ദുർബലനെങ്കിലും ധീരനായ യാത്രക്കാരൻ
കാനഡയിലെ ഉണരുക! ലേഖകൻ
കലാകാരന്മാർ അവയുടെ ചിത്രമെഴുതുകയും കവികൾ അവയെപ്പറ്റി വർണിക്കുകയും ചെയ്യുന്നു. എണ്ണമറ്റ ഇനങ്ങൾ ഉഷ്ണമേഖലാ മഴക്കാടുകളിൽ ജീവിക്കുന്നു. വൃക്ഷത്തോപ്പുകളിലും വയലുകളിലും പുൽമേടുകളിലും നിരവധി എണ്ണം ജീവിക്കുന്നു. ചിലവ പർവതമുകളിലെ തണുപ്പിനെയും മറ്റു ചിലവ മരുഭൂമികളിലെ ചൂടിനെയും അതിജീവിക്കുന്നു. അവ എല്ലാത്തരം ഷട്പദങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായത് എന്നു വർണിക്കപ്പെട്ടിരിക്കുന്നു.
ചിത്രശലഭമെന്ന ഉത്കൃഷ്ടവും മുഗ്ധമോഹനവുമായ ഈ ജീവിയെ നിങ്ങൾക്കു പരിചയമുണ്ടെന്നുള്ളതിനു സംശയമില്ല. എന്നിരുന്നാലും, ഒരു പ്രത്യേകതരം ചിത്രശലഭം അതിന്റെ യാത്രചെയ്യാനുള്ള അതിശയകരമായ നൈപുണ്യം നിമിത്തം ലോകവ്യാപകമായി പ്രസിദ്ധി നേടിയിരിക്കുന്നു. ദുർബലനെങ്കിലും ധീരനായ ഈ യാത്രക്കാരൻ മൊണാർക്ക് ചിത്രശലഭമാണ്. സൃഷ്ടിയിലെ ഈ അമൂല്യ രത്നത്തെയും അതിന്റെ അവിശ്വസനീയമായ ദേശാന്തരഗമനങ്ങളെയും നമുക്കൊന്ന് അടുത്തു നിരീക്ഷിക്കാം.
സൃഷ്ടിയിലെ ലോലമായ രത്നം
ഊഷ്മളമായ ഇളംവെയിലുള്ള ഒരു പകൽ നിങ്ങൾ ഒരു പുൽത്തകിടിയിലായിരിക്കുന്നതായി വിഭാവന ചെയ്യുക. കാട്ടുപൂക്കളുടെ ഇടയിലൂടെ ഭക്ഷണപാനീയങ്ങൾക്കായുള്ള അവസാനിക്കാത്ത അന്വേഷണത്തിൽ അവിടെയും ഇവിടെയുമായി ശരവേഗത്തിൽ പറക്കുന്ന മനോഹരങ്ങളായ ആ ചിറകുള്ള അത്ഭുതങ്ങളിൽ നിങ്ങളുടെ ദൃഷ്ടികളുറപ്പിക്കുക. നിങ്ങളുടെ കൈ നീട്ടിപ്പിടിച്ചുകൊണ്ട് അനങ്ങാതെ നിൽക്കുക. ഒന്ന് അതാ അടുത്തു വരുന്നു. ഓ, അതു നിങ്ങളുടെ കൈയിൽ വന്നിരിക്കാൻ പോവുകയാണ്! എത്ര സൗമ്യമായാണ് അതു വന്നിറങ്ങുന്നതെന്നു ശ്രദ്ധിക്കൂ.
ഇപ്പോൾ ഒന്നടുത്തു വീക്ഷിക്കൂ. അതിന്റെ കറുപ്പിൽ ചിത്രപ്പണികളോടുകൂടിയതും സങ്കീർണമായി ഡിസൈൻചെയ്യപ്പെട്ട അരികുകളോടുകൂടിയതുമായ പൊടിയുള്ള രണ്ടു ജോടി നേർമയായ ഓറഞ്ചു ചിറകുകൾ കാണുക. വില്യം ഓഫ് ഓറഞ്ച് എന്ന തങ്ങളുടെ ചക്രവർത്തിയുമായി ബന്ധപ്പെടുത്തി അമേരിക്കയിലെ ഇംഗ്ലീഷ് കുടിയേറ്റക്കാരാണ് മൊണാർക്കിന് ആ പേരു കൊടുത്തതെന്നു പറയപ്പെടുന്നു. തീർച്ചയായും ഈ ചിത്രശലഭം ഒരു “മൊണാർക്ക്” (ചക്രവർത്തി) തന്നെയാണ്. എന്നാൽ, അര ഗ്രാം മാത്രം തൂക്കവും ചിറകു വിരിച്ചു പിടിക്കുമ്പോൾ എട്ടു മുതൽ പത്തു വരെ സെൻറിമീറ്റർ നീളവും വരുന്ന ഈ ദുർബലമായ സൗന്ദര്യത്തിനു ദുഷ്കരമായ യാത്രകൾ നടത്താൻ കഴിയും.
മതിപ്പേറിയ പറക്കലുകൾ
മഞ്ഞുകാലം തുടങ്ങുന്നതോടെ ചില ചിത്രശലഭങ്ങൾ ദീർഘദൂരം ദേശാന്തരഗമനം ചെയ്യാറുണ്ടെന്നു പറയപ്പെടുന്നുവെങ്കിലും, കൃത്യമായ ലക്ഷ്യത്തോടെ വലിയ കൂട്ടങ്ങളായി വളരെ നീണ്ടയാത്രകൾ മൊണാർക്കുകൾ മാത്രമേ നടത്താറുള്ളൂ. മൊണാർക്കിന്റെ ദേശാന്തരഗമനം തീർച്ചയായും ഒരു ചിത്രശലഭ പ്രതിഭാസമാണ്. ധീരരായ ഈ യാത്രക്കാരുടെ ഹൃദയഹാരിയായ ചില അഭ്യാസങ്ങൾ കണക്കിലെടുക്കുക.
ശരത്കാലത്തു കാനഡയിൽനിന്നാരംഭിക്കുന്ന, കാലിഫോർണിയയിലോ മെക്സിക്കോയിലോ ഉള്ള തങ്ങളുടെ മഞ്ഞുകാല വാസസ്ഥലങ്ങളിലേക്കുള്ള പറക്കലിൽ അവ 3,200 കിലോമീറ്ററുകളിലധികമാണു പിന്നിടുന്നത്. അവ വലിയ തടാകങ്ങളും നദികളും സമതലങ്ങളും പർവതങ്ങളും കടക്കുന്നു. അവയിലെ ലക്ഷങ്ങൾ, മധ്യമെക്സിക്കോയിലുള്ള സിയേരാ മാഡ്രെ പർവതങ്ങളുടെ മുകളിലെ ഒരു ലക്ഷ്യസ്ഥാനത്ത് എത്തിക്കൊണ്ടു വിജയകരമായി തങ്ങളുടെ ദേശാന്തരഗമനം പൂർത്തിയാക്കുന്നു.
ഈ ഇളം ചിത്രശലഭങ്ങൾ ഇതിനുമുമ്പൊരിക്കലും ഇങ്ങനെയൊരു പറക്കൽ നടത്തുകയോ ഈ ശീതനിഷ്ക്രിയതാസ്ഥലങ്ങൾ കാണുകയോ ചെയ്തിട്ടില്ല എന്നതു കൂടി പരിഗണിക്കുമ്പോഴാണ് ഈ പറക്കലുകൾ കൂടുതൽ അതിശയകരമാകുന്നത്. പക്ഷേ തെറ്റുപറ്റാത്തവിധം അവ പറക്കേണ്ട ദിശ തിരിച്ചറിയുകയും തങ്ങളുടെ മഞ്ഞുകാല വാസസ്ഥലത്തു തങ്ങളെപ്പോഴാണു വന്നതെന്നു തിരിച്ചറിയുകയും ചെയ്യുന്നു. അവ ഇതു ചെയ്യുന്നതെങ്ങനെയാണ്?
കനേഡിയൻ ജിയോഗ്രാഫിക് പറയുന്നു: “വ്യക്തമായും, അവയുടെ വിനീതമായ കൊച്ചു തലച്ചോറിൽ എന്തോ ചില ജനിതക പ്രോഗ്രാമുകൾ സങ്കീർണമായ രീതിയിൽ നടത്തപ്പെട്ടിരിക്കുന്നു, ഒരുപക്ഷേ തേനീച്ചകൾ ചെയ്യുന്നതുപോലെ സൂര്യരശ്മികളുടെ കോണം അളക്കുന്നതോ, അല്ലെങ്കിൽ പക്ഷികളുടെ വഴികാട്ടിയായി കാണപ്പെടുന്ന ഭൂമിയുടെ കാന്തികവലയമളക്കുന്നതോ പോലുള്ള എന്തെങ്കിലും രീതി. യാത്രയുടെ ഒടുവിൽ ഒരു പ്രത്യേക ഊഷ്മാവും ഈർപ്പവും ഉള്ള അവസ്ഥ തിരിച്ചറിയുന്നതിനുള്ള കഴിവു സഹായകമായേക്കാം. പക്ഷേ ഉത്തരങ്ങൾ ഇതുവരെയും ശാസ്ത്രത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.” ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങളിൽ വർണിക്കപ്പെട്ടിരിക്കുന്ന ജീവികളെപ്പോലെ, അവ “അത്യന്തം ജ്ഞാനമുള്ളവ” തന്നെയാണ്.—സദൃശവാക്യങ്ങൾ 30:24.
മൊണാർക്കുകൾ പറക്കൽവീരന്മാരാണ്. അവ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ തെന്നിപ്പറക്കുന്നു, മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ ഉയർന്നുപറക്കുന്നു, കൂടാതെ അതിനെ പിടിക്കാൻ ശ്രമിച്ചിട്ടുള്ള ഒരാൾക്കറിയാവുന്നതുപോലെ, മണിക്കൂറിൽ ഏകദേശം 35 കിലോമീറ്റർ വേഗത്തിൽ ശരം പോലെ പായുകയും ചെയ്യും. കാറ്റുകളെ ഉപയോഗിക്കാൻ അവയ്ക്കു നല്ല മിടുക്കുണ്ട്—പടിഞ്ഞാറൻ കാറ്റിന്റെ പ്രബലമായ ശക്തിയെപ്പോലും നേരിട്ടുകൊണ്ടു തെക്കുപടിഞ്ഞാറായി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങാൻ അവയ്ക്കു കഴിയും. സങ്കീർണമായ പറക്കൽതന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവ കാറ്റിന്റെ വേഗതയിലും ഗതിവിന്യാസത്തിലുമുള്ള വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്നു. മിക്കവാറും ഒരു ഗ്ലൈഡർ പൈലറ്റോ ഒരു പരുന്തോ ചെയ്യുന്ന രീതിയിൽത്തന്നെ അവ തെർമലിൽ (മുകളിലേക്കുയരുന്ന ഉഷ്ണവായുവിൽ) സവാരി ചെയ്യുന്നു. ഒരു ഉറവിടം പറയുന്നതനുസരിച്ച് മൊണാർക്കുകൾ സാധാരണമായി 200 കിലോമീറ്ററോളം ദൂരം ഒരു ദിവസം യാത്ര ചെയ്യുന്നു. അവ പകൽവെളിച്ചത്തിൽ മാത്രമേ പറക്കുകയുള്ളൂ. രാത്രി അവ വിശ്രമിക്കുന്നു, എല്ലാ വർഷവും മിക്കപ്പോഴും ഒരേ സ്ഥലത്തുതന്നെ.
മൊണാർക്ക് ഇടയ്ക്കൊക്കെ മാത്രം ഉയർന്നുപറക്കുകയോ തെന്നിപ്പറക്കുകയോ ചെയ്യുന്നതിനെക്കാൾ കൂടുതൽ ചെയ്യുന്നു എന്ന് ടൊറൊന്റൊ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് ഗിബോ മനസ്സിലാക്കി. “ദേശാന്തരഗമനം നടത്തുന്ന ഹംസങ്ങളുടേതിനെക്കാൾ ബുദ്ധിപൂർവമായ വിധങ്ങളിൽ ചിത്രശലഭങ്ങൾക്കു കാറ്റിനെ ഉപയോഗിക്കേണ്ടിയിരിക്കുന്നു,” എന്ന് അദ്ദേഹം റിപ്പോർട്ടുചെയ്യുന്നു. ചിറകടി, ഉയർന്നുപറക്കൽ, തീറ്റി ഇവയുൾപ്പെടുന്ന ദിനചര്യ, മൊണാർക്കുകളെ മഞ്ഞുകാലം മുഴുവനും നിലനിർത്തുന്നതിനും വസന്തത്തിൽ തിരിച്ചു വടക്കോട്ടുള്ള യാത്ര തുടങ്ങുന്നതിനും ആവശ്യമായ കൊഴുപ്പോടുകൂടി മെക്സിക്കോയിലെത്താൻ സഹായിക്കുന്നു. പ്രൊഫസർ ഗിബോ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “നീണ്ട യാത്ര നടത്താനും ദൃഢതയോടും ആരോഗ്യത്തോടും കൂടി യാത്ര അവസാനിപ്പിക്കാനും അവയെ പ്രാപ്തമാക്കുന്നതു വായുവിലൂടെയുള്ള തെന്നിപ്പറക്കലാണ്.”
കൂട്ടംചേർന്നുള്ള ദേശാന്തരഗമനങ്ങൾ
റോക്കി പർവതനിരയ്ക്കു പടിഞ്ഞാറുള്ള മൊണാർക്കുകൾ തെക്കോട്ട് ദേശാന്തരഗമനം നടത്തുകയും കാലിഫോർണിയയിൽ മഞ്ഞുകാലം കഴിച്ചുകൂട്ടുകയും ചെയ്യുന്നതായി ദീർഘനാളുകളായി അറിയാം. കാലിഫോർണിയയിലെ തെക്കൻ തീരപ്രദേശങ്ങളിൽ പൈൻ മരങ്ങളിന്മേലും യൂക്കാലിപ്റ്റസ് മരങ്ങളിന്മേലും അവ കൂട്ടമായി തൂങ്ങിക്കിടക്കുന്നതു കാണാൻ കഴിയും. പക്ഷേ കിഴക്കൻ കാനഡയിലെ മൊണാർക്കുകളുടെ കൂട്ടമായുള്ള ദേശാന്തരഗമനത്തിന്റെ ലക്ഷ്യസ്ഥാനം കുറച്ചുകാലത്തേക്ക് ഒരു രഹസ്യമായി നിലനിന്നു.
1976-ൽ ഈ രഹസ്യം വെളിച്ചത്തു കൊണ്ടുവരപ്പെട്ടു. അവയുടെ മഞ്ഞുകാലം കഴിച്ചുകൂട്ടുന്ന സ്ഥലങ്ങൾ ഒടുവിൽ കണ്ടുപിടിക്കപ്പെട്ടു—മെക്സിക്കോയിലെ സിയേരാ മാഡ്രെ പർവതനിരയിലെ വൃക്ഷനിബിഡമായ ഒരു ഗിരിശൃംഗം. പൊക്കമുള്ള നരച്ച പച്ചനിറത്തിലുള്ള ഫിർ മരങ്ങളുടെ ശിഖരങ്ങളിലും തായ്ത്തടികളിലുമായി തിങ്ങിക്കൂടിയിരിക്കുന്ന കോടിക്കണക്കിനു ചിത്രശലഭങ്ങളെ കണ്ടെത്തി. മതിപ്പുളവാക്കുന്ന ഈ കാഴ്ച സന്ദർശകരെ വശീകരിക്കുന്ന ഒന്നായി തുടരുന്നു.
മൊണാർക്കുകളെ കൂട്ടമായി കാണാനുള്ള കാനഡയിലെ ഉത്തമസ്ഥലങ്ങളിലൊന്നാണ് അവ സംഘമായി തെക്കൻ ദേശാന്തരഗമനത്തിനൊരുങ്ങുന്ന ഒണ്ടേറിയോയിലെ പോയിൻറ് പിലീ നാഷണൽ പാർക്ക്. വേനലിന്റെ അവസാനഘട്ടത്തിൽ അവ കാനഡയുടെ ഈ തെക്കേ അറ്റത്തു കൂടിവരുന്നു. എന്നിട്ട്, മെക്സിക്കോയിലെ മഞ്ഞുകാലം ചെലവഴിക്കാനുള്ള തങ്ങളുടെ താവളത്തിലേക്കു യാത്ര തുടങ്ങുന്നതിനു മുമ്പായി കാറ്റും ഊഷ്മാവും അനുകൂലമാകുന്നതുവരെ എറീ തടാകത്തിന്റെ വടക്കൻതീരത്തു കാത്തിരിക്കുന്നു.
ലക്ഷ്യസ്ഥാനങ്ങൾ
പോയിൻറ് പിലീയിൽ തുടങ്ങി ദ്വീപിൽനിന്നു ദ്വീപിലേക്കു പറന്നുകൊണ്ട് അവ ഐക്യനാടുകളുടെ വൻകരയ്ക്കു കുറുകെ നീണ്ട യാത്രയ്ക്കായി എറീ തടാകം മുറിച്ചുകടക്കുന്നു. പോകുന്ന വഴിക്കു മറ്റു മൊണാർക്കു കൂട്ടങ്ങൾ ദേശാന്തരഗമനത്തിനായി അവയോടൊപ്പം ചേരുന്നു. മെക്സിക്കോ പട്ടണത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള പർവതങ്ങളുടെ മുകളിൽ ഏകദേശം പത്തു കോടി മൊണാർക്കുകൾ മഞ്ഞുകാലം ചെലവഴിക്കാനായി കൂടിവരുന്നു.
മറ്റു ദേശാന്തരഗമനങ്ങൾ ഫ്ളോറിഡയിലൂടെയും കരീബിയൻകടലിനു കുറുകെയുമായി നടക്കുന്നു, ഇവ യുകാട്ടൻ ഉപദ്വീപിലോ ഗ്വാട്ടിമാലായിലോ ഇനിയും കണ്ടെത്താനുള്ള ലക്ഷ്യസ്ഥാനങ്ങളിലായിരിക്കാം അവസാനിക്കുന്നത്. മെക്സിക്കോയിലാകട്ടെ, അവയുടെ മറ്റു ശൈത്യകാല അഭയസ്ഥാനങ്ങളിലാകട്ടെ മൊണാർക്കുകൾ ഏതാനും വരുന്ന, താരതമ്യേന ചെറിയ പർവതക്കാടുകളിൽ കൂട്ടമായി കഴിയുന്നു.
മഞ്ഞുകാല വസതികളിലേക്കുള്ള അവയുടെ ദീർഘമായ പറക്കലുകൾ അവയെ ഊഷ്മളമായ ഇളംവെയിലുള്ള പുൽമേടുകളോടുകൂടിയ ഒരു അവധിക്കാല പ്രദേശത്ത് എത്തിക്കുമെന്ന് ഒരുവൻ ചിന്തിച്ചേക്കാം. പക്ഷേ അങ്ങനെയല്ല. അവ പോകുന്ന മെക്സിക്കോയിലെ ട്രാൻസ്വൊൾക്കാനിക് മലനിരകൾ തണുപ്പുള്ളതാണ്. എങ്കിലും, ആ ഗിരിശൃംഗങ്ങൾ പ്രദാനം ചെയ്യുന്ന കാലാവസ്ഥ അവയ്ക്കു മഞ്ഞുകാലം ചെലവഴിക്കാൻ പറ്റിയതാണ്. അവയുടെ സമയം മിക്കവാറും പൂർണമായ നിഷ്ക്രിയാവസ്ഥയിൽ ചെലവഴിക്കാനിടയാക്കുന്നത്ര തണുപ്പുണ്ട്—അങ്ങനെ അവയ്ക്കു മെക്സിക്കോയിലേക്കു പറക്കാനും അവിടെ മഞ്ഞുകാലം ചെലവഴിക്കാനും പിന്നീട് തിരികെ പുറപ്പെടാനും കഴിയത്തക്കവിധത്തിൽ അവയുടെ ആയുസ്സ് എട്ടുമുതൽ പത്തുവരെ മാസങ്ങൾ ദീർഘിക്കുന്നു. നിങ്ങൾക്ക് അത് ഒരു തരം അവധിക്കാലമാണെന്നു പറയാൻകഴിയും.
വസന്തം വരുമ്പോൾ മൊണാർക്കുകൾ വീണ്ടും ഉണർവുള്ളവരാകുന്നു. പകലുകൾക്കു ദൈർഘ്യമേറുമ്പോൾ ആ ചിത്രശലഭങ്ങൾ വീണ്ടും സൂര്യപ്രകാശത്തിൽ തത്തിപ്പറക്കുകയും ഇണചേരാൻ തുടങ്ങുകയും വടക്കോട്ടുള്ള തങ്ങളുടെ പ്രയാണം വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു. ചിലതു തിരിച്ചുള്ള തങ്ങളുടെ യാത്ര പൂർത്തിയാക്കുന്നു എന്നു ചിലർ വിശ്വസിക്കുന്നുണ്ടെങ്കിലും, സാധാരണമായി പിൻതലമുറക്കാർ മാത്രമേ കാനഡയിലെയും ഉത്തര ഐക്യനാടുകളിലെയും വേനൽ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ എത്തുന്നുള്ളൂ. മുട്ടകൾ, പൂമ്പാറ്റപ്പുഴുക്കൾ, പ്യൂപ്പകൾ, ചിത്രശലഭങ്ങൾ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോയി ക്രമേണ ആ വൻകരയിലെത്തിച്ചേരുന്നതു മൂന്നാമത്തെയോ നാലാമത്തെയോ തലമുറകളാണ്. പെൺചിത്രശലഭങ്ങൾ—ബീജസങ്കലനം നടന്ന നൂറോ അതിൽക്കൂടുതലോ മുട്ടകൾ വഹിക്കുന്നു—കാട്ടുപൂക്കളുടെ ഭാഗങ്ങൾക്കിടയിലൂടെ ചിറകടിച്ചുപറന്നുകൊണ്ട് കറയുള്ള ഇളം തളിരിലകളുടെ അടിഭാഗങ്ങളിൽ മുട്ടകൾ ഒന്നൊന്നായി നിക്ഷേപിക്കുന്നു. അങ്ങനെ ഈ പരിവൃത്തി തുടരുന്നു, മൊണാർക്കിന്റെ വേനൽക്കാല വസതികളിലേക്കുള്ള യാത്രയും തുടരുന്നു.
വാസ്തവമായും, മൊണാർക്ക് അതിശയിപ്പിക്കുന്ന ഒരു ജീവരൂപംതന്നെയാണ്. അവയെ നിരീക്ഷിക്കാനും അവയുടെ പ്രവർത്തനങ്ങൾ പഠിക്കാനുമുള്ള എന്തോരനുഗ്രഹമാണു മനുഷ്യർക്കു ലഭിച്ചിരിക്കുന്നത്. മൊണാർക്കിന്റെ മെക്സിക്കോയിലുള്ള ശീതകാല വാസസ്ഥലങ്ങളും കാലിഫോർണിയയിലെ അഭയസ്ഥാനങ്ങളും ദീർഘനാളുകളായി രഹസ്യമായിരുന്നെങ്കിൽകൂടി അവ ഇപ്പോൾ മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഭീഷണിയിലാണ്. സൃഷ്ടിയിലെ ഈ ലോലമായ സൗന്ദര്യങ്ങൾക്കു പോകാൻ മറ്റേതോ സ്ഥലങ്ങളുണ്ട് എന്ന നിഗമനത്തിലെത്തുന്നത് അവയുടെ വംശനാശത്തിനു കാരണമായേക്കാം. അങ്ങനെയൊരു പരിണതഫലത്തിൽനിന്നും അവയെ സംരക്ഷിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തപ്പെടുന്നുണ്ടെന്നുള്ളത് അഭിനന്ദനീയമാണ്. വളരെ അടുത്തായിരിക്കുന്ന, സ്രഷ്ടാവിന്റെ വാഗ്ദത്ത പറുദീസാഭൂമിയിൽ ദുർബലരെങ്കിലും ധീരരായ ഈ യാത്രക്കാർക്കു സുരക്ഷിതമായ ഒരു അഭയസ്ഥാനം ഉറപ്പുകൊടുക്കുമ്പോൾ എത്ര അനുഗൃഹീതമായ അവസ്ഥയായിരിക്കും ഉണ്ടാവുക!
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Butterfly: Parks Canada/J. N. Flynn
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Page 16 top and bottom: Parks Canada/J. N. Flynn; middle: Parks Canada/D. A. Wilkes; page 17 top: Parks Canada/J. N. Flynn; middle and bottom: Parks Canada/J. R. Graham