ഗർഭാശയത്തിലേക്കുള്ള ഒരു ജാലകം
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
അജാത ശിശുവിന് ഉണ്ടായിരുന്നേക്കാവുന്ന ശാരീരികമോ മാനസികമോ ആയ പല വൈകല്യങ്ങളും വർധിച്ച കൃത്യതയോടെ നിർണയിക്കാൻ ആധുനിക പ്രസവപൂർവ പരിശോധനകൾ ഇപ്പോൾ ഡോക്ടർമാരെ സഹായിക്കുന്നു. ഇതിനുപയോഗിക്കുന്ന ഏറ്റവും പ്രചാരമാർന്ന മാർഗങ്ങളിൽ പെടുന്നവയാണ് അൾട്രാസൗണ്ടും ജരായുദ്രവശേഖരണവും (amniocentesis).
ശ്രവ്യമല്ലാത്ത, ഉയർന്ന ആവൃത്തിയുള്ള ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് ഗർഭാശയത്തിലുള്ള ശിശുവിന്റെ കമ്പ്യൂട്ടർവത്കൃത പ്രതിച്ഛായ രൂപീകരിക്കുന്ന ശസ്ത്രക്രിയാരഹിതമായ നടപടിയാണ് അൾട്രാസൗണ്ട്. ഗർഭാശയത്തിൽ കുഞ്ഞ് കിടക്കുന്ന ദ്രാവകമായ ജരായുദ്രവത്തിന്റെ ഒരു സാമ്പിൾ സിറിഞ്ചുകൊണ്ട് എടുത്ത്, ഗർഭസ്ഥശിശുവിന് ഡൗൺസ് സിൻഡ്രോം പോലെയുള്ള വൈകല്യങ്ങളുണ്ടോയെന്നു കണ്ടുപിടിക്കുന്നതിനുള്ള രാസപരിശോധനകൾ നടത്തുന്നത് ജരായുദ്രവശേഖരണത്തിൽ ഉൾപ്പെടുന്നു.
കുളത്തിലേക്ക് ഒരു വലിയ ഉരുളൻകല്ലു വീഴുന്നതുപോലെ സമൂഹത്തിലേക്കു കടന്നുവന്ന, വരണാത്മക (selective) ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഇത്തരം വൈദ്യ സാങ്കേതികവിദ്യ വൈദ്യസംബന്ധമായ സാന്മാർഗികതകളുടെ ജലാശയത്തിൽ വലിയ ചില ഓളങ്ങൾ സൃഷ്ടിക്കുന്നു.a ദുഃഖകരമെന്നു പറയട്ടെ, ഈ ലോകത്തിന്റെ മൂല്യ വ്യവസ്ഥ ധാർമികവും സാൻമാർഗികവുമായ വാദവിഷയങ്ങൾക്കു തീരുമാനം കൽപ്പിക്കാൻ പറ്റിയ ഒരു സുസ്ഥിരമായ വേദിയല്ല, അവ കൂടുതലും ആഞ്ഞടിക്കുന്ന തിരമാലകളിൽ പെട്ടുഴലുന്ന ലക്ഷ്യംതെറ്റിയ ഒരു ചങ്ങാടം പോലെയാണ്.
സാങ്കേതികവിദ്യയുടെ പ്രേരണയാലുള്ള വരണാത്മക ഗർഭച്ഛിദ്രം നിയമപരമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും പല രാജ്യങ്ങളിലും നടപ്പാക്കപ്പെടുന്നുണ്ട്. ഗുരുതരമായി വൈകല്യം ബാധിച്ചതിന്റെ ശക്തമായ സൂചനകൾ തരുന്ന ഒരു ശിശുവിനെ ഗർഭച്ഛിദ്രം നടത്താനുള്ള നിയമപരമായ അവകാശം ഗർഭിണികൾക്കുണ്ടെന്ന് ഐക്യനാടുകളിൽ കഴിഞ്ഞ 15 വർഷക്കാലത്തു നടത്തിയ 13 സർവേകളിൽ പ്രതികരിച്ചവരുടെ സ്ഥിരമായ 75 മുതൽ 78 ശതമാനം വിശ്വസിച്ചു. ചില രാജ്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കാൻ “മുൻകൂട്ടിപ്പറയപ്പെടുന്ന വൈകല്യം” മതി.
ഗർഭാരംഭത്തിൽ റൂബെല്ല (ജർമൻ മീസിൽസ്) കണ്ടുപിടിക്കാൻ തന്റെ ഡോക്ടർ പരാജയപ്പെട്ടിരുന്നതുമൂലമുണ്ടായ ക്ഷതങ്ങൾക്ക് ഓസ്ട്രേലിയയിലെ ഒരു മാതാവ് അടുത്തയിടെ അദ്ദേഹത്തിനെതിരെ വിജയകരമായി ഹർജി സമർപ്പിച്ചു. ഗർഭാരംഭത്തിൽ ഈ രോഗം ബാധിക്കുമ്പോൾ അതിന് അജാതശിശുവിൽ ഗുരുതരമായ വൈകല്യങ്ങൾ ഉളവാക്കാൻ കഴിയും. ഡോക്ടറുടെ പരാജയം ശിശുവിനെ ഗർഭച്ഛിദ്രം നടത്താനുള്ള തന്റെ അവസരം കവർന്നുകളഞ്ഞുവെന്ന് ആ മാതാവ് അവകാശപ്പെട്ടു.
ഈ കേസിന്റെ നിയമപരവും സാന്മാർഗികവുമായ വശങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് നിയമ ഗവേഷകയായ ജെന്നിഫെർ ഫിറ്റ്സ്ജെറാൾഡ് 1995 ഏപ്രിലിലെ ക്വീൻസ്ലൻഡ് ലോ സൊസൈറ്റി ജേർണലിലെ ഒരു ലേഖനത്തിൽ ഇപ്രകാരം പറഞ്ഞു: “അവൾ [ഗർഭിണിയായ സ്ത്രീ] ‘എനിക്കൊരു കുട്ടി വേണമോ?’ എന്നു മാത്രമല്ല, ‘എങ്ങനെയുള്ള കുട്ടിയെയാണ് എനിക്കു വേണ്ടത്?’ എന്നും തീരുമാനിക്കേണ്ടതുണ്ട്.” എന്നാൽ നിയമപരമായ ഗർഭച്ഛിദ്രത്തിനു മതിയായ അടിസ്ഥാനം നൽകുന്ന വൈകല്യം ഏതാണ്?, ഫിറ്റ്സ്ജെറാൾഡ് ചോദിക്കുന്നു. “മുറിച്ചുണ്ട്, അണ്ണാക്കിൽ വിള്ളൽ, കോങ്കണ്ണ്, ഡൗൺസ് സിൻഡ്രോം, സ്പൈന ബൈഫിഡാ എന്നിവയോ?” ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഗർഭച്ഛിദ്രത്തിനുള്ള അടിസ്ഥാനം കുട്ടിയുടെ ലിംഗമാണ്, പ്രത്യേകിച്ച് അതു പെണ്ണാണെങ്കിൽ!
ഗർഭാശയത്തിലെ “തൊട്ടുകൂടാത്തവ”
മനുഷ്യ ജീനോം ശാസ്ത്രജ്ഞൻമാരുടെ മുമ്പാകെ ചുരുളഴിയുകയും ഗർഭാശയത്തിലേക്കുള്ള ജാലകം ഫലത്തിൽ ഗർഭാശയം നോക്കിക്കാണാനുള്ള ഒരു സൂക്ഷ്മദർശിനിയായിത്തീരുകയും ചെയ്യുമ്പോൾ അജാതശിശുക്കളുടെ അവസ്ഥയെന്താകും? കുറഞ്ഞ വൈകല്യങ്ങളുള്ള ശിശുക്കളെയും നീക്കം ചെയ്യുമോ? വാസ്തവത്തിൽ, കഴിഞ്ഞ പതിറ്റാണ്ടുകളിൽ കുറവല്ല മറിച്ച്, കൂടുതൽ ഗർഭച്ഛിദ്രങ്ങൾ നടത്താനുള്ള പ്രവണതയാണുള്ളത്. ഈ വൻ വർധനവിനെയും നേരത്തെ പരാമർശിച്ച സംഭവം പോലെ നുരച്ചുപൊന്തുന്ന വിവാദത്തെയും നേരിടുന്ന ഡോക്ടർമാർ ഉത്കണ്ഠാകുലരാണ്. മനസ്സിലാക്കാവുന്നതുപോലെ, ഇത് ഔഷധത്തോടുള്ള കൂടുതൽ ആത്മരക്ഷാകരമായ ഒരു സമീപനം സ്വീകരിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചേക്കാം. അത്രകണ്ട് മാതാവിനോ ശിശുവിനോ വേണ്ടിയല്ലെങ്കിലും തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനു വേണ്ടി ചില പരിശോധനകൾ ആവശ്യപ്പെടുന്നതുപോലെയുള്ളതുതന്നെ. അതിന്റെ ഫലമായി, “പ്രസവപൂർവ പരിശോധനകളുടെ എണ്ണവും അങ്ങനെ വരണാത്മക ഗർഭച്ഛിദ്രങ്ങളുടെ എണ്ണവും വർധിക്കാനുള്ള സാധ്യതയുണ്ട്” എന്ന് ഫിറ്റ്സ്ജെറാൾഡ് എഴുതുന്നു. “‘തൊട്ടുകൂടാത്തവർ’ ‘പുറന്തള്ളപ്പെടുന്നവർ’ ആയിത്തീരുന്ന, ജാതി വ്യവസ്ഥയോടു സമാനമായ ഒന്നിനെ” ഇത് ആനയിക്കും എന്ന് അവർ കൂട്ടിച്ചേർക്കുന്നു.
വൈകല്യമുള്ള ഒരു കുട്ടിയെ ഗർഭച്ഛിദ്രം നടത്താൻ എല്ലാ അവസരങ്ങളും നൽകിയിട്ടും—ഒരുപക്ഷേ പ്രോത്സാഹിപ്പിക്കുകപോലും ചെയ്തിട്ടും—ഒരു മാതാവ് അതിനു ജന്മം നൽകുന്നെങ്കിലെന്ത്? “കുട്ടിയെ ഗർഭച്ഛിദ്രം നടത്താമായിരുന്നു എന്നിരിക്കെ അതിനു ജന്മം നൽകാൻ അവർ തീരുമാനിച്ചതുകൊണ്ട് വൈകല്യമുള്ള കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സഹായം അവർക്കു പ്രതീക്ഷിക്കാൻ കഴിയുകയില്ലെന്ന് മാതാപിതാക്കളോടു പറയുന്ന ഒരു സമയം വന്നേക്കാം” എന്ന് ഫിറ്റ്സ്ജെറാൾഡ് പറയുന്നു.
വരണാത്മക ഗർഭച്ഛിദ്രം നമ്മുടെ സമുദായങ്ങളിലെ വികലാംഗർക്കു നൽകുന്ന സന്ദേശം അവഗണിക്കാവുന്നതല്ല. ഒരു സമൂഹം വൈകല്യങ്ങൾ നിമിത്തം അജാതരെ നീക്കംചെയ്യുമ്പോൾ മറ്റുള്ളവർക്കു തങ്ങൾ ഏറെയും ഭാരമായിരിക്കുന്നതുപോലെ വികലാംഗർക്കു തോന്നാൻ അത് ഇടയാക്കുമോ? തങ്ങളെക്കുറിച്ച് ഇപ്പോൾത്തന്നെയുള്ള പ്രതികൂല പ്രതിച്ഛായ തരണം ചെയ്യുന്നത് അത് അവർക്ക് കൂടുതൽ വിഷമകരമാക്കിത്തീർക്കുമോ?
തൊഴിലാളികൾ ഒരു ഉത്പാദന നിരയിലെ കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്നതുപോലെ ആധുനിക സമൂഹം അജാതരായ കുട്ടികളെ നീക്കം ചെയ്യുന്നത് ഈ ദുഷ്ട ലോകത്തിന്റെ “അന്ത്യനാളുകളിൽ” ജീവിക്കുന്ന ആളുകളെക്കുറിച്ചു ബൈബിൾ വർണിക്കുന്ന വ്യക്തിത്വ രൂപരേഖയോടു യോജിക്കുന്നു. ആളുകൾക്കു വലിയ അളവിൽ “സ്വാഭാവിക പ്രിയമില്ലാ”യിരിക്കും എന്ന് അതു മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5, NW) “സ്വാഭാവിക പ്രിയമില്ലാത്ത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആസ്റ്റോർഗോയ് എന്ന ഗ്രീക്കു പദം ഒരു മാതാവിനു തന്റെ കുട്ടികളോടുള്ള സ്നേഹം പോലെ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെയാണു പരാമർശിക്കുന്നത്.
“ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന” ഈ ലോകത്തിലെ ചുക്കാനില്ലാത്ത ആളുകൾ ദൈവത്തിന്റെ സുനിശ്ചിത വചനം പിന്തുടരുന്നവരിൽനിന്നു തീർച്ചയായും കടകവിരുദ്ധരാണ്. (എഫെസ്യർ 4:14) ദേഹിക്ക് ചുക്കാനെന്നപോലെ ബൈബിൾ നമ്മെ പ്രക്ഷുബ്ധമായ കടലിൽ ധാർമികമായി ഉറപ്പും സ്ഥിരതയും ഉള്ളവരാക്കി നിർത്തുന്നു. (എബ്രായർ 6:19 താരതമ്യം ചെയ്യുക.) ഗൗരവമായി വൈരൂപ്യം ബാധിച്ച ഭ്രൂണത്തെയോ ഗർഭസ്ഥശിശുവിനെയോ ഒരു സ്ത്രീ സ്വാഭാവികമായി പുറന്തള്ളിയേക്കാമെന്നു ക്രിസ്ത്യാനികൾ മനസ്സിലാക്കുമ്പോൾത്തന്നെ, കുഞ്ഞിനെ അവിടെ നിലനിർത്താൻ തക്കവണ്ണം അതിന് ആരോഗ്യമുണ്ടോ എന്നു കാണാനായി ഗർഭാശയത്തിലേക്കു ചുഴിഞ്ഞുനോക്കുന്ന ചിന്തപോലും അവർക്കു തീർത്തും അനിഷ്ടകരമാണ്.b—പുറപ്പാടു 21:22, 23 താരതമ്യം ചെയ്യുക.
നിർമലത നിലനിർത്താനുള്ള ഒരു ക്രിസ്ത്യാനിയുടെ തീരുമാനത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത സമയത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം. (യെശയ്യാവു 33:24; 35:5, 6) അതേ, വൈകല്യമുള്ളവർ ഇപ്പോൾ വിഷമതകൾ അനുഭവിക്കുകയും അവരെ പരിപാലിക്കുന്നവർ ത്യാഗങ്ങൾ സഹിക്കുകയും ചെയ്യേണ്ടിവരുന്നുവെങ്കിലും ‘ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരും.’—സഭാപ്രസംഗി 8:12.
[അടിക്കുറിപ്പുകൾ]
a മാതാപിതാക്കളിൽ ഒരാൾ (അല്ലെങ്കിൽ മാതാപിതാക്കൾ) ആഗ്രഹിക്കുന്ന സവിശേഷതകൾ ശിശുവിന് ഇല്ലാത്തതുകൊണ്ട് അതിനെ ഗർഭച്ഛിദ്രം നടത്തുന്ന നടപടിയാണ് വരണാത്മക ഗർഭച്ഛിദ്രം.
b ഒരു അജാത ശിശുവിന്റെ ആരോഗ്യം നിർണയിക്കാനുള്ള പരിശോധനകൾക്കു വിധേയമാകുന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അനുചിതമാണെന്ന് ഇതു തീർച്ചയായും അർഥമാക്കുന്നില്ല. ഒരു ഡോക്ടർ അത്തരമൊരു നടപടി ശുപാർശചെയ്യുന്നതിനു തിരുവെഴുത്തുപരമായി സ്വീകാര്യമായ അനേകം വൈദ്യസംബന്ധ കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. എന്നിരുന്നാലും, ചില പരിശോധനകൾ ശിശുവിന് അപകടം വരുത്തിവച്ചേക്കാം, അതുകൊണ്ട് ഇവയെക്കുറിച്ചു ഡോക്ടറോടു സംസാരിക്കുന്നതു ബുദ്ധിയായിരിക്കും. അത്തരം പരിശോധനകളെ തുടർന്ന് കുട്ടിക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉള്ളതായി കണ്ടെത്തുന്നെങ്കിൽ ചില രാജ്യങ്ങളിലെ ക്രിസ്തീയ മാതാപിതാക്കൾ ശിശുവിനെ ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സമ്മർദത്തിന് വിധേയരായേക്കാം. അതുകൊണ്ട് ബൈബിൾ തത്ത്വങ്ങൾക്ക് അനുസൃതമായി നിലകൊള്ളാൻ തയ്യാറെടുക്കുന്നതു ജ്ഞാനപൂർവകമാണ്.