ബൈബിളിന്റെ വീക്ഷണം
സത്യക്രിസ്ത്യാനികൾക്കു ദിവ്യസംരക്ഷണം പ്രതീക്ഷിക്കാൻ കഴിയുമോ?
സഹ ആരാധകർക്കു ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ, ക്രിസ്ത്യാനികൾ—പ്രാർഥനക്കുശേഷം—തങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്ന, യുദ്ധബാധിത പ്രദേശത്തുകൂടെ ഒന്നിനു പിറകെ ഒന്നായി കടന്നുപോയി. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സൈന്യങ്ങളെ വളരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ സുരക്ഷിതരായി എത്തേണ്ടിടത്ത് എത്തി. ദൈവദൂതൻ അവരെ സംരക്ഷിച്ചോ?
അനേകവർഷങ്ങളായി ശുശ്രൂഷകരായി സേവിച്ചുപോന്ന ഒരു ക്രിസ്തീയ ദമ്പതികൾ വീടുതോറുമുള്ള സുവിശേഷിക്കൽ വേലയിൽ ഏർപ്പെട്ടുകൊണ്ടിരുന്നിടത്ത് ഒരു വിമാനം തകർന്നുവീണു മരിച്ചു. ആ നിർണായക നിമിഷത്തിൽ ദൈവത്തിന്റെ ദൂതൻ അവരെയോ വിമാനത്തെയോ മറ്റെവിടേക്കെങ്കിലും നയിക്കാഞ്ഞതെന്തുകൊണ്ട്?—പ്രവൃത്തികൾ 8:26 താരതമ്യം ചെയ്യുക.
ഈ സംഭവങ്ങളെ താരതമ്യംചെയ്തുകൊണ്ട്, നാം ഇപ്രകാരം ചോദിച്ചേക്കാം: ദൈവേഷ്ടം ചെയ്തുകൊണ്ടിരിക്കുമ്പോൾ ചില ക്രിസ്ത്യാനികൾ മരിക്കുന്നതെന്തുകൊണ്ട്, അതേസമയം മറ്റുള്ളവർ പലപ്പോഴും അത്യന്തം അപകടകരമായ സാഹചര്യത്തിൽ അതിജീവിക്കുന്നതെന്തുകൊണ്ട്? വിശേഷിച്ച് ഈ നിർണായകമായ “അന്ത്യനാളുകളിൽ” ക്രിസ്ത്യാനികൾക്കു ദിവ്യസംരക്ഷണം പ്രതീക്ഷിക്കാൻ കഴിയുമോ?—2 തിമൊഥെയൊസ് 3:1.
ദിവ്യസംരക്ഷണത്തിന്റെ ഉദ്ദേശ്യം
യഹോവയാം ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കുമെന്നും സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു. (പുറപ്പാടു 19:3-6; യെശയ്യാവു 54:17) ക്രിസ്തീയ സഭ ശൈശവാവസ്ഥയിലായിരുന്ന ഒന്നാം നൂറ്റാണ്ടിൽ ശ്രദ്ധേയമായ വിധത്തിൽ അവൻ അപ്രകാരം ചെയ്തു. എല്ലാത്തരം അത്ഭുതങ്ങളും ബഹുലമായിരുന്നു. യേശു ആയിരങ്ങളെ പോഷിപ്പിക്കാൻ ഭക്ഷണം വർധിപ്പിച്ചു; അവനും അവന്റെ അനുഗാമികളും എല്ലാത്തരം രോഗികളെയും വൈകല്യമുള്ളവരെയും സൗഖ്യമാക്കി, ഭൂതബാധിതരിൽനിന്ന് അമാനുഷ ആത്മാക്കളെ പുറത്താക്കി, മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു. ദിവ്യസംരക്ഷണത്തിൻകീഴിൽ പുതുതായി ചിറകുമുളച്ച ആ സഭ വളരുകയും വേരുറയ്ക്കുകയും ചെയ്തു. എങ്കിലും, ദൈവത്തിന്റെ എല്ലാ സ്പഷ്ടമായ പിന്തുണയുണ്ടായിരുന്നിട്ടും വിശ്വസ്തരായ ഒട്ടനവധി ക്രിസ്ത്യാനികൾ അകാലമരണത്തിനിരയായി.—സങ്കീർത്തനം 90:10 താരതമ്യം ചെയ്യുക.
സെബദിയുടെ പുത്രന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും കാര്യമെടുക്കുക. പത്രോസിനോടൊപ്പം ക്രിസ്തുവിന്റെ ഏറ്റവുമടുത്ത സ്നേഹിതന്മാരുടെയിടയിൽ അപ്പോസ്തലന്മാരായി തിരഞ്ഞെടുക്കപ്പെട്ട അവരും ഉണ്ടായിരുന്നു.a എന്നാൽ പൊ. യു. (പൊതുയുഗം) 44-ാമാണ്ടിൽ യാക്കോബ് രക്തസാക്ഷിത്വം വരിച്ചു; അതേസമയം അവന്റെ സഹോദരനായ യോഹന്നാൻ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോളം ജീവിച്ചിരുന്നു. രണ്ടുപേരും ദൈവേഷ്ടം ചെയ്തിരുന്നുവെന്നതു സ്പഷ്ടമാണ്. യോഹന്നാൻ ജീവിച്ചിരിക്കവെ, യാക്കോബ് മരിക്കാൻ അനുവദിക്കപ്പെട്ടതെന്തുകൊണ്ട്?
സർവശക്തനായ ദൈവത്തിനു തീർച്ചയായും യാക്കോബിന്റെ ജീവനെ രക്ഷിക്കുന്നതിനുള്ള കഴിവുണ്ടായിരുന്നു. വാസ്തവത്തിൽ, യാക്കോബിന്റെ രക്തസാക്ഷിത്വത്തിനുശേഷം അധികം താമസിയാതെ യഹോവയുടെ ദൂതൻ പത്രോസിനെ മരണത്തിൽനിന്നു രക്ഷിക്കുകയുണ്ടായി. ദൂതൻ യാക്കോബിനെ വിടുവിക്കാഞ്ഞതെന്തുകൊണ്ട്?—പ്രവൃത്തികൾ 12:1-11.
ദൈവോദ്ദേശ്യ നിർവഹണത്തിൽ ഉപയോഗിക്കുന്നു
ദിവ്യസംരക്ഷണം നൽകപ്പെടുന്നതെന്തുകൊണ്ടെന്നു ഗ്രഹിക്കുന്നതിന്, അതു കേവലം വ്യക്തികൾ ദീർഘമായി ജീവിക്കാൻ ഇടയാക്കുന്നതിനല്ല പിന്നെയോ ദൈവോദ്ദേശ്യ നിർവഹണമെന്ന വളരെയേറെ പ്രധാനമായൊരു സംഗതിയെ സംരക്ഷിക്കുന്നതിനാണ് അതു നൽകപ്പെടുന്നതെന്നു നാം മനസ്സിലാക്കണം. ഉദാഹരണത്തിന്, ആ ഉദ്ദേശ്യ സാക്ഷാത്കാരത്തോട് അടുത്തു ബന്ധപ്പെട്ടിരുന്നതിനാൽ ക്രിസ്തീയ സഭയുടെ മൊത്തത്തിലുള്ള അതിജീവനത്തിന് ഉറപ്പുനൽകപ്പെടുന്നു. എന്നിരുന്നാലും, ക്രിസ്തു തന്റെ ശിഷ്യന്മാരോട് അവരുടെ വിശ്വാസം നിമിത്തം വ്യക്തികളെന്ന നിലയിൽ അവർക്കു മരണത്തെ അഭിമുഖീകരിക്കാൻ കഴിയണമെന്നു തുറന്നു പറഞ്ഞു. ഇതു പ്രസ്താവിച്ചതിനുശേഷം യേശു അത്ഭുതകരമായ വിടുതലിനെയല്ല, മറിച്ച് ‘അവസാനത്തോളമുള്ള സഹിച്ചുനിൽപ്പിനെ’ ഊന്നിപ്പറഞ്ഞു. (മത്തായി 24:9, 13) ചില വ്യക്തികളെ സംരക്ഷിച്ചു, അതേസമയം മറ്റു ചിലരെ സംരക്ഷിച്ചില്ല എന്ന വസ്തുത ദൈവം പക്ഷപാതിത്വമുള്ളവനാണെന്നു സൂചിപ്പിക്കുന്നില്ല. ആത്യന്തികമായി മുഴുമനുഷ്യവർഗത്തിനും പ്രയോജകീഭവിക്കുന്ന തന്റെ ഉദ്ദേശ്യ നിർവഹണത്തിനായി ഏറ്റവും യോജിച്ച സ്ഥാനത്തായിരുന്ന വ്യക്തിയെ ദൈവം ഉപയോഗിച്ചെന്നുമാത്രം.
ദൈവികസേവനത്തിൽ അകാല മരണം ഒരു യഥാർഥ സാധ്യതയായതുകൊണ്ട്, ദൈവാരാധന നിമിത്തം മരണത്തിനു വിധിക്കപ്പെട്ട മൂന്നു വിശ്വസ്ത എബ്രായരുടെ അതേ സന്തുലിത മനോഭാവം ക്രിസ്ത്യാനികൾക്കുണ്ടായിരിക്കണം. ബാബിലോൻ രാജാവിനോട് അവർ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും.”—ദാനീയേൽ 3:17, 18.
തന്റെ ഉദ്ദേശ്യ നിർവഹണത്തിലെ അവരുടെ മർമപ്രധാനമായ പങ്കു നിമിത്തം യഹോവ പത്രോസിന്റെയും യോഹന്നാന്റെയും ജീവനെ സംരക്ഷിച്ചു. ഇടയവേല ചെയ്തുകൊണ്ടു സഭയെ ‘ഉറപ്പിക്കാൻ’ പത്രോസിനെ ഉപയോഗിച്ചു; രണ്ടു നിശ്വസ്ത ബൈബിൾ പുസ്തകങ്ങളുടെ എഴുത്തും അതിൽ ഉൾപ്പെട്ടിരുന്നു. (ലൂക്കൊസ് 22:32) യോഹന്നാൻ അഞ്ചു ബൈബിൾ പുസ്തകങ്ങൾ എഴുതി; അവൻ ആദിമ സഭയിൽ ഒരു “തൂണും” ആയിരുന്നു.—ഗലാത്യർ 2:9; യോഹന്നാൻ 21:15-23.
തന്റെ സേവകരുടെ ജീവിതത്തിൽ എപ്പോൾ, ഏതു രീതിയിൽ ഇടപെടുമെന്നു യഹോവ കൃത്യമായി എങ്ങനെ തീരുമാനിക്കുന്നുവെന്നു മുൻകൂട്ടിപ്പറയുക അസാധ്യമാണ്. “ലോകാവസാനത്തോളം എല്ലാനാളും” തന്റെ അനുഗാമികളോടുകൂടെ താൻ ഉണ്ടായിരിക്കുമെന്നു ക്രിസ്തു വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നതാണ് ആകെക്കൂടെ തിട്ടമായി പ്രസ്താവിക്കാവുന്നത്. (മത്തായി 28:20) പ്രത്യേകിച്ചും, പ്രസംഗവേലയുടെ ദൂത നേതൃത്വം മുഖാന്തരം അവൻ ‘നമ്മോടുകൂടെ’ ആയിരിക്കും. (മത്തായി 13:36-43; വെളിപ്പാടു 14:6) ഈ പൊതുവായ സൂചനകൾക്കുപുറമേ കൃത്യമായി ദിവ്യസഹായം എങ്ങനെ പ്രകടമാകുമെന്നോ ആർക്കു ദിവ്യസംരക്ഷണം ലഭിക്കുമെന്നോ മുൻകൂട്ടിക്കാണാൻ നമുക്കു കഴിയുകയില്ല. തനിക്കു ദൈവത്തിന്റെ സംരക്ഷണവും മാർഗനിർദേശവും ഉണ്ടായിരുന്നിട്ടുള്ളതായി ഒരു ക്രിസ്ത്യാനിക്ക് അനുഭവപ്പെടുന്നെങ്കിലെന്ത്? ഇതു നിർണായകമായി തെളിയിക്കാനോ നിഷേധിക്കാനോ കഴിയുകയില്ലാത്തതുകൊണ്ട്, അത്തരത്തിലുള്ള ഒരുവന്റെ ആത്മാർഥമായ അവകാശവാദങ്ങളെ ആരും വിധിക്കരുത്.
ദൈവം നിർദയനോ?
ദൈവം ക്രിസ്ത്യാനികളുടെ മരണത്തെ അനുവദിക്കുന്നുവെന്ന വസ്തുത അവൻ ഒരുതരം നിർദയനാണെന്നു കാണിക്കുന്നുവോ? ഒരിക്കലുമില്ല. (സഭാപ്രസംഗി 9:11) കേവലം കുറച്ചു വർഷങ്ങളോ ദശകങ്ങൾപോലുമോ അല്ല, മറിച്ച് നിത്യമായി നമ്മുടെ ജീവനെ കാത്തുസൂക്ഷിക്കാനായി യഹോവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തന്നെ സ്നേഹിക്കുകയോ തന്നോടടുത്തുവരുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും നിത്യക്ഷേമത്തെപ്രതി ഉന്നത വീക്ഷണകോണത്തിൽനിന്ന് അവൻ കരുനീക്കം നടത്തിക്കൊണ്ടിരിക്കുന്നു. (മത്തായി 18:14 താരതമ്യം ചെയ്യുക.) അവന്റെ ഉദ്ദേശ്യ നിവൃത്തി, ഈ വ്യവസ്ഥിതിയിൽ നമ്മുടെ യാതനക്കിടയാക്കിയിട്ടുള്ള എന്തിന്റെയും—മരണത്തിന്റെപോലും—പൂർണമായ നിർമാർജനത്തെ അർഥമാക്കും. ദൈവത്തിന്റെ ഇടപെടലുകൾ സങ്കീർണവും പൂർണവുമാണ്, തന്മൂലം അപ്പോസ്തലനായ പൗലോസ് ഇപ്രകാരം ഉദ്ഘോഷിക്കാൻ പ്രേരിതനായി: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.”—റോമർ 11:33.
ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയാത്തതുകൊണ്ട്, ‘എനിക്കു ദിവ്യസംരക്ഷണമുണ്ടാകുമോ?’ എന്നല്ല മറിച്ച് ‘എനിക്കു യഹോവയുടെ അനുഗ്രഹമുണ്ടോ?’എന്ന ചോദ്യം ഓരോ ക്രിസ്ത്യാനിയും ചോദിക്കണം. നമുക്ക് അതുണ്ടെങ്കിൽ, ഈ വ്യവസ്ഥിതിയിൽ നമുക്ക് എന്തുസംഭവിക്കുന്നുവെന്നു പരിഗണിക്കാതെ അവൻ നമുക്കു നിത്യജീവൻ നൽകും. ഒരു നിത്യമായ പൂർണ ജീവനോടു താരതമ്യപ്പെടുത്തുമ്പോൾ ഈ വ്യവസ്ഥിതിയിലെ ഏതൊരു കഷ്ടപ്പാടും—മരണംപോലും—“നൊടിനേരത്തേക്കുള്ളതും ലഘുവുമാണെന്നും” തോന്നും.—2 കൊരിന്ത്യർ 4:17.
[അടിക്കുറിപ്പ്]
a പത്രോസും യാക്കോബും യോഹന്നാനും യേശുവിന്റെ രൂപാന്തരപ്പെടലിനും (മർക്കൊസ് 9:2) യായീറോസിന്റെ പുത്രിയുടെ പുനരുത്ഥാനത്തിനും (മർക്കൊസ് 5:22-24, 35-42) സാക്ഷ്യം വഹിച്ചിരുന്നു; യേശുവിനെ ഒറ്റയ്ക്കു വിചാരണചെയ്ത സമയത്ത് അവർ ഗെത്ശെമന തോട്ടത്തിനു സമീപത്തുണ്ടായിരുന്നു (മർക്കൊസ് 14:32-42); അവർ അന്ത്രെയോസിനോടൊപ്പം യേശുവിനോട് യെരുശലേമിന്റെ നാശത്തെക്കുറിച്ചും അവന്റെ ഭാവി സാന്നിധ്യത്തെക്കുറിച്ചും വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്നു.—മത്തായി 24:3; മർക്കൊസ് 13:1-3.