ലൈം രോഗം—നിങ്ങൾ അപകടത്തിലാണോ?
എയ്ഡ്സ് തലക്കെട്ടുകൾ പിടിച്ചടക്കുമ്പോൾ ലൈം രോഗം അടിക്കുറിപ്പുകളിൽപോലും കഷ്ടിച്ചാണു പ്രത്യക്ഷമാകുന്നത്. എങ്കിലും, ലൈം രോഗം അതിവേഗം വ്യാപിക്കുന്നു. വാസ്തവത്തിൽ, ഏതാനും വർഷംമുമ്പ് ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ അതിനെ “എയ്ഡ്സ് കഴിഞ്ഞാൽ [ഐക്യനാടുകളിൽ] ഏറ്റവും ദ്രുതഗതിയിൽ വളരുന്ന സാംക്രമികരോഗം” എന്നു വിളിച്ചു. ഈ രോഗം ഏഷ്യയിലും തെക്കേ അമേരിക്കയിലും യൂറോപ്പിലും വ്യാപിക്കുന്നുണ്ടെന്നു മറ്റു രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നു.
എന്താണ് ലൈം രോഗം? അതെങ്ങനെയാണു പടരുന്നത്? നിങ്ങൾ അപകടത്തിലാണോ?
ചെള്ളുകളും മാനും നിങ്ങളും
ഏതാണ്ട് 20 വർഷങ്ങൾക്കുമുമ്പ് ഐക്യനാടുകളുടെ വടക്കുകിഴക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന കണക്റ്റിക്കട്ടിലെ ലൈം പട്ടണത്തിലെമ്പാടും സന്ധിവീക്കങ്ങളുടെ (arthritis) നിഗൂഢമായ ഒരു വർധനവ് ഉണ്ടായി. രോഗികളിൽ മിക്കവരും കുട്ടികളായിരുന്നു. തടിപ്പ്, തലവേദന, സന്ധിവേദന എന്നിവയോടുകൂടിയാണ് സന്ധിവീക്കം ആരംഭിച്ചത്. പെട്ടെന്നുതന്നെ തന്റെ “ഭർത്താവിനും രണ്ടു കുട്ടികൾക്കും ഊന്നുവടികൾ ആവശ്യമായി വന്നുവെന്ന്” ഒരു നിവാസി പറഞ്ഞു. അധികം താമസിയാതെ, ആ പ്രദേശത്തുള്ള 50-ലേറെ ആളുകൾക്കു രോഗം പിടിപെട്ടു. വർഷങ്ങൾക്കുള്ളിൽ ആയിരങ്ങൾക്കു വേദനാകരമായ അതേ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.
ഈ രോഗം മറ്റു രോഗങ്ങളിൽനിന്നു വ്യത്യസ്തമാണെന്നു മനസ്സിലാക്കിയ ഗവേഷകർ അതിന് ലൈം രോഗം എന്നു പേരിട്ടു. എന്തായിരുന്നു രോഗഹേതു? ചെള്ളുകളിൽ ജീവിക്കുന്നതും കോർക്കൂരിയുടെ ആകൃതിയുള്ളതുമായ ബൊറിലിയ ബർഗ്ഡൊർഫെറി എന്ന ബാക്ടീരിയ. അത് എങ്ങനെയാണു വ്യാപിക്കുന്നത്? ഒരാൾ വനത്തിൽക്കൂടി ഉലാത്തുമ്പോൾ രോഗബാധിതമായ ഒരു ചെള്ള് അയാളിൽ കയറിപ്പറ്റുന്നു. ചെള്ള്, ഉലാത്തിക്കൊണ്ടിരിക്കുന്ന ആ പാവം മനുഷ്യന്റെ ത്വക്ക് തുളച്ച് രോഗകാരിയായ ബാക്ടീരിയയെ കടത്തിവിടുന്നു. രോഗബാധിതരായ ഈ ചെള്ളുകൾ സൗജന്യസഞ്ചാരം നടത്തുകയും ഭക്ഷിക്കുകയും ഇണചേരുകയും ചെയ്യുന്നതു പലപ്പോഴും മാനുകളിലായതുകൊണ്ടും മാനുകൾ പെരുകിക്കൊണ്ടിരിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആളുകൾ താമസമുറപ്പിക്കുന്നതുകൊണ്ടും ലൈം രോഗം വർധിക്കുന്നതിൽ അതിശയമില്ല.
രോഗലക്ഷണങ്ങളും പ്രശ്നങ്ങളും
ത്വക്കിൽ ഒരു ചെറിയ ചെമന്ന പാടിന്റെ രൂപത്തിൽ ആരംഭിക്കുന്ന തടിപ്പാണ് (എറിത്തീമ മൈഗ്രൻസ് അല്ലെങ്കിൽ ഇഎം എന്നറിയപ്പെടുന്നു) സാധാരണഗതിയിൽ ലൈം രോഗത്തിന്റെ ആദ്യ ലക്ഷണം. ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ഈ സൂചക വടു, ഒരു ചെറു നാണയത്തിന്റെ വലിപ്പമുള്ളതോ ഒരുവന്റെ മുതുകിലാകമാനം വ്യാപിച്ചേക്കാവുന്നതോ ആയ, വൃത്താകൃതിയിലോ ത്രികോണാകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ള തടിപ്പായി വികാസം പ്രാപിക്കുന്നു. തടിപ്പിനോടൊപ്പം മിക്കപ്പോഴും പനിയും തലവേദനയും കഴുത്തനക്കാൻ ബുദ്ധിമുട്ടും ശരീരവേദനകളും ക്ഷീണവും ഉണ്ടാകുന്നു. നേരത്തെ ചികിത്സിക്കാത്തപക്ഷം രോഗബാധിതരിൽ പകുതിയിലധികംപേർക്കും സന്ധികളിൽ വേദനയും നീരും അനുഭവപ്പെടുന്നു. അത് മാസങ്ങളോളം നിന്നേക്കാം. ചികിത്സിക്കപ്പെടാത്ത രോഗികളിൽ 20 ശതമാനത്തോളം പേർക്ക് ഒടുവിൽ വിട്ടുമാറാത്ത സന്ധിവീക്കം ഉണ്ടാകുന്നു. അത്ര സാധാരണമല്ലെങ്കിലും, ഈ രോഗം നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം.—കൂടെക്കൊടുത്തിരിക്കുന്ന ചതുരം കാണുക.
ലൈം രോഗത്തിന്റെ ഫ്ളൂപോലെയുള്ള പ്രാരംഭലക്ഷണങ്ങൾ മറ്റു രോഗബാധകളുടേവയോടു സമാനമായതിനാൽ പല വിദഗ്ധരും രോഗനിർണയം നടത്താൻ വിഷമമുള്ളതായി കണക്കാക്കുന്നു. കൂടാതെ, ലൈം രോഗത്തിന്റെ മാത്രം സവിശേഷതയായ തടിപ്പ് 4 രോഗികളിൽ ഒരാൾക്കുവീതം ഉണ്ടാകുന്നില്ല. ചെള്ളിന്റെ കടി സാധാരണഗതിയിൽ വേദനാരഹിതമായതുകൊണ്ട് അതു കടിച്ചിട്ടുണ്ടോയെന്നു പല രോഗികൾക്കും ഓർമിക്കാനും കഴിയുന്നില്ല.
ഇപ്പോൾ ലഭ്യമാകുന്ന ആൻറിബോഡി രക്ഷ പരിശോധനകൾ ആശ്രയയോഗ്യമല്ലാത്തതു രോഗനിർണയത്തിനു കൂടുതലായ തടസ്സം സൃഷ്ടിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ആക്രമണകാരികളെ കണ്ടുപിടിച്ചിരിക്കുന്നുവെന്നു രോഗിയുടെ രക്തത്തിലെ ആൻറിബോഡികൾ പ്രകടമാക്കുന്നു, എന്നാൽ ആ ആക്രമണകാരികൾ ലൈം രോഗ ബാക്ടീരിയകളാണെന്നു ചില പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയുന്നില്ല. അങ്ങനെ, ഒരു രോഗിയുടെ രോഗലക്ഷണങ്ങൾ വാസ്തവത്തിൽ മറ്റു ബാക്ടീരിയാ ബാധകളിൽനിന്ന് ഉടലെടുക്കുമ്പോൾത്തന്നെ അയാൾക്കു ലൈം രോഗമുണ്ടെന്നു പരിശോധനകൾ കാണിച്ചേക്കാം. അതുകൊണ്ട്, ചെള്ളു കടി, രോഗിയുടെ രോഗലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലും ആ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാവുന്ന മറ്റു രോഗങ്ങൾ അല്ലെന്നു സമഗ്രമായ പരിശോധനയ്ക്കുശേഷം ഉറപ്പുവരുത്തിക്കൊണ്ടും രോഗനിർണയം നടത്താൻ ഐക്യനാടുകളിലെ ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ (എൻഐഎച്ച്) ഡോക്ടർമാരെ ഉപദേശിക്കുന്നു.
ചികിത്സയും പ്രതിരോധവും
തക്കസമയത്തു രോഗനിർണയം നടത്തുന്നപക്ഷം മിക്ക രോഗികളെയും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചു വിജയകരമായി ചികിത്സിക്കാൻ കഴിയും. ചികിത്സ എത്രയും നേരത്തെ ആരംഭിക്കുന്നുവോ, ഭേദമാകൽ അത്രയും വേഗത്തിലും പൂർണവും ആയിരിക്കും. ചികിത്സക്കുശേഷം അനേകം മാസങ്ങളോളം ക്ഷീണവും വേദനയും നിലനിന്നേക്കാം. എന്നാൽ കൂടുതലായ ആൻറിബയോട്ടിക് ചികിത്സയുടെ ആവശ്യമില്ലാതെ ഈ ലക്ഷണങ്ങൾ കുറഞ്ഞുകൊള്ളും. എന്നാൽ, “ലൈം രോഗം ഒരു തവണ ഉണ്ടാകുന്നത് അതു ഭാവിയിൽ ഉണ്ടാകുകയില്ലെന്നുള്ളതിനു യാതൊരുറപ്പും തരുന്നില്ല” എന്ന് എൻഐഎച്ച് മുന്നറിയിപ്പു നൽകുന്നു.
ആ അസ്വസ്ഥമാക്കുന്ന പ്രതീക്ഷയ്ക്ക് എന്നെങ്കിലും മാറ്റമുണ്ടാകുമോ? ലൈം രോഗത്തെ തടഞ്ഞേക്കാവുന്ന ഒരു വാക്സിൻ ഗവേഷകർ പരീക്ഷണാർഥം വികസിപ്പിച്ചെടുത്തിരിക്കുന്നതായി ഐക്യനാടുകളിലെ യേൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിന്റെ ഒരു വാർത്താപത്രിക പ്രഖ്യാപിച്ചു. ഈ “ദ്വയ-പ്രവർത്തക” വാക്സിൻ, ആക്രമിച്ചുകയറുന്ന ലൈം ബാക്ടീരിയയെ ആക്രമിച്ചു കൊല്ലുന്ന ആൻറിബോഡികൾ ഉത്പാദിപ്പിക്കാൻ മനുഷ്യ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അതേസമയംതന്നെ, വാക്സിൻ കുത്തിവെച്ചിട്ടുള്ള ആളെ കടിക്കുന്ന ചെള്ളുകളിൽ ജീവിക്കുന്ന ബാക്ടീരിയയെ അതു നശിപ്പിക്കുകയും ചെയ്യുന്നു.
“ഈ വാക്സിന്റെ പരീക്ഷണം, ലൈം രോഗത്തിന്റെ സാധ്യതയുള്ള ഗുരുതരമായ ഫലങ്ങളിൽനിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളിലെ ഒരു പ്രമുഖ വികാസമാണ്” എന്ന് 1975-ൽ ലൈം രോഗം കണ്ടെത്തിയ ഗവേഷകരിലൊരാളായ ഡോ. സ്റ്റീവെൻ ഇ. മാലവിസ്റ്റ പറയുന്നു. രോഗഭീതിമൂലം ആളുകൾ വീടിനുള്ളിൽ കഴിയുന്ന പ്രദേശങ്ങളിൽ “ഈ വാക്സിൻ, മനുഷ്യോപയോഗത്തിനായി വനം തിരികെനൽകും” എന്ന് ശാസ്ത്രജ്ഞൻമാർ പ്രത്യാശിക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് പറയുന്നു.
എന്നാൽ, അതേസമയം നിങ്ങൾക്കു സ്വന്തമായി ചില പ്രതിരോധ നടപടികൾ എടുക്കാൻ കഴിയും. എൻഐഎച്ച് ഇപ്രകാരം ശുപാർശചെയ്യുന്നു: ചെള്ളുകൾ പെരുകിയ പ്രദേശങ്ങളിലൂടെ നടക്കുമ്പോൾ പാതകളുടെ മധ്യത്തിലൂടെത്തന്നെ നടക്കുക. നീളമുള്ള പാൻറ്സും നീണ്ടകൈയുള്ള ഷർട്ടും തൊപ്പിയും ധരിക്കുക. പാൻറിന്റെ കാലുകൾ സോക്സിനുള്ളിലേക്കു തിരുകിവയ്ക്കുക, പാദം മുഴുവൻ മൂടുന്ന ഷൂസ് ധരിക്കുക. ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ചെള്ളുകളെ കണ്ടുപിടിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. വസ്ത്രത്തിലും ചർമത്തിലും പ്രാണിപ്രതിരോധകങ്ങൾ പൂശുന്നതു ഫലപ്രദമാണ്, എന്നാൽ അവയ്ക്കു ഗുരുതരമായ പാർശ്വഫലങ്ങൾ ഉളവാക്കാൻ കഴിയും, പ്രത്യേകിച്ചു കുട്ടികളിൽ. “ലൈം രോഗമുള്ള പ്രദേശങ്ങളിൽ ചെള്ളുകളെ ഒഴിവാക്കുന്ന കാര്യത്തിൽ ഗർഭിണികളായ സ്ത്രീകൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ രോഗബാധ അജാതശിശുവിലേക്കു പകരുക”യും ഗർഭമലസലിനും ചാപിള്ള ജനനത്തിനുമുള്ള സാധ്യത വർധിക്കുകയും ചെയ്തേക്കാമെന്ന് എൻഐഎച്ച് മുന്നറിയിപ്പു നൽകുന്നു.
വീട്ടിൽ ചെന്നാലുടൻ നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ശരീരത്തു ചെള്ളുകൾ ഉണ്ടോയെന്നു പരിശോധിക്കുക, പ്രത്യേകിച്ച് രോമമുള്ള ശരീരഭാഗങ്ങളിൽ. ഇതു ശ്രദ്ധാപൂർവം ചെയ്യുക, എന്തുകൊണ്ടെന്നാൽ വളർച്ച പൂർത്തിയാകാത്ത ചെള്ളുകൾ ഈ വാചകത്തിന്റെ അവസാനമിടുന്ന കുത്തിനോളംതന്നെ ചെറുതാണ്. അവയെ ഒരു പൊടികണമായി നിങ്ങൾ എളുപ്പത്തിൽ തെറ്റിദ്ധരിക്കാനിടയുണ്ട്. നിങ്ങൾക്ക് ഓമനമൃഗങ്ങളുണ്ടെങ്കിൽ അവ വീട്ടിൽ കടക്കുന്നതിനുമുമ്പു പരിശോധിക്കുക—അവയ്ക്കും ലൈം രോഗം പിടിപെടാവുന്നതാണ്.
ചെള്ളിനെ നിങ്ങൾ എങ്ങനെയാണു നീക്കം ചെയ്യുക? നിങ്ങളുടെ നഗ്നമായ വിരലുകൾക്കൊണ്ടായിരിക്കരുത്. മുനയില്ലാത്ത ചവണ ഉപയോഗിച്ചു നീക്കം ചെയ്യുക. ത്വക്കിൽനിന്നു ചെള്ള് പിടിവിടുന്നതുവരെ അതിന്റെ തലയുടെ സമീപത്തു പതുക്കെ എന്നാൽ ദൃഢമായി വലിക്കുക. അതിന്റെ ശരീരം ഞെക്കരുത്. എന്നിട്ട് കടിച്ച ഭാഗം അണുനാശിനി ഉപയോഗിച്ചു തുടയ്ക്കുക. 24 മണിക്കൂറിനുള്ളിൽ ചെള്ളിനെ നീക്കം ചെയ്യുന്നത് ലൈം രോഗബാധയിൽനിന്നു നിങ്ങളെ രക്ഷിച്ചേക്കാമെന്നു സാംക്രമിക രോഗങ്ങളുടെ ഒരു അമേരിക്കൻ വിദഗ്ധനായ ഡോ. ഗാരി വൊംസെർ പറയുന്നു.
ചെള്ളിന്റെ ഉപദ്രവം വളരെയധികമുള്ള പ്രദേശങ്ങളിൽപോലും വൈകല്യമുണ്ടാക്കുന്ന തരത്തിലുള്ള ലൈം രോഗം പിടികൂടാനുള്ള സാധ്യത കുറവാണെന്നുള്ളതാണു സത്യം. എങ്കിലും, ലളിതമായ ഈ പ്രതിരോധനടപടികൾ സ്വീകരിക്കുന്നത് ആ ചെറിയ സാധ്യതയെ വീണ്ടും ചെറുതാക്കിത്തീർക്കും. ഈ സംരക്ഷണമാർഗങ്ങൾ ഉപദ്രവത്തിനു തക്ക മൂല്യമുള്ളതാണോ? ലൈം രോഗമുള്ള ഏതൊരാളോടും ചോദിച്ചുനോക്കൂ.
[14-ാം പേജിലെ ചതുരം]
ലൈം രോഗലക്ഷണങ്ങൾ
പ്രഥമ രോഗബാധ:
○ തടിപ്പ്
○ പേശികൾക്കും സന്ധികൾക്കും വേദന
○ തലവേദന
○ കഴുത്തനക്കാൻ ബുദ്ധിമുട്ട്
○ കാര്യമായ ക്ഷീണം
○ പനി
○ മുഖത്തിനുണ്ടാകുന്ന പക്ഷാഘാതം
○ മസ്തിഷ്കചർമവീക്കം
○ ഹ്രസ്വനേരത്തെ സന്ധിവേദനയും നീരും
അത്ര സാധാരണമല്ലാത്തവ:
○ കണ്ണിനു നീരുവയ്ക്കൽ
○ തലചുറ്റൽ
○ ശ്വാസദൈർഘ്യം കുറയൽ
പിന്നീടുള്ള രോഗബാധ:
○ ഇടവിട്ടുള്ളതോ വിട്ടുമാറാത്തതോ ആയ സന്ധിവീക്കം
അത്ര സാധാരണമല്ലാത്തവ:
○ ഓർമ നഷ്ടം
○ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രയാസം
○ ഭാവത്തിലോ ഉറക്കശീലങ്ങളിലോ ഉള്ള മാറ്റം
രോഗബാധയുടെ വ്യത്യസ്ത സമയങ്ങളിൽ ഈ ലക്ഷണങ്ങളിൽ ഒന്നോ അധികമോ പ്രത്യക്ഷമായേക്കാം.—ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്സ് പ്രസിദ്ധീകരിച്ച ലൈം രോഗം—വസ്തുതകളും വെല്ലുവിളിയും (ഇംഗ്ലീഷ്).
[15-ാം പേജിലെ ചിത്രം]
വനങ്ങളിൽ ഉലാത്തുന്നതു നിങ്ങൾക്ക് അപകടം വരുത്തിവെച്ചേക്കാം
[16-ാം പേജിലെ ചിത്രം]
ഒരു ചെള്ള് (വളരെ വലുതാക്കി കാണിച്ചിരിക്കുന്നത്)
[കടപ്പാട്]
Yale School of Medicine
[16-ാം പേജിലെ ചിത്രം]
ചെള്ള് (യഥാർഥ വലിപ്പം)