തട്ടിക്കൊണ്ടുപോകൽ—അടിസ്ഥാന കാരണങ്ങൾ
തട്ടിക്കൊണ്ടുപോകൽ ഒരു ആധുനികകാല മഹാവ്യാധിയായി മാറിയിരിക്കുന്നു. പക്ഷേ, അതുപോലെ തന്നെയാണ് കൊലപാതകം, ബലാത്സംഗം, മോഷണം, കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം എന്തിന്, വംശഹത്യ പോലും. രാത്രികാലങ്ങളിൽ വീടിനു വെളിയിലിറങ്ങാൻ ആളുകൾ മിക്കപ്പോഴും ഭയപ്പെടുന്ന തരത്തിൽ ജീവിതം ഇത്ര അപകടം നിറഞ്ഞതായി തീർന്നിരിക്കുന്നത് എന്തുകൊണ്ടാണ്?
തട്ടിക്കൊണ്ടുപോകലുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ, മനുഷ്യ സമൂഹത്തിലെ തന്നെ ആഴത്തിൽ വേരൂന്നിയിട്ടുള്ള ന്യൂനതകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഏകദേശം 2,000 വർഷം മുമ്പ് ബൈബിൾ ഈ അപകടകരമായ കാലത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയാമായിരുന്നോ? ദയവായി, 2 തിമൊഥെയൊസ് 3:2-5 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിചിന്തിക്കുക.
“മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”
ദീർഘനാളുകൾക്കു മുമ്പു രേഖപ്പെടുത്തിയ ഈ വാക്കുകൾ, ഇന്നത്തെ സാഹചര്യം വളരെ വ്യക്തമായി വരച്ചുകാട്ടുന്നു എന്നതിനോടു നിങ്ങൾ യോജിച്ചേക്കാം. മനുഷ്യസമൂഹത്തിന്റെ ന്യൂനതകളാകുന്ന വ്രണങ്ങൾ നമ്മുടെ ഈ നാളുകളിൽ എന്നത്തെക്കാളുമധികം പഴുത്ത് വികൃതമായ ഒരു അവസ്ഥയിലായിരിക്കുന്നു. ശ്രദ്ധാർഹമായി, മനുഷ്യന്റെ അപലപനീയ പെരുമാറ്റങ്ങളെ കുറിച്ചുള്ള, മുകളിൽ കൊടുത്തിരിക്കുന്ന ബൈബിൾ വർണന ആരംഭിക്കുന്നത് ഈ വാക്കുകളോടെയാണ്: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (2 തിമൊഥെയൊസ് 3:1) തട്ടിക്കൊണ്ടുപോകലുകൾ ഇത്രയധികം പെരുകാൻ ഇടയാക്കിയ, സമൂഹത്തിന്റെ മുഖ്യ ന്യൂനതകളിൽ മൂന്നെണ്ണം മാത്രം നമുക്കു പരിചിന്തിക്കാം.
നിയമം നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ
“ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.”—സഭാപ്രസംഗി 8:11.
കുറ്റകൃത്യങ്ങളുടെ വ്യാപനത്തെ കൈകാര്യം ചെയ്യുന്നതിനുള്ള വിഭവശേഷി മിക്ക പൊലീസ് സേനകൾക്കും ഇല്ല. അതുകൊണ്ടുതന്നെ, അനേകം രാജ്യങ്ങളിൽ തട്ടിക്കൊണ്ടുപോകൽ ഇഷ്ടം പോലെ പണം സമ്പാദിക്കാൻ കഴിയുന്ന ഒരു പരിപാടിയായി മാറിയിരിക്കുന്നു. കൊളംബിയയിലെ കാര്യമെടുക്കുക. 1996-ൽ ആ രാജ്യത്ത് തട്ടിക്കൊണ്ടുപോകലുകൾ നടത്തിയവരിൽ വെറും രണ്ടു ശതമാനത്തിനെതിരായി മാത്രമാണ് നിയമനടപടികൾ കൈക്കൊണ്ടത്. 1997-ൽ മെക്സിക്കോയിൽ, ചുരുങ്ങിയത് 840 കോടി രൂപയെങ്കിലും മോചനമൂല്യമായി നൽകപ്പെട്ടിട്ടുണ്ട്. ഫിലിപ്പീൻസിലാണെങ്കിൽ, ചില തട്ടിക്കൊണ്ടുപോക്കുകാർ ചെക്കായി പോലും മോചനമൂല്യം സ്വീകരിച്ചിരിക്കുന്നു.
ഇതിനു പുറമേ, വേലി തന്നെ വിളവു തിന്നുന്നത് അതായത്, നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ അഴിമതി കാണിക്കുന്നത്, കുറ്റകൃത്യങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിനു ചിലപ്പോഴൊക്കെ വിലങ്ങുതടിയായിത്തീരുന്നു. മെക്സിക്കോ, കൊളംബിയ, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിന് എതിരെ പ്രവർത്തിക്കുന്നതിൽ പ്രസിദ്ധി നേടിയിരിക്കുന്ന സംഘങ്ങളുടെ തലവന്മാർ തന്നെ അതു ചെയ്യുന്നതായി ആരോപണമുണ്ട്. ഫിലിപ്പീൻസിൽ നടക്കുന്ന തട്ടിക്കൊണ്ടുപോകലുകളുടെ 52 ശതമാനത്തിലും ഉദ്യോഗത്തിലിരിക്കുന്നവരോ വിരമിച്ചവരോ ആയ പൊലീസ് ഉദ്യോഗസ്ഥന്മാർ അല്ലെങ്കിൽ പട്ടാളക്കാർ ഉൾപ്പെട്ടിരിക്കുന്നതായി ഔദ്യോഗിക കണക്കുകൾ കാണിക്കുന്നുവെന്ന് ഫിലിപ്പീൻ സെനറ്റിന്റെ പ്രസിഡന്റായ ബ്ലാസ് ഓപ്ലെ പറഞ്ഞതായി ഏഷ്യാവീക്ക് എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. മെക്സിക്കോയിലെ ഒരു കുപ്രസിദ്ധ തട്ടിക്കൊണ്ടുപോക്കുകാരന്, “മുൻസിപ്പൽ, സംസ്ഥാന, കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥർക്കും പ്രോസിക്യൂട്ടർമാർക്കും നൽകുന്ന കൈക്കൂലിയാകുന്ന സിമന്റ് കൊണ്ട് ഉറപ്പിച്ച, ഔദ്യോഗിക സംരക്ഷണമാകുന്ന മതിൽ” അഭയം നൽകിയിരുന്നതായി പറയപ്പെടുന്നു.
ദാരിദ്ര്യവും സാമൂഹിക അനീതിയും
“പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.”—സഭാപ്രസംഗി 4:1.
ഇന്ന് അനേകരും സാമ്പത്തികവും സാമൂഹികവുമായി വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണു കഴിയുന്നത്. മിക്കപ്പോഴും, ഇങ്ങനെയുള്ളവരാണ് തട്ടിക്കൊണ്ടുപോകലുകൾ നടത്താറുള്ളതും. ഇന്നത്തെ ലോകത്തിൽ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് വർധിച്ചുകൊണ്ടേയിരിക്കുന്നതിനാലും സത്യസന്ധമായ മാർഗത്തിലൂടെ പണം സമ്പാദിക്കുന്നതു പ്രയാസമായിരിക്കുന്നതിനാലും തട്ടിക്കൊണ്ടുപോകൽ ഒരു പ്രലോഭനമായി തുടരുക തന്നെ ചെയ്യും. അടിച്ചമർത്തൽ ഉള്ളിടത്തോളം കാലം, തങ്ങളുടെ ദുസ്സഹമായ ചുറ്റുപാടിലേക്കു ശ്രദ്ധ ക്ഷണിക്കാനും അതിനോടു പകരം വീട്ടാനുമുള്ള ഒരു ഉപാധിയായി അവർ തട്ടിക്കൊണ്ടുപോകലുകൾ നടത്തും.
അത്യാർത്തിയും സ്നേഹമില്ലായ്മയും
“ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.” (1 തിമൊഥെയൊസ് 6:10) “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”—മത്തായി 24:12.
ചരിത്രത്തിലുടനീളം, പണസ്നേഹം ആളുകളെക്കൊണ്ട് അതിനീചമായ പ്രവൃത്തികൾ ചെയ്യിച്ചിട്ടുണ്ട്. മനുഷ്യന്റെ ഹൃദയവേദനയും ദുഃഖവും നിരാശയും മുതലെടുത്തു പണമുണ്ടാക്കുന്ന കാര്യത്തിൽ മറ്റേതെങ്കിലും കുറ്റകൃത്യം തട്ടിക്കൊണ്ടുപോകലിന്റെ ഒപ്പമെത്തുമോയെന്നു സംശയമാണ്. മുൻപരിചയമില്ലാത്ത ഒരു വ്യക്തിയോടു മൃഗീയമായി പെരുമാറാനും അയാളെ ക്രൂരമായി പീഡിപ്പിക്കാനും അയാളുടെ കുടുംബത്തെ ആഴ്ചകളോളമോ മാസങ്ങളോളമോ ചിലപ്പോൾ വർഷങ്ങളോളം പോലുമോ നീണ്ടുനിൽക്കുന്ന ഒരു അഗ്നിപരീക്ഷയിലൂടെ വലിച്ചിഴയ്ക്കാനും അനേകരെയും പ്രേരിപ്പിക്കുന്നത് അത്യാർത്തി അഥവാ പണസ്നേഹമാണ്.
മാനുഷിക മൂല്യങ്ങളെയൊക്കെ കാറ്റിൽ പറത്തുന്ന, പണത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്ന ഒരു സമൂഹത്തിന് എന്തോ കാര്യമായ തകരാറുണ്ട് എന്നതു വ്യക്തം. ഇത്തരമൊരു സമൂഹം, എല്ലാത്തരം കുറ്റകൃത്യങ്ങൾക്കും—തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ—പറ്റിയ ഒരു വിളനിലമായി വർത്തിക്കും എന്നതും തർക്കമറ്റ സംഗതിയാണ്.
അതിന്റെയർഥം, “അന്ത്യനാളുകൾ” എന്നു ബൈബിൾ വിളിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത് എന്നാണോ? അങ്ങനെയാണെങ്കിൽ, അത് ഈ ഭൂമിക്കും നമുക്കും എന്തർഥമാക്കും? തട്ടിക്കൊണ്ടുപോകലുകൾ ഉൾപ്പെടെ മനുഷ്യവർഗം ഇന്ന് അഭിമുഖീകരിക്കുന്ന ഭയാനകമായ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടോ?
[8-ാം പേജിലെ ചതുരം/ചിത്രം]
പുത്തരിയല്ല
പൊ.യു.മു. 15-ാം നൂറ്റാണ്ടിൽ തന്നെ, മോശൈക ന്യായപ്രമാണത്തിൽ തട്ടിക്കൊണ്ടുപോക്കുകാർക്കു വധശിക്ഷ കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 24:7) പൊ.യു.മു. ഒന്നാം നൂറ്റാണ്ടിൽ ജൂലിയസ് സീസറെ മോചനമൂല്യത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകുകയുണ്ടായി. അതുപോലെ, പൊ.യു. 12-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാർഡ് ഒന്നാമനും—സിംഹഹൃദയൻ എന്നർഥം വരുന്ന ലയൺഹാർട്ടഡ് എന്നും അദ്ദേഹത്തിനു പേരുണ്ട്—ബന്ദിയാക്കപ്പെട്ടു. മോചനമൂല്യം നൽകിയ കാര്യത്തിൽ ഇങ്കകളെ കടത്തിവെട്ടാൻ ഇതുവരെ ആരുമുണ്ടായിട്ടില്ല. 1533-ൽ, ബന്ദിയാക്കപ്പെട്ട അറ്റാഹുവാൽപ എന്ന തങ്ങളുടെ തലവനെ വിട്ടുകിട്ടുന്നതിന് ഫ്രാൻസിസ്കോ പിസാറൊ എന്ന സ്പാനീഷ് ജേതാവിന് 24 ടൺ സ്വർണവും വെള്ളിയുമാണ് അവർ നൽകിയത്. എന്നിട്ടും, സ്പാനീഷ് ജേതാക്കൾ അദ്ദേഹത്തെ കഴുത്തുഞെരിച്ചു കൊന്നു.
[9-ാം പേജിലെ ചിത്രം]
പൊലീസ് ജാഗ്രത പുലർത്തിയിട്ടും തട്ടിക്കൊണ്ടുപോകലുകൾ വ്യാപകമാണ്