അധ്യായം പതിനഞ്ച്
ദൈവം അംഗീകരിക്കുന്ന ആരാധന
എല്ലാ മതങ്ങളും ദൈവത്തിനു പ്രസാദകരമാണോ?
സത്യമതത്തെ നമുക്ക് എങ്ങനെ തിരിച്ചറിയാം?
ഇന്നു ഭൂമിയിൽ ആരാണ് ദൈവത്തിന്റെ സത്യാരാധകർ?
1. ശരിയായ വിധത്തിൽ ദൈവത്തെ ആരാധിച്ചാൽ നമുക്ക് എന്തു പ്രയോജനം ലഭിക്കും?
യഹോവയാം ദൈവം നമുക്കായി വളരെയധികം കരുതുകയും അവന്റെ സ്നേഹപൂർവകമായ വഴിനടത്തിപ്പിൽനിന്നു നാം പ്രയോജനംനേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ശരിയായ വിധത്തിൽ നാം അവനെ ആരാധിക്കുന്നെങ്കിൽ, നമുക്കു സന്തോഷം അനുഭവിക്കാനും ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. അതോടൊപ്പം അവന്റെ അനുഗ്രഹവും സഹായവും നമുക്കു ലഭിക്കുകയും ചെയ്യും. (യെശയ്യാവു 48:17) എന്നാൽ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നെന്ന് അവകാശപ്പെടുന്ന ഒട്ടനവധി മതങ്ങളുണ്ട്. പക്ഷേ, ദൈവം ആരാണ്, അവൻ നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്നിവ സംബന്ധിച്ച അവയുടെ പഠിപ്പിക്കലുകൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
2. യഹോവയെ ആരാധിക്കാനുള്ള ശരിയായ മാർഗം നമുക്കു പഠിക്കാനാകുന്നത് എങ്ങനെ, ഇതു മനസ്സിലാക്കാൻ ഏതു ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു?
2 യഹോവയെ ആരാധിക്കാനുള്ള ശരിയായവിധം നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? അതിനു നിങ്ങൾ സർവമതങ്ങളുടെയും ഉപദേശങ്ങൾ പഠിച്ചു താരതമ്യംചെയ്തു നോക്കേണ്ടതില്ല. സത്യാരാധന സംബന്ധിച്ച് ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നത് എന്താണെന്നു പഠിക്കുകയേ വേണ്ടൂ. അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: പല ദേശങ്ങളിലും കള്ളനോട്ട് ഒരു പ്രശ്നമാണ്. കള്ളനോട്ടു കണ്ടുപിടിക്കാൻ നിങ്ങളെ ഏൽപ്പിക്കുകയാണെന്നിരിക്കട്ടെ. നിങ്ങൾ എന്തു ചെയ്യും? ഏതെല്ലാംതരം കള്ളനോട്ട് ഉണ്ടെന്നുള്ളതു മനസ്സിലാക്കി, അത് ഓർത്തിരിക്കാൻ ശ്രമിക്കുമോ? ഇല്ല. യഥാർഥ നോട്ടിനെക്കുറിച്ചു പഠിക്കുന്നതായിരിക്കും ഏറെ മെച്ചം. യഥാർഥ നോട്ട് എങ്ങനെയിരിക്കുമെന്നു മനസ്സിലാക്കിയാൽപ്പിന്നെ കള്ളനോട്ടു തിരിച്ചറിയാൻ നിങ്ങൾക്കു പ്രയാസമുണ്ടാവില്ല. സമാനമായി, സത്യമതത്തെ എങ്ങനെ തിരിച്ചറിയാമെന്നു പഠിക്കുന്നത് വ്യാജമതങ്ങൾ ഏതാണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
3. യേശു പറയുന്നതനുസരിച്ച്, ദൈവാംഗീകാരം ലഭിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
3 യഹോവ അംഗീകരിക്കുന്ന വിധത്തിൽ നാം അവനെ ആരാധിക്കേണ്ടതു പ്രധാനമാണ്. എല്ലാ മതങ്ങളും ദൈവത്തിനു പ്രസാദകരമാണെന്നാണ് പല ആളുകളും വിശ്വസിക്കുന്നത്. എന്നാൽ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. ഒരു ക്രിസ്ത്യാനിയാണെന്ന് വെറുതെ അവകാശപ്പെടുന്നതും മതിയാകുന്നില്ല. യേശു ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്.” അതുകൊണ്ട് ദൈവാംഗീകാരം ലഭിക്കുന്നതിന് നാം ദൈവം നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നു പഠിക്കുകയും അതിൻപ്രകാരം പ്രവർത്തിക്കുകയും വേണം. ദൈവേഷ്ടം ചെയ്യാത്തവരെ യേശു ‘അധർമ്മം പ്രവർത്തിക്കുന്നവർ’ എന്നാണു വിളിച്ചത്. (മത്തായി 7:21-23) കള്ളനോട്ടുപോലെ, വ്യാജമതത്തിന് യാതൊരു മൂല്യവുമില്ല. അതിലുപരി, അതു ഹാനികരവുമാണ്.
4. രണ്ടു വഴികളെക്കുറിച്ച് യേശു പറഞ്ഞതിന്റെ അർഥമെന്ത്, ഓരോന്നും എവിടേക്കു നയിക്കുന്നു?
4 നിത്യജീവൻ നേടാനുള്ള അവസരം ഭൂമിയിലെ ഓരോരുത്തർക്കും യഹോവ നൽകുന്നുണ്ട്. എന്നാൽ, പറുദീസയിൽ നിത്യജീവൻ ലഭിക്കുന്നതിന് നാം ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുകയും അവനു പ്രസാദകരമായ ജീവിതം നയിക്കുകയും വേണം. അനേകരും അതു ചെയ്യുന്നില്ല എന്നതാണു സങ്കടകരം. അതുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) സത്യമതം നിത്യജീവനിലേക്കു നയിക്കുന്നു, വ്യാജമതമാകട്ടെ നാശത്തിലേക്കും. മനുഷ്യർ ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എല്ലായിടത്തുമുള്ള ആളുകൾക്കു തന്നെക്കുറിച്ചു പഠിക്കാൻ അവൻ അവസരം നൽകുന്നത്. (2 പത്രൊസ് 3:9) അതുകൊണ്ട് നാം ദൈവത്തെ ആരാധിക്കുന്ന വിധം നമുക്കു ജീവനെയോ മരണത്തെയോ അർഥമാക്കും.
സത്യമതത്തെ തിരിച്ചറിയാവുന്ന വിധം
5. സത്യമതത്തിൽപ്പെട്ടവരെ നമുക്ക് എങ്ങനെ തിരിച്ചറിയാം?
5 ‘ജീവനിലേക്കുള്ള വഴി’ നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? സത്യമതം ഏതാണെന്ന് അത് ആചരിക്കുന്നവരുടെ ജീവിതം വ്യക്തമാക്കുമെന്ന് യേശു പ്രസ്താവിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു.” (മത്തായി 7:16, 17) മറ്റു വാക്കുകളിൽ പറഞ്ഞാൽ, സത്യമതത്തിൽപ്പെട്ടവരെ അവരുടെ വിശ്വാസവും ജീവിതരീതിയും തിരിച്ചറിയിക്കും. സത്യാരാധകർ അപൂർണരും പിഴവുകൾ വരുത്തുന്നവരും ആണെങ്കിലും ഒരു കൂട്ടമെന്ന നിലയിൽ അവർ ദൈവേഷ്ടം ചെയ്യാൻ ശ്രമിക്കുന്നു. സത്യമതത്തിൽപ്പെട്ടവരെ തിരിച്ചറിയിക്കുന്ന ആറു സവിശേഷതകൾ നമുക്കിപ്പോൾ പരിശോധിക്കാം.
6, 7. ദൈവജനം ബൈബിളിനെ വീക്ഷിക്കുന്നത് എങ്ങനെ, ഇക്കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു?
6 സത്യരാധകരുടെ പഠിപ്പിക്കലുകൾ ബൈബിളിൽ അടിസ്ഥാനപ്പെട്ടിരിക്കും. ബൈബിൾതന്നെ ഇപ്രകാരം പറയുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) ‘ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടു’വെന്നു സഹക്രിസ്ത്യാനികൾക്ക് പൗലൊസ് അപ്പൊസ്തലൻ എഴുതുകയുണ്ടായി. (1 തെസ്സലൊനീക്യർ 2:13) അതിനാൽ, സത്യമതത്തിന്റെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും മാനുഷിക വീക്ഷണങ്ങളിലോ പാരമ്പര്യത്തിലോ അധിഷ്ഠിതമല്ല. മറിച്ച്, ദൈവവചനമായ ബൈബിളിൽ അടിയുറച്ചതാണ്.
7 തന്റെ പഠിപ്പിക്കലിനെ ദൈവവചനത്തിൽ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തു നല്ലൊരു മാതൃകവെച്ചു. സ്വർഗീയ പിതാവിനോടു പ്രാർഥിക്കവേ അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) യേശു ദൈവവചനത്തിൽ വിശ്വാസമർപ്പിച്ചു. മാത്രമല്ല അവൻ പഠിപ്പിച്ചതെല്ലാം തിരുവെഴുത്തുകൾക്കു ചേർച്ചയിലുമായിരുന്നു. യേശു പലപ്പോഴും, “എന്നു എഴുതിയിരിക്കുന്നു” എന്നു പ്രസ്താവിച്ചുകൊണ്ട് തിരുവെഴുത്തുകൾ ഉദ്ധരിക്കുമായിരുന്നു. (മത്തായി 4:4, 7, 10) സമാനമായി, ദൈവജനം ഇക്കാലത്ത് സ്വന്ത ആശയങ്ങളല്ല പഠിപ്പിക്കുന്നത്. ബൈബിൾ ദൈവവചനമാണെന്ന് അവർ വിശ്വസിക്കുകയും അതിനു ചേർച്ചയിലുള്ള കാര്യങ്ങൾ മാത്രം പഠിപ്പിക്കുകയും ചെയ്യുന്നു.
8. യഹോവയെ ആരാധിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
8 സത്യമതത്തിൽപ്പെട്ടവർ യഹോവയെ മാത്രം ആരാധിക്കുകയും അവന്റെ നാമം പ്രസിദ്ധമാക്കുകയും ചെയ്യുന്നു. യേശു ഇങ്ങനെ പ്രസ്താവിച്ചു: “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.” (മത്തായി 4:10) അതിനാൽ, ദൈവദാസർ യഹോവയെ അല്ലാതെ ആരെയും ആരാധിക്കുകയില്ല. സത്യദൈവത്തിന്റെ പേര് എന്താണെന്നും അവൻ എങ്ങനെയുള്ളവനാണെന്നും മറ്റുള്ളവരോടു പറയുന്നത് ഈ ആരാധനയുടെ ഭാഗമാണ്. “അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്നു സങ്കീർത്തനം 83:18 പ്രസ്താവിക്കുന്നു. ദൈവത്തെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ യേശു മാതൃകവെച്ചു. പ്രാർഥിക്കുകയിൽ അവൻ ഇങ്ങനെ പറഞ്ഞു: “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹന്നാൻ 17:6) ഇതേരീതിയിൽ, സത്യാരാധകർ ഇന്ന് ദൈവത്തിന്റെ നാമത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നു.
9, 10. സത്യക്രിസ്ത്യാനികൾ ഏതെല്ലാം വിധങ്ങളിൽ പരസ്പര സ്നേഹം പ്രകടമാക്കുന്നു?
9 ദൈവജനം പരസ്പരം ആത്മാർഥവും നിസ്സ്വാർഥവും ആയ സ്നേഹം പ്രകടമാക്കുന്നു. യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ആദിമ ക്രിസ്ത്യാനികൾക്കിടയിൽ അത്തരം സ്നേഹമുണ്ടായിരുന്നു. ദൈവിക സ്നേഹം, വർഗീയവും സാമൂഹികവും ദേശീയവും ആയ അതിർവരമ്പുകളെ തകർക്കുന്നതും യഥാർഥ സാഹോദര്യമെന്ന തകർക്കാനാവാത്ത സ്നേഹബന്ധത്തിൽ ആളുകളെ ഒന്നിപ്പിക്കുന്നതും ആണ്. (കൊലൊസ്സ്യർ 3:14) വ്യാജമതത്തിലെ അംഗങ്ങൾക്കിടയിൽ സ്നേഹനിർഭരമായ അത്തരം സാഹോദര്യമില്ല. അതു നമുക്ക് എങ്ങനെ അറിയാം? ദേശീയമോ വംശീയമോ ആയ വ്യത്യാസത്തിന്റെ പേരിൽ അവർ പരസ്പരം കൊല്ലുന്നു. സത്യക്രിസ്ത്യാനികൾ തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെയോ മറ്റാരെയെങ്കിലുമോ കൊല്ലാൻ ആയുധമെടുക്കില്ല. ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. . . . നാം അന്യോന്യം സ്നേഹിക്കേണം . . . കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല.”—1 യോഹന്നാൻ 3:10-12; 4:20, 21.
10 എന്നാൽ കൊല ചെയ്യാതിരിക്കുന്നതു മാത്രമല്ല യഥാർഥ സ്നേഹം. പരസ്പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ആയി സത്യക്രിസ്ത്യാനികൾ തങ്ങളുടെ സമയവും ഊർജവും ആസ്തികളും നിസ്സ്വാർഥം ചെലവിടുന്നു. (എബ്രായർ 10:24, 25) പ്രയാസ സാഹചര്യങ്ങളിൽ അവർ അന്യോന്യം പിന്തുണയ്ക്കുകയും മറ്റുള്ളവരോടു സത്യസന്ധമായി ഇടപെടുകയും ചെയ്യുന്നു. വാസ്തവത്തിൽ, ‘എല്ലാവർക്കും നന്മ ചെയ്ക’ എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം അവർ സ്വന്തം ജീവിതത്തിൽ ബാധകമാക്കുന്നു.—ഗലാത്യർ 6:10.
11. ദൈവം നൽകിയിരിക്കുന്ന രക്ഷാമാർഗമായി യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ദൈവം പ്രദാനം ചെയ്തിരിക്കുന്ന രക്ഷാമാർഗമെന്ന നിലയിൽ സത്യക്രിസ്ത്യാനികൾ യേശുക്രിസ്തുവിനെ അംഗീകരിക്കുന്നു. ബൈബിൾ പറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12) അനുസരണമുള്ള മനുഷ്യർക്കുവേണ്ടി യേശു തന്റെ ജീവനെ ഒരു മറുവിലയായി നൽകിയെന്ന് 5-ാം അധ്യായത്തിൽ നാം കണ്ടു. (മത്തായി 20:28) ഈ യേശുവിനെയാണ് മുഴു ഭൂമിയെയും ഭരിക്കാനിരിക്കുന്ന സ്വർഗീയ രാജ്യത്തിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്നത്. നിത്യജീവൻ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ നാം യേശുവിനെ അനുസരിക്കുകയും അവൻ പഠിപ്പിച്ച കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തുകയും ചെയ്യണമെന്ന് ദൈവം ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നത്: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല.”—യോഹന്നാൻ 3:36.
12. ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
12 സത്യാരാധകർ ഈ ലോകത്തിന്റെ ഭാഗമല്ല. റോമൻ ഭരണാധികാരിയായിരുന്ന പീലാത്തൊസിന്റെ മുമ്പാകെ നടന്ന വിചാരണവേളയിൽ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല,” അഥവാ ഈ ലോകത്തിന്റെ ഭാഗമല്ല. (യോഹന്നാൻ 18:36) യേശുവിന്റെ യഥാർഥ അനുഗാമികൾ ഏതു രാജ്യത്തു ജീവിക്കുന്നവരാണെങ്കിലും അവർ അവന്റെ സ്വർഗീയ രാജ്യത്തിന്റെ പ്രജകളാണ്. അതിനാൽ അവർ ഈ ലോകത്തിന്റെ രാഷ്ട്രീയ കാര്യാദികളിൽ തികഞ്ഞ നിഷ്പക്ഷത പാലിക്കുന്നു. ലോകത്തിലെ പോരാട്ടങ്ങളിൽ അവർ ഏർപ്പെടുന്നില്ല. എന്നിരുന്നാലും, ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനോ സ്ഥാനാർഥിയാകാനോ വോട്ടു ചെയ്യാനോ ഉള്ള മറ്റുള്ളവരുടെ തീരുമാനത്തിൽ യഹോവയുടെ ആരാധകർ കൈകടത്തുന്നില്ല. രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷരാണെങ്കിലും, അവർ നിയമം അനുസരിക്കുന്നവരാണ്. എന്തുകൊണ്ട്? ഭരിക്കുന്ന ‘ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങിയിരിക്കാൻ’ ദൈവവചനം അവരോട് ആജ്ഞാപിക്കുന്നു. (റോമർ 13:1) ദൈവവും ഭരണാധികാരികളും ആവശ്യപ്പെടുന്ന കാര്യങ്ങൾ തമ്മിൽ ചേരാതെവരുമ്പോൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പറഞ്ഞ അപ്പൊസ്തലന്മാരുടെ മാതൃക സത്യാരാധകർ പിൻപറ്റുന്നു.—പ്രവൃത്തികൾ 5:29; മർക്കൊസ് 12:17.
13. യേശുവിന്റെ യഥാർഥ അനുഗാമികൾ ദൈവരാജ്യത്തെ എങ്ങനെ വീക്ഷിക്കുന്നു, അതിനാൽ അവർ എന്തു ചെയ്യുന്നു?
13 ദൈവരാജ്യമാണ് മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശയെന്ന് യേശുവിന്റെ യഥാർഥ അനുഗാമികൾ പ്രസംഗിക്കുന്നു. യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) പ്രശ്നപരിഹാരത്തിനായി മനുഷ്യഭരണാധിപന്മാരിൽ ആശ്രയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യമാണെന്ന് യേശുക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 146:3) “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പറഞ്ഞപ്പോൾ, പൂർണതയുള്ള ആ ഗവണ്മെന്റിനുവേണ്ടി പ്രാർഥിക്കാനാണ് യേശു നമ്മെ പഠിപ്പിച്ചത്. (മത്തായി 6:10) ആ സ്വർഗീയ രാജ്യം “[ഇപ്പോഴത്തെ] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യു”മെന്നു ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു.—ദാനീയേൽ 2:44.
14. സത്യാരാധനയ്ക്കുള്ള വ്യവസ്ഥകൾ പാലിക്കുന്ന മതം ഏതാണെന്നാണു നിങ്ങൾ വിശ്വസിക്കുന്നത്?
14 ഇപ്പോൾ പരിചിന്തിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘തങ്ങളുടെ സകല പഠിപ്പിക്കലുകളും ബൈബിളിൽ അടിസ്ഥാനപ്പെടുത്തുകയും യഹോവയുടെ നാമം പ്രസിദ്ധമാക്കുകയും ചെയ്യുന്നത് ഏതു മതസംഘടനയാണ്? ദൈവികസ്നേഹം പ്രകടമാക്കുകയും യേശുവിൽ വിശ്വാസമർപ്പിക്കുകയും ലോകത്തിന്റെ ഭാഗമല്ലാതിരിക്കുകയും മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് ആരാണ്? ഭൂമിയിലുള്ള മതങ്ങളിൽ ഏതു മതമാണ് ഈ വ്യവസ്ഥകളെല്ലാം പാലിക്കുന്നത്?’ അതു യഹോവയുടെ സാക്ഷികളാണെന്നു വസ്തുതകൾ തെളിയിക്കുന്നു.—യെശയ്യാവു 43:10-12.
നിങ്ങൾ എന്തു ചെയ്യും?
15. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതിലധികമായി എന്താണ് അവൻ ആവശ്യപ്പെടുന്നത്?
15 ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് അവനിൽ വിശ്വസിച്ചാൽ മാത്രം പോരാ. ദൈവം ഉണ്ടെന്ന് ഭൂതങ്ങൾപോലും വിശ്വസിക്കുന്നതായി ബൈബിൾ പറയുന്നു. (യാക്കോബ് 2:19) എങ്കിലും അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നില്ല, അവർക്ക് അവന്റെ അംഗീകാരവും ഇല്ല. ദൈവാംഗീകാരം ലഭിക്കണമെങ്കിൽ, ദൈവം ഉണ്ടെന്നു വിശ്വസിച്ചാൽ മാത്രം പോരാ അവന്റെ ഇഷ്ടം ചെയ്യുകയും വേണം. നാം വ്യാജമതത്തിൽനിന്നു വിട്ടുപോരുകയും സത്യാരാധന സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
16. വ്യാജമതം സംബന്ധിച്ച് നാം എന്തു ചെയ്യണം?
16 നാം വ്യാജാരാധനയിൽ ഏർപ്പെടരുതെന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി. അവൻ ഇപ്രകാരം എഴുതി: ‘അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.’ (2 കൊരിന്ത്യർ 6:16; യെശയ്യാവു 52:11) അതിനാൽ, വ്യാജാരാധനയുമായി ബന്ധപ്പെട്ട എന്തും സത്യക്രിസ്ത്യാനികൾ ഒഴിവാക്കുന്നു.
17, 18. എന്താണ് ‘മഹാബാബിലോൺ,’ ‘അവളെ വിട്ടുപോരേണ്ടത്’ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
17 എല്ലാത്തരം വ്യാജമതങ്ങളും “മഹതിയാം ബാബിലോൻ” അഥവാ മഹാബാബിലോണിന്റെ ഭാഗമാണെന്നു ബൈബിൾ പ്രകടമാക്കുന്നു.a (വെളിപ്പാടു 17:5) നോഹയുടെ കാലത്തെ ജലപ്രളയത്തിനുശേഷം വ്യാജമതം പിറവിയെടുത്ത പുരാതന ബാബിലോൺ നഗരത്തെയാണ് ഇതു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നത്. വ്യാജമതത്തിൽ ഇപ്പോൾ പൊതുവായി കാണുന്ന പല പഠിപ്പിക്കലും ആചാരങ്ങളും പണ്ടു ബാബിലോണിൽ ഉത്ഭവിച്ചവയാണ്. ഉദാഹരണത്തിന്, ബാബിലോന്യർ ത്രിത്വദൈവങ്ങളെ അഥവാ ത്രയങ്ങളെ ആരാധിച്ചിരുന്നു. ഇന്ന് പല മതങ്ങളുടെയും മുഖ്യ പഠിപ്പിക്കൽ ത്രിത്വമാണ്. എന്നാൽ, യഹോവ എന്നു പേരുള്ള ഒരേയൊരു സത്യദൈവം മാത്രമേ ഉള്ളുവെന്നും യേശുക്രിസ്തു അവന്റെ പുത്രനാണെന്നും ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. (യോഹന്നാൻ 17:3) മരണാനന്തരം ശരീരത്തെ വിട്ടുപോകുന്നതും ഒരു ദണ്ഡനസ്ഥലത്തു കഷ്ടപ്പാട് അനുഭവിച്ചേക്കാവുന്നതും ആയ ഒരു അമർത്യ ആത്മാവ് മനുഷ്യനുണ്ടെന്നും ബാബിലോന്യർ വിശ്വസിച്ചിരുന്നു. നമ്മുടെ കാലത്തെ മിക്ക മതങ്ങളും, നരകാഗ്നിയിൽ യാതന അനുഭവിക്കാൻ കഴിയുന്ന അമർത്യ ആത്മാവിനെക്കുറിച്ചു പഠിപ്പിക്കുന്നു.
18 പുരാതന ബാബിലോന്യ ആരാധന ഭൂമിയിലെങ്ങും വ്യാപിച്ചതിനാൽ, ആധുനിക മഹാബാബിലോൺ വ്യാജമത ലോകസാമ്രാജ്യമാണെന്നു ശരിയായിത്തന്നെ മനസ്സിലാക്കാവുന്നതാണ്. ഈ വ്യാജമതസാമ്രാജ്യത്തിന്റെ അന്ത്യം പെട്ടെന്നായിരിക്കുമെന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (വെളിപ്പാടു 18:8) മഹാബാബിലോണിന്റെ സകല ഘടകങ്ങളിൽനിന്നും വിട്ടുപോരേണ്ടതിന്റെ കാരണം നിങ്ങൾക്കിപ്പോൾ കാണാൻ കഴിയുന്നുണ്ടോ? അവസരം നഷ്ടമാകുന്നതിനു മുമ്പായി പെട്ടെന്ന് നിങ്ങൾ ‘അവളെ വിട്ടുപോരാൻ’ യഹോവയാം ദൈവം ആഗ്രഹിക്കുന്നു.—വെളിപ്പാടു 18:4.
യഹോവയുടെ ജനത്തോടൊപ്പം അവനെ സേവിക്കുന്നതുനിമിത്തം, നിങ്ങൾക്കു നഷ്ടപ്പെട്ടേക്കാവുന്ന എന്തിനെക്കാളുമധികം നിങ്ങൾ നേടും
19. യഹോവയെ സേവിക്കുന്നതു മുഖാന്തരം നിങ്ങൾക്കു നേടാനാകുന്നത് എന്താണ്?
19 വ്യാജമതം ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെപ്രതി ചിലർ നിങ്ങളുമായുള്ള സഹവാസം നിറുത്തിയേക്കാം. എന്നാൽ യഹോവയുടെ ജനത്തോടൊപ്പം അവനെ സേവിക്കുന്നതുനിമിത്തം, നിങ്ങൾക്കു നഷ്ടപ്പെട്ടേക്കാവുന്ന എന്തിനെക്കാളുമധികം നിങ്ങൾ നേടും. യേശുവിനെ അനുഗമിക്കാനായി മറ്റു സകലതും ഉപേക്ഷിച്ച അവന്റെ ആദിമ ശിഷ്യരുടെ കാര്യത്തിലെന്നപോലെ നിങ്ങൾക്കു നിരവധി ആത്മീയ സഹോദരീസഹോദരന്മാരെ ലഭിക്കും. നിങ്ങളോട് യഥാർഥ സ്നേഹം പ്രകടിപ്പിക്കുന്ന ദശലക്ഷക്കണക്കിനു സത്യക്രിസ്ത്യാനികൾ അടങ്ങുന്ന വലിയ ലോകവ്യാപക കുടുംബത്തിന്റെ ഭാഗമായിത്തീരും നിങ്ങൾ. “വരുവാനുള്ള ലോക”ത്തിലെ നിത്യജീവനെന്ന മഹത്തായ പ്രത്യാശയും നിങ്ങൾക്കുണ്ടായിരിക്കും. (മർക്കൊസ് 10:28-30) നിങ്ങളുടെ വിശ്വാസങ്ങളെപ്രതി നിങ്ങളെ ഉപേക്ഷിച്ചവർ ഒരുപക്ഷേ പിന്നീട് എപ്പോഴെങ്കിലും ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകയും യഹോവയുടെ ആരാധകർ ആയിത്തീരുകയും ചെയ്തേക്കാം.
20. സത്യമതത്തിൽപ്പെട്ടവർക്ക് ഏതു ഭാവിപ്രത്യാശയാണുള്ളത്?
20 ദൈവം ഈ ദുഷ്ടവ്യവസ്ഥിതിയെ പെട്ടെന്നുതന്നെ നശിപ്പിച്ചിട്ട് തത്സ്ഥാനത്ത് തന്റെ രാജ്യഭരണത്തിൻകീഴിൽ നീതിനിഷ്ഠമായ ഒരു പുതിയലോകം സ്ഥാപിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (2 പത്രൊസ് 3:9, 13) ആ ലോകം എത്ര അത്ഭുതകരമായ ഒന്നായിരിക്കും! നീതിനിഷ്ഠമായ ആ പുതിയ വ്യവസ്ഥിതിയിൽ ഒരേയൊരു മതം അഥവാ സത്യാരാധന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് സത്യാരാധകരുമായി ഇപ്പോൾത്തന്നെ സഹവസിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതല്ലേ ജ്ഞാനമായിരിക്കുന്നത്?
a മഹാബാബിലോൺ വ്യാജമത ലോകസാമ്രാജ്യത്തിന്റെ പ്രതീകമായിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 219-20 പേജുകളിലെ അനുബന്ധം കാണുക.