ലോകത്തെ വീക്ഷിക്കൽ
ലാറ്റിനമേരിക്കയിലെ ആളപഹരണങ്ങൾ
അർജന്റീനയിലെ വർത്തമാനപത്രമായ ആംബിട്ടോ ഫിനാൻസ്യെറൊ പറയുന്നതനുസരിച്ച്, ആളപഹരണം ലാറ്റിനമേരിക്കയിൽ കോടിക്കണക്കിനു ഡോളറുകളുടെ ബിസിനസ് ആയിത്തീർന്നിരിക്കുന്നു. 1995-ൽ ഏകദേശം 6,000 കേസുകളാണ് അവിടെ റിപ്പോർട്ടുചെയ്തത്. അടുത്ത കാലത്തു നടത്തിയ ഒരു പഠനം 1995-ൽ മാത്രം 1,060 ആളപഹരണങ്ങൾ നടന്ന കൊളംബിയ ആണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതെന്നും ഇതേ കാലയളവിൽതന്നെ നൂറുകണക്കിനു കേസുകളോടെ മെക്സിക്കോയും ബ്രസീലും പെറുവും പിന്നാലെയുണ്ടെന്നും വെളിപ്പെടുത്തി. ഓരോ വർഷവും കൊളംബിയൻ ആളപഹരണക്കാർക്ക് ഏകദേശം 30 കോടി ഡോളർ മോചനദ്രവ്യമായി കൊടുക്കുന്നുണ്ട്. 1995-ൽ ബ്രസീലിൽ, ആളപഹരണക്കാർക്കു കൊടുത്ത പണത്തിന്റെ അളവ് മൊത്തം 100 കോടിയിലെത്തിക്കൊണ്ടു മൂന്നിരട്ടിയായിത്തീർന്നു. ഇരകൾ പണക്കാരും പ്രശസ്തരുമാകാം, അല്ലെങ്കിൽ ശരാശരി വിനോദസഞ്ചാരികളോ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ വീട്ടമ്മമാരോ ആയിരിക്കാം. ചില കേസുകളിൽ ആളപഹരണക്കാർ മോചനദ്രവ്യം ഗഡുക്കളായി സ്വീകരിക്കാനും സന്നദ്ധത കാണിക്കുന്നു. പിന്നീടുണ്ടായേക്കാവുന്ന ആളപഹരണങ്ങളെ ഭയന്ന് ഇരകൾ തടവുകാരൻ വിട്ടയയ്ക്കപ്പെട്ടശേഷവും സമയാസമയങ്ങളിൽ ഈ ഗഡുക്കൾ അടയ്ക്കുന്നതിൽ തുടരുന്നു.
ശുഭപ്രതീക്ഷ ആരോഗ്യത്തിനു സംഭാവനചെയ്യുന്നു
അശുഭപ്രതീക്ഷയ്ക്കു മാനസികവും ശാരീരികവുമായ അസുഖങ്ങൾ ബാധിക്കുന്നതിന്റെ അപകടസാധ്യത വർധിപ്പിക്കാൻ കഴിയും, എന്നാൽ ശുഭപ്രതീക്ഷ നല്ല ആരോഗ്യത്തിനു സംഭാവനചെയ്യുന്നു എന്ന വിശ്വാസത്തെ അടുത്തകാലത്തു ഫിൻലൻഡിൽ വെച്ചു നടത്തപ്പെട്ട ഒരു പഠനം ഒന്നുകൂടി സ്ഥിരീകരിക്കുന്നു. 42-നും 60-നും ഇടയ്ക്കു പ്രായമുള്ള ഏകദേശം 2,500 പുരുഷന്മാരെ 4 മുതൽ 10 വരെ വർഷം നിരീക്ഷിച്ചു. ശാസ്ത്ര വാർത്ത (ഇംഗ്ലീഷ്) എന്ന മാഗസിൻ പറയുന്നതനുസരിച്ച്, “മിതമായതുമുതൽ ഉയർന്നതോതിൽവരെ നിരാശ ബാധിച്ച ആളുകളുടെ മരണനിരക്ക് നിരാശ കുറഞ്ഞവരോ ഇല്ലാത്തവരോ ആയ ആളുകളുടെ മരണനിരക്കിനെ അപേക്ഷിച്ചു രണ്ടോ മൂന്നോ ഇരട്ടിയാണ്. ആദ്യത്തെ കൂട്ടത്തിനു കാൻസറും കൂടെക്കൂടെ ഹൃദയാഘാതവും പിടിപെടുന്നു” എന്നു ശാസ്ത്രജ്ഞന്മാർ റിപ്പോർട്ടു ചെയ്തു.
അമിതതൂക്കമുള്ള കുട്ടികൾ
ദ വീക്കെൻഡ് ഓസ്ട്രേലിയൻ എന്ന വർത്തമാനപത്രം പറയുന്നതനുസരിച്ച്, പൊതുജനാരോഗ്യ പോഷകാഹാരവിദഗ്ധനായ ഡോ. ഫിലിപ്പ് ഹാർവേ “ഓസ്ട്രേലിയൻ കുട്ടികൾക്കു വണ്ണം അധികമായിക്കൊണ്ടിരിക്കുന്നുവെന്നും വളരെപ്പെട്ടെന്നു തടി കൂടുന്നുവെന്നും” അടുത്തകാലത്തു പ്രസ്താവിച്ചു. ഓസ്ട്രേലിയയിലെ അമിതതൂക്കമുള്ള കുട്ടികളുടെ അനുപാതം കഴിഞ്ഞ പത്തു വർഷംകൊണ്ട് ഇരട്ടിയായിരിക്കുന്നു എന്നു കാണിക്കുന്ന സമീപകാലത്തെ ഒരു പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം വേവലാതി പ്രകടിപ്പിച്ചത്. 9-നും 15-നും ഇടയ്ക്കു പ്രായമുള്ള ഏകദേശം 10 ശതമാനം കുട്ടികൾക്ക് തങ്ങളുടെ തൂക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം വൈദ്യചികിത്സ ആവശ്യമാണ്. അടുത്ത പത്തു വർഷം കൊണ്ട് അമിതതൂക്കമുള്ള കുട്ടികളുടെ ശതമാനം ഇനിയും ഇരട്ടിച്ചേക്കാം എന്നാണ് ഡോ. ഹാർവേ വിശ്വസിക്കുന്നത്. വലിയവരുടെ കാര്യത്തിലെന്നപോലെ കുട്ടികളിലും പൊണ്ണത്തടി വർധിക്കുന്നതിന്റെ പ്രഥമ കാരണം വ്യായാമമില്ലായ്മയാണെന്നു പത്രം അഭിപ്രായപ്പെടുന്നു. ഉയർന്നതോതിൽ കൊഴുപ്പടങ്ങിയ ഭക്ഷണക്രമവും ഒരു ഘടകമാണ്.
ദുഷിച്ച വായു
ലോക വന്യജീവി ഫണ്ട് (ഡബ്ലിയുഡബ്ലിയുഎഫ്) കാൻസറിനു കാരണമാണെന്ന് അനുമാനിക്കപ്പെടുന്ന, വാഹനങ്ങളിൽനിന്നും വമിക്കുന്ന ഒരു മലിനീകരണഹേതുവായ ബെൻസീൻ നിമിത്തം റോം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന നിഗമനത്തിലെത്തി. ഡബ്ലിയുഡബ്ലിയുഎഫ്-നു വേണ്ടി പ്രവർത്തിക്കുന്ന ഗവേഷകർ 8-നും 18-നും ഇടയ്ക്കു പ്രായമുള്ള 400 യുവ സന്നദ്ധസേവകരെ ബെൻസീൻ സംവേദിനികളുമായി അണിനിരത്തി. റോമിൽ “ഒരു ഘന മീറ്റർ [35 ഘനയടി] വായുവിൽ ശരാശരി 23.3 മൈക്രോഗ്രാം ബെൻസീൻ അടങ്ങിയിരിക്കുന്നു” എന്നു പഠനം വെളിപ്പെടുത്തി. ഈ സംഖ്യ നിയമപരമായ പരിധിയായ ക്യുബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്ന അളവിനെക്കാൾ വളരെ കൂടുതൽതന്നെയാണ്. ഈ പഠനത്തെ അടിസ്ഥാനമാക്കി, വെറും ഒരു ദിവസം റോമിലെ മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നത് 13 സിഗരറ്റു വലിക്കുന്നതിനു തുല്യമാണെന്നു ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കിയതായി ഇറ്റാലിയൻ വർത്തമാനപത്രമായ ലാ റിപ്പബ്ലിക്കാ റിപ്പോർട്ടുചെയ്തു.
പശ്ചിമാഫ്രിക്കയിൽ മസ്തിഷ്കചർമവീക്കം പൊട്ടിപ്പുറപ്പെടുന്നു
പശ്ചിമാഫ്രിക്കയിൽ ഈ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധം ഭയങ്കരമായ ഒരു പകർച്ചവ്യാധി നിമിത്തം 1,00,000-ത്തിലധികം പേർ രോഗികളാകുകയും തന്നിമിത്തം 10,000-ത്തിലധികം പേർ മരിക്കുകയും ചെയ്തു എന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. ശ്വസന സംബന്ധമായ രോഗബാധകൾ സർവസാധാരണമായ, സഹാറ മരുഭൂമിക്കു തൊട്ടു തെക്കു കിടക്കുന്ന പൊടിനിറഞ്ഞ പ്രദേശത്തെ ബാക്ടീരിയ നിമിത്തമുണ്ടാകുന്ന മസ്തിഷ്കചർമവീക്കം ഘോരമായി ബാധിച്ചിരിക്കുന്നു. രോഗം തലച്ചോറിന്റെ ആവരണത്തിനും സുഷുമ്നയ്ക്കും അണുബാധയുണ്ടാക്കുന്നു. ഇത് വായുജന്യമാണ്—ഒരു ചുമയോ തുമ്മലോ മതി അതു പകരാൻ. പ്രതിരോധകുത്തിവയ്പു നടത്തുന്നതിലൂടെ രോഗത്തെ തടയുന്നതിനും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചു ചികിത്സിക്കുന്നതിനും സാധിക്കും, പ്രത്യേകിച്ച് അതിന്റെ പ്രാരംഭഘട്ടങ്ങളിൽ. “1996-ലുണ്ടായ മസ്തിഷ്കചർമവീക്കം സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശം കണ്ട ഏറ്റവും ഘോരമായ സാംക്രമികരോഗമായിരുന്നു” എന്ന് അതിർവരമ്പുകളില്ലാത്ത ഡോക്ടർമാർ എന്ന സംഘടനയുടെ ഒരു വക്താവു പറഞ്ഞു. “മരണനിരക്ക് ഉയർന്നുകൊണ്ടേയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കുഴിബോംബുകൾക്കു നിരോധനമില്ല
സ്വിറ്റ്സർലൻഡിലെ ജനീവയിൽ രണ്ടുവർഷം നീണ്ടുനിന്ന ചർച്ചകൾക്കു ശേഷവും അന്താരാഷ്ട്ര കൂടിയാലോചനാ സമിതിക്കാർ കുഴിബോംബുകൾക്ക് ഒരു ആഗോള നിരോധനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. ചിലതരം ബോംബുകൾ നിയമവിരുദ്ധമാക്കാനും മറ്റുചിലതിനു നിയന്ത്രണങ്ങളേർപ്പെടുത്താനും കഴിഞ്ഞെങ്കിലും ആൾനാശമുണ്ടാക്കുന്ന കുഴിബോംബുകളുടെ സമ്പൂർണ നിരോധനം സംബന്ധിച്ച് 2001-ാമാണ്ടിൽ നടത്താൻ പട്ടികപ്പെടുത്തിയിരിക്കുന്ന അടുത്ത പുനരവലോകന സമ്മേളനംവരെ ഇനിയൊരു പുനഃപരിശോധനയുണ്ടാവില്ല. അതേസമയം, ഒരു കണക്കനുസരിച്ച് ആ അഞ്ചു വർഷങ്ങളിൽ കുഴിബോംബുകൾ ഇനിയും ഏകദേശം 50,000 ആളുകളെക്കൂടി കൊന്നൊടുക്കുകയും 80,000 പേർക്ക് അംഗവൈകല്യമുണ്ടാക്കുകയും ചെയ്യും. ഇവരിലധികവും സാധാരണ പൗരന്മാരായിരിക്കും. ദ വാഷിംഗ്ടൺ പോസ്റ്റിന്റെ ഒരു മുഖപ്രസംഗം തീരുമാനത്തെ അപലപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കുഴിബോംബുകൾ പാകിയതിനെച്ചൊല്ലിയുള്ള സംഘർഷം അവസാനിച്ചശേഷംപോലും, അവ മൃഗീയമായും അനവരതവും മനുഷ്യരുടെ ജീവനൊടുക്കിയിട്ടും വലിയ കുഴിബോംബ് നിർമാണശാലകളുള്ള രാഷ്ട്രങ്ങൾ ഈ ആയുധങ്ങൾക്ക് ഒരു പൈശാചിക ആകർഷകത്വമുള്ളതായി കണ്ടെത്തിയിരിക്കുന്നു.” ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, ഇപ്പോൾ 68 രാജ്യങ്ങളിലായി ഏകദേശം 10 കോടി കുഴിബോംബുകൾ കുഴിച്ചിടപ്പെട്ടിരിക്കുന്നു.
നഗരങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച
നഗരങ്ങളിലേക്കു താമസം മാറ്റുന്ന ആളുകളുടെ സംഖ്യ വർധിച്ചുവരുകയാണെന്ന് ഐക്യനാടുകളുടെ പ്രസിദ്ധീകരണമായ 1996-ലെ ലോക ജനസംഖ്യാസ്ഥിതി (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. അടുത്ത പത്തുവർഷത്തിനുള്ളിൽ ലോകത്തിലെ നഗരവാസികളുടെ എണ്ണം 330 കോടിയായിത്തീരും. ഇത്, പ്രതീക്ഷിക്കപ്പെടുന്ന ലോക ജനസംഖ്യയായ 659 കോടിയുടെ ഏതാണ്ടു പകുതിയാണ്. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 1950-ൽ 83 ആയിരുന്നു. ഇന്നത് 280 ആണ്. 2015-ാം ആണ്ടാകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1950-ൽ ന്യൂയോർക്ക് നഗരത്തിൽ മാത്രമേ ഒരു കോടിയിലധികം ജനസംഖ്യയുണ്ടായിരുന്നുള്ളൂ. ഇന്ന് അത്തരം 14 നഗരങ്ങളുണ്ട്, അതിൽ 2.65 കോടി ആളുകളുള്ള ടോക്കിയോ ആണ് ഏറ്റവും മുന്നിൽ.
“ഏറ്റവും നന്നായറിയാവുന്നത് പ്രകൃതിക്കാണ്”
“എണ്ണ ചോർച്ച എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഏറ്റവും നന്നായറിയാവുന്നത് പ്രകൃതിക്കാണ്,” ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഉത്തര ഫ്രാൻസിലെ ബ്രിട്ടണി തീരത്ത് 1978-ൽ അമോകോ കാഡിസ് എന്ന എണ്ണക്കപ്പൽ തകർന്നപ്പോൾ പരിസ്ഥിതിക്കു വൻതോതിൽ വിനാശം സംഭവിക്കുമെന്നു പരിസ്ഥിതിസംരക്ഷണവാദികൾ ഭയപ്പെട്ടു. പ്രാദേശിക അധികൃതർ ഒരു പ്രദേശത്തെ എണ്ണകൊണ്ടു മലീമസമായ ആയിരക്കണക്കിനു ടൺ മണ്ണും ചതുപ്പുനിലങ്ങളും നീക്കം ചെയ്യാൻ ആറു മാസങ്ങൾ ചെലവഴിച്ചു. വളരെയധികം മലീമസമായ മറ്റൊരു പ്രദേശം വൃത്തിയാക്കാതെ ശേഷിച്ചു. ഇപ്പോൾ ഈ രണ്ടു പ്രദേശങ്ങളുടെയും ഒരു താരതമ്യം വെളിപ്പെടുത്തുന്നത്, ശുചീകരണ സംഘങ്ങൾ വളരെയധികം ചെളിമണ്ണും ചതുപ്പുനിലങ്ങളും നീക്കം ചെയ്തതിനാൽ ചതുപ്പുനിലങ്ങളിലെ കൃഷിയിൽ 39 ശതമാനത്തോളം വീണ്ടും വളരുന്നതിൽ പരാജയപ്പെട്ടു എന്നാണ്. എന്നിരുന്നാലും, അവർ ഒന്നും ചെയ്യാതിരുന്ന പ്രദേശത്ത് എണ്ണ ചോരുന്നതിനു മുമ്പുണ്ടായിരുന്നതിനെക്കാൾ 21 ശതമാനം കൃഷി വർധിക്കത്തക്കവിധം കടൽത്തിരകൾ അത്ര നന്നായി ചെളിമണ്ണു നീക്കംചെയ്തു. ആ ചതുപ്പ് പൂർണമായും പൂർവസ്ഥിതി പ്രാപിച്ചുവെന്നുതന്നെയല്ല, കഴിഞ്ഞ കുറേ വർഷങ്ങളായി എണ്ണ മലിനീകരണത്തിന്റെ ലാഞ്ഛനംപോലും അവിടെ കാണാനില്ല.
അശ്രദ്ധമായ, ജലചര ബൈക്കോടിക്കൽ
ജലചര ബൈക്കുകൾ എന്നു പരക്കെ അറിയപ്പെടുന്ന സ്വകാര്യ ബോട്ടുകൾ ഐക്യനാടുകളിൽ വർധിച്ച പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ഈ ചെറിയ ബോട്ടുകൾ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത പ്രാപിക്കുന്നതും ഒരു മോട്ടോർസൈക്കിൾ എന്നപോലെ സുകരമായി കൈകാര്യം ചെയ്യാവുന്നതുമാണ്. ഇത്തരം ബോട്ടുകളുൾപ്പെട്ട ഗുരുതരവും ചിലപ്പോൾ മാരകവുമായ അപകടങ്ങളുടെ എണ്ണത്തിലുള്ള വർധനവു വളരെയധികം പരിഗണനയർഹിക്കുന്നു. ദ വാൾ സ്ട്രീറ്റ് ജേണൽ പറയുന്നതനുസരിച്ച്, “അപകടങ്ങളിൽ ഏതാണ്ട് 60% വരുത്തിവെക്കുന്നതു വാടകക്കാരാണ്.” നിയമത്തോടുള്ള അനുസരണമെന്ന നിലയിൽ സവാരിക്കാരിൽ മിക്കവരുംതന്നെ ലൈഫ് ജാക്കറ്റുകൾ അണിയാറുണ്ടെങ്കിലും പലർക്കും ബോട്ടിങ് നിബന്ധനകളിൽ കാര്യമായ അനുഭവപരിചയമില്ലെന്നു തന്നെയല്ല അവർ വാഹനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. “ഒരു സവാരിക്കാരൻ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ ഒരു കെട്ടിടത്തിൽ ഇടിക്കുന്നതുപോലെ ശക്തമായ ജല സമ്മർദ്ദം നിമിത്തം അയാൾ വലിച്ചെറിയപ്പെടുന്നു” എന്ന് ഒരു തീരസേനാ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
2,000 വർഷം പഴക്കമുള്ള ഒരു വള്ളം കണ്ടെത്തി
1986-ൽ ജലനിരപ്പിൽ ഒരു റെക്കോർഡ് താഴ്ച ഉണ്ടായപ്പോൾ ഗലീലാകടലിൽ യേശുവിന്റെ കാലത്തോളം പഴക്കമുള്ള ഒരു വള്ളം കണ്ടെത്തി. അന്നുമുതൽ, ജീർണനത്തിന്റെ വേഗം കുറയ്ക്കുന്നതിനായി വള്ളം ഒരു പരിരക്ഷകത്തിൽ മുക്കിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ, അത് പരിരക്ഷകത്തിൽനിന്നും പുറത്തെടുത്തിരിക്കുന്നുവെന്നും മഗ്ദല പട്ടണത്തിനടുത്ത് പ്രദർശനത്തിനു വെച്ചിരിക്കുന്നുവെന്നും നാഷണൽ ജിയോഗ്രഫിക്ക് റിപ്പോർട്ടു ചെയ്യുന്നു. “അത് ഏകദേശം എട്ടു മീറ്റർ നീളമുള്ളതും, കോരുവല ഉപയോഗിച്ചിരുന്നതും, നാലു തുഴക്കാരും ഒരു അമരക്കാരനും ഉണ്ടായിരുന്നിരിക്കാവുന്നതും ആണ്” എന്നു കുഴിച്ചെടുക്കലിനു നേതൃത്വം നൽകിയ ഷെല്ലി വാക്സ്മെൻ വിശദീകരിക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “പഴയ വള്ളങ്ങളുടെ കഷണങ്ങളുൾപ്പെടെ കുറഞ്ഞത് ഏഴു തരത്തിലുള്ള മരങ്ങളെങ്കിലും അതിൽ ഉപയോഗിച്ചിട്ടുണ്ട്. ഒന്നുകിൽ മരത്തിനു ക്ഷാമമായിരുന്നിരിക്കണം, അല്ലെങ്കിൽ ഉടമ അങ്ങേയറ്റം ദരിദ്രനായിരുന്നിരിക്കണം.”
സാധാരണ വളർച്ച ഉറപ്പുവരുത്തുന്നവ
ഒരു കുട്ടിയുടെ വളർച്ചയിൽ വെറും പാരമ്പര്യത്തെക്കാളധികം ഉൾപ്പെടുന്നു എന്ന് ഷോണൽ ഡൊ ബ്രേസിലി-ലെ ഒരു റിപ്പോർട്ട് പറയുന്നു. “നല്ല പോഷണമാണു ശരിയായ വളർച്ചയ്ക്കുള്ള പ്രമുഖ ഗാരണ്ടി,” എന്നു പത്രം കുറിക്കൊള്ളുന്നു. പോഷണക്കുറവ് ഇടത്തരക്കാരുടെ കുടുംബങ്ങളിൽപ്പോലും സാധാരണമാണെന്ന് അതു കൂട്ടിച്ചേർത്തു. “വളർച്ചയെ ഉദ്ദീപിപ്പിക്കുന്ന മറ്റൊരു അടിസ്ഥാന ഘടകം ക്രമമായ വ്യായാമമാണ്,” എന്ന് ആമെല്യോ ഗൊഡായി മാടൊസ് എന്ന അന്തഃസ്രാവവിജ്ഞാന പ്രൊഫസർ നിരീക്ഷിച്ചു. “മണിക്കൂറുകൾ നീണ്ട വിശ്രമപ്രദമായ ഉറക്കം ലഭിക്കുന്നുവെന്നും ഉറപ്പു വരുത്തണം, കാരണം വളർച്ചയുടെ ഹോർമോൺ കുട്ടി ഉറങ്ങുമ്പോൾ മാത്രമാണ് സ്രവിക്കുന്നത്,” എന്നദ്ദേഹം പറഞ്ഞു. അതുപോലെ വൈകാരിക പ്രശ്നങ്ങൾക്കും ഒരു കുട്ടിയുടെ വളർച്ചയെ മന്ദീഭവിപ്പിക്കാൻ കഴിയും. അന്തഃസ്രാവവിജ്ഞാന വിദഗ്ധനായ വാൽമിർ കൊട്ടെന്യൂ പറയുന്നതനുസരിച്ച് “മണിക്കൂറുകളോളം ടെലിവിഷൻ വീക്ഷിക്കുന്നത്, പ്രത്യേകിച്ചും അക്രമാസക്തമായ ചലച്ചിത്രങ്ങൾ കാണുന്നത്, കുട്ടിയുടെ ഉറക്കത്തിനു ഹാനിവരുത്തുകയും ശരിയായ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം.”