ലോകത്തെ വീക്ഷിക്കൽ
കത്തോലിക്കർ പാപ്പായ്ക്കു നിവേദനം നൽകുന്നു
1995-ന്റെ അവസാനത്തിൽ ജർമൻ കത്തോലിക്കർ, സഭയുടെ നവീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം തയ്യാറാക്കിയതായി സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. 16 ലക്ഷത്തോളം ആളുകൾ ഒപ്പിട്ട നിവേദനം, വിവാഹം ചെയ്യാൻ പുരോഹിതന്മാരെ അനുവദിക്കണമെന്നും പൗരോഹിത്യം സ്ത്രീകൾക്കും തുറന്നുകൊടുക്കണമെന്നും ലൈംഗികതയും ജനനനിയന്ത്രണവും സംബന്ധിച്ച അതിന്റെ നിലപാടു മാറ്റണമെന്നും അഭ്യർഥിച്ചു. “ഞങ്ങൾ വാസ്തവത്തിൽ സംബോധന ചെയ്യുന്നതു മാർപ്പാപ്പയെയാണ്,” നിവേദനത്തിന്റെ പ്രാരംഭകനായ ക്രിസ്റ്റ്യൻ വൈസ്നർ വിവരിച്ചു. ജർമൻ ബിഷപ്പ്സ് കോൺഫറൻസിന്റെ ചെയർമാനായ കാൾ ലെയ്മാന് ഈ അഭ്യർഥനയോടു കാര്യമായ വിയോജിപ്പുണ്ടായിരുന്നു. യാഥാസ്ഥിതിക കത്തോലിക്കരും നവീകരണപ്രസ്ഥാന കത്തോലിക്കരും എന്നിങ്ങനെയുള്ള വിഭജനത്തിന് ഇതിടയാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നിരുന്നാലും, ലെയ്മാൻ വത്തിക്കാനിൽ പോയി, നിവേദനത്തിന്റെ ഫലങ്ങൾ മാർപ്പാപ്പയ്ക്കു നൽകി.
1995-നോട് “അധിസെക്കൻഡ്” കൂട്ടുന്നു
സമയം കണക്കാക്കുന്നതിനുള്ള ഏറ്റവും ആശ്രയയോഗ്യമായ മാർഗം ഭൂമിയുടെ ഭ്രമണമല്ലെന്നതായി കാണപ്പെടുന്നു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, സമയം കണക്കാക്കുന്നതിനു ശാസ്ത്രജ്ഞന്മാർക്കു കുറേക്കൂടെ കൃത്യമായ ഒരു മാർഗമുണ്ട്—സീസ്സിയം അണു. അണുഘടികാരത്തിന്റെ സുപ്രധാന കേന്ദ്രമെന്നനിലയിൽ ഉപയോഗിക്കപ്പെടുന്ന സീസ്സിയം അണു, ഒരു സെക്കൻഡിൽ 919,26,31,770 പ്രാവശ്യം ദോലനം ചെയ്യുന്നു. ഈ തോതനുസരിച്ച്, അണുഘടികാരം “3,70,000 വർഷത്തിൽ ഏകദേശം ഒരു സെക്കൻഡിന്റെ വ്യത്യാസം” കാണിക്കുന്നുവെന്ന് അത് അഭിമാനിക്കുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോൾ ഭൂമിയുടെ ഭ്രമണത്തിന്റെ കൃത്യത ഇതിനെക്കാൾ പത്തുലക്ഷം പ്രാവശ്യം കുറഞ്ഞതാണ്. കാലാകാലങ്ങളിൽ അണുഘടികാരത്തോട് ഒരു “അധിസെക്കൻഡ്” കൂട്ടേണ്ടത് ഇതുകൊണ്ടാണ്. 1995-ന്റെ അവസാനത്തോട് ഇത്തരത്തിലുള്ള ഒരു “അധിസെക്കൻഡ്” കൂട്ടാൻ സമയപാലകരുടെ ഒരു അന്താരാഷ്ട്ര സമിതി തീരുമാനിച്ചു. “നമ്മുടെ ഗ്രഹത്തിന്റെ ഭ്രമണവും സമയത്തിന്റെ ഗതിയും” ഒത്തുപോകുന്നതിന് ഇതു സഹായിച്ചു. എങ്കിലും ഈ കണ്ടുപിടിത്തത്തിനുള്ള ബഹുമതി ശാസ്ത്രജ്ഞന്മാർക്കെടുക്കാനാവില്ല. വാസ്തവത്തിൽ, “ഘടികാരത്തിന്റെ ഉപആണവികകണങ്ങൾ, ഗ്രഹവ്യവസ്ഥകളുടെ മഹത്തായ ക്രമത്തെ ചെറിയ തോതിൽ അനുകരിക്കുകയാണ്,” ടൈംസ് പറയുന്നു.
ശിശുക്കളും സാങ്കേതികവിദ്യയും
“അക്ഷരജ്ഞാനികളാകുന്നതിനുമുമ്പ് കൂടുതൽകൂടുതൽ കുട്ടികൾ കമ്പ്യൂട്ടർജ്ഞാനികളാകുന്നു,” കാനഡയുടെ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. നടക്കാനും സംസാരിക്കാനും പഠിച്ചിട്ടില്ലാത്ത കുട്ടികൾ ഇപ്പോൾത്തന്നെ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. സ്വയം നിവർന്ന് ഇരിക്കാറായിട്ടില്ലാത്ത കുട്ടികളെപ്പോലും തങ്ങളുടെ മാതാപിതാക്കളുടെ മടിയിലിരുത്തി സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നു. ശിശുക്കളെ കമ്പ്യൂട്ടറുമായി പരിചിതരാക്കാനുള്ള തിരത്തള്ളൽ പൊതുവേ, തങ്ങളുടെ മക്കൾ സ്കൂളിൽ മുന്തിയവരാകണമെന്ന് അതിയായി ആഗ്രഹിക്കുന്ന മാതാപിതാക്കളിൽ നിന്നാണുണ്ടാകുന്നത്. കൂടാതെ, പല സോഫ്റ്റ്വെയർ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ, കുട്ടികളെ പഠിപ്പിക്കാനുള്ള ഉപകരണങ്ങളായി വിശേഷിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും, ഇത്രയും ചെറുപ്രായത്തിൽ യന്ത്രങ്ങളുമൊത്തു വർത്തിക്കുന്നതിനു നൽകിയിരിക്കുന്ന ഊന്നലിനെ ചില മാതാപിതാക്കൾ ചോദ്യംചെയ്യുന്നു. ഒരു മാതാവ് ഇപ്രകാരം പറഞ്ഞു: “നാം കമ്പ്യൂട്ടറുകളുമായി ബന്ധം വളർത്തിയെടുക്കുന്നില്ല, അല്ലെങ്കിൽ കുറഞ്ഞപക്ഷം നമ്മൾ അങ്ങനെ ചെയ്യണമെന്നു ഞാൻ വിചാരിക്കുന്നുമില്ല.”
എളുപ്പ പരിഹാരം
അടുത്തകാലത്ത് ജപ്പാനിൽ വൈദ്യശാസ്ത്ര ഗവേഷണത്തിനായി നൽകപ്പെടുന്ന മനുഷ്യ ശവശരീരങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നു. ദ ഡെയ്ലി യോമിയൂരി പറയുന്നതനുസരിച്ച്, “രണ്ടു മെഡിക്കൽ വിദ്യാർഥികൾക്ക് ഒരു ശരീരം വെച്ചും നാലു ദന്തവിദ്യാർഥികൾക്ക് ഒരു ശരീരംവെച്ചും ആവശ്യമാണ്. ഇതുമൂലം, വർഷത്തിൽ രാജ്യമൊട്ടാകെ ആവശ്യമായിവരുന്ന ശരീരങ്ങളുടെ എണ്ണം 4,500 ആണ്.” യഥാർഥത്തിൽ ആവശ്യമായിരിക്കുന്നതിൽ കൂടുതൽ ശരീരങ്ങൾ എന്തുകൊണ്ടാണ് ആളുകൾ നൽകുന്നത്? ശവക്കുഴികൾക്കുവേണ്ട സ്ഥലങ്ങളുടെ കുറവും കുടുംബബന്ധങ്ങൾ ക്ഷയിച്ചുവരുന്നതും നിർദേശിക്കപ്പെട്ടിരിക്കുന്ന കാരണങ്ങളിൽ ഉൾപ്പെടുന്നു.
ഐക്യനാടുകളിൽ എയ്ഡ്സ് 5,00,000-ത്തിൽ കവിയുന്നു
1995 ഒക്ടോബർ 31-ന് ഐക്യനാടുകളിൽ ആദ്യമായി, റിപ്പോർട്ടു ചെയ്യപ്പെട്ട എയ്ഡ്സ് കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞതായി ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ഇതിൽ 3,11,381 പേർ—62 ശതമാനം—രോഗംമൂലം മരിച്ചുകഴിഞ്ഞിരിക്കുന്നു. സ്വാഭാവികഭോഗത്തിലൂടെയുള്ള എയ്ഡ്സിന്റെ വളർച്ചയായിരുന്നു ദാരുണമായ മറ്റൊരു സംഭവവികാസം. 1981 മുതൽ 1987 വരെ സ്ത്രീകൾക്കിടയിലുള്ള എയ്ഡ്സ് കേസുകളുടെ അനുപാതം 8 ശതമാനം മാത്രമായിരുന്നു, എന്നാൽ 1993 മുതൽ 1995 വരെ ആ സംഖ്യ 18 ശതമാനമായി ഉയർന്നിരിക്കുന്നു.
ഓൺ-ലൈൻ ആസക്തർ
ഒരു ഫോൺലൈനിലൂടെ കമ്പ്യൂട്ടർ നെറ്റ്വർക്ക് ചെയ്യുന്ന സമ്പ്രദായം, “ഇന്റർനെറ്റ് ആസക്തി വൈകല്യം” എന്ന ഒരു പുതിയ അസുഖത്തിന് ഇടയാക്കിയിരിക്കുന്നു. ന്യൂ സയൻറിസ്റ്റ് പറയുന്നതനുസരിച്ച്, “മദ്യപാനാസക്തിക്കു തുല്യമായ ഓൺ-ലൈൻ അസുഖം അനുഭവിക്കുന്നവർ, തങ്ങളുടെ ഭ്രമം ചികിത്സിക്കുന്നതിനുവേണ്ടി വൻതോതിൽ, സഹായകഗ്രൂപ്പുകളുടെയും ചികിത്സാഗ്രൂപ്പുകളുടെയും സഹായം തേടുകയാണ്.” ഡോ. ഇവാൻ ഗോൾഡ്ബർഗ് എന്ന ന്യൂയോർക്കുകാരനായ ഒരു മനോരോഗവിദഗ്ധൻ, വിജ്ഞാന സൂപ്പർഹൈവേയിൽനിന്ന് “പുറത്തുകടക്കാൻ തത്രപ്പെടുന്ന”വരെ സഹായിക്കാൻ ഇന്റർനെറ്റ് ആസക്തി സപ്പോർട്ട് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. അസുഖത്തിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു: “സംതൃപ്തി നേടുന്നതിനായി ഇന്റർനെറ്റിന്മേൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരിക, ഇന്റർനെറ്റിനെക്കുറിച്ചുള്ള മിഥ്യാസങ്കൽപ്പങ്ങളും സ്വപ്നങ്ങളും കാണുക. “നെറ്റ് തങ്ങളുടെ ജീവിതത്തെ നശിപ്പിച്ചതായി പറയുന്നവരിൽനിന്ന് 20-ലേറെ പ്രതികരണങ്ങൾ ഗോൾഡ്ബർഗിന് ആളുകളിൽനിന്നു ലഭിച്ച”തായി ആ മാഗസിൻ പറയുന്നു.
സൂര്യപ്രകാശം മനോവീര്യം വർധിപ്പിക്കുന്നു
കെട്ടിടത്തിനുള്ളിലേക്കു കൂടുതൽ പ്രകൃതിസ്ഥ വെളിച്ചം കൊണ്ടുവരുന്നത്, “ഉയർന്ന ഉത്പാദനക്ഷമത”യ്ക്കും “ജോലിക്കു ഹാജരാകാതിരിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കു”ന്നതിനും ഇടയാക്കുമെന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. പ്രാരംഭത്തിൽ, ഊർജസംരക്ഷണത്തിനുള്ള ഒരു മാർഗമായി അവതരിപ്പിക്കപ്പെട്ട, ജോലിസ്ഥലത്തു സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലുള്ള കെട്ടിടനിർമാണരീതി, ജോലിക്കാരുടെ മനോവീര്യത്തെ വർധിച്ചതോതിൽ അഭിവൃദ്ധിപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, വളരെ വലിയ ഒരു കമ്പനിയായ ലോക്ക്ഹെഡ് കോർപ്പറേഷൻ, കാലിഫോർണിയയിലെ സണ്ണിവെയ്ലിൽ ഒരു പുതിയ ഓഫീസ് തുറന്നപ്പോൾ, ഊർജസംരക്ഷണത്തിനുള്ള അതിന്റെ നിർമാണരീതി “മൊത്തം ഊർജചെലവിനെ പകുതിയായി വെട്ടിച്ചുരുക്കി.” എന്തൊക്കെയായാലും, ജോലിക്കാർ തങ്ങളുടെ പുതിയ ചുറ്റുപാടുകളെ അത്രകണ്ട് ഇഷ്ടപ്പെടുമെന്ന്, ജോലിക്കു ഹാജരാകാതിരിക്കുന്നത് 15 ശതമാനം കുറയുമെന്നു തൊഴിലുടമകൾ പ്രതീക്ഷിച്ചിരുന്നില്ല. കെട്ടിടത്തിലേക്കു കൂടുതൽ സൂര്യപ്രകാശം കടത്തിവിടുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ചില്ലറക്കച്ചവടക്കാരും ശ്രദ്ധിക്കാതിരുന്നില്ല. കൃത്രിമ വെളിച്ചം ഉപയോഗിക്കുന്ന കടകളെ അപേക്ഷിച്ച് പ്രകൃതിസ്ഥ വെളിച്ചം ഉപയോഗിക്കുന്ന കടകളിൽ വിൽപ്പന “വളരെ ഉയർന്ന”താണെന്ന് ഒരു വ്യാപാരി കണ്ടെത്തി.
ജലാവബോധമുള്ള ഒരു ലോകം
“അടുത്ത നൂറ്റാണ്ടിലെ യുദ്ധങ്ങൾ ജലത്തെ പ്രതിയായിരിക്കും,” ലോക ബാങ്കിന്റെ പരിസ്ഥിതി വൈസ് പ്രസിഡന്റായ ഇസ്മായേൽ സ്രേഗിൽഡെ പറയുന്നു. സ്രേഗിൽഡെ പറയുന്നതനുസരിച്ച്, ഇപ്പോൾതന്നെ 80 രാജ്യങ്ങളിൽ ആരോഗ്യത്തെയും സാമ്പത്തികതയെയും ഭീഷണിപ്പെടുത്തുന്ന തരത്തിൽ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പക്ഷേ, ഭൂമിയിൽ ആവശ്യത്തിനുള്ള ജലം കിട്ടാനില്ല എന്നതല്ല പ്രശ്നം. “ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ മൊത്തം അളവ്, ജനസംഖ്യയുടെ ആവശ്യത്തിലധികമാണ്,” ജല വിദഗ്ധനായ റോബർട്ട് എംബറോജി പറയുന്നു. ജലം മോശമായി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഒട്ടുമിക്ക പ്രതിസന്ധികളും ഉണ്ടാകുന്നത്.” ജലസേചനത്തിനുപയോഗിക്കുന്ന ജലത്തിന്റെ പകുതി ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങുകയോ അല്ലെങ്കിൽ ബാഷ്പീകരിച്ചുപോവുകയോ ചെയ്യുന്നു. നഗര ജലസേചന പദ്ധതികളിൽ അവയുടെ ജലത്തിന്റെ 30 മുതൽ 50 വരെ ശതമാനമോ ചിലപ്പോൾ അതിലധികമോ പോലും ചോർന്നുപോകുന്നു. “വായുവിനെപ്പോലെ വിലകൊടുക്കേണ്ടതില്ലാത്ത ഒന്നായിട്ടല്ല, എണ്ണയെപ്പോലെ വിലയേറിയ ഒരു വിഭവമായി ജലത്തെ കൈകാര്യം ചെയ്യേണ്ട സമയം വരാൻ പോകുന്നു,” ദി ഇക്കണോമിസ്റ്റ് പറയുന്നു.
വേദനയില്ലാതെ ഉറങ്ങൽ
കുറിപ്പില്ലാതെപോലും കിട്ടുന്ന വേദനാസംഹാരികൾ ഉറക്കമില്ലായ്മ വരുത്തിത്തീർത്തേക്കാമെന്നു ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഡയറ്റ് & നുട്രീഷൻ ലെറ്റർ പറയുന്നു. “ഉന്നതനിലവാരത്തിലുള്ള ചില വേദനാസംഹാരികൾ ഒരു കപ്പ് കാപ്പിയിലുള്ളതിനെക്കാളോ അതിൽ കൂടുതലോ കഫീൻ ഉൾക്കൊള്ളുന്നതുകൊണ്ടാണിത്. മിക്കപ്പോഴും കഫീൻ—വീര്യംകുറഞ്ഞ ഒരു ഉത്തേജകം—ആസ്പിരിനിലും മറ്റു വേദനാസംഹാരികളിലും അവയുടെ ക്ഷമതയെ വർധിപ്പിക്കുന്നതിന് ചേർക്കുന്നു. വാസ്തവത്തിൽ, പ്രചാരത്തിലുള്ള ചില ബ്രാൻറുകൾ, രണ്ട്-ഗുളികകളുള്ള ഡോസിൽ 130 മില്ലിഗ്രാം വരെ കഫീൻ അടങ്ങുന്നു. ഒരു ശരാശരി കപ്പ് കാപ്പിയിലുള്ള 85 മില്ലിഗ്രാമിലേറെയാണ്” ഇത്. അതുകൊണ്ട്, കഫീൻ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ വേദനാസംഹാരിയുടെ ലേബലിൽ കൊടുത്തിരിക്കുന്ന “ചേരുവകൾ” നോക്കുക.
“ടിബി ടൈം ബോംബ്”
ഒട്ടുമിക്ക ഔഷധങ്ങളെയും ചെറുത്തുനിൽക്കുന്ന, പുതിയതരം ക്ഷയരോഗം (ടിബി) ഇന്ത്യയിൽ ആഴ്ചതോറും 10,000 ആളുകളെ കൊല്ലുന്നതായി ഇന്ത്യൻ എക്സ്പ്രസ് എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ലോകാരോഗ്യ സംഘടനയിലെ ക്രേഗ് ക്ലൗട്ട് പറയുന്നപ്രകാരം ഇന്ത്യ “ഒരു ടിബി ടൈം ബോംബിന്മേലാണ് ഇരിക്കുന്നത്.” ലോകവ്യാപകമായി, 175 കോടി ആളുകളെ ക്ഷയരോഗത്തിന്റെ ബാക്ടീരിയം ബാധിക്കുന്നു. ഒട്ടുമിക്ക കേസുകളും ദരിദ്ര വികസ്വര രാഷ്ട്രങ്ങളിലാണു നടക്കുന്നത് എന്നുള്ളതുകൊണ്ട് പുതിയ ഔഷധങ്ങൾ വിപണിയിൽ കൊണ്ടുവരുന്നതിനു പണം മുടക്കാൻ ഔഷധകമ്പനികൾ തയ്യാറാകുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ പത്രമായ ദ ലേൻസെറ്റ് സ്പോൺസർ ചെയ്ത ഒരു യോഗത്തിൽ സംബന്ധിക്കുന്നതിനുവേണ്ടി 40 രാജ്യങ്ങളിൽനിന്ന് ഒരുമിച്ചുകൂടിയ ഒരു സംഘം വിദഗ്ധർ പറയുന്നു.
ശിക്ഷിക്കപ്പെടാത്ത മോഷ്ടാക്കൾ
1994-ലെ കണക്കനുസരിച്ച്, ഇറ്റലിയിൽ, “മോഷണം നടത്തുന്ന 94 ശതമാനത്തിനു ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്, അക്രമത്തോടുകൂടിയ മോഷണം നടത്തുന്ന 80 ശതമാനത്തിനു ശിക്ഷയിൽനിന്നു രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്,” ലാ റിപ്പബ്ലിക്കാ പറയുന്നു. നീതിന്യായ അധികാരികൾക്കു നിയമം നടപ്പിലാക്കുന്ന ഏജൻസികളിൽനിന്നു ലഭിച്ച റിപ്പോർട്ടുകളിൽനിന്നാണ് സംഖ്യകൾ എടുത്തിരിക്കുന്നത്. റിപ്പോർട്ടു ചെയ്യപ്പെടാതെപ്പോകുന്ന നിരവധി മോഷണങ്ങൾ കണക്കിലെടുത്തിരുന്നെങ്കിൽ ശിക്ഷിക്കപ്പെടാതെപോകുന്ന കുറ്റകൃത്യങ്ങളുടെ ശതമാനം ഇതിലും കൂടുതലായേനെ.
ഇറ്റലിയിലെ കുടുംബഘടന മാറുന്നു
ഇറ്റലിയിലെ കുടുംബങ്ങളെപ്പറ്റിയുള്ള ഒരു സർവേയനുസരിച്ച് കൂടുതൽ കൂടുതൽ അവിവാഹിതരായ ആളുകൾ ഒരുമിച്ചു താമസിക്കുന്നു, വിവാഹിതരായ ദമ്പതികൾ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നു എന്ന് ഇറ്റാലിയൻ വർത്തമാനപത്രമായ ലാ റിപ്പബ്ലിക്കാ പറയുന്നു. വർഷംതോറും 18,000 വിവാഹങ്ങൾ നടത്തപ്പെടുന്നു. ഇവയിൽ കുറഞ്ഞത് ഒരു പങ്കാളി പുനർവിവാഹം ചെയ്യുന്നു. ഈ പുതിയ വിവാഹബന്ധങ്ങൾ മിക്കപ്പോഴും ആദ്യവിവാഹത്തിൽനിന്നുള്ള കുട്ടികൾ ഉൾപ്പെടുന്ന വലിയ കുടുംബങ്ങൾ സൃഷ്ടിക്കുന്നു. ഈ പ്രവണതയും ഒപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ വർധനവും, പരമ്പരാഗത ഇറ്റാലിയൻ കുടുംബത്തിന്റെ ഘടനയ്ക്കു ദ്രുതഗതിയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു.