ ഉറുമ്പുകൾ എന്ന മറുപേർ കൂടെയുണ്ട്. തെക്കേ അമേരിക്കയിലും മധ്യഅമേരിക്കയിലും ദ്രുതഗതിയിലാണ് ഈ വെട്ടൽ നടക്കുന്നത്. ഒരു മരത്തേയോ കുറ്റിച്ചെടിയേയോ അവ മണിക്കൂറുകൾക്കുള്ളിൽ ഉരിയുന്നു. അവയ്ക്കവിടെ വലിയ ജനപ്രീതി ലഭിക്കാത്തതിൽ അത്ഭുതപ്പെടാനില്ല! കൂട്ടിലെ മറ്റു ജോലിക്കാർ അരയ്ക്കുന്നതിനു മുമ്പായി ഇലത്തുണ്ടുകൾ ശ്രദ്ധാപൂർവ്വം വൃത്തിയാക്കുന്നു. പിന്നീട് തത്ഫലമായുണ്ടാകുന്ന കുഴമ്പ് ഉറുമ്പുകൾ വിസർജ്ജിക്കുന്ന എൻസൈമുകളും അമിനോ അമ്ലങ്ങളുമായി മിശ്രിതപ്പെടുത്തുന്നു. അതിനുശേഷം മാത്രമേ കുഴമ്പ് പൂപ്പലിന് ആഹാരമായുപയോഗിക്കാൻ വേണ്ട പാകത്തിനു തയ്യാറാകുന്നുള്ളൂ. അങ്ങനെ മുഴു കോളനിക്കും വേണ്ടിയുള്ള നിരന്തരമായ ഭക്ഷണം ഉറപ്പാകുന്നു.”
സൃഷ്ടിപ്പിന്റെ അതിരില്ലാത്ത വൈവിധ്യത്തിൽ തെളിഞ്ഞുകാണുന്ന ജ്ഞാനത്തിലും സർഗാത്മകതയിലും ആഴത്തിൽ മതിപ്പു തോന്നിക്കൊണ്ട് നാം ഉറുമ്പുകളുടെ കോളനി വിടുകയാണ്. നേരം സന്ധ്യയായതിനാൽ ഞങ്ങൾക്കു വീട്ടിലേക്കു മടങ്ങണം. പക്ഷേ നമുക്കു കാണാൻ ഇനിയും വളരെയധികമുണ്ട്. മൂങ്ങകൾ (യെശയ്യാവു 13:21), നീർനായ്ക്കൾ (പുറപ്പാടു 35:23), കാണ്ടാമൃഗങ്ങൾ (“നദീഹയം,” ഇയ്യോബ് 40:15), ഒട്ടകപക്ഷികൾ (യിരെമ്യാവു 50:39) എന്നിവയുൾപ്പെടെ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നവയിൽ ഇവിടെ ജീവിക്കുന്ന മറ്റു പല മൃഗങ്ങളെയും നാം സന്ദർശിച്ചിട്ടില്ല. ഓരോന്നും പഠനത്തിനു യോഗ്യമാണ്. തീർച്ചയായും ഞങ്ങൾ എമ്മൻ മൃഗശാലയിലേക്കു മടങ്ങിവരും!—സംഭാവന ചെയ്യപ്പെട്ടത്.
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Ostrich: Yotvatah Nature Reserve