യുദ്ധം കുട്ടികളെ നശിപ്പിക്കുന്ന വിധം
സി യെറാ ലിയോണിൽ നടന്ന നിരവധി ആഭ്യന്തരയുദ്ധങ്ങളിലൊന്ന് അരങ്ങേറിയത് 1995-ന്റെ ആരംഭത്തിലാണ്. തോക്കുകളുടെ ഗർജനം നിലയ്ക്കവേ നാലു വയസ്സുകാരി ടെന മുറിവേറ്റു വീണുകിടന്നു. അവളുടെ മാതാപിതാക്കൾ അതിനോടകം യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. അവളുടെ തലയിൽ, വലതു കണ്ണിനു പുറകിലായിട്ടായിരുന്നു വെടിയേറ്റത്. അതുമൂലം ഉണ്ടായേക്കാവുന്ന അണുബാധ തലച്ചോറിനെ ബാധിച്ച് അവൾ മരിക്കുന്നതിനുള്ള സാധ്യതയുണ്ടായിരുന്നു.
പതിനാറു മാസങ്ങൾക്കുശേഷം ബ്രിട്ടീഷുകാരായ ഒരു ദമ്പതികൾ ടെനയെ ശസ്ത്രക്രിയയ്ക്കായി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകാൻവേണ്ട ഏർപ്പാടുകൾ ചെയ്തു. ഒരു സംഘം ശസ്ത്രക്രിയാവിദഗ്ധർ ചേർന്ന് വെടിയുണ്ട നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയിച്ചതിൽ, ഒരു കുരുന്നു ജീവൻ രക്ഷപ്പെട്ടതിൽ ആളുകൾ സന്തോഷിച്ചു. എങ്കിലും, ഒരിക്കലും വെടിയേൽക്കരുതായിരുന്ന ടെന അനാഥയായി ജീവിക്കണമെന്നത് ഒരു ദുഃഖസത്യമായി അവശേഷിച്ചു.
ആയുധങ്ങൾ, പട്ടിണി, രോഗം
ടെനയ്ക്കു വെടിയേറ്റത് യാദൃച്ഛികമായിട്ടാണെങ്കിലും എല്ലാ കുട്ടികളുടെയും കാര്യത്തിൽ അത് അങ്ങനെയല്ല. കുട്ടികൾക്കു നേരേയുള്ള അക്രമങ്ങൾ വർധിച്ചുവരുന്നു. വംശീയ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ മുതിർന്നവരെ കൊന്നതുകൊണ്ടുമാത്രം ശത്രുക്കൾ തൃപ്തരാകുന്നില്ല; ശത്രുവിന്റെ മക്കൾ ഭാവി ശത്രുക്കളായിട്ടാണു വീക്ഷിക്കപ്പെടുന്നത്. 1994-ൽ, ഒരു റേഡിയോ പരിപാടിയിൽ റുവാണ്ടയിലെ ഒരു രാഷ്ട്രീയ നിരൂപകൻ പറഞ്ഞത് ഇങ്ങനെയാണ്: “വലിയ എലികളെ കൊല്ലാൻ ആദ്യം ചെറിയ എലികളെത്തന്നെ കൊല്ലേണ്ടതുണ്ട്.”
എങ്കിലും യുദ്ധത്തിൽ കൊല്ലപ്പെടുന്ന മിക്ക കുട്ടികളും ബോംബിനാലോ വെടിയുണ്ടകളാലോ അല്ല കൊല്ലപ്പെടുന്നത്, പിന്നെയോ, പട്ടിണിയാലും രോഗങ്ങളാലുമാണ്. ഉദാഹരണത്തിന്, ആഫ്രിക്കൻ യുദ്ധങ്ങളിൽ ആഹാരത്തിന്റെയും വൈദ്യസഹായത്തിന്റെയും അഭാവംമൂലം യഥാർഥ പോരാട്ടത്തിൽ കൊല്ലപ്പെട്ടതിന്റെ 20 ഇരട്ടി ആളുകൾ മരിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കൾ ലഭ്യമാക്കാതിരിക്കുന്നത് ആധുനിക കാലത്ത് നിഷ്ഠുരമായി നടപ്പിലാക്കപ്പെടുന്ന ഒരു യുദ്ധതന്ത്രമാണ്. സൈന്യങ്ങൾ, ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കപ്പെടേണ്ട വലിയ പ്രദേശങ്ങളിൽ കുഴിബോംബുകൾ പാകിയിരിക്കുന്നു. ധാന്യശേഖരങ്ങളും ജലവിതരണ വ്യവസ്ഥകളും അവർ നശിപ്പിച്ചിരിക്കുന്നു, ദുരിതാശ്വാസ സാമഗ്രികൾ പിടിച്ചുവാങ്ങിയിരിക്കുന്നു. അവർ ആരോഗ്യ ചികിത്സാലയങ്ങൾ തകർത്ത് ചികിത്സകരെ നാലുപാടും ചിതറിച്ചിരിക്കുന്നു.
അത്തരം കാര്യങ്ങൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കുട്ടികളെയാണ്. ഉദാഹരണത്തിന്, 1980-നും 1988-നും ഇടയ്ക്ക് യുദ്ധസംബന്ധമായ കാരണങ്ങളാൽ അംഗോളയിൽ 3,30,000 കുട്ടികളും മൊസാമ്പിക്കിൽ 4,90,000 കുട്ടികളും മരണമടഞ്ഞു.
വീടില്ല, വീട്ടുകാരില്ല
യുദ്ധത്തിൽ മാതാപിതാക്കൾ കൊല്ലപ്പെടുന്നതുകൊണ്ടു മാത്രമല്ല കുട്ടികൾ അനാഥരാകുന്നത്. പിന്നെയോ, കുടുംബാംഗങ്ങൾ ചിതറിക്കപ്പെടുന്നതുകൊണ്ടുകൂടെയാണ്. ലോകവ്യാപകമായി, ഏതാണ്ട് 5.3 കോടി ആളുകൾ അക്രമം ഭയന്ന് തങ്ങളുടെ ഭവനങ്ങൾ വിട്ട് പലായനം ചെയ്തിട്ടുണ്ട്. അതായത് ഭൂമിയിലെ ഓരോ 115 ആളുകളിലും ഒരാൾ വീതം എന്നർഥം! ഇവരിൽ പകുതിയോളമെങ്കിലും കുട്ടികളാണ്. പരിഭ്രാന്തിപൂണ്ട് പലായനം ചെയ്യുന്നതിനിടയിൽ കുട്ടികൾ മിക്കപ്പോഴും കൂട്ടംതെറ്റിപ്പോകുന്നു.
റുവാണ്ടയിലെ കലാപത്തിന്റെ ഫലമായി 1994-ന്റെ അവസാനത്തോടെ 1,14,000 കുട്ടികൾ കൂട്ടംതെറ്റിപ്പോയിട്ടുണ്ട്. 1995-ലെ ഒരു സർവേ അനുസരിച്ച് അംഗോളയിൽ 5 കുട്ടികളിൽ ഒരാൾക്കുവീതം സമാനമായ അനുഭവം ഉണ്ടായിരിക്കുന്നു. പല കുട്ടികളെയും—പ്രത്യേകിച്ച് നന്നേ ചെറിയ കുട്ടികളെ—സംബന്ധിച്ചിടത്തോളം മാതാപിതാക്കളിൽനിന്ന് അകന്നുപോയതിന്റെ ഫലമായിട്ടുണ്ടാകുന്ന മാനസികക്ഷതം യുദ്ധത്തിന്റെ വിക്ഷുബ്ധതയെക്കാൾ വേദനാജനകമാണ്.
കുഴിബോംബുകളാൽ കൊല്ലപ്പെടുന്നു
ലോകമൊട്ടാകെ, കളിക്കാനും കന്നുകാലികളെ മേയ്ക്കാനും വിറകു പെറുക്കാനും അല്ലെങ്കിൽ വിളകൾ നടാനുമായി വീടിനു വെളിയിൽ പോയ ലക്ഷക്കണക്കിനു കുട്ടികൾ കുഴിബോംബുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. കുഴിബോംബുകൾ മാസംതോറും 800 ആളുകളെ വീതം കൊല്ലുന്നു. 64 രാജ്യങ്ങളിലായി ഏതാണ്ട് 11 കോടി കുഴിബോംബുകൾ പാകിയിരിക്കുന്നു. കംബോഡിയയിൽ മാത്രമായി അത്തരം 70 ലക്ഷം മൈനുകൾ—അതായത് ഓരോ കുട്ടിക്കും രണ്ടെണ്ണം വീതം—കുഴിച്ചിട്ടിരിക്കുന്നു.
40-ലേറെ രാജ്യങ്ങൾ വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള ഏതാണ്ട് 340 തരത്തിലുള്ള മൈനുകൾ നിർമിക്കുന്നു. ചിലത് കല്ലുപോലെ തോന്നിക്കും. മറ്റു ചിലതാകട്ടെ കൈതച്ചക്കകൾപോലെയും. ഇനിയും ചിലതാകട്ടെ ഹെലിക്കോപ്റ്ററുകളിൽനിന്നു നിലത്തേക്കു മന്ദമായി പറന്നിറങ്ങുന്ന പച്ച നിറത്തിലുള്ള കൊച്ചു ചിത്രശലഭങ്ങളാണെന്നേ തോന്നൂ. കളിപ്പാട്ടങ്ങൾപോലെ തോന്നിക്കുന്ന ചില കുഴിബോംബുകൾ സ്ത്രീകൾക്കും കുട്ടികൾക്കും കണ്ടെത്താവുന്ന തരത്തിൽ സ്കൂളുകൾക്കും കളിക്കളങ്ങൾക്കും അരികിൽ വെക്കപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ അഭിപ്രായപ്പെടുന്നു.
സൈനികർക്കുനേരേ പ്രയോഗിക്കാവുന്ന ഒരു മൈൻ ഉണ്ടാക്കാൻ വരുന്ന ചെലവ് 3 ഡോളർ മാത്രം. എന്നാൽ അതു കണ്ടുപിടിച്ച് നിലത്തുനിന്നു നീക്കം ചെയ്യാൻ 300 ഡോളറിനും 1,000 ഡോളറിനും ഇടയ്ക്കു ചെലവുവരും. 1993-ൽ 1,00,000 മൈനുകൾ കണ്ടെത്തി നീക്കം ചെയ്തു. എന്നാൽ 20 ലക്ഷം പുതിയ മൈനുകൾ പാകുകയുണ്ടായി. എല്ലാ കുഴിബോംബുകളും ഇരയെ കാത്ത് പതുങ്ങിക്കിടക്കുന്ന കൊലയാളികളാണ്. ഒരു ഭടനെയോ കുട്ടിയെയോ വേർതിരിച്ചറിയാനും സമാധാന ഉടമ്പടി മനസ്സിലാക്കാനുമുള്ള കഴിവൊന്നും അവയ്ക്കില്ല. 50 വർഷംവരെ അവ ക്രിയാത്മകമായിരിക്കും.
1996 മേയിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടത്തിയ രണ്ടു വർഷത്തെ ചർച്ചയ്ക്കുശേഷവും അന്താരാഷ്ട്ര ഒത്തുതീർപ്പുകാർക്ക് ആഗോളവ്യാപകമായി കുഴിബോംബുകൾ നിരോധിക്കാൻ കഴിഞ്ഞിട്ടില്ല. അവർ ചില പ്രത്യേകതരം മൈനുകൾ റദ്ദാക്കുകയും മറ്റു ചിലതിന്മേൽ വിലക്കുകൾ കൽപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും കുഴിബോംബുകൾ പൂർണമായും നിരോധിക്കുന്നത് 2001-ാം ആണ്ടിൽ നടത്താനിരിക്കുന്ന അടുത്ത പുനരവലോകന സമ്മേളനംവരെ പുനർവിചിന്തനം ചെയ്യപ്പെടാൻ പോകുന്നില്ല. ഈ കാലയളവിനുള്ളിൽ കുഴിബോംബുകൾ 50,000 ആളുകളെ കൊല്ലുകയും 80,000 ആളുകളെ വികലാംഗരാക്കുകയും ചെയ്യും. ഇവരിൽ പലരും കുട്ടികളായിരിക്കും.
പീഡനവും ബലാൽസംഗവും
അടുത്ത കാലത്തു നടന്ന യുദ്ധങ്ങളിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒന്നുകിൽ മാതാപിതാക്കളെ ശിക്ഷിക്കാൻ അല്ലെങ്കിൽ അവരെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ. സംഘർഷം നിറഞ്ഞ ഇന്നത്തെ ദുഷിച്ച ലോകത്ത് കുട്ടികളെ പീഡിപ്പിക്കാൻ പ്രത്യേക കാരണമൊന്നും വേണമെന്നില്ല. വെറും വിനോദത്തിനായിരിക്കും അവർ പീഡിപ്പിക്കപ്പെടുന്നത്.
ബലാൽസംഗം ഉൾപ്പെടെയുള്ള ലൈംഗിക അക്രമങ്ങൾ യുദ്ധത്തിൽ സർവസാധാരണമാണ്. ബാൾക്കൺ യുദ്ധകാലത്ത് കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് അവരെക്കൊണ്ട് ശത്രുവിന്റെ കുട്ടിയെ ഗർഭത്തിൽ വഹിപ്പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. സമാനമായി, റുവാണ്ടയിലെ ഭടന്മാരും കുടുംബബന്ധങ്ങൾ തകർക്കാനുള്ള ഒരു ഉപാധിയായി ഉപയോഗിച്ചത് ബലാൽസംഗത്തെയായിരുന്നു. ചില അക്രമങ്ങളിൽ അർധസൈനിക വിഭാഗത്തിന്റെ ആക്രമണത്തെ അതിജീവിച്ച ഏതാണ്ട് എല്ലാ പെൺകുട്ടികളുംതന്നെ ബലാൽസംഗത്തിന് ഇരയായവരായിരുന്നു. ഗർഭിണികളായ പല പെൺകുട്ടികളെയും വീട്ടുകാരും സമുദായവും പുറന്തള്ളി. ചില പെൺകുട്ടികൾ തങ്ങൾക്കു പിറന്ന കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു; മറ്റു ചിലരാകട്ടെ ആത്മഹത്യ ചെയ്തു.
വൈകാരിക വേദന
യുദ്ധത്തിൽ അകപ്പെടുന്ന കുട്ടികൾ മിക്കപ്പോഴും പല മുതിർന്ന ആളുകളും ഭയപ്പെടുന്നവയെക്കാൾ ഏറ്റവും നീചമായ കാര്യങ്ങൾ സഹിക്കേണ്ടിവരുന്നു. ഉദാഹരണത്തിന് സാരെയെവോയിൽ 1,505 കുട്ടികളെ ഉൾക്കൊള്ളിച്ച് ഒരു സർവേ നടത്തിയപ്പോൾ അവരിൽ ഏതാണ്ട് എല്ലാവരുംതന്നെ ഷെൽവർഷം അനുഭവിച്ചിട്ടുള്ളതായി വെളിപ്പെട്ടു. ഇവരിൽ പകുതി പേർക്ക് നേരിട്ട് വെടിയേറ്റിരുന്നു, മൂന്നിൽ രണ്ടു ഭാഗം കൊല്ലപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളിലായിരുന്നു.
റുവാണ്ടയിലെ 3,000 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഒരു സർവേയിൽ, 95 ശതമാനം വംശഹത്യയുടെ സമയത്തുണ്ടായ അക്രമത്തിനും കൂട്ടക്കൊലയ്ക്കും ദൃക്സാക്ഷികളായിരുന്നതായും ഏതാണ്ട് 80 ശതമാനത്തിന് തങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതായും വെളിവായി. ഇവരിൽ ഏതാണ്ട് മൂന്നിലൊരു ഭാഗം ബലാൽസംഗത്തിന് അഥവാ ലൈംഗിക അക്രമത്തിന് ദൃക്സാക്ഷികളായിരുന്നു. മൂന്നിലൊരു ഭാഗത്തിലേറെ പേർ, മറ്റു കുട്ടികൾ കൊല ചെയ്യുന്നതിലോ പ്രഹരിക്കുന്നതിലോ പങ്കു ചേരുന്നതു കണ്ടിരുന്നു. അത്തരം അനുഭവങ്ങൾ കുരുന്നു ഹൃദയങ്ങളെ തകർക്കുന്നു. മാനസികക്ഷതമേറ്റ കുട്ടികളെക്കുറിച്ച് മുൻയുഗോസ്ലാവിയയിൽനിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു: “സംഭവിച്ച കാര്യങ്ങൾ അവരുടെ ഓർമയിൽ തങ്ങിനിൽക്കുന്നു . . . അവർ പേക്കിനാവുകൾ കാണുന്നു, കറുത്ത ഓർമകൾ ദിവസവും ആഗ്രഹിക്കാതെതന്നെ ഓടിയെത്തുന്നു. അവർക്ക് ഭയവും അരക്ഷിതബോധവും ദേഷ്യവും തോന്നുന്നു.” റുവാണ്ടയിലെ വംശഹത്യയെ തുടർന്ന് നാഷനൽ ട്രോമ റിക്കവറി സെന്ററിലെ ഒരു മനശ്ശാസ്ത്രജ്ഞൻ പറഞ്ഞു: “പേടിസ്വപ്നങ്ങൾ, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, വിഷാദം, ഭാവിയെക്കുറിച്ച് പ്രത്യാശയില്ലായ്മ എന്നിവയെല്ലാം കുട്ടികളുടെ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.”
കുട്ടികളെ എങ്ങനെ സഹായിക്കാം?
കുട്ടികൾ തങ്ങളുടെ തോന്നലുകളും സ്മരണകളും അടക്കിവെച്ചാൽ മാനസികക്ഷതം മാഞ്ഞുപോകുകയില്ലെന്നു പല ഗവേഷകരും വിശ്വസിക്കുന്നു. മിക്കപ്പോഴും, സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള കയ്പേറിയ ഓർമകൾ അനുകമ്പയും അറിവുമുള്ള മുതിർന്ന ഒരാളുമായി കുട്ടി പങ്കുവെക്കുമ്പോൾത്തന്നെ സുഖംപ്രാപിക്കൽ ആരംഭിക്കുന്നു. “വേദനയനുഭവിക്കുന്ന കുട്ടികളെക്കൊണ്ട് കാര്യങ്ങളെല്ലാം തുറന്നു പറയിക്കാൻ സാധിച്ചാൽ പകുതി ജോലി തീർന്നു,” പശ്ചിമാഫ്രിക്കയിലെ ഒരു സാമൂഹിക പ്രവർത്തക പറഞ്ഞു.
വൈകാരിക വേദന ശമിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാന സഹായമാണ് കുടുംബത്തിലും സമുദായത്തിലുമുള്ള ശക്തമായ ഐകമത്യവും അവ നൽകുന്ന പിന്തുണയും. മറ്റേതൊരു കുട്ടിയെയുംപോലെ യുദ്ധത്തിനിരയായ കുട്ടിക്കും സ്നേഹവും പരിഗണനയും സമാനുഭാവവും ആവശ്യമാണ്. എങ്കിലും എല്ലാ കുട്ടികൾക്കും ശോഭനമായ ഒരു ഭാവി ആസ്വദിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കാൻ യഥാർഥ കാരണമുണ്ടോ?
[8-ാം പേജിലെ ചതുരം/ചിത്രം]
അതൊരു പന്തുപോലെ തോന്നിച്ചു
ലവോസിൽ ഒരു പെൺകുട്ടിയും അവളുടെ സഹോദരനും എരുമയെ തീറ്റാൻ കൊണ്ടുപോകുകയായിരുന്നു. പന്തുപോലെയുള്ള ഒരു സാധനം ഒരു കുഴിയിൽ കിടക്കുന്നത് പെൺകുട്ടിയുടെ കണ്ണിൽപ്പെട്ടു. അവൾ അതു കുനിഞ്ഞെടുത്ത് സഹോദരന് എറിഞ്ഞുകൊടുത്തു. അതു നിലത്തുവീണ് പൊട്ടിത്തെറിച്ചു. അവളുടെ സഹോദരൻ തത്ക്ഷണം കൊല്ലപ്പെട്ടു.
[9-ാം പേജിലെ ചതുരം]
ആയിരങ്ങളിൽ ഒരാൾ മാത്രം
അംഗോളയിൽ യുദ്ധമാരംഭിച്ചപ്പോൾ, അനാഥയായ 12 വയസ്സുകാരി മരിയ ബലാൽസംഗത്തിന് ഇരയാകുകയും ഗർഭിണിയാകുകയും ചെയ്തു. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ അവിടെനിന്നു പലായനം ചെയ്ത മരിയ 330 കിലോമീറ്റർ നടന്ന് ഒരു സുരക്ഷിത സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ അവൾ ഭവനങ്ങളിൽനിന്നു വേർപെട്ടുപോയ കുട്ടികളെ താമസിപ്പിക്കുന്ന ഒരു കേന്ദ്രത്തിൽ ചെന്നു. നന്നേ ചെറുപ്പമായിരുന്നതിനാൽ മാസം തികയുന്നതിനുമുമ്പേ അവൾ പ്രസവിച്ചു. പ്രസവം വളരെ വിഷമകരമായിരുന്നു. കുഞ്ഞ് രണ്ടാഴ്ചയേ ജീവിച്ചിരുന്നുള്ളൂ. ഒരാഴ്ച കഴിഞ്ഞപ്പോൾ മരിയയും മരിച്ചു. അടുത്ത കാലത്ത് നടന്ന യുദ്ധങ്ങളിൽ പീഡനത്തിനും ബലാൽസംഗത്തിനും ഇരയായ അനേകായിരങ്ങളിൽ ഒരാൾ മാത്രമാണ് മരിയ.
[9-ാം പേജിലെ ചതുരം]
കലങ്ങിയ മനസ്സും ഹൃദയവും
അക്രമം മിക്കപ്പോഴും കുട്ടികളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഇന്ത്യയിലെ എട്ടു വയസ്സുകാരി ഷബാനയുടെ അനുഭവം ദൃഷ്ടാന്തീകരിക്കുന്നു. ഒരു കൂട്ടമാളുകൾ ബാപ്പായെ അടിച്ചുകൊല്ലുന്നതും ഉമ്മായുടെ കഴുത്തറക്കുന്നതും അവൾ കണ്ടുനിന്നു. ഈ ഭീകരസംഭവവും നഷ്ടവുമൊന്നും അവളെ ബാധിക്കുന്നില്ല. കാരണം അവളുടെ മനസ്സും ഹൃദയവും മരവിച്ചിരിക്കുന്നു. “എനിക്ക് എന്റെ മാതാപിതാക്കളുടെ അഭാവം അനുഭവപ്പെടുന്നില്ല,” നിർവികാരയായി അവൾ പറയുന്നു. “ഞാൻ അവരെപ്പറ്റി ചിന്തിക്കാറില്ല.”