ഞങ്ങളുടെ വായനക്കാരിൽനിന്ന്
റോക്ക് സംഗീതക്കച്ചേരി “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ റോക്ക് സംഗീതക്കച്ചേരികളിൽ സംബന്ധിക്കണമോ?” (ഡിസംബർ 22, 1995) എന്ന ലേഖനം അൽപ്പം മുൻവിധിയോടുകൂടിയതായിരുന്നില്ലേ എന്നു ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. ഞാൻ മമ്മിയോടൊപ്പം ഒരു റോക്ക് സംഗീതക്കച്ചേരിയിൽ പങ്കെടുത്തു. അതു പഴയ ഒരു വാദ്യഘോഷമായിരുന്നു, മാത്രമല്ല, ആൾക്കൂട്ടം നല്ല മര്യാദയുള്ളവരുമായിരുന്നു. എന്നാൽ, മാന്യമായ ഒരു കച്ചേരി കണ്ടെത്താനുള്ള സാധ്യതപോലും ലേഖനം വിശേഷവത്കരിച്ചില്ല.
എസ്. എ., ഐക്യനാടുകൾ
ലേഖനം, റോക്ക് സംഗീതക്കച്ചേരിയുടെ സാധ്യതയുള്ള അപകടങ്ങളിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കുകതന്നെ ചെയ്തു. എന്നാൽ അത്തരം പരിപാടികളിൽ സംബന്ധിക്കുന്നതിനെ ഞങ്ങൾ അപ്പാടെ കുറ്റപ്പെടുത്തിയില്ല. ഞങ്ങൾ വായനക്കാരോടു പറഞ്ഞത്, “ഒരു സംഗീതക്കച്ചേരിക്കു പോകുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ വസ്തുതകൾ ശേഖരിക്കുക” എന്നാണ്. അങ്ങനെ, ചെറുപ്പക്കാർക്കും അവരുടെ മാതാപിതാക്കൾക്കും സമനിലയോടെയുള്ള ഒരു തീരുമാനം കൈക്കൊള്ളാൻ വേണ്ട സഹായകമായ നിർദേശങ്ങൾ നൽകുകയായിരുന്നു.—പത്രാധിപർ
ലേഖനത്തിനായി നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മാസിക എനിക്കു ലഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ് ഞങ്ങൾ കുറേപേർ ഒരു സംഗീതക്കച്ചേരിക്കുപോയി. അതു വന്യമായിരുന്നു. അവിടെയുണ്ടായിരുന്ന പലരും മദ്യപിച്ചിട്ടുണ്ടായിരുന്നു; അതു ക്രിസ്ത്യാനികൾക്കു പറ്റിയ ഒരിടമായിരുന്നില്ല. ഞാൻ തീർച്ചയായും ഒരു പാഠം പഠിച്ചു, മറ്റുള്ളവരും അങ്ങനെതന്നെ എന്നു ഞാൻ പ്രതീക്ഷിക്കുന്നു.
എം. ഇ., ഐക്യനാടുകൾ
കോസ്റ്റ റിക്ക “കോസ്റ്റ റിക്ക—കൊച്ചുരാജ്യം, സമൃദ്ധമായ വൈവിധ്യം” എന്ന ലേഖനത്തെ സംബന്ധിച്ച് ഒരു വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. (ജൂലൈ 8, 1995) “ദേശത്തിന്റെ 27 ശതമാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏതു രാജ്യത്തിന്റേതിലും ഏറ്റവും വലിയ അനുപാതം” എന്നു നിങ്ങൾ പ്രസ്താവിച്ചിരുന്നുവല്ലോ. എന്നാൽ, വേൾഡ് അൽമനേക്ക് പറയുന്നതനുസരിച്ച് ഇക്വഡോറിന്റെ ഭൂവിസ്തീർണത്തിന്റെ 40 ശതമാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
എം. ഇ., ഇക്വഡോർ
വിശദീകരണത്തിനു നന്ദി.—പത്രാധിപർ
മാലി “മാലിയിൽ ആദ്യത്തേത്” എന്ന ലേഖനം വായിച്ചു ഞാൻ സന്തോഷാശ്രുക്കൾ പൊഴിച്ചു. (ഡിസംബർ 22, 1995) മാലിയിലുള്ള നിങ്ങളുടെ അംഗങ്ങളുടെ സഹകരണത്തിന്റെ ആത്മാവു വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്. ബൈബിൾ പഠനം തുടങ്ങുന്നതിനായി ഞാൻ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിലായിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിൽ നിങ്ങളുടെ അംഗങ്ങളോടൊപ്പം ചേരണമെന്നു ഞാൻ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്.
ഡി. സി. എ., നൈജീരിയ
ടുററ്റ് സിൻഡ്രോം “ടുററ്റ് സിൻഡ്രോം പേറി ജീവിക്കുകയെന്ന വെല്ലുവിളി” എന്ന ലേഖനത്തിനു നന്ദി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. (ഡിസംബർ 22, 1995) കൗമാരദശയുടെ അവസാനഘട്ടത്തിൽ എന്റെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായി. എന്നാൽ എല്ലാവരും അത്ര അനുഗൃഹീതരായിരിക്കുന്നില്ല. അത്തരത്തിലുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും ഈ ലേഖനം വിലയേറിയ ഒരു സഹായമായിരിക്കും.
വൈ. എൽ., ഫ്രാൻസ്
ഈ സിൻഡ്രോമുള്ള ഒരു ആൺകുട്ടിയെ എനിക്കറിയാം. അവനുമായി ഇടപെടുന്നതിൽ ജാള്യമനുഭവപ്പെട്ടിരുന്നതുകൊണ്ടു ഞാൻ അവനെ ഒഴിവാക്കിയിരുന്നു. എനിക്കുണ്ടായിരുന്നതിനെക്കാൾ ജാള്യം അവന് അനുഭവപ്പെട്ടേക്കാമെന്നു ഞാൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല!
പി. എം., ഇറ്റലി
അഞ്ചു വയസ്സുള്ളപ്പോൾ മുതൽ എനിക്ക് ഈ വൈകല്യമുണ്ട്, ഇതെന്നെ ഏറെ ദുഃഖിപ്പിച്ചിട്ടുണ്ട്. പേശിയിലും സ്വനപേടകത്തിലും എനിക്കു കോച്ചിപ്പിടുത്തമുണ്ടാകുന്നു. ഈ കോച്ചിപ്പിടുത്തങ്ങൾ സംഭവിക്കുന്നതെന്തുകൊണ്ടാണെന്ന് എന്റെ മാതാപിതാക്കൾക്കോ എനിക്കോ മനസ്സിലായിരുന്നില്ല; എന്നെ വളർത്തിക്കൊണ്ടുവന്നതിലുള്ള എന്തോ ദോഷമായിരിക്കുമെന്ന് അവർ വ്യാകുലപ്പെട്ടിരുന്നു. ഇതു മനസ്സിലാക്കുന്നതിന് എന്നെ സഹായിക്കാൻ ഞാൻ യഹോവയോടു പ്രാർഥിച്ചിരുന്നു, ഈ ലേഖനത്തിലൂടെ അവൻ എന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളിയിരിക്കുന്നു. യഹോവയുടെ സാക്ഷികൾക്കിടയിൽ ഇതേ വൈകല്യമുള്ള മറ്റുള്ളവരുടെ അനുഭവങ്ങൾ വായിക്കുന്നതിൽ ഞാൻ പ്രോത്സാഹിതയായിരുന്നു.
വൈ. കെ., ജപ്പാൻ
എന്റെ ജീവിതം മുഴുവനും ഏതാണ്ട് ഈ അവസ്ഥയിലാണു ഞാൻ കഴിച്ചുകൂട്ടിയത്. എന്നാൽ 1983 മുതൽ മാത്രമാണു ഞാൻ ഇതെന്താണെന്നു മനസ്സിലാക്കിയത്. ഞാൻ കുട്ടിയായിരുന്നപ്പോൾ മറ്റുള്ളവർ മിക്കപ്പോഴും എന്നെ കളിയാക്കുമായിരുന്നു. എന്നാൽ, രാജ്യഹാളിലെ സഹോദരങ്ങൾ എപ്പോഴും വളരെ സ്നേഹമുള്ളവരായിരുന്നു, ഇത് എന്റെ ഒരു ഭാഗമായി അവർ സ്വീകരിച്ചിരിക്കുന്നു. പിന്നീട്, ഒരു ക്രിസ്തീയ യുവാവുമായി ഞാൻ പ്രണയത്തിലായി. എന്റെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹം നിലനിൽക്കില്ലെന്ന് എന്റെ ഡാഡി വിചാരിച്ചിരുന്നെങ്കിലും, 30 വർഷമായി ഇപ്പോഴും ഞങ്ങൾ സന്തുഷ്ട വിവാഹജീവിതം നയിക്കുന്നു എന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. എന്റെ ഭർത്താവ് പൊന്നുപോലെ എന്നെ നോക്കുന്നു, എന്റെ പ്രശ്നം അദ്ദേഹത്തെ അലട്ടാനോ ജാള്യപ്പെടുത്താനോ അദ്ദേഹം ഒരിക്കലും ഇടയാക്കിയിട്ടില്ല.
എഫ്. എച്ച്., കാനഡ