ബൈബിളിന്റെ വീക്ഷണം
ഗർഭനിരോധനം ധർമവിരുദ്ധമോ?
നിങ്ങൾക്കെന്തു തോന്നുന്നു, വിവാഹിതർ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതു തെറ്റാണോ? നിങ്ങൾ നൽകുന്ന ഉത്തരത്തിന് നിങ്ങളുടെ മതവിശ്വാസവുമായി ബന്ധമുണ്ടായിരുന്നേക്കാം. സന്താനോത്‌പാദനം തടയാൻ ഉദ്ദേശിച്ചുള്ള ഏതൊരു പ്രവൃത്തിയും “പ്രകൃത്യാ തിന്മയാണ്” എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. വിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധങ്ങളിൽ ഒന്നുപോലും ഗർഭധാരണത്തിനുള്ള സാധ്യതയ്‌ക്കു തടയിടാൻ ശ്രമിച്ചുകൊണ്ടുള്ളതായിരിക്കരുത് എന്നതാണു സഭയുടെ പ്രമാണം. അതുകൊണ്ട് കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഗർഭനിരോധനത്തിന്റെ വഴി “ധർമവിരുദ്ധ”മാണ്.
ഈ വീക്ഷണം പക്ഷേ, അനേകർക്കും സ്വീകാര്യമല്ല. “കൃത്രിമ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ സഭ അനുവാദം നൽകണമെന്ന് ഐക്യനാടുകളിലെ 75 ശതമാനത്തിലേറെ കത്തോലിക്കർ അഭിപ്രായപ്പെടുന്നു” എന്നും “അതു സംബന്ധിച്ച വിലക്കുകൾ ദശലക്ഷങ്ങൾ ദിവസവും ലംഘിക്കുന്നു” എന്നും പ്രസ്‌തുത വിഷയത്തോടു ബന്ധപ്പെട്ട് പിറ്റ്‌സ്‌ബർഗ് പോസ്റ്റ്-ഗസറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറഞ്ഞു. മൂന്നു മക്കളുടെ അമ്മയായ ലിൻഡ, താൻ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതായി തുറന്നുസമ്മതിക്കുന്നു. എങ്കിലും “ഞാൻ ചെയ്യുന്നത് ഒരു പാപമാണെന്ന് എനിക്കു തോന്നുന്നേയില്ല” എന്ന് അവർ പറയുന്നു.
ഇതു സംബന്ധിച്ച് ദൈവവചനം എന്താണു പറയുന്നത്?
ജീവൻ അമൂല്യമാണ്
ഭ്രൂണാവസ്ഥയിലായിരിക്കുന്ന ഒരു ശിശുവിന്റെപോലും ജീവനെ ദൈവം വിലയേറിയതായി വീക്ഷിക്കുന്നു. ഇസ്രായേൽ രാജാവായ ദാവീദ് ദൈവനിശ്വസ്‌തതയിൽ ഇങ്ങനെ എഴുതി: “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . [അതിന്റെ ഭാഗങ്ങളെല്ലാം] നിന്റെപുസ്‌തകത്തിൽ എഴുതിയിരുന്നു.” (സങ്കീർത്തനം 139:13, 16) ഗർഭധാരണം നടക്കുന്ന നിമിഷം ഒരു പുതുജീവൻ നാമ്പിടുകയാണ്. ന്യായപ്രമാണമനുസരിച്ച് അജാതശിശുവിനു ഹാനിവരുത്തുന്ന ഒരു വ്യക്തി കണക്കുബോധിപ്പിക്കേണ്ടി വരുമായിരുന്നു. ശ്രദ്ധേയമായി, രണ്ടു പുരുഷന്മാർക്കിടയിലുള്ള വഴക്കിൽപ്പെട്ട് ഗർഭിണിയായ ഒരു സ്‌ത്രീക്കോ ഗർഭസ്ഥശിശുവിനോ ഗുരുതരമായി പരിക്കേറ്റാൽ ആ പ്രശ്‌നം ന്യായാധിപന്മാരുടെ മുമ്പാകെ കൊണ്ടുവരേണ്ടിയിരുന്നുവെന്ന് പുറപ്പാടു 21:22, 23 അനുശാസിക്കുന്നു. അവർ സാഹചര്യം തൂക്കിനോക്കുകയും സ്‌ത്രീക്കോ കുട്ടിക്കോ ഉണ്ടായ അപായം കരുതിക്കൂട്ടിയുള്ള പ്രവൃത്തിയുടെ ഫലമാണോ അല്ലയോ എന്നു വിലയിരുത്തുകയും ചെയ്യുമായിരുന്നു. “ജീവന്നു പകരം ജീവൻ” എന്ന ചട്ടത്തിനു ചേർച്ചയിൽ ശിക്ഷയും നൽകപ്പെട്ടിരുന്നു.
ഗർഭനിരോധനത്തിന്റെ കാര്യത്തിൽ പ്രസ്‌തുത തത്ത്വങ്ങൾ പ്രസക്തമാണ്. എന്തുകൊണ്ടെന്നാൽ, ചില ജനനനിയന്ത്രണ രീതികൾ ഗർഭച്ഛിദ്രത്തിന്റെ രൂപം കൈവരിക്കുന്നതായി കാണപ്പെടുന്നു. അത്തരം ഗർഭനിരോധന മാർഗങ്ങൾ ജീവനോടുള്ള ആദരവു സംബന്ധിച്ച ദിവ്യതത്ത്വങ്ങൾക്കു വിരുദ്ധമാണ്. മിക്ക ഗർഭനിരോധന മാർഗങ്ങളിലും പക്ഷേ, ഗർഭച്ഛിദ്രം ഉൾപ്പെട്ടിരിക്കുന്നില്ല. ഇത്തരം ജനനനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ?
മക്കളെ ജനിപ്പിക്കാൻ ബൈബിൾ ഒരിടത്തും ക്രിസ്‌ത്യാനികളോടു കൽപ്പിക്കുന്നില്ല. “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ” എന്ന് ആദ്യ മനുഷ്യജോഡിയോടും നോഹയുടെ കുടുംബത്തോടും ദൈവം പറഞ്ഞിരുന്നു. എന്നാൽ പ്രസ്‌തുത കൽപ്പന ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ആവർത്തിച്ചില്ല. (ഉല്‌പത്തി 1:28; 9:1) അതുകൊണ്ട് ‘മക്കളെ ജനിപ്പിക്കണമോ, എത്ര മക്കൾ വേണം, എപ്പോൾ വേണം’ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഭാര്യാഭർത്താക്കന്മാർക്കുതന്നെ തീരുമാനിക്കാവുന്നതാണ്. അതുപോലെ, ജനനനിയന്ത്രണത്തെയും ബൈബിൾ കുറ്റംവിധിക്കുന്നില്ല. അതുകൊണ്ട് തിരുവെഴുത്തുകളുടെ വീക്ഷണത്തിൽ, ഗർഭച്ഛിദ്രം ഉൾപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലുമൊരു ഗർഭനിരോധന മാർഗം ഭാര്യയോ ഭർത്താവോ സ്വീകരിക്കണമോയെന്നത് അവർക്കു സ്വന്തമായി തീരുമാനിക്കാനാകും. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് കത്തോലിക്കാ സഭ ഗർഭനിരോധനത്തെ എതിർക്കുന്നത്?
മനുഷ്യജ്ഞാനമോ ദിവ്യജ്ഞാനമോ?
ദാമ്പത്യത്തിനുള്ളിലെ ലൈംഗികബന്ധത്തിന്റെ സാധുവായ ഒരേയൊരു ലക്ഷ്യം സന്താനോത്‌പാദനമാണെന്നു നിർവചിക്കുന്ന സ്റ്റോയിക് തത്ത്വശാസ്‌ത്രം, ‘ക്രൈസ്‌തവർ’ ആദ്യമായി അംഗീകരിച്ചത് പൊതുയുഗം രണ്ടാം നൂറ്റാണ്ടിലായിരുന്നുവെന്ന് കത്തോലിക്കാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് പ്രസ്‌തുത കാഴ്‌ചപ്പാടിനു പിന്നിലെ യുക്തി ബൈബിളിലല്ല, തത്ത്വശാസ്‌ത്രത്തിലാണു വേരൂന്നിയിരിക്കുന്നത്. ദൈവികജ്ഞാനമല്ല, മനുഷ്യജ്ഞാനമാണ് അതിന്റെ അടിസ്ഥാനം. നൂറ്റാണ്ടുകൾ അതിജീവിച്ച ആ തത്ത്വശാസ്‌ത്രത്തിന് വിവിധ കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞർ അനുബന്ധങ്ങൾ എഴുതിച്ചേർത്തു.a ഇതിന്റെയെല്ലാം അനന്തരഫലമോ? ലൈംഗികസുഖം മാത്രം ലക്ഷ്യമാക്കിയുള്ള ബന്ധങ്ങൾ പാപമാണെന്നും അങ്ങനെ, സന്താനോത്‌പാദനത്തിനുള്ള സാധ്യതയ്‌ക്കു മനഃപൂർവം തടയിടുന്ന ബന്ധങ്ങൾ അധാർമികമാണെന്നുമുള്ള സങ്കൽപ്പം രൂഢമൂലമായിത്തീർന്നു. എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് അങ്ങനെയല്ല.
ഭാര്യാഭർത്താക്കന്മാർക്കിടയിലെ ഉചിതമായ ലൈംഗികാസ്വാദനത്തിന്റെ നിർവൃതി കാവ്യാത്മകമായി വർണിച്ചുകൊണ്ട് സദൃശവാക്യങ്ങൾ ഇങ്ങനെ പറയുന്നു: “നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക. . . . നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുമായ നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. അവളുടെ സ്‌തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ എല്ലായ്‌പോഴും മത്തനായിരിക്ക.”—സദൃശവാക്യങ്ങൾ 5:15, 18, 19, NW.
ഭാര്യാഭർത്താക്കന്മാർക്കിടയിലെ ലൈംഗികബന്ധം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. അതിന്റെ ലക്ഷ്യം പക്ഷേ, സന്താനോത്‌പാദനം മാത്രമല്ല. ആർദ്രപ്രിയവും അനുഭൂതികളും പങ്കുവെക്കാൻ ദമ്പതികൾക്ക് അവസരമൊരുക്കുന്ന ഒരു ക്രമീകരണം കൂടിയാണത്. അതുകൊണ്ട് ഗർഭനിരോധനത്തിനുള്ള ഏതെങ്കിലുമൊരു ഉപാധി ഉപയോഗിച്ച് ഗർഭധാരണം ഒഴിവാക്കാൻ ദമ്പതികൾ തീരുമാനിക്കുന്നെങ്കിൽ ആരും അവരെ വിധിക്കേണ്ടതില്ല, അക്കാര്യം തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്.—റോമർ 14:4, 10-13.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധത്തിൽ എന്തെങ്കിലും തെറ്റുണ്ടോ?—സദൃശവാക്യങ്ങൾ 5:15, 18, 19.
◼ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നപക്ഷം ക്രിസ്‌ത്യാനികൾ ഏതു കാര്യം ശ്രദ്ധിക്കണം?—പുറപ്പാടു 21:22, 23, NW.
◼ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന ദമ്പതികളെ മറ്റുള്ളവർ എങ്ങനെ വീക്ഷിക്കണം?—റോമർ 14:4, 10-13.
[അടിക്കുറിപ്പ്]
a “ഗർഭനിരോധനത്തെ എതിർത്തുകൊണ്ട് ഒരു പോപ്പ് ആദ്യമായി പുറപ്പെടുവിച്ച സാർവലൗകിക പ്രമാണം” എന്ന് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ വിശേഷിപ്പിച്ച നിയമം, ഗ്രിഗറി ഒമ്പതാമൻ പാപ്പാ കൊണ്ടുവന്നത് 13-ാം നൂറ്റാണ്ടിലായിരുന്നു.
[11-ാം പേജിലെ ആകർഷക വാക്യം]
“സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ” എന്ന് ആദ്യ മനുഷ്യജോഡിയോടും നോഹയുടെ കുടുംബത്തോടും ദൈവം പറഞ്ഞിരുന്നു. എന്നാൽ പ്രസ്‌തുത കൽപ്പന ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ആവർത്തിച്ചില്ല