ലോകത്തെ വീക്ഷിക്കൽ
“കാണാതാവുന്ന” സ്ത്രീകൾ
“ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ സ്ത്രീകളോടു പക്ഷപാതിത്വമില്ലാതെ ഇടപെടുന്ന സമൂഹങ്ങളിൽ ഓരോ 100 പുരുഷന്മാർക്കും 106 സ്ത്രീകൾ വീതമുണ്ട്. ഇതു ജൈവശാസ്ത്രപരമായ ഒരു യാഥാർഥ്യമാണ്,” യൂറോപ്യൻ യൂണിയൻ പ്രസിദ്ധീകരിച്ച ദ കുറിയർ എന്ന മാഗസിൻ പറയുന്നു. എന്നാൽ യുഎൻ പഠനങ്ങൾ മറ്റൊരു യാഥാർഥ്യവും ചൂണ്ടിക്കാട്ടുന്നു: ചൈന, ഇന്ത്യ, കൊറിയൻ റിപ്പബ്ലിക്ക്, പാകിസ്ഥാൻ എന്നിങ്ങനെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഓരോ 100 പുരുഷന്മാർക്കും ശരാശരി 94 സ്ത്രീകൾ വീതമേയുള്ളൂ. എന്തുകൊണ്ട്? “ശാസ്ത്രപരമായ നേട്ടങ്ങൾ, പ്രാരംഭ ദശയിൽതന്നെ ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണയിക്കുന്നത് സാധ്യമാക്കിത്തീർത്തിരിക്കുന്നു, ഇത് സ്ത്രീ-പുരുഷ ജനന അനുപാതത്തിൽ ക്രമക്കേടുകൾ” വർധിപ്പിച്ചിരിക്കുന്നു എന്ന് ദ കുറിയർ വിശദീകരിക്കുന്നു. ഉദാഹരണത്തിന്, കൊറിയൻ റിപ്പബ്ലിക്കിൽ 1982-ൽ ഓരോ 100 ആൺകുട്ടികൾക്കും 94 പെൺകുട്ടികൾവീതം ജനിച്ചു. എന്നാൽ, 1989-ൽ ആ അനുപാതം, ഓരോ 100 ആൺകുട്ടികൾക്കും 88 പെൺകുട്ടികൾ എന്നായി കുറഞ്ഞു. നമ്മുടെ ഗ്രഹം എന്ന യുഎൻ പ്രസിദ്ധീകരണം കൂട്ടിച്ചേർക്കുന്നു: “കണക്കുകൾ ഞെട്ടിക്കുന്നതാണ്: പെൺ ശിശുഹത്യയും ഗർഭസ്ഥശിശു പെണ്ണാണെങ്കിൽ ഗർഭച്ഛിദ്രം നടത്തുന്നതും മൂലം പത്തുകോടി ഏഷ്യൻ സ്ത്രീകളെ ‘കാണാതാവുന്നു.’”
ആയുധങ്ങൾക്കോ വികസനത്തിനോ?
നൂറ് യു.എസ്. ഡോളർകൊണ്ട്, ഒരു എകെ-47 റൈഫിളോ ഒരു വയസ്സുള്ള 3,000 കുട്ടികളിൽ അന്ധത തടയാൻവേണ്ട വിറ്റാമിൻ-എ കാപ്സ്യൂളുകളോ വാങ്ങാൻ കഴിയും. പത്തുകോടി ഡോളർകൊണ്ട് ഒരു കോടി ഭൂതല മൈനുകളോ 77 ലക്ഷം കുട്ടികളെ മരണകരമായ 6 ശൈശവരോഗങ്ങളിൽനിന്നു സംരക്ഷിക്കുന്നതിനു മതിയായ രോഗപ്രതിരോധ വസ്തുക്കളോ വാങ്ങിക്കുന്നതിനു കഴിയും. എൺപതു കോടി ഡോളർകൊണ്ട് 23 എഫ്-16 യുദ്ധവിമാനങ്ങളോ 160 കോടി ആളുകളെ ബുദ്ധിമാന്ദ്യംപോലെ അയഡിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന വൈകല്യങ്ങളിൽനിന്നു സംരക്ഷിക്കാൻ കഴിയുന്നവിധം ഉപ്പിൽ പത്തു വർഷത്തേക്കു ചേർക്കാൻ വേണ്ട അയഡിനോ വാങ്ങാൻ കഴിയും. ഏതാണ്ട് 240 കോടി ഡോളർകൊണ്ട് ഒരു ആണവ മുങ്ങിക്കപ്പൽ വാങ്ങാനോ 4.8 കോടി ആളുകൾക്ക ജലവും ശുചീകരണ സൗകര്യങ്ങളും വാങ്ങാനോ കഴിയും. ലോകം മുൻഗണന നൽകുന്നത് എന്തിനാണ്? ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ചിൽഡ്രൻ 1996 പറയുന്നതനുസരിച്ച് 1994-ൽ മാത്രമായി വികസ്വര രാഷ്ട്രങ്ങൾക്കു വിൽപന നടത്തിയ ആയുധങ്ങളുടെ വില മൊത്തം 2,540 കോടി ഡോളർ ആണ്, വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ചെലവഴിക്കാമായിരുന്ന പണംതന്നെ.
റോഡ് മുറിച്ചുകടക്കുന്ന കടമാനിൽനിന്നുള്ള അപകടം
ഒരു കടമാൻ റോഡ് മുറിച്ചുകടക്കുന്നത് എന്തിനാണ്? ഈ ചോദ്യം, ന്യൂഫൗണ്ട്ലാൻഡിലെ വന്യജീവി ജൈവശാസ്ത്രജ്ഞന്മാരെയും പ്രദേശത്തെ ഹൈവേകൾ ഉപയോഗിക്കുന്ന തദ്ദേശ ഡ്രൈവർമാരെയും ആയിരക്കണക്കിനു വിനോദസഞ്ചാരികളെയും സംബന്ധിച്ചിടത്തോളം തമാശയല്ല. “വർഷംതോറും ന്യൂഫൗണ്ട്ലാൻഡിന്റെ ഹൈവേകളിൽ ഏതാണ്ട് 300 കാർ-കടമാൻ അപകടങ്ങൾ സംഭവിക്കുന്നു, ഇതിൽ പലതും ഡ്രൈവർമാരുടെ മരണത്തിൽ കലാശിക്കുന്നു,” ഗ്ലോബ് ആൻഡ് മെയിൽ എന്ന വർത്തമാനപത്രം പറയുന്നു. “450 കിലോഗ്രാം തൂക്കം വരുന്ന കടമാൻ, ഒരു ഉരുളൻപാറപോലെ കാറിനുമുകളിൽ വന്നുപതിച്ചേക്കാം, കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തുകൊണ്ട്.” ദ്വീപിൽ ഇപ്പോഴുള്ള കടമാനിന്റെ 1,50,000 എന്ന സംഖ്യയിൽ കുറവുവരുത്തിയതുകൊണ്ടുമാത്രമായില്ല, പ്രകൃതിവിഭവ ഡിപ്പാർട്ടുമെൻറിലെ ഷാൻ മാഹോനീ പറയുന്നു. കാരണം, കടമാനുകളുടെ എണ്ണം കുറവുള്ള പല പ്രദേശങ്ങളിലും അപകടങ്ങളുടെ എണ്ണം കൂടുതലാണ്. കൂട്ടങ്ങളുടെ സഞ്ചാരങ്ങളെപ്പറ്റി വിശകലനം ചെയ്തുകൊണ്ട്, പൊതുവേ ഗതാഗതത്തെ ഭയപ്പെടുന്ന കടമാൻ റോഡ് മുറിച്ചുകടക്കുന്നതെന്തുകൊണ്ടാണെന്നു പഠിക്കാനാകുമെന്നു ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നു.
നൗരുവിന്റെ ദയനീയസ്ഥിതി
നൗരു, ലോകത്തിലെ ഏറ്റവും ചെറിയതും ഒറ്റപ്പെട്ടുനിൽക്കുന്നതുമായ ഒരു റിപ്പബ്ലിക്ക്, ഒരിക്കൽ അതിന്റെ ഉഷ്ണമേഖലാ മനോഹാരിതയ്ക്കു ശ്രദ്ധേയമായിരുന്നു. 20 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ ദ്വീപ് ആദ്യമായി 18-ാം നൂറ്റാണ്ടിൽ കണ്ട യൂറോപ്യൻ കടൽയാത്രക്കാർ ഇതിനെ പ്രസന്ന ദ്വീപ് എന്നു വിളിച്ചു. എന്തായാലും ഇപ്പോൾ, തീരപ്രദേശത്തിന്റെ വീതികുറഞ്ഞ ഓരംമാത്രമേ വാസയോഗ്യമായിട്ടുള്ളൂ. നൗരു, “ഭൂമിയിൽ പരിസ്ഥിതിപരമായി അത്യധികം നശിപ്പിക്കപ്പെട്ടിട്ടുള്ള രാഷ്ട്ര”മായിത്തീർന്നിരിക്കുന്നുവെന്ന് ദ ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടു. എന്തുകൊണ്ട്? സ്ട്രിപ്പ് മൈനിങ് (മുകളിലുള്ള മണ്ണും പാറയും വെട്ടിമാറ്റി ധാതുക്കൾ കുഴിച്ചെടുക്കുന്ന സമ്പ്രദായം). ആയിരക്കണക്കിനു വർഷങ്ങളിൽ വീണ പക്ഷികളുടെ കാഷ്ഠത്തിന്റെയും സമുദ്രത്തിലെ സൂക്ഷ്മാണുജീവികളുടെയും പ്രവർത്തനത്തിന്റെ ഉത്പന്നമായ ഫോസ്ഫേറ്റുകൾ 90 വർഷക്കാലം കുഴിച്ചെടുത്തിരിക്കുന്നു, “22 മീറ്ററോളം ഉയരം വരുന്ന ചാമ്പൽനിറത്തോടുകൂടിയ ചില ചുണ്ണാമ്പുകല്ലുകളുടെ കൊടുമുടികളും കുഴികളുമുള്ള, ഭയാനകമായ ഒരു പ്രദേശമാക്കി അതിനെ അവശേഷിപ്പിച്ചുകൊണ്ടുതന്നെ.” ഖനനം ചെയ്തിരിക്കുന്ന ദ്വീപിന്റെ 80 ശതമാനം പ്രദേശത്തുനിന്നുയരുന്ന ചൂട്, കാലാവസ്ഥയെയും ബാധിച്ചിരിക്കുന്നു. ഇത് മഴമേഘങ്ങളെ ഇല്ലാതാക്കുന്നതുകൊണ്ട് പ്രദേശത്തു വരൾച്ച ബാധിച്ചിരിക്കുന്നു. ഫോസ്ഫേറ്റിന്റെ അവസാന നിക്ഷേപങ്ങളും അഞ്ചു വർഷത്തിനുള്ളിൽ വേർപെടുത്തിയെടുക്കുമെന്നു കരുതപ്പെടുന്നു. നൗരു വിട്ട് തങ്ങളുടെ സമ്പത്തുകൊണ്ട് മറ്റേതെങ്കിലും ദ്വീപിലുള്ള ഒരു വീടു വാങ്ങി താമസം മാറ്റുന്നതാണ് ഏക പരിഹാരമെന്ന് നൗരുവിലുള്ളവർക്കു തോന്നുന്നു.
ഗിനിവിര രോഗം ഒതുങ്ങുന്നു
“വസൂരിക്കുശേഷം, ഉന്മൂലനം ചെയ്യേണ്ട രണ്ടാമത്തെ മനുഷ്യരോഗം ഗിനിവിര ആണെന്നു കാണപ്പെടുന്നു,” ദി ഇക്കണോമിസ്റ്റ് പറയുന്നു. “1989 എന്ന സമീപവർഷം വരെ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 9,00,000 ആയിരുന്നത് കഴിഞ്ഞ വർഷം 1,63,000 എന്നായി കുറഞ്ഞു. മാത്രമല്ല, ഒട്ടുമിക്ക രാജ്യങ്ങളിലും ഓരോ വർഷവും 50 ശതമാനം കുറഞ്ഞുവരുന്നു.” “യുദ്ധവും രോഗവും കൈകോർത്തു പോകുന്ന” സുഡാനാണ് ഇതിന് ഒരപവാദം. അതിസൂക്ഷ്മ ലാർവയിൽനിന്നു ജീവിതമാരംഭിക്കുന്ന ജലത്തിലൂടെ പടരുന്ന പരാദമായ ഗിനിവിര, മധ്യേഷ്യ, പാകിസ്ഥാൻ, അനേകം ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ജലം ശുദ്ധീകരിക്കുന്ന ഒരു രാസവസ്തു ഉപയോഗിച്ചുകൊണ്ടും കുടിവെള്ളം ഒരു തുണിയിലൂടെ അരിച്ചെടുക്കാൻ ആളുകളെ പഠിപ്പിച്ചുകൊണ്ടും രോഗബാധിതർ കുടിവെള്ള ഉറവുകളിൽ കുളിക്കുന്നതോ നടക്കുന്നതോ തടഞ്ഞുകൊണ്ടും ഏജൻസികൾ അതു നിയന്ത്രണാധീനമാക്കിയിട്ടുണ്ട്. ഒരിക്കൽ അകത്തായിക്കഴിഞ്ഞാൽ, ഇണചേർന്നതിനുശേഷം ആൺവിരകൾ ചാകുന്നു. പെൺവിരയ്ക്ക് ഒരു മീറ്റർ നീളം വെക്കുന്നു. ദീർഘനാൾ കഴിഞ്ഞ് പല ആഴ്ചകൾകൊണ്ട് ബാധിക്കപ്പെട്ടവ്യക്തിയുടെ കാലിലുണ്ടാകുന്ന വേദനിപ്പിക്കുന്ന വ്രണങ്ങളിൽനിന്ന് അത് പുറത്തുവരുന്നു. ചിലപ്പോൾ ഇത് പേശികളെ തളർത്തുകയോ നശിപ്പിക്കുകയോ ചെയ്തേക്കാം.
വിനാശദിന ഘടികാരം മുന്നോട്ടു നീങ്ങുന്നു
ദ ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക്ക് സയൻറിസ്റ്റ്സിന്റെ പുറത്തുള്ള പ്രസിദ്ധമായ വിനാശദിന ഘടികാരത്തിന്റെ മിനിറ്റ് സൂചി അർധരാത്രിയോട് മൂന്നു മിനിറ്റു കൂടെ അടുത്തിരിക്കുന്നു. ലോകം ഒരു ന്യൂക്ലിയർ യുദ്ധത്തോട് എത്രമാത്രം അടുത്തിരിക്കുന്നുവെന്നതാണ് ഘടികാരം പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നത്. 1947-ൽ അത് അവതരിപ്പിക്കപ്പെട്ടശേഷം, ലോക കാര്യാദികളിലുള്ള മാറ്റത്തിനനുസരിച്ച് 16 തവണ ഘടികാരത്തിൽ സമയം മാറ്റിയിട്ടുണ്ട്. ന്യൂക്ലിയർ അർധരാത്രിയോട് അത് ഏറ്റവും അടുത്തുവന്നത്—രണ്ട് മിനിറ്റ്—1953-ൽ ഐക്യനാടുകൾ നടത്തിയ ആദ്യത്തെ ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിനുശേഷമായിരുന്നു. 1991-ൽ ശീതയുദ്ധത്തിനുശേഷമുണ്ടായിരുന്ന ശുഭപ്രതീക്ഷമൂലം അർധരാത്രിക്ക് 17 മിനിറ്റ് പുറകിലേക്കു നീക്കിയപ്പോഴായിരുന്നു ഒടുവിലായി അത് മാറ്റപ്പെട്ടത്. ഘടികാരത്തിൽ 14 മിനിറ്റ് മുന്നോട്ടു നീക്കിയിരിക്കുന്നത്, ലോകത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ലോകസംഘർഷത്തെ സംബന്ധിച്ച ഉത്കണ്ഠയെയും ന്യൂക്ലിയർ ശേഖരത്താലുള്ള അരക്ഷിതത്വത്തെയും ന്യൂക്ലിയർ ഭീകരപ്രവർത്തന ഭീഷണിയെയും പ്രതിഫലിപ്പിക്കുന്നു. “ലോകം ഇപ്പോഴും വളരെ അപകടകരമായ ഒരിടംതന്നെ,” ദ ബുള്ളറ്റിന്റെ ചെയർമാനായ ലിയോണാർഡ് റീസർ പറഞ്ഞു.
നവജാത ശിശുക്കൾ ഉപേക്ഷിക്കപ്പെടുന്നു
ഇറ്റലിയിൽ ഒരമ്മയ്ക്ക് തന്റെ നവജാത ശിശുവിനെ സ്വീകരിക്കാൻ നിയമപരമായി വിസമ്മതിക്കാനാവും, അതിനെ ദത്തെടുക്കാൻ പറ്റിയ ദമ്പതികളെ തേടിപ്പിടിക്കാനുള്ള ഉത്തരവാദിത്വം ബാലജനസംരക്ഷണാധികാരികൾക്കു വിട്ടുകൊടുത്തുകൊണ്ട്. എങ്കിലും 1995-ൽ ഏതാണ്ട് 600 കുട്ടികൾ ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ടു, “ഒട്ടേറെ പേർ കുപ്പത്തൊട്ടിയിൽ, ചിലർ പള്ളികൾക്കും ആരോഗ്യപരിപാലനകേന്ദ്രങ്ങൾക്കും അരികിൽ,” ഇറ്റാലിയൻ വർത്തമാനപത്രമായ ലാ റിപ്പബ്ലിക്കാ പറയുന്നു. രാജ്യത്തിന്റെ അത്യന്തം വ്യവസായവൽകൃതവും സമ്പന്നവുമായ പ്രദേശങ്ങളിലും അതുപോലെതന്നെ ഏറ്റവും ദരിദ്രവും അൽപ്പവികസിതവുമായ പ്രദേശങ്ങളിലുമാണ് ഈ പ്രതിഭാസം നടക്കുന്നത്. ഇറ്റാലിയൻ സൊസൈറ്റി ഓഫ് സൈക്കോളജിയുടെ പ്രസിഡന്റായ വേര സ്ലീപോയി പറയുന്നതനുസരിച്ച് സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന “മൃത്യുബോധത്തിന്റെ മുന്നറിയിപ്പിൻ സൂചന”യാണിത്.
ദാഹിക്കുമ്പോൾ മാത്രം പോരാ
“ഒരു വ്യക്തി ദാഹിക്കുമ്പോൾ മാത്രം കുടിക്കാമെന്നു വെച്ചാൽ അയാൾ ആവശ്യത്തിന് കുടിക്കാൻ പോകുന്നില്ല,” ശരീര വ്യായാമ പ്രൊഫസറായ ഡോ. മാർക്ക ഡേവിസ് പറയുന്നു. ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് കുറഞ്ഞതിനുശേഷമാണ് ദാഹം തോന്നുന്നത് എന്നുള്ളതുകൊണ്ട് ഒട്ടേറെ ആളുകൾ അൽപ്പം നിർജലീകൃത അവസ്ഥയിലാണ്. വയസ്സ് കൂടുന്തോറും ദാഹം തോന്നാനുള്ള കഴിവ് കുറഞ്ഞുവരുന്നു. ദ ന്യൂയോർക്ക് ടൈംസിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്ന പോലെ ചൂടുള്ള അല്ലെങ്കിൽ കൊടും തണുപ്പുള്ള വരണ്ട കാലാവസ്ഥയിൽ, നമ്മൾ വ്യായാമം ചെയ്യുമ്പോൾ അല്ലെങ്കിൽ പഥ്യത്തിലായിരിക്കുമ്പോൾ, ഏതെങ്കിലും അസുഖത്തെത്തുടർന്ന് ജലാംശം നഷ്ടപ്പെടുന്ന തരത്തിലുള്ള വയറ്റിളക്കം, പനി, ഛർദി എന്നീ അവസ്ഥകളുണ്ടായിരിക്കുമ്പോൾ ഒക്കെ നമുക്കു വെള്ളം കൂടുതൽ ആവശ്യമായി വരുന്നു. നാരുകൾ അധികം അടങ്ങിയ ഭക്ഷണക്രമം ഉള്ളവരും കൂടുതൽ വെള്ളം ആവശ്യമാക്കിത്തീർക്കുന്നു. ഉദരത്തിലൂടെ നാരുകളെ കടത്തിക്കൊണ്ടുപോകാൻ വേണ്ടിയാണിത്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ ശതമാനം ഉയർന്നതാണെങ്കിലും വെള്ളം കുടിക്കുന്നതിലൂടെയാണ് നമ്മുടെ ആവശ്യങ്ങൾ പലതും നിർവഹിക്കപ്പെടുന്നത്. വേഗത്തിൽ വലിച്ചെടുക്കപ്പെടുമെന്നുള്ളതുകൊണ്ട് ഏറ്റവും നല്ലത് വെള്ളമാണ്. മധുരം കൂടുന്തോറും ദ്രാവകം ഏറ്റവും പതുക്കെയാണ് വലിച്ചെടുക്കപ്പെടുന്നത്. സോഡ നിങ്ങൾക്കു കൂടുതൽ ദാഹം തോന്നിപ്പിച്ചേക്കാം, പഞ്ചസാര ദഹിപ്പിക്കാൻ ദ്രാവകം വേണമെന്നതുതന്നെ കാരണം. കഫീനും മദ്യവും മൂത്രവർധിനികളായതിനാൽ അവ അടങ്ങിയ പാനീയങ്ങളെ ആശ്രയിക്കുന്നത് ജലാംശം നഷ്ടപ്പെടുന്നതിനിടയാക്കും. “മുതിർന്നവർ ചുരുങ്ങിയത് ദിവസവും 2.4 ഡെസിലിറ്ററിന്റെ എട്ടു ഗ്ലാസ് വെള്ളം കുടിക്കണം,” ടൈംസ് പറയുന്നു.
പ്രസിദ്ധമായ ഈജിപ്ഷ്യൻ കല്ലറകൾ തുറക്കപ്പെടുന്നു
നിരവധി വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന രാജ്ഞികളുടെ താഴ്വരയിലെ നെഫർതാര ശവകുടീരം പുനഃസ്ഥിതീകരിക്കപ്പെടുകയും പൊതുജനത്തിനായി വീണ്ടും തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു. “‘ലക്ഷോറിലെ വടക്കൻ തീരത്ത് അല്ലെങ്കിൽ ഈജിപ്തിലൊട്ടാകെപോലും ഏറ്റവും ആകർഷകമായ കുടീരം വാസ്തവത്തിൽ ഇതുതന്നെ,’ സുപ്രീം കൗൺസിൽ ഫോർ ആൻറിക്വിറ്റീസിന്റെ ശാഖയിലെ തലവനായ മുഹമ്മദ് ഏൽ സോജിയർ പറഞ്ഞു. ‘അത് റാംസസ് II-ന്റെ കാലത്തെ അതിവിദഗ്ധ കലാകാരന്മാരാൽ നിർമിക്കപ്പെട്ടതാണ്. നെഫർതാരയോടുള്ള അതിയായ സ്നേഹം മൂലമാണ് അദ്ദേഹം ഈ രാജകീയ കല്ലറ നിർമിച്ചത്. സാധ്യമായതിൽ ഏറ്റവും നല്ല കുടീരം അവർക്കു ലഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.’” എന്തായാലും, 430 ചതുരശ്ര മീറ്റർ വരുന്ന മനോഹരമായ ചിത്രങ്ങൾ വെള്ളപ്പൊക്കവും ചെളിയും തുളച്ചുകടക്കുന്ന ഉപ്പുകല്ലുകളുംകൊണ്ട് മിക്കവാറും നശിപ്പിക്കപ്പെട്ടു. 1986-ൽ വർഷങ്ങളായുള്ള കൂടിയാലോചനയ്ക്കുശേഷം ഒരു അന്താരാഷ്ട്ര ടീം, കുടീരം കണ്ടെത്തിയ ഈജിപ്തിനെക്കുറിച്ചു പഠിക്കുന്ന ഇറ്റലിക്കാരനായ ഏർണസ്റ്റോ ഷിയാപറേല്ലി എടുത്ത ഫോട്ടോകൾ ഉപയോഗിച്ച് ചുവർകഷണങ്ങൾ ചേർത്തുവെക്കുകയെന്ന ആയാസകരമായ ജോലിയാരംഭിച്ചു. ഈർപ്പസംബന്ധമായ പ്രശ്നങ്ങൾമൂലം സന്ദർശകരുടെ എണ്ണം കുറച്ചിട്ടുണ്ട്. അബു സിമ്പെലിലുള്ള ക്ഷേത്രങ്ങളിലൊന്ന് റാംസസ് II നെഫർതാരയ്ക്കായി സമർപ്പിച്ചപ്പോഴും അവർ അദ്ദേഹത്താൽ ബഹുമാനിക്കപ്പെടുകയുണ്ടായി.