തട്ടിക്കൊണ്ടുപോകൽ—ഒരു ആഗോള ബിസിനസ്
ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ, തട്ടിക്കൊണ്ടുപോകലിന് ഇരകളായവരുടെ എണ്ണം ലോകവ്യാപകമായി ശ്രദ്ധേയമായ വിധം കുതിച്ചുയർന്നിരിക്കുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, 1968-നും 1982-നും ഇടയ്ക്ക് 73 രാജ്യങ്ങളിലായി ഏകദേശം 1,000 പേരാണു ബന്ദികളാക്കപ്പെട്ടത്. എന്നാൽ 90-കളുടെ അവസാനമായപ്പോഴേക്കും തട്ടിക്കൊണ്ടുപോകലിന് ഇരകളാകുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുന്നു—വർഷംതോറും 20,000 മുതൽ 30,000 വരെ എന്ന നിലയിലേക്ക്.
ലോകമെമ്പാടുമുള്ള—അതു റഷ്യ മുതൽ ഫിലിപ്പീൻസ് വരെ ആയിക്കൊള്ളട്ടെ—കുറ്റവാളികളുടെ ഇടയിൽ തട്ടിക്കൊണ്ടുപോകൽ ഒരു ഫാഷനായി മാറിയിരിക്കുന്നതു പോലെ തോന്നുന്നു. ജീവനുള്ള എന്തിനെയും അവർ തട്ടിക്കൊണ്ടുപോകും. ഒരിക്കലാണെങ്കിൽ, കഷ്ടിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഗ്വാട്ടിമാലയിൽ, ചക്രക്കസേരയിൽ ജീവിതം കഴിച്ചുകൂട്ടിയിരുന്ന 84 വയസ്സുള്ള ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി രണ്ടുമാസം ബന്ദിയാക്കി വെക്കുകയുണ്ടായി. റിയോ ഡി ജനീറോയിൽ, നടുറോഡിൽ നിന്നാണ് തെരുവു കൊള്ളക്കാർ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത്. ചിലപ്പോഴൊക്കെ മോചനമൂല്യമായി ആവശ്യപ്പെടുന്നതോ, വെറും 100 ഡോളറും.
മൃഗങ്ങൾ പോലും സുരക്ഷിതരല്ലെന്നു തോന്നുന്നു. കുറെ വർഷം മുമ്പ് തായ്ലൻഡിൽ, ഒന്നിനും മടിക്കാത്ത ചില കുറ്റവാളികൾ ആറു ടൺ ഭാരമുള്ള, പണിയെടുത്തിരുന്ന ഒരു ആനയെ തട്ടിക്കൊണ്ടുപോയിട്ട് മോചനമൂല്യമായി 60,000 രൂപ ആവശ്യപ്പെട്ടു. മെക്സിക്കോയിലെ കുറ്റവാളി സംഘങ്ങൾ, മനുഷ്യരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനു മുമ്പ് ഓമനമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും തട്ടിയെടുത്ത് ഒരു പരിശീലനം നടത്താൻ സംഘത്തിലെ നവാഗതരെ പ്രോത്സാഹിപ്പിക്കുന്നുവെന്നു പറയപ്പെടുന്നു.
പണ്ടൊക്കെ, തട്ടിക്കൊണ്ടുപോകുന്നവരുടെ മുഖ്യലക്ഷ്യം പണക്കാരായിരുന്നു. എന്നാൽ, ആ കാലമൊക്കെ പൊയ്പ്പോയിരിക്കുന്നു. റോയിറ്റെഴ്സ് വാർത്താ ഏജൻസിയുടെ ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഗ്വാട്ടിമാലയിൽ തട്ടിക്കൊണ്ടുപോകൽ ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇടതുപക്ഷ വിമതർ സമ്പന്നരായ ഏതാനും വ്യവസായികളെ മാത്രം നോട്ടമിട്ടിരുന്ന ആ പഴയ നല്ല നാളുകളെ ആളുകൾ പ്രിയത്തോടെയാണ് ഓർമിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ സംഘങ്ങൾക്ക് ഇപ്പോൾ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ പ്രായമായവരെന്നോ കുട്ടികളെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല.”
പൊതുജന ശ്രദ്ധ ആകർഷിക്കാൻ പോന്ന കേസുകൾക്കു വാർത്താമാധ്യമങ്ങൾ പൊതുവെ വലിയ പ്രാധാന്യം നൽകാറുണ്ടെങ്കിലും, മിക്ക തട്ടിക്കൊണ്ടുപോകൽ കേസുകളും അധികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒത്തുതീർപ്പിലെത്തുകയാണു പതിവ്. പല കാരണങ്ങളാൽ, “ഒരു തട്ടിക്കൊണ്ടുപോകൽ കേസിനെ കുറിച്ചുള്ള വിവരം പരസ്യമാക്കാൻ” രാജ്യങ്ങൾ “മടിക്കുന്നു.” അത്തരത്തിലുള്ള ഏതാനും ചില കാരണങ്ങൾ അടുത്ത ലേഖനം പരിചിന്തിക്കുന്നതായിരിക്കും.
[3-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മെക്സിക്കോ
പ്രതിവർഷം 2,000-ത്തോളം ആളുകളാണ് തട്ടിക്കൊണ്ടു പോകലിന് ഇരകളാകുന്നത്. അതുകൊണ്ട് അവിടെ അതിനെ “ഒരു കുടിൽവ്യവസായ”മായി വിശേഷിപ്പിച്ചിരിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ
1990 മുതൽ, ലോയിഡ്സ് ഓഫ് ലണ്ടൻ എന്ന ഇൻഷ്വറൻസ് കമ്പനിയുടെ കിഡ്നാപ്പ് ഇൻഷ്വറൻസ് പ്രതിവർഷം 50 ശതമാനം എന്ന നിരക്കിൽ വർധിച്ചിരിക്കുന്നു.
റഷ്യ
തെക്കൻ റഷ്യയിലെ കോക്കസസ് പ്രദേശത്തു മാത്രം, 1996-ൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണം 272 ആയിരുന്നെങ്കിൽ 1998-ൽ അത് 1,500 ആയി വർധിച്ചു.
ഫിലിപ്പീൻസ്
“ഏഷ്യാ വീക്കി”ന്റെ അഭിപ്രായത്തിൽ “ഏഷ്യയിലെ തട്ടിക്കൊണ്ടുപോകലിന്റെ കേന്ദ്രം സാധ്യതയനുസരിച്ച് ഫിലിപ്പീൻസാണ്.” ക്രമീകൃതമായ വിധത്തിൽ പ്രവർത്തിക്കുന്ന 40-ലധികം തട്ടിക്കൊണ്ടുപോകൽ സംഘങ്ങൾ അവിടെ വിഹരിക്കുന്നുണ്ട്.
ബ്രസീൽ
തട്ടിക്കൊണ്ടുപോകുന്നവർ ഒരൊറ്റ വർഷം കൊണ്ട് സമ്പാദിച്ച മോചനമൂല്യം 5,000 കോടി രൂപയാണ് എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടു.
കൊളംബിയ
സമീപവർഷങ്ങളിൽ ആയിര ക്കണക്കിന് ആളുകളെയാണ് ഓരോവർഷവും തട്ടിക്കൊണ്ടുപോയിരിക്കുന്നത്. 1999 മേയിൽ, കുർബാനയ്ക്കിടയിൽ നൂറ് ഇടവകാംഗങ്ങളെ വിമതർ തട്ടിക്കൊണ്ടുപോയി.
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.