മതത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവോ?
“സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കും.
പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 8-ാം നൂറ്റാണ്ടിലെ ഇസ്രായേല്യ പ്രവാചകനായ യെശയ്യാവ്.
ഇങ്ങനെ, ഭൂമിയിലുള്ള എല്ലാവരും ഒരുനാൾ സർവശക്തനായ ദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരായിരിക്കുമെന്ന് എബ്രായ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചു. എന്നാൽ, അത്തരമൊരു പ്രതീക്ഷ എന്നത്തെക്കാളും അകലെയായിരിക്കുന്നതായി ഇന്നു കാണപ്പെട്ടേക്കാം.
ഉദാഹരണത്തിന്, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മതത്തിന്റെ നാശം തൊഴിലാളിവർഗത്തെ സ്വതന്ത്രരാക്കുന്നതിന് അനിവാര്യമായ പടിയാണെന്നു റഷ്യയിലെ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ വിശ്വസിച്ചു. നിരീശ്വരവാദം ‘സാധാരണ ജനങ്ങളെ മുൻവിധികളുടെയും വ്യാമോഹങ്ങളുടെയും പോയകാലത്തെ ചുമടിൽനിന്നു വിടുവി’ക്കുമെന്ന് അവർ അവകാശപ്പെട്ടു. 1939 ആയപ്പോഴേക്കും സ്റ്റാലിൻ സോവിയറ്റ് യൂണിയനിലെ പ്രവർത്തനത്തിലുള്ള ഓർത്തഡോക്സ് പള്ളികളുടെ എണ്ണം നൂറാക്കി കുറച്ചിരുന്നു. എന്നാൽ 1917-നു മുമ്പ് അവയുടെ എണ്ണം 40,000-ത്തിൽ അധികമായിരുന്നു.
പരിപൂർണ അധികാരത്തിലേക്കുള്ള തന്റെ പന്ഥാവിലെ ഒരു പ്രതിബന്ധമായി ഹിറ്റ്ലറും മതത്തെ വീക്ഷിച്ചു. “ഒരാൾക്ക് ഒന്നുകിൽ ഒരു ക്രിസ്ത്യാനിയോ അല്ലെങ്കിൽ ഒരു ജർമൻകാരനോ ആയിരിക്കാൻ കഴിയും. രണ്ടുംകൂടി ആയിരിക്കാൻ കഴിയില്ല,” അദ്ദേഹം ഒരിക്കൽ പ്രഖ്യാപിച്ചു. തനിക്കു നിയന്ത്രിക്കാൻ കഴിയാത്ത എല്ലാ ആരാധനാരൂപങ്ങളെയും സാവധാനം പിഴുതെറിയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ആ ലക്ഷ്യത്തോടെ നാസികൾ മതപരമെന്നു തോന്നിക്കുന്ന, തങ്ങളുടേതായ പ്രാർഥനകളും ഉത്സവങ്ങളും സ്നാപനങ്ങളും ശവസംസ്കാര ശുശ്രൂഷകൾ പോലും വികസിപ്പിച്ചെടുത്തു. ഹിറ്റ്ലർ അവരുടെ മിശിഹാ ആയിരുന്നു, പിതൃദേശം അവരുടെ ദൈവവും. ഹിറ്റ്ലറുടെ ഹിതമെങ്കിൽ ഏതു ക്രൂരതയും ചെയ്യാമായിരുന്നു.
മതത്തിന്റെ അന്ത്യനാളുകളോ?
മതത്തെ അടിച്ചമർത്താനുള്ള തങ്ങളുടെ സംഘടിതശ്രമങ്ങളിൽ സ്റ്റാലിനോ ഹിറ്റ്ലറോ വിജയിച്ചില്ല. എന്നാൽ, ഇപ്പോൾ നിർവികാരത മർദനഭരണത്തിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നതായി തോന്നുന്നു. ബൈബിൾ വിദ്യാർഥികളെ ഈ സംഭവവികാസങ്ങൾ അത്ഭുതപ്പെടുത്തുന്നില്ല. ആളുകൾ “അന്ത്യനാളുകളിൽ . . . ദൈവപ്രിയരായിരിക്കുന്നതിനുപകരം ഉല്ലാസപ്രിയരാ”യിരിക്കുമെന്ന് അപ്പോസ്തലനായ പൗലോസ് തിമോത്തിയോടു പറഞ്ഞു.—2 തിമോത്തി 3:1-4, NW.
മതപരമായ വിപ്രതിപത്തി മുഖമുദ്രയായിട്ടുള്ള ഈ “അന്ത്യനാളുക”ൾ എല്ലാ മതത്തിന്റെയും മൊത്തം തിരോധാനത്തിന്റെ ഒരു മുന്നോടിയായിരിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ഇല്ല. എല്ലാ മതത്തിന്റെയും അവസാനത്തെക്കുറിച്ചു പ്രവചിക്കുന്നതിനു പകരം, മഹാബാബിലോൻ എന്ന പ്രതീകാത്മക നാമം നൽകപ്പെട്ടിരിക്കുന്ന വ്യാജ മതം നശിപ്പിക്കപ്പെടുമെന്നു ബൈബിൾ വിശദീകരിക്കുന്നു.a വെളിപാട് പുസ്തകം ഇപ്രകാരം പറയുന്നു: “പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.”—വെളിപ്പാടു 18:21.
എന്നാൽ, വ്യാജമതത്തിന്റെ തിരോധാനം ദൈവവിചാരമില്ലാത്ത ഒരു ലോകത്തിനിടയാക്കുകയില്ല. പ്രത്യുത, സങ്കീർത്തനം 22:27, [NW] ഇപ്രകാരം പ്രവചിക്കുന്നു: “ഭൂമിയുടെ അറ്റങ്ങളൊക്കെയും ഓർത്ത് യഹോവയിലേക്കു തിരിയും, ജനതകളിലെ എല്ലാ കുടുംബങ്ങളും നിന്റെ മുമ്പിൽ നമിക്കും.” “ജനതകളിലെ എല്ലാ കുടുംബങ്ങളും” ഏക സത്യദൈവത്തെ ഏകീകൃതരായി ആരാധിക്കുന്ന ഒരു സമയത്തെ വിഭാവന ചെയ്യുക! ദൈവരാജ്യ ഭരണത്തിൻകീഴിൽ ആ ശ്രദ്ധേയമായ വാഗ്ദാനം മഹത്ത്വമാർന്ന നിവൃത്തി കാണും. (മത്തായി 6:10) ആ സമയം ആഗതമാകുമ്പോൾ മതം—സത്യ മതം—വലിയ പ്രാധാന്യം കൈവരിക്കും. എന്നാൽ ഇപ്പോഴോ?
ആത്മീയ ശൂന്യത നികത്തൽ
ഇന്ന് യൂറോപ്പിൽ പരക്കെ വ്യാപിച്ചിരിക്കുന്ന ആത്മീയ ശൂന്യത ഒന്നാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യത്തിലെ സ്ഥിതിവിശേഷത്തിന്റെ സമാന്തരമാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വം അന്നത്തെ ആത്മീയ ആവശ്യം വിജയകരമായി നിറവേറ്റിയതെങ്ങനെയെന്നു ചരിത്രകാരനായ വിൽ ഡുറൻറ് വിവരിക്കുന്നു: “മരിച്ചുകൊണ്ടിരിക്കുന്ന പുറജാതീയതയുടെ ധാർമിക ശൂന്യതയിലേക്ക്, സ്റ്റോയിക്യസിദ്ധാന്തത്തിന്റെ ശീതാവസ്ഥയിലേക്ക്, എപ്പിക്യൂരിയൻ സിദ്ധാന്തത്തിന്റെ അഴിമതിയിലേക്ക്, മൃഗീയതയും ക്രൂരതയും മർദനവും കുത്തഴിഞ്ഞ ലൈംഗികതയുംകൊണ്ട് രോഗഗ്രസ്തമായ ഒരു ലോകത്തിലേക്ക്, പൗരുഷത്തിന്റെ മേന്മകളോ യുദ്ധ ദേവൻമാരോ ആവശ്യമില്ലാത്തതായി തോന്നിയ ആലസ്യത്തിലാണ്ട ഒരു സാമ്രാജ്യത്തിലേക്ക്, അത് സാഹോദര്യത്തിന്റെയും ദയയുടെയും അന്തസ്സിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ ധാർമികത കൊണ്ടുവന്നു.”
ആദിമ ക്രിസ്ത്യാനികൾ റോമാ സാമ്രാജ്യത്തിലുടനീളം പ്രസംഗിച്ച അതേ ശക്തമായ സന്ദേശംകൊണ്ടു തന്നെ നമ്മുടെ കാലത്തെ ആളുകളുടെ ജീവിതത്തിലെ ധാർമികവും ആത്മീയവുമായ ശൂന്യത നികത്താൻ കഴിയും. കേൾക്കുന്ന കാതുകളുണ്ട്. പുറമേ മതതാത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിലും ദൈവം തങ്ങളുടെ ജീവിതത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നതായി പല യൂറോപ്യൻമാർക്ക് ഇപ്പോഴും തോന്നുന്നു. അവർ പരമ്പരാഗതമായ പള്ളി ശുശ്രൂഷകളിൽ മേലാൽ പങ്കെടുക്കാതെയിരുന്നേക്കാമെങ്കിലും ചിലർ മറ്റെവിടെയെങ്കിലും പോയി തങ്ങളുടെ ആത്മീയ ആവശ്യത്തിനു പരിഹാരം നേടിയിരിക്കുന്നു.
ഒരു കത്തോലിക്കാ സ്കൂളിൽ പഠിച്ച, സ്പെയിനിലെ പാൽമ ഡെ മൽയോർകയിലുള്ള ഒരു ചെറുപ്പക്കാരനായ ച്വാൻ ഹോസെ 13-ാം വയസ്സുവരെ ഒരു അൾത്താര ശുശ്രൂഷകനായി സേവിച്ചു. അയാൾ എല്ലാ ഞായറാഴ്ചയും തന്റെ കുടുംബമൊന്നിച്ചു കുർബാനയിൽ പങ്കെടുത്തു, എന്നാൽ കൗമാരത്തിലെത്തിയപ്പോൾ അയാൾ പള്ളിയിൽ പോക്കു നിർത്തി. എന്തുകൊണ്ട്? ച്വാൻ ഹോസെ ഇപ്രകാരം വിശദീകരിക്കുന്നു: “കുർബാനയ്ക്കു പോകുന്നത് എന്നിൽ വിരസതയുളവാക്കി എന്നതായിരുന്നു ഒരു സംഗതി. എനിക്കു പ്രാർഥനാക്രമം മനഃപാഠമായിരുന്നു. എല്ലാം ഞാൻ മുമ്പു കേട്ടിട്ടുള്ളതിന്റെ ആവർത്തനമായി എനിക്കു തോന്നി. മാത്രമല്ല, ഞങ്ങളുടെ ഇടവക വികാരി അൾത്താര ശുശ്രൂഷകരായ ഞങ്ങളോടു മിക്കപ്പോഴും പരുഷമായി ഇടപെട്ടു. പാവപ്പെട്ടവർ ശവസംസ്കാര ചടങ്ങു നടത്താനായി പുരോഹിതനു പണം കൊടുക്കേണ്ടിവരുന്നതു തെറ്റാണെന്നു ഞാൻ വിചാരിച്ചു.
“എന്നിട്ടും ഞാൻ ദൈവത്തിൽ വിശ്വസിച്ചു, എന്നാൽ പള്ളിയിൽ പോകാതെ എന്റേതായ രീതിയിൽ അവനെ സേവിക്കാൻ കഴിയുമെന്നു ഞാൻ വിചാരിച്ചു. സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം ജീവിതം എന്റെ പരമാവധി ആസ്വദിക്കാൻ ഞാൻ ശ്രമിച്ചു. വിനോദം എന്റെ ജീവിതത്തിലെ പ്രഥമ സംഗതിയായിത്തീർന്നു എന്നു തന്നെ കരുതിക്കോളൂ.
“എന്നാൽ എനിക്ക് 18 വയസ്സുള്ളപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാൻ പള്ളിയിൽ കണ്ടെത്താതിരുന്ന എന്തായിരുന്നു എനിക്കുവേണ്ടി അവർക്കു തരാനുണ്ടായിരുന്നത്? എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാഞ്ഞ പാരമ്പര്യത്തിനും ‘മർമങ്ങൾ’ക്കും പകരം ബൈബിളിൽ അധിഷ്ഠിതമായ ഒരു വ്യക്തമായ വിശ്വാസം. എന്നിരുന്നാലും എന്റെ പുതിയ വിശ്വാസങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളെ അർഥമാക്കി. ഡിസ്കോ സംഗീത-നൃത്ത ക്ലബ്ബുകളിൽ പാർട്ടികൾ സംഘടിപ്പിച്ചുകൊണ്ട് ഓരോ വാരാന്തവും ചെലവഴിക്കുന്നതിനുപകരം, ഞാൻ പുതുതായി കണ്ടെത്തിയ വിശ്വാസം എന്റെ അയൽക്കാരുമായി പങ്കുവയ്ക്കുന്നതിനുവേണ്ടി ഞാൻ വീടുതോറും പോകാൻ തുടങ്ങി. മറ്റുള്ളവരെ സഹായിക്കുന്നതിൽ സജീവമായി ഉൾപ്പെട്ടത് എന്റെ ജീവിതം അർഥമുള്ളതാക്കി. കഴിഞ്ഞ ഏഴു വർഷമായി, ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മുഴുസമയ ശുശ്രൂഷകനാണ്.”
തങ്ങളുടെ മതപരമായ ശൂന്യത നികത്താൻ ശ്രമിക്കുന്നത് ചെറുപ്പക്കാർ മാത്രമല്ല. സ്പെയിനിലെ എക്സ്ട്രിമാഡൂരായിലെ ആന്റോൺയാ എന്ന പ്രായംചെന്ന ഒരു സ്ത്രീ പറയുന്നതനുസരിച്ച്, അവർ തന്റെ ജീവിതം ഏറെയും “ദൈവത്തെ അന്വേഷിച്ചുകൊണ്ട്” ചെലവഴിച്ചു. അവർ തന്റെ കൗമാര വർഷങ്ങളിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കുമായിരുന്നു. ഒടുവിൽ അവർ ഒരു കത്തോലിക്കാ കന്യാസ്ത്രീമഠത്തിൽ ചേർന്നു. കാരണം, “കന്യാസ്ത്രീമഠത്തിൽ ദൈവത്തെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മറ്റൊരിടത്തും അവനെ കണ്ടെത്താൻ കഴിയില്ലെന്ന്” അവർ വിശ്വസിച്ചു. പക്ഷേ, മുമ്പത്തേതിലുമധികം ആശാഭംഗവും ശൂന്യതാബോധവും അനുഭവിച്ചുകൊണ്ട് മൂന്നു വർഷത്തിനുശേഷം അവർ കന്യാസ്ത്രീമഠം ഉപേക്ഷിച്ചു.
ഒടുവിൽ, 50-കളിലായിരിക്കുമ്പോൾ അവർ യഹോവയുടെ സാക്ഷികളിലൊരാളായിത്തീർന്നു. “സാക്ഷികൾ എന്നെ സന്ദർശിച്ച് എന്റെ ചോദ്യങ്ങൾക്ക് എന്റെ ബൈബിളിൽനിന്നുതന്നെ ഉത്തരം നൽകിയപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. യഹോവയുടെ സാക്ഷികളിലൊരാൾ ആയിത്തീർന്നപ്പോൾമുതൽ എന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്, എന്നാൽ ഞാൻ സത്യദൈവത്തെ കണ്ടെത്തിയിരിക്കുന്നതിനാൽ എനിക്കിപ്പോൾ അവയെ തരണം ചെയ്യാൻ കഴിയും,” അവർ വിശദീകരിക്കുന്നു.
ഇതുപോലുള്ള അനുഭവങ്ങൾ അനവധിയാണ്. മതപരമായ പ്രവണതയെ ചെറുത്തുകൊണ്ട് കൂടുതൽ കൂടുതൽ ആളുകൾ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുന്നു. തങ്ങളുടെ വിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കുന്നതും അതിനെക്കുറിച്ചു മറ്റുള്ളവരോടു പ്രസംഗിക്കുന്നതും തങ്ങളുടെ ജീവിതത്തിന് അർഥവും ഉദ്ദേശ്യവും നൽകുന്നുവെന്ന് അവർ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
സത്യമതം എന്നത്തേതിലുമധികം പ്രാധാന്യമർഹിക്കുന്നു
അനേകർ മതത്തെ നിരാകരിക്കുന്ന ഒരു സമയത്താണു നാം ജീവിക്കുന്നതെങ്കിലും യാതൊരു മതവും പ്രസക്തമല്ലെന്നു വിധിക്കുന്നത് ജ്ഞാനപൂർവകമായിരിക്കുകയില്ല. 20-ാം നൂറ്റാണ്ടിൽ ആളുകൾ നിരർഥകമായ ആചാരാനുഷ്ഠാനങ്ങളും തിരുവെഴുത്തധിഷ്ഠിതമല്ലാത്ത പഴഞ്ചൻ വിശ്വാസപ്രമാണങ്ങളും തള്ളിക്കളയുന്നു എന്നതും മതഭക്തിയുണ്ടെന്നു കാണിക്കുന്നതിനുവേണ്ടിമാത്രമുള്ള പള്ളിയിൽപോക്കിനെ അധിക്ഷേപിക്കുന്നു എന്നതും സത്യംതന്നെ. വാസ്തവത്തിൽ, കാപട്യമുള്ള മതത്തെ നാം ഒഴിവാക്കണമെന്നു ബൈബിൾ ശുപാർശചെയ്യുന്നു. “അന്ത്യനാളുകളിൽ” ചില ആളുകൾ “ദൈവികഭക്തിയുടെ ഒരു രൂപം മാത്രമുള്ളവരും എന്നാൽ അതിന്റെ ശക്തിയില്ലാത്തവരും ആയിരിക്കും” എന്ന് അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. അത്തരക്കാർ മതപരമായ ഒരു കപടഭാവം നിലനിർത്തുന്നു, എന്നാൽ അവരുടെ നടത്ത അതിന്റെ സാധുതയെ നിഷേധിക്കുന്നു. മതപരമായ അത്തരം കാപട്യത്തോടു നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്? “അവരെ വിട്ടുപോകുക” എന്ന് പൗലോസ് ഉപദേശിച്ചു.—2 തിമോത്തി 3:1, 5, NW.
എന്നാൽ “മതം വലിയ ആദായം പകരുകതന്നെ ചെയ്യുന്നു”വെന്നും പൗലോസ് പറഞ്ഞു. (1 തിമൊഥെയൊസ് 6:6, ന്യൂ ഇംഗ്ലീഷ് ബൈബിൾ) വെറുതെ ഏതെങ്കിലും തരത്തിലുള്ള മതത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നില്ല പൗലോസ്. “മതം” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം യൂസീബിയ ആണ്. “ദൈവത്തോടുള്ള ഭക്തി അല്ലെങ്കിൽ ഭയാദരവ്” എന്നാണ് അതിന്റെ അർഥം. സത്യമതം അതായത് വാസ്തവികമായ ദൈവ ഭക്തി, “ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാ”ണ്.—1 തിമൊഥെയൊസ് 4:8.
മേൽ പരാമർശിച്ച ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തെ അർഥമുള്ളതാക്കാനും മനോധൈര്യത്തോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കാനും സത്യമതത്തിനു കഴിയും. അതിലുമേറെയായി, സത്യമതം ഒരു നിത്യ ഭാവി ഉറപ്പുനൽകുന്നു. ആ ആരാധനാ രീതി പിന്തുടരാൻ തക്ക മൂല്യമുള്ളതാണ്, എന്തുകൊണ്ടെന്നാൽ ഒടുവിൽ അതു ‘ഭൂമിയെ നിറയ്ക്കും’ എന്നതിനെപ്പറ്റി ഉറപ്പു നൽകപ്പെട്ടിരിക്കുന്നു.b (യെശയ്യാവ് 11:9, NW, 1 തിമൊഥെയൊസ് 6:11) സത്യമതം എന്നത്തേതിലുമധികം പ്രാധാന്യമർഹിക്കുന്ന സമയം ഇപ്പോഴാണെന്നുള്ളതിനു സംശയമില്ല.
a സത്യമതത്തെ തിരിച്ചറിയുന്ന വിധം സംബന്ധിച്ച ചർച്ചക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ 1995-ൽ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ “ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?” എന്ന 5-ാം അധ്യായം കാണുക.
[അടിക്കുറിപ്പുകൾ]
b ബൈബിൾ പുരാതന ബാബിലോൻ നഗരത്തെ വ്യാജമത ലോകസാമാജ്യത്തിന്റെ ഒരു പ്രതീകമായി ഉപയോഗിക്കുന്നു, എന്തുകൊണ്ടെന്നാൽ തിരുവെഴുത്തുപരമല്ലാത്ത പല മതാശയങ്ങളും ഈ നഗരത്തിലായിരുന്നു ഉത്ഭവിച്ചത്. നൂറ്റാണ്ടുകളോളം, ഈ ബാബിലോന്യ ആശയങ്ങൾ ലോകത്തിലെ മുഖ്യ മതങ്ങളിലേക്കു നുഴഞ്ഞിറങ്ങി.
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
രണ്ടു കെട്ടിടങ്ങളുടെ കഥ
സ്പെയിൻ മതപരമായ കെട്ടിടങ്ങൾക്കൊണ്ടു സമൃദ്ധമാണ്. എന്നാൽ വിലപിടിപ്പുള്ള കത്തീഡ്രലുകളുടെ നിർമിതിക്ക് ഒരിക്കൽ പിൻബലമായി വർത്തിച്ചിരുന്ന ആ തീക്ഷ്ണത മാഞ്ഞുപോയിരിക്കുന്നു. ഉദാഹരണത്തിന്, മാഡ്രിഡിന്റെ പ്രാന്തപ്രദേശങ്ങളിലെ മെഹോരാഡാ ഡെൽ കാമ്പോയിൽ ഹൃദയഹാരിയായ ഒരു കത്തോലിക്കാ പള്ളിയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഹുസ്റ്റോ ഗാല്യേഗോ മാർട്ടിനെസ് എന്ന ഒരു മുൻ ബെനെഡിക്റ്റൈൻ സന്ന്യാസി ഏതാണ്ട് 20 വർഷം മുമ്പാണ് ഈ സംരംഭം തുടങ്ങിവച്ചത്. എന്നാൽ കെട്ടിടം ഇപ്പോഴും അകത്തെ പണി പൂർത്തിയാകാത്ത ഒരു ചട്ടക്കൂടു മാത്രമാണ്. ആ കെട്ടിടത്തിന്റെ ഏകനായ നിർമാതാവ്, മാർട്ടിനെസ് ഇപ്പോൾ 60-കളിലാണ്. അതുകൊണ്ടു പള്ളിയുടെ പണി എന്നെങ്കിലും പൂർത്തിയാകാൻ സാധ്യതയുള്ളതായി തോന്നുന്നില്ല. എന്നാൽ 300 കിലോമീറ്റർ തെക്കോട്ടു മാറി വ്യത്യസ്തമായ ഒരു കഥ ചുരുളഴിഞ്ഞിരിക്കുന്നു.
“മലകളെ നീക്കുന്ന വിശ്വാസം.” സ്പെയിനിലെ ഹായിനിലുള്ള മാർട്ടോസിലെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിന്റെ രണ്ടു ദിവസം നീണ്ടുനിന്ന പണിയെക്കുറിച്ച് ആ പ്രദേശത്തെ പത്രം വർണിച്ചത് അങ്ങനെയായിരുന്നു. “വേഗത, പൂർണത, സംഘാടനം എന്നിവയുടെ എല്ലാ റെക്കാർഡുകളും ഭേദിച്ച ഒരു കെട്ടിടം പണിതുയർത്തുന്നതിനുവേണ്ടി [സ്പെയിനിന്റെ] വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സ്വമേധയാ സേവകർക്കു നിസ്വാർഥ മനസ്സോടെ മാർട്ടോസിലേക്കു പോകാൻ സ്വാർഥതയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ എങ്ങനെയാണു സാധ്യമാകുക,” പ്രാദേശിക പത്രം ചോദിച്ചു. ഈ ചോദ്യത്തിനുള്ള ഉത്തരമായി ലേഖനം സ്വമേധയാ സേവകരിൽ ഒരാളുടെ വാക്കുകൾ ഇങ്ങനെ ഉദ്ധരിച്ചു: “യഹോവയാൽ പഠിപ്പിക്കപ്പെടുന്ന ഒരു ജനമാണ് ഞങ്ങൾ എന്ന പരമാർഥമാണ് ഈ ബഹുമതിക്കു നിദാനം.”
[10-ാം പേജിലെ ചിത്രങ്ങൾ]
മെഹോരാഡാ ഡെൽ കാമ്പോ
മാർട്ടോസിലെ രാജ്യഹാൾ