നിങ്ങൾ എന്നെങ്കിലും അതിശയിച്ചിട്ടുണ്ടോ?
യേശുവിന്റെ മാതാവായ മറിയയെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്താണു പറയുന്നത്?പിതാവു ദൈവമാണ്, പുത്രൻ ദൈവമാണ്, പരിശുദ്ധാത്മാവു ദൈവമാണ്, എന്നാൽ അവർ മൂന്നു ദൈവങ്ങളല്ല മറിച്ച് മൂവരും ഒന്നാണ് എന്ന പഠിപ്പിക്കൽ ക്രൈസ്തവലോകത്തിലെ ഭൂരിഭാഗം വിശ്വാസികളും മുറുകെപ്പിടിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ത്രിത്വം. അതുകൊണ്ട് ക്രൈസ്തവലോകത്തിലെ ഭൂരിഭാഗം വിഭാഗങ്ങളിലും (കാത്തലിക്, ആംഗ്ലിക്കൻ, ഓർത്തഡോക്സ്) യേശുവിന്റെ മാതാവായ മറിയ “ദൈവമാതാവ്” ആണെന്നുള്ള വിശ്വാസത്തിന് ഈ പഠിപ്പിക്കൽ യുക്തിപരമായും ജന്മം നൽകി. അതു യഥാർഥത്തിൽ അങ്ങനെ ആണോ? യേശു എങ്ങനെയാണു തന്റെ മാതാവിനെ വീക്ഷിച്ചത്? ശിഷ്യൻമാർ അവളെ എങ്ങനെ വീക്ഷിച്ചു? ബൈബിൾ എങ്ങനെ ഉത്തരം നൽകുന്നുവെന്നു നമുക്കു നോക്കാം:
1. മറിയയെക്കുറിച്ച് എപ്പോഴാണു ബൈബിളിൽ ആദ്യമായി പരാമർശിക്കുന്നത്?—മത്തായി 1:16.
2. യേശുവിന്റെ ജനനസമയത്തു മറിയ ഏതുതരം മതമാണ് ആചരിച്ചിരുന്നത്?—ലൂക്കൊസ് 2:39, 41.
3. തന്റെ പാപങ്ങൾക്കു വേണ്ടി മറിയ വഴിപാട് അർപ്പിച്ചോ?—ലൂക്കൊസ് 2:21-24; ലേവ്യപുസ്തകം 12:6, 8 താരതമ്യം ചെയ്യുക.
4. യേശുവിനെ ഗർഭം ധരിച്ചപ്പോൾ മറിയ കന്യകയായിരുന്നോ? അതു പ്രധാനമായിരുന്നത് എന്തുകൊണ്ട്?—മത്തായി 1:22, 23, 25; ലൂക്കൊസ് 1:34; യെശയ്യാവു 7:14; എബ്രായർ 4:15.
5. മറിയ എങ്ങനെ ഗർഭിണിയായി?—ലൂക്കൊസ് 1:26-38.
6. തന്റെ അതുല്യ സാഹചര്യങ്ങളോടു മറിയ എങ്ങനെ പ്രതികരിച്ചു?—ലൂക്കൊസ് 1:46-55.
7. താൻ ഒരു പരിഗണനയുള്ള മാതാവാണെന്നു മറിയ എപ്രകാരം പ്രകടമാക്കി—ലൂക്കൊസ് 2:41-51.
8. മറിയക്കു പിന്നീടു മറ്റു കുട്ടികൾ ജനിച്ചോ?—മത്തായി 13:55, 56; മർക്കൊസ് 6:3; ലൂക്കൊസ് 8:19-21; യോഹന്നാൻ 2:12; 7:5; പ്രവൃത്തികൾ 1:14; 1 കൊരിന്ത്യർ 9:5.
9. യേശുവിന്റെ സഹോദരൻമാരും സഹോദരിമാരും യഥാർഥത്തിൽ അവന്റെ മച്ചുനർ അല്ലായിരുന്നുവെന്നു നമുക്കെങ്ങനെ അറിയാം?—മർക്കൊസ് 6:3; ലൂക്കൊസ് 14:12; കൊലൊസ്സ്യർ 4:10 എന്നിവ താരതമ്യം ചെയ്യുക.
10. യേശു മറിയയെ ‘ദൈവമാതാവാ’യി വീക്ഷിച്ചോ?—യോഹന്നാൻ 2:3, 4; 19:26.
11. മറിയ സ്വയം ‘ദൈവമാതാവാ’യി വീക്ഷിച്ചോ?—ലൂക്കൊസ് 1:35; യോഹന്നാൻ 2:4, 5.
12. യേശു തന്റെ മാതാവിന് എന്തെങ്കിലും പ്രത്യേക സ്തുതിയോ സംപൂജ്യതയോ നൽകിയോ?—മർക്കൊസ് 3:31-35; ലൂക്കൊസ് 11:27, 28; യോഹന്നാൻ 19:26.
13. യഹോവയുടെ ഉദ്ദേശ്യങ്ങളിലെ തന്റെ പങ്കിനെ മറിയ എങ്ങനെ വീക്ഷിച്ചു?—ലൂക്കൊസ് 1:46-49.
14. മറിയ ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മധ്യസ്ഥയാണോ?—1 തിമൊഥെയൊസ് 2:5.
15. ബൈബിളിലെ 66 പുസ്തകങ്ങളിൽ എത്രയെണ്ണത്തിൽ മറിയയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്?
16. ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ പുസ്തകങ്ങളിലും ലേഖനങ്ങളിലും മറിയയെ ഉയർത്തിക്കാട്ടിയോ?—യോഹന്നാൻ 2:4; 2 കൊരിന്ത്യർ 1:1, 2; 2 പത്രൊസ് 1:1.
17. പൗലോസ്, പത്രോസ്, യാക്കോബ്, യോഹന്നാൻ, യൂദാ എന്നിവർ എഴുതിയ 21 ലേഖനങ്ങളിൽ മറിയയുടെ പേര് എത്ര പ്രാവശ്യമുണ്ട്?
18. യേശുവിന്റെ ഒരു അനുഗാമി എന്നനിലയിൽ മറിയയുടെ പ്രത്യാശ എന്തായിരുന്നു?—1 പത്രൊസ് 2:5; വെളിപ്പാടു 14:1, 3.
19. ഉല്പത്തി 3:15-ലും വെളിപ്പാടു 12:3-6-ലും പരാമർശിക്കപ്പെട്ടിരിക്കുന്ന സ്ത്രീ മറിയയാണോ?—യെശയ്യാവു 54:1, 5, 6; ഗലാത്യർ 4:26.
20. മറിയയുടെ ഇപ്പോഴത്തെ സ്ഥാനം എന്താണ്?—2 തിമൊഥെയൊസ് 2:11, 12.
ബൈബിളിന്റെ ഉത്തരങ്ങൾ
1. “യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.”—മത്തായി 1:16.
2. “കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിനു യെരൂശലേമിലേക്കു പോകും.” (ലൂക്കൊസ് 2:39, 41) യഹൂദൻമാരെന്നനിലയിൽ അവർ മോശയുടെ നിയമം പിൻപറ്റി.
3. “മോശയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികെഞ്ഞെപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും . . . . അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കൊസ് 2:22-24) “മകന്നു വേണ്ടിയോ മകൾക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.”—ലേവ്യപുസ്തകം 12:6, 8.
4. “മകനെ പ്രസവിക്കും വരെ അവൻ [യോസേഫ്] അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.” (മത്തായി 1:25) “മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.” (ലൂക്കൊസ് 1:34) “അതുകൊണ്ടു കർത്താവു [“യഹോവ,” NW] തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശയ്യാവു 7:14) “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രെ നമുക്കുള്ളതു.”—എബ്രായർ 4:15.
5. “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ദൈവത്തിന്നു ഒരു കായ്യവും അസാദ്ധ്യമല്ലല്ലോ.”—ലൂക്കൊസ് 1:35, 37.
6. “അപ്പോൾ മറിയ പറഞ്ഞതു: ‘എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നെ.’”—ലൂക്കൊസ് 1:46, 47, 49.
7. “അവനെ കണ്ടിട്ടു അവർ അതിശയിച്ചു; അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. അവൻ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു പറഞ്ഞു.”—ലൂക്കൊസ് 2:48, 49.
8. “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരൻമാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ?” (മത്തായി 13:55, 56) “അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും [ഗ്രീക്ക്, അഡെൽഫോയി] ശിഷ്യന്മാരും [ഗ്രീക്ക്, മദെട്ടെയ്] കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറെനാൾ പാർത്തില്ല.”—യോഹന്നാൻ 2:12.
9. സഹോദരനും മച്ചുനനും വ്യത്യസ്ത ഗ്രീക്കു പദങ്ങൾ ഉണ്ട്. “ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ [ഗ്രീക്ക്, അഡെൽഫോസ] തച്ചനല്ലയോ? ഇവന്റെ സഹോദരികളും [ഗ്രീക്ക്, അഡൽഫായി] ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മർക്കൊസ് 6:3) “ചാർച്ചക്കാരെയും [ഗ്രീക്ക്, സിജെനെയ്സ്] . . . വിളിക്കരുതു.” (ലൂക്കൊസ് 14:12) “ബർന്നബാസിന്റെ മച്ചുനനായ [ഗ്രീക്ക്, അനപ്സിയോസ] മർക്കോസും . . .” (കൊലൊസ്സ്യർ 4:10)—ഗ്രീക്കു തിരുവെഴുത്തുകളുടെ രാജ്യ വരിമദ്ധ്യ ഭാഷാന്തരം കാണുക.
10. “യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.” “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നിൽക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ, നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.” (യോഹന്നാൻ 2:4; 19:26) യേശു, “സ്ത്രീ” എന്ന് ഉപയോഗിച്ചത് അന്നത്തെ രീതിയനുസരിച്ച് അനാദരണിയമായിരുന്നില്ല.
11. ഒരു ബൈബിൾ വാക്യവും “ദൈവമാതാവ്” എന്ന പദപ്രയോഗം ഉപയോഗിക്കുന്നില്ല.
12. “ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന്നു അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ എന്നു പറഞ്ഞു.”—ലൂക്കൊസ് 11:27,28.
13. “അപ്പോൾ മറിയ പറഞ്ഞതു: ‘എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; . . . . അവൻ തന്റെ ദാസിയുടെ താഴ്ച്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.’”—ലൂക്കൊസ് 1:46, 48.
14. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: . . . മനുഷ്യനായ ക്രിസ്തുയേശു തന്നെ.”—1 തിമൊഥെയൊസ് 2:5.
15. “അഞ്ച്—മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, പ്രവൃത്തികൾ. “മറിയ” എന്നനിലയിൽ 19 തവണയും യേശുവിന്റെ “മാതാവ്” എന്നനിലയിൽ 24 തവണയും “സ്ത്രീ” എന്നനിലയിൽ രണ്ടുതവണയും അവൾ പരാമർശിക്കപ്പെടുന്നു.
16. “നാലു സുവിശേഷ എഴുത്തുകാർക്കു പുറമെ, ഒരിക്കലും മറിയ പരാമർശിക്കപ്പെടുന്നില്ല, അപ്പോസ്തലിക ലേഖനങ്ങളുടെ ആമുഖത്തിൽ പോലും. “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായ പൗലോസും . . . പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (2 കൊരിന്ത്യർ 1:1, 2) “യേശുക്രിസ്തുവിന്റെ ദാസനും അപ്പോസ്തലനുമായ ശിമോൻ പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ . . .”—2 പത്രൊസ് 1:1.
17. ഒരിക്കൽ പോലുമില്ല.
18. “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീകഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മീകയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിനു പണിയപ്പെടുന്നു.” (1 പത്രൊസ് 2:5) “പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു. അവർ സിംഹാസനത്തിന്നും . . . . മുമ്പാകെ ഒരു പുതിയ പാട്ടു പാടി; ഭൂമിയിൽനിന്നു വിലക്കു വാങ്ങിയ നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.”—വെളിപ്പാടു 14:1, 3.
19. “പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവുകിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വ ഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു.” (യെശയ്യാവു 54:1, 5) “മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾ തന്നേ നമ്മുടെ അമ്മ.” (ഗലാത്യർ 4:26) ദൈവത്തിന്റെ പ്രതീകാത്മക സ്ത്രീയായ സ്വർഗീയ യെരൂശലേമിനെ, യഹോവയുടെ സ്വർഗീയ സ്ഥാപനത്തെ, ഒരു ഭാര്യയോടും അമ്മയോടും താരതമ്യപ്പെടുത്തിയിരിക്കുന്നു. ഈ വാക്യങ്ങളിലെ “സ്ത്രീ” അവളാണ്.
20. “നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ [“രാജാക്കന്മാരായി,” NW] വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.” (2 തിമൊഥെയൊസ് 2:11, 12) മറിയ മരണംവരെ വിശ്വസ്തത തെളിയിച്ചെങ്കിൽ, ക്രിസ്തുവിനോടു കൂടെ വാഴുന്ന 1,44,000-ത്തിലെ മറ്റുള്ളവരോടൊപ്പം അവൾ ഇപ്പോൾ സ്വർഗത്തിൽ ഭരിക്കുന്നു.—വെളിപ്പാടു 14:1, 3.