ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഓർമശക്തി “നിങ്ങൾക്ക് ഓർമശക്തി അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും” (ഏപ്രിൽ 8, 1996) എന്ന ലേഖനത്തിന് എന്റെ അകമഴിഞ്ഞ നന്ദി. മുൻകാലങ്ങളിൽ എത്ര ശ്രമിച്ചിട്ടും യഹോവയുടെ സാക്ഷികളുടെ ഞാൻ സഹവസിച്ചിരുന്ന പ്രാദേശിക സഭയിലുള്ള എല്ലാ അംഗങ്ങളുടെയും പേരുകൾ ഓർമിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അടുത്ത കാലത്ത് ഒരു സഞ്ചാര ശുശ്രൂഷകനായി വാച്ച് ടവർ സൊസൈറ്റി എന്നെ നിയമിച്ചപ്പോൾ സമ്മർദം വർധിച്ചു. ആ ലേഖനം എന്റെ പ്രാർഥനകൾക്ക് ഉത്തരമേകി! തന്നിരിക്കുന്ന മാർഗനിർദേശങ്ങൾ ബാധകമാക്കിയതു നിമിത്തം എട്ടു സഭകളിലായി ഞാൻ കണ്ടുമുട്ടിയവരിൽ പകുതിയിലേറെപ്പേരുടെയും പേരുകളോർമിക്കാൻ എനിക്കു കഴിഞ്ഞു.
സി. ഇ. യു., നൈജീരിയ
ദൈവത്തെ കണ്ടെത്തി “ദൈവത്തെ കണ്ടെത്താൻ അവൻ ഞങ്ങളെ അനുവദിച്ചു” (മാർച്ച് 22, 1996) എന്ന ലേഖനത്തിനു വളരെയധികം നന്ദി. ഞാൻ അതു വായിച്ചുകൊണ്ടിരുന്നപ്പോൾ സ്ക്കോട്ട് ഡേവിസിനെയും സ്റ്റീവ് ഡേവിസിനെയും പ്രതിയുള്ള സന്തോഷം നിമിത്തം എന്റെ കണ്ണു നിറഞ്ഞു. അവരുടെ അനുഭവങ്ങൾ സ്കൂളിൽനിന്നു പാസായശേഷം മുഴുസമയ ശുശ്രൂഷ എന്റെ ജീവിതഗതിയായി തിരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനത്തെ ശക്തിപ്പെടുത്തി.
ജി. ജി. ഇറ്റലി
ഇതുപോലെ അത്ഭുതകരവും ഹൃദയോഷ്മളവുമായ ഒരു അനുഭവം ഞാൻ ഇതുവരെ വായിച്ചിട്ടില്ല! ഈ രണ്ടു യുവാക്കൾ തന്നെ സേവിക്കാനായി ഇത്ര കഠിനശ്രമം നടത്തുന്നതു കണ്ടു യഹോവ തീർച്ചയായും പുഞ്ചിരിതൂകിയിരിക്കും. അവരുടെ നിസ്വാർഥ ദൈവസേവനം വളരെ അഭിനന്ദനാർഹമാണ്.
ജെ. ഡി., ഐക്യനാടുകൾ
സ്ക്കോട്ടിന്റെയും സ്റ്റീവിന്റെയും ദൈവാന്വേഷണത്തിന്റെ കഥ വാസ്തവമായും പ്രോത്സാഹജനകമായിരുന്നു. ഞാനും ദൈവത്തിനുവേണ്ടി പല സഭകളിലും അന്വേഷിച്ചിരുന്നു. എന്നാൽ ഒരിക്കലും സംതൃപ്തി ലഭിച്ചില്ല. ദൈവത്തെ പ്രീതിപ്പെടുത്തണമെന്ന് എനിക്കു വലിയ ആഹ്രഹമുണ്ടായിരുന്നു. എന്നാൽ അതെങ്ങനെ ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു. എന്റെ ഹൃദയം കേഴുന്നത് യഹോവ അറിഞ്ഞുവെന്നതിൽ ഞാൻ എത്രമാത്രം നന്ദിയുള്ളവളാണ്! യഹോവയെ സേവിക്കുന്നത് എന്റെ ജീവിതം രക്ഷിക്കുകയും എനിക്കു സമാധാനം കൈവരുത്തുകയും ചെയ്തു.
ഡി. സി., ഐക്യനാടുകൾ
ദിവ്യസംരക്ഷണം? യഹോവ എന്റെ പ്രാർഥനകൾ ശ്രദ്ധിക്കുന്നില്ല എന്ന ചിന്ത നിമിത്തം അടുത്തകാലത്തു ഞാൻ വളരെയധികം വിഷാദമഗ്നയായിരുന്നു. എന്നിരുന്നാലും, “ബൈബിളിന്റെ വീക്ഷണം: സത്യക്രിസ്ത്യാനികൾക്കു ദിവ്യസംരക്ഷണം പ്രതീക്ഷിക്കാൻ കഴിയുമോ” (ഏപ്രിൽ 8, 1996) എന്ന ലേഖനം ദൈവം തന്റെ ഉദ്ദേശ്യങ്ങൾക്കനുസരിച്ചാണു പ്രവർത്തിക്കുന്നത്, എല്ലായ്പോഴും നമ്മുടെ ആഗ്രങ്ങൾക്കനുസരിച്ചല്ല എന്നു മനസ്സിലാക്കാൻ എന്നെ സഹായിച്ചു. യഹോവയിൽ ആശ്രയം വെക്കാൻ ഞങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ലേഖനങ്ങൾ എഴുതവെ അവന്റെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ.
സി. എ. എ., ബ്രസീൽ.
ഉപയോഗിച്ച കാറുകൾ “ഉപയോഗിച്ച ഒരു കാർ വാങ്ങാവുന്ന വിധം” (ഏപ്രിൽ 8, 1996) എന്ന ലേഖനത്തിനു നന്ദി. ഞാനും ഭർത്താവും ഉപയോഗിച്ച ഒരു കാർ വാങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ അത് വളരെ നന്നായി പോയിരുന്നു. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപശബ്ദങ്ങൾ കേട്ടുതുടങ്ങി. ആറാഴ്ചകൾക്കുശേഷം ആ കാർ തീർത്തും ഉപയോഗക്ഷമമല്ലാതായി. ഈ നല്ല വിവരങ്ങൾ ഞങ്ങൾക്കു മുന്നമേ ലഭിച്ചിരുന്നുവെങ്കിൽ, പ്രധാന നിരത്തിൽനിന്നു വീട്ടിലേക്കുള്ള വഴിയിൽ ഉപയോഗക്ഷമമല്ലാത്ത ഒരു കാർ വെറുതേ കിടക്കുകയില്ലായിരുന്നു.
എം. സി., ഐക്യനാടുകൾ
ഒരു മോട്ടോർ വാഹന ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആളെന്ന നിലയിൽ, ഒരു വിവരം കൂട്ടിച്ചേർക്കാൻ ഞാനാഗ്രഹിക്കുന്നു. ഉപയോഗിച്ച ഒരു കാർ വാങ്ങുന്നതിനു മുമ്പു കാറിന്റെ ബോഡിയിലും മോട്ടോറിലും ഉള്ള നമ്പരുകൾ പരിശോധിക്കുകയും അവ രജിസ്ട്രേഷൻ ഫാറത്തിലേതിനോടു യോജിക്കുന്നുവോ എന്നു നോക്കുകയും വേണം. അവ യോജിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ മായ്ച്ചുകളയപ്പെട്ടിരിക്കുന്നുവെങ്കിൽ നിങ്ങൾ ഒരുപക്ഷേ മോഷ്ടിച്ച ഒരു കാറായിരിക്കും വാങ്ങുന്നത്!
എം. വി., ചെക്ക് റിപ്പബ്ലിക്ക്
പ്രയോജനപ്രദമായ നിർദേശത്തിനു നന്ദി.—പത്രാധിപർ.
ധൂമരഹിത പുകയില “യുവജനങ്ങൾ ചോദിക്കുന്നു . . . ധൂമരഹിത പുകയില—ദോഷരഹിതമോ?” (ഏപ്രിൽ 22, 1996) എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. തലക്കെട്ടു വായിച്ചപ്പോൾ എനിക്കൊന്നും പിടികിട്ടിയില്ല. അതെന്നെ ലേഖനം വായിക്കാൻ പ്രേരിപ്പിച്ചു. ഇവിടെ ടോഗോയിൽ അത്തരമൊരു പ്രശ്നം ഇതുവരെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റുള്ളവർ അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ആ ലേഖനം എന്നെ സഹായിച്ചു.
സി. എച്ച്., ടോഗോ
നിങ്ങളുടെ എല്ലാ ലേഖനങ്ങളും വായിക്കാൻ എനിക്കിഷ്ടമാണ്. എന്നാൽ ഇതായിരുന്നു ഏറ്റവും നല്ലത്. ഇവിടെ ധൂമരഹിത പുകയില ഉപയോഗിക്കുന്ന യുവജനങ്ങളുണ്ട്. എന്നാൽ ലേഖനം അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകി. ഞാൻ ഒരിക്കലും അത് ഉപയോഗിക്കില്ല.
പി. എച്ച്. ഡബ്ലിയു., ബ്രസീൽ