കൊച്ചു പറക്കൽ വിദഗ്ധർ
ഉയർന്നു പറക്കുന്ന ഈച്ചയെ ലക്ഷ്യമാക്കി നിങ്ങൾ ഈച്ചകൊല്ലി ആഞ്ഞു വീശുന്നു. എന്നാൽ, അതിൽ അകപ്പെടാതെ തെന്നിമാറി രക്ഷപ്പെട്ട ഈച്ച സമനില കൈവരിച്ചശേഷം ചിറകടിച്ചുയർന്നു മച്ചിൽ ചെന്നിരിക്കുന്നു. അതിനെ കൊല്ലാനുള്ള നിങ്ങളുടെ ശ്രമം വിഫലമായതിൽ അതു നിങ്ങളെ പരിഹസിക്കുകയാണ്. ചെറുതെങ്കിലും, അതിന്റെ പറക്കൽശേഷി വിസ്മയാവഹം തന്നെ! തീർച്ചയായും, പ്രാണി ലോകത്തിലെ പറക്കൽ വിദഗ്ധർ തങ്ങളാണെന്ന കാര്യത്തിൽ സർവവ്യാപിയായ ഈച്ചകൾ അഭിമാനം കൊള്ളുന്നു. അതിശയകരമായ രൂപഘടനയുള്ള, ഉപചിറകുകൾ എന്നു വിളിക്കപ്പെടുന്ന, സമതുലനാവസ്ഥ നിലനിർത്തുന്ന രണ്ട് ഉപാവയവങ്ങളാണു ഭാഗികമായി അതു സാധ്യമാക്കുന്നത്.
രണ്ടു ചിറകുകൾക്കും തൊട്ടു പിന്നിലായി ഈച്ചയുടെ വക്ഷസ്സിൽ നിന്ന് ഗദയുടെ ആകൃതിയിൽ ഈ ഉപചിറകുകൾ തള്ളിനിൽക്കുന്നു. (അടുത്ത പേജിലുള്ള ചിത്രം കാണുക.) സെക്കൻഡിൽ നൂറുകണക്കിനു പ്രാവശ്യം ഈച്ച ചിറകുകൾ അടിക്കുമ്പോൾ അത്രയും തന്നെ തവണ അതിന്റെ ഉപചിറകുകളും അടിക്കുന്നു. വാസ്തവത്തിൽ, ഈ ഉപചിറകുകൾ ഈച്ചയെ പറക്കാൻ സഹായിക്കുന്ന കൊച്ചു ഗൈറോസ്കോപ്പുകൾ ആണെന്നു പറയാം. ദിശമാറുമ്പോഴെല്ലാം, കാറ്റടിക്കുമ്പോഴോ ഈച്ചകൊല്ലിയിൽ അകപ്പെടാതെയോ പത്രം കൊണ്ടുള്ള അടിയേൽക്കാതെ വെട്ടിച്ചു പറക്കുമ്പോഴോ ഒക്കെ, അവ ഈച്ചയുടെ തലച്ചോറിലേക്കു സിഗ്നലുകൾ അയയ്ക്കുന്നു. ഒരു വിമാനത്തിലെ ഗൈറോസ്കോപ്പ്—വിശ്വാസ്യതയുടെ കാര്യത്തിൽ ഈച്ചയുടെ ഉപചിറകുകളുടെ ഏഴയലത്ത് എത്തുകയില്ലെങ്കിലും—പൈലറ്റിനു വിവരം നൽകുന്നതുപോലെ തന്നെ, വെട്ടിത്തിരിഞ്ഞ്, വട്ടമിട്ട് അല്ലെങ്കിൽ ചെരിഞ്ഞ് പറക്കുകയാണെന്ന് ഉപചിറകുകൾ ഈച്ചയ്ക്കു പെട്ടെന്നുതന്നെ വിവരം നൽകുന്നു. ഉടൻതന്നെ, ഈച്ച അനായാസം തന്റെ പറക്കൽ ഗതി നേരെയാക്കുന്നു.
കറങ്ങുന്ന തരത്തിലുള്ള സാധാരണ ഗൈറോസ്കോപ്പിൽ നിന്നു വ്യത്യസ്തമായി ഉപചിറകുകൾ കൂടുതലും പെൻഡുലങ്ങൾ പോലെയാണിരിക്കുന്നത്. അവ ഈച്ചയുടെ ദേഹത്തു തൂങ്ങിക്കിടക്കുകയോ കുത്തനെ നിൽക്കുകയോ അല്ല. മറിച്ച്, അവയുടെ പാർശ്വഭാഗങ്ങളിൽ നിന്നു തള്ളിനിൽക്കുകയാണ്. പറക്കാൻ തുടങ്ങുന്നതോടെ അതേ ദിശയിൽ, ഗതിക നിയമങ്ങൾക്കനുസൃതമായി ഉപചിറകുകൾ ദോലകങ്ങളെ പോലെ ആന്ദോളനം ചെയ്യുന്നു അഥവാ അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. തന്മൂലം, വായുവിൽവെച്ച് ശരീരത്തിന്റെ നിലമാറുമ്പോൾ ആന്ദോളനം ചെയ്യുന്ന ഉപചിറകുകൾ ചുവട്ടിൽവെച്ച് ബാഹ്യശക്തികൾ നിമിത്തം വളയുന്നു. തലച്ചോറ് അതിന്റെ നാഡീസംജ്ഞ തിരിച്ചറിയുകയും അതിനെ വിശകലനം ചെയ്ത് പറക്കൽ നേർഗതിയിൽ ആക്കാൻ ചിറകുകൾക്കു നിർദേശം നൽകുകയും ചെയ്യുന്നു—ഇതെല്ലാം സംഭവിക്കുന്നതു പ്രകാശ വേഗത്തിൽ ആണെന്ന് ഓർക്കണം.
വാസ്തവത്തിൽ കുതിരയീച്ച, സാധാരണയീച്ച, ഒരിനം മണികണ്ഠനീച്ച, പഴയീച്ച, സെസി ഈച്ച, മണലീച്ച, കൊക്കീച്ച തുടങ്ങി 1,00,000-ഓളം ഇനങ്ങൾ വരുന്ന ഇരട്ടച്ചിറകുള്ള ഈച്ചക്കുടുംബത്തിന്റെ സവിശേഷ മുതൽക്കൂട്ടാണ് ഉപചിറകുകൾ. പറക്കുന്ന പ്രാണി വർഗങ്ങളിൽ എല്ലാറ്റിനെയും പിന്നിലാക്കിക്കൊണ്ട് നിപുണതയോടെ പറക്കാൻ വിദഗ്ധമായ ഈ ഗൈറോസ്കോപ്പുകൾ ഈച്ചകളെ സഹായിക്കുന്നു. സാധാരണഗതിയിൽ അവജ്ഞയോടെ വീക്ഷിക്കപ്പെടുന്ന ഈ പ്രാണി തീർച്ചയായും സ്രഷ്ടാവിന്റെ ശാസ്ത്രീയ വൈഭവത്തിന്റെ ഉത്തമ തെളിവാണ്.
[24-ാം പേജിലെ ചിത്രം]
വെട്ടിത്തിരിഞ്ഞ്
[24-ാം പേജിലെ ചിത്രം]
വട്ടമിട്ട്
[24-ാം പേജിലെ ചിത്രം]
ചെരിഞ്ഞ്
[25-ാം പേജിലെ ചിത്രം]
പട്ടാള ഈച്ച (വലുതാക്കി കാണിച്ചിരിക്കുന്നു), ഉപചിറകുകൾ എടുത്തുകാട്ടിയിരിക്കുന്നു
[കടപ്പാട്]
© Kjell B. Sandved/Visuals Unlimited
[25-ാം പേജിലെ ചിത്രങ്ങൾ]
സാധാരണയീച്ച
കൊക്കീച്ച
[കടപ്പാട്]
Animals/Jim Harter/Dover Publications, Inc.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Century Dictionary