തട്ടിക്കൊണ്ടുപോകൽ—ഭീതിയെ മുതലെടുത്തു നടത്തുന്ന ബിസിനസ്
“സ്വത്തു തട്ടിയെടുക്കുന്നതു പോലുള്ള ഒന്നല്ല ആളുകളെ തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റകൃത്യം. മനുഷ്യസമുദായത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബത്തോടു കാണിക്കുന്ന വഞ്ചനയും ക്രൂരതയും കടുത്ത അനാസ്ഥയുമാണത്,” തട്ടിക്കൊണ്ടുപോകൽ ബിസിനസ് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മാർക്ക് ബ്ലെസ് പറയുന്നു. കുടുംബത്തിലെ ഒരാളെ തട്ടിക്കൊണ്ടുപോകുമ്പോൾ, ബാക്കിയുള്ളവരുടെ മനസ്സ് കലങ്ങി മറിയുന്ന ഒരു കടൽ പോലെയായിത്തീരുന്നു. കുറ്റബോധം, വെറുപ്പ്, നിസ്സഹായത തുടങ്ങിയ വികാരങ്ങളോടു മല്ലിടുന്ന അവരുടെ ഉള്ളിൽ ഒരു നിമിഷം പ്രതീക്ഷ മയിൽപ്പീലി വിടർത്തുകയാണെങ്കിൽ അടുത്ത നിമിഷം അവർ നിരാശയുടെ കയത്തിലേക്കു വഴുതിവീഴുകയായിരിക്കും ചെയ്യുക. പ്രത്യാശയും നിരാശയും മാറിമാറി വികാരങ്ങളെ അമ്മാനമാടുന്ന ഈ ഭീകരാവസ്ഥ ദിവസങ്ങളോളമോ ആഴ്ചകളോളമോ മാസങ്ങളോളമോ ഒരുപക്ഷേ, വർഷങ്ങളോളം പോലുമോ തുടർന്നേക്കാം.
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ, അത്യാർത്തി പൂണ്ട തട്ടിക്കൊണ്ടുപോക്കുകാർ മുതലെടുക്കുന്നത് കുടുംബാംഗങ്ങളുടെ വികാരങ്ങളെയാണ്. ഒരു തട്ടിക്കൊണ്ടുപോകൽ സംഘം, ബന്ദിയെക്കൊണ്ടു വാർത്താമാധ്യമങ്ങൾക്കായി പിൻവരുന്ന പ്രകാരമുള്ള ഒരു തുറന്ന കത്ത് നിർബന്ധപൂർവം എഴുതിച്ചു: “ഇത് എല്ലായിടത്തും പരസ്യപ്പെടുത്താൻ ഞാൻ വാർത്താമാധ്യമങ്ങളോട് ആവശ്യപ്പെടുകയാണ്. അങ്ങനെയാകുമ്പോൾ, എനിക്കു തിരിച്ചുവരാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം എന്നെ തട്ടിക്കൊണ്ടു പോയവർക്കു മാത്രമല്ല എന്റെ കുടുംബത്തിനും കൂടെ ആയിരിക്കും. കാരണം, അവർ എന്നെക്കാൾ ഏറെ പണത്തെയാണു സ്നേഹിക്കുന്നത് എന്നു തെളിയിക്കുകയായിരിക്കുമല്ലോ.” ഇറ്റലിയിൽ, തട്ടിക്കൊണ്ടുപോകുന്നവർ ബന്ദികളുടെ ശരീരഭാഗങ്ങൾ മുറിച്ച് ബന്ധുക്കൾക്കോ ടിവി സ്റ്റേഷനുകൾക്കോ അയച്ചുകൊടുത്തുകൊണ്ട് മോചനമൂല്യത്തിനായി സമ്മർദം ചെലുത്തിയിരിക്കുന്നു. മെക്സിക്കോക്കാരനായ ഒരു തട്ടിക്കൊണ്ടുപോക്കുകാരൻ, കുടുംബാംഗങ്ങളുമായി ഫോണിൽ വിലപേശുന്നതിനിടയിൽ ബന്ദികളെ കഠിനമായി ഉപദ്രവിക്കുക പോലും ചെയ്തു.
എന്നാൽ ഇതിനു നേരെ വിപരീതമായി, ബന്ദികളെ പാട്ടിലാക്കാനാണു തട്ടിക്കൊണ്ടുപോകുന്നവരിൽ ചിലർ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, ഫിലിപ്പീൻസിലെ ഒരു വ്യവസായിയുടെ കാര്യമെടുക്കുക. തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തെ മാനിലയിലെ ആഡംബരപൂർണമായ ഒരു ഹോട്ടലിൽ താമസിപ്പിച്ചു. അവർ അദ്ദേഹത്തിനു മദ്യം നൽകി, ഒപ്പം വേശ്യമാരെയും. മോചനമൂല്യം കൊടുക്കുന്നതുവരെ ഇതു തുടർന്നു. എന്നാൽ, മിക്ക ബന്ദികളുടെയും കാര്യത്തിൽ അവസ്ഥ ഇതല്ല. അവരുടെ ശാരീരികമോ ശുചിത്വപരമോ ആയ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ച്, അവരെ എവിടെയെങ്കിലും പൂട്ടിയിടുകയാണു പലപ്പോഴും ചെയ്യാറ്. അനേകർക്കും മൃഗീയമായ പീഡനം ഏൽക്കേണ്ടി വരുന്നു. ബന്ദികളോടുള്ള സമീപനം എന്തുതന്നെയായിരുന്നാലും, തങ്ങൾക്ക് എന്താണു സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള കൊടിയ ഭീതിയുടെ മുൾമുനയിലായിരിക്കും അവർ എല്ലായ്പോഴും.
മനസ്സിനേറ്റ മുറിവുണക്കൽ
വിട്ടയക്കപ്പെട്ട ശേഷവും, ബന്ദികളുടെ മനസ്സിനേറ്റ മുറിവുകൾ ഉണങ്ങാതെ കിടന്നേക്കാം. സൊമാലിയയിൽ വെച്ചു ബന്ദിയാക്കപ്പെട്ട സ്വീഡൻകാരിയായ ഒരു നേഴ്സ് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ബന്ധുമിത്രാദികളോടൊക്കെ ഇതേക്കുറിച്ചു സംസാരിക്കുന്നതും ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുന്നതും മറ്റെല്ലാറ്റിനെക്കാളും പ്രധാനമാണ്.”
ബന്ദികളായിരുന്നവരുടെ മനസ്സിനേറ്റ മുറിവുണക്കുന്നതിനായി ചികിത്സകർ ഒരു മാർഗം വികസിപ്പിച്ചെടുത്തിരിക്കുന്നു. കുടുംബാംഗങ്ങളുമായുള്ള പുനഃസമാഗമനത്തിനും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കിനും മുമ്പുതന്നെ, ബന്ദികളായിരുന്നവർ തങ്ങളുടെ അനുഭവം വിദഗ്ധ സഹായത്തോടെ, പലപ്പോഴായി കുറേശ്ശേ കുറേശ്ശേ വിശകലനം ചെയ്യുക എന്നതാണത്. “സംഭവം നടന്ന ഉടനെതന്നെ ചികിത്സിക്കുന്ന പക്ഷം, സ്ഥായിയായ ക്ഷതങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു” എന്നു റെഡ് ക്രോസ് ക്രൈസിസ് തെറാപ്പി വിദഗ്ധനായ റിഗ്മോർ ഗിൽബെർഗ് പറയുന്നു.
കൂടുതലായ ഭവിഷ്യത്തുകൾ
തട്ടിക്കൊണ്ടുപോകലുകൾ ബന്ദികളെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമല്ല ബാധിക്കുന്നത്. ഒരു പ്രദേശത്തു തട്ടിക്കൊണ്ടുപോകൽ ഭീഷണി നിലവിലുണ്ടെങ്കിൽ അതു വിനോദസഞ്ചാര വ്യവസായത്തിനു തടയിട്ടേക്കാം. അവിടെ മുതൽമുടക്കു നടത്താനും ആളുകൾ രണ്ടുവട്ടം ആലോചിക്കും. ഒപ്പം, സമൂഹത്തിൽ ഒരു അരക്ഷിതബോധവും ഉടലെടുക്കും. 1997-ൽ ഏതാനും മാസങ്ങൾക്കുള്ളിൽ, ആറ് അന്തർദേശീയ കമ്പനികളാണ് തട്ടിക്കൊണ്ടുപോകൽ ഭീഷണി നിമിത്തം ഫിലിപ്പീൻസിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. ‘കുറ്റകൃത്യത്തിനെതിരെ പൗരജനങ്ങൾ’ എന്ന ഒരു സംഘത്തിൽ പ്രവർത്തിക്കുന്ന ഫിലിപ്പീൻസുകാരിയായ ഒരു സ്ത്രീ വ്യസനത്തോടെ ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു പേക്കിനാവാണ്.”
ദി അരിസോണ റിപ്പബ്ലിക്കിൽ വന്ന ഒരു ലേഖനം ഇപ്രകാരം പറയുന്നു: “തട്ടിക്കൊണ്ടുപോകലിനെ കുറിച്ചുള്ള ഭയം, മെക്സിക്കോയിലെ എക്സിക്യൂട്ടിവുകളെ മനോവിഹ്വലതയുടെ വക്കോളം എത്തിച്ചിരിക്കുന്നു. ആ ഭയത്തിനു ന്യായമായ അടിസ്ഥാനം ഉണ്ടുതാനും.” ബ്രസീലിയൻ മാസികയായ വേഴാ പറയുന്നപ്രകാരം, അവിടുത്തെ കുട്ടികളുടെ പേടിസ്വപ്നങ്ങൾ മുഴുവനും തട്ടിക്കൊണ്ടുപോകുന്നവരെയും കൊള്ളക്കാരെയും ചുറ്റിപ്പറ്റിയുള്ളവയാണ്, അല്ലാതെ പണ്ടത്തെപോലെ ഭീകരജന്തുക്കളെക്കുറിച്ചുള്ളവയൊന്നുമല്ല. തായ്വാനിൽ, തട്ടിക്കൊണ്ടുപോകലിന് ഇരകളാകാതിരിക്കുന്നതിന് ആവശ്യമായ പ്രതിരോധമാർഗങ്ങൾ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. ഐക്യനാടുകളിലാണെങ്കിൽ, തട്ടിക്കൊണ്ടുപോകൽ തടയുക എന്ന ലക്ഷ്യത്തിൽ നേഴ്സറി സ്കൂളുകളിൽ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
സുരക്ഷാ ഉപദേഷ്ടാക്കൾക്ക് കൊയ്ത്തു കാലം
തട്ടിക്കൊണ്ടുപോകലും അതിനോട് അനുബന്ധിച്ചുള്ള, വിദഗ്ധമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളും വർധിച്ചിരിക്കുന്ന ഈ നാളുകൾ സ്വകാര്യ സുരക്ഷാസ്ഥാപനങ്ങൾക്കു കൊയ്ത്തു കാലം തന്നെയാണ്. ബ്രസീലിലെ, റിയോ ഡി ജനീറോ നഗരത്തിൽ അത്തരം 500-ലധികം സ്ഥാപനങ്ങളുണ്ട്. അവർ വാരിക്കൂട്ടുന്നതോ 7,600 കോടി രൂപയും.
തട്ടിക്കൊണ്ടുപോകൽ തടയുന്നതിനുള്ള മാർഗങ്ങൾ പഠിപ്പിക്കുകയും അപകടമേഖലകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും മോചനമൂല്യം സംബന്ധിച്ച് ഒരു ഒത്തുതീർപ്പിലെത്താൻ സഹായിക്കുകയും ചെയ്യുന്ന അന്തർദേശീയ സുരക്ഷാസ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. തട്ടിക്കൊണ്ടുപോകുന്നവർ പ്രയോഗിക്കുന്ന തന്ത്രങ്ങളെ കുറിച്ചു പഠിപ്പിക്കുകയും തട്ടിക്കൊണ്ടുപോകൽ നടന്നാൽ അതിനോടു മനശ്ശാസ്ത്രപരമായി പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്തുകൊണ്ട് അവർ കുടുംബങ്ങൾക്കും കമ്പനികൾക്കും ആവശ്യമായ ഉപദേശം നൽകുന്നു. ബന്ദിയെ മോചിപ്പിച്ച ശേഷം, തട്ടിക്കൊണ്ടുപോകുന്നവരെ പിടികൂടാനും മോചനമൂല്യം തിരികെ വാങ്ങാനും പോലും ചില സ്ഥാപനങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഈ സേവനങ്ങൾ സൗജന്യമല്ല.
ഇത്തരം ശ്രമങ്ങളെല്ലാം ഉണ്ടെങ്കിലും, അനേകം രാജ്യങ്ങളിലും തട്ടിക്കൊണ്ടുപോകലുകൾ വർധിച്ചുവരികയാണ്. “തട്ടിക്കൊണ്ടുപോകലിന്റെ നിരക്ക് ഇനിയും കൂടാൻ തന്നെയാണ് സാധ്യത” എന്ന് ലാറ്റിൻ അമേരിക്കയിലെ അവസ്ഥയെക്കുറിച്ച്, സൈറ്റ്ലിൻ ആൻഡ് കമ്പനിയുടെ വൈസ്പ്രസിഡന്റ് റിച്ചാർഡ് ജോൺസൺ പറയുന്നു.
വർധനവിനുള്ള കാരണങ്ങൾ
തട്ടിക്കൊണ്ടുപോകലുകളിൽ സമീപകാലത്ത് ഉണ്ടായിട്ടുള്ള വർധനവിനു വിദഗ്ധർ അനേകം കാരണങ്ങൾ നിരത്തുന്നു. ചില പ്രദേശങ്ങളിലെ പരിതാപകരമായ സാമ്പത്തികസ്ഥിതിയാണ് അതിലൊന്ന്. റഷ്യയിലെ നാൽച്ചിക് പട്ടണത്തിലുള്ള ഒരു ദുരിതാശ്വാസ പ്രവർത്തകൻ ഇപ്രകാരം പറഞ്ഞു: “പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം കുപ്രസിദ്ധമായ ഈ മാർഗമാണ്, തട്ടിക്കൊണ്ടുപോകൽ.” ചില മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ, പ്രാദേശിക ഭരണം നടത്തുന്ന പട്ടാളത്തലവന്മാരുടെ സ്വകാര്യ സേനകൾക്കാവശ്യമായ പണം ഉണ്ടാക്കുന്നതിന് ഈ മാർഗം അവലംബിക്കുന്നതായി പറയപ്പെടുന്നു.
വിനോദസഞ്ചാരികളുടെയും ബിസിനസ് ആവശ്യങ്ങൾക്കു വേണ്ടി യാത്ര ചെയ്യുന്നവരുടെയും എണ്ണം മുമ്പെന്നത്തെക്കാളും വർധിച്ചിരിക്കുകയാണ്. ഇര തേടി നടക്കുന്ന തട്ടിക്കൊണ്ടുപോകലുകാർക്കാണെങ്കിൽ ഇത് അവസരങ്ങളുടെ പുതിയ വാതായനങ്ങൾ തുറന്നുകൊടുത്തിരിക്കുന്നു. ബന്ദികളാക്കപ്പെട്ട വിദേശികളുടെ എണ്ണം അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയായിത്തീർന്നു. 1991-നും 1997-നും ഇടയ്ക്ക് ഏകദേശം 26 രാജ്യങ്ങളിൽ വിനോദസഞ്ചാരികൾ ബന്ദികളാക്കപ്പെടുകയുണ്ടായി.
ഇത്രയധികം തട്ടിക്കൊണ്ടുപോക്കുകാരെല്ലാം ഉണ്ടാകാനുള്ള കാരണം? സൈനിക സംഘട്ടനങ്ങളിൽ ചിലവയെല്ലാം ആറിത്തുടങ്ങിയിരിക്കുന്നതിനാൽ, മുൻ സൈനികരിൽ പലർക്കും പണിയും വരുമാന മാർഗവും നഷ്ടമായിരിക്കുന്നു. ഇവർക്കാണെങ്കിൽ, ഈ ബിസിനസ്സിൽ ഏർപ്പെടുന്നതിന് ആവശ്യമായ എല്ലാ കഴിവുകളുമുണ്ടുതാനും.
അതുപോലെ തന്നെ, ബാങ്ക് കവർച്ചകൾക്കെതിരെ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതും മയക്കുമരുന്നു വ്യാപാരത്തിനെതിരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ഒരു പകര വരുമാന മാർഗമെന്ന നിലയിൽ കുറ്റവാളികൾ തട്ടിക്കൊണ്ടുപോകലിലേക്കു തിരിയാൻ ഇടയാക്കിയിരിക്കുന്നു. ഈ രംഗത്തെ ഒരു വിശകലന വിദഗ്ധനായ മൈക്ക് ആക്കെർമാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സമൂഹത്തിന്റെ എല്ലാതലങ്ങളിലും സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പഴുതുകൾ ഓരോന്നായി നാം അടയ്ക്കുന്തോറും ആളുകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പെരുകിവരികയാണ്.” ഭീമമായ തുക മോചനമൂല്യമായി കൊടുത്തു എന്ന കാര്യം പരസ്യമാക്കുന്നതും ഈ രംഗത്തേക്കു തിരിയാൻ ആളുകളെ പ്രോത്സാഹിപ്പിച്ചേക്കാം.
ലക്ഷ്യങ്ങൾ എപ്പോഴും ഒന്നല്ല
തട്ടിക്കൊണ്ടുപോക്കുകാരിൽ മിക്കവർക്കും ഒന്നേ വേണ്ടൂ—പണം. അവർ ഏതാനും ഡോളറുകൾ മുതൽ അതിഭീമമായ തുക വരെ മോചനമൂല്യമായി ആവശ്യപ്പെടാറുണ്ട്. ഹോങ്കോംഗിലെ വസ്തുവക ഇടപാടുകാരനായിരുന്ന ഒരു കോടീശ്വരന്റെ കാര്യത്തിൽ, മോചനദ്രവ്യമായി ഒരു റെക്കോർഡ് തുക—6 കോടി ഡോളർ—നൽകിയിട്ടും അവർ അദ്ദേഹത്തെ വിട്ടയച്ചില്ല.
ഇതിൽ നിന്നു തികച്ചും വ്യത്യസ്തമായി, തട്ടിക്കൊണ്ടുപോക്കുകാരിൽ ചിലർ പ്രശസ്തിക്കും ആഹാരം, മരുന്ന്, റേഡിയോ, കാർ മുതലായവയ്ക്കും അതുപോലെ പുതിയ സ്കൂളുകൾ, റോഡുകൾ, ആശുപത്രികൾ എന്നിവയ്ക്കും വേണ്ടി ബന്ദികളെ കരുക്കളാക്കിയിട്ടുണ്ട്. ഏഷ്യയിൽ, ഒരു എക്സിക്യൂട്ടിവിനെ വിട്ടയച്ചത് തട്ടിക്കൊണ്ടുപോയവർക്കു ബാസ്ക്കറ്റ്ബോൾ യൂണിഫാറങ്ങളും ബാസ്ക്കറ്റ്ബോളുകളും നൽകിയതിനു ശേഷമാണ്. ഭൂപ്രദേശത്തെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ, വിദേശികളായ നിക്ഷേപകരെയും വിനോദസഞ്ചാരികളെയും ഭയപ്പെടുത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമായി ചില സംഘങ്ങൾ തട്ടിക്കൊണ്ടുപോകൽ നടത്തുന്നു.
ചുരുക്കത്തിൽ, തട്ടിക്കൊണ്ടുപോകൽ രംഗത്തേക്കു കടന്നുവരാൻ പോകുന്നവർക്കും അവർക്ക് ഇരകളാകാൻ പോകുന്നവർക്കും ഒരു പഞ്ഞവുമില്ല. ഒപ്പം, അതിന്റെ പിന്നിലെ ലക്ഷ്യങ്ങൾക്കും അതിന് ഉപയോഗിക്കുന്ന മാർഗങ്ങൾക്കും. എന്നാൽ, പരിഹാരമാർഗങ്ങളും അത്ര തന്നെ സമൃദ്ധമാണോ? അവയിൽ ചിലത് ഏതെല്ലാമാണ്? അവയ്ക്ക് യഥാർഥത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു മുമ്പ്, തട്ടിക്കൊണ്ടുപോകൽ ബിസിനസ് ഇത്രയ്ക്കു തഴച്ചുവളരാൻ ഇടയാക്കിയ, ആഴത്തിൽ വേരൂന്നിയ ചില അടിസ്ഥാന കാരണങ്ങൾ നമുക്കു പരിശോധിക്കാം.
[5-ാം പേജിലെ ചതുരം]
നിങ്ങളെ തട്ടിക്കൊണ്ടുപോകുന്നെങ്കിൽ
ഈ വിഷയത്തെ കുറിച്ചു പഠനം നടത്തിയിട്ടുള്ളവർ, ബന്ദികളാക്കപ്പെട്ടേക്കാവുന്നവർക്കായി പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു.
• അവരോടു സഹകരിക്കുക, പിടിവാശി കാട്ടരുത്. എതിർക്കുന്നവർക്കാണ് മിക്കപ്പോഴും ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നത്. മാത്രമല്ല, കൊല്ലാനോ ശിക്ഷിക്കാനോ വേണ്ടി അത്തരക്കാരെ വേർതിരിക്കാനും കൂടുതൽ സാധ്യതയുണ്ട്.
• പരിഭ്രാന്തരാകരുത്. ബന്ദികളിൽ മിക്കവരും രക്ഷപ്പെടാറുണ്ട് എന്ന കാര്യം ഓർമിക്കുക.
• സമയം അറിയാനുള്ള എന്തെങ്കിലുമൊരു മാർഗം കണ്ടുപിടിക്കുക.
• ഏതെങ്കിലും തരത്തിലുള്ള ഒരു ദിനചര്യ പാലിക്കാൻ ശ്രമിക്കുക.
• വ്യായാമം ചെയ്യുക, നിങ്ങളുടെ ചലനസ്വാതന്ത്ര്യം പരിമിതപ്പെട്ടിരിക്കുന്നെങ്കിൽ കൂടിയും.
• നിരീക്ഷണപാടവം ഉള്ളവരായിരിക്കുക, വിശദാംശങ്ങളും പല തരത്തിലുള്ള ശബ്ദങ്ങളും മണങ്ങളും എല്ലാം ഓർത്തുവെക്കാൻ ശ്രമിക്കുക. നിങ്ങളെ ബന്ദിയാക്കിയിരിക്കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കുക.
• സാധിക്കുമെങ്കിൽ അവരുമായി കൊച്ചു വർത്തമാനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. ബന്ദിയാക്കിയവർക്ക് ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ കാണാനാകുമെങ്കിൽ, അവർ നിങ്ങളെ ഉപദ്രവിക്കാനോ കൊല്ലാനോ ഉള്ള സാധ്യത കുറവായിരിക്കും.
• നിങ്ങളുടെ ആവശ്യങ്ങൾ മര്യാദയോടെ അവരുടെ ശ്രദ്ധയിൽപ്പെടുത്തുക.
• സ്വന്തം മോചനമൂല്യത്തെ കുറിച്ച് ഒരിക്കലും ചർച്ച ചെയ്യാതിരിക്കുക.
• നിങ്ങളെ രക്ഷപ്പെടുത്താനുള്ള ഒരു പോരാട്ടത്തിനു നടുവിൽ പെട്ടുപോകുന്നുവെങ്കിൽ ഉടനടി നിലത്തു കമിഴ്ന്നു കിടക്കുക, എല്ലാം ശാന്തമാകുന്നതു വരെ.
[6-ാം പേജിലെ ചതുരം]
കിഡ്നാപ്പ് ഇൻഷ്വറൻസ്—ഒരു വിവാദ വിഷയം
തട്ടിക്കൊണ്ടുപോകൽ പെരുകുന്നതിനൊപ്പം തഴച്ചുവളരുന്ന ഒരു വ്യവസായമാണ് ഇൻഷ്വറൻസ്. 1990 മുതൽ, ലോയിഡ്സ് ഓഫ് ലണ്ടൻ എന്ന ഇൻഷ്വറൻസ് കമ്പനിയുടെ കിഡ്നാപ്പ് ഇൻഷ്വറൻസ് പ്രതിവർഷം 50 ശതമാനം എന്ന നിരക്കിലാണു വർധിച്ചിരിക്കുന്നത്. അത്തരം ഇൻഷ്വറൻസ് നൽകുന്ന കമ്പനികളുടെ എണ്ണം പെരുകി വരികയാണ്. ഒരു ഒത്തുതീർപ്പുകാരനെ ഏർപ്പാടാക്കുന്നതിനും മോചനമൂല്യം നൽകുന്നതിനും ചിലപ്പോഴൊക്കെ മോചനമൂല്യം തിരികെ വാങ്ങുന്നതിന് ആവശ്യമായ വിദഗ്ധ സഹായം തേടുന്നതിനും വേണ്ട പണം ഇൻഷ്വറൻസ് മുഖാന്തരം ലഭിക്കുന്നു. ഈ ഇൻഷ്വറൻസ് പക്ഷേ, വളരെയധികം വിവാദത്തിനു വഴിമരുന്നിട്ടിട്ടുണ്ട്.
കിഡ്നാപ്പ് ഇൻഷ്വറൻസിനെ എതിർക്കുന്നവർ പറയുന്നത് അത് കുറ്റകൃത്യത്തെ മുതലെടുത്തു പണമുണ്ടാക്കുന്ന ഏർപ്പാടാണ് എന്നാണ്. മാത്രമല്ല, തട്ടിക്കൊണ്ടുപോകലിൽ നിന്നു പണമുണ്ടാക്കുന്നതു ധാർമികതയ്ക്ക് ഒട്ടും നിരക്കാത്തതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ഇൻഷ്വർ ചെയ്ത ഒരു വ്യക്തി തന്റെ സുരക്ഷയെ കുറിച്ച് ശ്രദ്ധാലുവായിരിക്കില്ല എന്നും ഇൻഷ്വറൻസ് അതിൽത്തന്നെ, തട്ടിക്കൊണ്ടുപോകുന്നവർക്ക് പണം കൈക്കലാക്കുന്നത് എളുപ്പമാക്കി തീർക്കുകയാണെന്നും അവർക്ക് അഭിപ്രായമുണ്ട്. തട്ടിക്കൊണ്ടുപോകലുകൾ പെരുകാനേ ഇത് ഇടയാക്കൂ. ഇനി, ഇൻഷ്വറൻസ് തുക കിട്ടാൻ വേണ്ടി തങ്ങളെ തട്ടിക്കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യാൻ പോലും ഇത് ആളുകൾക്കു പ്രചോദനമാകുമെന്ന് ചിലർ ഭയപ്പെടുന്നു. ഇറ്റലി, കൊളംബിയ, ജർമനി എന്നീ രാജ്യങ്ങളിൽ കിഡ്നാപ്പ് ഇൻഷ്വറൻസ് നിരോധിച്ചിരിക്കുന്നു.
കിഡ്നാപ്പ് ഇൻഷ്വറൻസിനെ പിന്തുണയ്ക്കുന്നവർ പക്ഷേ വിരൽ ചൂണ്ടുന്നത് മറ്റൊരു കാര്യത്തിലേക്കാണ്. ഏതൊരു ഇൻഷ്വറസിന്റെയും കാര്യത്തിലെന്ന പോലെ, കുറച്ചു പേർക്കുണ്ടാകുന്ന നഷ്ടം നികത്തുന്നത് അനേകർ കൂടിയാണ്. ഇൻഷ്വറൻസ് ഒരളവു വരെ സുരക്ഷിതത്വം ആനയിക്കുമെന്ന് അവർ ന്യായവാദം ചെയ്യുന്നു. കാരണം, ഇൻഷ്വർ ചെയ്ത കുടുംബങ്ങൾക്കും കമ്പനികൾക്കും വിദഗ്ധ സഹായം തേടാനുള്ള പണം ഇതു മൂലം ലഭിക്കുന്നു. ഉദ്വേഗഭരിതമായ അവസ്ഥയ്ക്ക് അയവു വരുത്താനും മോചനമൂല്യം കുറച്ചുകിട്ടാൻ സഹായിക്കുന്നതിനും തട്ടിക്കൊണ്ടുപോകുന്നവരെ പിടികൂടുന്നത് എളുപ്പമാക്കാനും ഈ വിദഗ്ധർക്കു കഴിയും.
[7-ാം പേജിലെ ചതുരം]
സ്റ്റോക്ക്ഹോം സിൻഡ്രോം
1974-ൽ, റാൻഡോൾഫ് എ. ഹെർസ്റ്റ് എന്ന കോടീശ്വരനായ ഒരു പത്രമുടമയുടെ പുത്രി പാറ്റി ഹെർസ്റ്റിനെ തട്ടിക്കൊണ്ടുപോയ സംഭവം ഒരു നാടകീയ വഴിത്തിരിവിന് ഇടയാക്കി. തന്നെ ബന്ദിയാക്കിയവരുടെ പക്ഷം ചേർന്ന് പാറ്റി ഒരു സായുധ കൊള്ളയിൽ പങ്കെടുത്തപ്പോഴായിരുന്നു അത്. അതുപോലെ, സ്പെയിനിലെ ഒരു ഫുട്ബോൾ കളിക്കാരൻ തന്നെ ബന്ദിയാക്കിയവർക്കു മാപ്പുകൊടുക്കുക മാത്രമല്ല അവർക്കു നന്മ നേരുകയും ചെയ്തു.
തികച്ചും വിചിത്രമായ ഈ രീതിക്ക് 1970-കളുടെ തുടക്കത്തിൽ സ്റ്റോക്ക്ഹോം സിൻഡ്രോം എന്നു പേരു നൽകി. 1973-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള ഒരു ബാങ്കിൽ നടന്ന സംഭവത്തിനു ശേഷമാണ് ഇതിന് ഇങ്ങനെയൊരു പേരു വീണത്. അന്ന്, ബന്ദികളിൽ ചിലർ, തങ്ങളെ തട്ടിക്കൊണ്ടുപോയവരുമായി ഒരു പ്രത്യേക തരം സൗഹൃദം വളർത്തിയെടുക്കുകയുണ്ടായി. അത്തരം സൗഹൃദം ബന്ദികളാക്കപ്പെട്ടവർക്ക് ഒരു സംരക്ഷണമായി ഉതകിയിരിക്കുന്നു. ക്രിമിനൽ ബിഹേവിയർ എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “ബന്ദികളും അവരെ തട്ടിക്കൊണ്ടുപോയവരും തമ്മിൽ എത്രമാത്രം അടുത്തറിയുന്നുവോ, അത്രമാത്രം അവർ പരസ്പരം ഇഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതിന്റെ അർഥം, കുറച്ചു കഴിയുമ്പോൾ അവർ ബന്ദികളെ ഉപദ്രവിക്കാനുള്ള സാധ്യത കുറയുന്നു എന്നാണ്.”
ചെച്നിയയിൽ താമസിക്കുന്ന, തട്ടിക്കൊണ്ടുപോക്കിന് ഇരയായ ഇംഗ്ലീഷുകാരിയായ ഒരു വനിത—ബന്ദിയായിരിക്കവെ അവർ ബലാത്സംഗം ചെയ്യപ്പെട്ടു—ഇപ്രകാരം പറഞ്ഞു: “വ്യക്തിപരമായി ഞങ്ങളെ അടുത്തറിയാൻ ഇടയായപ്പോൾ, എന്നെ ബലാത്സംഗം ചെയ്യുന്നതു തെറ്റാണെന്നു കാവൽനിന്ന ആൾക്കു മനസ്സിലായി. പിന്നീടൊരിക്കലും അയാൾ അത് ആവർത്തിച്ചില്ല എന്നു മാത്രമല്ല എന്നോടു ക്ഷമ ചോദിക്കുകയും ചെയ്തു.”
[4-ാം പേജിലെ ചിത്രം]
കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം തട്ടിക്കൊണ്ടുപോകൽ സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും കടുത്ത വൈകാരിക പീഡയ്ക്ക് ഇടയാക്കുന്ന ഒരു സംഗതിയാണ്
[5-ാം പേജിലെ ചിത്രം]
ഇരകൾ ആയവർക്ക് സാന്ത്വനം ആവശ്യമാണ്
[7-ാം പേജിലെ ചിത്രം]
മിക്ക ബന്ദികളെയും, അവരുടെ ശാരീരികമോ ശുചിത്വപരമോ ആയ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ച് എവിടെയെങ്കിലും പൂട്ടിയിടുകയാണു പതിവ്