അവിശ്വസനീയമായ ഒരു കൂടിക്കാഴ്ച
“ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും ആവേശജനകമായ സംഗതി!” തന്റെ അവിശ്വസനീയമായ കൂടിക്കാഴ്ചയെക്കുറിച്ചു ക്രിസ്റ്റി വർണിച്ചത് അങ്ങനെയാണ്. മെക്സിക്കോ ഉൾക്കടലിൽ ഡോൾഫിനുകളോടൊപ്പം നീന്താൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ തോന്നുമായിരുന്നോ?
ഡോൾഫിനുകൾ നീന്തുന്നതോ വാൽ കുത്തി പുറകോട്ടു നടക്കൽ, വെള്ളത്തിൽനിന്നു കണ്ണഞ്ചിപ്പിക്കുന്ന ഉയരങ്ങളിൽ ചാടൽ, അല്ലെങ്കിൽ അവയുടെ പുറത്തു സവാരിചെയ്യാൻ മനുഷ്യരെ അനുവദിക്കൽ എന്നിങ്ങനെയുള്ള ജല സാഹസങ്ങൾ കാണിക്കുന്നതോ കാണുമ്പോൾ എല്ലാവരും പുളകം കൊള്ളുന്നു. ഈ പ്രകടനങ്ങൾ കണ്ടാൽ മതി, വെള്ളത്തിലേക്കിറങ്ങി ആ ഡോൾഫിനുകളുടെകൂടെ കളിക്കാൻ ഒരാൾ ആഗ്രഹിച്ചുപോകും.
ക്രിസ്റ്റിക്ക് എല്ലായ്പോഴും ഈ വിധത്തിലാണു തോന്നിയിരുന്നത്. അങ്ങനെയിരിക്കെ, ഒരുനാൾ അവൾ മെക്സിക്കോ ഉൾക്കടലിൽ ബോട്ടുസവാരി നടത്തുകയും നീന്തുകയും ചെയ്യുകയായിരുന്നു. പൊടുന്നനെ അവളുടെ മുന്നിൽ ഒരു തല പ്രത്യക്ഷമായി. ജിജ്ഞാസുക്കളായ മൂന്നു ഡോൾഫിനുകൾ തങ്ങൾ ഒരു കളിക്കൂട്ടുകാരിയെ കണ്ടെത്തിയെന്നു വിചാരിച്ചതായി തോന്നി. ആദ്യം ക്രിസ്റ്റിക്കു ചെറിയ പേടിയുണ്ടായിരുന്നു. എന്നാൽ അവൾ ഡോൾഫിനുകളുമായി ഇടകലർന്നപ്പോൾ അവളുടെ ഭയം ആവേശമായി രൂപാന്തരപ്പെട്ടു. അവ അടുത്തതായി എന്തു ചെയ്യുമെന്നു കാണാനായി സാഹചര്യത്തിന്റെ ചുമതല അവയ്ക്കു വിട്ടുകൊടുത്തുകൊണ്ട് അവൾ വെറുതെയിരുന്നു.
ക്രിസ്റ്റി ഇപ്രകാരം പറഞ്ഞു: “ഒരു ഡോൾഫിൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും—പിന്നെ ഞങ്ങൾ അന്യോന്യം നോക്കിക്കൊണ്ട് അവിടെ നിൽക്കും. ഞാൻ എന്റെ പട്ടിയോടു ചെയ്യുമായിരുന്നതുപോലെതന്നെ ഞാൻ അതിനെ ഓമനിക്കുകയും അതിനോടു സംസാരിക്കുകയും ചെയ്തു.”
ഡോൾഫിനുകളുടെ ബുദ്ധിശക്തി നിമിത്തം അവ പുകഴ്പെറ്റ വിനോദകരാണ്. ആളുകളോടുള്ള അവയുടെ സൗഹൃദം കാരണം സൂത്രങ്ങൾ കാണിക്കാൻ അവയ്ക്ക് എല്ലായ്പോഴും കോഴയായി ആഹാരം കൊടുക്കേണ്ടതില്ലെന്നു മിക്ക പരിശീലകരും പറയുന്നു.
ഡോൾഫിനുകളോടൊപ്പം പ്രവർത്തിക്കുന്നതിലെ ഏറ്റവും ആസ്വാദ്യമായ സംഗതിയെന്താണെന്നു ചോദിച്ചപ്പോൾ, മൃഗങ്ങളുടെ സ്വഭാവചേഷ്ടകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞനായ, യു.എസ്.എ., ഫ്ളോറിഡായിലുള്ള സീ വേൾഡിലെ ലിസ് മോറിസ് ഇപ്രകാരം പറഞ്ഞു: “അത് അവയുടെ പ്രകൃതമാണെന്നു ഞാൻ വിചാരിക്കുന്നു. അവ പ്രകൃത്യാ കളിപ്രിയരും ജിജ്ഞാസുക്കളും ആയതിനാൽ നിങ്ങൾക്ക് അവയുമായി യഥാർഥത്തിൽ ഒരു ഉറ്റബന്ധം വളർത്തിയെടുക്കാൻ കഴിയും . . . അവ സ്പർശനത്തോടും സ്നേഹത്തോടും വളരെ നന്നായി പ്രതികരിക്കുന്നു.” ദൈവത്തിന്റെ വാഗ്ദാനം ചെയ്യപ്പെട്ട പുതിയ വ്യവസ്ഥിതിയിൽ ക്രിസ്റ്റിയെപ്പോലെ നമുക്കെല്ലാം പല അവിശ്വസനീയമായ കൂടിക്കാഴ്ചകൾ ഉണ്ടായിരിക്കാൻ കഴിയും.