കരയിലെ മൈനുകൾ—ഒരു ആഗോള ഭീഷണി
ഓരോ മാസവും കരയിലെ മൈനുകളിൽ തട്ടി നിർദോഷികളായ ആയിരക്കണക്കിനു പുരുഷൻമാരും സ്ത്രീകളും കുട്ടികളും 60-ലധികം രാജ്യങ്ങളിൽ മുറിവേൽക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സൈനിക ഉദ്യോഗസ്ഥരെ കൊല്ലാൻ ഉദ്ദേശിച്ചുകൊണ്ടുള്ള മൈനുകൾ, രാസയുദ്ധം, ജൈവയുദ്ധം, ആണവയുദ്ധം എന്നിവയാൽ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ആളുകളെക്കാളധികം പേരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തിട്ടുണ്ട് എന്നു കണക്കാക്കപ്പെടുന്നു. മനുഷ്യാവകാശ നിരീക്ഷണം എന്ന ഒരു ഗവേഷക സംഘടന പറയുന്നതനുസരിച്ച്, കംബോഡിയയിൽ മാത്രം ഏതാണ്ട് 30,000 ആളുകൾ മൈനുകളിൽ തട്ടി അംഗഹീനരായിട്ടുണ്ട്.
ഈ ചെറിയ സ്ഫോടകവസ്തുക്കൾ പല യുദ്ധങ്ങളിലായി മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടുള്ളവയാണ്, അവയിൽ മിക്കവയും ഒരിക്കലും നീക്കം ചെയ്തിട്ടില്ല. 60-ലധികം രാജ്യങ്ങളിലായി ഏതാണ്ട് 10 കോടിയോളം മൈനുകൾ കുഴിച്ചുമൂടപ്പെട്ട അവസ്ഥയിൽ സ്ഥിതിചെയ്യുന്നുവെന്നു കണക്കാക്കപ്പെടുന്നു. വെറും ഒരു കാൽവയ്പുകൊണ്ട് പൊട്ടിത്തെറിക്കാവുന്ന അവ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ്, കാരണം അവ ചെലവു കുറഞ്ഞതും ഫലപ്രദവുമാണ്. അവയിലൊന്നിന് വെറും 3 (യു.എസ്.) ഡോളർ മാത്രമേ ചെലവു വരുന്നുള്ളൂ. 700 ഇരുമ്പുണ്ടകൾ ചീറിപ്പായിക്കാൻ കഴിവുള്ള മറെറാരെണ്ണത്തിന് 27 ഡോളർ മാത്രമേ വിലയുള്ളൂ. അത് 40 മീററർ അകലെ പോലും മാരകമായിരിക്കാൻ കഴിയും. അതിന്റെ ഡിമാൻഡ് വളരെ വലുതാണ്. 48 രാഷ്ട്രങ്ങൾ 340 തരം വ്യത്യസ്ത മൈനുകൾ ഉണ്ടാക്കി വിൽക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നിർവീര്യമാക്കപ്പെടുന്ന മൈനുകളെക്കാൾ കൂടുതലാണ് കുഴിച്ചിടപ്പെടുന്നവ.
മൈനുകൾ നീക്കം ചെയ്യുകയെന്നത് ദുർഘടം പിടിച്ചതും ചെലവേറിയതുമായ ഒരു പണിയാണ്. കാരണം മൈനുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ മാപ്പുകൾ മിക്ക സൈന്യങ്ങളും സൂക്ഷിക്കുന്നില്ല; മൈനുകളിൽ അധികപങ്കും തടി, പ്ലാസ്ററിക്, മററു സാധനങ്ങൾ തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് അവ കണ്ടുപിടിക്കാൻ മെററൽ ഡിററക്റററുകൾക്കു സാധ്യവുമല്ല. ഈ ആയുധങ്ങളുടെ കയററുമതിക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത യു.എസ്. സെനററർ പാട്രിക് ലേയ്ഹീ ഇങ്ങനെ പ്രസ്താവിച്ചു: “രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻകാർ പാകിയ മൈനുകളിൽ തട്ടി നെതർലൻഡ്സിൽ ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ട്. വളരെ വലിയ തോതിൽ മൈനുകൾ പാകിയിട്ടുള്ള അഫ്ഗാനിസ്ഥാൻ, കംബോഡിയ, അംഗോള, ബോസ്നിയ, എന്നിവിടങ്ങളിലും മററു പല രാജ്യങ്ങളിലും അത് എത്രയധികം മോശമായിരിക്കും എന്നു ചിന്തിക്കുക.”
അത്തരം പ്രശ്നങ്ങൾ ദൈവത്തിന്റെ വരാനിരിക്കുന്ന പുതിയ ലോകം മാത്രമേ പരിഹരിക്കുകയുള്ളൂ. അവന്റെ വചനം ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “[ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ച് രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:9.