ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആശ്രയം ചില ബന്ധുമിത്രാദികൾ എന്നെ വഞ്ചിച്ചതുകൊണ്ട് എനിക്കു വിഷാദം അനുഭവപ്പെട്ടിരുന്നു. എനിക്കു ചുറ്റുമുണ്ടായിരുന്നവരുടെ വിശ്വാസയോഗ്യതയിൽ എനിക്കു സംശയം തോന്നിത്തുടങ്ങി. എന്നാൽ “നിങ്ങൾക്ക് ആരെ ആശ്രയിക്കാൻ കഴിയും?” (ഫെബ്രുവരി 8, 1996) എന്ന പരമ്പര എനിക്ക് ആശ്രയം സംബന്ധിച്ചു കൂടുതൽ സന്തുലിതമായ ഒരു വീക്ഷണം പ്രദാനം ചെയ്തു. സമയോചിതമായ അത്തരം വിവരങ്ങൾക്കു നന്ദി.
ഇ. ഐ., കൊറിയ
എന്നെ ദ്രോഹിച്ച എന്റെ പിതാവിൽനിന്നും രണ്ടു ഭർത്താക്കൻമാരിൽനിന്നും ഒരു ക്രിസ്തീയ സഹോദരനിൽനിന്നും ഞാൻ കഴിഞ്ഞ വർഷങ്ങളിൽ വഞ്ചന അനുഭവിച്ചിരിക്കുന്നു. ഞാൻ ആരെയും ആശ്രയിക്കുകയില്ലെന്നു തീരുമാനിക്കുന്ന അളവോളമെത്തി. എനിക്ക് ആളുകളുടെ ആവശ്യമില്ലെന്നു ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി. എന്നാൽ കൂടുതൽ സമനിലയുള്ളവളായിത്തീരുന്നതിനു ലേഖനം എന്നെ സഹായിച്ചു. ആശ്രയിക്കുന്നത് എനിക്കു വളരെ പ്രയാസകരമാണെങ്കിലും ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കാൻ പോകുകയാണ്. ആരെ ആശ്രയിക്കുന്നു എന്നതു സംബന്ധിച്ചു ഞാൻ ഇത്തവണ കൂടുതൽ ശ്രദ്ധയുള്ളവളായിരിക്കും.
സി. എച്ച്., ഐക്യനാടുകൾ
മാറ്റർഹോൺ “അതുല്യമായ മാറ്റർഹോൺ” എന്ന ലേഖനം ഞാൻ വായിച്ചു. (ഫെബ്രുവരി 8, 1996) ഈ സുന്ദരമായ പർവതത്തിന്റെ ഫോട്ടോ യഥാർഥത്തിൽ എന്റെ ശ്രദ്ധയാകർഷിച്ചു! ദൈവത്തിന്റെ സൃഷ്ടിയെ കൂടുതൽ വിലമതിക്കാൻ ലേഖനം എന്നെ സഹായിച്ചു.
ജെ. ഡബ്ലിയു., ഐക്യനാടുകൾ
ആപ്പിളുകൾ “ദിവസേന ഒരു ആപ്പിൾ ഡോക്ടറെ അകറ്റിനിർത്തുന്നു” എന്ന ലേഖനത്തിനു വളരെയധികം നന്ദി. (ഫെബ്രുവരി 8, 1996) ഞങ്ങളുടെ ചെറിയ കൃഷിയിടത്തിൽ ഞങ്ങൾക്ക് 100-ലേറെ ആപ്പിൾ മരങ്ങളുള്ളതിനാൽ അത് എന്റെ താത്പര്യം ഉണർത്തി. ഈ മരങ്ങൾ നന്നായി ഫലം കായ്ക്കാൻ തക്കവണ്ണം അവയെ കോതി വൃത്തിയാക്കുന്നതു ഞങ്ങൾ ആസ്വദിക്കുന്നു. നിങ്ങളുടെ ലേഖനങ്ങളുടെയെല്ലാം കൃത്യത ഞാൻ വിലമതിക്കുന്നു. അവ നവോൻമേഷപ്രദവും ആശ്രയയോഗ്യവുമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു.
പി. ബി., ഐക്യനാടുകൾ
അനിയന്ത്രിത പെരുമാറ്റം “അനിയന്ത്രിത പെരുമാറ്റം—അതു നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?” എന്ന വിശിഷ്ട ലേഖനത്തിനു നന്ദി. (ഫെബ്രുവരി 8, 1996) എനിക്ക് 20 വയസ്സേ ഉള്ളൂ. അനിയന്ത്രിത പെരുമാറ്റം നിമിത്തം ഞാൻ കഷ്ടമനുഭവിക്കുന്നു. എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു വിവരങ്ങൾ നൽകണമേയെന്നു ഞാൻ പ്രാർഥനയിൽ യഹോവയോടു കൂടെക്കൂടെ അപേക്ഷിച്ചിട്ടുണ്ട്.
എം. എ. സി., സ്പെയിൻ
ഒരു മുഴുസമയ ശുശ്രൂഷകയെന്ന നിലയിൽ പയനിയറിങ് ആരംഭിച്ചപ്പോൾമുതൽ ദൈവത്തെക്കുറിച്ചുള്ള അനൈച്ഛികവും അനാദരണീയവുമായ ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. അക്ഷന്തവ്യമായ ഒരു പാപം ചെയ്തുവെന്നാണു ഞാൻ വിചാരിച്ചത്. ഞാൻ പല തവണ കരഞ്ഞു. എന്റെ വികാരങ്ങളെ എഴുത്തു രൂപത്തിൽ വർണിച്ചതു കണ്ടപ്പോൾ എനിക്കിപ്പോൾ തോന്നുന്നതെന്താണെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയില്ല. മറ്റാരെങ്കിലും ഇതുമൂലം കഷ്ടതയനുഭവിക്കുന്നുണ്ടെന്നു ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഞങ്ങൾക്കുവേണ്ടി എല്ലായ്പോഴും ഉണ്ടായിരിക്കുന്നതിൽ സഹോദരൻമാരേ, നിങ്ങൾക്കു നന്ദി.
സി. ബി., നൈജീരിയ
ഞാൻ ആ ലേഖനം കണ്ണീരൊഴുക്കിക്കൊണ്ടു വീണ്ടും വീണ്ടും വായിച്ചു. അത് എന്നെക്കുറിച്ചു വളരെയേറെ വിശദമായി വർണിച്ചു! എനിക്കു ഭ്രാന്തു പിടിക്കുകയാണെന്നോ ഭൂതങ്ങൾ എന്റെ മനസ്സിനെ നിയന്ത്രിക്കുകയാണെന്നോ ഞാൻ സംശയിച്ചു. മറ്റു സഹോദരങ്ങളും ഇതേ തകരാറുമൂലം കഷ്ടതയനുഭവിക്കുന്നുവെന്ന് അറിയുന്നത് ഒരു ആശ്വാസമായിരുന്നു.
കെ. റ്റി., ജപ്പാൻ
ഈ പ്രശ്നത്തിനുള്ള സഹായത്തിനായി ഞാൻ പലപ്പോഴും യഹോവയിലേക്കു തിരിഞ്ഞിട്ടുണ്ട്. എന്നാൽ അതു വ്യർഥമാണെന്നും ഒന്നിനും എന്നെ സഹായിക്കാൻ കഴിയുകയില്ലെന്നും തോന്നിയതുകൊണ്ട് ഞാൻ അപ്രകാരം ചെയ്യുന്നതു നിർത്താൻ തീരുമാനിച്ചു. എനിക്കിപ്പോൾ എന്നെത്തന്നെ മനസ്സിലാകുന്നു, എനിക്ക് ആശ്വാസം തോന്നുന്നു. ഇതിലും സ്നേഹപുരസ്സരം ഈ ലേഖനം എഴുതാൻ കഴിയുമായിരുന്നുവോ എന്നു ഞാൻ സംശയിക്കുന്നു. യഹോവ നമുക്കുവേണ്ടി യഥാർഥത്തിൽ കരുതുന്നുവെന്ന് എനിക്കുറപ്പുണ്ട്.
ജെ. എഫ്., ചെക്ക് റിപ്പബ്ലിക്ക്
ഞാൻ ഏഴു വർഷമായി അനിയന്ത്രിത ചിന്തകളാലുള്ള മാനസിക പീഡനം അനുഭവിക്കുകയായിരുന്നു. എനിക്കു തളർച്ചയും വിഷാദവും തോന്നാൻ അത് ഇടയാക്കി. അത് ആരെങ്കിലുമൊത്തു ചർച്ചചെയ്യാൻ കഴിയാത്തവിധം എനിക്കു ലജ്ജയും കുറ്റബോധവും തോന്നി. എനിക്കു ഭ്രാന്താണെന്നു ഞാൻ യഥാർഥത്തിൽ വിചാരിച്ചു. ലേഖനം വായിച്ചപ്പോൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അനുഭവിച്ചതുതന്നെ അനുഭവിക്കുന്ന മറ്റാളുകൾ ഉണ്ടായിരുന്നത്രേ! എന്റെ കണ്ണിൽ കണ്ണീർ വന്നു. ഞാൻ മേലാൽ ഒറ്റയ്ക്കായിരുന്നില്ല. ഞാൻ അക്ഷന്തവ്യമായ പാപം ചെയ്തില്ല, യഹോവ എന്നോടു കോപിഷ്ഠനുമായിരുന്നില്ല.
എസ്. ബി., ദക്ഷിണാഫ്രിക്ക