ഭയം—ഇപ്പോൾ സാധാരണം, എന്നാൽ എന്നുമുണ്ടായിരിക്കില്ല!
ഭയം വളരെ സാധാരണമായിരിക്കുന്നതിൽ ദൈവവചനത്തിന്റെ പഠിതാക്കൾ അമ്പരക്കാറില്ല. യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷയിലൂടെ വ്യാപകമായി പരസ്യപ്പെടുത്തിയിട്ടുള്ളതുപോലെ, മനുഷ്യചരിത്രത്തിൽ വളരെ പ്രത്യേകതകളുള്ള ഒരു കാലത്താണു നാം ജീവിക്കുന്നതെന്നുള്ളതിനു വളരെയധികം തെളിവുണ്ട്. വ്യാപകമായ ഭയം അതിന്റെ ഒരു പ്രത്യേകതയാണെന്നു നിങ്ങൾക്കറിയാം. എന്നാൽ ദീർഘകാലം മുമ്പ്, നമ്മുടെ കാലത്തിൽ യേശു പ്രത്യേകത കണ്ടു അഥവാ അതിലേക്ക് അവൻ വിരൽ ചൂണ്ടി. അവന്റെ സാന്നിധ്യത്തെക്കുറിച്ചും വ്യവസ്ഥിതിയുടെ സമാപനം അഥവാ ‘ലോകാവസാനം’ എന്നതിനെക്കുറിച്ചുമുള്ള അപ്പോസ്തലന്മാരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു യേശു.—മത്തായി 24:3.
യേശു മുൻകൂട്ടിപ്പറഞ്ഞതിന്റെ ഒരു ഭാഗം ഇതാ:
“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും.”—ലൂക്കൊസ് 21:10, 11.
“ഭയങ്കരകാഴ്ചക”ളെക്കുറിച്ച് അവൻ പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചോ? പിന്നീട് അതേ മറുപടിയിൽത്തന്നെ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും നിർണായകമായി നേരിട്ടു ബാധിച്ചേക്കാവുന്ന ഭയത്തെക്കുറിച്ചു ശ്രദ്ധേയമായ മറ്റൊരു അഭിപ്രായപ്രകടനം അവൻ നടത്തുകയുണ്ടായി. എന്നാൽ അതിനു ശ്രദ്ധ കൊടുക്കുന്നതിനു മുമ്പ്, നാം അന്ത്യകാലത്താണു ജീവിക്കുന്നത് എന്നുള്ളതിന്റെ കൂടുതലായ തെളിവു നമുക്കു ചെറുതായൊന്നു പരിശോധിക്കാം.—2 തിമൊഥെയൊസ് 3:1.
യുദ്ധത്തെക്കുറിച്ചുള്ള ന്യായമായ ഭയം
സൈനിക പോരാട്ടങ്ങൾ ഭൂമിയുടെ അനേകം ഭാഗങ്ങളെ നശിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, മധ്യപൂർവദേശത്തെ സമീപകാല യുദ്ധത്തിന്റെ ഒടുവിൽ കത്തിക്കൊണ്ടിരുന്ന എണ്ണക്കിണറുകളെ, “മനുഷ്യന്റെ കയ്യാൽ വരുത്തിവെച്ചിട്ടുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം” എന്നാണു ജിയോ മാഗസിൻ വിളിച്ചത്. യുദ്ധങ്ങളിൽ കോടിക്കണക്കിനാളുകൾ മരിക്കുകയോ അവർക്ക് അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ സംഭവിച്ച ലക്ഷക്കണക്കിനു സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിനു പുറമേ, രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടത് 5.5 കോടി ആളുകളാണ്. ലോകാവസാനം ആസന്നമാണെന്നുള്ളതിന്റെ അടയാളത്തിന്റെ ഒരു ഭാഗമെന്നനിലയിൽ “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കു”മെന്നു യേശു പറഞ്ഞുവെന്ന കാര്യം ഓർമിക്കുക.
വംശഹത്യ ചെയ്യാനുള്ള—വർഗങ്ങളെയോ ജനതകളെയോ ഒന്നടങ്കം നശിപ്പിക്കാനുള്ള—മാനുഷശ്രമങ്ങളെയും നാം കണ്ണടച്ചുതള്ളരുത്. 20-ാം നൂറ്റാണ്ടിൽ മനുഷ്യവർഗത്തിന്റെ ഞെട്ടിക്കുന്ന രക്തപാതകത്തെ വർധിപ്പിച്ചിട്ടുള്ളതാണു ലക്ഷക്കണക്കിനുവരുന്ന അർമേനിയക്കാരുടെയും കമ്പോഡിയക്കാരുടെയും യഹൂദന്മാരുടെയും യൂക്രേനിയന്മാരുടെയും റുവാണ്ടക്കാരുടെയും മറ്റുള്ളവരുടെയും മരണങ്ങൾ. മതതീവ്രവാദികൾ വംശീയ വിദ്വേഷം ആളിക്കത്തിക്കുന്ന ദേശങ്ങളിൽ മനുഷ്യക്കശാപ്പു തുടരുകയാണ്. അതേ, യുദ്ധങ്ങൾ ഇന്നും ഭൂമിയെ മനുഷ്യരക്തംകൊണ്ടു കുതിർക്കുന്നു.
ആധുനിക യുദ്ധങ്ങൾ, പോരാട്ടം അവസാനിച്ചതിനുശേഷം പോലും അതിന്റെ ഇരകളെ കൊന്നൊടുക്കുന്നു. ദൃഷ്ടാന്തത്തിന്, വിവേചനാരഹിതമായി മൈനുകൾ പാകുന്നതുതന്നെ പരിഗണിക്കുക. മനുഷ്യാവകാശ നിരീക്ഷണം (Human Rights Watch) എന്ന ഗവേഷക സംഘടനയുടെ ഒരു റിപ്പോർട്ടനുസരിച്ച്, “ലോകമെമ്പാടും ആളുകൾക്കു ഭീഷണി ഉയർത്തുന്ന ഏതാണ്ട് പത്തുകോടി മൈനുകളുണ്ട്.” അത്തരം മൈനുകൾ ഉപയോഗിക്കപ്പെട്ട യുദ്ധത്തിനു ദീർഘകാലം ശേഷവും നിർദോഷികളായ സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും അവ ആപത്കരമായിത്തുടരുന്നു. 60-ലധികം രാജ്യങ്ങളിലായി കരയിൽ പാകിയിരിക്കുന്ന മൈനുകൾ നിമിത്തം ആയിരക്കണക്കിനാളുകൾ ഓരോ മാസവും മാരകമായി മുറിവേൽപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതായി പറയപ്പെടുന്നു. ജീവനും ശരീരത്തിനും ഭീഷണിയായിരിക്കുന്ന അത് എന്തുകൊണ്ടാണ് ആസൂത്രിതമായി നീക്കംചെയ്യാത്തത്? ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മൈൻ നീക്കംചെയ്യൽ ദൗത്യങ്ങളിലൂടെ നിർവീര്യമാക്കുന്നവയെക്കാൾ കൂടുതൽ മൈനുകളാണ് ഓരോ ദിവസവും പാകുന്നത്, അതുകൊണ്ട് മരണനിരക്കു കുത്തനെ ഉയരുന്നു.”
“വർഷംതോറും 20 കോടി ഡോളർ ലഭിക്കുന്ന” ഒരു ബിസിനസ്സായിത്തീർന്നിരിക്കുകയാണു മൈനുകളുടെ ഈ വിൽപ്പന എന്ന് 1993-ലെ ഒരു പത്രലേഖനം റിപ്പോർട്ടു ചെയ്യുകയുണ്ടായി. “48 രാജ്യങ്ങളിലായി, 340 വ്യത്യസ്ത തരം” മൈനുകൾ “കയറ്റി അയയ്ക്കുന്ന, ഏതാണ്ട് 100 കമ്പനികളും ഗവൺമെൻറ് ഏജൻസികളും” ഇതിൽ ഉൾപ്പെടുന്നു. പൈശാചികമെന്നു പറയട്ടെ, കുട്ടികൾക്ക് ആകർഷകമായി തോന്നാൻ വേണ്ടി കളിപ്പാട്ടങ്ങൾ പോലെയാണു ചില മൈനുകൾ ഉണ്ടാക്കുന്നത്! മുറിവേൽപ്പിക്കുന്നതിനും കൊല്ലുന്നതിനും വേണ്ടി നിഷ്കളങ്കരായ കുട്ടികളെ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ച് ഒന്നോർത്തു നോക്കൂ! “രാസ, ജൈവ, ന്യൂക്ലിയർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുള്ളവരെക്കാൾ അധികം പേരെ” മൈനുകൾ “കൊല്ലുകയോ മാരകമായി മുറിവേൽപ്പിക്കുകയോ” ചെയ്തിട്ടുണ്ടെന്ന് “പത്തുകോടി സ്ഫോടക യന്ത്രസാമഗ്രികൾ” എന്ന തലക്കെട്ടിലുള്ള ഒരു പത്രമുഖപ്രസംഗം അവകാശപ്പെട്ടു.
എന്നാൽ ലോകകമ്പോളത്തിൽ വിൽക്കപ്പെടുന്ന, ആളെക്കൊല്ലി ഉത്പന്നം മൈനുകൾ മാത്രമല്ല. അത്യാർത്തി പൂണ്ട ആയുധ ഇടപാടുകാർ ഭൂവ്യാപകമായി അനേക കോടി ഡോളറിന്റെ ബിസിനസ്സാണു നടത്തുന്നത്. സെൻറർ ഫോർ ഡിഫൻസ് ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച ദ ഡിഫൻസ് മോണിറ്റർ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ [ഒരു പ്രമുഖ രാഷ്ട്രം] 13,500 കോടി ഡോളർ വിലവരുന്ന ആയുധങ്ങൾ കയറ്റി അയച്ചു.” ശക്തമായ ഈ രാഷ്ട്രം “6,300 കോടി ഡോളർ വിലവരുന്ന ആയുധങ്ങളുടെ ഭീമമായ ഒരു വിൽപ്പനയ്ക്ക് അനുമതി നൽകുകയും സൈനികസംബന്ധമായ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും 142 രാഷ്ട്രങ്ങൾക്കു പരിശീലനം നൽകുകയും ചെയ്തു.” അങ്ങനെ ഭാവി യുദ്ധത്തിനും മാനുഷിക ദുരിതത്തിനും ഇപ്പോൾത്തന്നെ കളമൊരുങ്ങുകയാണ്. ദ ഡിഫൻസ് മോണിറ്റർ പറയുന്നതനുസരിച്ച്, “1990-ൽ മാത്രം 50 ലക്ഷമാളുകൾക്ക് ആയുധപരിശീലനം ലഭിച്ചു, 5,000 കോടിയിലധികം ഡോളർ ചെലവായി, 2.5 ലക്ഷം ആളുകൾ കൊല്ലപ്പെട്ടു, അവരിൽ മിക്കവരും സാധാരണക്കാരായിരുന്നു.” ആ വർഷംമുതൽ നടമാടിയിട്ടുള്ള അനേകം യുദ്ധങ്ങളെക്കുറിച്ചു നിങ്ങൾക്കു തീർച്ചയായും ചിന്തിക്കാൻ കഴിയും, അതിനിയും ലക്ഷങ്ങളുടെ ഭയത്തിനും മരണത്തിനും നിദാനമായിത്തീരുകയാണ്!
ഭൂമിക്കും അതിലെ ജീവനും കൂടുതൽ നാശം
പ്രൊഫസർ ഗാരി കൊമണർ ഇങ്ങനെ മുന്നറിയിപ്പു തരുന്നു: “ഭൂമിയുടെ തുടർച്ചയായ മലിനീകരണം തടയാതെ വിട്ടാൽ, മനുഷ്യജീവനു പറ്റിയ ഒരു സ്ഥലമെന്ന നിലയിൽ ഈ ഗ്രഹത്തിന്റെ സുസ്ഥിതിയെ അത് അന്തിമമായി നശിപ്പിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” ഉൾപ്പെട്ടിരിക്കുന്ന പ്രശ്നം അജ്ഞതയല്ല, മറിച്ച് മനഃപൂർവമായ അത്യാഗ്രഹമാണെന്ന് അദ്ദേഹം തുടർന്നുപറയുന്നു. മലിനീകരണത്തെ സംബന്ധിച്ച വർധിച്ച ഭയത്തിൽ നമ്മെ വിട്ടുകൊണ്ട് ഈ സ്ഥിതിവിശേഷത്തെ നമ്മുടെ നീതിമാനും സ്നേഹവാനുമായ ദൈവം അനിശ്ചിതകാലത്തോളം വെച്ചുപൊറുപ്പിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? ഭൂമിയെ നശിപ്പിക്കുന്നവരോടു കണക്കു ചോദിക്കാനും അതിനുശേഷം ദിവ്യ നടപടി മുഖാന്തരമുള്ള ഈ ഗ്രഹത്തിന്റെ പുനരധിവാസത്തിനുമായി ഭൂമിയുടെ നശീകരണം മുറവിളി കൂട്ടുകയാണ്. ‘ലോകാവസാന’ത്തെക്കുറിച്ച് അപ്പോസ്തലന്മാർക്കു മറുപടി കൊടുത്തപ്പോൾ യേശു പ്രതിപാദിച്ച കാര്യത്തിന്റെ ഒരു ഭാഗമാണിത്.
ദൈവം എങ്ങനെ ഒരു കണക്കുചോദിക്കൽ നടത്തുമെന്നു പരിചിന്തിക്കുന്നതിനു മുമ്പ്, നമുക്കു മനുഷ്യൻ കാട്ടിക്കൂട്ടിയ കാര്യങ്ങളെക്കുറിച്ചു കൂടുതലായി പഠിക്കാം. മനുഷ്യന്റെ അതിക്രമങ്ങളുടെ പട്ടികയുടെ ഒരംശം എടുത്താൽപോലും അതു ദുഃഖിപ്പിക്കുന്നതാണ്: വനമൊന്നാകെ നശിപ്പിക്കുന്ന അമ്ലമഴയും ആർത്തിപൂണ്ട മരംവെട്ടലും; ന്യൂക്ലിയർ പാഴ്വസ്തുക്കളും വിഷലിപ്ത രാസപദാർഥങ്ങളും അഴുക്കുവസ്തുക്കളും വിവേചനയില്ലാതെ കൂനകൂട്ടിയിടൽ; സംരക്ഷകപാളിയായ ഓസോണിന്റെ ദുർബലീകരണം; കളനാശിനികളും കീടനാശിനികളും അശ്രദ്ധമായി ഉപയോഗിക്കൽ തുടങ്ങിയവ അതിൽപ്പെടുന്നു.
ലാഭത്തിനു വേണ്ടി മറ്റു വിധങ്ങളിലും വ്യാവസായിക താത്പര്യക്കാർ ഭൂമിയെ ദുഷിപ്പിക്കുന്നുണ്ട്. ദിവസവും ടൺകണക്കിനു പാഴ്വസ്തുക്കളാണു നദികളിലേക്കും സമുദ്രങ്ങളിലേക്കും വായുവിലേക്കും മണ്ണിലേക്കും തള്ളിവിടുന്നത്. പാഴായ ബഹിരാകാശ വസ്തുക്കൾക്കൊണ്ടു ശാസ്ത്രജ്ഞന്മാർ ആകാശത്തെ നിറയ്ക്കുകയാണ്, അവർ പിന്നീടതു നീക്കംചെയ്യുന്നുമില്ല. ബഹിരാകാശത്തുള്ള പാഴ്വസ്തുക്കളുടെ ശേഖരം ഭൂമിയെ വലയം ചെയ്യുകയാണ്. ഭൂമിക്കു സ്വയം പുതുക്കാൻ കഴിയത്തക്കവണ്ണം ദൈവം സൃഷ്ടിച്ച സ്വാഭാവിക പ്രക്രിയകൾ ഇല്ലായിരുന്നുവെങ്കിൽ, നമ്മുടെ ഭൗമഗൃഹം ജീവനെ നിലനിർത്തുമായിരുന്നില്ല. മാത്രമല്ല തന്റെതന്നെ അവശിഷ്ടത്തിൽ മനുഷ്യൻ ശ്വാസംമുട്ടി മരിക്കുകയും ചെയ്യുമായിരുന്നു.
മനുഷ്യൻ മനുഷ്യനെപ്പോലും മലീമസമാക്കുന്നു. ഉദാഹരണത്തിന്, പുകയിലയുടെയും മറ്റു മയക്കുമരുന്നുകളുടെയും ദുരുപയോഗത്തിന്റെ കാര്യമെടുക്കുക. ഐക്യനാടുകളിൽ അത്തരം പദാർഥ ദുരുപയോഗത്തെ വിളിക്കുന്നത് “രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം” എന്നാണ്. അതു നിമിത്തം ആ രാജ്യത്തിനു പ്രതിവർഷം 23,800 കോടി ഡോളർ ചെലവുണ്ട്. അതിൽ 3,400 കോടി ഡോളറും “അനാവശ്യമായ [അതായത്, ഒഴിവാക്കാനാവുന്ന] ആരോഗ്യ പരിപാലന”ത്തിനാണ് ഉപയോഗിക്കുന്നത്. നിങ്ങൾ താമസിക്കുന്നിടത്തു പണത്തിന്റെയും ആയുസ്സിന്റെയും കാര്യത്തിൽ പുകയില ഒടുക്കുന്ന വിലയെന്താണെന്നാണു നിങ്ങൾ ചിന്തിക്കുന്നത്?
ഒരു അവകാശമെന്ന മട്ടിൽ അനേകരും നയിക്കുന്ന അനുവാദാത്മകവും വഴിപിഴച്ചതുമായ ജീവിതരീതികൾ മുഖാന്തരം ഉളവായത് ഭയാനകമായ അളവിൽ ആളുകളെ കൊന്നൊടുക്കുന്ന, അനേകരെയും യുവപ്രായത്തിലേതന്നെ ശവക്കുഴിയിലെത്തിക്കുന്ന, ലൈംഗികമായി പകരുന്ന രോഗങ്ങളാണ്. പലരും അകാലത്തിൽ മരിക്കാൻ അതു കാരണമാണ്. പ്രമുഖ നഗരങ്ങളിലെ പത്രങ്ങളിലുള്ള ചരമ അറിയിപ്പു കോളങ്ങൾ, 30-കളിലും 40-കളിലുമുള്ള അനേകരുടെ മരണം വർധിച്ചുവരുന്നുവെന്നു പ്രകടമാക്കുന്നതായി കണ്ടിട്ടുണ്ട്. എന്തുകൊണ്ട്? പലപ്പോഴും അവർ ഹാനികരമായ ശീലങ്ങൾക്ക് അടിപ്പെടുന്നു. ലൈംഗികവും മറ്റുതരത്തിലുള്ളതുമായ രോഗങ്ങളിലെ അത്തരം വർധനവും യേശുവിന്റെ പ്രവചനത്തോട് ഒത്തുവരുന്നു. എന്തുകൊണ്ടെന്നാൽ, ‘മഹാവ്യാധികൾ അവിടവിടെ ഉണ്ടായിരി’ക്കുമെന്ന് അവൻ പറഞ്ഞു.
എന്നിരുന്നാലും, ഏറ്റവും മോശമായതു മനുഷ്യമനസ്സിനും ആത്മാവിനും, അല്ലെങ്കിൽ മനോഭാവത്തിന്, ഉണ്ടാകുന്ന മലിനീകരണമാണ്. ഞങ്ങൾ ഇപ്പോൾവരെ പ്രതിപാദിച്ചതരം മലിനീകരണങ്ങൾ നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ, അവയിൽ മിക്കതും മലീമസമായ മനസ്സുകളുടെ ഫലമായാണ് ഉണ്ടാകുന്നത് എന്നതു സത്യമല്ലേ? കൊലപാതകങ്ങൾ, ബലാൽസംഗങ്ങൾ, കവർച്ചകൾ, ഒരാൾ മറ്റൊരാളോടു ചെയ്യുന്ന മറ്റുതരം അക്രമങ്ങൾ എന്നിവയുടെ രൂപങ്ങളിൽ രോഗഗ്രസ്തമായ മനസ്സുകൾ ഉളവാക്കുന്ന നശിച്ച അവസ്ഥ ഒന്നു പരിചിന്തിക്കുക. വർഷന്തോറും നടത്തപ്പെടുന്ന ദശലക്ഷക്കണക്കിനു ഗർഭച്ഛിദ്രങ്ങൾ മാനസികവും ആത്മീയവുമായ മലിനീകരണത്തിന്റെ ഒരടയാളമായി പലരും തിരിച്ചറിയുന്നു.
യുവാക്കളുടെ മനോഭാവത്തിലും നാം ധാരാളം കാര്യങ്ങൾ കാണുന്നുണ്ട്. കുടുംബത്തകർച്ചയും നിയമവാഴ്ചയോടുള്ള എതിർപ്പും വർധിപ്പിക്കുന്ന ഒരു ഘടകമാണു മാതാപിതാക്കളുടെ അധികാരത്തോടും മറ്റു തരത്തിലുള്ള അധികാരത്തോടുമുള്ള അനാദരവ്. അധികാരത്തോടുള്ള ആരോഗ്യാവഹമായ ഭയത്തിന്റെ ഈ അഭാവത്തിനു യുവാക്കളുടെ ആത്മീയതയില്ലായ്മയുമായി ബന്ധമുണ്ട്. അതുകൊണ്ട്, പരിണാമം, നിരീശ്വരവാദം, വിശ്വാസത്തെ നശിപ്പിക്കുന്ന മറ്റു തരത്തിലുള്ള സിദ്ധാന്തങ്ങൾ തുടങ്ങിയവ പഠിപ്പിക്കുന്നവർ ഗണ്യമായ കുറ്റം പേറുന്നവരാണ്. പല മതോപദേഷ്ടാക്കന്മാരും കുറ്റക്കാരാണ്. കാരണം, ആധുനികരും “പ്രചാരത്തിലിരിക്കുന്നവയുമായി പൊരുത്തപ്പെടുന്നവരു”മായിരിക്കാനുള്ള ശ്രമത്തിൽ അവർ ദൈവവചനത്തിനു പുറന്തിരിഞ്ഞുകളഞ്ഞിരിക്കുന്നു. ലോകജ്ഞാനത്താൽ സ്വാധീനിക്കപ്പെട്ടിരിക്കുന്ന അവരും മറ്റുള്ളവരും പരസ്പരവിരുദ്ധമായ മാനുഷിക തത്ത്വജ്ഞാനമാണു പഠിപ്പിക്കുന്നത്.
അതിന്റെയൊക്കെ ഫലങ്ങൾ ഇന്നു വളരെ വ്യക്തമാണ്. ദൈവത്തോടും സഹമനുഷ്യനോടുമുള്ള സ്നേഹമല്ല, അത്യാഗ്രഹവും വിദ്വേഷവുമാണ് ഇന്ന് ആളുകളെ നയിക്കുന്നത്. മോശമായ ഫലം വ്യാപകമായ അധാർമികതയും അക്രമവും ആശയറ്റ അവസ്ഥയുമാണ്. ദുഃഖകരമെന്നു പറയട്ടെ, സത്യസന്ധരായ ആളുകളെ ഇത് ഭയത്തിൽ കൊണ്ടെത്തിക്കുന്നു, അതിൽ മനുഷ്യൻ മനുഷ്യനെത്തന്നെയും ഈ ഗ്രഹത്തെയും നശിപ്പിക്കുമെന്നുള്ള ഭയവുമുണ്ട്.
അതിനിയും മോശമാകുമോ അതോ മെച്ചപ്പെടുമോ?
ഭയത്തിന്റെ കാര്യത്തിൽ സമീപഭാവി എന്താണു വെച്ചുനീട്ടുന്നത്? ഭയം വർധിച്ചുകൊണ്ടിരിക്കുമോ, അതോ അതിനെ തരണം ചെയ്യാൻ സാധിക്കുമോ? യേശു തന്റെ അപ്പോസ്തലന്മാരോടു പറഞ്ഞ കാര്യം നമുക്കു വീണ്ടും പരിശോധിക്കാം.
സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒന്നിലേക്ക്, അതായത് മഹോപദ്രവത്തിലേക്ക്, അവൻ വിരൽ ചൂണ്ടി. ഇതാ അവന്റെ വാക്കുകൾ: “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.”—മത്തായി 24:29, 30.
അതുകൊണ്ട്, മഹോപദ്രവം പെട്ടെന്നുതന്നെ തുടങ്ങുമെന്നു നമുക്കു പ്രതീക്ഷിക്കാം. ലോകമെമ്പാടുമുള്ള വ്യാജമതത്തിന്മേലുള്ള പ്രതികാരനടപടിയായിരിക്കും അതിന്റെ ആദ്യ ഭാഗമെന്നു മറ്റു ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. അതിനുശേഷം, ഏതോ തരത്തിലുള്ള ആകാശീയ പ്രതിഭാസം ഉൾപ്പെടെ ഇപ്പോൾ ഉദ്ധരിച്ച ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറും. കോടിക്കണക്കിനാളുകളുടെമേൽ അതുളവാക്കുന്ന ഫലം എന്തായിരിക്കും?
ശരി, യേശുവിന്റെ മറുപടിയുടെ സമാനമായ ഒരു വിവരണം പരിചിന്തിക്കുക. അവിടെ കൂടുതൽ വിശദമായ പ്രാവചനിക അഭിപ്രായങ്ങളാണു നാം കാണുന്നത്:
“സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കംനിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.”—ലൂക്കൊസ് 21:25, 26.
അതു നമ്മുടെ തൊട്ടുമുന്നിലാണ്. നിർജീവന്മാർ ആയിത്തീരാൻ തക്കവണ്ണം അത്തരം ഭയം എല്ലാവരെയും ഗ്രസിക്കുകയില്ല. നേരേമറിച്ച്, യേശു ഇങ്ങനെ പറഞ്ഞു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവർന്നു തല പൊക്കുവിൻ.”—ലൂക്കൊസ് 21:28.
അവൻ പ്രോത്സാഹജനകമായ ആ വാക്കുകൾ ഉരുവിട്ടത് തന്റെ യഥാർഥ അനുഗാമികളോടായിരുന്നു. ഭയത്താൽ നിർജീവമായിപ്പോകുകയോ തളർന്നുപോകുകയോ ചെയ്യുന്നതിനുപകരം, മഹോപദ്രവത്തിന്റെ പാരമ്യം ആസന്നമാണെന്ന് അറിയാമെങ്കിൽപോലും, നിർഭയമായി തങ്ങളുടെ ശിരസ്സ് ഉയർത്താൻ അവർക്കു തീർച്ചയായും കാരണമുണ്ടായിരിക്കും. എന്തുകൊണ്ട് ഭയമില്ല?
കാരണം ഈ മുഴു “മഹോപദ്രവ”ത്തെയും അതിജീവിക്കുന്നവർ ഉണ്ടായിരിക്കുമെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (വെളിപാട് 7:14, NW) നാം അതിജീവകരുടെ കൂട്ടത്തിലാണെങ്കിൽ, ദൈവത്തിന്റെ കയ്യിൽനിന്ന് അതുല്യമായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് അതു വാഗ്ദത്തം ചെയ്യുന്ന ഭാഗം പറയുന്നു. യേശു “അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും” എന്ന ഉറപ്പോടെ അത് അവസാനിക്കുന്നു.—വെളിപ്പാടു 7:16, 17.
അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കാനിരിക്കുന്നവർക്ക്, ആളുകളെ ഇന്നു വേട്ടയാടുന്നതരം ഭയം ഉണ്ടായിരിക്കില്ല. അത്തരക്കാരുടെ കൂട്ടത്തിൽ നമുക്കും ആയിരിക്കാൻ കഴിയും. എന്നാൽ അതിന്റെയർഥം അവർക്ക് അശേഷം ഭയം ഉണ്ടായിരിക്കില്ല എന്നല്ല, കാരണം നല്ലതും ആരോഗ്യാവഹവുമായ ഭയമുണ്ടെന്നു ബൈബിൾ കാട്ടിത്തരുന്നു. അത് എന്താണെന്നും അതു നമ്മെ എങ്ങനെ ബാധിക്കണമെന്നും പിൻവരുന്ന ലേഖനം പരിചിന്തിക്കും.
[8-ാം പേജിലെ ചിത്രം]
യഹോവയുടെ ആരാധകർ സസന്തോഷം പുതിയ ലോകത്തിന്റെ വരവിനായി കാത്തിരിക്കുന്നു
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pollution: Photo: Godo-Foto; rocket: U.S. Army photo; trees burning: Richard Bierregaard, Smithsonian Institution