നിങ്ങളുടെ ജീവിതത്തിന്മേൽ ഇപ്പോൾ നിയന്ത്രണം ഏറ്റെടുക്കുക!
മനുഷ്യന്റെ പെരുമാറ്റത്തെയും പ്രചോദനത്തെയും സംബന്ധിച്ച ശാസ്ത്രീയ ഗവേഷണം നമ്മെ പല വിധങ്ങളിൽ സഹായിച്ചിട്ടുണ്ട്. അസുഖത്തെക്കുറിച്ച് ആഴമായ ഗ്രാഹ്യം ഉള്ളതുകൊണ്ട് അതിനെ നേരിടാൻ ഒരുപക്ഷേ നമുക്കു കഴിഞ്ഞിട്ടുണ്ടാകും. അതേസമയം, പ്രത്യേകിച്ചും സുസ്ഥാപിതമായ തത്ത്വങ്ങൾക്കു വിപരീതമെന്നു തോന്നിക്കുന്ന ഉദ്വേഗജനകമായ സിദ്ധാന്തങ്ങൾ സംബന്ധിച്ചു ജാഗ്രത പാലിക്കുന്നതു വിവേകമായിരിക്കും
ജനിതകശാസ്ത്രത്തെയും പെരുമാറ്റത്തെയും സംബന്ധിച്ച് ഇപ്രകാരമുള്ള ചോദ്യങ്ങൾ ഉദിക്കുന്നു: ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുവാനും സ്വന്തം പ്രവൃത്തികളുടെ കുറ്റമേറ്റെടുക്കാതിരിക്കുവാനും നമുക്കു സാധിക്കുമോ? അവിവേകത്തിൽനിന്ന് അല്ലെങ്കിൽ ചെയ്തുപോയ ഒരു കുറ്റത്തിൽനിന്ന് ഒഴിഞ്ഞുമാറുകയോ മറ്റാരുടെയെങ്കിലും മേലോ മറ്റെന്തിന്റെയെങ്കിലും മേലോ പഴിചാരുകയോ പോലും ചെയ്തുകൊണ്ട് “ഞാൻ അല്ല” തലമുറയോടു ചേരാൻ നമുക്കു സാധിക്കുമോ? തീർച്ചയായുമില്ല. ജീവിതത്തിൽ എന്തെങ്കിലും വിജയം കൈവരിച്ചാൽ മിക്കയാളുകളും അതിന്റെ ബഹുമതി സ്വയം ഏറ്റെടുക്കും. അങ്ങനെയെങ്കിൽ, തങ്ങൾ ചെയ്ത കുറ്റങ്ങളുടെ ഉത്തരവാദിത്വവും അതുപോലെ അവർക്ക് എന്തുകൊണ്ട് ഏറ്റെടുത്തുകൂടാ?
അതുകൊണ്ട് നാം ചോദിച്ചേക്കാം, ഇന്നു നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ആരാണ് അല്ലെങ്കിൽ എന്താണ് എന്നതു സംബന്ധിച്ചു ദൈവവചനമായ വിശുദ്ധ ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ വീക്ഷണമെന്ത്?
ആദ്യമായി നാം മനസ്സിലാക്കേണ്ട സംഗതി, ആദ്യമാതാപിതാക്കളായ ആദാമിൽനിന്നും ഹവ്വായിൽനിന്നും അവകാശപ്പെടുത്തിയ പാപത്തിലാണു നാമെല്ലാവരും ജനിച്ചിരിക്കുന്നത് എന്നാണ്. (സങ്കീർത്തനം 51:5) ഇതിനുപുറമേ, ആളുകൾ “ദുർഘടസമയങ്ങൾ” അനുഭവിച്ചറിയുന്ന ‘അന്ത്യകാലം’ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക കാലത്താണു നാം ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1) പൊതുവേ പറഞ്ഞാൽ, നമ്മുടെ ജീവിതത്തെ ആരോഗ്യകരമായി നിയന്ത്രിക്കുന്നതിൽ നമ്മുടെ മുൻഗാമികൾ നേരിട്ടതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ നാം നേരിടുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു.
എങ്കിലും, എല്ലാ മനുഷ്യരും വ്യക്തിപരമായ സ്വന്തം തിരഞ്ഞെടുപ്പു നടത്താൻ സാധിക്കുന്ന സ്വതന്ത്രധാർമിക കാര്യസ്ഥന്മാരാണ്. തങ്ങളുടെ ജീവിതത്തിന്മേൽ അവർക്ക് അത്രത്തോളം നിയന്ത്രണമുണ്ട്. അതു പണ്ടു മുതലേ അങ്ങനെയാണ്. ഇസ്രായേൽ ജനതയോടുള്ള യോശുവയുടെ വാക്കുകളിൽ ഇതു കാണാൻ സാധിക്കും: “ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.”—യോശുവ 24:15.
പിശാചായ സാത്താൻ സ്വർഗത്തിൽനിന്നു പുറന്തള്ളപ്പെട്ടിരിക്കുന്നുവെന്നും ഇപ്പോൾ മുമ്പെന്നത്തേക്കാളുമുപരി അവൻ മുഴു മനുഷ്യ വർഗത്തിന്റെയും മേൽ ദോഷത്തിനായി ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്നും ബൈബിൾ പറയുന്നു. അപ്പോസ്തലനായ യോഹന്നാന്റെ നാളുകളിൽ പോലും മുഴുലോകവും ദുഷ്ടന്റെ അധീനതയിൽ കിടന്നിരുന്നതായും അതു നമ്മോടു പറയുന്നു. (1 യോഹന്നാൻ 5:19; വെളിപ്പാടു 12:9, 12) എങ്കിലും, സർവശക്തനായ ദൈവം നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയോ അവനു മാത്രം അറിയാവുന്ന ഒരു അന്ത്യം നമുക്കുവേണ്ടി മുൻകൂട്ടി നിശ്ചയിക്കുകയോ ചെയ്യുന്നില്ലാത്തതുപോലെ നമ്മുടെ എല്ലാ തെറ്റുകൾക്കും പരാജയങ്ങൾക്കും നേരിട്ടു സാത്താനെ കുറ്റപ്പെടുത്തരുത്. “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു” എന്നതാണ് സന്തുലിതമായ തിരുവെഴുത്തു സത്യം. (യാക്കോബ് 1:14, 15) അപ്പോസ്തലനായ പൗലോസ് ഈ നിശ്വസ്ത വാക്കുകൾ എഴുതി: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”—ഗലാത്യർ 6:7.
അതുകൊണ്ട്, നമ്മുടെ പ്രവൃത്തികൾക്കു വ്യക്തിപരമായി കണക്കു ബോധിപ്പിക്കാൻ യഹോവയാം ദൈവം നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ ജനിതക ഘടനയുടെയും അവകാശപ്പെടുത്തിയിരിക്കുന്ന അപൂർണതയുടെയും പേരിൽ ഒഴികഴിവു പറയാതിരിക്കാൻ നാം ശ്രദ്ധിക്കണം. പുരാതന സോദോമിലെയും ഗൊമോറയിലെയും അക്രമാസക്തരും സ്വവർഗരതിക്കാരുമായ ജനസമൂഹത്തോടു തങ്ങളുടെ ദുഷിച്ച പ്രവർത്തനങ്ങളുടെ കണക്കുബോധിപ്പിക്കാൻ ദൈവം ആവശ്യപ്പെട്ടു. സാങ്കൽപ്പികമായ ഏതെങ്കിലും ജനിതക വൈകല്യങ്ങൾ നിമിത്തം ദുഷ്ടരാകാതിരിക്കാൻ കഴിയാഞ്ഞ ഹതാശരായ ജീവികളെന്ന നിലയിൽ നിവാസികളോട് അവൻ സഹതാപം കാണിച്ചില്ലെന്നതു സ്പഷ്ടം. അതുപോലെതന്നെ, നോഹയുടെ നാളുകളിൽ ജീവിച്ചിരുന്ന ആളുകൾക്കു ചുറ്റും ദുഷ്ട സ്വാധീനങ്ങളുണ്ടായിരുന്നു; എങ്കിലും, താമസിയാതെ സംഭവിക്കുമായിരുന്ന പ്രളയത്തെ അതിജീവിക്കുന്നതിന് അവർക്ക് ഒരു തിരഞ്ഞെടുപ്പ്, വ്യക്തിപരമായ തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. ഏതാനും പേർ ശരിയായ തിരഞ്ഞെടുപ്പു നടത്തി. മിക്കവരും അങ്ങനെ ചെയ്തില്ല.
ദൈവത്തിന്റെ പ്രീതി നേടണമെങ്കിൽ വ്യക്തിപരമായ നിയന്ത്രണം ആവശ്യമാണെന്ന് എബ്രായ പ്രവാചകനായ യെഹെസ്കേൽ സ്ഥിരീകരിക്കുന്നു: “എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.”—യെഹെസ്കേൽ 3:19.
ലഭ്യമായ ഏറ്റവും നല്ല സഹായം
തീർച്ചയായും, നമ്മുടെ അനുദിന ജീവിതത്തിൽ വ്യക്തിപരമായ നിയന്ത്രണം പ്രയോഗിക്കുന്നതിനു നമുക്കെല്ലാവർക്കും സഹായം ആവശ്യമാണ്. മാത്രമല്ല, നമ്മിൽ പലർക്കും ഇതു തീർത്തും ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ, നാം നിരാശപ്പെടേണ്ട ആവശ്യമില്ല. പാപപൂർണമായ നമ്മുടെ ചായ്വുകൾ ദൈവത്തിനു സ്വീകാര്യമല്ലെങ്കിൽതന്നെയും നമ്മുടെ പെരുമാറ്റത്തിനു ഭേദഗതി വരുത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ലഭ്യമായ ഏറ്റവും നല്ല സഹായം—അവന്റെ പരിശുദ്ധാത്മാവും നിശ്വസ്ത സത്യവും—നൽകുന്നു. മുൻനിയമിച്ചിരിക്കുന്ന ഏതെങ്കിലും ജനിതക സ്വഭാവങ്ങളും നമ്മെ ബാധിച്ചേക്കാവുന്ന ബാഹ്യമായ സ്വാധീനങ്ങളും ഉണ്ടെങ്കിലും, നമുക്ക് ‘പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, നമ്മെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [സ്വയം] ധരിക്കാം.’—കൊലൊസ്സ്യർ 3:9, 10.
കൊരിന്ത്യ സഭയിലെ ഒട്ടേറെ ക്രിസ്ത്യാനികൾ തങ്ങളുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. നിശ്വസ്ത വൃത്താന്തം നമ്മോട് ഇങ്ങനെ പറയുന്നു: “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.—1 കൊരിന്ത്യർ 6:9-11.
അതുകൊണ്ട്, നമ്മുടെ അപൂർണതകളുമായി നാം മല്ലടിക്കുകയാണെങ്കിൽ നമുക്ക് അവയ്ക്കു കീഴ്പെടാതിരിക്കാം. ആധുനിക നാളിലെ ഒട്ടേറെ ക്രിസ്ത്യാനികൾ, യഹോവയുടെ സഹായത്തോടെ ‘നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടാൻ’ തങ്ങൾക്കു സാധിച്ചിരിക്കുന്നതായി തെളിയിച്ചിട്ടുണ്ട്. സത്യമായതും നീതിയായതും നിർമലമായതുമായ കാര്യങ്ങൾകൊണ്ട് അവർ തങ്ങളുടെ മനസ്സുകളെ പോഷിപ്പിക്കുന്നു; മാത്രമല്ല, അവർ ‘അതു ചെയ്യുന്നതിൽ തുടരു’കയും ചെയ്യുന്നു. അവർ കട്ടിയായ ആത്മീയ ആഹാരം ഭക്ഷിക്കുന്നു. അതിന്റെ ഉപയോഗത്തിലൂടെ നന്മതിന്മകളെ തിരിച്ചറിവാൻ അവരുടെ ഗ്രഹണ ശക്തികൾ പരിശീലിപ്പിക്കപ്പെടുന്നു.—റോമർ 12:2; ഫിലിപ്പിയർ 4:8; എബ്രായർ 5:14.
അവരുടെ പോരാട്ടങ്ങളെയും താത്കാലിക പരാജയങ്ങളെയും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒടുവിൽ ലഭിച്ച വിജയത്തെയും കുറിച്ച് അറിയുന്നതു പ്രോത്സാഹജനകമാണ്. നമ്മുടെ സ്വഭാവം മാറ്റുന്നതിൽ പലപ്പോഴും ഹൃദയവും അതിന്റെ അഭിലാഷവും ഉൾപ്പെട്ടിരിക്കുന്നുവെന്നു ദൈവം നമ്മോടു പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും; അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവന്റെ കൂട്ടത്തിൽനിന്നും വിടുവിക്കും.”—സദൃശവാക്യങ്ങൾ 2:10-12.
അതുകൊണ്ട്, നിത്യജീവൻ—ദുഷ്ടലോകത്തിന്റെ കുഴപ്പങ്ങളില്ലാത്തതും ദുർബലപ്പെടുത്തുന്ന അപൂർണതകളിൽനിന്നു വിമുക്തവുമായ ജീവിതം—നിങ്ങളുടെ ലക്ഷ്യമാക്കണമെങ്കിൽ, ഇപ്പോഴുള്ള നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണമേറ്റെടുക്കാൻ ‘കഠിനമായി യത്നി’ക്കുകയും സ്വർഗീയ ജ്ഞാനത്താൽ നയിക്കപ്പെടുകയും വേണം. (ലൂക്കൊസ് 13:24) ആത്മനിയന്ത്രണത്തിന്റെ ഫലം പുറപ്പെടുവിക്കാൻ സാധിക്കത്തക്കവിധം യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നിങ്ങളെത്തന്നെ ലഭ്യമാക്കുക. നിങ്ങളുടെ ജീവിതം ദൈവിക നിയമങ്ങൾക്ക് അനുയോജ്യമാക്കിത്തീർക്കുന്നതു നിങ്ങളുടെ ഹൃദയാഭിലാഷമാക്കുക. ഈ ഉപദേശത്തിനു ചെവികൊടുക്കുക: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” (സദൃശവാക്യങ്ങൾ 4:23) യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയാം ദൈവം ജനിതക അപര്യാപ്തതകളെല്ലാം ശരിയാക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിലെ “സാക്ഷാലുള്ള ജീവനെ” പിടിച്ചുകൊള്ളുന്നത്, ഈ ലോകത്തിലെ നിങ്ങളുടെ ജീവിതത്തെ നിയന്ത്രണാധീനമാക്കാൻ നിങ്ങൾ ചെയ്യുന്ന എല്ലാ ശ്രമങ്ങളെയും മൂല്യമുള്ളതാക്കും!—1 തിമൊഥെയൊസ് 6:19; യോഹന്നാൻ 3:16.
[9-ാം പേജിലെ ചിത്രം]
ബൈബിൾ പഠനത്തിന്, ആഴത്തിൽ വേരൂന്നിയ ബലഹീനതകളെ മറികടക്കുവാനുള്ള ശക്തി നമുക്കു നൽകാൻ കഴിയും
[9-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ധാർമിക നിലവാരങ്ങളോടു വിശ്വസ്തത പുലർത്താൻ ബൈബിൾ പഠനത്തിനു നമ്മെ സഹായിക്കാൻ കഴിയും