ലൈംഗികതയെക്കുറിച്ചുള്ള പത്തുചോദ്യങ്ങളും ഉത്തരങ്ങളും
1 ഏദെനിലെ ആദ്യപാപം ലൈംഗികതയായിരുന്നോ?
▪ ഉത്തരം: ഏദെനിലെ വിലക്കപ്പെട്ട കനി ലൈംഗികതയാണെന്നു വിശ്വസിക്കുന്ന അനേകരുണ്ട്. എന്നാൽ, ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല.
ഒന്നു ചിന്തിച്ചു നോക്കൂ: ഹവ്വായെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” തിന്നരുതെന്ന് ദൈവം ആദാമിനോട് കൽപ്പിച്ചിട്ടുണ്ടായിരുന്നു. (ഉല്പത്തി 2:15-18) ആ സമയത്ത് ആദാം ഏകനായിരുന്നതിനാൽ ഈ വിലക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടതല്ലായിരുന്നു എന്നു വ്യക്തം. മാത്രമല്ല, ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയാൻ’ ദൈവം ആദാമിനോടും ഹവ്വായോടും കൽപ്പിച്ചിരുന്നു. (ഉല്പത്തി 1:28) ആ കൽപ്പന അനുസരിക്കണമെങ്കിൽ ലൈംഗികബന്ധം അനിവാര്യമായിരുന്നു. അങ്ങനെയാണെന്നിരിക്കെ, സ്നേഹവാനായ ഒരു ദൈവം ആ കാരണത്തിന്റെ പേരിൽ ആദാമിനും ഹവ്വായ്ക്കും മരണശിക്ഷ വിധിക്കുമോ?—1 യോഹന്നാൻ 4:8.
മാത്രമല്ല, ഹവ്വാ ‘ഫലം പറിച്ചു തിന്നപ്പോൾ’ ആദാം കൂടെയില്ലായിരുന്നെന്ന് ബൈബിളിന്റെ മൂലപാഠം വ്യക്തമാക്കുന്നു. പിന്നീടാണ്, അവൾ അത് ‘ഭർത്താവിനു കൊടുക്കുന്നതും അവൻ തിന്നുന്നതും.’—ഉല്പത്തി 3:6.
കാലാന്തരത്തിൽ, ആദാമിനും ഹവ്വായ്ക്കും കുട്ടികൾ ജനിച്ചപ്പോഴും ദൈവം അവരെ കുറ്റം വിധിച്ചില്ല എന്നതു ശ്രദ്ധേയമാണ്. (ഉല്പത്തി 4:1, 2) ഏദെനിലെ വിലക്കപ്പെട്ട കനി ലൈംഗികതയെയല്ല കുറിക്കുന്നത് എന്നല്ലേ ഈ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്? അത് ഏദെൻതോട്ടത്തിൽ ഉണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ ഫലംതന്നെയായിരുന്നു.
2 ലൈംഗിക ആസ്വാദനത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?
▪ ഉത്തരം: ദൈവമാണ് മനുഷ്യരെ “ആണും പെണ്ണുമായി” സൃഷ്ടിച്ചതെന്ന് ബൈബിളിന്റെ ആദ്യപുസ്തകം പറയുന്നു. താൻ സൃഷ്ടിച്ചവയെല്ലാം “എത്രയും നല്ലത്” എന്ന് ദൈവം അഭിപ്രായപ്പെടുന്നതായി തിരുവെഴുത്തുകളിൽ കാണാം. (ഉല്പത്തി 1:27, 31) പിന്നീട്, ഒരു ബൈബിളെഴുത്തുകാരനിലൂടെ ദൈവം ഭർത്താക്കന്മാർക്കായി പിൻവരുന്ന ഭാഗം രേഖപ്പെടുത്തിവെച്ചു: “നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക . . . അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ.” (സദൃശവാക്യങ്ങൾ 5:18, 19) ഇതു വായിച്ചിട്ട്, ബൈബിൾ ലൈംഗികതയെ കുറ്റംവിധിക്കുന്നു എന്ന് ആർക്ക് പറയാൻ കഴിയും?
മനുഷ്യനു ലൈംഗിക പ്രാപ്തി കൊടുത്തപ്പോൾ പുനരുത്പാദനം മാത്രമായിരുന്നില്ല ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരമുള്ള സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഉപാധികൂടിയായിരുന്നു അത്; ആ വിധത്തിലാണ് അവൻ ലൈംഗികാവയവങ്ങൾ സൃഷ്ടിച്ചതും. ദമ്പതികൾ ഇരുവരുടെയും ശാരീരികവും വൈകാരികവുമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഈ ബന്ധത്തിനാകും.
3 നിയമപരമായി വിവാഹിതരാകാത്ത ഒരു സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുന്നതിനെ ബൈബിൾ അംഗീകരിക്കുന്നുണ്ടോ?
▪ ഉത്തരം: ‘പരസംഗികളെ ദൈവം ന്യായംവിധിക്കുമെന്ന്’ ബൈബിൾ സ്പഷ്ടമായി പറയുന്നു. (എബ്രായർ 13:4) പോർണിയ എന്ന ഗ്രീക്ക് പദമാണ് ബൈബിളിൽ പരസംഗം എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. വളരെ അർഥവ്യാപ്തിയുള്ള ഒരു പദമാണ് ഇത്. ദാമ്പത്യത്തിനു പുറത്തുള്ള എല്ലാത്തരം ലൈംഗികബന്ധങ്ങളെയും ഇതു കുറിക്കുന്നു.a അതുകൊണ്ട്, വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരാണെങ്കിൽപ്പോലും, വിവാഹത്തിനുമുമ്പ് ഒന്നിച്ചു ജീവിക്കുന്നത് ദൈവദൃഷ്ടിയിൽ തെറ്റായിരിക്കും.
എത്ര ഉറ്റു സ്നേഹിക്കുന്ന സ്ത്രീപുരുഷന്മാരാണെങ്കിലും വിവാഹിതരായതിനുശേഷം മാത്രം ശാരീരിക ബന്ധത്തിൽ ഏർപ്പെടാനാണ് ദൈവം പ്രതീക്ഷിക്കുന്നത്. സ്നേഹിക്കാനുള്ള പ്രാപ്തി മനുഷ്യനു നൽകിയത് ദൈവമാണ്. വാസ്തവത്തിൽ, ദൈവത്തിന്റെ പ്രമുഖ ഗുണമാണ് സ്നേഹം. അതുകൊണ്ട്, വിവാഹിത ഇണകൾ തമ്മിൽ മാത്രമേ ലൈംഗികബന്ധം പാടുള്ളൂ എന്ന് ദൈവം നിഷ്കർഷിക്കുന്നത് നല്ല കാരണത്തോടെയാണ്.
4 ദൈവം ബഹുഭാര്യത്വം അംഗീകരിക്കുന്നുണ്ടോ?
▪ ഉത്തരം: ചില കാലഘട്ടങ്ങളിൽ ബഹുഭാര്യത്വം ദൈവം അനുവദിച്ചിരുന്നു എന്നതു ശരിതന്നെ. (ഉല്പത്തി 4:19; 16:1-4; 29:18–30:24) എന്നാൽ ഇത് ഏർപ്പെടുത്തിയത് ദൈവമല്ല. ആദാമിന് അവൻ ഒരു ഭാര്യയെ മാത്രമേ നൽകിയുള്ളൂ എന്നോർക്കുക.
ഒരു പുരുഷന് ഒരു ഭാര്യ എന്ന തന്റെ നിലവാരം പുനഃസ്ഥാപിക്കാൻ ദൈവം യേശുക്രിസ്തുവിനെ നിയോഗിച്ചു. (യോഹന്നാൻ 8:28) ഒരു സന്ദർഭത്തിൽ, വിവാഹത്തെ സംബന്ധിച്ച ഒരു ചോദ്യത്തിന് യേശു നൽകിയ മറുപടി ഇതായിരുന്നു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു . . . ‘ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും.’”—മത്തായി 19:4, 5.
പിന്നീട്, യേശുവിന്റെ ഒരു ശിഷ്യൻ ദൈവനിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “ഓരോ പുരുഷനും സ്വന്തമായി ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തമായി ഭർത്താവും ഉണ്ടായിരിക്കട്ടെ.” (1 കൊരിന്ത്യർ 7:2) ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന വിവാഹിതനായ ഒരു പുരുഷൻ ‘ഏകഭാര്യയുടെ ഭർത്താവായിരിക്കണം’ എന്നും ബൈബിൾ നിഷ്കർഷിക്കുന്നുണ്ട്.—1 തിമൊഥെയൊസ് 3:2, 12.
5 വിവാഹിതർ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ?
▪ ഉത്തരം: കുട്ടികളെ ജനിപ്പിക്കണമെന്ന ഒരു കൽപ്പനയോ നിർദേശമോ യേശു തന്റെ അനുഗാമികൾക്ക് നൽകിയില്ല. യേശുവിന്റെ ശിഷ്യന്മാരിൽ ആരും അത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചില്ല. ഇനി, തിരുവെഴുത്തുകളിൽ ഒരിടത്തും ജനനനിയന്ത്രണത്തെ കുറ്റംവിധിക്കുന്നുമില്ല.
അതുകൊണ്ട് കുട്ടികൾ വേണോ, എത്ര കുട്ടികൾ വേണം, എപ്പോൾ വേണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഓരോ ദമ്പതികളുമാണ്. ഗർഭച്ഛിദ്രം ഉൾപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലുമൊരു ഗർഭനിരോധന മാർഗം ഉപയോഗിക്കാൻ ദമ്പതികൾ തീരുമാനിക്കുന്നെങ്കിൽ ആരും അവരെ കുറ്റംവിധിക്കരുത്. (റോമർ 14:4, 10-13) അത് അവരുടെ വ്യക്തിപരമായ കാര്യമാണ്; അതിന്റെ ഉത്തരവാദിത്വവും അവർക്കുതന്നെ.b
6 ഗർഭച്ഛിദ്രം നടത്തുന്നത് തെറ്റാണോ?
▪ ഉത്തരം: ജീവൻ ദൈവദൃഷ്ടിയിൽ വളരെ വിലപ്പെട്ടതാണ്; വളർച്ചയെത്തിയ ഒരു മനുഷ്യന്റെ ജീവൻപോലെതന്നെ പ്രധാനമാണ് ഒരു ഭ്രൂണത്തിന്റെ ജീവനും. (സങ്കീർത്തനം 139:16) ദൈവം നൽകിയ ന്യായപ്രമാണത്തിലെ ഒരു നിയമം ശ്രദ്ധിക്കുക: “മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ട് അവർ ഗർഭിണിയായ ഒരു സ്ത്രീയെ . . . പരിക്കേൽപ്പിച്ചാൽ, . . . മാരകമായ ഒരു അപകടം സംഭവിക്കുന്നുവെങ്കിൽ നിങ്ങൾ ദേഹിക്കു (ജീവനു) പകരം ദേഹിയെ (ജീവൻ) കൊടുക്കേണം.” (പുറപ്പാടു 21:22, 23, NW) അജാതശിശുവിന്റെ ജീവൻ നശിപ്പിക്കുന്നതിനെ കൊലപാതകമായാണ് ദൈവം കാണുന്നതെന്നു സാരം.—പുറപ്പാടു 20:13.
പ്രസവസമയത്ത് ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുകയും, ഒന്നുകിൽ അമ്മയെ അല്ലെങ്കിൽ കുഞ്ഞിനെ മാത്രമേ രക്ഷിക്കാനാകൂ എന്നൊരു അവസ്ഥ സംജാതമാകുകയും ചെയ്യുന്നെങ്കിലോ? ആ സാഹചര്യത്തിൽ, ഏതു ജീവൻ രക്ഷിക്കണമെന്ന് തീരുമാനിക്കേണ്ടത് ദമ്പതികളാണ്.c
7 ബൈബിൾ വിവാഹമോചനം അനുവദിക്കുന്നുണ്ടോ?
▪ ഉത്തരം: ബൈബിൾ വിവാഹമോചനം അനുവദിക്കുന്നുണ്ട്. എന്നാൽ, അതിനുള്ള ന്യായമായ ഒരേയൊരു കാരണത്തെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “പരസംഗം (വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധം) എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:9.
ചതിയും ഉപായവും പ്രയോഗിച്ചു നടത്തുന്ന വിവാഹമോചനം ദൈവത്തിന് വെറുപ്പാണ്. നിസ്സാര കാരണങ്ങളെപ്രതി ജീവിതപങ്കാളിയെ ഉപേക്ഷിക്കുന്നവരോട് ദൈവം കണക്കുചോദിക്കും, പ്രത്യേകിച്ച് മറ്റൊരു വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തിൽ അങ്ങനെ ചെയ്യുമ്പോൾ.—മലാഖി 2:13-16; മർക്കോസ് 10:9.
8 ദൈവം സ്വവർഗരതി അംഗീകരിക്കുന്നുണ്ടോ?
▪ ഉത്തരം: ബൈബിൾ പരസംഗത്തെ കുറ്റംവിധിക്കുന്നു എന്നു നാം കണ്ടല്ലോ. അതിൽ സ്വവർഗരതിയും ഉൾപ്പെടുന്നുണ്ട്. (റോമർ 1:26, 27; ഗലാത്യർ 5:19-21) അത്തരത്തിലുള്ള ഒരു ജീവിതഗതി ദൈവം വെറുക്കുന്നു എന്നതിൽ രണ്ടുപക്ഷമില്ല. അതേസമയം, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു” എന്ന് ബൈബിൾ നമ്മോടു പറയുന്നു.—യോഹന്നാൻ 3:16.
യഥാർഥ ക്രിസ്ത്യാനികൾ സ്വവർഗരതി അംഗീകരിക്കുന്നില്ല എന്നതു ശരിതന്നെ. എങ്കിലും, എല്ലാത്തരം ആളുകളോടും അവർ പരിഗണന കാണിക്കുന്നു. (മത്തായി 7:12) ‘സകലതരം മനുഷ്യരെയും ബഹുമാനിക്കാനാണ്’ ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട്, സത്യക്രിസ്ത്യാനികൾ സ്വവർഗരതിക്കാരെ വെറുക്കുന്നില്ല.—1 പത്രോസ് 2:17.
9 ഫോൺ സെക്സ്, സെക്സ്റ്റിങ്, സൈബർ സെക്സ് എന്നിവയിൽ എന്തെങ്കിലും തെറ്റുണ്ടോ?
▪ ഉത്തരം: ഫോണിലൂടെ കാമോദ്ദീപകമായ കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യുന്നതാണ് ഫോൺ സെക്സിൽ ഉൾപ്പെടുന്നത്. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും മറ്റുള്ളവർക്ക് മൊബൈൽ ഫോണിലൂടെ അയച്ചുകൊടുക്കുന്നതാണ് സെക്സ്റ്റിങ്. ഇന്റർനെറ്റ് ചാറ്റ്റൂമുകളിലെ അശ്ലീലസംഭാഷണങ്ങളാണ് സൈബർ സെക്സിൽ ഉൾപ്പെടുന്നത്.
മേൽപ്പറഞ്ഞവയൊന്നും ബൈബിളിൽ പേരെടുത്തു പറഞ്ഞിട്ടില്ല എന്നതു ശരിയാണ്. എന്നാൽ ബൈബിൾ ഇങ്ങനെ പറയുന്നുണ്ട്: “പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്; അവ ദൈവദാസന്മാർക്കു യോജിച്ചതല്ല. അധമവൃത്തികൾ, മൗഢ്യഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായ യാതൊന്നും അരുത്.” (എഫെസ്യർ 5:3, 4) ഫോൺ സെക്സ്, സെക്സ്റ്റിങ്, സൈബർ സെക്സ് എന്നിവ ലൈംഗികതയെക്കുറിച്ച് വികലമായ ഒരു വീക്ഷണം നൽകുമെന്നു മാത്രമല്ല ദാമ്പത്യത്തിനു പുറത്ത് ലൈംഗികത പരീക്ഷിക്കാനുള്ള പ്രചോദനം പകരുകയും ചെയ്യും. ലൈംഗിക മോഹങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനുപകരം എങ്ങനെയും ലൈംഗിക സംതൃപ്തി കണ്ടെത്താനാണ് ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്.
10 സ്വയംഭോഗം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം എന്താണ്?
▪ ഉത്തരം: ലൈംഗിക അവയവങ്ങളെ സ്വയം ഉത്തേജിപ്പിച്ച് രതിമൂർച്ഛയിലെത്തിക്കുന്ന പ്രവൃത്തിയാണ് സ്വയംഭോഗം അഥവാ ഹസ്തമൈഥുനം. ഈ ദുശ്ശീലത്തെ ബൈബിൾ പേരെടുത്തു പറയുന്നില്ലെങ്കിലും ദൈവവചനം ക്രിസ്ത്യാനികൾക്ക് ഈ മുന്നറിയിപ്പ് നൽകുന്നു: “പരസംഗം, അശുദ്ധി, ഭോഗതൃഷ്ണ . . . എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാവയവങ്ങളെ നിഗ്രഹിക്കുവിൻ.”—കൊലോസ്യർ 3:5.
ലൈംഗികതയെക്കുറിച്ച് വികലവും സ്വാർഥത നിറഞ്ഞതുമായ ഒരു വീക്ഷണമാണ് സ്വയംഭോഗം ഒരുവനിൽ ഉൾനടുന്നത്. എന്നാൽ, ഈ ദുശ്ശീലത്തിന്റെ പിടിയിൽനിന്നു പുറത്തുവരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് “അസാമാന്യശക്തി” നൽകി സഹായിക്കുമെന്ന് ബൈബിളിലൂടെ ദൈവം ഉറപ്പുതരുന്നു.—2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:13. (w11-E 11/01)
[അടിക്കുറിപ്പുകൾ]
a ജനനേന്ദ്രിയങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തിന് നിരക്കാത്ത പ്രവൃത്തികളായ വ്യഭിചാരം, സ്വവർഗസംഭോഗം, മൃഗസംഭോഗം തുടങ്ങിയവയും പോർണിയയിൽ ഉൾപ്പെടുന്നു.
b വന്ധ്യംകരണം സംബന്ധിച്ച തിരുവെഴുത്ത് വീക്ഷണം അറിയുന്നതിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, 1999 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-28 പേജുകളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
c ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീ ഗർഭച്ഛിദ്രം നടത്തുന്നത് ശരിയാണോ എന്നറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 1993 സെപ്റ്റംബർ 8 ലക്കം ഉണരുക!-യുടെ 10-11 പേജുകൾ കാണുക.