യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കു പഠിക്കാൻ കഴിയാത്തതെന്തുകൊണ്ട്?
“വീട്ടിൽവന്നു മാതാപിതാക്കളെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ വീണ്ടും പല വിഷയങ്ങളിൽ തോറ്റുപോയിരുന്നു” എന്ന് ജെസ്സിക്ക സ്മരിക്കുന്നു.a 15 വയസ്സുള്ള ജെസ്സിക്ക ബുദ്ധിമതിയും സുന്ദരിയുമാണ്. എന്നാൽ പല യുവജനങ്ങളെയുംപോലെ ജയിക്കാനുള്ള ഗ്രേഡു നിലനിർത്താൻ അവൾക്കു ബുദ്ധിമുട്ടാണ്.
സ്കൂളിലെ മോശമായ നിലവാരം പലപ്പോഴും വിദ്യാഭ്യാസത്തോടോ ഒരുവന്റെ അധ്യാപകനോടോ ഉള്ള ഉദാസീന മനോഭാവത്തിന്റെ ഫലമാണ്. എന്നാൽ ജെസ്സിക്കയുടെ കാര്യത്തിൽ അതല്ല സംഗതി. ദുർഗ്രഹമായ ആശയങ്ങൾ മനസ്സിലാക്കാൻ അവൾക്കു വളരെ പ്രയാസമാണെന്നേയുള്ളൂ. ഇതുനിമിത്തം സ്വാഭാവികമായും കണക്കിൽ ജയിക്കാൻ ജെസ്സിക്കയ്ക്കു ബുദ്ധിമുട്ടായിരുന്നു. വായിക്കാനുള്ള ബുദ്ധിമുട്ടു കാരണം അവൾക്കു മറ്റു വിഷയങ്ങളിലും മികവു കാട്ടാൻ കഴിഞ്ഞില്ല.
അതേസമയം മരിയയയുടെ പ്രശ്നം അക്ഷരത്തെറ്റുകൂടാതെ എഴുതാൻ കഴിയുന്നില്ല എന്നതാണ്. അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള ജാള്യം നിമിത്തം, ക്രിസ്തീയ യോഗങ്ങളിൽവെച്ച് എഴുതിയെടുക്കുന്ന കുറിപ്പുകൾ അവൾ എല്ലായ്പോഴും മറച്ചുപിടിക്കുന്നു. എന്നിരുന്നാലും, ജെസ്സിക്കയോ മരിയയോ ബുദ്ധിയില്ലാത്തവരല്ല. ജെസ്സിക്ക ആളുകളോടു നന്നായി പെരുമാറുന്നവളാണ്, അതുകൊണ്ട് അവളുടെ സഹപാഠികളുടെയിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മധ്യസ്ഥയോ പ്രശ്ന പരിഹാരകയോ ആയി സേവിക്കുന്നതിനു സ്കൂൾ അവളെ നിയമിച്ചിരിക്കുന്നു. പഠനകാര്യത്തിൽ മരിയ അവളുടെ ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്കുള്ള 10 ശതമാനം കുട്ടികളിൽ പെടുന്നു.
ജെസ്സിക്കയ്ക്കും മരിയയ്ക്കും പഠന തകരാറുകൾ ഉണ്ടെന്നുള്ളതാണു പ്രശ്നം. മൊത്തം കുട്ടികളിൽ ഏതാണ്ട് 3 മുതൽ 10 വരെ ശതമാനത്തിനു പഠനത്തിൽ സമാനമായ വൈഷമ്യങ്ങൾ ഉണ്ടായിരുന്നേക്കാമെന്നു വിദഗ്ധർ വിശ്വസിക്കുന്നു. 20-കളുടെ തുടക്കത്തിലായിരിക്കുന്ന ടാനിയയ്ക്ക്, ശ്രദ്ധക്കുറവ് അമിത ചുറുചുറുക്ക് ക്രമക്കേട് (എഡിഎച്ച്ഡി) എന്ന പ്രശ്നമുണ്ട്.b അവൾ ഇപ്രകാരം പറയുന്നു: “ശ്രദ്ധിക്കാനോ അനങ്ങാതെയിരിക്കാനോപോലും എനിക്കു കഴിയാത്തതുകൊണ്ടു ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കാനും വ്യക്തിപരമായ പഠനം നടത്താനും പ്രാർഥിക്കാനും എനിക്കു പ്രയാസം നേരിടുന്നു. ഇതുമൂലം എന്റെ ശുശ്രൂഷയും ബാധിക്കപ്പെടുന്നു. കാരണം ആർക്കും എന്റെ ഒപ്പം എത്താൻ കഴിയാത്തവിധം ഞാൻ ഒരു വിഷയത്തിൽനിന്നു മറ്റൊരു വിഷയത്തിലേക്കു പെട്ടെന്നു പോകുന്നു.”
അമിത ചുറുചുറുക്ക് ഇല്ലാത്തപ്പോൾ ഈ തകരാറ്, ശ്രദ്ധക്കുറവ് ക്രമക്കേട് (എഡിഡി) എന്നറിയപ്പെടുന്നു. ഈ തകരാറുള്ളവർ പലപ്പോഴും ദിവാസ്വപ്നദർശികളായി വർണിക്കപ്പെട്ടിരിക്കുന്നു. എഡിഡി ഉള്ളവരെക്കുറിച്ച് നാഡീവിദഗ്ധനായ ഡോ. ബ്രൂസ് റോസ്മൻ ഇപ്രകാരം പറഞ്ഞു: “അവർ ഒരു പുസ്തകത്തിന്റെ മുമ്പിൽ 45 മിനിറ്റുനേരം ഇരിക്കുന്നു, ഒന്നും പഠിക്കുന്നില്ല.” ഏതോ കാരണത്താൽ അവർക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു.
ഈ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്താണെന്നു തങ്ങൾ അടുത്തയിടെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നതായി വൈദ്യ ഗവേഷകർ വിശ്വസിക്കുന്നു. എങ്കിലും, ഇപ്പോഴും വളരെ കാര്യങ്ങൾ അജ്ഞാതമാണ്. പഠനത്തിനു തടസ്സമാകുന്ന വ്യത്യസ്ത തകരാറുകൾക്കും വൈകല്യങ്ങൾക്കും ഇടയ്ക്കുള്ള അതിർവരമ്പുകൾ എപ്പോഴും വ്യക്തമല്ല. ഒരു പ്രത്യേക തകരാറിന്റെ കൃത്യമായ കാരണമോ അതിനു നൽകിയിരിക്കുന്ന പേരോ എന്തായിരുന്നാലും—അതു വായിക്കുന്നതോ ഓർമിക്കുന്നതോ ശ്രദ്ധിക്കുന്നതോ അമിതചുറുചുറുക്കുള്ളവരായിരിക്കുന്നതോ ആയി ബന്ധപ്പെട്ട പ്രശ്നമാണെങ്കിലും—ആ തകരാറിന് ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തിനു തടസ്സം സൃഷ്ടിക്കാനും വളരെയധികം ദുരിതമുളവാക്കാനും കഴിയും. നിങ്ങൾക്ക് ഒരു പഠന വൈകല്യമുണ്ടെങ്കിൽ അതെങ്ങനെ തരണം ചെയ്യാൻ കഴിയും?
തരണം ചെയ്യുന്നതിന്റെ വെല്ലുവിളി
തുടക്കത്തിൽ പരാമർശിച്ച ജെസ്സിക്കയുടെ കാര്യം പരിചിന്തിക്കുക. തന്റെ വായനാവൈകല്യം തരണം ചെയ്യാൻ തീരുമാനിച്ചുറച്ച അവൾ വ്യത്യസ്ത പുസ്തകങ്ങൾ വായിക്കാൻ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. അവൾക്കു വളരെ ആകർഷകമായി തോന്നിയ കവിതകളടങ്ങിയ ഒരു പുസ്തകം കണ്ടെത്തിയതോടെയായിരുന്നു വഴിത്തിരിവു സംഭവിച്ചത്. അവൾ സമാനമായ മറ്റൊരു പുസ്തകം വാങ്ങി. അതിന്റെ വായനയും അവൾ ആസ്വദിച്ചു. പിന്നീട് ഒരു കൂട്ടം കഥാ പുസ്തകങ്ങളിൽ അവൾ താത്പര്യം കണ്ടെത്തി. അങ്ങനെ ക്രമേണ വായന അത്ര വലിയ പ്രശ്നമല്ലാതായിത്തീർന്നു. ഇതിൽനിന്നു പഠിക്കാനുള്ള പാഠം സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിക്കുന്നുവെന്നതാണ്. ശ്രമം ഉപേക്ഷിക്കാതിരിക്കുന്നതുവഴി നിങ്ങൾക്കും പഠന വൈകല്യത്തെ തരണം ചെയ്യാൻ, അല്ലെങ്കിൽ കുറഞ്ഞത് ആ ദിശയിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.—ഗലാത്യർ 6:9 താരതമ്യം ചെയ്യുക.
പെട്ടെന്നുള്ള മറവിപ്രശ്നം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചെന്ത്? ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു പ്രധാന താക്കോൽ ഈ പഴമൊഴിയിലുണ്ട്: “ആവർത്തനമാണ് ഓർമയുടെ മാതാവ്.” താൻ കേട്ടതും വായിച്ചതുമായ സംഗതികൾ സ്വയം ആവർത്തിച്ച് ഉച്ചരിച്ചതു കാര്യങ്ങൾ ഓർമിക്കാൻ തന്നെ സഹായിച്ചതായി നിക്കി കണ്ടെത്തി. അതു പരീക്ഷിച്ചുനോക്കുക. നിങ്ങൾക്കും അതു സഹായകമായേക്കാം. ബൈബിൾ കാലങ്ങളിൽ ആളുകൾ സ്വയം വായിക്കുമ്പോൾപ്പോലും വാക്കുകൾ ഉച്ചരിച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്. “[ദൈവത്തിന്റെ ന്യായപ്രമാണം] നീ രാവും പകലും ഒരു മന്ദസ്വരത്തിൽ വായിക്കണം” എന്ന് യഹോവ ബൈബിൾ എഴുത്തുകാരനായ യോശുവയോടു കൽപ്പിച്ചു. (യോശുവ 1:8, NW; സങ്കീർത്തനം 1:2) വാക്കുകൾ ഉച്ചരിക്കുന്നത് ഇത്ര പ്രധാനമായിരുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്യുമ്പോൾ രണ്ട് ഇന്ദ്രിയങ്ങൾ—ശ്രവണവും കാഴ്ചയും—പ്രവർത്തനാത്മകമാകുകയും കാര്യങ്ങൾ വായനക്കാരന്റെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയാൻ സഹായിക്കുകയും ചെയ്തു.
ജെസ്സിക്കയ്ക്ക് കണക്കു പഠിക്കുന്നതും ഒരു ഭഗീരഥപ്രയത്നമായിരുന്നു. എന്നാൽ, അവൾ കണക്കിലെ നിയമങ്ങൾ ആവർത്തിച്ചാവർത്തിച്ചു പഠിച്ചുനോക്കി—ചിലപ്പോൾ ഓരോന്നിനും അര മണിക്കൂർ വീതം അവൾ ചെലവഴിച്ചു. അവളുടെ ശ്രമങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. അതുകൊണ്ട് ആവർത്തിക്കുക, ആവർത്തിക്കുക, ആവർത്തിക്കുക! ക്ലാസ്സിൽ ശ്രദ്ധിക്കുമ്പോഴോ വായിക്കുമ്പോഴോ നിങ്ങൾക്കു കുറിപ്പുകൾ എഴുതിയെടുക്കത്തക്കവണ്ണം കടലാസും പെൻസിലും എടുക്കാവുന്ന വിധത്തിൽ വയ്ക്കുന്നതാണു ജ്ഞാനപൂർവകമായ ഒരു നടപടി.
പഠനത്തിനായി നിങ്ങളെത്തന്നെ അർപ്പിക്കുന്നതു മർമപ്രധാനമാണ്. സ്കൂൾ വിട്ടതിനുശേഷം തങ്ങുന്നതും നിങ്ങളുടെ അധ്യാപകരോടു സംസാരിക്കുന്നതും ഒരു ശീലമാക്കുക. അവരെ അറിയുക. നിങ്ങൾക്കു പഠന കാര്യത്തിൽ പ്രശ്നമുണ്ടെന്നും അതു തരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണെന്നും അവരോടു പറയുക. മിക്ക അധ്യാപകരും സഹായിക്കാൻ വളരെ താത്പര്യമുള്ളവരായിരിക്കും. അതുകൊണ്ട് അവരുടെ സഹായം ഉൾപ്പെടുത്തുക. ജെസ്സിക്ക അതു ചെയ്യുകയും അവൾക്ക് അനുകമ്പയുള്ള ഒരു അധ്യാപകനിൽനിന്ന് ആവശ്യമായ വളരെയധികം സഹായം ലഭിക്കുകയും ചെയ്തു.
ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിക്കുക
നിങ്ങൾക്കുവേണ്ടി ഒരു ലക്ഷ്യവും പ്രതിഫല വ്യവസ്ഥയും വെക്കുന്നതും സഹായകമാണ്. ടെലിവിഷനോ നിങ്ങൾക്കിഷ്ടപ്പെട്ട സംഗീതമോ ഓൺചെയ്യുന്നതിനുമുമ്പ്, ഒരു നിർദിഷ്ട ലക്ഷ്യം—ഗൃഹപാഠത്തിന്റെ ഒരു ഭാഗം ചെയ്തുതീർക്കുന്നതുപോലെയുള്ള ഒന്ന്—വയ്ക്കുന്നതു ശ്രദ്ധിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങൾ ന്യായമായ ലക്ഷ്യങ്ങളാണു വയ്ക്കുന്നതെന്ന് ഉറപ്പുവരുത്തുക.—ഫിലിപ്യർ 4:5, NW താരതമ്യം ചെയ്യുക.
നിങ്ങളുടെ ചുറ്റുപാടുകളിൽ പുരോഗമനാത്മകമായ മാറ്റങ്ങൾ വരുത്തുന്നതു ചിലപ്പോൾ സഹായകരമായിരുന്നേക്കാം. മെച്ചമായി ശ്രദ്ധിക്കുന്നതിനു ക്ലാസ്സിന്റെ മുമ്പിൽ, അധ്യാപകന്റെയടുത്തിരിക്കാൻ നിക്കി ക്രമീകരണം ചെയ്തു. നന്നായി പഠിക്കുന്ന ഒരു കൂട്ടുകാരിയോടൊപ്പമിരുന്നു ഗൃഹപാഠം ചെയ്യുന്നത് ജെസ്സിക്ക പ്രയോജനകരമായി കണ്ടെത്തി. നിങ്ങളുടെ മുറി സുഖവും സൗകര്യവും ഉള്ളതാക്കുന്നതു സഹായകരമായി നിങ്ങൾ കണ്ടെത്തിയേക്കാം.
അസ്വാസ്ഥ്യം കുറയ്ക്കൽ
നിങ്ങൾക്ക് അമിതചുറുചുറുക്കുള്ളവരായിരിക്കാനുള്ള പ്രവണതയുണ്ടെങ്കിൽ പഠനം വിഷമകരമായ ഒരു കഠിനപരീക്ഷയായിരിക്കാൻ കഴിയും. എന്നാൽ അമിതചുറുചുറുക്കിനെ ശാരീരിക വ്യായാമത്തിലേക്കു തിരിച്ചുവിടാൻ കഴിയുമെന്നു ചില വിദഗ്ധർ പറയുന്നു. “വായവ വ്യായാമം ചെയ്യുന്നതുമൂലം മസ്തിഷ്കത്തിലുണ്ടാകുന്ന ജീവശാസ്ത്ര മാറ്റങ്ങൾ, പുതിയ വിവരങ്ങൾ പഠിക്കുന്നതിനും പഴയ വിവരങ്ങൾ ഓർക്കുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും കഴിവു മെച്ചപ്പെടുത്തുന്നുവെന്നതിനുള്ള തെളിവു വർധിച്ചുവരികയാണ്” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട്, നീന്തൽ, ഓട്ടം, പന്തുകളി, സൈക്കിൾ സവാരി, സ്കേറ്റിങ് തുടങ്ങിയ മിതമായ അളവുകളിലുള്ള വ്യായാമം ശരീരത്തിനും മനസ്സിനും നല്ലതാണ്.—1 തിമൊഥെയൊസ് 4:8.
പഠന തകരാറുകൾക്കു പതിവായി ഔഷധങ്ങൾ നിർദേശിക്കപ്പെടുന്നു. ഉത്തേജക മരുന്നുകൾ കൊടുത്തപ്പോൾ എഡിഎച്ച്ഡി ബാധിച്ച ചെറുപ്പക്കാരിൽ ഏതാണ്ട് 70 ശതമാനം പ്രതികരിച്ചതായി അവകാശപ്പെടുന്നു. നിങ്ങൾ ഔഷധങ്ങൾ സ്വീകരിക്കണമോയെന്നുള്ളതു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ, സാധ്യതയുള്ള പാർശ്വഫലങ്ങൾ, മറ്റു ഘടകങ്ങൾ എന്നിവ കണക്കിലെടുത്തശേഷം നിങ്ങളും മാതാപിതാക്കളും തീരുമാനിക്കേണ്ട ഒരു സംഗതിയാണ്.
നിങ്ങളുടെ ആത്മാഭിമാനം നിലനിർത്തുക
പഠന വൈഷമ്യത്തെ ഒരു വൈകാരിക പ്രശ്നമായി കണക്കാക്കുന്നില്ലെങ്കിലും അതിനു വൈകാരിക ഫലങ്ങളുണ്ടായിരിക്കാൻ കഴിയും. മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നുമുള്ള നിരന്തരമായ അംഗീകാരമില്ലായ്മയും വിമർശനവും മോശമോ ഇടത്തരമോ ആയ സ്കൂൾ ഫലങ്ങളും ഉറ്റ മിത്രങ്ങളുടെ അഭാവവും, എല്ലാംകൂടി ആകുമ്പോൾ ആത്മാഭിമാനം അനായാസേന കുറഞ്ഞുപോകാവുന്നതാണ്. ചില യുവജനങ്ങൾ ഈ തോന്നൽ ഉള്ളിലൊതുക്കിക്കൊണ്ടു പുറമേ കോപാകുലവും ഭീഷണിമുഴക്കുന്നതുമായ ഒരു രീതിയിൽ ഇടപെടുന്നു.
എന്നാൽ, പഠന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു നിങ്ങൾക്ക് ആത്മാഭിമാനം നഷ്ടമാകേണ്ടതില്ല.c പഠന സംബന്ധമായ പ്രശ്നങ്ങളുള്ള യുവജനങ്ങളുടെകൂടെ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം പറയുന്നു: “ജീവിതത്തോടുള്ള അവരുടെ മനോഭാവം—‘ഞാൻ മടയനാണ്, എനിക്കൊന്നും ശരിയായി ചെയ്യാൻ കഴിയില്ല’ എന്നതിൽനിന്നും . . . ‘ഞാൻ ഒരു പ്രശ്നത്തെ തരണംചെയ്തുകൊണ്ടിരിക്കുകയാണ്, എനിക്കു ചെയ്യാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചതിനെക്കാൾ വളരെയധികം എനിക്കു കഴിയും’ എന്നാക്കി—മാറ്റുകയാണ് എന്റെ ലക്ഷ്യം.”
മറ്റുള്ളവരുടെ മനോഭാവങ്ങൾ സംബന്ധിച്ചു നിങ്ങൾക്കു വളരെയൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും നിങ്ങളുടെ സ്വന്തം മനോഭാവങ്ങളെ നിങ്ങൾക്കു സ്വാധീനിക്കാൻ കഴിയും. ജെസ്സിക്ക അതാണു ചെയ്തത്. അവൾ ഇപ്രകാരം പറയുന്നു: “സ്കൂൾ കുട്ടികളുടെ പറച്ചിലുകളുടെയും അവരുടെ പരിഹാസപ്പേരുവിളിയുടെയും അടിസ്ഥാനത്തിൽ ഞാൻ എന്നെത്തന്നെ വിലയിരുത്തിയപ്പോൾ സ്കൂളിൽനിന്ന് ഓടിപ്പോകാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ അവർ പറയുന്നത് അവഗണിക്കാനും എന്റെ കഴിവിന്റെ പരമാവധി ചെയ്യാനും ഇപ്പോൾ ഞാൻ ശ്രമിക്കുന്നു. അത് ബുദ്ധിമുട്ടുള്ള സംഗതിയാണ്, എനിക്കു സ്വയം ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം. പക്ഷേ അതു പ്രായോഗികമാണ്.”
ജെസ്സിക്കയ്ക്ക് മറ്റൊരു യാഥാർഥ്യത്തോടു പോരാടേണ്ടതുണ്ടായിരുന്നു. അവളുടെ ജ്യേഷ്ഠൻ എല്ലായ്പോഴും എ ഗ്രേഡു വാങ്ങുന്ന ഒരു വിദ്യാർഥി ആയിരുന്നു. “ഞാൻ അവനുമായി എന്നെ താരതമ്യം ചെയ്യുന്നതു നിർത്തുന്നതുവരെ അത് എന്റെ ആത്മാഭിമാനത്തെ നശിപ്പിച്ചുകൊണ്ടിരുന്നു” എന്ന് ജെസ്സിക്ക പറയുന്നു. അതുകൊണ്ട് നിങ്ങളെ നിങ്ങളുടെ കൂടപ്പിറപ്പുകളുമായി താരതമ്യം ചെയ്യരുത്.—ഗലാത്യർ 6:4 താരതമ്യം ചെയ്യുക.
നിങ്ങൾ ആശ്രയം വയ്ക്കുന്ന ഒരു സുഹൃത്തിനോടു സംസാരിക്കുന്നതും കാര്യങ്ങളെ ശരിയായ വീക്ഷണത്തിൽ നിർത്താൻ നിങ്ങളെ സഹായിക്കും. നിങ്ങൾ പുരോഗമിക്കാൻ ശ്രമം നടത്തുമ്പോൾ ഒരു യഥാർഥ സുഹൃത്ത് നിങ്ങളോടു വിശ്വസ്തമായി പറ്റിനിൽക്കും. (സദൃശവാക്യങ്ങൾ 17:17) നേരേമറിച്ച്, ഒരു വ്യാജ സുഹൃത്ത് നിങ്ങളെ ഇടിച്ചുതാഴ്ത്തുകയോ നിങ്ങളെക്കുറിച്ചുതന്നെ അനുചിതമായ ഉയർന്ന വീക്ഷണം നൽകുകയോ ചെയ്യുന്നു. അതുകൊണ്ടു ശ്രദ്ധാപൂർവം നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.
നിങ്ങൾക്കു പഠന സംബന്ധമായ പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്കു മറ്റു യുവജനങ്ങളെക്കാളധികം തിരുത്തൽ ലഭിക്കാൻ ഇടയുണ്ട്. പക്ഷേ നിങ്ങളെക്കുറിച്ച് ഒരു പ്രതികൂല വീക്ഷണം ഉണ്ടാകാൻ നിങ്ങൾ അതിനെ അനുവദിക്കരുത്. ശിക്ഷണത്തെ ദൈവിക രീതിയിൽ, വലിയ മൂല്യമുള്ള ഒന്നായി കാണുക. നിങ്ങളുടെ മാതാപിതാക്കളിൽനിന്നുള്ള ശിക്ഷണം, അവർ നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങൾക്കുവേണ്ടി ഏറ്റവും നല്ലത് ആഗ്രഹിക്കുന്നുവെന്നുമുള്ളതിന്റെ തെളിവാണെന്ന് ഓർക്കുക.—സദൃശവാക്യങ്ങൾ 1:8, 9; 3:11, 12; എബ്രായർ 12:5-9.
ഇല്ല, നിങ്ങളുടെ പഠനപ്രശ്നങ്ങൾ നിങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. നിങ്ങൾക്ക് അവ സംബന്ധിച്ചു ചിലതു ചെയ്യാനും ഒരു ഫലപ്രദമായ ജീവിതം നയിക്കാനും കഴിയും. എന്നാൽ പ്രത്യാശയ്ക്കുള്ള അതിലും വലിയ കാരണമുണ്ട്. സമൃദ്ധമായ പരിജ്ഞാനമുള്ളതും മനസ്സിന്റെയും ശരീരത്തിന്റെയും എല്ലാ തകരാറുകളും പരിഹരിക്കപ്പെടുന്നതുമായ നീതിനിഷ്ഠമായ ഒരു പുതിയ ലോകം കൊണ്ടുവരുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. (യെശയ്യാവു 11:9; വെളിപ്പാടു 21:1-4) അതുകൊണ്ട്, യഹോവയാം ദൈവത്തെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കാനും ആ പരിജ്ഞാനത്തിനൊത്തു പ്രവർത്തിക്കാനും ദൃഢനിശ്ചയമുള്ളവരായിരിക്കുക.—യോഹന്നാൻ 17:3.
[അടിക്കുറിപ്പുകൾ]
a പേരുകളിൽ ചിലതു മാറ്റിയിട്ടുണ്ട്.
b ദയവായി 1994 നവംബർ 22 ലക്കം ഉണരുക!യിലെ “കുഴപ്പക്കാരായ കുട്ടികളെ മനസ്സിലാക്കൽ” എന്ന പരമ്പരയും 1983 മേയ് 8 ലക്കത്തിലെ (ഇംഗ്ലീഷ്) “നിങ്ങളുടെ കുട്ടിക്ക് പഠന സംബന്ധമായ പ്രശ്നങ്ങളുണ്ടോ” എന്ന ലേഖനവും കാണുക.
c ഉണരുക!യുടെ (ഇംഗ്ലീഷ്) 1983 ഏപ്രിൽ 8 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എന്റെ ആത്മാഭിമാനം എങ്ങനെ വർധിപ്പിക്കാൻ കഴിയും?” എന്ന ലേഖനം കാണുക.
[13-ാം പേജിലെ ചിത്രം]
പഠനത്തിനായി നിങ്ങളെത്തന്നെ അർപ്പിക്കുക