ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഭീഷണിയിലായ ഗ്രഹം “ഭീഷണിയിലായ നമ്മുടെ ഗ്രഹം—അതിനെ രക്ഷിക്കാനാവുമോ?” (ജനുവരി 8, 1996) എന്ന പരമ്പരയെക്കുറിച്ചാണു ഞാൻ എഴുതുന്നത്. പ്രോത്സാഹജനകമായ എന്തെങ്കിലും വായിക്കാൻ സാധിക്കുന്നതു നല്ലതാണ്. പരമ്പരയിലെ മൂന്നാമത്തെ ലേഖനം, ആവാസവ്യവസ്ഥയെയോ ഓസോൺപാളിയിലെ ദ്വാരങ്ങളെയോ കുറിച്ചു വേവലാതിപ്പെടേണ്ടതില്ലാത്ത, പറുദീസയെക്കുറിച്ചുള്ള പ്രത്യാശ നൽകുന്നു! എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആ പറുദീസയിൽ ജീവിക്കാൻ ഞാൻ പ്രത്യാശിക്കുന്നു.
എ. സി., ഐക്യനാടുകൾ
വനനശീകരണം, ജലദൗർലഭ്യത, ഉന്മൂലനാശത്തിന്റെ അപകടത്തിലായ ജീവിവർഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചു പ്രതിപാദിച്ച 8-ഉം 9-ഉം പേജുകളിലെ വിജ്ഞാനപ്രദമായ ചതുരം ഞങ്ങൾക്കിഷ്ടപ്പെട്ടു. നമ്മുടെ ഗ്രഹം ഇപ്പോൾ ആയിരിക്കുന്ന അപകടാവസ്ഥയെക്കുറിച്ചു ലേഖനം ഞങ്ങളെ മനസ്സിലാക്കിത്തന്നു. ഗുരുതരമായ ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം നമ്മുടെ സ്രഷ്ടാവിന്റെ പക്കലാണെന്ന് അറിയുന്നതിൽനിന്നു ഞങ്ങൾക്കു സുരക്ഷിതത്വബോധം തോന്നുന്നു.
ഒ. പി., എഫ്. ജെ. ഒ., സ്പെയിൻ
ജെസിക്കായുടെ റിപ്പോർട്ട് 1996 ജനുവരി 8-ാം ലക്കത്തിലെ “ജെസിക്കായുടെ റിപ്പോർട്ട്” ഞാൻ വായിച്ചുതീർത്തതേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ പ്രോത്സാഹജനകമായിരുന്നു! ചുറുചുറുക്കുള്ള ഒരു കുട്ടി യഹോവയെ സന്തോഷത്തോടും വിശ്വസ്തതയോടുംകൂടെ സേവിക്കുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. എല്ലാ അവസരങ്ങളിലും സാക്ഷ്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ജെസിക്കായുടെ കഥ എന്നെ അനുസ്മരിപ്പിക്കുന്നു.
എ. എച്ച്., ഐക്യനാടുകൾ
ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തി “ഞാൻ ലക്ഷ്യമില്ലാത്തവനായിരുന്നു എന്നാൽ ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തി” (ജനുവരി 8, 1996) എന്ന ലേഖനം എന്റെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു. ഞാൻ അതു വായിച്ചപ്പോൾ അത് എന്നെക്കുറിച്ചുള്ളതാണെന്നു തോന്നിപ്പോയി. ഞാനും ഭാവിയെക്കുറിച്ച് ഒരു മങ്ങിയ കാഴ്ചപ്പാടോടെ ലക്ഷ്യമില്ലാതെ അലയുകയായിരുന്നു. എന്നാൽ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്കു ക്ഷണിക്കപ്പെട്ട ഞാൻ ബൈബിൾ പഠനം ആരംഭിച്ചു. യഹോവ എനിക്കു കാണിച്ചുതന്ന അത്ഭുതകരമായ പ്രത്യാശ കാണാൻ മറ്റുള്ളവരെയും സഹായിച്ചുകൊണ്ടു മുഴുസമയ ശുശ്രൂഷയിൽ ഞാൻ ഇപ്പോൾ പങ്കെടുക്കുന്നു.
സി. ആർ., ഐക്യനാടുകൾ
വന്ധ്യതയ്ക്കുള്ള ചികിത്സ “ലോകത്തെ വീക്ഷിക്ക”ലിലെ “വന്ധ്യരായ ദമ്പതികൾക്ക് ഒരു പുതു പ്രത്യാശ” എന്ന ഇനം എന്റെ ശ്രദ്ധയാകർഷിച്ചു. (സെപ്റ്റംബർ 22, 1995) ഞാൻ അത് ഒരു ജീവശാസ്ത്രജ്ഞയെ കാണിച്ചു. വിവരിച്ചിരിക്കുന്നതരത്തിൽ, നേർമയേറിയ ഒരു ഗ്ലാസ് സൂചിയുപയോഗിച്ച് ഒരൊറ്റ ആൺബീജത്തെ “സ്ത്രീക്കുള്ളിലെ” അണ്ഡത്തിൽ സ്ഥാപിക്കുന്ന രീതിയെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.
ഇ. കെ., ജർമനി
ഞങ്ങളുടെ ഈ വിവരം ഫ്രഞ്ച് ന്യൂസ് ഏജൻസിയായ ഫ്രാൻസ്-പ്രെസ്സെയുടെ ഒരു റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ളതായിരുന്നു. ആനെഴ്സ് ന്യൂബോ ആനെർസെൻ എന്ന ഡാനിഷ് ഡോക്ടർ നൽകിയ ഒരു പ്രഭാഷണത്തെക്കുറിച്ചു പ്രതിപാദിക്കുകയായിരുന്നു ആ റിപ്പോർട്ട്. ഖേദകരമെന്നു പറയട്ടെ, ചില കാര്യങ്ങൾ ശരിയായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. നേർമയേറിയ ഒരു ഗ്ലാസ് സൂചിയുപയോഗിച്ച് ആൺബീജത്തെ കുത്തിവെക്കുന്നതു വാസ്തവത്തിൽ വിറ്റ്രോയിലാണെന്ന്, അതായത്, സ്ത്രീശരീരത്തിനു വെളിയിലാണെന്ന്, ഡോ. ആനെർസെൻ “ഉണരുക!”യോടു പറഞ്ഞു. പിന്നീടു സിക്താണ്ഡം സ്ത്രീയുടെ ഉള്ളിലേക്കു പ്രവേശിപ്പിക്കുന്നു. “ഒരജ്ഞാത ദാതാവിന്റെ ബീജത്തിനുപകരം അവളുടെ ഭർത്താവിന്റെ ബീജംതന്നെ” ഉപയോഗിക്കാമെന്നും “അങ്ങനെ വികാരവിക്ഷുബ്ധമായ മത ധാർമിക പ്രശ്നങ്ങൾ ഒഴിവാക്കാ”മെന്നും ഞങ്ങൾ ശരിയായി പ്രസ്താവിക്കുകതന്നെ ചെയ്തു. സംഗതി അങ്ങനെയായിരിക്കെ, ക്രിസ്തീയ ദമ്പതികൾ ഈ രീതിയെക്കുറിച്ചു വ്യക്തിപരമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. (1981 ജൂൺ 1-ലെ “വീക്ഷാഗോപുര”ത്തിന്റെ [ഇംഗ്ലീഷ്] 31-ാം പേജ് കാണുക.)—പത്രാധിപർ
കുഴപ്പത്തിലകപ്പെട്ട സുഹൃത്ത് “യുവജനങ്ങൾ ചോദിക്കുന്നു . . . ഒരു സുഹൃത്തു കുഴപ്പത്തിൽ അകപ്പെടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?” എന്ന ലേഖനത്തെക്കുറിച്ചാണു ഞാൻ എഴുതുന്നത്. (ജനുവരി 22, 1996) ഒരു വർഷം മുമ്പ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ സഭയിൽനിന്നു പുറത്താക്കപ്പെട്ടു. ഞാൻ ആകെ തകർന്നുപോയി. ഞാൻ അവളെ വേണ്ടവിധം സഹായിച്ചില്ലെന്ന്, അവളുമായി ആവശ്യത്തിനു സമയം ചെലവഴിച്ചില്ലെന്ന്, ഞാൻ വളരെ നല്ലൊരു സുഹൃത്തായിരുന്നില്ലെന്ന് എനിക്കു തോന്നി. അവൾ സത്യം ഉപേക്ഷിച്ചത് എന്റെ കുറ്റംകൊണ്ടായിരുന്നില്ലെന്നു വായിച്ചപ്പോൾ എന്റെ ചുമലിൽനിന്നു വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ എനിക്ക് അനുഭവപ്പെട്ടു!
എൽ. റ്റി., ഐക്യനാടുകൾ
എന്റെ കാര്യത്തിൽ, “ചോദ്യം ചെയ്യപ്പെടാവുന്നതായ ജീവിതരീതി പിൻപ”റ്റാൻ തുടങ്ങിയ അടുത്ത വ്യക്തി എന്റെ സുഹൃത്തു മാത്രമായിരുന്നില്ല, അതുല്യ സ്ഥാനം വഹിക്കുന്ന സൗമ്യപ്രകൃതക്കാരിയായ എന്റെ അമ്മയായിരുന്നു. ഒടുവിൽ അവരുടെ അവസ്ഥ ബോധിപ്പിക്കാൻ ഞാൻ സഭയിലെ മൂപ്പന്മാരുടെ അടുക്കലേക്കു ചെന്നു, അവർ സഭയിൽനിന്നു പുറത്താക്കപ്പെട്ടു. മൂപ്പന്മാരോടു പറഞ്ഞതിനു ഞാൻ എന്നെത്തന്നെ നിന്ദിച്ചു. ലേഖനത്തിലെ നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ട് എന്റെ തെറ്റായ കുറ്റബോധം മറികടക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഐ. വൈ., ജപ്പാൻ