ദൈവവചനത്തിൽനിന്നു പഠിക്കുക
സത്യാരാധന—എങ്ങനെ തിരിച്ചറിയാം?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. സത്യമതം ഒന്നേയുള്ളോ?
ഒരു മതത്തെക്കുറിച്ച്, അതായത് സത്യമതത്തെക്കുറിച്ച് മാത്രമാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. ജീവനിലേക്കു നയിക്കുന്ന ഒരു പാതപോലെയാണ് അത്. ആ പാതയെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:14) സത്യവചനത്തിന് ചേർച്ചയിലുള്ള ആരാധന മാത്രമേ ദൈവം സ്വീകരിക്കുകയുള്ളൂ. സത്യാരാധകരെല്ലാം വിശ്വാസത്തിൽ ഐക്യമുള്ളവരാണ്.—യോഹന്നാൻ 4:23, 24; 14:6; എഫെസ്യർ 4:4, 5 വായിക്കുക.
2. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന അനേകം മതങ്ങളുള്ളത് എന്തുകൊണ്ട്?
കള്ളപ്രവാചകന്മാർ ക്രിസ്ത്യാനിത്വത്തെ ദുഷിപ്പിക്കുകയും സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി അതിനെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവർ അവന്റെ ‘ആടുകളാണെന്ന്’ നടിക്കുന്നെങ്കിലും കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. (മത്തായി 7:13-15, 21, 23) വിശേഷിച്ചും, യേശുവിന്റെ അപ്പൊസ്തലന്മാരുടെ മരണത്തെത്തുടർന്നാണ് വ്യാജക്രിസ്ത്യാനിത്വം വ്യാപകമായത്.—പ്രവൃത്തികൾ 20:29, 30 വായിക്കുക.
3. സത്യാരാധനയെ തിരിച്ചറിയിക്കുന്ന ചില സവിശേഷതകൾ ഏവ?
സത്യാരാധകർ ബൈബിളിനെ ദൈവത്തിന്റെ വചനമായി അംഗീകരിക്കുന്നു. ബൈബിൾതത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാൻ സകല ശ്രമവും ചെയ്യുന്നവരാണ് അവർ. അതുകൊണ്ടുതന്നെ മാനുഷചിന്തകളിൽ അധിഷ്ഠിതമായ മതങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് സത്യമതം. (മത്തായി 15:7-9) സത്യാരാധകർ ഒന്ന് പ്രസംഗിക്കുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യില്ല.—യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17 വായിക്കുക.
സത്യമതം യഹോവ എന്ന ദൈവനാമത്തെ ആദരിക്കുന്നു. യേശു ദൈവനാമം പ്രസിദ്ധമാക്കി. ദൈവത്തെക്കുറിച്ച് അറിയാൻ അവൻ ആളുകളെ സഹായിക്കുകയും അതിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തു. (മത്തായി 6:9) നിങ്ങളുടെ പ്രദേശത്തുള്ള ഏതു മതമാണ് ദൈവനാമം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്?—യോഹന്നാൻ 17:26; റോമർ 10:13, 14 വായിക്കുക.
4. സത്യാരാധകരെ എങ്ങനെ തിരിച്ചറിയാം?
സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു. മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശയായ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനാണ് ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. താൻ മരിക്കുന്ന ദിവസംപോലും യേശു ആ രാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു. (ലൂക്കോസ് 4:43; 8:1; 23:42, 43) മാത്രമല്ല, ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ അവൻ തന്റെ അനുഗാമികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആകട്ടെ, ഏതു മതത്തിൽപ്പെട്ടവരാണ് ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങളുടെ അടുക്കൽ വരുന്നത്?—മത്തായി 10:7; 24:14 വായിക്കുക.
യേശുവിന്റെ അനുഗാമികൾ ഈ ദുഷ്ടലോകത്തിന്റെ ഭാഗമല്ല. രാഷ്ട്രീയ കാര്യങ്ങളിലോ സാമൂഹിക പോരാട്ടങ്ങളിലോ അവർ ഉൾപ്പെടുന്നില്ല. (യോഹന്നാൻ 17:16) ഈ ലോകത്തിന്റെ ദുഷിച്ച ശീലങ്ങളും മനോഭാവങ്ങളും അവർ പകർത്തുന്നതുമില്ല.—യാക്കോബ് 1:27; 4:4 വായിക്കുക.
5. സത്യക്രിസ്ത്യാനിത്വത്തെ തിരിച്ചറിയിക്കുന്ന മുഖ്യ അടയാളം എന്താണ്?
സത്യക്രിസ്ത്യാനികൾ പരസ്പരം അകമഴിഞ്ഞ് സ്നേഹിക്കുന്നു. വർഗവിവേചനമില്ലാതെ സകല ആളുകളെയും ബഹുമാനിക്കാൻ ദൈവവചനത്തിൽനിന്ന് അവർ പഠിക്കുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിന് വ്യാജമതങ്ങൾ മിക്കപ്പോഴും പൂർണപിന്തുണ പ്രഖ്യാപിക്കുമ്പോൾ സത്യാരാധകർ അതിൽ ഏർപ്പെടുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. (മീഖാ 4:1-4) മറിച്ച്, മറ്റുള്ളവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും തങ്ങളുടെ സമയവും ആസ്തികളും നിർലോഭം ചെലവഴിക്കാൻ മനസ്സുള്ളവരാണ് സത്യമതത്തിലെ അംഗങ്ങൾ.—യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 4:20, 21 വായിക്കുക.
ഒന്നു ചിന്തിച്ചുനോക്കൂ: ദൈവവചനത്തെ അടിസ്ഥാനമാക്കിമാത്രം പഠിപ്പിക്കുന്നത് ഏതു കൂട്ടത്തിൽപ്പെട്ടവരാണ്? ആരാണ് ദൈവനാമത്തെ ആദരിക്കുന്നത്? മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശ എന്ന നിലയിൽ ദൈവരാജ്യത്തെക്കുറിച്ച് ഘോഷിക്കുന്നത് ആരാണ്? യുദ്ധത്തിൽ ഏർപ്പെടാതെ സ്നേഹത്തിന്റെ മാർഗത്തിൽ ചരിക്കുന്നത് ഏതു കൂട്ടരാണ്? അത് യഹോവയുടെ സാക്ഷികളാണെന്ന് മിക്കവരും സമ്മതിക്കും!—1 യോഹന്നാൻ 3:10-12. (w11-E 08/01)
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 15-ാം അധ്യായം കാണുക.
[16-ാം പേജിലെ ചിത്രം]
“അവർ ദൈവത്തെ അറിയുന്നുവെന്ന് മറ്റുള്ളവരുടെ മുമ്പാകെ അവകാശപ്പെടുന്നുവെങ്കിലും തങ്ങളുടെ പ്രവൃത്തികളാൽ അവനെ തള്ളിപ്പറയുന്നു.”—തീത്തൊസ് 1:16.