തട്ടിക്കൊണ്ടുപോകൽ—പരിഹാരമുണ്ടോ?
“തട്ടിക്കൊണ്ടുപോകലുകൾ കൊണ്ട് രാഷ്ട്രം പൊറുതിമുട്ടിയിരിക്കുന്നു. മേലാൽ അത് അനുവദിച്ചുകൊടുക്കാനാവില്ല. ഈ തിന്മയ്ക്കെതിരെ സമൂഹം ഒന്നടങ്കം പടവാളേന്തേണ്ടതുണ്ട്.” തട്ടിക്കൊണ്ടുപോകലുകൾ വ്യാപകമായിരിക്കുന്ന റഷ്യയിലെ ഒരു റിപ്പബ്ലിക്കായ ചെച്നിയയിൽ നിന്ന് അതു നിർമാർജനം ചെയ്യാമെന്നു വാഗ്ദാനം ചെയ്യവെ അവിടത്തെ പ്രധാനമന്ത്രി പറഞ്ഞതാണിത്.
തട്ടിക്കൊണ്ടുപോകലുകൾ നിർമാർജനം ചെയ്യുമെന്നോ? ലക്ഷ്യം നല്ലതുതന്നെ. പക്ഷേ ചോദ്യമിതാണ്. എങ്ങനെ?
അതിനുവേണ്ടി നടത്തിവരുന്ന ശ്രമങ്ങൾ
കൊളംബിയയിൽ, തട്ടിക്കൊണ്ടുപോകൽ എന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിനു വേണ്ടി മാത്രം അധികൃതർ 2,000 രഹസ്യ ഏജന്റുമാരെയും 24 പബ്ലിക് പ്രോസിക്യൂട്ടർമാരെയും എന്തിന്, തട്ടിക്കൊണ്ടുപോകൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക കോ-ഓർഡിനേറ്ററെ പോലും നിയമിച്ചിരിക്കുന്നു. തട്ടിക്കൊണ്ടുപോകലുകൾ ധാരാളമായി നടക്കുന്ന ബ്രസീലിലെ റിയോ ഡി ജനീറോയിൽ അവയ്ക്കെതിരെ ഒരു പൊതുജനമാർച്ച് സംഘടിപ്പിച്ചപ്പോൾ പങ്കെടുത്തത് ഏകദേശം 1,00,000 പേരാണ്. ഇനി, തട്ടിക്കൊണ്ടുപോക്കുകാരുടെ ബന്ധുക്കളെ തന്നെ തട്ടിയെടുത്തുകൊണ്ട് ബ്രസീലിലെയും കൊളംബിയയിലെയും അർധസൈനിക സംഘങ്ങൾ തിരിച്ചടിച്ചിട്ടുണ്ട്. ചില ഫിലിപ്പീൻസുകാരാണെങ്കിൽ, നീതി നടപ്പാക്കുന്നതിനു സ്വന്തമായ മാർഗങ്ങൾ അവലംബിച്ചിരിക്കുന്നു. നിയമപരമായ കോടതി നടപടി കൂടാതെ, അവർ തട്ടിക്കൊണ്ടുപോകുന്നവരെ സ്വന്തംനിലയിൽ വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ട്!
തട്ടിക്കൊണ്ടുപോകുന്നവർക്കു വധശിക്ഷ നൽകാൻ ഗ്വാട്ടിമാലയിലെ അധികൃതർ തീരുമാനമെടുത്തിരിക്കുന്നു. ഈ കുറ്റകൃത്യത്തിന് ഒരു അവസാനം കാണുക എന്ന ലക്ഷ്യത്തിൽ അവിടത്തെ പ്രസിഡന്റ് സൈന്യത്തെ പോലും ഉപയോഗിക്കുകയുണ്ടായി. ഇറ്റലിയിൽ, തട്ടിക്കൊണ്ടുപോകലുകൾ തടയുന്നതിനു ഗവൺമെന്റ് ശക്തമായ നടപടികളാണു സ്വീകരിച്ചിരിക്കുന്നത്. മോചനമൂല്യം കൊടുക്കുന്നതു നിയമവിരുദ്ധമാക്കുക, അതു നൽകുന്നതു തടയാനായി ആളുകളുടെ പണവും വസ്തുവകകളുമെല്ലാം പിടിച്ചുവെക്കുക പോലുള്ളവ. ഈ നടപടികൾ, തട്ടിക്കൊണ്ടുപോകലുകൾ കുറയാൻ ഇടയാക്കിയിട്ടുണ്ടെന്ന് ഇറ്റാലിയൻ അധികൃതർ വീമ്പിളക്കുന്നു. വിമർശകർ പക്ഷേ പറയുന്നതു മറ്റൊന്നാണ്. അത്തരം നടപടികൾ, തട്ടിക്കൊണ്ടുപോകലുകൾ രഹസ്യത്തിൽ ഒത്തുതീർപ്പാക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും അതുകൊണ്ടാണ് ഔദ്യോഗികകണക്കുകളിൽ അതിന്റെ നിരക്കു കുറഞ്ഞതായി കാണപ്പെടുന്നത് എന്നും അവർ അഭിപ്രായപ്പെടുന്നു. 1980-കൾ മുതൽ ഇറ്റലിയിൽ തട്ടിക്കൊണ്ടുപോകലുകൾ വാസ്തവത്തിൽ ഇരട്ടിക്കുകയാണ് ഉണ്ടായതെന്നു സ്വകാര്യ സുരക്ഷാ ഉപദേഷ്ടാക്കൾ കണക്കാക്കുന്നു.
നിർദേശങ്ങൾ അനവധി—പരിഹാരങ്ങൾ ചുരുക്കം
കുടുംബത്തിലൊരാൾ ബന്ദിയാക്കപ്പെടുമ്പോൾ ശേഷമുള്ളവരുടെ മനസ്സിൽ സാധാരണഗതിയിൽ ഓടിയെത്തുന്ന ഒരേയൊരു പരിഹാര മാർഗം ഇതാണ്—മോചനമൂല്യം കൊടുത്ത് കഴിയുന്നതും നേരത്തെ തങ്ങളുടെ പ്രിയപ്പെട്ടയാളെ മോചിപ്പിക്കുക. എന്നാൽ, ഭാരിച്ച മോചനമൂല്യം ഉടനടി നൽകുന്ന ഒരു കുടുംബം, തട്ടിക്കൊണ്ടുപോകുന്നവരെ സംബന്ധിച്ചിടത്തോളം അനായാസം കുടുക്കാൻ കഴിയുന്ന ഒരു ഇരയാണെന്നും അതുകൊണ്ട്, അവർ രണ്ടാമതും വന്നേക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അല്ലെങ്കിൽ, ബന്ദിയെ വിട്ടുകൊടുക്കുന്നതിനു മുമ്പ് അവർ വീണ്ടും മോചനമൂല്യം ആവശ്യപ്പെട്ടേക്കാം.
കനത്ത മോചനമൂല്യം നൽകിയതിനുശേഷം ചില കുടുംബങ്ങൾക്കു തങ്ങളുടെ പ്രിയപ്പെട്ടയാൾ അതിനെല്ലാം മുമ്പേ മരണമടഞ്ഞിരുന്നു എന്ന പരുക്കൻ യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട്, ബന്ദി ജീവനോടിരിക്കുന്നു എന്നതിനു മതിയായ തെളിവു ലഭിക്കാതെ മോചനമൂല്യം നൽകുകയോ ഒത്തുതീർപ്പിനു ശ്രമിക്കുകയോ ചെയ്യരുത് എന്നാണ് വിദഗ്ധർ പറയുന്നത്. ഒരു മാർഗം, ബന്ദിക്കു മാത്രം ഉത്തരം പറയാൻ കഴിയുന്ന ഒരു ചോദ്യം ചോദിക്കുക എന്നതാണ്. ചില കുടുംബങ്ങൾ, അടുത്തകാലത്തെ ഒരു പത്രവും പിടിച്ചുകൊണ്ടിരിക്കുന്ന ബന്ദിയുടെ ഫോട്ടോ ആവശ്യപ്പെടാറുണ്ട്.
രക്ഷാപ്രവർത്തനങ്ങളെ കുറിച്ചെന്ത്? മിക്കപ്പോഴും അവയിൽ വലിയ അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. “ലാറ്റിൻ അമേരിക്കയിൽ ബന്ദികളാക്കപ്പെടുന്നവരിൽ എഴുപത്തൊമ്പത് ശതമാനവും രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെടുന്നു” എന്ന് തട്ടിക്കൊണ്ടുപോകൽ രംഗത്തെ ഒരു വിശകലന വിദഗ്ധനായ ബ്രൈയൻ ജെങ്കിൻസ് പറയുന്നു. എന്നിരുന്നാലും, ചിലപ്പോഴെല്ലാം രക്ഷപ്പെടുത്തൽ ശ്രമങ്ങൾ ലക്ഷ്യം സാധിക്കാറുണ്ട്.
അതുകൊണ്ട്, തട്ടിക്കൊണ്ടുപോകൽ തടയുന്നതിനെ കേന്ദ്രീകരിച്ചുള്ളതാണ് പല പരിഹാരമാർഗങ്ങളും എന്നതിൽ ഒട്ടും അതിശയിക്കാനില്ല. ഈ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നതു ഗവൺമെന്റ് അധികൃതർ മാത്രമല്ല. ബന്ദിയാക്കപ്പെടാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് എങ്ങനെ പുറത്തുചാടാമെന്നും ബന്ദിയാക്കുന്നവരുടെ ശ്രമങ്ങളെ വിഫലമാക്കത്തക്കരീതിയിൽ മനശ്ശാസ്ത്രപരമായി അവരെ എങ്ങനെ കടത്തിവെട്ടാമെന്നുമൊക്കെ പത്രങ്ങൾ ആളുകളെ പഠിപ്പിക്കുന്നു. തട്ടിക്കൊണ്ടുപോകുന്നതു തടയാൻ സഹായിക്കുന്ന മാർഗങ്ങളെ കുറിച്ച് ആയോധന കലാകേന്ദ്രങ്ങൾ കോഴ്സുകൾ നടത്തുന്നു. ചില കമ്പനികൾ, കുട്ടികളുടെ പല്ലിൽ ഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള അൾട്രാ മൈക്രോട്രാൻസ്മിറ്ററുകൾ വിപണിയിലിറക്കിയിരിക്കുന്നു. 6,00,000 രൂപ വില വരുന്ന ഇവ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പക്ഷം അവരെ പിന്തുടർന്നു രക്ഷിക്കാൻ പൊലീസിനെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഇനി, കാർ നിർമാതാക്കൾ തട്ടിക്കൊണ്ടുപോകൽ സാധ്യമല്ലാതാക്കുന്ന തരം സജ്ജീകരണങ്ങളോടു കൂടിയ കാറുകൾ—അതിന്റെ വില താങ്ങാൻ കഴിവുള്ളവർക്കു വേണ്ടി—നിർമിച്ചിരിക്കുന്നു. ഇത്തരം കാറുകളിൽ, കണ്ണീർവാതകം പ്രയോഗിക്കാനുള്ള സജ്ജീകരണങ്ങളും വെടിവെക്കാനുള്ള ദ്വാരങ്ങളും വെടിയുണ്ടയേൽക്കാത്ത ജനാലകളും കീറലുകൾ ഉണ്ടാക്കാൻ കഴിയാത്ത തരത്തിലുള്ള ടയറുകളും പിന്തുടർന്നു ചെല്ലുന്ന വാഹനം തെന്നിപ്പോകത്തക്കവിധം റോഡിലേക്ക് എണ്ണ ചീറ്റിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉണ്ട്.
സമ്പന്നരായ ചിലർ അംഗരക്ഷകരെ നിയമിക്കുന്നു. എന്നിരുന്നാലും, മെക്സിക്കോയിലെ സാഹചര്യത്തെ കുറിച്ചു സുരക്ഷാ വിദഗ്ധനായ ഫ്രാൻസിസ്കോ ഗോമെസ് ലെർമാ ഇങ്ങനെ പറയുന്നു: ‘അംഗരക്ഷകരെ നിയമിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം, അതു ശ്രദ്ധയാകർഷിക്കുമെന്നു മാത്രമല്ല ചിലപ്പോൾ അവർതന്നെ തട്ടിക്കൊണ്ടുപോകുന്നവരുമായി കൈകോർത്തു പ്രവർത്തിക്കാനും മതി.’
തട്ടിക്കൊണ്ടുപോകൽ അത്യന്തം സങ്കീർണമായ, ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പ്രശ്നമായതിനാൽ മനുഷ്യൻ എത്ര ശ്രമിച്ചാലും അത് ഇല്ലാതാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അതിന്റെയർഥം, ഒരു യഥാർഥ പരിഹാരം ഇല്ല എന്നാണോ?
ഒരു പരിഹാരമുണ്ട്
മനുഷ്യൻ അഭിമുഖീകരിക്കുന്ന ഇത്തരം എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേയൊരു യഥാർഥ പരിഹാരത്തിലേക്ക് ഈ മാസിക ആവർത്തിച്ചാവർത്തിച്ചു ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ, ദൈവ പുത്രനായ യേശുക്രിസ്തു ആ പരിഹാരത്തിലേക്കാണു വിരൽചൂണ്ടിയത്.—മത്തായി 6:10.
വ്യക്തമായും, ഭൂമിയിലെ വൈവിധ്യമാർന്ന മനുഷ്യസമൂഹത്തിന്റെ കാര്യങ്ങൾ നോക്കിനടത്താൻ നീതിനിഷ്ഠമായ ഒരു ലോകഗവൺമെന്റ് സ്ഥാപിതമാകേണ്ടതുണ്ട്. അതേ, യേശു പറഞ്ഞ ആ ദൈവരാജ്യം. അത്തരമൊരു ഗവൺമെന്റ് സ്ഥാപിക്കാൻ മനുഷ്യർക്കു സാധിച്ചിട്ടില്ലാത്തതിനാൽ, അതിനുവേണ്ടി നാം നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിലേക്കു നോക്കുന്നതാണ് ബുദ്ധിപൂർവകമായ സംഗതി. അവന്റെ ഉദ്ദേശ്യം അതുതന്നെയാണ് എന്ന് അവന്റെ വചനമായ ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.
പ്രവാചകനായ ദാനീയേൽ ഈ വാക്കുകളിൽ യഹോവയുടെ ഉദ്ദേശ്യം രേഖപ്പെടുത്തി: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ, ദൈവത്തിന്റെ ഗവൺമെന്റ് ക്രമാനുഗതമായ വിധത്തിൽ നടപടികൾ സ്വീകരിക്കുന്നത് എങ്ങനെയെന്നു ബൈബിൾ വിശദീകരിക്കുന്നു.
ശരിയായ വിദ്യാഭ്യാസം അത്യാവശ്യം
തട്ടിക്കൊണ്ടുപോകൽ എന്ന പ്രശ്നം പരിഹരിക്കുന്നതിന് ആളുകളിൽ ഈടുറ്റ മൂല്യങ്ങൾ ഉൾനടേണ്ടത് അനിവാര്യമാണെന്നു നിങ്ങൾ തീർച്ചയായും സമ്മതിക്കും. ഉദാഹരണത്തിന്, ബൈബിളിൽ കാണപ്പെടുന്ന ഈ ബുദ്ധിയുപദേശം എല്ലാവരും ബാധകമാക്കുകയാണെങ്കിൽ അത് മനുഷ്യ സമൂഹത്തിൽ എന്തു ഫലമുളവാക്കും എന്നു പരിചിന്തിക്കുക: “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ.” (എബ്രായർ 13:5) “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു.”—റോമർ 13:8.
ഭൂമിയിലുടനീളം 230-ലധികം രാജ്യങ്ങളിലായി യഹോവയുടെ സാക്ഷികൾ നടത്തുന്ന വിദ്യാഭ്യാസ പരിപാടിയെ കുറിച്ചു പരിചിന്തിക്കുമ്പോൾ, അത്തരം ബുദ്ധിയുപദേശങ്ങൾ ജീവിതത്തിൽ ബാധകമാക്കിയാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചിത്രം ലഭിക്കും. മുമ്പ്, അത്യാർത്തിപിടിച്ചവരോ അപകടകാരികളായ കുറ്റവാളികളോ ആയിരുന്ന പലരിലും ഈ പരിപാടി ആരോഗ്യാവഹമായ സ്വാധീനം ചെലുത്തിയിരിക്കുന്നു. നേരത്തെ തട്ടിക്കൊണ്ടുപോകലുകൾ നടത്തിയിരുന്ന ഒരാൾ ഇങ്ങനെ പറഞ്ഞു: “ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ എന്റെ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞിട്ട് പുതിയതു ധരിക്കേണ്ടതുണ്ടെന്ന് കാലക്രമത്തിൽ ഞാൻ തിരിച്ചറിഞ്ഞു, സൗമ്യവും ക്രിസ്തു യേശുവിന്റേതിനോടു സമാനവുമായ ഒരു വ്യക്തിത്വം.”
എങ്കിലും, ഒരു മികച്ച വിദ്യാഭ്യാസ പരിപാടിക്കു പോലും എല്ലാ കുറ്റവാളികളെയും, ഒരുപക്ഷേ ഭൂരിപക്ഷത്തെയും, നേരെയാക്കിയെടുക്കാൻ കഴിയില്ല. മാറ്റം വരുത്താൻ വിസമ്മതിക്കുന്നവർക്ക് എന്താണു സംഭവിക്കുക?
ദുഷ്പ്രവൃത്തിക്കാർ നശിപ്പിക്കപ്പെടും
മനഃപൂർവം തെറ്റുചെയ്യുന്നവർക്കു ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കാൻ കഴിയില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, . . . അത്യാഗ്രഹികൾ, . . . പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) “നേരുള്ളവർ ദേശത്തു [“ഭൂമിയിൽ,” NW] വസിക്കും . . . എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു [“ഭൂമിയിൽനിന്നു,” NW] ഛേദിക്കപ്പെടും.”—സദൃശവാക്യങ്ങൾ 2:21, 22.
പുരാതന നാളുകളിലെ ദൈവത്തിന്റെ ന്യായപ്രമാണം, മാനസാന്തരപ്പെടാത്ത ഒരു തട്ടിക്കൊണ്ടുപോക്കുകാരനു മരണശിക്ഷ ആയിരുന്നു വിധിച്ചിരുന്നത്. (ആവർത്തനപുസ്തകം 24:7) തട്ടിക്കൊണ്ടുപോകലുകൾ നടത്തുന്നവരെ പോലുള്ള അത്യാർത്തി പിടിച്ച വ്യക്തികൾക്ക് ദൈവരാജ്യത്തിൽ യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല. ഇന്നത്തെ കുറ്റവാളികൾക്ക് മനുഷ്യരുടെ നീതിവ്യവസ്ഥയെ വെട്ടിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, ദൈവത്തിന്റെ നീതിയിൽ നിന്നു ഒളിച്ചോടാൻ അവർക്കു കഴിയില്ല. യഹോവയുടെ നീതിനിഷ്ഠമായ രാജ്യഭരണത്തിൻ കീഴിൽ ജീവിതം ആസ്വദിക്കണമെങ്കിൽ, ദുഷ്പ്രവൃത്തിക്കാരെല്ലാവരും തങ്ങളുടെ പാത നേരെയാക്കിയേ തീരൂ.
കുറ്റകൃത്യങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നിടത്തോളം കാലം, കുറ്റകൃത്യങ്ങളും ഉണ്ടായിരിക്കും എന്നതു വ്യക്തമാണ്. എന്നാൽ, ദൈവരാജ്യം അതിന് അനുവദിക്കില്ല. കാരണം ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ആ രാജത്വം . . . ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും.” ദുഷ്പ്രവൃത്തിക്കാരും അതിൽ ഉൾപ്പെടും. ദൈവത്തിന്റെ രാജ്യം എന്നേക്കും നിലനിൽക്കും എന്നു പ്രവചനം തുടർന്നു പറയുന്നു. (ദാനീയേൽ 2:44) സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ!
നീതിനിഷ്ഠമായ ഒരു പുതിയ ലോകം
ബൈബിളിലെ മറ്റൊരു പ്രവചനം പരിചിന്തിക്കുക. പിൻവരുന്ന വാക്കുകളിൽ അതു ഭാവിയെ കുറിച്ച് മനോഹരമായി ഇങ്ങനെ വർണിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”—യെശയ്യാവു 65:21, 22.
ദൈവരാജ്യം ഈ മുഴുഗ്രഹത്തിന്റെയും മുഖച്ഛായ മാറ്റും. അന്നു ജീവിച്ചിരിക്കുന്ന എല്ലാവർക്കും സംതൃപ്തിദായകമായ ജോലിയിലും ആരോഗ്യാവഹമായ വിനോദങ്ങളിലും ഏർപ്പെട്ടുകൊണ്ടു തങ്ങളുടെ നൈസർഗിക പ്രാപ്തികൾ വികസിപ്പിച്ചെടുക്കുന്നതിനും അങ്ങനെ ജീവിതം പൂർണമായി ആസ്വദിക്കുന്നതിനും കഴിയും. ആരും തന്റെ അയൽക്കാരനെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്ത തരം അവസ്ഥകളായിരിക്കും ലോകമെമ്പാടും ഉണ്ടായിരിക്കുക. സമ്പൂർണ സുരക്ഷിതത്വബോധം അന്ന് ഉണ്ടായിരിക്കും. (മീഖാ 4:4) തട്ടിക്കൊണ്ടുപോകൽ ഇന്ന് ഗോളവ്യാപകമായ ഒരു ഭീഷണി ആണെങ്കിൽ, ദൈവരാജ്യത്തിൻ കീഴിൽ അത് ചരിത്രത്തിലെ കേവലം ഒരു അടഞ്ഞ അധ്യായമായി മാറും, ആരും അതേക്കുറിച്ച് ഓർക്കുക പോലും ഇല്ല.—യെശയ്യാവു 65:17.
[10-ാം പേജിലെ ചിത്രം]
“ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4