കുടുംബത്തിന്റെ വലുപ്പം നിശ്ചയിക്കേണ്ടതാർ?
ബ്രസീലിലെ ഉണരുക! ലേഖകൻ
മൂന്ന ദിവസം മാത്രം പ്രായമുള്ളപ്പോൾ, പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഭൂഗർഭസ്റ്റേഷനിൽ അവനെ ഉപേക്ഷിച്ചു. എന്നാൽ വളരെയേറെ കുടുംബങ്ങൾ ആ ശിശുവിനെ ദത്തെടുക്കാമെന്നു വാഗ്ദാനം ചെയ്തതായി ഒരു ബ്രസീലിയൻ ദിനപത്രം പറഞ്ഞു.
അതുപോലെയുള്ള പ്രത്യേകതരം സംഭവങ്ങൾ വിരളമാണെങ്കിലും, ആവശ്യമില്ലാത്തവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുടെ എണ്ണം ലോകമെമ്പാടും പെരുകിക്കൊണ്ടിരിക്കുന്നു. ചുമതലാബോധത്തോടെയുള്ള രക്ഷാകർത്തൃത്വം മിക്കപ്പോഴും കുറവാണ്. ഗർഭനിരോധനമാണോ ഇതിനു പരിഹാരം? ഒരുവന്റെ കുടുംബത്തിന്റെ വലുപ്പം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതു തെറ്റാണോ?
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം, ലോകവ്യാപകമായുള്ള ഗർഭധാരണങ്ങളിൽ 50 ശതമാനം ആസൂത്രണം ചെയ്യാത്തവയാണ്. മിക്കപ്പോഴും ഒരു ഗർഭധാരണം ആസൂത്രണം ചെയ്യാത്തതു മാത്രമല്ല ആഗ്രഹിക്കാത്തതുകൂടിയാണ്.
ഒട്ടേറെപേർ ആരോഗ്യം, പാർപ്പിടം, തൊഴിൽ എന്നിവയോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം ഗർഭധാരണം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ, ജനനനിയന്ത്രണ ഗുളികകൾ അല്ലെങ്കിൽ ഉറകൾ തുടങ്ങിയ ഗർഭനിരോധനോപാധികളുടെ ഉപയോഗം സാധാരണമാണ്. ഗർഭച്ഛിദ്രം, വന്ധ്യംകരണം തുടങ്ങിയവയും ജനനനിയന്ത്രണ ഉപാധികളായി അവലംബിച്ചുവരുന്നു. ബ്രസീലിലെ ഗർഭച്ഛിദ്രങ്ങളെ സംബന്ധിച്ച് ഓ എസ്റ്റാഡൂ ദെ സാവു പൗലൂ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ബ്രസീലിൽ ഓരോ വർഷവും ഗർഭിണികളാകുന്ന 1 കോടി 30 ലക്ഷം സ്ത്രീകളിൽ 50 ലക്ഷം പേരും രഹസ്യമായി ഗർഭം അലസിപ്പിക്കുന്നു.” ഒരു ഇണയോടൊപ്പം താമസിക്കുന്ന ഗർഭധാരണം നടക്കാവുന്ന പ്രായത്തിലുള്ള 71 ശതമാനം ബ്രസീലിയൻ സ്ത്രീകളും പതിവായി ജനനനിയന്ത്രണമാർഗങ്ങൾ അവലംബിക്കുന്നുണ്ടെന്ന് ടൈം മാഗസിനും റിപ്പോർട്ടു ചെയ്തു. ഇവരിൽ, 41 ശതമാനം ഗുളികകളുപയോഗിക്കുകയും 44 ശതമാനം വന്ധ്യംകരണരീതി അവലംബിക്കുകയും ചെയ്യുന്നു.
ബ്രസീലിലെ 75 ശതമാനം പേരും കുട്ടികളുടെ എണ്ണം സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണെന്നു കരുതുന്നുവെന്ന് ഒരു സർവേ കാണിക്കുന്നു. മറ്റുള്ളവർ വിധിവിശ്വാസം നിമിത്തമോ അല്ലെങ്കിൽ ഒരു കുടുംബം ‘ദൈവം തരുന്ന അത്രയും കുട്ടികളെ സ്വീകരിക്കുക’ എന്നതു ദൈവത്തിന്റെ ഉദ്ദേശ്യമാണെന്നു ചിന്തിച്ചുകൊണ്ടോ കുടുംബാസൂത്രണം നിരസിക്കുന്നു. എന്നാൽ ആരാണു കുടുംബത്തിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്—ദമ്പതികളോ അതോ ദേശീയവും മതപരവുമായ താത്പര്യങ്ങളോ?
ജനനനിയന്ത്രണം—എന്തുകൊണ്ടു വിവാദപരം?
സുരക്ഷിതകാലസംഭോഗ രീതി അനുവദിക്കുന്നുണ്ടെങ്കിലും, ബ്രസീലിലെ ഏറ്റവും വലിയ മതസമൂഹമായ റോമൻ കത്തോലിക്കാ സഭ, ഗർഭച്ഛിദ്രപരമോ അല്ലാത്തതോ ആയ ഏതു തരം ഗർഭനിരോധനോപാധികളെയും എതിർക്കുന്നു. പോൾ VI-ാമൻ പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു: “ഓരോ ലൈംഗികവേഴ്ചയും ജീവന്റെ പകരലിനു വഴിതുറക്കുന്നതായിരിക്കണം.” ജോൺ പോൾ II-ാമൻ പാപ്പാ ഇങ്ങനെ പറഞ്ഞു: “ഗർഭനിരോധനത്തെപ്പറ്റി വസ്തുനിഷ്ഠമായി പരിചിന്തിക്കുമ്പോൾ, അതിനെ ഒരിക്കലും, ഒരു കാരണവശാലും, ന്യായീകരിക്കാൻ കഴിയാത്തവിധം തികച്ചും നിയമവിരുദ്ധമാണ്.” ഇതുനിമിത്തം ഒട്ടേറെ കത്തോലിക്കർ ഗർഭനിരോധനം ഒരു പാപമാണെന്നു കണക്കാക്കി തങ്ങളുടെ കുടുംബത്തിന്റെ വലുപ്പം നിയന്ത്രിക്കാൻ വിസമ്മതിക്കുന്നു.
അതേസമയം തന്നെ ലാൻസെറ്റ് എന്ന മെഡിക്കൽ ജേണൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ജനകോടികൾ വിദ്യാഭ്യാസമില്ലാതെയും, തൊഴിലില്ലാതെയും, പാർപ്പിടമില്ലാതെയും ഏറ്റവും അടിസ്ഥാനപരമായ മറ്റ് ആരോഗ്യ ക്ഷേമ, ശുചിത്വ സേവനങ്ങൾ ലഭിക്കാതെയും തങ്ങളുടെ ജീവിതം ചെലവഴിക്കും, നിയന്ത്രണമില്ലാത്ത ജനപ്പെരുപ്പമായിരിക്കും അതിനു നിദാനമായ ഒരു പ്രധാന ഘടകം”. അതുകൊണ്ട്, ജനപ്പെരുപ്പത്തെയും ദാരിദ്ര്യത്തെയും ഭയപ്പെട്ടുകൊണ്ട് ചില ഗവൺമെൻറുകൾ സഭയിൽനിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും കുടുംബാസൂത്രണത്തെ പ്രോൽസാഹിപ്പിക്കുന്നു. ഉദാഹരണമായി, “കോസ്റ്റ റിക്ക കുട്ടികളുടെ ശരാശരി എണ്ണം [ഓരോ കുടുംബത്തിനും] 7-ൽ നിന്ന് 3 ആക്കി കുറച്ചു,” എന്ന് ജീവശാസ്ത്രജ്ഞനായ പോൾ ഏൾറിച്ച് പറയുന്നു.
ജീവിതത്തിന് ഉതകുന്ന വസ്തുതകൾ—ഒരു ആശയവിനിമയ വെല്ലുവിളി (ഇംഗ്ലീഷ്) എന്ന യുഎൻ പ്രസിദ്ധീകരണം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഒരു സ്ത്രീക്കു നാലു കുട്ടികൾ ആയിക്കഴിഞ്ഞാൽ, പിന്നീടുള്ള ഗർഭധാരണങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു വലിയ അപകടസാധ്യത വരുത്തിക്കൂട്ടുന്നു. പ്രത്യേകിച്ചും മുമ്പിലത്തെ പ്രസവങ്ങൾ തമ്മിൽ രണ്ടിലധികം വർഷത്തെ ഇടവേളയെങ്കിലും ഇല്ലെങ്കിൽ, ഒരു സ്ത്രീയുടെ ശരീരം ആവർത്തിച്ചുള്ള ഗർഭധാരണവും പ്രസവവും മുലയൂട്ടലും ചെറിയ കുട്ടികളുടെ പരിപാലനവും നിമിത്തം വളരെ പെട്ടെന്നു ക്ഷയിച്ചുപോകും.”
ഉയർന്ന ശിശുമരണനിരക്കുള്ളിടത്തു വലിയ കുടുംബങ്ങൾ ഇപ്പോഴും സാധാരണമാണ്, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും ഉള്ള ഉൾനാടൻപ്രദേശങ്ങളിൽ. എന്തുകൊണ്ട്? മിക്കവരും ഗർഭനിരോധനോപാധികളുമായി അത്ര പരിചിതരല്ല. ചില പ്രദേശങ്ങളിൽ ഇതിനിടയാക്കിയ ഒരു ഘടകം, ഒരു നിയമസഭാംഗം പറഞ്ഞതുപോലെ, “ഇക്കാലത്തും ഒരു മനുഷ്യൻ തന്നെത്തന്നെ ഒരു യഥാർഥ പുരുഷനായി കണക്കാക്കുന്നത് അയാളുടെ ഭാര്യ എല്ലാ വർഷവും ഗർഭിണിയാകുന്നെങ്കിൽ മാത്രമാണ്” എന്നതായിരിക്കാം. സാധ്യതയുള്ള മറ്റൊരു വസ്തുത, വിശേഷിച്ചു സ്ത്രീയുടെ കാഴ്ചപ്പാടിൽ, ഷോർണൽ ഡാ റ്റാർഡ പ്രസ്താവിക്കുന്നതുപോലെ, “കുട്ടികൾ ആമോദത്തിനുള്ള അവരുടെ വിരളമായ സ്രോതസ്സുകളിലൊന്നാണെന്നു മാത്രമല്ല, വ്യക്തിപരമായ സാക്ഷാത്കാരത്തിന്റെ അവബോധം കൈവരുത്തുകയും ചെയ്യുന്നു.” ബ്രസീലിലെ മുൻ പരിസ്ഥിതി സെക്രട്ടറിയായ പൗലൂ നോഗേയ്റ നിറ്റോയും ഇങ്ങനെ പ്രസ്താവിച്ചു: “ദരിദ്ര സമൂഹത്തിന്റെ സാമൂഹിക ഭദ്രതയ്ക്കുള്ള ആസ്തിയാണ് ഒരു കുട്ടി.”
ബൈബിളിനു പറയാനുള്ളത്
ദൈവവചനമായ ബൈബിൾ, കുടുംബത്തിന്റെ വലുപ്പം സംബന്ധിച്ചുള്ള തീരുമാനം, ഭാര്യയ്ക്കും ഭർത്താവിനും വിട്ടുകൊടുക്കുന്നു എന്നു നിങ്ങൾ അറിഞ്ഞിരുന്നോ? പുനരുത്പാദനത്തിനുവേണ്ടിയാണെങ്കിലും, ആദരപൂർവമുള്ള ലൈംഗിക അടുപ്പത്തിലൂടെ ആർദ്രപ്രിയം പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണെങ്കിലും, വിവാഹം ചെയ്യുന്നത് ഉചിതമാണെന്നും അതു കാണിക്കുന്നു.—1 കൊരിന്ത്യർ 7:3-5; എബ്രായർ 13:4.
എന്നാൽ ദൈവം പറുദീസയിലായിരുന്ന ആദാമിനോടും ഹവ്വായോടും “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ”യാൻ പറഞ്ഞിരുന്നില്ലേ? (ഉല്പത്തി 1:28) ഉവ്വ്, എന്നാൽ നമ്മളും അതേ കൽപ്പനയിൻകീഴിലാണെന്നു ബൈബിളിന്റെ ഒരു ഭാഗവും കാണിക്കുന്നില്ല. “മുഴുഗ്രഹത്തിലുമായി രണ്ടേരണ്ടു കുടിപാർപ്പുകാർ മാത്രമുണ്ടായിരുന്നപ്പോൾ ബാധകമായിരുന്ന അതേ സമവാക്യം [കോടിക്കണക്കിനു വരുന്ന] മുഴുമനുഷ്യവർഗത്തിനും ബാധകമാക്കുന്നത് ഏറെക്കുറെ പരസ്പരവിരുദ്ധമാണ്” എന്ന് എഴുത്തുകാരനായ റിക്കാർഡൂ ലെസ്കാനൂ ചൂണ്ടിക്കാണിച്ചു. കുട്ടികളേ വേണ്ട എന്നാണു തീരുമാനിക്കുന്നതെങ്കിൽപോലും, ആ തീരുമാനം ബഹുമാനിക്കപ്പെടേണ്ട വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്.
ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ യഹോവയുടെ സാക്ഷികളുടെ വീക്ഷണം ബൈബിളടിസ്ഥാനമുള്ളതാണെന്ന് അഭിപ്രായപ്പെടുന്നതു രസാവഹമാണ്. അതിപ്രകാരം പ്രസ്താവിക്കുന്നു: “ദമ്പതികളുടെ തീരുമാനത്തിനു വിടുന്ന ജനനനിയന്ത്രണത്തിന്റെ കാര്യത്തിലൊഴികെ വൈവാഹികവും ലൈംഗികവുമായ സാന്മാർഗികത സംബന്ധിച്ച് അവർ തികച്ചും വിട്ടുവീഴ്ചയില്ലാത്തവരാണ്.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവർ ബൈബിളിനെ തങ്ങളുടെ വിശ്വാസത്തിന്റെ ഏക അടിസ്ഥാനവും പെരുമാറ്റച്ചട്ടവും ആയി കണക്കാക്കുന്നു.”
കുടുംബത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനുള്ള ഏതു മാർഗവും സാധുതയുള്ളതാണോ? അല്ല. ജീവൻ പവിത്രമായതിനാൽ ഇസ്രായേലിനു കൊടുത്ത ദൈവിക ന്യായപ്രമാണം ഒരു ഗർഭച്ഛിദ്രത്തിന് ഇടയാക്കിയ ഒരുവനെ കൊലപാതകിയായി കണക്കാക്കണമെന്നു കൽപ്പിക്കുന്നു. (പുറപ്പാടു 20:13; 21:22, 23) വാസെക്ടമി പോലെയുള്ള വന്ധ്യംകരണത്തിന്റെ കാര്യത്തിൽ, ബൈബിളിൽ നേരിട്ട് ഒന്നും സൂചിപ്പിക്കുന്നില്ലാത്തതിനാൽ വ്യക്തിപരമായ മനസ്സാക്ഷിക്കനുസരിച്ച് ഒരു തീരുമാനമെടുക്കാവുന്നതാണ്. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:5)a എങ്കിലും, ജനനനിയന്ത്രണത്തിനുള്ള വ്യത്യസ്ത രീതികൾ ഇപ്പോഴുള്ളതിനാൽ വൈദ്യശാസ്ത്രത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് ഒരു പ്രത്യേകരീതി അവലംബിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ദമ്പതികളെ സഹായിക്കാൻ കഴിയും.
നിങ്ങൾക്ക് ഒത്തുപോകാനാവുന്ന തീരുമാനങ്ങളെടുക്കുക
ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാവുന്നവയല്ല. എന്നാൽ ഉൾപ്പെട്ടിരിക്കുന്നതെന്താണെന്നു ഗൗരവമായി പരിചിന്തിക്കാതെ നിങ്ങൾ ഒരു കാറോ ഒരു വീടോ വാങ്ങുമോ? ഒരു കാറോ ഒരു വീടോ വീണ്ടും വിൽക്കാൻ കഴിയും, പക്ഷേ മടക്കിക്കൊടുക്കാവുന്നവയല്ല കുട്ടികൾ. അങ്ങനെയെങ്കിൽ, ഒരു ഗർഭധാരണത്തിനു വേണ്ടി ആസൂത്രണം ചെയ്യുമ്പോൾ ജീവിതത്തിലെ അത്യാവശ്യ സംഗതികൾക്കുവേണ്ടി കരുതാൻ ഭർത്താവിനും ഭാര്യക്കും ഉള്ള പ്രാപ്തി പരിഗണിക്കേണ്ടതല്ലേ?
തീർച്ചയായും, നമ്മുടെ കുടുംബം വികലപോഷിതമായിരിക്കുന്നതിൽ നമുക്കു താത്പര്യമില്ല, മറ്റുള്ളവരുടെ മേൽ ഒരു ഭാരമായിരിക്കാനും നമുക്ക് ആഗ്രഹമില്ല. (1 തിമൊഥെയൊസ് 5:8) അതേസമയം, ഭക്ഷണത്തിനും പാർപ്പിടത്തിനും പുറമേ കുട്ടികൾക്കു വിദ്യാഭ്യാസവും സാന്മാർഗിക മൂല്യങ്ങളും സ്നേഹവും ആവശ്യമാണുതാനും.
ആവശ്യമായി വരുന്ന അധ്വാനം, പണം, ക്ഷമ എന്നിവ കണക്കാക്കുന്നതിനു പുറമേ ഭാര്യയുടെ ആരോഗ്യവും പരിഗണിക്കേണ്ടതുണ്ട്. ഗർഭധാരണകാലം ബുദ്ധിപൂർവം ക്രമീകരിക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനും മെച്ചപ്പെട്ട ആരോഗ്യത്തിനു സംഭാവന ചെയ്യാനും കഴിയും. ജീവിതത്തിന് ഉതകുന്ന വസ്തുതകൾ (ഇംഗ്ലീഷ്) പറയുന്നു: “അമ്മയ്ക്കും കുഞ്ഞിനും ഗർഭധാരണത്താലും പ്രസവത്താലും ഉണ്ടാകാവുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു വിധം പ്രസവകാലത്തിന്റെ ക്രമീകരണമാണ്. അമ്മയാകാൻ പോകുന്ന സ്ത്രീയുടെ പ്രായം 18-നു താഴെയോ 35-നു മുകളിലോ ആണെങ്കിൽ, നാലോ അതിൽ കൂടുതലോ ഗർഭധാരണങ്ങൾ കഴിഞ്ഞതാണെങ്കിൽ, അല്ലെങ്കിൽ ഒടുവിലത്തെ പ്രസവത്തിനു ശേഷമുള്ള ഇടവേള രണ്ടുവർഷത്തിൽ കുറവാണെങ്കിൽ പ്രസവത്തിന്റെ അപകടങ്ങൾ ഏറ്റവും ഉയർന്നതാണ്.”
കുട്ടികളുണ്ടാകുന്നതിനെപ്പറ്റി ചിന്തിക്കുന്ന ദമ്പതികൾ, ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ, കുറ്റകൃത്യം, ഭക്ഷ്യക്ഷാമം, യുദ്ധം, സാമ്പത്തിക അസ്ഥിരത എന്നിവയാൽ നാം ചുറ്റപ്പെട്ടിരിക്കുകയാണെന്നതും പരിഗണിക്കണം. (മത്തായി 24:3-12; 2 തിമൊഥെയൊസ് 3:1-5, 13; വെളിപ്പാടു 6:5, 6) നമ്മുടെ നാളുകളിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്നത് ഒരു വലിയ വെല്ലുവിളിയാണെന്നു തിരിച്ചറിഞ്ഞുകൊണ്ടു കുട്ടികളോടു യഥാർഥ സ്നേഹം പ്രകടമാക്കുന്നത് നാം ജീവിക്കുന്ന ലോകത്തെ സംബന്ധിച്ചു വാസ്തവികബോധമുള്ളവരായിരിക്കുന്നതിനു ദമ്പതികളെ സഹായിക്കും. അതുകൊണ്ടു മിക്കവരും വെറുതെ കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുകയും എല്ലാം ശരിയായിവരും എന്ന പ്രത്യാശയിൽ എത്ര കുട്ടികൾ വേണമെങ്കിലും ഉണ്ടാകാൻ അനുവദിക്കുകയും ചെയ്യുന്നതിനു പകരം കുട്ടികൾ ഒരു കൂടിയ അളവിലുള്ള സന്തുഷ്ടിയും സുരക്ഷിതത്വവും അനുഭവിക്കത്തക്കവിധം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം വലുപ്പം വേണം എന്നു തീരുമാനിക്കാൻ താത്പര്യപ്പെടുന്നു.
കുടുംബപരമായ കാര്യങ്ങളിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നതിനു പുറമേ, ദൈവവചനം നമുക്കു ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരു പ്രത്യാശയും നൽകുന്നു. ഒരു പറുദീസാഭൂമിയിൽ സമാധാനത്തിലും സന്തോഷത്തിലും എന്നേക്കും ജീവിക്കുക എന്നതാണു മനുഷ്യരെ സംബന്ധിച്ചുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യം എന്നു ബൈബിൾ കാണിക്കുന്നു. ഇതു നടപ്പിലാക്കുന്നതിനുവേണ്ടി ദൈവം വളരെ പെട്ടെന്നുതന്നെ ഈ ദുഷ്ടവ്യവസ്ഥിതിക്ക് ഒരു അവസാനം വരുത്തും. അതിനുശേഷം, ദാരിദ്ര്യവും ജനപ്പെരുപ്പവുമില്ലാത്ത ഒരു പുതിയ ലോകത്തിൽ വേണ്ടാത്തവരായി കുട്ടികൾ വീണ്ടുമൊരിക്കലും വലിച്ചെറിയപ്പെടുകയില്ല.—യെശയ്യാവു 45:18; 65:17, 20-25; മത്തായി 6:9, 10.
അന്യോന്യവും കുട്ടികളോടും ഉള്ള പരിഗണനയും, അതുപോലെ പുനരുത്പാദനം സംബന്ധിച്ചു സമനിലയുള്ള ഒരു വീക്ഷണവും ദമ്പതികളെ തങ്ങളുടെ കുടുംബത്തിന്റെ വലുപ്പം തീരുമാനിക്കാൻ സഹായിക്കുമെന്നതു വ്യക്തമാണ്. കാര്യങ്ങൾ എങ്ങനെയും നടക്കാൻ അനുവദിക്കുന്നതിനുപകരം, ദമ്പതികൾ പ്രാർഥനാപൂർവം ദൈവത്തിന്റെ മാർഗനിർദേശം തേടേണ്ടതുണ്ട്. “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22.
[അടിക്കുറിപ്പ്]
a 1985 മേയ് 1-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 31-ാം പേജ് കാണുക.
[12-ാം പേജിലെ ചിത്രം]
ലക്ഷക്കണക്കിനു കുട്ടികൾ ഉപേക്ഷിക്കപ്പെടുന്നു
[13-ാം പേജിലെ ചിത്രം]
കുട്ടികൾക്കു സ്നേഹപൂർവമുള്ള പരിപാലനം ആവശ്യമാണ്