സെസി ഈച്ച—ആഫ്രിക്കയുടെ ശാപമോ?
നൈജീരിയയിലെ ഉണരുക! ലേഖകൻ
ഞങ്ങൾ അടുത്തയിടെ പശ്ചിമാഫ്രിക്കയിലെ ഒരു ഗ്രാമ പ്രദേശത്തേക്കു താമസം മാറി. ഞങ്ങൾക്കു ചുറ്റും ഉഷ്ണമേഖലാ വനമാണ്. ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ തുണിയിടുന്ന മുറിയിലേക്കു പോയ എന്റെ ഭാര്യ ഇങ്ങനെ നിലവിളിച്ചു: “ഇതാ, ഇവിടെയൊരു കുതിരയീച്ച!”
ഈച്ച തുണിയിടുന്ന മുറിയിൽനിന്നു കുളിമുറിയിലേക്കു പാഞ്ഞു. ഞാൻ പെട്ടെന്ന് ഒരു പാത്രം കീടനാശിനിയെടുത്ത് അതിന്റെ പിന്നാലെ ചെന്നു, പിന്നിലുള്ള വാതിൽ അടച്ചു. ഈച്ചയെ ഒരിടത്തും കണ്ടില്ല. പെട്ടെന്ന് അതു പറന്നുവന്ന് എന്റെ മുഖത്തിരുന്നു. അതെന്നെ ആക്രമിക്കുകയാണ്! കൈകൾക്കൊണ്ട് ഞാൻ അതിനെ തട്ടി താഴെയിടാൻ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. അതു ജന്നലിന്റെയടുത്തേക്കു പറന്നുപോയി. എന്നാൽ വല കാരണം അതിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഈച്ച അതിലിരിപ്പായി.
ഞാൻ ലക്ഷ്യം പിടിച്ചുകൊണ്ട് ഈച്ചയുടെമേൽ കീടനാശിനി അടിച്ചു പായിച്ചു. സാധാരണഗതിയിൽ അങ്ങനെ നേരിട്ടു തളിച്ചാൽ നിമിഷംകൊണ്ട് ഏതു പ്രാണിയുടെയും കഥ കഴിയും. എന്നാൽ ഈ ഇച്ച അങ്ങനെയല്ല. അതു പറന്നുപോകുകയും പിന്നെയും കുളിമുറിയിലൂടെ മൂളിപ്പറക്കുകയും ചെയ്തു.
ഈ സാധനത്തെക്കൊണ്ടു തോറ്റു! കീടനാശിനിയേറ്റ് ഈച്ച പെട്ടെന്നുതന്നെ നിലത്തുവീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ അതു വീണില്ല. അടുത്തതവണ അതു നിലത്തിറങ്ങിയപ്പോൾ ഞാൻ രണ്ടാമതും അതിന്റെമേൽ കീടനാശിനി തളിച്ചു. അതു പിന്നെയും പറന്നുപോയി.
ഇത് എന്തൊരു ഭയങ്കരൻ ഈച്ചയാണ്? രണ്ടു പ്രാവശ്യംകൂടെ നേരിട്ടു തളിച്ചപ്പോൾ അത് അവസാനം ചത്തു.
ഞാൻ കണ്ണട വച്ച് ആ ജീവിയെ ശ്രദ്ധാപൂർവം പരിശോധിച്ചു. സാധാരണ ഈച്ചയെക്കാളും വലുതെങ്കിലും അതിനു കുതിരയീച്ചയുടെയത്രയും വലിപ്പമില്ലായിരുന്നു. അതിന്റെ ചിറകുകൾ മുതുകിൽ കുറുകെയിരുന്നിരുന്നു. അത് അതിനു സാധാരണ ഈച്ചയെക്കാളുമധികം ധാരാരേഖിത രൂപം നൽകി. തുളച്ചു രക്തം കുടിക്കുന്നതിനുള്ള, നീണ്ട്, സൂചിപോലെയുള്ള ശരീരഭാഗം അതിന്റെ വായുടെ ഭാഗത്തുനിന്നു തള്ളിനിന്നിരുന്നു.
ഞാൻ ഭാര്യയോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇതു കുതിരയീച്ചയല്ല. ഇത് ഒരു സെസി ഈച്ചയാണ്.”
ഐക്യനാടുകളെക്കാൾ വലിപ്പം വരുന്ന അതായത്, 1 കോടി 17 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ആഫ്രിക്കൻ പ്രദേശത്തുനിന്ന് ഈ ഈച്ചയെ നിർമൂലനാശം ചെയ്യുന്നതിലുള്ള പ്രയാസത്തെക്കുറിച്ച് ഈ ഏറ്റുമുട്ടൽ എന്നെ ബോധവാനാക്കി. ആളുകൾ അതിനെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നതെന്തുകൊണ്ട്? അതിനെതിരെ മൂന്നു കുറ്റങ്ങൾ നിരത്തുന്നുണ്ട്. ഒന്നാമത്തെ കുറ്റം:
അതു രക്തം കുടിക്കുന്നു
22 വ്യത്യസ്ത ഇനങ്ങളിലുള്ള സെസി ഈച്ചകളുണ്ട്. ഇവയെല്ലാം സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ ഭാഗത്താണു ജീവിക്കുന്നത്. ആണീച്ചകളും പെണ്ണീച്ചകളും കശേരുജീവികളുടെ രക്തം ആർത്തിയോടെ അകത്താക്കുന്നു. ഒറ്റ കടികൊണ്ട് അവയ്ക്ക് അവയുടെ ഭാരത്തിന്റെ മൂന്നിരട്ടി രക്തം വലിച്ചു കുടിക്കാൻ കഴിയും.
ആഫ്രിക്കൻ സ്വദേശികളും അല്ലാത്തവയുമായ അനേകം മേച്ചിൽ മൃഗങ്ങളുടെ രക്തം അവ കുടിക്കുന്നു. അവ ആളുകളെയും കടിക്കുന്നു. അവയുടെ കടി രക്തം വലിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ആഴത്തിലുള്ള, മൂർച്ചയേറിയ, വേദനാജനകമായ കുത്താണ്. അത് ഒരേസമയം ചൊറിച്ചിലും മുറിവും ഉണ്ടാക്കുന്നു. മുഴയും ഉണ്ടാകുന്നു.
സെസി ഈച്ചകൾ തങ്ങളുടെ ജോലിയിൽ വിദഗ്ധരാണ്. അതു നിങ്ങളുടെ തലയ്ക്കുചുറ്റും മൂളിപ്പറന്നു സമയം കളയുന്നില്ല. അതിന് ആരുടെയെങ്കിലും നേർക്കു വെടിയുണ്ടപോലെ പറന്നുചെല്ലാനും ഒരുതരത്തിൽ ബ്രേക്ക് ഇട്ട് ആരും അറിയാത്തവിധത്തിൽ വളരെ സൗമ്യമായി മുഖത്തുചെന്ന് ഇരിക്കാനും കഴിയും. അവ കള്ളൻമാരെപ്പോലെയായിരുന്നേക്കാം; കുറെ രക്തം അവ മോഷ്ടിച്ചിട്ടുണ്ടെന്ന് ചിലപ്പോൾ അവ പോയിക്കഴിഞ്ഞേ നിങ്ങൾ അറിയൂ—അപ്പോൾ ആകെക്കൂടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് എത്രമാത്രം ക്ഷതം തട്ടിയെന്ന് വിലയിരുത്തുക മാത്രമാണ്.
അനാവൃതമായ മാംസം തേടിയാണ് സാധാരണ അവയുടെ പോക്ക്. (എന്റെ കഴുത്തിന്റെ പുറക് അവയ്ക്ക് ഇഷ്ടമാണെന്നു തോന്നുന്നു!) പക്ഷേ, ചിലപ്പോൾ അവ രക്തക്കുഴലിൽനിന്ന് രക്തം ഊറ്റിക്കുടിക്കുന്നതിനുവേണ്ടി ട്രൗസറിന്റെ കാലിലൂടെയോ ഷർട്ടിന്റെ കയ്യിലൂടെയോ ഇഴഞ്ഞുകയറുന്നു. ആഗ്രഹിക്കുന്നെങ്കിൽ അവയ്ക്ക് വസ്ത്രത്തിലൂടെ കടിക്കാൻ കഴിയും—കാണ്ടാമൃഗത്തിന്റെ കട്ടിയുള്ള തൊലിപോലും കടിച്ചുതുളയ്ക്കുന്ന ഒരു പ്രാണിയ്ക്ക് അത് ഒരു പ്രശ്നമല്ല.
സെസി ഈച്ചയുടെ വിരുതിനെയും കൗശലത്തെയും ആളുകൾ കുറ്റപ്പെടുത്തുന്നു. ഒരിക്കൽ ഒരെണ്ണത്തിനെ ഞാൻ കീടനാശിനി ഉപയോഗിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ അതു തുണിയിടുന്ന എന്റെ മുറിയിലേക്കു പറന്നു പോകുകയും എന്റെ നീന്തൽ ഷോർട്സിനുള്ളിൽ ഒളിച്ചിരിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ ആ ഷോർട്സ് എടുത്തിട്ടപ്പോൾ അതെന്നെ രണ്ടു തവണ കുത്തി! മറ്റൊരിക്കൽ ഒരു സെസി ഈച്ച എന്റെ ഭാര്യയുടെ പേഴ്സിനകത്ത് ഒളിച്ചിരുന്നു. അവൾ ആ പേഴ്സുമായി ഓഫീസിൽ പോയി, അതിനകത്തു കയ്യിട്ടപ്പോൾ ഈച്ച അവളുടെ കയ്യിൽ കടിച്ചു. പിന്നെ അതു മുറിയിലാകെ പറക്കുകയും ഓഫീസ് ജീവനക്കാരുടെയിടയിൽ വലിയ ബഹളം ഉണ്ടാക്കുകയും ചെയ്തു. അതിനെ അടിക്കാനുള്ള ശ്രമത്തിൽ എല്ലാവരും ജോലി നിർത്തി.
അതുകൊണ്ട് സെസി ഈച്ചയ്ക്കെതിരെയുള്ള ഒന്നാമത്തെ കുറ്റം അതു വേദനയുളവാക്കുന്ന വിധത്തിൽ കടിക്കുകയും രക്തം വലിച്ചുകുടിക്കുകയും ചെയ്യുന്നുവെന്നതാണ്. രണ്ടാമത്തെ കുറ്റം:
അതു മൃഗങ്ങളെ കൊല്ലുന്നു
സെസി ഈച്ചകളുടെ ചില ഇനങ്ങൾ ട്രിപ്പനൊസോമുകൾ എന്നു പറയുന്ന ചെറിയ പരാദങ്ങൾ മൂലമുണ്ടാകുന്ന ഒരു രോഗം പരത്തുന്നു. സെസി ഈച്ച ഈ രോഗമുള്ള ഒരു മൃഗത്തിന്റെ രക്തം കുടിക്കുമ്പോൾ പരാദങ്ങളെ ഉൾക്കൊണ്ടിട്ടുള്ള രക്തമാണ് അത് അകത്താക്കുന്നത്. ഇവ ഈച്ചയുടെ ഉള്ളിൽ വളർന്നു പെരുകുന്നു. ഈച്ച മറ്റൊരു മൃഗത്തെ കടിക്കുമ്പോൾ പരാദങ്ങൾ ഈച്ചയിൽനിന്ന് ആ മൃഗത്തിന്റെ രക്തപ്രവാഹത്തിൽ കടക്കുന്നു.
ഈ രോഗം ട്രിപ്പനൊസൊമൈയാസിസ് ആണ്. മൃഗങ്ങളിലുണ്ടാകുന്ന ഈ രോഗത്തിന്റെ ഇനം നഗാന എന്നറിയപ്പെടുന്നു. നഗാന പരാദങ്ങൾ ആഫ്രിക്കൻ സ്വദേശികളായ അനേകം മൃഗങ്ങളുടെ രക്തപ്രവാഹത്തിൽ തഴച്ചുവളരുന്നു, വിശേഷിച്ചും കലമാൻ, കാട്ടുപോത്ത്, കാട്ടുപന്നികൾ, ആഫ്രിക്കൻ കലമാനുകൾ, റീഡ്ബക്ക്, നാലുതേറ്റപ്പന്നികൾ എന്നിവയിൽ. പരാദങ്ങൾ ഈ മൃഗങ്ങളെ കൊല്ലുന്നില്ല.
എന്നാൽ ഒട്ടകങ്ങൾ, നായ്ക്കൾ, കഴുതകൾ, കോലാടുകൾ, കുതിരകൾ, കോവർ കഴുതകൾ, കാളകൾ, പന്നികൾ, ചെമ്മരിയാടുകൾ എന്നിങ്ങനെയുള്ള ആഫ്രിക്കൻ സ്വദേശികളല്ലാത്ത വളർത്തു മൃഗങ്ങളെ ഈ പരാദങ്ങൾ നശിപ്പിക്കുന്നു. നാഷണൽ ജിയോഗ്രഫിക് മാഗസിൻ പറയുന്നതനുസരിച്ച്, നഗാന ഓരോ വർഷവും 30 ലക്ഷം കന്നുകാലികളെ കൊന്നൊടുക്കുന്നു.
സെസി ഈച്ചകൾ ഏറ്റവുമധികമുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ പൂർവാഫ്രിക്കയിലെ മാസൈയെപ്പോലുള്ള കന്നുകാലി വളർത്തലുകാർ പഠിച്ചിരിക്കുന്നു. എന്നാൽ വരൾച്ചയും മേച്ചിൽസ്ഥലത്തിന്റെ അഭാവവും ഇതു ചിലപ്പോൾ അസാധ്യമാക്കിത്തീർക്കുന്നു. അടുത്തകാലത്തുണ്ടായ ഒരു വരൾച്ചയുടെ സമയത്ത്, 600 കന്നുകാലികളെ ഒരുമിച്ചാക്കിയിരുന്ന നാലു കുടുംബങ്ങൾക്ക് ഈച്ചയുടെ ഉപദ്രവം മൂലം ഓരോ ദിവസവും ഓരോന്നിനെ നഷ്ടമായിക്കൊണ്ടിരുന്നു. അവരുടെയിടയിലെ ഒരു കുടുംബ മൂപ്പനായ ലെസാലോൻ ഇപ്രകാരം പറഞ്ഞു: “മാസൈക്കാരായ ഞങ്ങൾ ധൈര്യമുള്ള ആളുകളാണ്. ഞങ്ങൾ സിംഹത്തെ കുന്തംകൊണ്ടു കുത്തുകയും ആക്രമിക്കാൻ വരുന്ന കാട്ടുപോത്തിനെ നേരിടുകയും ചെയ്യുന്നു. ഞങ്ങൾ കറുത്ത ആഫ്രിക്കൻ വിഷപ്പാമ്പിനെ അടിക്കുകയും കോപാകുലനായ ആനയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. എന്നാൽ ഓർക്കിംബൈയുടെ [സെസി ഈച്ച] കാര്യത്തിലോ? നിസ്സഹായരാണു ഞങ്ങൾ.”
നഗാന ഭേദമാക്കാൻ മരുന്നുകളുണ്ട്. എന്നാൽ ചില ഗവൺമെന്റുകൾ അവ ഒരു മൃഗഡോക്ടറുടെ മേൽനോട്ടത്തിൻകീഴിൽ മാത്രം ഉപയോഗിക്കാൻ അനുവാദം നൽകുന്നു. അതിനു സാധുവായ കാരണമുണ്ട്. എന്തെന്നാൽ ഭാഗികമായ ഡോസുകൾ മൃഗത്തെ കൊല്ലുന്നുവെന്നു മാത്രമല്ല, മരുന്നുകളോടു പ്രതിരോധശക്തിയുള്ള പരാദങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചത്തുകൊണ്ടിരിക്കുന്ന തന്റെ മൃഗങ്ങളെ ചികിത്സിക്കാൻ തക്കസമയത്ത് ഒരു മൃഗഡോക്ടറെ കണ്ടുപിടിക്കുന്നത് കാട്ടിൽ ജീവിക്കുന്ന കന്നുകാലി വളർത്തലുകാരനു ബുദ്ധിമുട്ടായിരുന്നേക്കാം.
സെസി ഈച്ചയ്ക്കെതിരെയുള്ള ആദ്യത്തെ രണ്ടു കുറ്റങ്ങൾ നിസ്തർക്കമെന്നു തെളിഞ്ഞിരിക്കുകയാണ്—അവ രക്തം കുടിക്കുകയും മൃഗങ്ങളെ കൊല്ലുന്ന ഒരു രോഗം വ്യാപിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇനിയുമുണ്ട്. മൂന്നാമത്തെ കുറ്റം:
അത് ആളുകളെ കൊല്ലുന്നു
നഗാന ട്രിപ്പനൊസോം ആളുകളെ ബാധിക്കുന്നില്ല. എന്നാൽ സെസി ഈച്ച മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു മറ്റൊരു തരം ട്രിപ്പനൊസോം പകർത്തുന്നുണ്ട്. ട്രിപ്പനൊസൊമൈയാസിസിന്റെ ഈ രൂപത്തെ നിദ്രാരോഗം എന്നു വിളിക്കുന്നു. നിദ്രാരോഗം ഉള്ളയാൾ വെറുതെ ഏറെനേരം ഉറങ്ങുമെന്നു വിചാരിക്കരുത്. ആനന്ദകരമായ ഉറക്കമല്ല ഈ രോഗം. ശാരീരികാസ്വാസ്ഥ്യം, തളർച്ച, ചെറിയ പനി എന്നിവയോടെയാണ് അത് ആരംഭിക്കുന്നത്. അതിനുശേഷം ദീർഘനേരം ഉറക്കം തൂങ്ങൽ, കൂടിയ പനി, സന്ധി വേദനകൾ, ശരീരകലകൾ ചീർക്കൽ കരളിന്റെയും പ്ലീഹയുടെയും വലിപ്പ വർധനവ് എന്നിവ സംഭവിക്കുന്നു. അവസാന ഘട്ടങ്ങളിൽ പരാദങ്ങൾ കേന്ദ്ര നാഡീവ്യവസ്ഥയിൽ നുഴഞ്ഞു കയറുമ്പോൾ രോഗിക്കു മാനസിക ക്ഷീണവും ആഘാതങ്ങളും ബോധക്ഷയവും ഉണ്ടായി മരണം സംഭവിക്കുന്നു.
നിദ്രാരോഗത്തിന്റെ പൊട്ടിപ്പുറപ്പെടലുകൾ ഈ നൂറ്റാണ്ടിന്റെ ആദ്യം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വിനാശം വിതച്ചു. 1902-നും 1905-നും ഇടയ്ക്കുള്ള സമയത്ത് ഈ രോഗം വിക്ടോറിയ തടാകത്തിനു സമീപം ഏകദേശം 30,000 ആളുകളെ കൊന്നൊടുക്കി. പിൻവന്ന ദശകങ്ങളിൽ രോഗം കാമറൂൺ, ഖാന, നൈജീരിയ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. പല ഗ്രാമങ്ങളിലും മൂന്നിലൊന്ന് ആളുകൾ രോഗബാധിതരായി, ഇത് പല നദീതടങ്ങളിൽനിന്നും വൻതോതിൽ ആളുകളെ ഒഴിപ്പിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. സഞ്ചാര സംഘങ്ങൾ ശതസഹസ്രക്കണക്കിന് ആളുകളെ ചികിത്സിച്ചു. പകർച്ചവ്യാധിയുടെ ശക്തികുറഞ്ഞ് അത് അപ്രത്യക്ഷമായത് 1930-കളുടെ അവസാനത്തിലായിരുന്നു.
രോഗം ഇന്ന് ഓരോ വർഷവും ഏതാണ്ട് 25,000 പേരെ ബാധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, സഹാറയ്ക്കു തെക്കുള്ള 36 രാജ്യങ്ങളിലെ അഞ്ചു കോടിയിലധികം ആളുകൾക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. ചികിത്സിക്കാതിരുന്നാൽ നിദ്രാരോഗം മാരകമാണെങ്കിലും അതിന്റെ ചികിത്സയ്ക്കായി മരുന്നുകളുണ്ട്. ഈ രോഗത്തെ ചികിത്സിക്കാനായി അടുത്തകാലത്ത് ഇഫ്ളോർനിഥിൻ എന്നു പറയുന്ന ഒരു പുതിയ മരുന്നു വികസിപ്പിച്ചെടുക്കുകയുണ്ടായി—40 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് ഈ രോഗത്തിന് ഒരു പുതിയ മരുന്നു കണ്ടുപിടിക്കുന്നത്.
സെസി ഈച്ചയോടും അതു പകർത്തുന്ന രോഗത്തോടും മനുഷ്യൻ പോരാടാൻ തുടങ്ങിയിട്ടു ദീർഘനാൾ ആയിരിക്കുന്നു. സെസി ഈച്ചയെ നിർമൂലമാക്കുന്നതിനുള്ള ഒരു പ്രചരണപരിപാടിയെക്കുറിച്ച് വിൻസ്റ്റൺ ചർച്ചിൽ 1907-ൽ ഇങ്ങനെ എഴുതുകയുണ്ടായി: “ഒരു ദയയും കാട്ടാതെ അവനു ചുറ്റും ഒരു നല്ല വല നെയ്തുകൊണ്ടിരിക്കുകയാണ്.” ചർച്ചിലിന്റെ ആ “നല്ല വല”യിൽ വലിയ ദ്വാരങ്ങളുണ്ടായിരുന്നെന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ പ്രകടമാകുന്നു. പരാദശാസ്ത്രത്തിന്റെ ആധാരശിലകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “80 വർഷത്തെ സെസി നിർമാർജനത്തിന് ഇതുവരെ സെസി വ്യാപനത്തിന്റെമേൽ യാതൊരു ഫലവുമുണ്ടായിരുന്നിട്ടില്ല.”
ഒരു അനുകൂല വാദം
അമേരിക്കൻ കവിയായ ഓഗ്ഡെൻ നാഷ് ഇപ്രകാരം എഴുതി: “ദൈവം തന്റെ ജ്ഞാനത്താൽ ഈച്ചയെ ഉണ്ടാക്കി, എന്തുകൊണ്ടാണെന്നു നമ്മോടു പറയാൻ മറന്നും പോയി.” എല്ലാറ്റിന്റെയും സ്രഷ്ടാവ് യഹോവയാം ദൈവമാണെന്നുള്ളതു ശരിയാണെങ്കിലും അവനു മറവിയുണ്ടെന്നുള്ളതു തീർച്ചയായും ശരിയല്ല. പല കാര്യങ്ങളും നാം തന്നെ കണ്ടുപിടിക്കാൻ അവൻ അനുവദിക്കുന്നു. അപ്പോൾ സെസി ഈച്ചയുടെ കാര്യമോ? പ്രത്യക്ഷത്തിൽ ദ്രോഹിയായിരിക്കുന്ന ഇതിന് അനുകൂലമായി എന്തെങ്കിലും പറയാനുണ്ടോ?
കന്നുകാലികളുടെ നശീകരണത്തിൽ അതു വഹിച്ച പങ്ക് സ്വദേശികളായ ആഫ്രിക്കൻ വന്യജീവി ശേഖരങ്ങളുടെ സംരക്ഷണത്തിനിടയാക്കിയിരിക്കുന്നു എന്നതായിരിക്കാം ഒരുപക്ഷേ ഇതുവരെയുള്ളതിലേക്കും ഏറ്റവും ശക്തമായ അനുകൂല വാദം. ആഫ്രിക്കയുടെ വിസ്തൃത പ്രദേശങ്ങൾ പടിഞ്ഞാറൻ ഐക്യനാടുകളുടെ ഹരിതപ്രദേശങ്ങളോടു സമാനമാണ്—വളർത്തു മൃഗങ്ങളെ പോറ്റാൻ ദേശം തന്നെ പ്രാപ്തമാണ്. എന്നാൽ സെസി ഈച്ച നിമിത്തം ട്രിപ്പനൊസോമുകൾ വളർത്തു മൃഗങ്ങളെ കൊല്ലുന്നു, സ്വദേശികളായ മേച്ചിൽമൃഗങ്ങളെ കൊല്ലുന്നുമില്ല.
സെസി ഈച്ച ഇല്ലായിരുന്നെങ്കിൽ ദീർഘനാൾ മുമ്പു തന്നെ കന്നുകാലി പറ്റങ്ങൾ ആഫ്രിക്കയുടെ മഹത്തായ വന്യജീവി ശേഖരങ്ങളുടെ സ്ഥാനം പിടിച്ചടക്കുമായിരുന്നു എന്ന് അനേകരും വിശ്വസിക്കുന്നു. “ഞാൻ സെസിയെ പ്രോത്സാഹിപ്പിക്കുന്നു. സെസിയെ നിർമൂലമാക്കിയാൽ കന്നുകാലികൾ ആക്രമണം നടത്തും, കന്നുകാലികൾ ആഫ്രിക്കയുടെ കൊള്ളക്കാർ ആണ്, അവ ഭൂഖണ്ഡത്തെ തകർത്തു നശിപ്പിച്ച് ഒരു വലിയ പാഴ്നിലമാക്കി മാറ്റും” എന്ന് ബോട്സ്വാന വന്യജീവി സങ്കേതത്തിലെ ഒരു ഗൈഡായ വിലി വാൻ നികെർക്ക് പറഞ്ഞു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “ഈച്ച ഉണ്ടായിരുന്നേ പറ്റൂ.”
തീർച്ചയായും, എല്ലാവരുമൊന്നും അതിനോടു യോജിക്കുന്നില്ല. ട്രിപ്പനൊസൊമൈയാസിസ് മൂലം തന്റെ കുഞ്ഞുങ്ങളോ കന്നുകാലിയോ കഷ്ടപ്പെടുന്നതു കണ്ടുനിൽക്കുന്ന ഒരാളെ ഈ വാദം ബോധ്യപ്പെടുത്തുന്നില്ല. ആഫ്രിക്കയ്ക്കു തന്നെ ആഹാരത്തിനു കന്നുകാലികൾ ആവശ്യമാണെന്നു വാദിക്കുന്നവരെയും ഇതു ബോധ്യപ്പെടുത്തുന്നില്ല.
എന്നിരുന്നാലും, സെസി ഈച്ച പ്രകൃതിയിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഇനിയും വളരെയധികം മനസ്സിലാക്കാനുണ്ടെന്നുള്ളതിനു സംശയമില്ല. അതിനെതിരെയുള്ള കുറ്റങ്ങൾ ശക്തമായി തോന്നിയേക്കാമെങ്കിലും ഒരു വിധി കൽപ്പിക്കാൻ ഒരുപക്ഷേ ഒട്ടും സമയമായിട്ടില്ലായിരിക്കാം.
ഈച്ചകളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരെണ്ണം ഇപ്പോൾ മുറിയിലേക്കു കടന്നുപോയി. ഒന്നു നിൽക്കണെ, അതു സെസി ഈച്ചയല്ലെന്നു ഞാൻ ഒന്ന് ഉറപ്പുവരുത്തിക്കോട്ടെ.
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tsetse fly: ©Martin Dohrn, The National Audubon Society Collection/PR