അവധിക്കാല ദുഃഖങ്ങൾ ഒഴിവാക്കാവുന്ന വിധം
അവധിക്കാലം. ഈ വാക്കു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിന്തകൾ എന്തെല്ലാമാണ്? ഇടതിങ്ങിയ കേരവൃക്ഷങ്ങൾ സ്വാഗതമരുളുന്ന, സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന കടലോരങ്ങളിലെ വിശ്രമം? അതോ, പർവത പ്രദേശത്തെ തണുത്ത ശുദ്ധവായു ശ്വസിക്കുന്നതിന്റെ നിർവൃതിയോ?
എന്നുവരികിലും, മോശമായ കാലാവസ്ഥ, യാത്രയിൽ വരുന്ന താമസം, യാത്രാച്ചൊരുക്ക് എന്നിങ്ങനെ പലതിനെ കുറിച്ചും നിങ്ങൾക്കു വേവലാതിയും തോന്നിയേക്കാം. അത് എന്തായാലും, അവധിക്കാലം പരമാവധി ആസ്വാദ്യമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തുക
അവധിക്കാലം നന്നായി ചെലവഴിക്കാനറിയാവുന്ന വ്യക്തികൾ കാര്യാദികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നു. അവർ തങ്ങളുടെ യാത്രയോടും ആരോഗ്യത്തോടും ബന്ധപ്പെട്ട രേഖകൾ നേരത്തേതന്നെ ശരിയാക്കുന്നു. തന്മൂലം യാത്ര പുറപ്പെടുമ്പോൾ അവർക്കു ബേജാറാകേണ്ടതില്ല. തങ്ങൾക്കു നേരിട്ടേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു സൂക്ഷ്മമായി അന്വേഷിക്കുന്നത് ഏതൊക്കെ പ്രതിരോധ ഔഷധങ്ങൾ കഴിക്കേണ്ടതുണ്ട് എന്നു തീരുമാനിക്കാൻ അവരെ സഹായിക്കുന്നു.
മലമ്പനി ബാധിത മേഖലകളിലേക്കു യാത്ര ചെയ്യുന്നതിനുള്ള തയ്യാറെടുപ്പായി, യാത്ര പുറപ്പെടുന്നതിന് ഏതാനും ദിവസം മുമ്പുതന്നെ ധാരാളം ആളുകൾ മലമ്പനിയുടെ പ്രത്യൗഷധങ്ങൾ കഴിച്ചു തുടങ്ങുന്നു. എന്നുവരികിലും, ഒരു സംരക്ഷണമെന്ന നിലയിൽ, അവധിക്കാലം ചെലവഴിക്കുമ്പോഴും അതിനു ശേഷം നാല് ആഴ്ചയോളവും അത്തരം ഔഷധങ്ങൾ കഴിക്കാൻ മിക്കപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു. കാരണം, മലമ്പനിയുടെ പരാദങ്ങൾക്ക് അത്രയും കാലം ശരീരത്തിൽ സ്ഥിതി ചെയ്യാൻ സാധിക്കും. എന്നാൽ മറ്റു മുൻകരുതലുകളും പ്രധാനമാണ്.
ശുചിത്വ-ഉഷ്ണമേഖലാ ചികിത്സയ്ക്കായുള്ള ലണ്ടൻ സ്കൂളിലെ ഡോ. പോൾ ക്ലാർക്ക് ഉപദേശിക്കുന്നു: “കീടങ്ങളെ അകറ്റി നിർത്താനായി ചർമത്തിലോ കണങ്കൈയിലോ പുരട്ടുന്ന മരുന്നുകൾ, കണങ്കാലിൽ കെട്ടുന്ന നാടകൾ, കൊതുകു വലകൾ, കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന ഒരു വൈദ്യുതോപകരണം എന്നിവ തുല്യ പ്രാധാന്യമുള്ളവയാണ്.” സാധാരണമായി, ഇത്തരം സാധനങ്ങളൊക്കെ അവധിക്കു പോകുന്നതിനു മുമ്പുതന്നെ വാങ്ങുന്നതാണ് ഉത്തമം.
യാത്രാച്ചൊരുക്ക് ഏതൊരു യാത്രയെയും വിരസമാക്കുന്നു. എന്നാൽ അതിനു കാരണം എന്താണ്? അപരിചിതമായ ഒരു ചുറ്റുപാടിൽ ആയിരിക്കുന്നതു നിമിത്തം ലഭിക്കുന്ന പുതിയ സംജ്ഞകൾകൊണ്ട് മസ്തിഷ്കം നിറയുമ്പോഴാണ് യാത്രാച്ചൊരുക്ക് ഉണ്ടാകുന്നത് എന്ന് ഒരു ഗവേഷകൻ അഭിപ്രായപ്പെടുന്നു. കപ്പലിന്റെ ചലനമോ വിമാനത്തിന്റെ കമ്പനമോ കാറിന്റെ എഞ്ചിൻ പ്രവർത്തിക്കുന്ന ശബ്ദമോ ഇതിനു കാരണമാകുന്നെങ്കിൽ, നിങ്ങളുടെ ദൃഷ്ടി നിശ്ചലമായ ഒരു വസ്തുവിൽ, ഒരുപക്ഷേ ചക്രവാളത്തിലോ മുന്നിലുള്ള റോഡിലോ ഉറപ്പിക്കാൻ ശ്രമിക്കുക. വായു സഞ്ചാരത്തിനുള്ള നല്ല ക്രമീകരണം ആവശ്യത്തിന് ഓക്സിജൻ പ്രദാനം ചെയ്യും. കടുത്ത യാത്രാച്ചൊരുക്ക് ഉണ്ടാകുന്നെങ്കിൽ, അതു ലഘൂകരിക്കുന്നതിന് ആന്റിഹിസ്റ്റമിൻ ഔഷധങ്ങൾ സഹായിച്ചേക്കാം. എങ്കിലും ഒരു മുന്നറിയിപ്പിൻ വാക്ക്: ചില സാഹചര്യങ്ങളിൽ നിങ്ങളുടെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തിയേക്കാം എന്നതുകൊണ്ട് ഉറക്കം തൂങ്ങൽ പോലെ ഇതിന്റെ സാധ്യമായ ചില പാർശ്വഫലങ്ങൾ സംബന്ധിച്ച് ജാഗ്രത ഉള്ളവരായിരിക്കുക.
ദീർഘദൂര വ്യോമയാത്രകൾ നിർജലീകരണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു. ചിലരെ സംബന്ധിച്ചിടത്തോളം, ദീർഘ നേരം അനങ്ങാതെ ചടഞ്ഞുകൂടി ഇരിക്കുന്നതു കാലിൽ രക്തം കട്ടപിടിക്കുന്നതിന്റെ അപകട സാധ്യത വർധിപ്പിച്ചേക്കാം. ഈ കട്ട അവിടെനിന്നും നീങ്ങി ശ്വാസകോശത്തിലോ ഹൃദയത്തിലോ എത്തുന്നെങ്കിൽ, പരിണതഫലം വളരെ അപകടകരം ആയിരുന്നേക്കാം. അതുകൊണ്ട്, ദീർഘദൂര യാത്രകളിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്ക് ഇടപ്പാതയിലൂടെ നടന്നുകൊണ്ടോ ഇരിക്കുമ്പോൾതന്നെ എളിയും കാലിലെ പേശികളും മറ്റും ചലിപ്പിച്ചുകൊണ്ടോ വ്യായാമം ചെയ്യേണ്ടതുണ്ടായിരിക്കും. നിർജലീകരണം കുറയ്ക്കാനായി മദ്യം കലർന്നിട്ടില്ലാത്ത പാനീയങ്ങൾ ധാരാളം കുടിക്കുക.
മുകളിൽ വിവരിച്ചവ വ്യോമയാത്ര ചെയ്യാനുള്ള നിങ്ങളുടെ ഭയത്തെ വർധിപ്പിക്കുന്നതേയുള്ളോ? അങ്ങനെയാണെങ്കിൽ, വ്യോമ യാത്ര താരതമ്യേന സുരക്ഷിതമാണ് എന്ന യാഥാർഥ്യത്തിൽ ആശ്വസിക്കുക. റിപ്പോർട്ടുകൾ അനുസരിച്ച്, ഇത് മോട്ടോർ സൈക്കിളിൽ സവാരി നടത്തുന്നതിനെക്കാൾ 500 മടങ്ങും കാറിൽ യാത്ര ചെയ്യുന്നതിനെക്കാൾ 20 മടങ്ങും സുരക്ഷിതമാണ്! എന്നാൽ, ഇത്തരം സ്ഥിതിവിവര കണക്കുകൾ യാത്രയ്ക്കായി ചെലവഴിച്ച സമയത്തിലല്ല, പകരം യാത്ര ചെയ്ത ദൂരത്തിലാണ് അധിഷ്ഠിതം എന്നു മറ്റു ചിലർ ചൂണ്ടിക്കാട്ടും.
കൊച്ചു കുട്ടികളെയും കൊണ്ടു യാത്ര ചെയ്യുന്നതു തികച്ചും ഒരു വെല്ലുവിളി തന്നെയാണ്. “നിങ്ങളുടെ യാത്ര ഒരു സൈനിക നീക്കത്തിന്റെ അത്രയും കൃത്യതയോടെ ആസൂത്രണം ചെയ്യുക” എന്ന് പ്രക്ഷേപകയായ കാത്തീ അർനോൾഡ് നിർദേശിക്കുന്നു. കാര്യാദികൾ അതുപോലെ ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും കുട്ടികളുടെ ശ്രദ്ധ പിടിച്ചു നിർത്താനായി പുസ്തകങ്ങളും കളിക്കോപ്പുകളും മറ്റും കൂടെക്കരുതുക. അങ്ങനെ ആകുമ്പോൾ യാത്ര മുഴു കുടുംബത്തിനും കൂടുതൽ രസകരമായിരിക്കും.
നിങ്ങൾ എത്തിച്ചേരുമ്പോൾ
‘സംഗതിയൊക്കെ ഒന്ന് ഉഷാറായി, ശരിക്കും ആസ്വദിച്ചു തുടങ്ങാൻ നാലഞ്ചു ദിവസം എങ്കിലും എടുക്കും,’ അവധിക്കു പോകുന്ന മിക്കവരുടെയും അഭിപ്രായമാണ് ഇത്. പുതിയ ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കും എന്നതു ശരിതന്നെ. അതുകൊണ്ട് എത്തിച്ചേരുന്ന അന്നോ പിറ്റേ ദിവസമോ തന്നെ തിരക്കു പിടിച്ച് ചുറ്റിത്തിരിയാതിരിക്കുന്നതായിരിക്കും നല്ലത്. വ്യത്യസ്തമായ ഒരു പട്ടികയുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും അനുവദിക്കുക. ഇതിൽ പരാജയപ്പെടുന്നതു സമ്മർദത്തിനു കാരണമാകുകയും അവധിക്കാലത്തിന്റെ പ്രയോജനം നഷ്ടപ്പെടുത്തുകയും ചെയ്തേക്കും.
ഒരു കണക്ക് അനുസരിച്ച്, ലോക വ്യാപകമായി ഓരോ വർഷവും വിദേശയാത്ര ചെയ്യുന്ന കോടിക്കണക്കിന് ആളുകളിൽ കുറഞ്ഞപക്ഷം പകുതി പേരെങ്കിലും ചിലതരം രോഗങ്ങളോ പരിക്കുകളോ നിമിത്തം യാതന അനുഭവിക്കുന്നു. അതുകൊണ്ട്, യാത്രികരുടെ ആരോഗ്യം (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ ഡോ. റിച്ചാർഡ് ദേവുദ് വിശദീകരിക്കുന്നതു പോലെ, “ആരോഗ്യത്തിനുള്ള ഒരു പ്രധാന മാർഗമാണ് പ്രതിരോധം. യാതൊരു യാത്രക്കാരനും ഇത് അവഗണിക്കരുത്.” ഒരു യാത്രക്കാരന്റെ ശരീരം അന്തരീക്ഷത്തിലെ വിവിധ ഇനം ബാക്ടീരിയകൾ, വ്യത്യസ്തമായ ഭക്ഷണം, ജലം എന്നിവയുമായി പൊരുത്തപ്പെടേണ്ടത് ഉള്ളതുകൊണ്ട് ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ആഹാരത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നതു വിശേഷാൽ പ്രധാനമാണ്.
“ആഹാര സാധനങ്ങൾ പഴകുന്നതിനു മുമ്പ് ശരിക്കും വൃത്തിയായി പാകം ചെയ്ത് (ചൂടാക്കി അണുനശീകരണം നടത്തിയത്) ആണോ—മാംസത്തിന്റെ കാര്യത്തിൽ ചെമപ്പു നിറം പൂർണമായും ഇല്ലാതാകുന്നതുവരെ—എന്നറിയില്ലെങ്കിൽ, ഭക്ഷണം സുരക്ഷിതമാണെന്ന് ഒരിക്കലും നിഗമനം ചെയ്യരുത്” എന്ന് ഡോ. ദേവുദ് മുന്നറിയിപ്പു നൽകുന്നു. എന്തിന്, ചൂടാക്കിയ ആഹാരം പോലും സുരക്ഷിതമാണെന്നു കരുതുക സാധ്യമല്ല. അതുകൊണ്ട്, “നിങ്ങളുടെ ഉച്ചഭക്ഷണം തലേദിവസത്തെ അത്താഴം ചൂടാക്കി വീണ്ടും വിളമ്പിയതല്ലെന്ന് ഉറപ്പുവരുത്തുക.”
നിങ്ങൾ ഇപ്പോൾ താമസിക്കുന്നതിനെക്കാൾ വളരെ വ്യത്യസ്തമായ ഒരു സ്ഥലത്താണ് അവധിക്കാലം ചെലവഴിക്കുന്നതെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നത്, കൃത്യസമയത്ത്, ഇഷ്ടപ്പെട്ട സ്ഥലത്തു വെച്ച് കഴിക്കാൻ എല്ലായ്പോഴും സാധിച്ചെന്നു വരില്ല. എന്നാൽ, രാജ്യാന്തര യാത്രക്കാരുടെ അഞ്ചിൽ രണ്ടു ഭാഗത്തെയും ബാധിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്ന വയറിളക്കം ഒഴിവാക്കാനാകും എന്നതിനാൽ ഈ അസൗകര്യം കാര്യമായി എടുക്കേണ്ടതില്ല.
വെള്ളത്തിന്റെ കാര്യത്തിലാകുമ്പോൾ, പ്രാദേശികമായി ലഭിക്കുന്ന വെള്ളത്തെക്കാൾ കുപ്പിയിലടച്ചു ലഭിക്കുന്ന വെള്ളം ആണ് മിക്കപ്പോഴും കൂടുതൽ സുരക്ഷിതം. എന്നുവരികിലും, ദൂഷ്യഫലങ്ങൾ ഒഴിവാക്കാനായി കുപ്പിയിലോ കന്നാസിലോ അടച്ച പാനീയങ്ങൾ നിങ്ങളുടെ മുമ്പിൽ വെച്ച് പൊട്ടിക്കുന്നതായിരിക്കും ഉത്തമം. പാനീയങ്ങളിൽ ഐസ് ഇടാതിരിക്കുന്നതായിരിക്കും നല്ലത്. അതു ശുദ്ധമാണോ എന്ന് അറിയില്ലെങ്കിൽ, എല്ലായ്പോഴും അതിനെ ഹാനികരമായ ഒന്നായി വീക്ഷിക്കുക.
ആസ്വാദ്യമായ ഒരു അവധിക്കാലത്തിനു വേണ്ട നുറുങ്ങുകൾ
തന്റെ വായനക്കാരിൽ നടത്തിയ ഒരു സർവേയ്ക്കു ശേഷം, ഒരു ട്രാവൽ എഡിറ്റർ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അവധിക്കാലം ഗംഭീരവിജയം ആയിരിക്കുകയോ ആകാതിരിക്കുകയോ ചെയ്യുന്നതിൽ കാലാവസ്ഥ ഒരു പങ്കുവഹിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പങ്ക് വഹിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കൾ ആണ്.” വാസ്തവത്തിൽ, “നല്ല ഹോട്ടലുകൾ, സുഖകരമായ യാത്ര, രുചികരമായ ഭക്ഷണം, രസകരമായ ദൃശ്യങ്ങൾ എന്നിവയെക്കാൾ” ആസ്വാദ്യമായ ഒരു അവധിക്കാലത്തിനു സംഭാവന ചെയ്യുന്ന മുഖ്യ ഘടകം “നല്ല സുഹൃത്തുക്കളാണ്.”
എന്നാൽ അവധിക്കാലത്ത് നല്ല സുഹൃത്തുക്കളെ എവിടെ കണ്ടെത്താവുന്നതാണ്? കൊള്ളാം, അതിനുള്ള ഒരു വഴി നിങ്ങൾ അവധിക്കാലം ചെലവഴിക്കാൻ ആസൂത്രണം ചെയ്യുന്ന രാജ്യത്തു മേൽനോട്ടം വഹിക്കുന്ന വാച്ച് ടവർ സൊസൈറ്റിയുടെ ഓഫീസിലേക്ക് മുന്നമേ എഴുതുക എന്നതാണ്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിന്റെ മേൽവിലാസവും യോഗങ്ങളുടെ സമയവും അവർ നിങ്ങളെ അറിയിക്കും. ഈ ഓഫീസുകളിൽ ചിലതിന്റെ വിലാസം ഈ മാസികയുടെ 5-ാം പേജിൽ കാണാവുന്നതാണ്. യഹോവയുടെ സാക്ഷികളുടെ അടുത്ത കാലത്തെ ഒരു വാർഷികപുസ്തകം പരിശോധിക്കുക വഴി കൂടുതൽ മേൽവിലാസങ്ങൾ കണ്ടെത്താവുന്നതാണ്.
ദുഃഖ ഹേതുവാകാതെ നിങ്ങളുടെ അവധിക്കാലം ആസ്വദിക്കാനുള്ള ഒരു പ്രധാന ഘടകം പിൻവരുന്ന ജ്ഞാന പൂർവകമായ ബൈബിൾ ബുദ്ധ്യുപദേശം ചെവിക്കൊള്ളുക എന്നതാണ്: “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) അവധിക്കാലം ചെലവഴിക്കുന്ന ചില വിദൂരപ്രദേശങ്ങളിൽ ആയിരിക്കുമ്പോൾ, ക്രിസ്തീയ നിലവാരങ്ങളും രീതികളും വലിച്ചെറിയാനുള്ള മോഹം നിങ്ങളിൽ നാമ്പെടുക്കുന്നു എങ്കിൽ അത് ഒരു ദൗർബല്യമായി കണ്ട് അതിനെ നേരിടാൻ ദിവ്യ സഹായത്തിനായി അപേക്ഷിക്കുക. മാതാപിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ എവിടെ ആയിരുന്നാലും ഇത് “ദുർഘടസമയങ്ങൾ” ആണെന്ന് മനസ്സിൽ പിടിക്കുക.—2 തിമൊഥെയൊസ് 3:1.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുമ്പോൾ, അമ്മ സാധാരണമായി വീട്ടിൽവെച്ചു ചെയ്യാറുള്ളത് ഇപ്പോഴും ചെയ്തുകൊള്ളും എന്നു കരുതരുത്. ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ സഹായിക്കാൻ മനസ്സൊരുക്കം കാട്ടുക. സഹകരണ മനോഭാവം പ്രകടിപ്പിക്കുക. അത്തരം മനോഭാവം എല്ലാവരും അവധിക്കാലം ആസ്വദിക്കുന്നതിനു സംഭാവന ചെയ്യും.
നിങ്ങളുടെ അവധിക്കാലം സന്തോഷകരം ആയിരിക്കുമോ? നന്നായി തിരഞ്ഞെടുത്ത കുറച്ചു ഫോട്ടോകൾ, പോസ്റ്റുകാർഡുകൾ, സ്മരണികകൾ എന്നിവയും ഒരുപക്ഷേ ചില പ്രാദേശിക കരകൗശല വസ്തുക്കളും ആഹ്ലാദഭരിതമായ ഓർമകൾ ഉണർത്താൻ പോന്നവയാണ്. എന്നാൽ, പുതുതായി കണ്ടുമുട്ടിയ സുഹൃത്തുക്കൾ ആയിരിക്കും വിശേഷിച്ചും നിങ്ങളുടെ ഓർമയിൽ തങ്ങിനിൽക്കുക. അവരുമായുള്ള ബന്ധം നിലനിർത്തുക. രസകരമായ അനുഭവങ്ങൾ കത്തിലൂടെ പങ്കുവെക്കുക. അതെ, നിങ്ങളുടെ അവധിക്കാലം അത്യന്തം ആസ്വാദ്യമാക്കിത്തീർക്കാൻ പല വഴികളുണ്ട്.
[17-ാം പേജിലെ ചതുരം]
ഏതാനും അവധിക്കാല ഓർമിപ്പിക്കലുകൾ
പുറപ്പെടുന്നതിനു മുമ്പ്
• യാത്രയോടും ആരോഗ്യത്തോടും ബന്ധപ്പെട്ട് ആവശ്യമുള്ള സാധുവായ എല്ലാ രേഖകളും സംഘടിപ്പിക്കുക
• പ്രതിരോധ ഔഷധങ്ങൾ കരുതുക
യാത്രയിൽ ആയിരിക്കെ
• മദ്യം കലർന്നിട്ടില്ലാത്ത പാനീയങ്ങൾ ധാരാളം കുടിക്കുക, ദീർഘദൂര വിമാന യാത്രയിൽ ആയിരിക്കുമ്പോൾ വ്യായാമം ചെയ്യുക
• കുട്ടികൾക്കായി രസകരമായ വസ്തുക്കൾ കൂടെക്കരുതുക
എത്തിച്ചേർന്ന ശേഷം
• നിങ്ങളുടെ ശരീരവും മനസ്സും പൊരുത്തപ്പെടാൻ സമയം അനുവദിക്കുക
• സുരക്ഷിതമായ ഭക്ഷണ പാനീയങ്ങൾ മാത്രം കഴിക്കുക
• ധാർമിക ജാഗ്രത നിലനിർത്തുക
• ദൈനംദിന ജോലികളിൽ മറ്റു കുടുംബാംഗങ്ങളോടൊപ്പം ചേരുക
[16-ാം പേജിലെ ചിത്രം]
അവധിക്കാലത്ത് നിങ്ങളുടെ സഹവാസങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക