ഞങ്ങളുടെ വായനക്കാരിൽ നിന്ന്
നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ “ബൈബിളിന്റെ വീക്ഷണം: നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ—ശരിയോ തെറ്റോ?” എന്ന ലേഖനത്തിനു നന്ദി. (ജൂൺ 8, 1996) ബ്രസീലിലാണു ഞാൻ താമസിക്കുന്നത്. നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ ഇവിടെ വളരെ ആവേശത്തോടെ കൊണ്ടാടുന്നു. ആഘോഷങ്ങളിൽ പങ്കുപറ്റുന്നത് എനിക്കെപ്പോഴും പ്രലോഭനീയമായി തോന്നിയിരുന്നു. അതു തെറ്റാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എന്തുകൊണ്ടാണെന്നു വാസ്തവത്തിൽ മനസ്സിലായിരുന്നില്ല. എങ്കിലും, നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങളിൽ കുടിച്ചുകൂത്താട്ടങ്ങളുൾപ്പെടുന്നുവെന്നും ദൈവം അത്തരം ആഘോഷങ്ങളെ “ഇരുട്ടിന്റെ പ്രവൃത്തി”യായി വീക്ഷിക്കുന്നുവെന്നും ആ ലേഖനം വ്യക്തമായി കാണിച്ചുതന്നു.—റോമർ 13:12.
എഫ്. എം. എം., ബ്രസീൽ
അവധിക്കാലങ്ങൾ “അവധിക്കാലം ചെലവഴിക്കാൻ പോകുന്നുവോ?—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്” എന്ന ലേഖന പരമ്പരയ്ക്കു നന്ദി. (ജൂൺ 22, 1996) അതു കൃത്യസമയത്താണു വന്നത്, കാരണം ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ അവധിക്കാലം ചെലവഴിക്കാൻ പോയി. നിർദേശങ്ങൾ വളരെ പ്രയോജനപ്രദങ്ങളായിരുന്നു. ഒരിക്കൽക്കൂടി നന്ദി.
എൽ. ജെ. ഐക്യനാടുകൾ
ലൈം രോഗം “ലൈം രോഗം—നിങ്ങൾ അപകടത്തിലാണോ?” എന്ന ലേഖനത്തിനു നന്ദി. (ജൂൺ 22, 1996) ഒരു ഡോക്ടറെന്ന നിലയിൽ, അടുത്ത കാലങ്ങളിൽ ഈ രോഗമുള്ള കുറെ പേരെ ഞാൻ കണ്ടു. നിങ്ങൾ സൂചിപ്പിച്ച പ്രതിവിധികൾ സ്ഥിരീകരിക്കുന്നതിനും എനിക്കു സാധിക്കും. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ അത്ര ഗൗരവമായെടുക്കാറില്ലാത്തതിനാൽ രോഗം ഒരുപാടുനാൾ നീണ്ടുനിൽക്കുന്നു. ഐക്യനാടുകളിൽ പരക്കെ കാണപ്പെടുന്ന സന്ധികളെ ബാധിക്കുന്ന തരം രോഗത്തെക്കുറിച്ചാണ് ഉണരുക!യിൽ പ്രതിപാദിച്ചത്. പരീക്ഷണശാലകളിലെ പരമ്പരാഗതമായ പരിശോധനകൾകൊണ്ടു കണ്ടുപിടിക്കാൻ സാധിക്കാത്ത വേറെ രണ്ടുതരം രോഗകാരികളെക്കൂടി യൂറോപ്പിൽ കണ്ടെത്തിയിരിക്കുന്നു. ലൈം രോഗത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ മാത്രമേ ആൻറിബയോട്ടിക്കുകൾ ഫലപ്രദമാകൂ. വൈകിയാൽ മിക്കപ്പോഴും അവ ഫലിക്കാതെ വരും.
ഐ. എസ്., ജർമനി
ലൈം രോഗമുള്ള ഒരു വ്യക്തിയെന്ന നിലയിൽ, ആ ലേഖനം വളരെ പ്രോത്സാഹജനകമാണെന്നു ഞാൻ കണ്ടെത്തി. അതു വായിക്കുന്ന എല്ലാവരും ഈ രോഗത്തെ ഗൗരവമായെടുക്കുമെന്നും വേണ്ട പ്രതിരോധനടപടികൾ കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഡി. പി., ഐക്യനാടുകൾ
പഠന വൈകല്യങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു പഠിക്കാൻ കഴിയാത്തതെന്തുകൊണ്ട്?” എന്ന ലേഖനം ഞാൻ വളരെയേറെ വിലമതിച്ചു. (ജൂൺ 22, 1996) ലേഖനത്തിൽ പ്രതിപാദിച്ച ചില കാരണങ്ങൾ നിമിത്തം ഞാൻ സ്കൂളിൽ വളരെയധികം സമ്മർദമനുഭവിക്കുന്നുണ്ട്. നിങ്ങളുടെ നിർദേശങ്ങൾ ഞാൻ ബാധകമാക്കാൻ പോകുകയാണ്. വളരെയേറെ നന്ദി.
ആർ. സി., ഐക്യനാടുകൾ
എനിക്കു പഠനത്തിൽ തീരെ താത്പര്യമില്ലാതായിവരുകയായിരുന്നു, സ്കൂളിലായിരിക്കുമ്പോഴും എനിക്ക് ഏകാഗ്രതയുണ്ടായിരുന്നില്ല. ആ ലേഖനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ട് എന്റെ പഠനശീലങ്ങൾ മെച്ചപ്പെടുത്താമെന്നു ഞാൻ പ്രത്യാശിക്കുന്നു.
എം. ഇ. ഒ., ഉഗാണ്ട
എനിക്കു പഠന വൈകല്യങ്ങളൊന്നുമില്ല. പഠിക്കാൻ എനിക്ക് ഒട്ടും ഇഷ്ടമില്ലെന്നുമാത്രം. കണക്കിലെ സൂത്രവാക്യങ്ങൾ ഓർമിക്കാനും എനിക്കു ബുദ്ധിമുട്ടുണ്ട്. ആവർത്തിച്ചും ഉറക്കെയുമുള്ള വായന പെട്ടെന്നുള്ള മറവി പ്രശ്നം കൈകാര്യം ചെയ്യാൻ സഹായകമാണെന്ന് ആ ലേഖനം പറഞ്ഞു. ഒറ്റയ്ക്ക് ഉറക്കെ വായിക്കുന്നതു ബാലിശമാണെന്ന് ആദ്യം എനിക്കു തോന്നിയെങ്കിലും, അങ്ങനെ ചെയ്തപ്പോൾ അതു ശരിക്കും രസമായിരുന്നു!
എൻ. ഐ., ജപ്പാൻ
നിയമവിരുദ്ധൻ ഫ്രാങ്ക് മാന്നിനോയുടെ “ഞാൻ ഒരു നിയമവിരുദ്ധനായിരുന്നു” എന്ന അനുഭവം പ്രസിദ്ധീകരിച്ചതിനു നന്ദി. (ജൂൺ 22, 1996) അതെന്നെ ആഴത്തിൽ സ്വാധീനിച്ചു. നമ്മുടെ സ്രഷ്ടാവായ യഹോവ എത്രമാത്രം ശക്തനും സ്നേഹവാനുമാണെന്നു മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു. 30 വർഷമായി ഞാൻ അവനെ സേവിച്ചുവരുന്നു. സാധ്യമാകുമ്പോഴെല്ലാം പ്രസംഗവേലയിൽ കഴിവിന്റെ പരമാവധി ചെയ്യാൻ ഈ അനുഭവം എനിക്കു പ്രചോദനമേകി.
ഇ. ബി., ഇറ്റലി
ആ ലേഖനം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുക എന്ന അമൂല്യ സംഗതിയെ വിലമതിക്കാൻ എന്നെ സഹായിച്ചു. വ്യക്തിപരമായ ആസൂത്രണമില്ലായ്മ നിമിത്തം യോഗങ്ങൾക്കു പതിവായി വൈകിച്ചെല്ലുന്ന ഒരു ശീലം ഞാൻ വളർത്തിയെടുത്തിരുന്നു. ഫ്രാങ്ക് മാന്നിനോയ്ക്കു ജയിലിലായിരുന്നപ്പോൾ വളരെ കുറഞ്ഞ സ്വാതന്ത്ര്യമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതം വളരെ ഫലപ്രദമായിരുന്നു.
ഡി. ഡബ്ലിയു., ഐക്യനാടുകൾ
ജയിലിലായിരുന്നപ്പോൾപോലും ഫ്രാങ്ക് മാന്നിനോ പ്രകടമാക്കിയ തീക്ഷ്ണത എന്നെ ശരിക്കും സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ജീവിതം ആരംഭിച്ചതു മോശമായ വിധത്തിലായിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹം ഉദാത്തമായ ഒരു മാതൃകയാണ്.
സി. ആർ., ഐക്യനാടുകൾ