ഒടുവിൽ—കുറ്റകൃത്യത്തിന് അറുതി വരുത്തുന്ന ഒരു ഗവൺമെൻറ്
നമ്മുടെ നാളുകളിൽ ആളുകൾ, “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞു. (2 തിമൊഥെയൊസ് 3:2, 3) ഇത്തരം ആളുകളാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നത്.
കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ആളുകളായതുകൊണ്ട് അവർ നല്ലവരായാൽ കുറ്റകൃത്യം കുറയും. പക്ഷേ ആളുകൾ നല്ലവരായിത്തീരുന്നത് ഒരിക്കലും എളുപ്പമായിരുന്നിട്ടില്ല. ഇന്ന് അത് മുമ്പെന്നത്തേക്കാളുമധികം പ്രയാസകരമാണ്. കാരണം, ബൈബിൾ കാലഗണനയിൽ പ്രതിപാദിക്കപ്പെട്ടിരുന്ന ഒരു തീയതിയായ 1914 മുതൽ നാം ഈ വ്യവസ്ഥിതിയുടെ ‘അന്ത്യ നാളുകളി’ലാണു ജീവിക്കുന്നത്. ബൈബിൾ മുൻകൂട്ടി പറഞ്ഞപ്രകാരം, “ദുർഘടസമയങ്ങൾ” ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ഏറ്റവും വലിയ കുറ്റവാളിയായ പിശാചായ സാത്താനാണ് ഈ ദുർഘടസമയങ്ങൾ സൃഷ്ടിക്കുന്നത്. ‘തനിക്ക് അൽപ്പകാലമേ ഉള്ളൂ എന്നറിയാവുന്നതുകൊണ്ട് അവൻ മഹാക്രോധമുള്ളവനാണ്.’—2 തിമൊഥെയൊസ് 3:1; വെളിപ്പാടു 12:12.
ഇന്ന് കുറ്റകൃത്യങ്ങൾ കുത്തനെ വർധിക്കുന്നതിന്റെ കാരണം അതാണ്. സാത്താനും അവന്റെ വ്യവസ്ഥിതിയും താമസിയാതെ നശിപ്പിക്കപ്പെടാൻ പോവുകയാണെന്ന് അവനറിയാം. അവശേഷിക്കുന്ന ചുരുങ്ങിയ സമയത്ത് 2 തിമൊഥെയൊസ് 3-ാം അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചീത്ത ഗുണങ്ങൾ മനുഷ്യരിൽ ഊട്ടിവളർത്താനുള്ള എല്ലാവിധ ശ്രമങ്ങളും അവൻ നടത്തുന്നു. അതുകൊണ്ട്, ഒരു ഗവൺമെൻറിന് കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്തണമെങ്കിൽ അത് സാത്താന്റെ സ്വാധീനം ഇല്ലാതാക്കണം. കൂടാതെ, മേൽവിവരിച്ചിരിക്കുന്ന വിധത്തിൽ പ്രവർത്തിക്കാതിരിക്കാൻ തക്കവിധം മാറ്റങ്ങൾ വരുത്താനും അത് ആളുകളെ സഹായിക്കണം. എന്നാൽ ഈ അമാനുഷികമായ ഉദ്യമം നിവർത്തിക്കാൻ കെൽപ്പുള്ള ഏതെങ്കിലുമൊരു ഗവൺമെൻറ് ഉണ്ടോ?
മാനുഷ ഗവൺമെൻറുകൾക്ക് ഒന്നിനുംതന്നെ ഇതു ചെയ്യാനുള്ള കഴിവില്ല. ഉക്രെയിനിലെ ഒരു നിയമാധ്യാപകനായ വാസ്കോവിച്ച്, “എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങളുടെയും എല്ലാ പൊതുസ്ഥാപനങ്ങളുടെയും ശ്രമങ്ങളെ ഏകീകരിച്ചു കൂട്ടിയിണക്കാൻ പ്രാപ്തിയുള്ള ഒരു സമിതി”യുടെ ആവശ്യമുണ്ടെന്നു നിർദേശിക്കുന്നു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു ലോകസമ്മേളനത്തിൽവെച്ച് ഫിലിപ്പീൻസ് പ്രസിഡൻറ് ഫീഡെൽ റോമോസ് ഇങ്ങനെ പ്രസ്താവിച്ചു: “ആധുനികത്വം നമ്മുടെ ലോകത്തെ ചെറുതാക്കിയിരിക്കുന്നതുകൊണ്ട്, ദേശീയ അതിർവരമ്പുകളെ മറികടക്കാൻ കുറ്റകൃത്യങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. അത് ഒരു ആഗോളപ്രശ്നമായി വികാസം പ്രാപിച്ചിരിക്കുന്നു. അതുകൊണ്ട്, പരിഹാരമാർഗങ്ങളും അതുപോലെതന്നെ ആഗോളവ്യാപകമായിരിക്കണം.”
“ഒരു ആഗോള ദുരന്തം”
ഐക്യരാഷ്ട്രങ്ങൾ ഒരു ആഗോള (സാർവദേശീയ) സമിതിയാണ്. അതിന്റെ സ്ഥാപനംമുതൽ അതു കുറ്റകൃത്യത്തിനെതിരെ പോരാടിയിട്ടുണ്ട്. പക്ഷേ, ദേശീയ ഗവൺമെൻറുകളുടെ പക്കലുള്ളതിനെക്കാൾ കൂടുതൽ പരിഹാരമൊന്നും അതിന്റെ പക്കലില്ല. ഐക്യരാഷ്ട്രങ്ങളും കുറ്റകൃത്യനിവാരണവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “രാജ്യാന്തര കുറ്റകൃത്യങ്ങൾ മിക്ക വ്യക്തിഗത രാഷ്ട്രങ്ങളുടെയും നിയന്ത്രണത്തെ മറികടന്നിരിക്കുന്നു. ആഗോള കുറ്റകൃത്യങ്ങളാകട്ടെ, ഇപ്പോൾ അന്താരാഷ്ട്ര സമിതിയുടെ എത്താപ്പുറത്തേക്കും വളരെ വ്യാപിച്ചിരിക്കുന്നു. . . . സംഘടിത കുറ്റവാളി സംഘങ്ങൾ നടത്തുന്ന കുറ്റകൃത്യം ഭയാനകമായ വിധത്തിൽ പടർന്നുപന്തലിച്ചിരിക്കുന്നു. ശാരീരിക അക്രമങ്ങളോടും ഭീഷണിയോടും ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഴിമതിയോടുമുള്ള ബന്ധത്തിൽ ഇതു വിശേഷിച്ചും ഗുരുതരമായ ഭവിഷ്യത്തുകൾ ഉളവാക്കും. ഭീകരപ്രവർത്തനം പതിനായിരങ്ങളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. ആസക്തിയുളവാക്കുന്ന ലഹരിമരുന്നുകൾ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നത് ഒരു ആഗോള ദുരന്തമായിത്തീർന്നിരിക്കുന്നു.”
ഐക്യനാടുകളുടെ നാലാമത്തെ പ്രസിഡൻറായിരുന്ന ജെയിംസ് മേഡിസൺ ഒരിക്കൽ പറഞ്ഞു: “മനുഷ്യൻ മനുഷ്യനെ ഭരിക്കേണ്ട ഒരു ഭരണകൂടം കെട്ടിപ്പടുക്കുമ്പോൾ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ളത് ഈ കാര്യത്തിലാണ്: ആദ്യം ഭരിക്കപ്പെടേണ്ടവരെ നിയന്ത്രിക്കാൻ ഭരണകൂടത്തെ പ്രാപ്തമാക്കണം; അടുത്തതായി സ്വയം നിയന്ത്രിക്കാനും അതിനു ബാധ്യതയുണ്ട്.” (സഭാപ്രസംഗി 8:9 താരതമ്യം ചെയ്യുക.) അതുകൊണ്ട്, ‘മനുഷ്യൻ മനുഷ്യന്റെമേൽ ഭരണം നടത്തുന്ന’ ഭരണകൂടങ്ങൾക്കുപകരം, തത്സ്ഥാനത്ത് ദൈവം ഭരിക്കുന്ന ഒരു വ്യവസ്ഥിതി വരുന്നതായിരിക്കും ഉത്തമ പരിഹാരം. എന്നാൽ, അത്തരമൊരു പരിഹാരം വാസ്തവികമാണോ?
കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുന്ന ഒരു ഗവൺമെൻറ്
ദൈവരാജ്യത്തെക്കുറിച്ചു ബൈബിൾ പറയുന്നതു സത്യക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.a അത് ഒരു യഥാർഥ ഗവൺമെൻറാണ്. സ്വർഗത്തിലായിരിക്കുന്നതുകൊണ്ടു രാജ്യം കാഴ്ചയ്ക്ക് അദൃശ്യമാണെങ്കിൽതന്നെയും അതു നിവർത്തിക്കുന്ന കാര്യങ്ങൾ ഭൂമിയിൽ ദൃശ്യമാണ്. (മത്തായി 6:9, 10) യേശുക്രിസ്തുവും, ‘ഭൂമിമേൽ രാജാവായി വാഴാൻ പോകുന്ന, സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു’ തിരഞ്ഞെടുക്കപ്പെട്ട 1,44,000 പേരും ഇതിൽ ഉൾപ്പെടും. ശക്തമായ ഈ ഗവൺമെൻറ്, “ഒരു മഹാപുരുഷാരം” തന്നെയായ പ്രജകളുടെ മേൽ ഭരിക്കും. ഇവരും “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള”വരായിരിക്കും. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (വെളിപ്പാടു 5:9, 10; 7:9) അങ്ങനെ, ഭരണകർത്താക്കളും പ്രജകളും സാർവദേശീയ പശ്ചാത്തലമുള്ളവരായിരിക്കും. ദിവ്യ അംഗീകാരമുള്ള, യഥാർഥത്തിൽ ഏകീകൃതരായ ആളുകളായിരിക്കും ഇവർ.
ദൈവഭരണം അംഗീകരിക്കുകവഴി, യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഇടയിൽതന്നെ കുറ്റകൃത്യസംബന്ധമായ പ്രശ്നങ്ങൾ വലിയൊരളവിൽ മറികടന്നിട്ടുണ്ട്. എങ്ങനെ? ബൈബിൾ തത്ത്വങ്ങളുടെ ജ്ഞാനം വിലമതിക്കാൻ പഠിച്ചുകൊണ്ടും അവ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ടും പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാൽ, അതായത്, ദൈവത്മാവിനാലും അതിന്റെ ഫലമായ സ്നേഹത്താലും പ്രചോദിപ്പിക്കപ്പെടാൻ തങ്ങളെത്തന്നെ അനുവദിച്ചുകൊണ്ടും അതു സാധിച്ചിരിക്കുന്നു. “സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” എന്നു ദൈവവചനം പറയുന്നു. (കൊലൊസ്സ്യർ 3:14) ദൈവരാജ്യം കുറ്റകൃത്യത്തിന് അറുതി വരുത്താൻ ഇപ്പോൾതന്നെ നടപടികൾ കൈക്കൊള്ളുന്നത് എങ്ങനെയെന്നു പ്രകടമാക്കിക്കൊണ്ട് 230-ലേറെ രാജ്യങ്ങളിലായി യഹോവയുടെ സാക്ഷികൾ ഈ സ്നേഹവും ഐകമത്യവും അഭ്യസിക്കുന്നു.
ജർമനിയിലെ 1,45,958 യഹോവയുടെ സാക്ഷികൾ പങ്കെടുത്ത, 1994-ൽ നടത്തിയ ഒരു സർവേയുടെ ഫലങ്ങളുടെ സഹായത്തോടെ ഇതു ദൃഷ്ടാന്തീകരിക്കാവുന്നതാണ്. സാക്ഷികളായിത്തീരാൻ ഗുരുതരമായ തെറ്റുകൾ മറികടക്കേണ്ടതുണ്ടായിരുന്നുവെന്ന് അവരിൽ പലരും സമ്മതിച്ചു. ബൈബിൾ പഠനമാണ് അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന്, 30,060 പേർ പുകയിലയുടെ അല്ലെങ്കിൽ മയക്കുമരുന്നിന്റെ ആസക്തിയെ തരണം ചെയ്തു; 1,437 പേർ ചൂതാട്ടം ഉപേക്ഷിച്ചു; 4,362 പേർ അക്രമാസക്തമായ അല്ലെങ്കിൽ കുറ്റകൃത്യപ്രവണതയുള്ള സ്വഭാവരീതിക്കു മാറ്റം വരുത്തി; 11,149 പേർ അസൂയയോ വിദ്വേഷമോ പോലുള്ള പ്രവണതകൾ തരണംചെയ്തു; 12,820 പേർ പിരിമുറുക്കമുള്ള കുടുംബജീവിതത്തിൽ ശാന്തത പുനഃസ്ഥാപിച്ചു.
ഈ കണ്ടെത്തലുകൾ ഒരു രാജ്യത്തു മാത്രമുള്ള യഹോവയുടെ സാക്ഷികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നെങ്കിലും ലോകമൊട്ടാകെയുള്ള സാക്ഷികളുടെ ഒരു മാതൃകയാണത്. ഉദാഹരണത്തിന്, യുറീ എന്നു പേരുള്ള ഉക്രെയിൻകാരനായ ഒരു ചെറുപ്പക്കാരന്റെ കാര്യമെടുക്കുക. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ച സമയത്ത് അയാൾ ഒരു പോക്കറ്റടിക്കാരനായിരുന്നു. മോസ്ക്കോയിലെ തിക്കുംതിരക്കും തന്റെ “ജോലി” എളുപ്പമുള്ളതാക്കുമെന്ന് അറിയാമായിരുന്നതിനാൽ അയാൾ അവിടേക്കുപോലും യാത്ര ചെയ്തിട്ടുണ്ട്.
1993-ൽ യുറീ വീണ്ടും ജനക്കൂട്ടത്തിൻ മധ്യേ മോസ്ക്കോയിലെത്തി. പക്ഷേ, ജൂലൈ 23 വെള്ളിയാഴ്ച ലോകോമോട്ടീവ് സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന 23,000-ത്തിലധികം ആളുകളിൽ ആർക്കും അയാളെ പേടിക്കേണ്ടതില്ലായിരുന്നു. കാരണം, അയാൾ ഇപ്പോൾ യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നിരുന്നു. ഒരു സാർവദേശീയ സദസ്സിനുവേണ്ടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് യുറീ സ്റ്റേജിൽ ഉണ്ടായിരുന്നു. നല്ലവനായി മാറിയ അയാൾ ‘കള്ളൻ ഇനി കക്കാതിരിക്കട്ടെ’ എന്ന ബൈബിളിന്റെ കൽപ്പന അനുസരിക്കുന്നു.—എഫെസ്യർ 4:28
ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലെ ജീവിതത്തിനു യോഗ്യരാകാൻ യുറീയെപ്പോലെ മറ്റനേകർ തങ്ങളുടെ കുറ്റകൃത്യ ജീവിതത്തോടു വിടപറഞ്ഞിരിക്കുന്നു. ഒരു മുൻ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ സർ പീറ്റർ ഇംബർട്ട് പറഞ്ഞ കാര്യത്തിന്റെ വിശ്വാസ്യതയ്ക്ക് ഇത് അടിവരയിടുന്നു: “എല്ലാവരും ശ്രമം ചെലുത്താൻ സന്നദ്ധരായാൽ ഒറ്റരാത്രികൊണ്ടു കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാം.” ദൈവത്തിന്റെ ഗവൺമെൻറ് നൽകുന്ന ബൈബിളധ്യയന പരിപാടി, സത്യസന്ധരായ ആളുകൾക്കു “ശ്രമം ചെലുത്താൻ” ആവശ്യമായ പ്രചോദനം പ്രദാനം ചെയ്യുന്നു.
കുറ്റകൃത്യമില്ലാത്ത ഒരു ലോകം
ഏതു തരത്തിലുള്ള കുറ്റകൃത്യമായാലും, മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മയെയാണ് അതു പ്രകടമാക്കുന്നത്. ക്രിസ്ത്യാനികൾ യേശുവിന്റെ മാതൃക പിൻപറ്റുന്നു. “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം” എന്നും “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നും അവൻ പറഞ്ഞു.—മത്തായി 22:37-39.
ഈ രണ്ടു കൽപ്പനകളും അനുസരിക്കാൻ പഠിപ്പിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ സമർപ്പിതമായ ഏക ഗവൺമെൻറ് ദൈവരാജ്യമാണ്. ഇന്ന് 50 ലക്ഷത്തിലേറെ യഹോവയുടെ സാക്ഷികൾ ഈ പ്രബോധനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. കുറ്റകൃത്യപ്രവണതകൾ തങ്ങളുടെ ഹൃദയങ്ങളിൽ വേരെടുക്കാൻ അനുവദിക്കുകയില്ലെന്ന് അവർ ദൃഢനിശ്ചയമെടുത്തിരിക്കുന്നു. മാത്രമല്ല, കുറ്റകൃത്യങ്ങളിൽനിന്നു വിമുക്തമായ ഒരു ലോകത്തിനു സംഭാവന ചെയ്യാൻ വ്യക്തിപരമായ എന്തെല്ലാം ശ്രമങ്ങൾ ആവശ്യമാണോ അവയെല്ലാം ചെയ്യാൻ അവർ സന്നദ്ധരാണ്. ദൈവം അവരുടെ ജീവിതത്തിൽ നിവർത്തിച്ചിരിക്കുന്ന കാര്യങ്ങൾ, തന്റെ സ്വർഗീയ ഗവൺമെൻറിന്റെ ഭരണാധിപത്യത്തിനുകീഴിൽ തന്റെ പുതിയ ലോകത്തിൽ അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മുന്നോടി മാത്രമാണ്. പൊലീസുകാർ, ന്യായാധിപന്മാർ, അഭിഭാഷകർ, തടവുകാർ എന്നിവരുടെ ആവശ്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ!
ഒരാഗോള അടിസ്ഥാനത്തിൽ ഇതു സാക്ഷാത്കരിക്കുന്നതിൽ, ദൈവംതന്നെ കൊണ്ടുവരാൻ പോകുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപരമായ കോളിളക്കം ഉൾപ്പെടുന്നു. ദാനീയേൽ 2:44 ഇപ്രകാരം പറയുന്നു: “[ഇന്നു നിലകൊള്ളുന്ന] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു [സ്വർഗീയ] രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” ദൈവം സാത്താനെ ചതച്ചുകളയും. അങ്ങനെ അവന്റെ ദുഷിച്ച സ്വാധീനത്തിന് അറുതി വരുത്തും.—റോമർ 16:20.
മാനുഷ ഗവൺമെൻറുകളുടെ സ്ഥാനത്ത് ഒരിക്കൽ ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറ് വന്നുകഴിഞ്ഞാൽ, മനുഷ്യർ പിന്നീടൊരിക്കലും പരസ്പരം ഭരിക്കുകയില്ല. സ്വർഗീയ രാജാക്കന്മാർ—ദൂതന്മാരെക്കാൾപോലും ഉയർന്ന രാജാക്കന്മാർ—മനുഷ്യവർഗത്തെ നീതിയുടെ വഴികളിൽ അഭ്യസിപ്പിക്കും. അപ്പോൾ, കൊലപാതകങ്ങൾ, വിഷവാതക ആക്രമണങ്ങൾ, അല്ലെങ്കിൽ ഭീകരരുടെ ബോംബുകൾ മേലാൽ ഉണ്ടായിരിക്കുകയില്ല! കുറ്റകൃത്യങ്ങൾക്കു ജന്മം നൽകുന്ന സാമൂഹിക അനീതികൾ മേലാൽ ഉണ്ടായിരിക്കുകയില്ല! ഉള്ളവരും ഇല്ലാത്തവരും എന്ന വ്യത്യാസം മേലാൽ ഉണ്ടായിരിക്കുകയില്ല!
നൈജീരിയയിലുള്ള ആവൊലൊവൊ സർവകലാശാലയിലെ പ്രൊഫസർ എസ്. എ. അലൂകൊ ഇപ്രകാരം പറഞ്ഞു: “ദരിദ്രർക്കു വിശപ്പു കാരണം രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല; സമ്പന്നർക്കാകട്ടെ, ദരിദ്രർ ഉണർന്നിരിക്കുന്നതു കാരണം ഉറങ്ങാൻ സാധിക്കുന്നില്ല.” എന്നാൽ, താമസിയാതെ ഗവൺമെൻറ്—ദൈവത്തിന്റെ ഗവൺമെൻറ്—കുറ്റകൃത്യങ്ങൾക്ക് ഒടുവിൽ അറുതി വരുത്തിയിരിക്കുന്നു എന്ന അറിവുള്ളതു കാരണം എല്ലാവർക്കും സ്വസ്ഥമായി ഉറങ്ങാൻ സാധിക്കും!
[അടിക്കുറിപ്പ്]
a ദൈവരാജ്യം എന്താണെന്നും വിശ്വാസമുള്ള മനുഷ്യവർഗത്തിന് അത് എപ്രകാരം പ്രയോജനം കൈവരുത്തും എന്നും സംബന്ധിച്ച വിശദമായ വിവരത്തിന്, ദയവായി, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം വായിക്കുക.
[10-ാം പേജിലെ ചിത്രം]
ഒരു മുൻ മോഷ്ടാവും അയാളുടെ ഇരയും ഇപ്പോൾ ക്രിസ്തീയ സഹോദരന്മാർ എന്ന നിലയിൽ ഒന്നിച്ചിരിക്കുന്നു