ബൈബിളിന്റെ വീക്ഷണം
പരസ്പരം കോർത്തിണക്കുന്ന സ്നേഹം
ആയിരത്തിത്തൊള്ളായിരത്തെഴുപത്തെട്ടിൽ നോർത്ത് അറ്റ്ലാൻറിക്കിലെ ഒരു വലിയ കൊടുങ്കാറ്റ് ആർഭാട നൗകയായ ക്വീൻ എലിസബെത്ത് 2-ൽ വന്നലച്ചു. പത്തുനില കെട്ടിടത്തിന്റെ അത്രയും ഉയരമുള്ള തിരമാലകൾ കപ്പലിനെ ഒരു കോർക്കുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലച്ചുകൊണ്ട് അതിനെ പ്രഹരിച്ചു. യാനപാത്രം വന്യമായി ആന്ദോളനം ചെയ്യവേ ഫർണിച്ചറും യാത്രക്കാരും വലിച്ചെറിയപ്പെട്ടു. അതിൽ 1,200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതിശയകരമെന്നു പറയട്ടെ, അവർക്കു നിസ്സാരമായ പരിക്കുകളെ പറ്റിയുള്ളൂ. മെച്ചമായ എഞ്ചിനിയറിങ്, നിർമാണവസ്തുക്കൾ, നിർമാണം എന്നിവ കപ്പലിനെ തകർന്നുതരിപ്പണമാകുന്നതിൽനിന്നു സംരക്ഷിച്ചു.
നൂറ്റാണ്ടുകൾക്കു മുമ്പു മറ്റൊരു കപ്പൽ ഉഗ്രമായ കൊടുങ്കാറ്റിൽ അകപ്പെട്ടു. അപ്പോസ്തലനായ പൗലോസും വേറെ 275 പേരും കപ്പലിലുണ്ടായിരുന്നു. രൂക്ഷമായ കൊടുങ്കാറ്റിൽ കപ്പൽ തകർന്നുതരിപ്പണമാകും എന്നു ഭയപ്പെട്ട്, പ്രത്യക്ഷത്തിൽ നാവികർ കപ്പലിന്റെ പള്ള നിർമിച്ചിരുന്ന പലകകളെ ഒരുമിച്ചു നിർത്തുന്നതിനു കപ്പലിന്റെ അടിയിലൂടെ ഒരു വശത്തുനിന്നു മറ്റേവശത്തേക്കു ചങ്ങലകളോ വടങ്ങളോ ഇറക്കിക്കൊണ്ട് “കപ്പൽ ചുറ്റിക്കെട്ടി.” കപ്പൽ തകർന്നുപോയെങ്കിലും അതിലെ എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു.—പ്രവൃത്തികൾ 27-ാം അധ്യായം.
ജീവിതത്തിലെ പരിശോധനകൾ, പ്രക്ഷുബ്ധ സമുദ്രത്തിലെ ഒരു കപ്പലിൽ നാം ആയിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടാൻ ചിലപ്പോൾ ഇടയാക്കിയേക്കാം. ഉത്കണ്ഠയുടെയും നിരാശയുടെയും വിഷാദത്തിന്റെയും തിരമാലകൾ നമ്മുടെ സ്നേഹത്തെ അതിന്റെ നെല്ലിപ്പലകവരെ പരിശോധിച്ചുകൊണ്ടു നമ്മുടെമേൽ വീശിയടിച്ചേക്കാവുന്നതാണ്. അത്തരം കൊടുങ്കാറ്റുകളെ വിജയകരമായി അതിജീവിച്ച് തകർച്ച ഒഴിവാക്കുന്നതിനു നമുക്കും ചില സഹായങ്ങൾ ആവശ്യമാണ്.
കൊടുങ്കാറ്റ് ഉയരുമ്പോൾ
അപ്പോസ്തലനായ പൗലോസിന്റെ വിശ്വാസവും സഹിഷ്ണുതയും ബൈബിളിൽ നന്നായി വിവരിച്ചിരിക്കുന്നു. ആദിമ ക്രിസ്തീയ സഭകൾക്കുവേണ്ടി അവൻ അധ്വാനിച്ചു. (2 കൊരിന്ത്യർ 11:24-28) കർത്താവിന്റെ വേലയിൽ അവൻ നിറവേറ്റിയ കാര്യങ്ങൾ അയൽക്കാരോടുള്ള അവന്റെ തീവ്രസ്നേഹത്തിനും ദൈവവുമായുള്ള അവന്റെ ദൃഢമായ ബന്ധത്തിനും വ്യക്തമായ തെളിവു നൽകുന്നു. പക്ഷേ, പൗലോസിന്റെ ജീവിതം എല്ലായ്പോഴും ഒരു സുഖകരമായ നാവികയാത്ര ആയിരുന്നില്ല. അപ്പോസ്തലൻ അക്ഷരീയമായും ആലങ്കാരികമായും അനവധി കൊടുങ്കാറ്റുകളെ അതിജീവിച്ചു.
പൗലോസിന്റെ നാളിൽ, കപ്പൽ ഒരു ഉഗ്രമായ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കുമ്പോൾ, യാത്രക്കാരുടെയും കപ്പലിന്റെയും അതിജീവനം നാവികരുടെ സാമർഥ്യത്തിലും കപ്പലിന്റെ ദൃഢതയിലും അധിഷ്ഠിതമായിരുന്നു. അപ്പോസ്തലൻ ആലങ്കാരിക കൊടുങ്കാറ്റിനെ അഭിമുഖീകരിച്ചപ്പോഴും അതു സത്യമായിരുന്നു. പൗലോസ് ഭൗതിക ഇല്ലായ്മയും തടവും ദണ്ഡനവും അനുഭവിച്ചുവെങ്കിലും, അവന്റെ ആത്മീയവും വൈകാരികവുമായ കെട്ടുറപ്പിനെയും സ്നേഹിക്കുന്നതിൽ തുടരാനുള്ള അവന്റെ പ്രാപ്തിയെയും വെല്ലുവിളിച്ച ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റുകൾ ഉത്ഭവിച്ചതു ക്രിസ്തീയ സഭയ്ക്കുള്ളിൽനിന്നുതന്നെ ആയിരുന്നു.
ദൃഷ്ടാന്തത്തിന്, കൊരിന്ത്യ നഗരത്തിൽ ഒരു സഭ സ്ഥാപിക്കുന്നതിനു പൗലോസ് ഒന്നര വർഷം അക്ഷീണം അധ്വാനിച്ചു. കൊരിന്ത്യരുമായുള്ള അവന്റെ അനുഭവങ്ങൾ ആട്ടിൻകൂട്ടത്തിനു വേണ്ടി മൃദുല വികാരങ്ങൾ വളർത്തിയെടുക്കാൻ അവനെ പ്രേരിപ്പിച്ചു. പൗലോസ് തന്നെക്കുറിച്ചുതന്നെ അവർക്കൊരു പിതാവായിരിക്കുന്നതുപോലെ സംസാരിക്കുക പോലും ചെയ്തു. (1 കൊരിന്ത്യർ 4:15) സഭയ്ക്കു വേണ്ടിയുള്ള അവന്റെ സ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവ് ഉണ്ടായിരുന്നിട്ടുകൂടി കൊരിന്തിലെ ചിലർ പൗലോസിനെ സംബന്ധിച്ചു നിന്ദാപരമായി സംസാരിച്ചു. (2 കൊരിന്ത്യർ 10:10) ആത്മത്യാഗപരമായ വിധത്തിൽ അവൻ ചെയ്ത കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ അത് എത്ര ദുഃഖകരമായിരുന്നിരിക്കണം!
പൗലോസിന്റെ നിർലോഭ സ്നേഹം അനുഭവിച്ചവർക്ക് എങ്ങനെ അത്ര ക്രൂരരും ആക്ഷേപകരും ആയിരിക്കാൻ കഴിഞ്ഞു? കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽപോലെ തകർന്നുപോകുന്നതായി പൗലോസിനു തോന്നിയിരിക്കണം. പിൻമാറുകയോ തന്റെ പൂർവകാല പ്രവർത്തനങ്ങൾ എല്ലാം നിഷ്ഫലമായെന്നു ചിന്തിക്കുകയോ നീരസം തോന്നുകയോ ചെയ്യുന്നത് അവന് എത്ര എളുപ്പമായിരിക്കുമായിരുന്നു! പൗലോസിനെ ശാന്തനായി നിലനിർത്തിയത് എന്താണ്? നിരാശയാൽ തകർന്നുപോകുന്നതിൽനിന്ന് അവനെ തടഞ്ഞതെന്താണ്?
നമ്മെ ഒരുമിച്ചുനിർത്തുന്ന സ്നേഹം
തന്റെ ശക്തിയുടെയും പ്രചോദനത്തിന്റെയും അക്ഷയസ്രോതസ്സു സംബന്ധിച്ച് വായനക്കാരുടെ മനസ്സിൽ പൗലോസ് യാതൊരു സംശയവും ശേഷിപ്പിച്ചിട്ടില്ല. അവൻ എഴുതി: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു.” (2 കൊരിന്ത്യർ 5:14) ശക്തിയുടെയും പ്രചോദനത്തിന്റെയും ഏറ്റവും മുഖ്യമായ പ്രഭവസ്ഥാനത്തേക്കു പൗലോസ് വിരൽ ചൂണ്ടി. നിർബന്ധിക്കുന്ന ശക്തി “ക്രിസ്തുവിന്റെ സ്നേഹ”മാണ്. ഈ തിരുവെഴുത്തിനെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ പിൻവരുന്ന അഭിപ്രായം പ്രകടിപ്പിച്ചു: “ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹമാണ് നമ്മെ ശുശ്രൂഷയോടു ദൃഢമായി അടുപ്പിച്ചുനിർത്തുന്നത് എന്നു പൗലോസ് പറയുന്നില്ല . . . അത് അതിന്റെ ഒരു ഭാഗം മാത്രമാണ്. ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹം അവനു നമ്മോടുള്ള സ്നേഹത്താൽ പ്രകാശിപ്പിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
വിശ്വാസമുള്ള മുഴു മനുഷ്യവർഗത്തെയും രക്ഷിക്കുന്നതിനു തന്റെ പൂർണതയുള്ള മാനുഷ ജീവൻ ഒരു മറുവിലയായി നൽകിക്കൊണ്ടു ക്രിസ്തു ഒരു ദണ്ഡനസ്തംഭത്തിലെ വേദനാജനകമായ മരണത്തിനു സ്വയം അർപ്പിച്ചതിലൂടെ പ്രകടിപ്പിച്ച സ്നേഹം, ക്രിസ്തുവിന്റെയും സഹോദരവർഗത്തിന്റെയും താത്പര്യങ്ങളെ സേവിക്കുന്നതിൽ തുടരാൻ പൗലോസിനെ പ്രചോദിപ്പിക്കുകയും നിർബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്തുവിന്റെ സ്നേഹം പൗലോസിനെ സ്വാർഥതയിൽനിന്നു തടഞ്ഞുകൊണ്ട് അവനെ നിയന്ത്രിക്കുകയും അവന്റെ ലക്ഷ്യങ്ങളെ ദൈവത്തിന്റെയും സഹമനുഷ്യരുടെയും സേവനത്തിൽ പരിമിതപ്പെടുത്തുകയും ചെയ്തു.
ഒരു ക്രിസ്ത്യാനിയുടെ വിശ്വസ്തമായ ജീവിത ഗതിയുടെ പിന്നിലെ പ്രചോദനത്തിന്റെ പ്രഭവസ്ഥാനം നിശ്ചയമായും ക്രിസ്തുവിന്റെ സ്നേഹമാണ്. നമ്മെ ശാരീരികവും വൈകാരികവും ആത്മീയവുമായി ക്ഷീണിപ്പിച്ചേക്കാവുന്ന, പരിശോധനകളെ നാം അഭിമുഖീകരിക്കുമ്പോൾ, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നിർബന്ധം ചെലുത്തുന്ന ശക്തി, നാമമാത്രമായി പ്രചോദിപ്പിക്കപ്പെട്ട ഒരുവൻ പിൻവാങ്ങിയേക്കാവുന്ന ഘട്ടവും പിന്നിട്ടു മുമ്പോട്ടുപോകാൻ നമ്മെ പ്രാപ്തരാക്കുന്നു. അതു നമുക്കു സഹിച്ചുനിൽക്കുന്നതിനുള്ള ശക്തി നൽകുന്നു.
നമ്മെ പരിപോഷിപ്പിക്കാനും പ്രചോദിപ്പിക്കാനുമായി നമ്മുടെ അപൂർണ വികാരങ്ങളിൽ ആശ്രയിക്കുവാൻ നമുക്കാവില്ല. നിരാശയുടെയോ ഉത്കണ്ഠയുടെയോ ഫലമായി പരിശോധനകൾ ഉണ്ടാകുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. നേരേമറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിന്, വ്യക്തിപരമായ പരിശോധനകൾ ഗണ്യമാക്കാതെ നമ്മെ നമ്മുടെ ശുശ്രൂഷയോട് അടുപ്പിച്ചു നിർത്താനും നമ്മെ പരിപോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാനുമുള്ള ശക്തിയുണ്ട്. മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് അപ്പുറം മാത്രമല്ല, ഒരുപക്ഷേ സ്വന്തം പ്രതീക്ഷകൾക്കും അപ്പുറം പോലും സഹിച്ചുനിൽക്കാൻ ക്രിസ്തുവിന്റെ സ്നേഹം ഒരു ക്രിസ്ത്യാനിയെ പ്രാപ്തനാക്കുന്നു.
കൂടുതലായി, ക്രിസ്തുവിന്റെ സ്നേഹം നിലനിൽക്കുന്നതാകയാൽ അതിന്റെ ഫലം ഒരിക്കലും അവസാനിക്കുന്നില്ല. അത് ഉലയുകയോ ക്ഷയിക്കുകയോ ചെയ്യുകയില്ലാത്ത ഒരു പ്രേരക ശക്തിയാണ്. “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.” (1 കൊരിന്ത്യർ 13:8) എന്തു സംഭവിച്ചാലും അവനെ വിശ്വസ്തമായി പിന്തുടർന്നുകൊണ്ടേയിരിക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു.
വൈകാരിക പരിശോധനകൾ നമ്മെ പിച്ചിച്ചീന്താവുന്ന ഒരു ശക്തി ചെലുത്തുന്നു. അതുകൊണ്ട്, ക്രിസ്തു നമുക്കുവേണ്ടി കാണിച്ച സ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്നത് എത്ര ജീവത്പ്രധാനമാണ്. ക്രിസ്തുവിന്റെ സ്നേഹം നമ്മെ ഒരുമിച്ചു പിടിച്ചുനിർത്തും. അവന്റെ സ്നേഹം നമ്മുടെ വിശ്വാസത്തിന്റെ കപ്പൽച്ചേതം ഒഴിവാക്കുക സാധ്യമാക്കുന്നു. (1 തിമൊഥെയൊസ് 1:14-19) കൂടുതലായി, ക്രിസ്തുവിന്റെ സ്നേഹപ്രകടനം സാധ്യമാക്കിയവനെ, യഹോവയാം ദൈവത്തെ, മഹത്ത്വീകരിക്കുന്നതിനു നമുക്കു ചെയ്യാൻ കഴിയുന്ന സകലതും ചെയ്യുന്നതിനു ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു.—റോമർ 5:6-8.