നിങ്ങളുടെ മതം ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഒരു കപ്പലോ?
കൊടുങ്കാററിൽ അകപ്പെട്ടിരിക്കുന്ന ഒരു കപ്പൽ. കപ്പലിനെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ജോലിക്കാർ. അവർ ഇപ്പോൾ നാടകീയമായ ഒരു തീരുമാനമെടുത്തേ തീരൂ: ഒന്നുകിൽ കപ്പലിൽത്തന്നെ നിൽക്കുക, അല്ലെങ്കിൽ കപ്പൽ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടുക. ഈ ബീഭത്സരംഗത്തെ ഒരു ദൈവശാസ്ത്ര ദൃഷ്ടാന്തമായി ഉപയോഗിക്കുന്നുണ്ടെന്നു നിങ്ങൾക്ക് അറിയാമായിരുന്നോ?
ദൈവശാസ്ത്രജ്ഞൻമാർ, വിശേഷിച്ച് കത്തോലിക്കാ പണ്ഡിതൻമാർ, പലപ്പോഴും തങ്ങളുടെ സഭയെ കൊടുങ്കാററിനെതിരെ സഞ്ചരിക്കുന്ന ഒരു കപ്പലിനോടു താരതമ്യപ്പെടുത്താറുണ്ട്. യേശുവോ പത്രോസോ അമരത്തിരിക്കുന്ന ഈ കപ്പലാണു രക്ഷയിലേക്കുള്ള ഒരേ ഒരു ഉപാധിയെന്ന് അവർ പറയുന്നു. പുരോഹിതവർഗത്തിന്റെ നിലപാട് ഇതാണ്: ‘ഒരിക്കലും കപ്പൽ ഉപേക്ഷിക്കരുത്. സഭയ്ക്കു പല പ്രതിസന്ധിഘട്ടങ്ങളും മുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ചരിത്രത്തിലെ എല്ലാ കൊടുങ്കാററുകളെയും അതിജീവിച്ചിട്ടുള്ള ഒരു കപ്പലാണത്.’ ചിലർ ചോദിക്കുന്നു, ‘എന്തിനവളെ ഉപേക്ഷിക്കണം? അവൾക്കു പകരം വേറെ എന്താണുള്ളത്? അവളോടൊപ്പംനിന്ന് കൂടുതൽ ശാന്തമായ ഭാഗത്തേക്കു കപ്പലോടിക്കാൻ സഹായിച്ചാലെന്താ?’
ഈ പ്രതീകാത്മക പ്രയോഗത്തോടുള്ള ചേർച്ചയിൽ എല്ലാ മതവിഭാഗങ്ങളിലുംപെട്ട അനേകമാളുകൾ ഈ വിധം ന്യായവാദം ചെയ്യുന്നു, ‘എനിക്കറിയാം, പല സംഗതികളിലും എന്റെ മതം തെററാണ്. ഒക്കെ മാറും. അതാണെന്റെ പ്രതീക്ഷ. ഇതു വിട്ടുപോകാനൊന്നും എനിക്ക് ആഗ്രഹമില്ല. പ്രയാസങ്ങളെ മറികടക്കാൻ അതിനെ സഹായിക്കണം. അതിലൊരു പങ്ക് എനിക്കും വേണം. അതാ ഞാൻ ഇഷ്ടപ്പെടുന്നത്.’ പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ഒരു മതത്തോടുള്ള ആത്മാർഥമായ പ്രതിപത്തിയിൽനിന്നുള്ള പ്രേരണയുടെയോ അതിനെ “ഒററിക്കൊടുക്കുന്ന”തെങ്ങനെ എന്ന ഭയത്തിന്റെയോ ഫലമായിരിക്കാം ഇത്തരത്തിലുള്ള ന്യായവാദങ്ങൾ.
ഇതിനു പററിയ ഒരു ഉദാഹരണമുണ്ട്, ഹാൻസ് കുങ്. ഒരു പ്രശസ്ത കത്തോലിക്കാ വിമത ദൈവശാസ്ത്രജ്ഞൻ. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചിന്ത: “കാററുംകോളും അഭിമുഖീകരിക്കാനും നൗകയിൽനിന്നു വെള്ളം തേകിക്കളയാനും, അങ്ങനെ ഒരുപക്ഷേ പോരാടി ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇതുവരെ തന്നോടൊപ്പം തുഴഞ്ഞവരെ ഏൽപ്പിച്ച് കൊടുങ്കാററിൽ ഞാൻ നൗക ഉപേക്ഷിക്കണമോ?” അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “സഭയ്ക്ക് അകത്തുനിന്നുകൊണ്ട് എനിക്കു ചെയ്യാനാവുന്നതു ഞാൻ ചെയ്യാതിരിക്കില്ല.” പിന്നെ മറെറാരു മാർഗം, “സഭ പ്രകടമാക്കിയ അവിശ്വസ്തത നിമിത്തം അതിൽനിന്നു വേർപെട്ട് കൂടുതൽ ഉത്കൃഷ്ടമായ മൂല്യങ്ങളോടു പ്രതിപത്തി കാട്ടുക, ഒരുപക്ഷേ കുറേക്കൂടെ ആശ്രയയോഗ്യരായ ക്രിസ്ത്യാനികളായിത്തീരു”ക എന്നതായിരിക്കും.—ദേയി ഹോഫ്നങ് ബിവാഹ്റൻ.
എന്നാൽ നവീകരണത്തിനുവേണ്ടി സകല മതങ്ങൾക്കും ദൈവം അന്തമില്ലാത്ത ഒരു കാലയളവ് അനുവദിക്കാൻ ദയകാട്ടുമെന്ന പ്രത്യാശയിൽ തന്റെ സ്വന്തം സഭയാകുന്ന കപ്പലിൽത്തന്നെ ഒരു വ്യക്തിക്കു നിലകൊള്ളാനാകുമോ? അതു ഗൗരവമായ ഒരു ചോദ്യമാണ്. ദൃഷ്ടാന്തത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, അപകടത്തിലായ ഒരു കപ്പലിൽനിന്ന് ഇടുപിടീന്ന് ഇറങ്ങി സുരക്ഷിതമല്ലാത്ത രക്ഷാബോട്ടുകളിൽ കയറിപ്പററുന്നതും മുങ്ങുന്ന കപ്പലിൽത്തന്നെ ഇരിക്കുന്നത്രതന്നെ അപകടകരമായിരിക്കും. ഒരു സഭയുടെ അവസ്ഥ എന്തായാലും, എന്തുംവരട്ടെ എന്നു കരുതി, അതിൽത്തന്നെ നിലകൊള്ളുന്നതു ജ്ഞാനമാണോ? മതങ്ങൾ ഇന്ന് എന്തെല്ലാം പരിഷ്കരണ സാധ്യതകൾ വെച്ചുനീട്ടുന്നുണ്ട്? തന്റെ ഇഷ്ടത്തിനെതിരെ പ്രവർത്തിക്കാൻ ദൈവം അവരെ എത്ര നാൾ അനുവദിക്കും?
[3-ാം പേജിലുള്ള ചിത്രത്തിന്റെ കടപ്പാട്]
Chesnot/Sipa Press