ദുഃഖിക്കേണ്ടിവരാതെ അവധിക്കാലം ആസ്വദിക്കുക!
ഇപ്പോൾ യൂറോപ്പിൽ ജീവിക്കുന്ന ഒരു അമേരിക്കക്കാരിയോട്, അവധിക്കാലം ചെലവിടുന്ന പ്രസിദ്ധമായ ഒരിടം സന്ദർശിച്ചത് ആസ്വദിച്ചോയെന്നു ചോദിച്ചപ്പോൾ അവർ മറുപടി നൽകി: “ആളുകൾ വരുന്നതിനുമുമ്പ് അവിടം മനോഹരമായിരുന്നിരിക്കണം.” അതുപോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഹോട്ടലുകളും തോളുരുമ്മി നിൽക്കുന്ന നിശാശാലകളും മലീമസമായ, തിക്കുംതിരക്കുമുള്ള കടലോരവും കർണകഠോരമായ റേഡിയോയുമൊന്നും പലരുടെയും അഭിപ്രായത്തിൽ അവധിക്കാലം ചെലവഴിക്കാൻ പറ്റിയ സ്ഥലത്തെ കാര്യങ്ങളല്ല.
ഖേദകരമെന്നു പറയട്ടെ, അവധിക്കാലം പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ല. നമ്മെ ഊർജസ്വലരാക്കുന്നതിനുപകരം അവ നമ്മുടെ ഊർജം ചോർത്തിക്കളയുന്നു; നമ്മെ ഉഷാറാക്കുന്നതിനുപകരം അവ ചിലപ്പോൾ നമ്മെ കിടക്കയിലാക്കുന്നു. അതുകൊണ്ട്, ദുഃഖിക്കേണ്ടി വരാതെ നമുക്ക് അവധിക്കാലം എങ്ങനെ ആസ്വദിക്കാം? എന്ന ചോദ്യം ഉചിതമാണ്.
സമനിലയുള്ളവരായിരിക്കുക
നമ്മുടെ ആഹാരത്തിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾപോലെ, മിതമായി ചെലവഴിക്കുന്നപക്ഷം അവധിക്കാലം ഏറ്റവും നല്ല ഫലങ്ങൾ കൈവരുത്തും. പഴഞ്ചൊല്ലായിമാറിയ, ഇടയ്ക്കിടെ വിമാനയാത്രകൾ നടത്തുന്ന ഒരു സമ്പന്നന്റെ ജീവിതം ആകർഷകമായി തോന്നിയേക്കാമെങ്കിലും അതു സമനിലയില്ലാത്തതും യഥാർഥ സന്തുഷ്ടി കൈവരുത്താത്തതുമാണ്.
പ്രത്യേകിച്ചും അവധിക്കാലത്തോടുള്ള ബന്ധത്തിൽ, പണം ചെലവഴിക്കുന്ന കാര്യത്തിൽ സമനില ആവശ്യമാണ്. നിങ്ങൾ പോകുന്നതിനുമുമ്പുതന്നെ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുക, നിങ്ങളുടെ ബജറ്റിനുള്ളിൽ നിൽക്കാൻ ശ്രമിക്കുക. “ഇപ്പോൾ ആസ്വദിക്കുക, പിന്നീടു പണം നൽകുക” എന്നു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാത്രാ ഏജൻറുമാരുടെ പ്രത്യേക വാഗ്ദാനങ്ങളാൽ വഞ്ചിക്കപ്പെടാതിരിക്കുക.
മാത്രമല്ല, സംഭവിക്കാനിടയുണ്ടെന്നു കരുതുന്ന അപകടങ്ങൾ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നാൽ, അവധിക്കാലത്തെ വളരെ ആകർഷകമാക്കുന്ന സ്വാഭാവികവും ഉത്കണ്ഠാരഹിതവുമായ അന്തരീക്ഷവും ഇല്ലാതാകും. കൂടാതെ, ഉചിതമായ സമനിലയുണ്ടായിരിക്കുക എന്നതിൽ നമ്മുടെ അവധിക്കാലത്തെ ദുഃഖത്തോടെ തിരിഞ്ഞുനോക്കാനിടയാക്കുന്ന ഏറ്റവും വലിയ ആപത്തിനെ തിരിച്ചറിയുന്നതും ഉൾപ്പെടുന്നു. അത്യാഹിതങ്ങൾ, രോഗങ്ങൾ, അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചൊന്നുമല്ല പ്രതിപാദിക്കുന്നത്. പക്ഷേ, വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച്.
നല്ല ബന്ധങ്ങൾ നിലനിർത്തൽ
കുടുംബത്തോടോ സുഹൃത്തുക്കളോടോ ഒത്ത് അവധിക്കാലം ചെലവിടുന്നത്, സ്നേഹബന്ധങ്ങളെ ശക്തിപ്പെടുത്തിയേക്കാം. അതേസമയം, ബന്ധങ്ങളിൽ, പിന്നീട് നികത്താൻ പ്രയാസകരമായേക്കാവുന്ന തരത്തിലുള്ള വിള്ളലുകളുണ്ടാക്കാനും അതിനു കഴിയും. പത്രപ്രവർത്തകനായ ലാൻസ് മോറോ പറഞ്ഞു: “അവധിക്കാലത്ത്, വിയോജിപ്പുകളെല്ലാം ഒരു നാടകത്തിൽ നടക്കുന്ന സംഭവങ്ങൾപോലെ അത്യന്തം വെളിവാക്കപ്പെടുന്നു എന്നതാണ് അവധിക്കാലത്തിന്റെ യഥാർഥ അപകടം. . . . സാധാരണ തൊഴിൽ ജീവിതത്തിൽ ആളുകൾക്കു തങ്ങളുടെ വികാരങ്ങളെ ചിതറിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്ന തൊഴിലുകൾ, കർമങ്ങൾ, സുഹൃത്തുക്കൾ, ദിനചര്യകൾ എന്നീ കാര്യങ്ങളുണ്ട്. ഒരു വേനൽക്കാല വസതിയിലെ അരങ്ങിൽവെച്ച് 20 വർഷത്തോളമായി കുഴിച്ചുമൂടപ്പെട്ടിരുന്ന കുടുംബ വിവാദങ്ങൾ ഉഗ്രമായ വിധത്തിൽ പൊങ്ങിവന്നേക്കാം.”
അതുകൊണ്ട്, നിങ്ങൾ അവധിക്കുപോകുന്നതിനുമുമ്പ്, അതൊരു ഹൃദ്യമായ അനുഭവമാക്കാൻ ബോധപൂർവം തീരുമാനിച്ചുറയ്ക്കുക. താത്പര്യങ്ങൾ വ്യത്യസ്തമാണെന്ന് ഓർക്കണം. കുട്ടികൾ സാഹസപ്രവൃത്തികളായിരിക്കും തേടുന്നത്, മാതാപിതാക്കളാകട്ടെ ഒരുപക്ഷേ വിശ്രമവും. എന്തുചെയ്യണം, എവിടെപ്പോകണം എന്നീ കാര്യങ്ങൾ സംബന്ധിച്ച വ്യക്തിപരമായ താത്പര്യങ്ങൾ വിട്ടുകളയാൻ സന്മനസ്സു കാണിക്കണം. ഉചിതവും പ്രാവർത്തികവുമാണെങ്കിൽ, ഓരോ വ്യക്തിക്കും അയാൾക്കു പ്രത്യേകിച്ചു താത്പര്യമുള്ള കാര്യങ്ങളിൽ ഏർപ്പെടാൻ ഇടയ്ക്കിടയ്ക്ക് അനുവദിക്കുക. വർഷമൊട്ടാകെ ദിവസേനേയെന്നവിധം ദൈവാത്മാവിന്റെ ഗുണങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുക. നിങ്ങളുടെ അവധിക്കാലത്ത് അപ്രകാരം ചെയ്യാൻ അനുചിതമാംവിധം പ്രയാസകരമായിരിക്കരുത്.—ഗലാത്യർ 5:22, 23.
കുടുംബവും സുഹൃത്തുക്കളുമായി ഒരു നല്ല ബന്ധം നിലനിർത്തുന്നതു പ്രധാനമായിരിക്കുമ്പോൾതന്നെ ദൈവവുമായുള്ള നമ്മുടെ ബന്ധം അതിനെക്കാൾ പ്രാധാന്യമേറിയതാണ്. അവധിക്കാലങ്ങളിൽ ദൈവത്തെയും അവൻ ആവശ്യപ്പെടുന്ന കാര്യങ്ങളെയും സംബന്ധിച്ച നമ്മുടെ ക്രിസ്തീയ വീക്ഷണങ്ങൾ പുലർത്താത്ത ആളുകളെ നാം മിക്കപ്പോഴും കാണുന്നു. അവരുമായി അടുത്തു സഹവസിക്കുന്നത്—ഒരുപക്ഷേ ചോദ്യം ചെയ്യപ്പെടത്തക്ക വിനോദസ്ഥലങ്ങളിൽപോലും അടിക്കടി പോകുന്നത്—ദുഃഖിക്കേണ്ടിവരുന്ന പരിണതഫലങ്ങളിലേക്കു നയിച്ചേക്കാം. ബൈബിൾ ഇപ്രകാരമുള്ള മുന്നറിയിപ്പു തരുന്നതായി ഓർക്കുക: “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
അവധിക്കാലത്ത്, ക്രിസ്തീയ നിലവാരങ്ങളിൽനിന്നോ സമ്പ്രദായങ്ങളിൽനിന്നോ രക്ഷപ്പെടാനുള്ള ഒരാഗ്രഹം നിങ്ങളിൽ എപ്പോഴെങ്കിലും കണ്ടെത്തുകയാണെങ്കിൽ അത്തരത്തിലുള്ള ദൗർബല്യങ്ങളെ ബുദ്ധിപൂർവം നേരിടുക, ആ ആഗ്രഹത്തോടു പോരാടുന്നതിനുള്ള ദിവ്യസഹായത്തിനായി അപേക്ഷിക്കുക!
പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്താണ്?
ക്രിസ്തീയതത്ത്വങ്ങൾക്കൊത്ത് തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താത്തവർക്ക്, അവധിക്കാലത്ത് ഏതുതരത്തിലുള്ള പ്രവൃത്തിയും ചെയ്യാമെന്നു തോന്നിയേക്കാം. ചില യൂറോപ്യൻ രാജ്യങ്ങളിൽ ലൈംഗിക വിനോദസഞ്ചാരങ്ങൾ ഒരു വൻകിട ബിസിനസ് ആണ്, ചില യാത്രാ ഏജൻസികൾ അവയെ പ്രോത്സാഹിപ്പിക്കുകപോലും ചെയ്യുന്നു. ‘ചില ഏഷ്യൻ നഗരങ്ങളിലെ സുഖവാസസ്ഥലങ്ങളിൽ യൂറോപ്യൻ പുരുഷന്മാർ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ ദീർഘനാളായി പരക്കെ അറിവുള്ളതാണ്,’ എന്ന് ദി യൂറോപ്യൻ എഴുതുന്നു. 70 ശതമാനത്തോളം പുരുഷ സന്ദർശകർ “ലൈംഗിക സന്ദർശകരാ”ണെന്ന് ഒരു ഏഷ്യൻ രാജ്യത്തെ പരാമർശിച്ചുകൊണ്ട് ജർമൻ മാഗസിനായ ദാർ ഷ്പീജെൽ കണക്കുകൂട്ടി.
ഒട്ടേറെ വനിതാ സന്ദർശകർ ഇപ്പോൾ പുരുഷന്മാരുടെ മാർഗം പിന്തുടരുന്നു. കരീബിയൻ വിമാനയാത്രകൾക്കു പ്രത്യേക ശ്രദ്ധ നൽകുന്ന ജർമൻ ചാർട്ടർ എയർലൈൻ, 30 ശതമാനം വനിതാ സന്ദർശകർ അവിടെ അവധിക്കാലം ചെലവിടാൻ പോകുന്നത് അവിഹിത ലൈംഗികതയ്ക്കു വേണ്ടിയുള്ള പ്രകടമായ ഉദ്ദേശ്യത്തോടുകൂടിയാണെന്നു കണക്കാക്കുന്നു. ഒരു ജർമൻ പത്രപ്രവർത്തകൻ ഇപ്രകാരം പറഞ്ഞതായി ദി യൂറോപ്യൻ ഉദ്ധരിക്കുന്നു: “അവർ അതിനെ നേരംപോക്കിനുള്ള എളുപ്പവും സങ്കീർണമല്ലാത്തതുമായ ഒരു മാർഗമായി—ഒരു വിദേശീയ വിനോദമായി—കാണുന്നു.”
എങ്കിലും, സത്യക്രിസ്ത്യാനികൾ അവിഹിത ലൈംഗികതയെ നേരംപോക്കിനുള്ള സ്വീകാര്യമായ ഒരു മാർഗമായി കാണുന്നില്ല എന്നതു വാസ്തവമാണ്. അതു ക്രിസ്തീയ മൂല്യങ്ങളെ ലംഘിക്കുന്നെന്നു മാത്രമല്ല, അപകടങ്ങൾ നിറഞ്ഞതുമാണ്. അപകടങ്ങൾ പൊതുവേ തിരിച്ചറിയപ്പെടുന്നുണ്ടെങ്കിലും ആ നടപടിയെ തള്ളിക്കളയുന്നതിനുപകരം ഒട്ടുമിക്ക ആളുകളും അനന്തരഫലങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഒരു കുടയും കടലോരത്തെ ഒഴിഞ്ഞ രണ്ടു കസേരകളും കാണിക്കുന്ന ജർമൻ വർത്തമാനപത്രങ്ങളിലെ ഒരു പരസ്യം ഇതിനുദാഹരണമാണ്. ചിത്രക്കുറിപ്പ് ഇപ്രകാരം വായിക്കുന്നു: “സുരക്ഷിത യാത്ര ആശംസിക്കുന്നു, എയ്ഡ്സ് ഇല്ലാതെ മടങ്ങുക.”
ലൈംഗിക വിനോദയാത്രയുടെ ക്രൂരമായ ഒരു ഉപഫലം കുട്ടികൾക്കു നേരെയുള്ള ലൈംഗിക ദുഷ്പെരുമാറ്റമാണ്. 1993-ൽ, പ്രായപൂർത്തിയാവാത്തവരുമൊത്തു ലൈംഗികബന്ധത്തിലേർപ്പെട്ടു എന്ന കുറ്റം കണ്ടെത്തിയാൽ—വിദേശരാജ്യങ്ങളിൽ അവധി ചെലവിടുന്ന സമയത്താണെങ്കിൽപോലും—ജർമൻകാരെ ശിക്ഷയ്ക്കു വിധേയമാക്കുന്ന ഒരു നിയമം ജർമൻ ഗവൺമെൻറ് പാസാക്കിയതു ശ്രദ്ധേയമാണ്. എങ്കിലും, ഇതുവരെ അനുകൂല ഫലങ്ങൾ തീരെക്കുറച്ചേ ഉണ്ടായിട്ടുള്ളു. ബാലവേശ്യാവൃത്തി അന്നും—ഇന്നും—മനുഷ്യ സമൂഹത്തിന്റെ മുഖത്ത് പഴുത്തുചീഞ്ഞ ഒരു വ്രണമായി നിലനിൽക്കുന്നു.
അവധിക്കാലത്തെ ഫലദായകമായ ഒരു സമയമാക്കുക
വായന, ബൈബിൾ പഠനം, ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടൽ എന്നിവ സത്യക്രിസ്ത്യാനികൾക്ക് ഉല്ലാസപ്രദവും ഫലദായകവുമായ പ്രവർത്തനങ്ങളാണ്. എന്നാൽ പലരും, ഈ കാര്യങ്ങൾ തങ്ങൾ ആഗ്രഹിക്കുന്നത്രയും ചെയ്യാൻ ആവശ്യമായ സമയം കണ്ടെത്താൻ പാടുപെടുന്നു. സമയപട്ടികയുടെ നിയന്ത്രണങ്ങളിൽ നിന്നുമാറി വായിച്ചുതീർക്കാൻ പറ്റിയ എത്ര നല്ല സമയമാണ് അവധിക്കാലം?
തിരക്കുള്ള, സംതൃപ്തമായ ഒരു അവധിക്കാലത്തു സാധാരണ നിങ്ങൾ ചെയ്യുന്ന അളവിലുള്ള ക്രിസ്തീയ താത്പര്യങ്ങൾ പിന്തുടരാൻ സാധിക്കുകയില്ലെന്നതു വാസ്തവംതന്നെ. പക്ഷേ, കെട്ടുപണി ചെയ്യുന്ന ആത്മീയ പ്രവർത്തനങ്ങൾക്കു വേണ്ടി അൽപ്പസമയമെങ്കിലും എന്തുകൊണ്ടു മാറ്റിവെച്ചുകൂടാ? എന്നാൽതന്നെയും വിശ്രമത്തിനുവേണ്ട സമയം ഉണ്ടാകും. തീർച്ചയായും, ചിലർ തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ അവധിക്കാലത്തു ലഭ്യമായ കൂടുതലായുള്ള സമയം പ്രയോജനപ്പെടുത്തുന്നുണ്ട്. യേശു പറഞ്ഞതുപോലെ, “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാണ്.”—മത്തായി 5:3, NW.
താമസിയാതെ നിങ്ങളും അവധിക്കു പോകുന്നുണ്ടായിരിക്കും. അങ്ങനെയാണെങ്കിൽ തീർച്ചയായും അത് ആസ്വദിക്കുക! സംഭവിക്കാനിടയുണ്ടെന്നു കരുതുന്ന അപകടങ്ങളെക്കുറിച്ച് അമിതമായി അസ്വസ്ഥരാകരുത്. എന്നാൽ ഉചിതമായ മുൻകരുതലുകളെടുക്കുക. ഈ പേജിൽ കാണുന്ന ചതുരത്തിലേതുപോലുള്ള നിർദേശങ്ങൾ മനസ്സിൽ പിടിക്കുക. പിന്നീട്, ഉത്സാഹത്തോടെ, വിശ്രമം കഴിഞ്ഞ്, ഏറ്റവുമധികം പ്രാധാന്യമുള്ള ജീവിതപ്രവർത്തനങ്ങളിലേർപ്പെടാൻ തക്കവണ്ണം ആകാംക്ഷയോടെ തിരിച്ചുവരിക. അവധിക്കാലം വളരെവേഗം അവസാനിക്കുന്നു. എന്നാൽ അതിന്റെ വിലയേറിയ ഓർമകൾ എക്കാലവും നിലനിന്നേക്കാം. ദുഃഖിക്കേണ്ടിവരാതെ ചെലവഴിക്കപ്പെട്ട അവധിക്കാലം എത്ര വിലപ്പെട്ടതാണ്!
[10-ാം പേജിലെ ചതുരം]
ഏതാനും അവധിക്കാല നുറുങ്ങുകൾ
കുറ്റകൃത്യങ്ങളെ തടുക്കുക
1. വീട്ടിലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിന് ആരെയെങ്കിലും ഏർപ്പെടുത്തുക.
2. അപകടകരമെന്നു പൊതുവേ വീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.
3. പോക്കറ്റടിക്കാർക്കെതിരെ ജാഗ്രത പാലിക്കുക, പണം നിങ്ങളുടെ ശരീരത്തിൽ സുരക്ഷിതമായ ഒരിടത്തു വെക്കുക. കൂടുതലുള്ള പണം നിങ്ങൾ താമസിക്കുന്ന സുരക്ഷിതമായ ഒരിടത്തു വെക്കുക.
4. ആവശ്യപ്പെടാത്ത സഹായം വാഗ്ദാനം ചെയ്യുന്ന അപരിചിതരെ സൂക്ഷിക്കുക.
അപകടങ്ങൾ ഒഴിവാക്കുക
1. വാഹനമോടിക്കുന്നെങ്കിൽ സൂക്ഷിക്കുക, ഇടയ്ക്കു നിറുത്തിനിറുത്തി പോവുക.
2. ഹോട്ടലുകളിൽ താമസിക്കുമ്പോഴോ വിമാനത്തിൽ യാത്രചെയ്യുമ്പോഴോ അടിയന്തിര നടപടികൾക്കുള്ള ഏർപ്പാടുകളെക്കുറിച്ച് അത്യന്തം ശ്രദ്ധയുണ്ടായിരിക്കുക.
3. കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമുമ്പ് ശാരീരികമായ പൊരുത്തപ്പെടലിനു സമയമെടുക്കുക.
4. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ, ഷൂസ്, ഉപകരണങ്ങൾ എന്നിവ കരുതുക.
ആരോഗ്യമുള്ളവരായിരിക്കുക
1. വേണ്ടിവന്നേക്കാവുന്ന പ്രതിരോധ കുത്തിവെപ്പുകളെയും ചികിത്സാരീതികളെയും കുറിച്ചു ഡോക്ടറുടെ ഉപദേശം ആരായുക.
2. ആവശ്യമായ ഔഷധങ്ങളോടുകൂടിയ ഒരു സഞ്ചി കൂടെക്കൊണ്ടുപോവുക.
3. ആവശ്യത്തിനു വിശ്രമമെടുക്കുക, നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതെന്താണെന്നു ശ്രദ്ധിക്കുക.
4. ചികിത്സാസംബന്ധമായ നിങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന ആവശ്യമായ രേഖകൾ എപ്പോഴും കൂടെ കരുതുക.
ബന്ധങ്ങൾ സന്തോഷമുള്ളതായി നിലനിർത്തുക
1. നിങ്ങളുടെ കൂടെയുള്ളവരോടു സ്നേഹവും പരിഗണനയും കാണിക്കുക.
2. വ്യക്തിപരമായ സഹവാസങ്ങൾക്ക് ഉയർന്ന മാനദണ്ഡങ്ങൾ വെക്കുക.
3. ചോദ്യം ചെയ്യത്തക്കതെന്നു നിങ്ങൾ കരുതുന്ന പ്രവൃത്തികളിലേക്കു നയിക്കാൻ അവധിക്കാലം ചെലവിടുന്ന മറ്റ് ആളുകളെ അനുവദിക്കരുത്.
4. ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിന് അൽപ്പസമയം നീക്കിവെക്കുക.
[9-ാം പേജിലെ ചിത്രങ്ങൾ]
അവധിയിലായിരിക്കുമ്പോൾ ആരോഗ്യാവഹമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുക