റേഡിയോ—ലോകത്തെ മാറ്റിമറിച്ച ഒരു കണ്ടുപിടിത്തം
ഇററലിയിലെ ഉണരുക! ലേഖകൻ
ഒരു വെടിയൊച്ച ആ ഇറ്റാലിയൻ ഗ്രാമത്തിന്റെ നിശ്ശബ്ദത ഭേദിച്ചു. ആ അടയാളം ഗൂല്യേൽമോ മാർക്കോണിക്ക് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന അപരിഷ്കൃത ഉപകരണം ഫലകരമായെന്ന് ഉറപ്പുനൽകി. ഒരു ട്രാൻസ്മിറ്റർ, ഉത്പാദിപ്പിച്ചു ബഹിരാകാശത്തേക്ക് ഉത്സർജിച്ച വൈദ്യുതകാന്തിക തരംഗങ്ങളെ രണ്ടര കിലോമീറ്റർ അകലെയുള്ള ഒരു റിസീവർ പിടിച്ചെടുത്തു. അത് 1895 ആയിരുന്നു. അതിന്റെ എല്ലാ അർഥവും പൂർണമായി ഗ്രഹിക്കാൻ അന്ന് ആർക്കും കഴിഞ്ഞില്ലെങ്കിലും, ആ വെടിയൊച്ച അന്നുമുതൽ നമ്മുടെ ലോകത്തു വിപ്ലവകരമായ മാറ്റം വരുത്തിയ ഒരു സാങ്കേതികവിദ്യക്കുള്ള, റേഡിയോ ആശയവിനിമയത്തിനുള്ള, വഴിതുറന്നു.
വൈദ്യുതകാന്തിക തരംഗങ്ങളുടെ സ്വഭാവം അതിനോടകം അനവധി ശാസ്ത്രജ്ഞൻമാരുടെ പഠനവിഷയമായിക്കഴിഞ്ഞിരുന്നു. ഒരു വൈദ്യുത പ്രവാഹത്തിന് ഒരു കാന്തിക മണ്ഡലത്തെ സൃഷ്ടിക്കാനും ഒന്നാമത്തേതിൽനിന്ന് ഒറ്റപ്പെട്ട, എന്നാൽ സമീപത്തു വെച്ചിരിക്കുന്ന രണ്ടാമതൊരു സർക്യൂട്ടിൽ ഒരു പ്രവാഹം ഉളവാക്കാനും കഴിയുമെന്ന് 1831-ൽ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ മൈക്കൽ ഫാരഡെ തെളിയിച്ചു. അത്തരം മണ്ഡലങ്ങളാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഊർജത്തിന്—ഒരു കുളത്തിന്റെ ഉപരിതലത്തിലെ ഓളങ്ങൾ പോലെ—തരംഗങ്ങളായി, എന്നാൽ പ്രകാശത്തിന്റെ വേഗതയിൽ വികിരണം ചെയ്യാൻ കഴിയുമെന്ന് 1864-ൽ സ്കോട്ട്ലൻഡുകാരനായ ജെയിംസ് മാക്സ്സ്വെൽ എന്ന ഭൗതികശാസ്ത്രജ്ഞൻ സിദ്ധാന്തീകരിച്ചു. വൈദ്യുതകാന്തിക തരംഗങ്ങൾ ഉത്പാദിപ്പിച്ച് അവയെ ഹ്രസ്വ ദൂരത്തിനുള്ളിൽ കണ്ടുപിടിച്ചുകൊണ്ടു പിന്നീട് ജർമൻ ഭൗതികശാസ്ത്രജ്ഞനായ ഹൈൻറിക് ഹെഡ്സ് മാക്സ്സ്വെല്ലിന്റെ സിദ്ധാന്തത്തെ സ്ഥിരീകരിച്ചു. (പിൽക്കാലത്ത് റഥർഫോർഡ് പ്രഭു എന്നു വിളിക്കപ്പെട്ട) ന്യൂസിലൻഡിലെ ഏർണസ്റ്റ് റഥർഫോർഡും അതുതന്നെ ചെയ്തു. എന്നാൽ, ലഭ്യമായ ഉപകരണത്തെ പൊരുത്തപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും സ്വയം നിർമിച്ച ഒരു അപരിഷ്കൃത ആന്റെന കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ട് ഗണ്യമായ ദൂരത്തിൽ ടെലഗ്രാഫിക് സിഗ്നലുകൾ പ്രേഷണം ചെയ്യാൻ മാർക്കോണിക്കു കഴിഞ്ഞു. വയർലെസ് ടെലഗ്രാഫി പുരോഗമിക്കുകയായിരുന്നു!
1896-ൽ, 21 വയസുള്ള മാർക്കോണി ഇറ്റലിയിൽനിന്ന് ഇംഗ്ലണ്ടിലേക്കു താമസം മാറ്റി. അവിടെവെച്ച് ജനറൽ പോസ്റ്റോഫീസിന്റെ ചീഫ് എഞ്ചിനിയറായ വില്യം പ്രിസുമായി മാർക്കോണി പരിചയപ്പെട്ടു. കേബിൾകൊണ്ടു ബന്ധിപ്പിക്കാൻ കഴിയാത്ത പ്രദേശങ്ങൾക്കിടയിലുള്ള നാവിക ആശയവിനിമയങ്ങൾക്കു മാർക്കോണിയുടെ സംവിധാനം ഉപയോഗപ്പെടുത്തുന്നതിൽ പ്രിസ് തത്പരനായിരുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായവും പരീക്ഷണങ്ങൾക്കായി പരീക്ഷണശാലകളും അദ്ദേഹം മാർക്കോണിക്കു വാഗ്ദാനം ചെയ്തു. പ്രേഷണം ചെയ്യുന്ന സിഗ്നലുകളുടെ ശക്തി പത്തു കിലോമീറ്റർ ദൂരമായി വർധിപ്പിക്കുന്നതിൽ ഏതാനും മാസങ്ങൾകൊണ്ടു മാർക്കോണി വിജയിച്ചു. വയർലെസ് ടെലഗ്രാഫിയെ വാണിജ്യമായി പ്രായോഗികമായ സംവിധാനമായി രൂപപ്പെടുത്താനുള്ള ലക്ഷ്യത്തോടെ 1897-ൽ മാർക്കോണി വയർലെസ് ടെലഗ്രാഫ് ആൻഡ് സിഗ്നൽ കമ്പനി, ലിമിറ്റഡ് സ്ഥാപിച്ചു.
അസാധ്യമെന്ന് ഒരിക്കൽ പരിഗണിച്ചിരുന്നത്—റേഡിയോ തരംഗങ്ങൾ ഭൂമിയുടെ വൃത്താകാരത്തെ ചുറ്റിക്കടന്നുപോകുന്നത്—സാധ്യമാണെന്നു തെളിയിച്ചുകൊണ്ട് 1900-ത്തിൽ കോൺവാളും ദക്ഷിണ ഇംഗ്ലണ്ടിലെ വൈറ്റ് ദ്വീപും തമ്മിൽ 300 കിലോമീറ്ററുള്ള റേഡിയോടെലഗ്രാഫിക് കണ്ണി സ്ഥാപിച്ചു. വൈദ്യുതകാന്തിക തരംഗങ്ങൾ ഋജുരേഖയിൽ സഞ്ചരിക്കുന്നതിനാൽ ചക്രവാളത്തിനപ്പുറം സിഗ്നലുകൾ ലഭിക്കുകയില്ലെന്നു വിചാരിച്ചിരുന്നു.a അപ്പോൾ റേഡിയോകൾക്കുള്ള ആദ്യത്തെ പ്രമുഖ അഭ്യർഥനകൾ എത്തിച്ചേരാൻ തുടങ്ങി. ബ്രിട്ടീഷ് നാവിക കാര്യാലയം 26 കപ്പലുകളിൽ റേഡിയോ സെറ്റുകൾ സ്ഥാപിക്കാനും ആറു ഭൂതല നിലയങ്ങൾ പണിത് സംരക്ഷിക്കാനും ആജ്ഞ നൽകി. മോർസ് കോഡിൽ, എസ്സ് [S] എന്ന അക്ഷരം സൂചിപ്പിച്ച മൂന്നു കുത്തുകളുടെ ഒരു ദുർബല സിഗ്നൽ അറ്റ്ലാൻറിക്കിനപ്പുറം എത്തിക്കുന്നതിൽ തുടർന്നുവന്ന വർഷം മാർക്കോണി വിജയിച്ചു. പ്രസ്തുത കണ്ടുപിടിത്തത്തിന്റെ ഭാവി ഉറപ്പായി.
സാങ്കേതിക വികാസം
വയർലെസ് ടെലഗ്രാഫിക്ക് ആദ്യം മോർസ് കോഡല്ലാതെ വാക്കുകളോ സംഗീതമോ പ്രേഷണം ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ, വാക്കുകളുടെ പ്രേഷണവും സ്വീകരണവും സാധ്യമാക്കിത്തീർത്ത ഡയോഡിന്റെ, ആദ്യത്തെ വാൽവ് വാക്വം ട്യൂബിന്റെ, ആഗമനത്തോടെ 1904-ൽ മുമ്പോട്ടുള്ള ഒരു കുതിച്ചുചാട്ടം നടത്താൻ കഴിഞ്ഞു. വയർലെസ് ടെലഗ്രാഫിയെ നമുക്കിന്ന് അറിയാവുന്ന റേഡിയോയായി രൂപാന്തരപ്പെടുത്തി.
1906-ൽ ഐക്യനാടുകളിൽ, റജിനാൾഡ് ഫെസ്സെൻഡൻ സംഗീതം പ്രേഷണം ചെയ്തു. അത് 80 കിലോമീറ്റർ അകലെയുള്ള കപ്പലുകൾ പിടിച്ചെടുത്തു. 1910-ൽ ലീ ഡി ഫോറെസ്റ്റ് ന്യൂയോർക്കിലെ റേഡിയോ പ്രേമികളുടെ പ്രയോജനത്തിനായി പ്രശസ്ത ഇറ്റാലിയൻ റ്റെനറായ എൻറികോ കാറുസോയുടെ സംഗീതപരിപാടിയുടെ ഒരു നേരിട്ടുള്ള പ്രേഷണം അവതരിപ്പിച്ചു. അതിന് ഒരു വർഷം മുമ്പ് ഘടികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സിഗ്നലുകൾ ആദ്യമായി, ഫ്രാൻസിലെ പാരീസിലുള്ള ഇഫെൽ ഗോപുരത്തിൽനിന്നു പ്രേഷണം ചെയ്തിരുന്നു. അതേവർഷം തന്നെ, അതായത് 1909-ൽ, അറ്റ്ലാൻറിക്കിൽ വെച്ചു കൂട്ടിയിടിച്ച ഫ്ളോറിഡ ആൻഡ് റിപ്പബ്ലിക് എന്ന ആവിക്കപ്പലിൽനിന്ന്, അതിജീവകരുടെ ആദ്യത്തെ റേഡിയോ-സഹായിത രക്ഷാപ്രവർത്തനം നടന്നു. മൂന്നു വർഷം കഴിഞ്ഞ്, അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ട് അയച്ച ഒരു റേഡിയോ സന്ദേശം (SOS) നിമിത്തം ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച 700 പേരും രക്ഷിക്കപ്പെട്ടു.
എല്ലാ ഭവനത്തിലും ഒരു റേഡിയോ ഉണ്ടായിരിക്കുന്നതിന്റെ സാധ്യത 1916-ൽ തന്നെ വിഭാവന ചെയ്യപ്പെട്ടിരുന്നു. വ്യാവസായിക റേഡിയോയുടെ വ്യാപകമായ വികസനത്തിലേക്കു നയിച്ച വഴി തുറന്നുകൊണ്ട്, വാൽവുകളുടെ ഉപയോഗം ഫലപ്രദമായ വിലകുറഞ്ഞ റിസീവറുകളുടെ ഉത്പാദനം സാധ്യമാക്കി. സത്വര വർധനവ് ആദ്യം ഉണ്ടായത് ഐക്യനാടുകളിലാണ്. 1921-ന്റെ അവസാനമായപ്പോഴേക്കും അവിടെ 8 നിലയങ്ങൾ ഉണ്ടായിരുന്നു. കൂടാതെ 1922 നവംബർ 1-ഓടെ 564 എണ്ണത്തിനു ലൈസൻസ് ലഭിച്ചു! ഒട്ടുമിക്ക ഭവനങ്ങളിലും വെളിച്ച സംവിധാനത്തിനു പുറമേ, വൈദ്യുത സപ്ലൈയുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യത്തെ ഉപകരണം റേഡിയോ ആയിരുന്നു.
പതിവായ വാണിജ്യ പ്രക്ഷേപണം ആരംഭിച്ചശേഷം രണ്ടു വർഷത്തിനുള്ളിൽ ബൈബിൾ വിദ്യാർഥികളും—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—തങ്ങളുടെ സന്ദേശം പ്രക്ഷേപണം ചെയ്യുന്നതിനു റേഡിയോ ഉപയോഗിച്ചിരുന്നു. വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റഥർഫോർഡ് 1922-ൽ കാലിഫോർണിയായിൽവെച്ച് തന്റെ ആദ്യത്തെ റേഡിയോ പ്രഭാഷണം നടത്തി. രണ്ടു വർഷം കഴിഞ്ഞ്, വാച്ച് ടവർ സൊസൈററി നിർമിച്ച സ്വന്തം നിലയമായ ഡബ്ലിയുബിബിആർ ന്യൂയോർക്കിലെ സ്റ്റാറ്റെൻ ദ്വീപിൽനിന്നു പ്രക്ഷേപണം ആരംഭിച്ചു. ഒടുവിൽ, ബൈബിൾ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനു സൊസൈററി ലോകവ്യാപക ശൃംഖലകൾ സംഘടിപ്പിച്ചു. 1933-ഓടെ, ദൈവരാജ്യ സന്ദേശം വഹിച്ചിരുന്ന 408 നിലയങ്ങളുടെ ഒരു അത്യുച്ചം ഉണ്ടായിരുന്നു.—മത്തായി 24:14.
എന്നിരുന്നാലും, അനേകം രാജ്യങ്ങളിൽ റേഡിയോ ഗവൺമെൻറിന്റെ കുത്തകയായിത്തീർന്നു. ഇറ്റലിയിൽ മുസ്സോളിനിയുടെ ഭരണകൂടം റേഡിയോയെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഒരു ഉപകരണമായി കണ്ടു. വിദേശ പ്രക്ഷേപണങ്ങൾ കേൾക്കുന്നതിൽനിന്നു പൗരൻമാരെ അതു വിലക്കുകയും ചെയ്തു. റേഡിയോയുടെ ബൃഹത്തായ ശക്തി 1938-ൽ വേണ്ടുവോളം പ്രകടമായി. ഐക്യനാടുകളിൽ ഒരു ശാസ്ത്ര കൽപ്പിതകഥയുടെ പ്രക്ഷേപണ വേളയിൽ ഓർസൺ വെൽസ് ജനസമൂഹത്തിൽ സംഭ്രാന്തി വിതച്ചു, ചൊവ്വാഗ്രഹവാസികൾ ന്യൂ ജേഴ്സിയിൽ ഇറങ്ങിയെന്നും അവരെ എതിർത്തവരെ എല്ലാം കൊല്ലുന്നതിന് അശുഭകരമായ ഒരു “ഉഷ്ണ കിരണം” ഉപയോഗിക്കുന്നുവെന്നും അവരിൽ ചിലർ വിചാരിച്ചു.
റേഡിയോയുടെ നൂറു വർഷങ്ങൾ
റേഡിയോ കേൾക്കുന്നതായിരുന്നു 1954-ൽ ഇറ്റലിയിലെ ആളുകളുടെ ഇഷ്ടപ്പെട്ട നേരമ്പോക്ക്. ടെലിവിഷന്റെ വിജയം ഉണ്ടായിരുന്നിട്ടും റേഡിയോ ഇപ്പോഴും വളരെ ജനസമ്മതിയുള്ളതാണ്. ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളിലും ജനസംഖ്യയുടെ 50 മുതൽ 70 വരെ ശതമാനം, വിവരങ്ങൾക്കോ വിനോദത്തിനോവേണ്ടി റേഡിയോ കേൾക്കുന്നു. ഐക്യനാടുകളിൽ 95 ശതമാനം വാഹനങ്ങളിലും 80 ശതമാനം കിടപ്പുമുറികളിലും 50 ശതമാനം അടുക്കളകളിലും റേഡിയോ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
ടെലിവിഷന്റെ യുഗത്തിൽപോലും റേഡിയോയുടെ ജനസമ്മതിയുടെ കാരണങ്ങളിൽ ഒന്ന്, അത് അനായാസം കൊണ്ടുനടക്കാമെന്നുള്ളതാണ്. കൂടുതലായി, ഒരു സർവേ അനുസരിച്ച്, “ടെലിവിഷനെക്കാൾ വളരെ ശ്രേഷ്ഠമായ വൈകാരികവും കൽപ്പനാപരവുമായ സ്വാധീനം” റേഡിയോയ്ക്കുണ്ട്.
1995-ൽ ഇറ്റലിയിൽ നടന്ന, മാർക്കോണിയുടെ പരീക്ഷണത്തിന്റെ നൂറാം വാർഷികാഘോഷം റേഡിയോ ഉളവാക്കിയ പുരോഗതി വിചിന്തനം ചെയ്യുന്നതിന് അവസരം പ്രദാനം ചെയ്തു. ആദ്യത്തെ ആ അപരിഷ്കൃത ഉപകരണങ്ങളെ ഇന്നത്തെ പുരോഗമിച്ച സംവിധാനങ്ങളായി രൂപാന്തരീകരിക്കുന്നതിനു നിരവധി ശാസ്ത്രജ്ഞൻമാർ സംഭാവനകൾ ചെയ്തിട്ടുണ്ട്. സിഗ്നൽ ക്രോഡീകരണങ്ങളുടെ ഒരു സംഖ്യാസൂചക സംവിധാനമായ ഡിജിറ്റൽ ഓഡിയോ പ്രക്ഷേപണം നിമിത്തം ഏറ്റവും മെച്ചപ്പെട്ട ശബ്ദമേന്മയ്ക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു. റേഡിയോയുടെ അസംഖ്യം അനുദിന പ്രയുക്തതകൾക്കുപരി, ടെലിവിഷന്റെയും റഡാറിന്റെയും മറ്റനേകം സാങ്കേതികവിദ്യകളുടെയും ആരംഭ ബിന്ദു പ്രസ്തുത കണ്ടുപിടിത്തമായിരുന്നു.
ഉദാഹരണത്തിന്, റേഡിയോ ജ്യോതിശ്ശാസ്ത്രം ആകാശഗോളങ്ങൾ ഉത്സർജിക്കുന്ന റേഡിയോ തരംഗങ്ങളുടെ സ്വീകരണത്തിലും വിശകലനത്തിലും അധിഷ്ഠിതമാണ്. ബഹിരാകാശ സാങ്കേതികശാസ്ത്രത്തിന്റെ വികസനം റേഡിയോ കൂടാതെ അസാധ്യമായിരിക്കുമായിരുന്നു. ടെലിവിഷൻ, ടെലഫോൺ, ഡേറ്റാ ശേഖരണം തുടങ്ങിയ സകല ഉപഗ്രഹ പ്രയുക്തതകളും റേഡിയോ തരംഗങ്ങളുടെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. മൈക്രോചിപ്പുകളായുള്ള ട്രാൻസിസ്റ്ററുകളുടെ സാങ്കേതിക വികസനം ആദ്യത്തെ പോക്കറ്റ് കാൽകുലേറ്ററുകൾക്കും കമ്പ്യൂട്ടറുകൾക്കും പിന്നീട് അന്തർദേശീയ വിജ്ഞാന ശൃംഖലകൾക്കും വഴിയൊരുക്കി.
ഭൂമുഖത്തെ മിക്കവാറും ഏതു രണ്ടു സ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ പ്രാപ്തമായ കൊണ്ടുനടക്കാവുന്ന ടെലഫോണുകൾ ഇപ്പോൾതന്നെ ഒരു യാഥാർഥ്യമാണ്. ടിവി, ടെലഫോൺ, കമ്പ്യൂട്ടർ, ഫാക്സ് എന്നിവയുടെ ഒരു സംയോജനമായ, ഉള്ളംകൈ വലുപ്പമുള്ള വയർലെസ് റിസീവറുകളുടെ ആഗമനമാണ് ഇപ്പോഴത്തെ പ്രതീക്ഷ. നൂറുകണക്കിനു വീഡിയോ, ഓഡിയോ, മുഖ്യ ചാനലുകൾ എന്നിവയുമായി ബന്ധം സ്ഥാപിക്കാനും മറ്റുള്ളവരുമായി ഇലക്ട്രോണിക് സന്ദേശങ്ങൾ കൈമാറാൻ ഉപയോക്താക്കളെ അനുവദിക്കാനും പ്രാപ്തമായിരിക്കും ഈ റിസീവറുകൾ.
ഈ രംഗത്തെ ഭാവി എന്തായിരിക്കുമെന്ന് ഒരുവനു തീർത്തുപറയാൻ സാധിക്കുകയില്ല. എന്നാൽ റേഡിയോ സാങ്കേതികശാസ്ത്രം തുടർന്നും മുന്നേറുന്നു, അതുകൊണ്ട് കൂടുതൽ ശ്രദ്ധേയമായ വികാസങ്ങൾ ഉണ്ടാകാനിടയുണ്ട്.
[അടിക്കുറിപ്പ്]
a ഭൗതികശാസ്ത്രജ്ഞൻമാരായ ആർതർ കെൻലിയും ഒലിവർ ഹെവിസൈഡും വൈദ്യുതകാന്തിക തരംഗങ്ങളെ പ്രതിഫലിപ്പിച്ച ഒരു വായുമണ്ഡലത്തിന്റെ, അയണോസ്ഫിയറിന്റെ, അസ്തിത്വം സംബന്ധിച്ചു സിദ്ധാന്തീകരിച്ചപ്പോൾ 1902-ൽ പ്രസ്തുത പ്രതിഭാസത്തിന്റെ വിശദീകരണം ലഭിച്ചു.
[21-ാം പേജിലെ ആകർഷകവാക്യം]
ടെലിവിഷന്റെ വിജയം ഉണ്ടായിരുന്നിട്ടും റേഡിയോ ഇപ്പോഴും വളരെ ജനസമ്മതിയുള്ളതാണ്
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top left and right, bottom left: “MUSEO della RADIO e della TELEVISIONE” RAI--TORINO; bottom right: NASA photo