നിങ്ങൾ ശരിയായ മതം കണ്ടെത്തിയോ?
“പിതാവായ ദൈവത്തിന്റെ മുമ്പിൽ ശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാകുന്നു.”—യാക്കോബ് 1:27, ഓശാന ബൈബിൾ.
1, 2. (എ) തങ്ങളുടെ മതം ശരിയാണോ എന്നു തീരുമാനിക്കുന്നത് എന്താണെന്നാണ് അനേകം ആളുകളും വിചാരിക്കുന്നത്? (ബി) മതത്തെ വിലയിരുത്തുമ്പോൾ എന്തു സഗൗരവം പരിചിന്തിക്കേണ്ടതുണ്ട്?
അനേകം ആളുകൾ മതത്തിനു തങ്ങളുടെ ജീവിതത്തിൽ താരതമ്യേന വളരെ നിസ്സാരമായ സ്ഥാനം നൽകിക്കൊണ്ടു തൃപ്തിയടയുന്ന ഒരു യുഗത്തിലാണു നാം ജീവിക്കുന്നത്. അവർ മതപരമായ ചില ശുശ്രൂഷകളിൽ പങ്കെടുത്തേക്കാം, അതും ചുരുക്കം ചിലരേ പതിവായി ചെയ്യുന്നുള്ളൂ. തങ്ങളുടേതൊഴികെ മറെറല്ലാ മതങ്ങളും തെററാണെന്ന് അനേകരും കരുതുന്നില്ല. തങ്ങളുടെ മതം തങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണെന്ന് അവർക്കു തോന്നുന്നു.
2 ഇതിന്റെ വീക്ഷണത്തിൽ, നിങ്ങൾ ശരിയായ മതം കണ്ടെത്തിയോ എന്ന ചോദ്യം, നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മതം കണ്ടെത്തിയോ എന്നാണോ അർഥമാക്കുന്നത്? നിങ്ങൾ എന്ത് ഇഷ്ടപ്പെടുന്നു എന്നു തീരുമാനിക്കുന്നത് എന്താണ്? നിങ്ങളുടെ കുടുംബമാണോ? നിങ്ങളുടെ സുഹൃത്തുക്കളാണോ? അതോ നിങ്ങളുടെ വികാരങ്ങളോ? ഈ സംഗതിയിൽ നിങ്ങൾ ദൈവത്തിന്റെ വീക്ഷണം എത്ര ഗൗരവമായി പരിഗണിച്ചിട്ടുണ്ട്?
ദൈവത്തിന്റെ വീക്ഷണഗതി നമുക്ക് എങ്ങനെ അറിയാനാവും?
3. (എ) ദൈവത്തിന്റെ വീക്ഷണമറിയുന്നതിനു നമുക്ക് എന്തു ലഭ്യമായിരിക്കണം? (ബി) ബൈബിൾ ദൈവത്തിൽനിന്നുള്ളതാണ് എന്നു നാം വ്യക്തിപരമായി വിശ്വസിക്കേണ്ടതിന്റെ കാരണമറിയുന്നതിന് എന്തു ചോദ്യങ്ങൾ നാം ചോദിക്കേണ്ടതുണ്ട്?
3 ദൈവം ചിന്തിക്കുന്നത് എന്താണെന്ന് അറിയണമെങ്കിൽ അവന്റെ പക്കൽനിന്ന് ഏതെങ്കിലും തരത്തിലുള്ള വെളിപാടുകൾ നമുക്കുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടതായി അവകാശപ്പെടുന്ന ഏററവും പുരാതന ഗ്രന്ഥമാണു ബൈബിൾ. (2 തിമൊഥെയൊസ് 3:16, 17) എന്നാൽ മററുള്ള പുസ്തകത്തിൽനിന്നെല്ലാം വിപരീതമായി ഈ പുസ്തകത്തിൽ മുഴു മനുഷ്യവർഗത്തിനും ആവശ്യമായ ദൈവസന്ദേശം അടങ്ങിയിട്ടുണ്ട് എന്നു വിശ്വസ്തതയോടെ പറയാനാകുമോ? നിങ്ങൾ അതിന് എങ്ങനെ ഉത്തരം നൽകും, എന്തുകൊണ്ട്? നിങ്ങളുടെ മാതാപിതാക്കൾ അതേ ചിന്താഗതി വെച്ചുപുലർത്തുന്നു എന്ന കാരണത്താലാണോ? അതോ നിങ്ങളുടെ സുഹൃത്തുക്കളുടെ മനോഭാവം അങ്ങനെയായിരുന്നിട്ടാണോ? നിങ്ങൾ തെളിവുകൾ സ്വയം പരിശോധിച്ചിട്ടുണ്ടോ? പിൻവരുന്ന നാലു തെളിവുകളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അപ്രകാരം ചെയ്തുകൂടാ?
4. ലഭ്യതയുടെകാര്യമെടുക്കുമ്പോൾ ദൈവത്തിൽനിന്നുള്ള പുസ്തകം ബൈബിളല്ലാതെ വേറൊരു ഗ്രന്ഥവുമല്ല എന്നു സൂചിപ്പിക്കുന്നതെന്ത്?
4 ലഭ്യത: യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ള ഒരു സന്ദേശം മുഴു മാനവ കുടുംബത്തിനും വേണ്ടിയുള്ളതാണെങ്കിൽ അത് അവർക്കു ലഭ്യമായിരിക്കണം. ബൈബിളിനെ സംബന്ധിച്ചു വാസ്തവസ്ഥിതി അതാണോ? ഇതു പരിചിന്തിക്കുക: ബൈബിൾ മുഴുവനായോ ഭാഗികമായോ ഇപ്പോൾ 2,000-ത്തിലധികം ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അമേരിക്കൻ ബൈബിൾ സൊസൈററി പറയുന്നപ്രകാരം, ഒരു പതിററാണ്ടുമുമ്പ് ലോക ജനസംഖ്യയുടെ 98 ശതമാനത്തിനു ലഭിക്കാൻതക്കവണ്ണം ബൈബിൾ ഭാഷാന്തരം ചെയ്യപ്പെട്ടു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സൂചിപ്പിച്ച പ്രകാരം “ലോകത്തിൽ ഏററവും അധികം വിതരണം ചെയ്തിരിക്കുന്ന ഗ്രന്ഥം” ബൈബിൾ ആണെന്നതിൽ സംശയമില്ല. സകല വർഗങ്ങളിലും രാഷ്ട്രങ്ങളിലും ഭാഷകളിലുമുള്ള ആളുകൾക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ഒരു സന്ദേശം സംബന്ധിച്ച് അതാണു നാം പ്രതീക്ഷിക്കുക. (താരതമ്യം ചെയ്യുക: വെളിപ്പാടു 14:6.) ഇതുപോലൊരു റെക്കോർഡുള്ള വേറൊരു ഗ്രന്ഥവും ലോകത്തിൽ ഇല്ല.
5. ബൈബിളിന്റെ ചരിത്രപരമായ അടിസ്ഥാനം പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
5 ചരിത്രസ്വഭാവം: പരിശുദ്ധമെന്ന് അവകാശപ്പെടുന്ന മററു ഗ്രന്ഥങ്ങളിൽനിന്നു ബൈബിൾ വ്യത്യസ്തമായിരിക്കുന്ന മറെറാരുവിധത്തെക്കുറിച്ചു ബൈബിൾ വിവരണങ്ങളുടെ സൂക്ഷ്മമായ പരിശോധന വെളിപ്പെടുത്തുന്നു. ചരിത്രപരമായ വസ്തുതകളാണു ബൈബിളിൽ അടങ്ങിയിരിക്കുന്നത് അല്ലാതെ തെളിയിക്കാൻ വയ്യാത്ത പുരാണകഥകളല്ല. ഒരു നീതിന്യായകോടതിയിൽ പ്രമാണമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ പരിചയമുള്ള ഒരു വക്കീലായ എർവൻ ലിൻറൻ ഇപ്രകാരം എഴുതി: “സങ്കല്പകഥകളും കെട്ടുകഥകളും വ്യാജതെളിവുകളും പറയപ്പെടുമ്പോൾ അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഭവങ്ങൾ ഏതോ വിദൂരസ്ഥലത്ത് ഏതോ കാലത്തു നടന്നതായേ പറയൂ. . . . എന്നാൽ, ബൈബിൾ വിവരങ്ങൾ സംഭവത്തോടു ബന്ധപ്പെട്ട കൃത്യമായ തീയതിയും സ്ഥലവും വളരെ സൂക്ഷ്മതയോടെ നൽകുന്നു.” (ദൃഷ്ടാന്തത്തിന് കാണുക: 1 രാജാക്കൻമാർ 14:25; യെശയ്യാവു 36:1; ലൂക്കൊസ് 3:1, 2.) വാസ്തവികതയിൽനിന്നു രക്ഷപെടാൻവേണ്ടിയല്ലാതെ സത്യത്തിനുവേണ്ടി മതത്തിലേക്കു തിരിയുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമായ പരിചിന്തനാവിഷയമാണ്.
6. (എ) ജീവിതത്തിൽ പ്രശ്നങ്ങളുള്ള ഒരു വ്യക്തിയെ ബൈബിൾ യഥാർഥത്തിൽ സഹായിക്കുന്നത് എങ്ങനെ? (ബി) ജീവിതത്തിലെ കയ്പേറിയ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ബൈബിൾ ഒരു വ്യക്തിയെ സഹായിക്കുന്നത് എങ്ങനെ?
6 പ്രായോഗികത: ബൈബിൾ സഗൗരവം പരിശോധിക്കുന്ന ആളുകൾ അതിലെ കല്പനകളും തത്ത്വങ്ങളും തങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ളതല്ല എന്നു പെട്ടെന്നുതന്നെ തിരിച്ചറിയുന്നു. മറിച്ച്, അവ അടുത്തു പിൻപററുന്നവർക്ക് പ്രയോജനം കൈവരുത്തുന്ന ഒരു ജീവിതരീതിയുടെ രൂപരേഖ നൽകുന്നു. (യെശയ്യാവു 48:17, 18) ദുഃഖിതർക്ക് അതു നൽകുന്ന സാന്ത്വനം വ്യർഥമായ തത്ത്വശാസ്ത്രങ്ങളിൽ അടിസ്ഥാനപ്പെട്ട പൊള്ളയായ ഒന്നല്ല. മറിച്ച്, ജീവിതത്തിലെ കയ്പേറിയ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ അത് ആളുകളെ സഹായിക്കുന്നു. അതെങ്ങനെ? മൂന്നു വിധങ്ങളിൽ: (1) ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഉത്തമമായ ഉപദേശങ്ങൾ നൽകിക്കൊണ്ടും (2) ഇപ്പോൾ ദൈവം തന്റെ ദാസൻമാർക്കു നൽകുന്ന സ്നേഹനിർഭരമായ പിന്തുണ എപ്രകാരം സ്വീകരിക്കണം എന്നു വിശദീകരിച്ചുകൊണ്ടും (3) ദൈവത്തെ സേവിക്കുന്നവർക്കായി കരുതിയിരിക്കുന്ന മഹത്തായ ഭാവിയെപ്പററി വെളിപ്പെടുത്തി അവന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങൾ നൽകിക്കൊണ്ടും.
7. (എ) അടിക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്, ഇന്ന് ആളുകളെ വ്യാകുലപ്പെടുത്തുന്ന പ്രമുഖ വിഷയങ്ങളിൽ ഒരെണ്ണം വിശദീകരിക്കുക. (ബി) ബൈബിളിലെ ബുദ്ധ്യുപദേശം ക്ലേശകരമായ സാഹചര്യങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുകയോ അവ തരണം ചെയ്യുന്നതിനു നമ്മെ സഹായിക്കുകയോ ചെയ്യുന്നതെങ്ങനെയെന്നു കാണിക്കുക.
7 അധികാരികളെ വകവയ്ക്കാതെ തോന്നിയവാസം ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെയിടയിൽ ബൈബിളിന്റെ ബുദ്ധ്യുപദേശം പരക്കെ അറിയപ്പെടുന്നില്ലെങ്കിൽപ്പോലും അത്തരം ജീവിതം തങ്ങൾക്കു യഥാർഥ സന്തുഷ്ടി കൈവരുത്തിയിട്ടില്ലെന്ന് അനേകർ തിരിച്ചറിഞ്ഞിരിക്കുന്നു. (ഗലാത്യർ 6:7, 8) ഗർഭച്ഛിദ്രം, വിവാഹമോചനം, സ്വവർഗസംഭോഗം എന്നിവയെക്കുറിച്ചു ബൈബിൾ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങൾ നൽകുന്നു. അതിന്റെ ബുദ്ധ്യുപദേശങ്ങൾ മയക്കുമരുന്ന്, മദ്യം എന്നിവയുടെ ദുരുപയോഗത്തിനെതിരെയും ദുഷിച്ച രക്തത്തിലൂടെയോ വിവേചനാശൂന്യമായ ലൈംഗികവേഴ്ചയിലൂടെയോ എയ്ഡ്സ് പകരുന്നതിനെതിരെയും സംരക്ഷണമേകുന്നു. സന്തുഷ്ട കുടുംബങ്ങൾ ഉണ്ടായിരിക്കാവുന്നതെങ്ങനെയെന്ന് അതു കാണിച്ചുതരുന്നു. ജീവിതത്തിൽ ഏററവും ക്ലേശം നിറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്യുന്നത് എങ്ങനെയെന്നും അതു കാണിച്ചുതരുന്നു. ഉററ കുടുംബാംഗങ്ങളാലുള്ള തിരസ്കരണം, വിശേഷവിധമായ ശ്രദ്ധ അർഹിക്കുന്ന രോഗം, പ്രിയപ്പെട്ട ഒരാളുടെ മരണം എന്നിവ അവയിൽ ചിലതാണ്. നമ്മുടെ ജീവിതത്തിലെ മുൻഗണനകൾ വിവേചിച്ചറിയാൻ ഇതു നമ്മെ സഹായിക്കുന്നു, തൻമൂലം നമ്മുടെ ജീവിതം വ്യസനകരമായിരിക്കുന്നതിനുപകരം അർഥസമ്പൂർണമായിത്തീരുന്നു.a
8, 9. (എ) ബൈബിളിന്റെ നിശ്വസ്തതക്കു തെളിവായി ഏതു പ്രവചനമാണു നിങ്ങളെ വ്യക്തിപരമായി സ്വാധീനിക്കുന്നത്? (ബി) ബൈബിളിലെ പ്രവചനങ്ങൾ അവയുടെ ഉത്ഭവം സംബന്ധിച്ച് എന്തു തെളിയിക്കുന്നു?
8 പ്രവചനം: പ്രവചനഗ്രന്ഥമെന്ന നിലയിൽ ബൈബിൾ അദ്വിതീയമാണ്. ഭാവിയിൽ സംഭവിക്കാൻ പോകുന്നതെന്താണെന്ന് ഈ ഗ്രന്ഥം വിശദമായി പറയുന്നു. പുരാതന സോരിന്റെ (ടൈർ, NW) നാശം, ബാബിലോനിന്റെ വീഴ്ച, യെരുശലേമിന്റെ പുതുക്കിപ്പണിയൽ, മേദോപേർഷ്യയുടെയും ഗ്രീസിന്റെയും രാജാക്കൻമാരുടെ ഉദയവും വീഴ്ചയും, യേശുവിന്റെ ജീവിതത്തിലെ അസംഖ്യം സംഭവങ്ങൾ എന്നിങ്ങനെ അനേകം കാര്യങ്ങളെക്കുറിച്ച് അതു മുൻകൂട്ടിപ്പറഞ്ഞു. ഈ നൂററാണ്ടിൽ വികാസംപ്രാപിച്ച ലോകാവസ്ഥകളെക്കുറിച്ചും അതിന്റെ അർഥത്തെക്കുറിച്ചും അതു വിശദമായി മുൻകൂട്ടിപ്പറഞ്ഞു. മാനുഷ ഭരണാധികാരികളെ കുഴക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് അതു കാണിച്ചു തരുന്നു. മനുഷ്യവർഗത്തിനു നിത്യമായ സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന ഭരണാധിപനെയും ഇതു വെളിപ്പെടുത്തുന്നു.b—യെശയ്യാവു 9:6, 7; 11:1-5, 9; 53:4-6.
9 ശ്രദ്ധേയമായും, ഭാവിയെക്കുറിച്ചു കൃത്യതയോടെ മുൻകൂട്ടിപ്പറയുന്നതിനുള്ള പ്രാപ്തി ദൈവത്വത്തിന്റെ ഒരു തെളിവായി ബൈബിൾ അവതരിപ്പിക്കുന്നു. (യെശയ്യാവു 41:1–46:13) അതു ചെയ്യാൻ കഴിവുള്ളവൻ അഥവാ അതു ചെയ്യിക്കുന്നതിനു മററുള്ളവരെ നിശ്വസ്തരാക്കാൻ കഴിവുള്ളവൻ ജീവനില്ലാത്ത വെറുമൊരു വിഗ്രഹമല്ല. അവൻ വെറും ദൈവഭക്തിയുള്ള ഒരു പുരുഷനുമല്ല. അവൻ സത്യദൈവമാണ്. അത്തരം പ്രവചനങ്ങൾ അടങ്ങിയിരിക്കുന്ന ഗ്രന്ഥം അവന്റെ വചനമാണ്.—1 തെസ്സലൊനീക്യർ 2:13.
ബൈബിൾ ഉപയോഗിക്കുന്നവരെല്ലാം ശരിയായിരിക്കണമെന്നുണ്ടോ?
10, 11. യേശുക്രിസ്തു കാണിച്ചുതന്നപ്രകാരം, ഒരു വൈദികൻ ഒരുപക്ഷേ ബൈബിൾ ഉപയോഗിച്ചേക്കാമെങ്കിലും അയാൾ പിന്തുണയ്ക്കുന്ന മതത്തെ ഏതു സംഗതി വ്യർഥമാക്കിയേക്കാം?
10 ബൈബിൾ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ മതവിഭാഗങ്ങളും ശരിയായ മതമാണു പഠിപ്പിക്കുന്നത് എന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണോ? അതിലും പ്രധാനമായി അതു തിരുവെഴുത്തുപരമാണോ? ബൈബിൾ കൈവശം കൊണ്ടുനടക്കുകയും അതിൽനിന്ന് ഉദ്ധരിക്കുകയും ചെയ്യുന്ന എല്ലാവരും ശരിയായ മതമാണോ ആചരിക്കുന്നത്?
11 ബൈബിൾ കയ്യിലുണ്ടെങ്കിലും അനേകം വൈദികരും മതത്തെ ഉപയോഗിച്ചു സ്വന്തം മഹിമ തേടുകയാണ്. പാരമ്പര്യങ്ങളും മനുഷ്യ തത്ത്വശാസ്ത്രങ്ങളും കലർത്തി അവർ നിർമലമായ സത്യങ്ങളിൽ വെള്ളം ചേർക്കുകയാണ്. അവരുടെ ആരാധന ദൈവാംഗീകാരം ഉള്ളതാണോ? ഒന്നാം നൂററാണ്ടിൽ അങ്ങനെതന്നെ ചെയ്തുകൊണ്ടിരുന്ന യെരുശലേമിലെ മതനേതാക്കൻമാരോട് യേശു, യെശയ്യാ പ്രവാചകൻ മുഖാന്തരമുള്ള ദൈവത്തിന്റെ പ്രഖ്യാപനം കൃത്യമായി ബാധകമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു.” (മത്തായി 15:8, 9; 23:5-10) വ്യക്തമായിപ്പറഞ്ഞാൽ, അത്തരം മതം ശരിയായ മതമല്ല.
12, 13. (എ) സഭാംഗങ്ങളുടെ നടത്ത അവരുടെ മതം ശരിയാണോ തെററാണോ എന്ന് അറിയാൻ ഒരു വ്യക്തിയെ സഹായിച്ചേക്കാവുന്നതെങ്ങനെ? (ബി) ദൈവം ത്യജിക്കുന്നവരെ നാം സുഹൃത്തുക്കളായി തിരഞ്ഞെടുത്താൽ നമ്മുടെ ആരാധനയെ ദൈവം എങ്ങനെ വീക്ഷിക്കും? (2 ദിനവൃത്താന്തം 19:2)
12 ചില മതങ്ങളുടെ പഠിപ്പിക്കലുകൾ ഉന്നതസ്ഥാനങ്ങളിലുള്ള അവരുടെ അംഗങ്ങളുടെ ജീവിതത്തിൽ പ്രകടമാകുന്നതുപോലെ ചീഞ്ഞ ഫലം ഉത്പാദിപ്പിക്കുന്നുവെങ്കിൽ എന്ത്? “കള്ളപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ; . . . അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു” എന്ന് യേശു തന്റെ ഗിരിപ്രഭാഷണത്തിൽ മുന്നറിയിപ്പു നൽകി. (മത്തായി 7:15-17) വ്യക്തികൾ തെററുചെയ്തേക്കാമെന്നതും അവർക്കു തിരുത്തൽവേണ്ടിവരുമെന്നതും ശരിതന്നെ. എന്നാൽ സഭയിലെ അംഗങ്ങൾ, വൈദികർപോലും, ദുർന്നടപ്പ്, വ്യഭിചാരം, ശണ്ഠ, അമിത മദ്യപാനം, അത്യാഗ്രഹം, ഭോഷ്കു പറച്ചിൽ, ആത്മവിദ്യ, മൂർത്തിപൂജ തുടങ്ങിയ പ്രവൃത്തികളിൽ ഏതെങ്കിലുമൊന്നിലോ അല്ലെങ്കിൽ എല്ലാററിലുമോ ഏർപ്പെടുകയും അതേസമയം ശിക്ഷണം നൽകാതിരിക്കുകയും ചെയ്യുമ്പോഴത്തെ സ്ഥിതി ഒന്നു വേറെതന്നെയാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവരെ സഭയിൽനിന്നു പുറത്താക്കുന്നുമില്ല. അങ്ങനെ ചെയ്യണമെന്നു ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു; അവർക്ക് ദൈവരാജ്യത്തിൽ യാതൊരു സ്ഥാനവുമുണ്ടായിരിക്കുകയില്ല. (ഗലാത്യർ 5:19-21) അവരുടെ ആരാധന ദൈവത്തെ സന്തോഷിപ്പിക്കുന്നില്ല. ദൈവം ത്യജിക്കുന്നവരെ നാം സുഹൃത്തുക്കളായി തിരഞ്ഞെടുത്താൽ നമ്മുടെ ആരാധനയും ദൈവത്തെ സന്തോഷിപ്പിക്കുകയില്ല.—1 കൊരിന്ത്യർ 5:11-13; 6:9, 10; വെളിപ്പാടു 21:8.
13 ബൈബിൾ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ വിഭാഗങ്ങളും അത് വിവരിക്കുന്നപ്രകാരമുള്ള ശരിയായ മതം ആചരിക്കുന്നില്ല എന്നതു സ്പഷ്ടമാണ്. എങ്കിൽപ്പിന്നെ സത്യമതത്തെ തിരിച്ചറിയുന്നതിനുള്ള അടയാളമായി ബൈബിൾ എന്താണ് എടുത്തു കാണിക്കുന്നത്?
സത്യമതത്തെ തിരിച്ചറിയിക്കുന്ന അടയാളങ്ങൾ
14. (എ) സത്യമതത്തിന്റെ പഠിപ്പിക്കലുകളെല്ലാം എന്തിൽ അധിഷ്ഠിതമാണ്? (ബി) ദൈവത്തെക്കുറിച്ചും ദേഹിയെക്കുറിച്ചുമുള്ള ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കലുകൾ ഈ നിബന്ധന പാലിക്കുന്നുവോ?
14 അതിന്റെ പഠിപ്പിക്കലുകൾ ബൈബിളിൽ ഉറച്ച് അധിഷ്ഠിതമായിരിക്കുന്നു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും . . . പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) എന്നാൽ വിശുദ്ധതിരുവെഴുത്തുകൾ ക്രൈസ്തവലോകത്തിന്റെ ത്രിത്വത്തെക്കുറിച്ച് എവിടെയാണു പരാമർശിക്കുന്നത്? കൂടാതെ, വൈദികർ പഠിപ്പിക്കുന്നപ്രകാരം, മരണത്തിൽ ഭൗതികശരീരത്തെ അതിജീവിക്കുന്ന ഒരു ദേഹി മനുഷ്യനുണ്ടെന്നും ബൈബിൾ എവിടെയാണു പഠിപ്പിക്കുന്നത്? ഈ പഠിപ്പിക്കലുകൾ നിങ്ങളുടെ ബൈബിളിൽ കാണിച്ചുതരുന്നതിനായി നിങ്ങൾ എന്നെങ്കിലും ഒരു വൈദികനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ത്രിത്വം എന്ന പദമോ അതിന്റെ വ്യക്തമായ ഉപദേശമോ പുതിയനിയമത്തിൽ കാണുന്നില്ല.” (1992, മൈക്രോപീഡിയ, വാല്യം II, പേജ് 928) കൂടാതെ, ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “അപ്പോസ്തലിക പിതാക്കൻമാർക്കിടയിൽ അത്തരമൊരു മനോഭാവത്തോടോ കാഴ്ചപ്പാടിനോടോ വിദൂരസാമീപ്യംപോലുമുള്ള യാതൊന്നുമില്ലായിരുന്നു.” (1967, വാല്യം XIV, പേജ് 299) മരിക്കുമ്പോൾ ദേഹി ശരീരത്തെ വിട്ടുപോകുമെന്ന ക്രൈസ്തവലോകത്തിന്റെ വിശ്വാസം ഗ്രീക്ക് തത്ത്വശാസ്ത്രത്തിൽനിന്നു തങ്ങൾ കടം വാങ്ങിയതാണെന്നു സഭാ പണ്ഡിതൻമാർ സമ്മതിച്ചുപറയുന്നു. എന്നിരുന്നാലും, സത്യമതം മനുഷ്യ തത്ത്വശാസ്ത്രത്തിനുവേണ്ടി ബൈബിൾ സത്യത്തെ അവഗണിക്കുന്നില്ല.—ഉല്പത്തി 2:7; ആവർത്തനപുസ്തകം 6:4; യെഹെസ്കേൽ 18:4; യോഹന്നാൻ 14:28.
15. (എ) ആരാധിക്കപ്പെടേണ്ട ഒരേ ഒരുവനെ ബൈബിൾ തിരിച്ചറിയിക്കുന്നതെങ്ങനെ? (ബി) ദൈവത്തെ സമീപിക്കുന്നതു സംബന്ധിച്ചു സത്യാരാധകർക്ക് എങ്ങനെ അനുഭവപ്പെടുന്നു?
15 സത്യമതം ഏകസത്യ ദൈവമായ യഹോവക്കുള്ള ആരാധനയെ മാത്രം പിന്തുണക്കുന്നു. (ആവർത്തനപുസ്തകം 4:35; യോഹന്നാൻ 17:3) ആവർത്തനപുസ്തകം 5:9-ഉം 6:13-ഉം പരാവർത്തനം ചെയ്തുകൊണ്ട് യേശുക്രിസ്തു ഉറപ്പോടെ പ്രസ്താവിച്ചു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10) അതിനോടു ചേർച്ചയിൽ യേശു തന്റെ പിതാവിന്റെ നാമം ശിഷ്യൻമാർക്കു വെളിപ്പെടുത്തി. (യോഹന്നാൻ 17:26) യഹോവയെ ആരാധിക്കാൻ നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ? ആ നാമത്തിൽ അറിയപ്പെടുന്ന വ്യക്തിയെ ധൈര്യപൂർവം സമീപിക്കാവുന്ന അളവോളം നിങ്ങൾക്ക് അവനെ അറിയാമോ—അവന്റെ ഉദ്ദേശ്യങ്ങളും പ്രവർത്തനങ്ങളും ഗുണങ്ങളും അറിയാമോ? നിങ്ങളുടേതു ശരിയായ മതമാണെങ്കിൽ ഉത്തരം ഉവ്വ് എന്നായിരിക്കും.—ലൂക്കൊസ് 10:22; 1 യോഹന്നാൻ 5:14.
16. സത്യമതം ആചരിക്കുന്നവർക്ക് ക്രിസ്തുവിലുള്ള വിശ്വാസം എന്തിനെ അർഥമാക്കുന്നു?
16 ദൈവപുത്രനിലുള്ള വിശ്വാസമാണ് ദൈവത്തെ സന്തോഷിപ്പിക്കുന്ന ആരാധനയുടെ ഒരു പ്രധാനഭാഗം. (യോഹന്നാൻ 3:36; പ്രവൃത്തികൾ 4:12) യേശു ജീവിച്ചിരുന്നുവെന്നോ അവൻ ഒരു മഹദ്വ്യക്തിയായിരുന്നുവെന്നോ മാത്രം വിശ്വസിക്കുന്നതിനെ അല്ല ഇത് അർഥമാക്കുന്നത്. യേശുവിന്റെ പൂർണ മനുഷ്യജീവന്റെ ബലിയുടെ മൂല്യത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യത്തിൽ വിലമതിപ്പു പ്രകടമാക്കുന്നതും സ്വർഗീയ രാജാവെന്ന നിലയിലുള്ള അവന്റെ ഇപ്പോഴത്തെ സ്ഥാനത്തെ അംഗീകരിക്കുന്നതും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 2:6-8; യോഹന്നാൻ 3:16; വെളിപ്പാടു 12:10) ശരിയായ മതം ആചരിക്കുന്നവരോടൊത്താണു നിങ്ങൾ സഹവസിക്കുന്നതെങ്കിൽ യേശുവിനെ അനുസരിക്കുന്നതിനും അവന്റെ മാതൃക അനുകരിക്കുന്നതിനും അവൻ തന്റെ ശിഷ്യൻമാർക്കു നിയോഗം നൽകിയ വേലയിൽ വ്യക്തിപരമായി തീക്ഷ്ണതയോടെ ഏർപ്പെടുന്നതിനും അവർ തങ്ങളുടെ ദൈനംദിനജീവിതത്തിൽ മനഃസാക്ഷിപൂർവകമായ ഒരു ശ്രമം നടത്തുന്നതായി നിങ്ങൾക്കറിയാം. (മത്തായി 28:19, 20; യോഹന്നാൻ 15:14; 1 പത്രൊസ് 2:21) നിങ്ങളുടെ സഹയാരാധകരെ സംബന്ധിച്ച് ഇതു സത്യമല്ലെങ്കിൽ നിങ്ങൾ മറെറവിടെയെങ്കിലും അന്വേഷിക്കേണ്ടതുണ്ട്.
17. ലോകത്തിന്റെ കളങ്കം പററാതിരിക്കുന്നതിനു സത്യാരാധകർ ശ്രദ്ധയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്, ഇതിൽ എന്ത് ഉൾപ്പെടുന്നു?
17 രാഷ്ട്രീയത്തിലും ലോകത്തിലെ യുദ്ധങ്ങളിലും ഉൾപ്പെട്ടുകൊണ്ടു സത്യാരാധന കളങ്കപ്പെടുന്നില്ല. (യാക്കോബ് 1:27) എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ, യേശു തന്റെ ശിഷ്യൻമാരെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികൻമാരല്ല.” (യോഹന്നാൻ 17:16) യേശു രാഷ്ട്രീയത്തിൽ കൈകടത്തിയില്ല. തന്റെ അനുഗാമികൾ മാരകായുധങ്ങളിൽ ആശ്രയിക്കുന്നത് അവൻ വിലക്കി. (മത്തായി 26:52) ‘മേലാൽ യുദ്ധം അഭ്യസിക്കരുത്’ എന്നു ദൈവവചനം പറയുന്നത് അവർ ഹൃദയത്തിലുൾക്കൊള്ളുന്നു. (യെശയ്യാവു 2:2-4) നിങ്ങൾക്ക് ഏതെങ്കിലും മതവുമായുള്ള അംഗത്വം പേരിനുമാത്രമായിരിക്കും. എന്നാൽ ആ മതം മേൽപ്പറഞ്ഞ വിവരണത്തിനു ചേർച്ചയിലല്ലെങ്കിൽ അതുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള സമയമാണ് ഇത്.—യാക്കോബ് 4:4; വെളിപ്പാടു 18:4, 5.
18. (എ) സത്യമതത്തിന്റെ പ്രത്യേക സ്വഭാവവിശേഷമായി യോഹന്നാൻ 13:35 എന്തു വെളിപ്പെടുത്തുന്നു? (ബി) യോഹന്നാൻ 13:35-നോട് ഒത്തുവരുന്ന വിഭാഗമേതാണെന്നു തീരുമാനിക്കാൻ ഒരാളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
18 സത്യമതം നിസ്വാർഥ സ്നേഹം പഠിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 13:35; 1 യോഹന്നാൻ 3:10-12) അത്തരം സ്നേഹം പ്രസംഗങ്ങളിൽ പറയുകമാത്രമല്ല ചെയ്യുന്നത്. അതു വാസ്തവത്തിൽ സകല വർഗത്തിലും സാമ്പത്തിക ചുററുപാടിലും ഭാഷകളിലും രാഷ്ട്രങ്ങളിലുമുള്ള ആളുകളെ യഥാർഥ സാഹോദര്യത്തിൽ കൂട്ടിവരുത്തുന്നു. (വെളിപ്പാടു 7:9, 10) അത് സത്യക്രിസ്ത്യാനികളെ തങ്ങൾക്കു ചുററുമുള്ള ലോകത്തിൽനിന്നു വേർതിരിച്ചു നിർത്തുന്നു. ഇതിനോടകം നിങ്ങൾ യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിലെ യോഗങ്ങൾക്കോ കൺവെൻഷൻപോലുള്ള അവരുടെ വലിയ കൂട്ടങ്ങൾക്കോ ഹാജരായിട്ടില്ലെങ്കിൽ അങ്ങനെ ചെയ്യുക. അവർ ഒത്തൊരുമിച്ചു തങ്ങളുടെ രാജ്യഹാളുകളിൽ ഒരെണ്ണം പണിയുന്നതെങ്ങനെയെന്നു നിരീക്ഷിക്കുക. അവർ പ്രായമായവരോടും (വിധവകൾ ഉൾപ്പെടെ) യുവജനങ്ങളോടും (മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ ഇല്ലാത്തവർ ഉൾപ്പെടെ) എങ്ങനെ പെരുമാറുന്നുവെന്നു നിരീക്ഷിക്കുക. (യാക്കോബ് 1:27) നിങ്ങൾ നിരീക്ഷിക്കുന്നത് മറേറതെങ്കിലും മതങ്ങളിൽ കണ്ടിട്ടുള്ളതുമായി തുലനം ചെയ്യുക. അതിനുശേഷം ‘ആരാണു സത്യമതം ആചരിക്കുന്നത്?’ എന്നു സ്വയം ചോദിക്കുക.
19. (എ) മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരമായി സത്യമതം ഏതിലേക്കു വിരൽചൂണ്ടുന്നു? (ബി) സത്യമതത്തെ പിൻപററുന്നവരുടെ കൂട്ടത്തിലെ അംഗങ്ങൾ എന്തു ചെയ്യേണ്ടതുണ്ട്?
19 മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമായി സത്യമതം ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുന്നു. (ദാനീയേൽ 2:44; 7:13, 14; 2 പത്രൊസ് 3:13; വെളിപ്പാടു 21:4, 5) ക്രൈസ്തവലോകത്തിലെ ഏതെങ്കിലും സഭകൾ അങ്ങനെ ചെയ്യുന്നുണ്ടോ? ദൈവരാജ്യത്തെക്കുറിച്ചും അതു നിർവഹിക്കാൻപോകുന്നതായി തിരുവെഴുത്തുകൾ കാണിക്കുന്നതിനെക്കുറിച്ചും ഒരു വൈദികൻ വിശദീകരിക്കുന്നതായി നിങ്ങൾ അവസാനമായി കേട്ടതെന്നാണ്? നിങ്ങൾ സഹവസിക്കുന്ന സ്ഥാപനം ദൈവരാജ്യത്തെക്കുറിച്ചു മററുള്ളവരോടു പറയാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ അതിലെ മുഴു അംഗങ്ങളും ആ വേലയിൽ പങ്കെടുക്കുന്നുണ്ടോ? യേശു അത്തരം സാക്ഷീകരണം നടത്തി; അവന്റെ ആദ്യകാല ശിഷ്യൻമാരും അപ്രകാരം ചെയ്തു. ആ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനുള്ള പദവി നിങ്ങൾക്കും ആസ്വദിക്കാനാവും. ഇന്ന് ഭൂമിയിൽ നടക്കുന്ന ഏററവും പ്രധാനപ്പെട്ട വേലയാണ് അത്.—മത്തായി 24:14.
20. ശരിയായ മതത്തെ തിരിച്ചറിയുന്നതിനു പുറമേ നാം എന്തു ചെയ്യേണ്ടത് ആവശ്യമാണ്?
20 ആയിരക്കണക്കിനു മതങ്ങൾ ഉണ്ടെങ്കിലും ശരിയായ മതത്തെ തിരിച്ചറിയുന്നതിലുള്ള ആശയക്കുഴപ്പം പെട്ടെന്നു ദൂരീകരിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. എന്നാൽ, അതു തിരിച്ചറിയുന്നതിനെക്കാളധികം നാം ചെയ്യേണ്ടതാവശ്യമാണ്. അത് ആചരിക്കുക എന്നതു ജീവത്പ്രധാനമാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു ഞങ്ങളുടെ അടുത്ത ലേഖനത്തിൽ വിപുലമായി ചർച്ചചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ഗർഭച്ഛിദ്രം: പ്രവൃത്തികൾ 17:28; സങ്കീർത്തനം 139:1, 16; പുറപ്പാടു 21:22, 23. വിവാഹമോചനം: മത്തായി 19:8, 9; റോമർ 7:2, 3. സ്വവർഗസംഭോഗം: റോമർ 1:24-27; 1 കൊരിന്ത്യർ 6:9-11. മയക്കുമരുന്നിന്റേയും ലഹരിപദാർഥങ്ങളുടേയും ദുരുപയോഗം: 2 കൊരിന്ത്യർ 7:1; ലൂക്കൊസ് 10:25-27; സദൃശവാക്യങ്ങൾ 23:20, 21; ഗലാത്യർ 5:19-21. രക്തവും വിവേചനാശൂന്യമായ ലൈംഗികവേഴ്ചയും: പ്രവൃത്തികൾ 15:28, 29; സദൃശവാക്യങ്ങൾ 5:15-23; യിരെമ്യാവു 5:7-9. കുടുംബം: എഫെസ്യർ 5:22–6:4; കൊലൊസ്സ്യർ 3:18-21. തിരസ്കരണം: സങ്കീർത്തനം 27:10; മലാഖി 2:13-16; റോമർ 8:35-39. രോഗം: വെളിപ്പാടു 21:4, 5; 22:1, 2; തീത്തൊസ് 1:2; സങ്കീർത്തനം 23:1-4. മരണം: യെശയ്യാവു 25:8; പ്രവൃത്തികൾ 24:15. മുൻഗണനകൾ: മത്തായി 6:19-34; ലൂക്കൊസ് 12:16-21; 1 തിമൊഥെയൊസ് 6:6-12.
b അത്തരം പ്രവചനങ്ങളും അവയുടെ നിവൃത്തിയും മനസ്സിലാക്കുന്നതിനുവേണ്ടി ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ [ഇംഗ്ലീഷ്] എന്ന പുസ്തകത്തിന്റെ 117-61 പേജുകൾ കാണുക. കൂടാതെ, തിരുവെഴുത്തുകളിൽനിന്ന ന്യായവാദം ചെയ്യൽ പുസ്തകത്തിന്റെ 60-2, 225-32, 234-40 എന്നീ പേജുകളും കാണുക. ഇവ രണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയാണ്.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ശരിയായ മതത്തെ തിരിച്ചറിയുന്നതിന് ആരുടെ വീക്ഷണമാണ് ഏററവും പ്രധാനം?
◻ ബൈബിൾ ദൈവവചനമാണെന്നു ചൂണ്ടിക്കാട്ടുന്ന നാലു തെളിവുകൾ ഏവ?
◻ ബൈബിൾ ഉപയോഗിക്കുന്ന എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കാത്തത് എന്തുകൊണ്ട്?
◻ ശരിയായ ഏക മതത്തിന്റെ ആറ് തിരിച്ചറിയിക്കൽ അടയാളങ്ങൾ ഏവ?
[10-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ . . .
◆അവരുടെ എല്ലാ പഠിപ്പിക്കലുകളും ബൈബിളിൽ അടിസ്ഥാനപ്പെടുത്തുന്നു.
◆ഏകസത്യ ദൈവമായ യഹോവയെ ആരാധിക്കുന്നു.
◆യേശുക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കുന്നു.
◆രാഷ്ട്രീയത്തിലും ലോക യുദ്ധങ്ങളിലും ഏർപ്പെടുന്നില്ല.
◆ദൈനംദിന ജീവിതത്തിൽ നിസ്വാർഥമായ സ്നേഹം പ്രകടിപ്പിക്കാൻ അവസരം തേടുന്നു.
◆മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമായി ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുന്നു.
[9-ാം പേജിലെ ചിത്രം]
ബൈബിൾ—മുഴു മനുഷ്യവർഗത്തിനുംവേണ്ടിയുള്ള ദൈവസന്ദേശം അതിൽ അടങ്ങിയിരിക്കുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?